ഇരുണ്ട കാർമേഘങ്ങളാൽ മൂടിക്കെട്ടിയ വർഷകാലാകാശത്തിൽ പൊടുന്നനെ സൂര്യനുദിക്കുകയും വെയിൽ തിളങ്ങുകയും ചെയ്യുമ്പോഴുണ്ടാകുന്ന ആഹ്ലാദം! നാളുകൾക്കുശേഷം പെട്ടെന്നൊരത്ഭുതംപോലെ സോഫിയയിൽ സന്തോഷവും പ്രസരിപ്പും തിരിച്ചെത്തിയപ്പോൾ ഇനാസിയ്‌ക്കങ്ങനെയാണു തോന്നിയത്. അയാൾ കൗതുകപൂർവ്വം അവളെ ശ്രദ്ധിച്ചു.
എല്ലാ നിഴലുകളും ക്ഷണികങ്ങളാണ്; വെളിച്ചവും.
രാവിലെ കോളേജിലേയ്‌ക്ക് പോകുമ്പോൾ അവൾ പതിവിലേറെ ശ്രദ്ധയോടെ അണിഞ്ഞൊരുങ്ങുന്നതു കാണാറുണ്ട്. കണ്ണെഴുതാനും നെറ്റിയിൽ സിന്ദൂരക്കുറി ചാർത്താനും സാരിയുടെ നിറത്തിനു മാച്ചുചെയ്യുന്ന വളകളണിയാനും നഖങ്ങളിൽ ചായം പുരട്ടാനും അവൾ പ്രത്യേകം ശ്രദ്ധിക്കുന്നു. കണ്ണാടിയ്‌ക്കു മുന്നിൽ അവൾക്ക് ഏറെ സമയം വേണ്ടിവരുന്നു. റോസാ പൂവോ മുല്ലപ്പൂവോ ഇലഞ്ഞിപ്പൂമാലയോ അവൾ മുടിയിൽ ചൂടാതെ കോളേജിൽ പോകാറില്ല.
അവളുടെ കണ്ണുകളിൽ സ്വപ്നത്തിന്റെ തിളക്കവും കവിൾത്തടങ്ങളിൽ തുടുപ്പിന്റെ ചുവപ്പും തിരിച്ചെത്തി. ചിലപ്പോഴെല്ലാം അവളുടെ ചെഞ്ചൊടികളിൽ നിന്നു മൂളിപ്പാട്ടുകൾ പാറിയിറങ്ങി.
അവളിൽ വന്ന മാറ്റങ്ങൾ ഇനാസിയുടെ മനസ്സിന്റെ ഭാരം കുറച്ചു. നഷ്‌ടപ്പെട്ട മനഃശ്ശാന്തിയും ആഹ്ലാദവും തിരിച്ചു വരുന്നതായി തോന്നി. എങ്കിലും ഇനാസിയോടുളള അവളുടെ പെരുമാറ്റങ്ങളിൽ തികച്ചും അകൽച്ച പ്രകടമായിരുന്നു.
അങ്ങനെയിരിക്കെയാണ് അന്തോണീസ് പുണ്യവാളന്റെ തിരുനാൾ വന്നത്. രാവിലെ പളളിയിൽ പോകാൻ എല്ലാവരും ഒരുങ്ങിയിറങ്ങിയപ്പോഴാണ് ബീനയണിഞ്ഞിരുന്ന സാരിയും ബ്ലൗസും ഇനാസിയുടെ ശ്രദ്ധയിൽപ്പെട്ടത്.
സോഫിയയ്‌ക്ക് താൻ നല്‌കിയ ക്രിസ്മസ്സ് സമ്മാനം! അവൾ ഏറ്റവും ഇഷ്‌ടപ്പെട്ട സാരി. അതവൾ മറ്റാരെക്കൊണ്ടും തൊടീച്ചിരുന്നില്ല. ഇപ്പോൾ അവൾ അതു ബീനയ്‌ക്കു കൊടുത്തിരിക്കുന്നു. താനും സോഫിയയും തമ്മിൽ അകൽച്ച വന്നതിനുശേഷം അവൾ അതുടുത്തിട്ടില്ലെന്ന് ഇനാസി ഓർത്തു.
ആ സാരി അവൾ ഉപേക്ഷിച്ചിരിക്കുന്നു.
തന്നോടുണ്ടായിരുന്ന സ്‌നേഹത്തിന്റെ തിരസ്‌കാരം.
ഹൃദയത്തിലൊരു മുൾമുനയേറ്റ വേദന. മൗനംകൊണ്ട് അയാൾ തന്നെ ബന്ധിച്ചു.
ബീനയ്‌ക്ക് താനുടുത്തിരിക്കുന്ന സാരിയെന്താണെന്നോ അതിന്റെ നിറമെന്താണെന്നോ ഒന്നുമറിയില്ല. അനുജത്തിയോ അമ്മയോ എടുത്തുകൊടുക്കുന്ന സാരി അവൾ ധരിക്കുന്നു. അതിന്റെ മേന്മയും ദോഷവും അവളറിയുന്നില്ല.
അന്നമ്മയുടെ കൈക്കു പിടിച്ച് ബീന പളളിയിലേക്കു പോയി.
