പതിനാറ്‌

ഗ്രേസിയുടെ വിശേഷങ്ങളൊന്നുമറിഞ്ഞില്ല. അവളുടെ കത്തു പ്രതീക്ഷിച്ച്‌ ദിവസവും ഇനാസി പോസ്‌റ്റോഫീസിൽ ചെന്നു. കിട്ടിയില്ല. അയാൾ അസ്വസ്ഥനായി.

അവൾ ഇളയപ്പന്റെ വീട്ടിൽത്തന്നെയല്ലെ, പോയിട്ടുണ്ടാകുക? മറ്റെവിടെ പോകാനാണ്‌?

അവൾക്കവിടെ കിട്ടിയിരിക്കാവുന്ന സ്വീകരണത്തെക്കുറിച്ചറിയാനായിരുന്നു ആകാംക്ഷ. ഇളയമ്മയും മക്കളും സ്‌നേഹമായി പെരുമാറുന്നുണ്ടാകുമോ? അല്ലാത്ത പക്ഷം അവൾക്കവിടെ കഴിഞ്ഞു കൂടാനാകുമോ? സ്നേഹശൂന്യത അവൾക്കു സഹിക്കാനാവില്ല.

അവളെ സംരക്ഷിക്കാൻ തനിക്കെന്നാണു കഴിവുണ്ടാവുക? അയാൾ ദീർഘമായൊന്നു നിശ്വസിച്ചു.

സോഫിയ പല ദിവസങ്ങളിലും വളരെ വൈകിയാണ്‌ കോളേജിൽ നിന്നു തിരിച്ചെത്തിയത്‌. ഇനാസിയ്‌ക്ക്‌ കാര്യങ്ങൾ ഊഹിക്കാൻ കഴിഞ്ഞിരുന്നു. എങ്കിലും അയാൾ അറിഞ്ഞ ഭാവം നടിച്ചില്ല. പ്രേമിക്കാനുളള സ്വാതന്ത്ര്യം അവൾക്കുമുണ്ടല്ലോ. എങ്കിലും അവൾക്കു സ്വയം നിയന്ത്രണശേഷി എത്രത്തോളമുണ്ടെന്ന കാര്യത്തിൽ ഇനാസിയ്‌ക്ക്‌ ആശങ്ക തോന്നാതിരുന്നില്ല.

വിത്സന്റെ പെരുമാറ്റത്തിലും ഭാവത്തിലും ഒളിച്ചു നിർത്തപ്പെട്ട കാപട്യമുണ്ടെന്നു പലപ്പോഴും ഇനാസിയ്‌ക്കു തോന്നാതിരുന്നില്ല. അയാൾ സോഫിയയോടു പ്രകടിപ്പിക്കുന്ന സ്‌നേഹത്തിന്‌ ആത്മാർത്ഥതയുണ്ടോ? ഇനാസിയ്‌ക്ക്‌ അതത്ര വിശ്വാസമായി തോന്നിയില്ല. പക്ഷെ, സോഫിയ അയാളിൽ വിശ്വാസമർപ്പിച്ചിരിക്കുകയാണ്‌. വിത്സനോടുളള സ്‌നേഹപ്രകടനത്തിലൂടെ അവൾ തന്നോടു പകപോക്കുകയല്ലേ എന്നു ഇനാസി സംശയിച്ചു.

ഇനാസിയെ സോഫിയ ഇപ്പോൾ തീരെ വകവയ്‌ക്കുന്നുമില്ല. തികഞ്ഞ അന്യഭാവത്തോടെയാണ്‌ അവളുടെ പെരുമാറ്റം. പലപ്പോഴും ആ അവഗണന ഇനാസിയെ വേദനിപ്പിച്ചിട്ടുമുണ്ട്‌. എങ്കിലും അവൾക്ക്‌ അബദ്ധമൊന്നും സംഭവിക്കാതിരിക്കണേ എന്നു ആന്തരികമായ ഒരു പ്രാർത്ഥന ഇനാസിയിലുണ്ടാകാറുണ്ട്‌.

സോഫിയയുടെ നീക്കങ്ങൾ ശ്രദ്ധിച്ചു കൊണ്ടിരിക്കാൻ ഇനാസിയ്‌ക്കു സമയമില്ലായിരുന്നു. കിട്ടുന്ന സമയങ്ങളിലെല്ലാം കലാപരമായ പഠനത്തിലും ജോലികളിലും മുഴുകിക്കഴിയുകയായിരുന്നു.