ഇനാസി വല്ലപ്പോഴും മാത്രമെ പളളിയിൽ പോകാറുളളു. പളളിയിൽ പോകുന്നതാണ് ഈശ്വരവിശ്വാസത്തിന്റെ അടിസ്ഥാനമെന്ന ധാരണയൊന്നും അയാൾക്കില്ല. ഭക്തിയും വിശ്വാസവും ഹൃദയത്തിലും പെരുമാറ്റത്തിലുമാണു വേണ്ടതെന്നു കരുതുന്നയാളാണ് ഇനാസി. ഇടയ്‌ക്കു പളളിയിൽ പോകുകയും മതകർമ്മങ്ങളിൽ പങ്കുകൊളളുകയും ചെയ്യുന്നത് ഒരു സാമൂഹ്യജീവി എന്ന നിലയ്‌ക്ക് സഹകരിക്കാൻ മാത്രമാണ്.
തിരുനാളായതുകൊണ്ട് അയാൾ അന്നു പളളിയിൽ പോയി. പളളിയ്‌ക്കകത്തും മുറ്റത്തുമെല്ലാം ജനം തിങ്ങി നിന്നിരുന്നു. പളളിയിൽ നടക്കുന്ന തിരുക്കർമ്മങ്ങളിൽ ശ്രദ്ധിക്കുന്നതിനേക്കാൾ, ആളുകളുടെ വേഷഭൂഷകളിൽ ശ്രദ്ധിക്കാനാണ് അധികംപേർക്കും താത്‌പര്യം. സൗന്ദര്യവും ഫാഷനും ആഭരണങ്ങളുടെ പ്രതാപവും പ്രകടിപ്പിക്കാൻ പറ്റിയ അവസരം. യുവതിയുടെ അംഗലാവണ്യവും മാദകത്വവും നേടി നടക്കുന്ന യുവാക്കൾ. യുവാക്കളുടെ മുന്നിൽ സ്വന്തം സൗന്ദര്യം പ്രകടിപ്പിക്കാൻ അണിഞ്ഞൊരുങ്ങി നടക്കുന്ന യുവതികൾ.
കുട്ടികളെ ആകർഷിക്കാൻ പലവിധ ശബ്‌ദങ്ങളും അഭ്യാസങ്ങളുമായി ചുറ്റി നടക്കുന്ന ബലൂൺ കച്ചവടക്കാർ. പെൺകുട്ടികളെ കാത്തിരിക്കുന്ന വളക്കച്ചവടക്കാർ.
പുണ്യവാളന്മാരുടെയും പുണ്യവതികളുടെയും പ്രതിമകൾക്കുമുന്നിൽ വായ തുറന്നിരിക്കുന്ന നേർച്ചപ്പെട്ടികൾ.
ഇതൊക്കെയാണല്ലോ പെരുന്നാളിന്റെ പ്രത്യേകതകൾ.
ഇനാസി കൂട്ടംതെറ്റി ഏകനായി നടന്നു. അയാൾ എന്നും ഏകാകിയായിരുന്നു. ആത്മസുഹൃത്തുക്കൾ എന്നു പറയാവുന്ന ആരും അയാൾക്കില്ല. പരിചയക്കാരുമായി ഒരു പരിധിയിൽ കവിഞ്ഞ ആത്മബന്ധം സ്ഥാപിക്കാൻ അയാൾ ശ്രമിച്ചിട്ടുമില്ല.
ആൾക്കൂട്ടത്തെ കണ്ടു നടക്കുന്നതിൽ ഇനാസിയ്‌ക്കു രസം തോന്നിയില്ല. മുട്ടിയുരുമ്മി നടന്നുല്ലസിക്കുന്ന നവമിഥുനങ്ങളെ കണ്ടപ്പോൾ ഉമയെ ഓർത്തു. വളക്കച്ചവടക്കാരുടെ കുടിലുകൾക്കടുത്തു കൂട്ടംകൂടി നില്‌ക്കുന്ന യുവതികളുടെ കൂട്ടത്തിൽ അവൾ ഉണ്ടാവില്ലെന്നറിയാം. എങ്കിലും അക്കൂട്ടത്തിൽ ഇനാസിയുടെ കണ്ണുകൾ അവളെ തേടി.
അന്തോണീസു പുണ്യവാളന്റെ അത്ഭുതപ്രവർത്തനങ്ങളെക്കുറിച്ചുളള കഥകൾ പുരോഹിതന്റെ പ്രസംഗങ്ങളിലൂടെ കച്ചവടത്തിരക്കിനുമീതെകൂടി തട്ടിത്തടഞ്ഞൊഴുകി. ഇല്ലാത്ത അത്ഭുതങ്ങളുടെ കെട്ടുകഥകളാണല്ലോ എന്നും വിശ്വാസത്തിന്നാധാരം! ഇനാസിയ്‌ക്കു അവ കേട്ടു മടുപ്പു തോന്നി.
ആൾക്കൂട്ടത്തിൽവച്ച് ഇനാസിയ്‌ക്ക് ഒരിക്കലും ഭക്തി തോന്നിയിട്ടില്ല. ആരുമറിയാതെ അയാൾ അവിടെനിന്നു വീട്ടിലേയ്‌ക്ക് തിരിച്ചു.