ശനിയാഴ്‌ച കോളേജ്‌ ഒഴിവായിരുന്നു. എന്നിട്ടും അവൾ അണിഞ്ഞൊരുങ്ങി പുസ്തകങ്ങളുമായി ഇറങ്ങി.

‘ശനിയാഴ്‌ചേം പഠിപ്പൊണ്ടോ മോളെ?’ അന്നമ്മ ചോദിച്ചു.

‘ഞങ്ങൾക്ക്‌ സ്പെഷ്യൽ ക്ലാസ്സു വച്ചിരിക്കയാ.’ സോഫിയ പറഞ്ഞു.

ഇളം വെയിലിൽ തെളിഞ്ഞു കിടന്ന നീണ്ട നിഴൽ ചിത്രങ്ങളെ ചവിട്ടിമെതിച്ച്‌ അവൾ പോകുന്നത്‌ ഇനാസി അലസമായി നോക്കിനിന്നു.

ഈയിടെ അവളിൽ മദാലസഭാവം തെളിഞ്ഞു നില്‌ക്കുന്നു. അല്പമൊരഹന്തയും. അണിഞ്ഞൊരുങ്ങിക്കഴിയുമ്പോൾ അവൾ തികച്ചും ഒരു വിലാസിനി തന്നെ. മഷിയെഴുതിയ തിളങ്ങുന്ന കണ്ണുകളുടെ വശ്യതയും തുടുത്തു മിനുത്ത കവിൾത്തടങ്ങളുടെ ശോണിമയും ശരീരഘടനയിൽ ഉണ്ടായിരിക്കുന്ന ശില്പചാരുതയും…. ആരെയും ആകർഷിക്കുന്ന ഒരപ്സരസാണു താനെന്ന ആ ഭാവംമാത്രം ഇനാസിയ്‌ക്കു പിടിച്ചില്ല.

ഇനാസി ഒരു പെയിന്റിംഗിന്റെ സൃഷ്‌ടിയിലായിരുന്നു. സൂര്യാസ്തമയം കാണാനിരിക്കുന്ന രണ്ടു കാമുകീകാമുകന്മാരുടെ ചിത്രം. പശ്ചാത്തലത്തിൽ അസ്തമയ ശോഭയാർന്ന ആകാശവും കടലും. ഉന്മാദംപൂണ്ട തിരകൾ, കാറ്റ്‌. ചിത്രത്തിലെ കാമുകിയ്‌ക്ക്‌ ഉമയുടെ രൂപം. തങ്കരശ്‌മികളേറ്റു തിളങ്ങുന്ന മുടിയിഴകൾ കാറ്റിൽ പാറുന്നു.

ഒരാഴ്‌ചയോളമായി ഈ ചിത്രം വരയ്‌ക്കാൻ തുടങ്ങിയിട്ട്‌. ഇന്ന്‌ അതു ഫിനിഷ്‌ ചെയ്യണമെന്നു തോന്നി. ഒരു ജ്വരം വന്നാൽ പിന്നെ എത്ര സമയം വേണമെങ്കിലും ഇരുന്നു ജോലി ചെയ്യും.

ഉമ ഇന്നു ഹോസ്‌റ്റലിലുണ്ടാവില്ല. ഇന്നലെ വൈകുന്നേരം വീട്ടിലേയ്‌ക്ക്‌ പോയിട്ടുണ്ടാകും. ഇനി രണ്ടു രാത്രിയും രണ്ടു പകലും കടന്നു പോയിട്ടുവേണം അവളെ ഒന്നു കാണാൻ-ഇനാസി ഓർത്തു.

ഒരു ദീർഘനിശ്വാസം അയാളിൽ നിന്നുയർന്നു.

ഈ ചിത്രത്തെക്കുറിച്ചുളള അവളുടെ അഭിപ്രായമറിയാൻ വെമ്പൽ തോന്നി.

അവളെ കാണാൻ കഴിയാത്ത ദിവസങ്ങൾക്കു നിറവും സുഗന്ധവും സംഗീതവും നഷ്‌ടപ്പെടുന്നു. അവളെ ഇന്നു കാണാനാവില്ലല്ലോ എന്ന വിചാരം അയാളിൽ വല്ലാത്തൊരു വിരസതയുളവാക്കി.

വെയിലിനു ചൂടേറിവന്നു. ക്ഷീണവും മടുപ്പും തോന്നി. ബ്രഷുകൾ മണ്ണെണ്ണയിൽ കഴുകിവച്ച്‌ അയാൾ എഴുന്നേറ്റു.

ഷർട്ടും മുണ്ടും മാറിയണിഞ്ഞ്‌ അയാൾ പോസ്‌റ്റാപ്പീസിലേയ്‌ക്കിറങ്ങിത്തിരിച്ചു. മുറ്റത്തെ ഇലഞ്ഞിമരത്തിൽ നിന്നു പൂക്കളും പഴുത്തയിലകളും കൊഴിഞ്ഞുകൊണ്ടിരുന്നു. നിലത്തുനിന്ന്‌ ഏതാനും ഇലഞ്ഞിപ്പൂക്കൾ പെറുക്കിയെടുത്തു അയാൾ വാസനിച്ചു.

തലയിൽ ഇലഞ്ഞിപ്പൂമാല ചൂടി വരുമ്പോഴുളള ഉമയുടെ പരിമളം. ഒരു സ്വകാര്യാഹ്ലാദംപോലെ അത്‌ ഉളളിൽ നിറഞ്ഞുവന്നു.

അകലെനിന്ന്‌ തോടുവെട്ടുന്ന പുലയരുടെ തേക്കുപാട്ട്‌ ഈണത്തിൽ കേൾക്കാം. അദ്ധ്വാനത്തിന്റെ സംഗീതം. ആ പാട്ട്‌ അയാളിൽ ഉന്മേഷമുണർത്തി. കലുങ്കുപാലത്തിനിരുവശവും തോടു വെട്ടുന്ന പണിക്കാരെ ഇനാസി നോക്കിനിന്നു. അവരുടെ ഈണമാർന്ന പാട്ട്‌ കാതിൽ ഒഴുകിവീണു.

‘ഒരുമുറി കരിക്കും തന്ന്‌

വെട്ടാക്കുളം വെട്ടിച്ചേയ്‌

ഒരു തൊണ്ടു കളളുംതന്ന്‌

കൊല്ലാക്കൊല ചെയ്യണിയേ….

നേരം പോയ്‌ നേരം പോയ്‌

എല്ലാരും പോയല്ലോ….’

കരുത്തുറ്റ മാംസപേശികൾ അദ്ധ്വാനത്തിന്റെ താളത്തിനൊത്ത്‌ വെയിലേറ്റു വെട്ടിത്തിളങ്ങി. പാട്ടിന്റെ ഈണത്തിനൊപ്പം തേക്കുകൊട്ട ചാഞ്ചാടി. ചെളി കലങ്ങിയ കറുത്ത ജലം ഒരേ താളത്തിൽ കരയിൽ വീണ്‌ ശബ്‌ദത്തോടെ പരന്നൊഴുകി. തേക്കുപാട്ടിന്റെ ലയത്തിൽ അവർ അദ്ധ്വാനത്തെ ആഹ്ലാദകരമാക്കുന്നു. വെയിൽ അവർക്കൊരു കുളിരായി മാറുന്നു.

മണ്ണിന്റെ മക്കളുടെ അദ്ധ്വാനത്തിന്റെ സംഗീതം ഒരു പെയിന്റിംഗിന്‌ വിഷയമാക്കണമെന്ന്‌ ഇനാസി മനസ്സിൽ കുറിച്ചിട്ടു. അപ്പോൾ പുതിയൊരു കണ്ടെത്തലിന്റെ സുഖമനുഭവപ്പെട്ടു.

പോസ്‌റ്റോഫീസിലേക്കു നടക്കുമ്പോൾ തോടു തേകുന്ന തൊഴിലാളികളുടെ അദ്ധ്വാനത്തിന്റെ ചിത്രങ്ങൾ ഒരു സിനിമപോലെ മനസ്സിൽ തെളിഞ്ഞുകൊണ്ടിരുന്നു.

പോസ്‌റ്റോഫീസിനു മുന്നിൽ കുറച്ചുപേർ കാത്തുനിന്നിരുന്നു. സോർട്ടിംഗ്‌ കഴിഞ്ഞുവന്ന പോസ്‌റ്റുമാൻ ഒരു കവർ ഇനാസിയുടെ നേർക്കുനീട്ടി. കൈയക്ഷരം കണ്ടപ്പോൾത്തന്നെ സന്തോഷം തോന്നി. ഗ്രേസിയുടെ കത്താണ്‌.