വീട്ടിലെ ഏകാന്തതയിൽ തനിയെയിരുന്നപ്പോഴും, അല്പം സ്വസ്ഥത തോന്നി. എന്തെങ്കിലും വായിക്കാൻ വേണ്ടി മേശപ്പുറത്തെ പുസ്തകങ്ങൾ പരതി. ലോകപ്രസിദ്ധ ചിത്രകാരനായ റെംബ്രാന്റ്ന്റെ ജീവചരിത്രം കിട്ടിയപ്പോൾ ആഹ്ലാദം തൊന്നി. കലയെക്കുറിച്ചുളള യാഥാസ്ഥിതിക ധാരണകൾക്കെതിരെ പൊരുതി ചിത്രകലയ്‌ക്കു നവചൈതന്യം നല്‌കിയ മഹാനായ ആ കലാകാരന്റെ ജീവിതം ഇനാസിയെ ആവേശഭരിതനാക്കി. ആ ജീവിതത്തിൽ മുഴുകിയിരുന്നപ്പോൾ അയാൾ സ്വന്തം ദുഃഖങ്ങൾ മറന്നു.
ഉച്ചയൂണിനുശേഷം അയാൾ കട്ടിലിൽ കിടന്നൊന്നു മയങ്ങുകയായിരുന്നു. പുറത്ത് ഉച്ചവെയിൽ ഉറഞ്ഞുതുളളിക്കൊണ്ടിരുന്നു. പച്ചിലകൾക്കു താഴെ അഭയം തേടിയ കാക്കകൾ ഇടയ്‌ക്കിടെ ശബ്‌ദമുയർത്തിക്കൊണ്ടിരുന്നു.
മുറ്റത്ത് പെട്ടെന്നു കേട്ട പരിചിതമായ പെൺശബ്‌ദം അയാളെ ഉണർത്തി. സോഫിയയുടെയും അന്നമ്മയുടെയും ശബ്‌ദങ്ങൾക്കിടയിൽ ഗ്രേസി….
“മോൾക്കെങ്ങനെ വീടു മനസ്സിലായി?” അന്നമ്മച്ചേടത്തി ചോദിച്ചു.
“അഡ്രസ്സറിയായിരുന്നു. ചോദിച്ചും പറഞ്ഞുമെത്തി.”
“വെയിലുകൊണ്ടു മുഖോക്കെ വാടി. കയറൂ മോളേ. ഇപ്പഴെങ്കിലും ചേട്ടനെയന്വേഷിച്ചു വന്നല്ലോ!” അന്നമ്മ സന്തോഷം പ്രകടിപ്പിച്ചു.
ഇനാസി എഴുന്നേറ്റു ചെന്നു.
വീർത്തു കെട്ടിയ ഒരു ബാഗും താങ്ങി വിയർത്ത് തളർന്ന് ഗ്രേസി വരാന്തയിൽ നില്‌ക്കുന്നു. ഇനാസിയെ കണ്ടതോടെ അവളുടെ കണ്ണുകളിൽ നനവു പടർന്നു.
ആഹ്ലാദത്തെക്കാളേറെ ഉൽക്കണ്‌ഠ തോന്നി ഇനാസിയ്‌ക്ക്.
“നീ എപ്പോൾ പോന്നതാ?” അയാൾ സ്‌നേഹപൂർവ്വം അടുത്തു ചെന്നു ബാഗുവാങ്ങി.
“പത്തുമണിയായി.”
അവളുടെ തളർന്ന പുഞ്ചിരിയുടെ പിന്നിൽ എന്തെല്ലാമോ പ്രയാസങ്ങൾ ഒളിഞ്ഞിരിപ്പുണ്ടെന്നു തോന്നി.
“ഇനാസീടെ അനിയത്തീനെ ഒന്നു കാണാൻ കാത്തിരിക്കേയിരുന്നു.” അന്നമ്മ വാത്സല്യപൂർവ്വം ഗ്രേസിയുടെ കൈപിടിച്ച് അകത്തു കയറ്റി.
“മോളെ, കുടിക്കാനെന്തെങ്കിലുമെടുക്ക്. വെയിലത്തു നടന്നു ക്ഷീണിച്ചു വന്നതാ.” അന്നമ്മ പറഞ്ഞു.
അവളെ അന്നമ്മ കട്ടിലിൽ ഇരുത്തി. പങ്ക കറക്കി. കാറ്റേറ്റപ്പോൾ അവളുടെ മുഖത്തൊരാശ്വാസം തെളിഞ്ഞു. സോഫിയ ഒരു ഗ്ലാസ്സ് ലൈംജൂസ് കൊണ്ടുവന്നു കൊടുത്തു. അവൾ അത് ആർത്തിയോടെ കുടിച്ചു.
“ഊണു കഴിച്ചില്ലല്ലോ.. അല്ലേ?” അന്നമ്മ ചോദിച്ചു.
ഗ്രേസി ഒന്നും മിണ്ടിയില്ല.
സോഫിയയും ഗ്രേസിയും തമ്മിൽ പരിചയപ്പെടുകയും സംസാരിക്കുകയും ചെയ്‌തു. ബീനയും ഗ്രേസിയെ ശബ്‌ദത്തിലൂടെ മനസ്സിലാക്കി. അവൾ ഗ്രേസിയെ തൊട്ടും തലോടിയും അടുത്തുനിന്നു.