ആകാംക്ഷയോടെയാണ്‌ കത്തുപൊട്ടിച്ചത്‌. വായിച്ചു കഴിഞ്ഞപ്പോൾ കരയണമോ ചിരിക്കണമോ എന്നറിയാതെ ഇനാസി മരവിച്ചു നിന്നുപോയി.

ഗ്രേസി ഒരു കന്യാസ്‌ത്രിയാകാൻ തീരുമാനിച്ചിരിക്കുന്നു.

വിശ്വസിക്കാൻ വിഷമം തോന്നി. അവളിൽ പെട്ടെന്നൊരു മാറ്റം വന്നതുപോലെ. എന്താണാവോ അതിനു കാരണം?

കന്യാസ്‌ത്രീകളുടെ മുരടിച്ച ജീവിതത്തോട്‌ അവൾക്കെന്നും വിമുഖതയായിരുന്നു. ഓർഫനേജിലെ ജീവിതംകൊണ്ട്‌ അവൾക്കു കന്യാസ്‌ത്രീകളോടുണ്ടായിരുന്ന ബഹുമാനമെല്ലാം നഷ്‌ടപ്പെട്ടിരുന്നതാണ്‌.

ഓർഫനേജിലായിരുന്നപ്പോൾ അവളുടെ സ്വഭാവശുദ്ധിയും ബുദ്ധിശക്തിയും കർമ്മശേഷിയും കണ്ട്‌ ഇഷ്‌ടപ്പെട്ട മദർ പെട്രീഷ്യാ പലപ്പോഴും അവളെ പ്രേരിപ്പിച്ചതാണ്‌ കന്യാസ്‌ത്രീയാകാൻ. അന്നവൾ അതിനു തയ്യാറായില്ല.

ഇപ്പോൾ പെട്ടെന്ന്‌ അവൾക്കീ മാറ്റം എങ്ങനെയുണ്ടായി?

പെണ്ണിന്റെ മനസ്സ്‌ ഒരനിശ്ചിത പ്രതിഭാസമാണ്‌.

ഇളയപ്പൻ സ്‌നേഹപൂർവ്വമാണ്‌ അവളോടു പെരുമാറുന്നതെന്ന്‌ അവൾ എഴുതിയിട്ടുണ്ട്‌. ഇളയമ്മയും മക്കളും ആദ്യദിവസങ്ങളിൽ വളരെ കാര്യമായിട്ടു പെരുമാറി. ക്രമേണ ആ സ്നേഹവാത്സല്യങ്ങൾ അവൾക്കു നഷ്‌ടപ്പെട്ടുകൊണ്ടിരുന്നു. നാടകവേദിയിലെ ഒരനാവശ്യ കഥാപാത്രമായി അവൾ മാറി.

കറുത്ത മുഖങ്ങൾക്കിടയിലിരുന്നു വെളുത്ത ചോറുണ്ണുമ്പോൾ അവൾക്കു മനം പുരട്ടലുണ്ടായിട്ടുണ്ടാകാം.

സ്‌നേഹവും ആത്മാർത്ഥതയും നിറഞ്ഞ ഒരു ജീവിതത്തിനുവേണ്ടിയുളള അന്വേഷണം വ്യർത്ഥമാണെന്ന്‌ അവൾക്കു തോന്നി. സ്‌നേഹം പലപ്പോഴും ഒരു മരീചിക പോലെയാണ്‌. പൊയ്‌മുഖങ്ങൾ കണ്ടുമടുത്തു. സ്വാർത്ഥതയും സ്‌നേഹരാഹിത്യവുമാണ്‌ പരിചിതമായ യാഥാർത്ഥ്യങ്ങളെന്നു തോന്നി.

നിരാലംബമായ സ്വന്തം ജീവിതത്തിന്‌ അർത്ഥം കണ്ടെത്താനാകാതെ അവൾ ദുഃഖിച്ചു. ഉറക്കം കൈയൊഴിഞ്ഞ രാത്രികളിൽ ആത്മഹത്യയെക്കുറിച്ചുളള ചിന്തകൾ അവളെ വേട്ടയാടി.

ദുഃസ്വപ്നങ്ങളുടെ കറുത്ത കഴുകന്മാർ അവൾക്കു മുകളിൽ വട്ടമിട്ടു പറന്നു.