“മോള് ഉടുപ്പൊക്കെയൊന്നു മാറ്. എന്നിട്ട് ഊണു കഴിക്കാം.” അന്നമ്മ പറഞ്ഞു.
സോഫിയ ഗ്രേസിയേയുംകൊണ്ട് ഡ്രസ്സിംങ്ങ് റൂമിലേയ്‌ക്ക് പോയി.
മുന്നറിവൊന്നും നല്‌കാതെ പെട്ടെന്നവൾ അന്വേഷിച്ചെത്തിയതിൽ ഇനാസിയ്‌ക്ക് ഉൽക്കണ്‌ഠ തോന്നി. ഊണു കഴിഞ്ഞ് ഗ്രേസി വന്നപ്പോൾ ഇനാസി ചോദിച്ചുഃ
“നീ വന്നതു പ്രത്യേക വിശേഷം എന്തെങ്കിലുമുണ്ടായിട്ടാണോ?”
“ഞാൻ ഓർഫനേജീന്നു പോന്നതാണ്. ഇനിയവിടെ നില്‌ക്കാനെനിക്കു വയ്യ.” അവൾ തലകുനിച്ചു നിന്നു.
ഇനാസി തെല്ലൊന്നമ്പരന്നു. മനസ്സിൽ അസ്വസ്ഥതയുടെ തിരയിളകി. മുഖത്ത് ഗൗരവം നിഴലിച്ചു.
“നീ എന്താലോചിച്ചാണ് ഈ സാഹസം കാണിച്ചത്? എവിടെ താമസിക്കുമെന്നു കരുതി?”
“അനാഥാലയത്തിലെ അവഗണനകളും നിന്ദകളും സഹിച്ചു സഹിച്ചു ഞാൻ മടുത്തു. അനാഥർക്ക് എവിടെയും അനാഥത്വം തന്നെയാണ്. ചേട്ടന് അതൊന്നും അനുഭവമില്ലല്ലോ!”
അവളുടെ തൊണ്ടയിടറി. കണ്ണുകൾ നനഞ്ഞു.
ഇനാസി മൂകനായി അവളെ നോക്കിയിരുന്നു.
“എത്ര നാളായി ഞാനവിടെ കലം കഴുകിയും കക്കൂസും പശുത്തൊഴുത്തും കഴുകിയും കഷ്‌ടപ്പെട്ടു വീർപ്പുമുട്ടുന്നതെന്നറിയാമോ? ആരും അന്വേഷിക്കാനും ചോദിക്കാനും ഇല്ലാത്തതുകൊണ്ട് എല്ലാം സഹിക്കാനായിരുന്നു വിധി. ഇനിയെനിക്കു വയ്യ. ആത്മഹത്യ ചെയ്യാൻവരെ ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്.” അവൾ തേങ്ങിക്കരഞ്ഞു.
ഇനാസിയുടെ ഹൃദയം ആർദ്രമായി. നിസ്സഹായതയും കുറ്റബോധവും അയാളെ തളർത്തി.
“നീ പറയുന്നതെല്ലാം ശരിയായിരിക്കാം. ദുഃഖങ്ങളും വേദനകളും നമ്മുടെ വിധിയാണ്. അവയിൽനിന്നു മോചനം നേടാനുളള സമയമായിട്ടില്ല. കുറച്ചു നാൾകൂടി ക്ഷമയോടെ കാത്തിരിക്കാതെ നിവൃത്തിയില്ല. എനിക്കൊരു സ്വതന്ത്രമായ നിലനില്പുണ്ടാകുംവരെ… നീ ആലോചിച്ചു നോക്കൂ…
അവൾ വിരൽത്തുമ്പിലെ നഖം കടിച്ചു തലകുനിച്ചു നിന്നു.
”ഇവിടെ നില്‌ക്കാമെന്നുദ്ദേശിച്ചാണോ നീ പോന്നത്?“
”ഞാനൊന്നുമുദ്ദേശിച്ചില്ല. അവിടെ നിന്നാലിനി ആത്മഹത്യ ചെയ്യേണ്ടി വരുമെന്നു തോന്നിയപ്പോൾ ഞാനിറങ്ങിപ്പോന്നു. ചെട്ടന്റെയടുത്തല്ലാതെ ഞാനെവിടെ പോകും? ചേട്ടനു വിഷമമാണെങ്കിൽ ഞാൻ പൊയ്‌ക്കോളാം..“ അവൾ മൂക്കുചീറ്റിയും കൈലേസുകൊണ്ടു മുഖം തുടച്ചും നിന്നു.
ഇനാസി ചിന്താമൂകനായി തലകുനിച്ചിരുന്നു.
എന്താണിനി ചെയ്യുക? ഇവിടെ അഭയം തേടിയെത്തിയ താൻ വീണ്ടും ഒരഭയാർത്ഥിയുടെ ഭാരംകൂടി സൃഷ്‌ടിച്ചാൽ..?
പക്ഷെ, അവളെ തനിയെ ഇനിയെവിടെയാണു പറഞ്ഞയക്കുക? ഇനാസി അസ്വസ്ഥതയോടെ ചിന്താമൂകനായി ഇരുന്നു.
പെട്ടെന്ന് അന്നമ്മച്ചേടത്തി അവിടെ കടന്നുവന്നു. ഇനാസിയുടെയും ഗ്രേസിയുടേയും മുഖങ്ങൾ ശ്രദ്ധിച്ചു കൊണ്ട് അവർ ചോദിച്ചു. ”എന്താ മക്കളെ നിങ്ങളിങ്ങനെ വെഷമിച്ചിരിക്കണത്? എന്തുപറ്റി?“
എന്തു പറയണമെന്നറിയാതെ രണ്ടുപേരും പരസ്പരം നോക്കി. മിന്നൽപോലെ ഇനാസിയ്‌ക്കൊരു ബുദ്ധി തോന്നി.
”അവൾക്ക് ടീച്ചേഴ്‌സ് ട്രെയിനിങ്ങിനു ചേരണമെന്നുണ്ട്. അപേക്ഷ അയച്ചിരുന്നു. ഇന്റർവ്യൂവും കഴിഞ്ഞു. പക്ഷെ, സംഗതി നടക്കുമെന്നു തോന്നുന്നില്ല.“
”അതെന്താ മോനെ?“
”അഡ്‌മിഷൻ കിട്ടണമെങ്കി നാലായിരം രൂപ മാനേജർക്കു കൊടുക്കണമത്രെ!“
”എന്റെ കർത്താവേ! അഡ്‌മിഷനു നാലായിരം രൂപേ! ഏതു ദുഷ്‌ടമ്മാരെടാ, ഇതൊക്കെ മേടിക്കണത്! പകൽക്കൊളളയല്ലേ നടത്തണത്!“
അന്നമ്മച്ചേടത്തി അമർഷവും അത്ഭുതവും കൂറി.
”ഇതൊക്കെയിന്നു മാന്യമായിക്കഴിഞ്ഞ അഴിമതിയാ. കൂടുതൽ കൊളള നടത്താൻ കഴിവുളള മാനേജർക്കു കൂടുതൽ മാന്യത. അതാണിന്നത്തെ ധാർമ്മിക മൂല്യം!“
”അതുതന്നെയാ കലികാലംന്നു പറേണത്?“
”പണമില്ലാത്തവന് ഒരിടത്തും രക്ഷയില്ല.“
അന്നമ്മ ഒന്നും മിണ്ടാതെ ഏതാനും നിമിഷം നിന്നു. പിന്നെ അവർ അവിടെ നിന്നുപോയി.
അന്നു മുഴുവനും രണ്ടുപേരും വിചാരമഗ്നരായി കഴിഞ്ഞുകൂടി. എന്താണു ചെയ്യുകയെന്നാലോച്ചിട്ട് ഒരു പിടിയും കിട്ടിയില്ല.
സന്ധ്യ മയങ്ങാൻ തുടങ്ങിയപ്പോൾ വിത്സൻ വന്നു. സോഫിയ അയാളെ കാത്തു നില്‌ക്കുന്നതുപോലെ ഇറയത്തുണ്ടായിരുന്നു. വിത്സന്റെ സാന്നിദ്ധ്യത്തിൽ അവൾ ഉത്സാഹവും സന്തോഷവും പ്രകടിപ്പിച്ചു.
ഗ്രേസിയെ മനസ്സിലാക്കിക്കഴിഞ്ഞപ്പോൾ വിത്സൻ പറഞ്ഞുഃ
”ഇവിടെ അഭയാർത്ഥികൾ കൂടി വരുകയാണല്ലോ.“
”മഠത്തീന്നു പോന്നമട്ടാണ്.“ സോഫിയ പറഞ്ഞു.
”എവിടേങ്കിലും പോകാൻ പറയ്‌ന്നേ… നിങ്ങക്കെന്തു കാര്യം, കണ്ടവരെയൊക്കെ വീട്ടിത്താമസിപ്പിക്കാൻ.“
”ചേട്ടൻ തന്നെ അപ്പനോട് പറയ്. ഞങ്ങൾ പറഞ്ഞാലൊന്നും അപ്പൻ കേക്കില്ല.“
ആ സംഭാഷണമൊന്നും ഇനാസി കേട്ടില്ല. എങ്കിലും വിത്സന്റെ മുഖഭാവത്തിൽ ഒളിഞ്ഞിരുന്ന പുച്ഛവും അവജ്ഞയും ഇനാസിയുടെ മനസ്സിനെ കുത്തി നോവിച്ചു.
അത്താഴം കഴിഞ്ഞ് ഇനാസി ഗ്രേസിയെ അടുത്തു വിളിച്ചിരുത്തി വിശേഷങ്ങൾ പറഞ്ഞ കൂട്ടത്തിൽ നഗരത്തിൽവച്ചു ഇളയപ്പനെ കണ്ട കാര്യം പറഞ്ഞു. ഇളയപ്പന്റെ തകർച്ചയും മാനസികാവസ്ഥയും ഗ്രേസിയെ അത്ഭുതപ്പെടുത്തി. അവൾക്കു ദുഃഖം തോന്നി.