അങ്ങനെയിരിക്കെ ഒരനുഗ്രഹംപോലെയാണ്‌ ആ പുസ്തകം കൈയിലെത്തിയത്‌. നിരാലംബരുടെ അമ്മയായ മദർ തെരേസയുടെ ജീവിത കഥ! മരണത്തിന്റെ ഇരുണ്ട മൂലകളിൽ നിരാശ്രയരായിക്കിടക്കുന്ന മനുഷ്യജീവിതങ്ങൾക്ക്‌ സ്‌നേഹത്തിന്റെ തീർത്ഥജലം നല്‌കി പ്രത്യാശയുടെ പ്രകാശത്തിലേയ്‌ക്ക്‌ നയിച്ച അമ്മ! ആ അമ്മയുടെ മഹത്തായ സേവനങ്ങളെക്കുറിച്ചുളള അത്ഭുതകഥകൾ അവളുടെ ഹൃദയത്തിൽ ശാന്തിയുടെ സംഗീതം പകർന്നു. ജീവിതം അർത്ഥപൂർണ്ണമാക്കാനുളള ഒരു പാത അവളുടെ മുന്നിൽ തെളിഞ്ഞു.

തെരേസ്യൻ സഭയുടെ ദൗത്യം മനസ്സിലാക്കിയപ്പോൾ അന്തരാത്മാവിൽ ഒരു ദൈവവിളിയുടെ മണിനാദം മുഴങ്ങി.

അശരണരും അനാഥരുമായ രോഗികളെ ശുശ്രൂഷിക്കുക. നിരാലംബരുടെ വേദനകളെയും ദുഃഖങ്ങളെയും ഇല്ലായ്‌മ ചെയ്യാൻ തന്റെ എളിയ കർമ്മശേഷിയെ വിനിയോഗിക്കുക. അങ്ങനെ ജീവിതത്തിന്‌ ഒരു ദൗത്യം കണ്ടെത്താനും അതുവഴി തന്റെ ജീവിതത്തിന്‌ അർത്ഥസാഫല്യം നേടാനും സന്നദ്ധയാകുക.

തനിക്കുണ്ടായ ദൈവവിളിയെക്കുറിച്ച്‌ അവൾ തെരേസ്യൻ സഭാ മേധാവികൾക്കെഴുതി. അവർ അവളെ സ്‌നേഹപൂർവ്വം സ്വീകരിക്കാൻ തയ്യാറാണെന്നറിയിച്ചു.

മദർ തെരേസയെന്ന മെലിഞ്ഞ വൃദ്ധ അവളുടെ ആരാധ്യദേവതയായിത്തീർന്നിരിക്കുന്നു. ആ ദൈവദാസിയുടെ അനുയായികളിലൊരുവളാകാൻ കഴിയുന്നത്‌ ഒരു മഹാഭാഗ്യമായി അവൾ കരുതി. അങ്ങനെ തെരേസ്യൻ സഭയിൽ ഒരു കന്യാസ്‌ത്രീയാകാൻ അവൾ തീരുമാനിച്ചിരിക്കുന്നു.

ഇനാസിയുടെ കണ്ണുകളിൽ ആനന്ദബാഷ്പം ഊറിനിന്നു.

-എന്റെ പ്രിയ സോദരീ, നിനക്കു നന്മ വരട്ടെ! ദൈവം നിന്നെയനുഗ്രഹിക്കട്ടെ!

ഒരു വിശുദ്ധയുടെ പരിവേഷത്തോടുകൂടി ഗ്രേസിയുടെ രൂപം ഇനാസിയുടെ മനസ്സിൽ തെളിഞ്ഞുനിന്നു.

അടുത്ത ദിവസം തന്നെ ഇനാസി ഗ്രേസിയെ കാണാൻ ഇളയപ്പന്റെ വീട്ടിലേയ്‌ക്കുപോയി. അവൾക്കു പോകുന്നതിനു വേണ്ട സൗകര്യങ്ങളെല്ലാം ചെയ്‌തുകൊടുത്തു. ഒരു ദിവസം അയാൾ അവിടെ താമസിച്ചു. ഗ്രേസിയെ മഠത്തിൽ കൊണ്ടുപോയി ആക്കിയതിനുശേഷമാണ്‌ ഇനാസി മടങ്ങിയത്‌.