”നീ നാളെ രാവിലെ ഇളയപ്പന്റെ വീട്ടിലേയ്‌ക്കു പൊക്കോളൂ. നമുക്കു താമസിക്കാൻ ചെറിയൊരു വാടകവീടു ഞാൻ അന്വേഷിക്കാം. അതു ശരിയാകുംവരെ നീ അവിടെ നിക്ക്. ഇവിടെ ഏതായാലും നിക്കണ്ട. ദാവീദുചേട്ടനും അന്നമ്മച്ചേടത്തിയുമൊക്കെ നല്ല മനുഷ്യരാ എങ്കിലും അവർക്കൊരുതരത്തിലും വിഷമം ഉണ്ടാകരുതല്ലോ.“
ഗ്രേസിയുടെ മുഖം വിളറിയിരുന്നു. ആശങ്കാകുലമായ മനസ്സുമായി അവൾ ഒന്നും മിണ്ടാതെയിരുന്നു.
തല ചായ്‌ക്കാനൊരിടംപോലും സ്വന്തമായില്ലാത്തവരായല്ലോ തങ്ങൾ.
ഒരു കത്തുപോലുമയക്കാത്തവരുടെയടുത്തേയ്‌ക്ക്… വെറുമൊരന്വേഷണത്തിനുപോലും സന്മനസ്സില്ലാത്തവരുടെയടുത്തേയ്‌ക്ക്… അവൾക്കു സങ്കടം വന്നു. കണ്ണുകൾ നിറഞ്ഞൊഴുകി.
”ഒന്നോ രണ്ടോ ആഴ്‌ച മതിയാകും. അപ്പോഴേക്കും ഞാനൊരു താമസ സൗകര്യം ഉണ്ടാക്കാം നീ വിഷമിക്കണ്ട.“ ഇനാസി ആശ്വസിപ്പിച്ചു.
”സ്‌നേഹമില്ലാത്തിടത്തു കഴിയാൻ എനിക്കാവില്ല. ഓർഫനേജിൽ നിന്നു ഞാൻ പോന്നത് അതുകൊണ്ടാണ്. അപ്പം കൊണ്ടുമാത്രം ജീവിക്കാനാവില്ല. ക്രിസ്‌തുവിന്റെ സ്‌നേഹാദർശം പ്രഘോഷിക്കുന്നവർക്കും സ്‌നേഹിക്കാനറിയില്ല…“ അവൾ പറഞ്ഞു.
”ഇളയപ്പൻ പണ്ടത്തെപ്പോലെയല്ല. കുറച്ചു ശാന്തനും സ്‌നേഹമുളളവനുമായി മാറീട്ടുണ്ട്. നിന്റെ കാര്യമൊക്കെ എന്നോടു ചോദിച്ചിരുന്നു.“
അവൾ മൗനം പൂണ്ടുനിന്നു.
”എന്റെ നിസ്സഹായത നിനക്കു മനസ്സിലാകുമല്ലോ. താമസിയാതെ നമ്മുടെ പ്രയാസങ്ങളൊക്കെ മാറുമെന്നു കരുതാം…“
രാവിലെ അവൾ എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി. കൂടെ ഇനാസിയും ഒരുങ്ങിയിറങ്ങി. ടൗണിലെ ഒരു തുണിക്കടയിൽ നിന്നൊരു സാരി വാങ്ങി അയാൾ അവൾക്കു കൊടുത്തു. ബസ്സിൽ കയറ്റി വിടുമ്പോൾ കുറച്ചു പൈസയും അവളെ ഏൽപ്പിച്ചു.
സ്‌നേഹത്തിന്റെ തിളക്കവും വേർപാടിന്റെ വേദനയും ജീവിതത്തെക്കുറിച്ചുളള ഉൽക്കണ്‌ഠയും അവളുടെ മുഖത്തു കണ്ടപ്പോൾ അയാളുടെ കണ്ണുകൾ നനഞ്ഞു.
*******************************************************
ഒരു വാടക വീടു തേടിയലഞ്ഞു ക്ഷീണിച്ചു വരുമ്പോഴാണ് ഹോസ്‌റ്റലിനടുത്തുവച്ച് ഉമയെ കണ്ടത്.
”ഇനാസി വിയർക്കുന്നല്ലോ.“ ഉമ പറഞ്ഞു.
ഇനാസി കാര്യം പറഞ്ഞു. ഒരു ചെറിയ വാടകവീടു കിട്ടാൻ വലിയ പ്രയാസം. തന്റെ വരുമാനത്തിന് താങ്ങാനാകാത്ത വാടകയാണ് ആവശ്യപ്പെടുന്നത്. ആറുമാസത്തെ വാടക മുൻകൂർ നിക്ഷേപിക്കണം. ഇതൊക്കെ തനിക്കെങ്ങനെ സാധിക്കാനാണ്?
ഒരു ചെറിയ വാടക വീട്ടിൽ താനും ഗ്രേസിയും കൂടി താമസിക്കാനുളള മോഹമൊന്നും അത്ര പെട്ടെന്നു നടക്കുന്ന ലക്ഷണമില്ല.
”ഇനാസിയുടെ പഠനം കഴിഞ്ഞ് ഒരു ജോലിയൊക്കെയാവാതെ അതൊന്നും ശരിയാവില്ല.“ ഉമ പറഞ്ഞു.
അതൊക്കെ ഇനാസിയ്‌ക്കുമറിയാം. എങ്കിലും സാഹചര്യങ്ങളുടെ സമ്മർദ്ദം വീർപ്പുമുട്ടിക്കുമ്പോൾ….
”അച്ഛന്റെ വിശേഷമെന്തൊക്കെയാണ്?“
”ഇപ്പോൾ പറയത്തക്ക അസുഖമൊന്നുമില്ല. സൂക്ഷിക്കണമെന്നു ഡോക്‌ടർ പറഞ്ഞിരിക്കുന്നു.“
”ഒരപകട സന്ധിയിൽ നിന്നു രക്ഷപ്പെട്ടു അല്ലേ?“
”ങാ… എങ്കിലും സമാധാനമില്ല. എപ്പോഴാണ് വീണ്ടും അറ്റാക്കുണ്ടാകുന്നതെന്ന് ആർക്കറിയാം.“ അവൾ നെടുവീർപ്പിട്ടു.
ഉമയെ കണ്ടപ്പോൾ ഇനാസിയുടെ മനസ്സ് ഉന്മേഷം വീണ്ടെടുത്തു. ഒരു തണലിൽ ചെന്നെത്തിയതുപോലെ.
”നമുക്കിന്നൊന്നു ബീച്ചിൽ പോകാം.“ ഇനാസി പറഞ്ഞു.
അവൾ ചിരിച്ചു. അയാൾക്കൊപ്പം അവളും മുട്ടിയുരുമ്മി നടന്നു. സായാഹ്‌നത്തിലെ ഈറൻ കടൽക്കാറ്റ് വീശിയടിച്ചുകൊണ്ടിരുന്നു. അവളുടെ സാരിത്തലയും മുടിയിഴകളും കാറ്റിൽ നൃത്തമാടി. ഉന്മേഷത്തിന്റെ പ്രവാഹം സിരകളിൽ ഉന്മാദമുണർത്തി.
നനഞ്ഞ മണ്ണിൽ തെളിയുന്ന പാദമുദ്രകളെ തിരകൾ ആവേശപൂർവ്വം നക്കിയെടുത്തു. അവളുടെ സാരിയുടെ കീഴറ്റം നനഞ്ഞു. അതുയർത്തിപ്പിടിച്ചു നടക്കുമ്പോൾ വെളുത്തു മിനുത്ത കണങ്കാലുകളുടെ ചലനം അയാളുടെ നയനങ്ങൾക്കു മാധുര്യമേകി.
ഇടയ്‌ക്കിടയ്‌ക്ക് കുതിച്ചു കയറിവന്ന വലിയ തിരകളെ ഭയന്ന് അവൾ അയാളുടെ കൈയ്‌ക്കു പിടിച്ചു. തിരയൊഴിഞ്ഞ നനഞ്ഞ മണ്ണിൽ അവരുടെ കാൽപ്പാദങ്ങൾ തെളിഞ്ഞു. കൈകൾ കോർത്തു പിടിച്ച്, തിരകളുടെ തലോടലിൽ ഇക്കിളി പൂണ്ട് പരിസരം മറന്ന് അവർ കടലിന്റെ അപാരതയിലേക്കു നോക്കിനിന്നു.
സൂര്യൻ ചക്രവാളത്തിലേക്കിറങ്ങുകയാണ്. അകലെ കടൽ വഞ്ചികളിൽ നിന്നും മുക്കുവരുടെ പാട്ടു കേൾക്കാം. കടൽക്കാക്കകൾ വഞ്ചികൾക്കു പിന്നാലെ പറന്നുകൊണ്ടിരുന്നു.
ഒറ്റയായും പറ്റമായും കാറ്റു കൊളളാൻ വരുന്നവർ അവിടവിടെ കടലിനഭിമുഖമായി നിന്നു. കക്ക വാരുന്ന സ്‌ത്രീകളെയും വലയെറിയുന്ന മുക്കുവരെയും ആളുകൾ കൗതുകപൂർവ്വം നോക്കി നിന്നു. വർണ്ണപ്പകിട്ടാർന്ന ഉടുപ്പുകൾ ധരിച്ച കുട്ടികൾ തിരകളടിച്ചു കയറുന്ന തീരങ്ങളിൽ ഓടിക്കളിച്ചു. അവരുടെ ഒച്ചയും ആർപ്പും ചിരിയും കടൽക്കാറ്റിൽ തട്ടിയുടഞ്ഞു വീണു ചിതറി.
”നമുക്കൊരിടത്തിരിക്കാം; കാലു കുഴഞ്ഞിട്ടു വയ്യ.“ ഉമ പറഞ്ഞു.
ആൾക്കൂട്ടത്തിൽ നിന്നകന്ന് നനവില്ലാത്ത മണ്ണിൽ അവളിരുന്നു. തിരകളുടെ ഇരമ്പൽ അന്തരീക്ഷത്തിന് ഗാംഭീര്യം പകർന്നു. അകലെ കടലിന്റെ ഇരുണ്ട നീലപ്പരപ്പിൽ മത്സ്യവേട്ട നടത്തുന്ന യന്ത്രവൽകൃത ബോട്ടുകൾ ഇനിയും അവശേഷിക്കുന്നു.