**************************************************

നഗരത്തിന്റെ ഹൃദയഭാഗത്ത്‌ അത്യാധുനിക രീതിയിലുളള വലിയൊരു സിനിമാതിയേറ്ററിന്റെ പണി നടന്നുകൊണ്ടിരിക്കുകയാണ്‌. അതിന്റെ മുൻഭാഗത്ത്‌ ആധുനികശൈലിയിൽ ചില പെയിന്റിങ്ങുകൾ ചെയ്തു കൊടുക്കണമെന്ന്‌ അതിന്റെ ഉടമസ്ഥൻ ഇനാസിയോട്‌ ആവശ്യപ്പെട്ടിരിക്കുന്നു.

അങ്ങനെയൊരു ജോലി ഏറ്റെടുക്കാൻ ഇനാസിയ്‌ക്കു ധൈര്യം തോന്നിയില്ല. എങ്കിലും തിരസ്‌കരിക്കുന്നതു ശരിയല്ലെന്നു തോന്നി. തന്റെ കഴിവിനെക്കുറിച്ചുളള മറ്റുളളവരുടെ പ്രതീക്ഷകൾക്കു ഭംഗം വരുത്തിയാൽ മൂന്നോട്ടുപോകാൻ കഴിയാതെ വരും. അല്പസമയം ആലോചിച്ചതിനുശേഷം ഒരാത്മവിശ്വാസത്തോടെ ഇനാസി ആ ജോലി ഏറ്റെടുത്തു.

കലാലയത്തിലെ അദ്ധ്യാപകരുമായാലോചിച്ച്‌ ഒരു പ്ലാൻ ഇനാസി തയ്യാറാക്കി. പ്രസിദ്ധരായ ഒന്നുരണ്ടു ചിത്രകാരന്മാരുടെ ഉപദേശവും ഇനാസി ആരാഞ്ഞു.

നഗരത്തിലെ വലിയൊരു ധനികനും വ്യവസായപ്രമുഖനുമായ സർവ്വോത്തമഷെണായിയാണ്‌ തിയേറ്റർ പണിയിക്കുന്നത്‌. അദ്ദേഹത്തിന്റെ എയർകണ്ടീഷൻഡ്‌ ഓഫീസിൽ ഒരു വൈകുന്നേരമാണ്‌ ഇനാസി കയറിച്ചെന്നത്‌. ഷെണായി വളരെ ഗൗരവത്തിൽ എന്തോ കണക്കുകൾ പരിശോധിച്ചിരിക്കുകയായിരുന്നു. ഇനാസിയെ കണ്ടപ്പോൾ പുഞ്ചിരിച്ചുകൊണ്ട്‌ അയാൾ പറഞ്ഞു.

‘ഹലോ…! വരൂ…ഇരിക്കൂ…’

പതുപതുത്ത പരവതാനി വിരിച്ച മുറിയിലെ വലിയ സോഫയിൽ ഇനാസി ഇരുന്നു.

ഷെണായി ഇന്റർകോം ഡയൽ ചെയ്തു മാനേജരെ വിളിച്ചു.

‘മേണോൻ, ഇദാ, നമ്മുടെ ആർട്ടിഷ്‌റ്റ്‌ വിന്നിരിക്കണു. പ്ലാൻ നോക്കി വേണ്ട സജഷൻസ്‌ കൊടുക്കണം.’

വെറ്റിലമുറുക്കാൻ ചവച്ച്‌, കുടവയറൊന്നു തടവി ഷെണായി ഒന്നു നിവർന്നിരുന്നു. കളഭം ചാർത്തിയ നെറ്റി, തുടുത്തു മിനുത്ത കവിൾത്തടങ്ങൾ. ഇടുങ്ങിയ കണ്ണുകൾ, മുറുക്കിച്ചുവപ്പിച്ച തടിച്ച ചുണ്ടുകൾ-ഷെണായിയുടെ രൂപം ഇനാസി എന്ന ചിത്രകാരന്റെ മനസ്സിൽ പതിഞ്ഞു.

ഏതാനും നിമിഷങ്ങൾക്കകം മേനോൻ ഒരു ഫയലുമായി വന്നു. അതിൽനിന്നു ചില മോഡലുകൾ പുറത്തെടുത്തു മേശമേൽ നിരത്തി.

‘പാരീസിലെയും ജപ്പാനിലെയും അമേരിക്കയിലെയും ചില മോഡലുകളാണ്‌.’ മേനോൻ പറഞ്ഞു.

ഇനാസി അവ നോക്കി പഠിക്കാൻ ശ്രമിച്ചു.

‘ഇതിൽ നിന്നൊക്കെ വേറിട്ടു നിക്കണ ഒരു മോഡലാ നമ്മക്കുണ്ടാക്കണ്ടത്‌.’ ഷെണായി പറഞ്ഞു.

‘ഒന്നിന്റേം പകർപ്പാണെന്നു പറയിക്കരുതല്ലോ.’

‘നമുക്ക്‌ അന്യരാജ്യക്കാരുടെ പകർപ്പെന്തിന്‌? നമുക്കു നമ്മുടേതായ ഒരു ഡിസൈൻ, ഒരു മോഡൽ. ഇൻഡ്യൻ സംസ്‌കാരത്തിനും കലയ്‌ക്കും അനുയോജ്യമായത്‌. അതാ നമുക്കു വേണ്ടത്‌.’ ഇനാസി പറഞ്ഞു.

‘അതാ നമ്മൾ പറഞ്ഞത്‌.’ ഷെണായി ചിരിച്ചു.

‘ഞാനിതെല്ലാം കൊണ്ടുപോയിട്ട്‌ ഒരു പുതിയ മോഡൽ ഡിസൈൻ ചെയ്തു മൂന്നുദിവസം കഴിഞ്ഞു കൊണ്ടുവരാം.’

‘വിരോധമില്ല. സംഗതി അസ്സലാവണം.’ ഷെണായി സമ്മതിച്ചു.

‘ഇതിന്റെ വിജയവും പരാജയവും, എനിക്കും നിങ്ങൾക്കും ഒരേപോലെയായിരിക്കും; അതോർമ്മ വേണം.’ മേനോൻ പറഞ്ഞു.

ഇനാസി ആത്മവിശ്വാസത്തോടെ ഒന്നു മന്ദഹസിച്ചു.

അവിടെനിന്നു പുറത്തിറങ്ങിയപ്പോൾ ഇനാസിയ്‌ക്ക്‌ മനസ്സിൽ ഒരു ഭാരം തോന്നി. വലിയൊരു ഉത്തരവാദിത്വമാണ്‌ ഏറ്റിരിക്കുന്നത്‌. എങ്കിലും സന്തോഷവും അഭിമാനവും തോന്നി. ഒരു വലിയ സ്ഥാപനം തന്നിൽ വിശ്വാസമർപ്പിച്ചല്ലോ!

ഇതൊരു പരീക്ഷണം കൂടിയാണ്‌. തികഞ്ഞ ഗൗരവത്തോടെ ഇതു കൈകാര്യം ചെയ്യേണ്ടിയിരിക്കുന്നു.

വർണ്ണപ്പകിട്ടാർന്ന ശബ്‌ദായമാനമായ, തിരക്കേറിയ നഗരവീഥിയിലൂടെ ഏകാകിയായി, സ്വപ്നങ്ങളിൽ മുഴുകി അയാൾ നടന്നു.

കുറച്ചു നടന്നപ്പോൾ ഒരു ചായ കുടിക്കണമെന്നു തോന്നി. പിന്നെ കണ്ട വലിയൊരു റസ്‌റ്റോറണ്ടിലേയ്‌ക്ക്‌ ഇനാസി കയറി.

സൺമൈക്ക പതിച്ച മേശമേൽ വെയിറ്റർ ചായയും കട്ട്‌ലറ്റും ചിപ്‌സും കൊണ്ടുവന്നുവച്ചു. മുകളിൽ പങ്കയുടെ ചിറകുകൾ കറങ്ങി. കൗണ്ടറിനരികിലെ ടെലിവിഷൻ സ്‌ക്രീനിൽ ഏതോ രാജസ്ഥാൻ നർത്തകികൾ ആടുന്നു. രാജസ്ഥാനി സംഗീതത്തിന്റെ ഈണം കാതിൽ ഒഴുകി വീണു.

അപ്‌സ്‌റ്റയറിൽനിന്ന്‌ ആരൊക്കെയോ ഇറങ്ങിവരുന്നതിന്റെ പാദപതന ശബ്‌ദം കോവണിപ്പടികളിൽ നിന്നുയർന്നു. കൂട്ടത്തിൽ ഒരു യുവാവും യുവതിയും താഴെയിറങ്ങിയപ്പോൾ ഇനാസി മുഖമുയർത്തി.

അമ്പരന്നു പോയി!

സോഫിയയും വിത്സനും!

അവൾക്ക്‌ ഇനാസിയെ കണ്ടിട്ടും ഭാവഭേദമൊന്നുമില്ല. എങ്കിലും അല്പമൊന്നു വിളറാതിരുന്നില്ല. അവളുടെ മുടിയാകെ അഴിഞ്ഞുലഞ്ഞിരുന്നു. മുഖത്തും കണ്ണുകളിലും ഉറക്കക്ഷീണത്തിന്റെ നിഴൽ വീണിരുന്നു. തലയിൽ ചൂടിയിരുന്ന മുല്ലമൊട്ടുമാല ചതഞ്ഞും കൊഴിഞ്ഞും കാണപ്പെട്ടു.

അപഥസഞ്ചാരത്തിന്റെ ലക്ഷണങ്ങൾ!

ഇനാസിയുടെയുളളിൽ അമർഷം പതഞ്ഞുയർന്നു. അയാൾ എഴുന്നേറ്റ്‌ അവരുടെ മുന്നിൽ കടന്നുനിന്നു. ഇനാസിയുടെ ജ്വലിക്കുന്ന കണ്ണുകൾക്കു മുന്നിൽ വിത്സൻ ഒന്നു പരുങ്ങി. കണ്ണുകളിൽ പരിഭ്രമത്തിന്റെ ചിറകടികൾ.

പക്ഷെ, സോഫിയ ഒട്ടും കൂസാതെ ഉറച്ചുനിന്നു.

‘ഇവടാണോ നിന്റെ സ്പെഷ്യൽക്ലാസ്സ്‌?’ ഇനാസിയുടെ ശബ്‌ദം പരുഷമായിരുന്നു.

‘അതെ; അതിനു നിങ്ങളാരാ ചോദിക്കാൻ?’ അവൾ ചോദിച്ചു.

വിത്സൻ ചിരിച്ചു.

ഇനാസി സ്തബ്‌ധനായി മരവിച്ചു നിന്നുപോയി.

‘ഈ പോക്കു നന്നല്ല; നാളെ ദുഃഖിക്കേണ്ടി വരരുത്‌.’ ഇനാസി പറഞ്ഞു.

‘അതു ഞങ്ങൾ നോക്കിക്കൊളളാം.’

അവൾ മുഖം വെട്ടിത്തിരിച്ചു നടന്നു; കൂടെ വിത്സനും. ഇനാസി വിയർത്തു.

Generated from archived content: vilapam16.html Author: joseph_panakkal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleപതിനഞ്ച്‌
Next articleപതിനേഴ്‌
1946 ജൂലൈ 16-ന്‌ വൈപ്പിൻകരയിലെ(എറണാകുളം ജില്ല) പള്ളിപ്പുറത്തു ജനിച്ചു. മാതാപിതാക്കൾഃ അന്ന, ഡൊമനിക്‌. 1969 മുതൽ എസ്‌.എസ്‌.അരയ യു.പി. സ്‌കൂളിൽ അദ്ധ്യാപകൻ. കൃഷ്ണപരുന്തിന്റെ വിലാപം, ചുവന്ന പ്രഭാതം, കല്ലുടയ്‌ക്കുന്നവർ, കടൽകാക്കകൾ, ഉൾമുറിവുകൾ, പക്ഷികുഞ്ഞുങ്ങൾ, ഗുൽഗുൽ, മലമുകളിലെ പക്ഷി, മാണിക്കൻ, ഇണ്ടനും ഇണ്ടിയും എന്നീ കൃതികൾ പ്രസിദ്ധപ്പെടുത്തി. ചിത്രകാരൻ എന്ന നിലയിലും പ്രശസ്തനാണ്‌. കുങ്കുമം അവാർഡ്‌, കുടുംബദീപം അവാർഡ്‌, കെ.സി.വൈ.എം.സംസ്ഥാന സമിതി അവാർഡ്‌, മികച്ച അദ്ധ്യാപകനുള്ള ‘ഗുരുശ്രേഷ്‌ഠ’ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്‌. ഭാര്യഃ ഷെർളി, മക്കൾഃസംഗീത, സംദീപ, ശ്രീജിത്‌, സലിൽ. വിലാസം പള്ളിപ്പോർട്ട്‌ പി. ഒ. Address: Phone: 0484 -2489883 Post Code: 683 515

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English