”ഈ കടൽ കാണുമ്പോൾ ഇനാസിയ്‌ക്കെന്തു തോന്നുന്നു?“
”ഈ അപാരതയും നിഗൂഢതയും എന്നെ അത്ഭുതപ്പെടുത്തുന്നു. പ്രകൃതിയുടെ ഗാംഭീര്യം എനിക്കൊന്നു കാൻവാസിൽ പകർത്താൻ കഴിയാത്തതിലുളള വിഷാദവുമുണ്ട്.“
”എനിക്ക് ഭയമാണു തോന്നുന്നത്. ആരാധ്യഭാവവും.“ ഉമ പറഞ്ഞു.
”ഓരോ തവണ കാണുമ്പോഴും കടലിന് ഓരോരോ ഭാവങ്ങളാണ്. വിവിധ വികാരങ്ങൾ… കടലിന്റെ സൗന്ദര്യത്തോട് എനിക്കെന്നും വല്ലാത്ത ഭ്രമം തോന്നാറുണ്ട്.“
”കടലിനെ സ്‌നേഹിക്കുന്ന കലാകാരൻ!“ അവൾ അയാളുടെ മൂക്കിൻതുമ്പിൽ ഒന്നു തുളളി.
ആ പ്രേമവാത്സല്യത്തിൽ ഇനാസി കോരിത്തരിച്ചു.
ഉമ തിരകളെ നോക്കിയിരുന്നു. അകലെ നിന്നു വളരെ സാവധാനം ശാന്തമായിവന്ന് അനുക്രമം വളർന്ന് ഗംഭീരമായി കരയിൽ വന്നടിച്ചു തകരുന്ന തിരകൾ.
”ഉമ കടലിൽ നോക്കിയിരുന്നു സ്വപ്നം കാണുകയാണോ?“
”സ്വപ്‌നം കൂടിയില്ലെങ്കിൽ എങ്ങനെ ജീവിക്കാനാണ്?“
സൂര്യന്റെ വൃത്തം വലുതാവുകയും ചുവന്നു തുടങ്ങുകയും ചെയ്‌തു. മേഘപടലങ്ങളിൽ നിറഭേദങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. കടലും ആകാശവും വേർതിരിച്ചറിയാനാകാത്തവിധം ചക്രവാളം ഒരു അത്ഭുത ദൃശ്യമായി മാറി.
അസ്തമയം കാണാനെത്തുന്നവരുടെ തിരക്കേറിവന്നു സ്വൈര്യത നഷ്‌ടപ്പെടുന്നതുപോലെ തോന്നി.
”നമുക്കിവിടന്നു കുറച്ചു മാറിയിരിക്കാം.“ ഉമ പറഞ്ഞു.
അവർ എഴുന്നേറ്റു തീരത്തുകൂടി നടന്നു. കുറച്ചകലെ ഒരു വലിയ കടൽവഞ്ചി കമഴ്‌ത്തി വച്ചിരുന്നു. അവർ അതിന്റെ ഒരരികിൽ ചെന്നിരുന്നു.
തീരത്ത് ഓടിക്കളിച്ചിരുന്ന എണ്ണമറ്റ കുതിര ഞണ്ടുകൾ അവരെ കണ്ട് മാളങ്ങളിൽ ഓടി മറഞ്ഞു. നനഞ്ഞ തീരത്ത് ആയിരമായിരം കൊച്ചുകൊച്ചു മാളങ്ങൾ.
”ഈ ഞണ്ടുകൾ കടിക്ക്യോ?“ അവൾ ചോദിച്ചു.
”നമ്മൾ അതിനെ പിടിച്ചാൽ ആത്മരക്ഷാർത്ഥം അതു കടിച്ചേക്കും.“ ഇനാസി ചിരിച്ചു.
”എനിക്കിതിനെയെല്ലാം പേടിയാ.“ ഉമ ആശങ്കയോടെ ചുറ്റും കണ്ണോടിച്ചു. മനോഹരമായ ഒരു കക്ക മണ്ണിൽ കിടന്നിരുന്നു. ഉമ കൗതുകത്തോടെ അതെടുത്തു. അതിന്റെ പുറത്ത് മനോഹരമായ ഡിസൈൻ കണ്ട് അവൾക്കത്ഭുതം തോന്നി.
”നോക്കൂ എത്ര മനോഹരം! ഇതെങ്ങനെയുണ്ടാകുന്നു?“
”പ്രകൃതിയുടെ കലയാണ്!“ ഇനാസി ആ കക്ക വാങ്ങി നോക്കിക്കൊണ്ടു പറഞ്ഞു.
”അത്ഭുതം തന്നെ! സെമിട്രിക് ഡിസൈൻ. വണ്ടർഫുൾ പെർഫെക്‌ഷൻ.“
അവർ അങ്ങനെയിരിക്കെ, തൊട്ടടുത്തുളള വഞ്ചിയുടെ മറുവശത്ത് ആരുടെയോ അടക്കിപ്പിടിച്ച സംസാരവും ചിരിയും കേട്ടു. ഉമ അതു ശ്രദ്ധിച്ച് ഇനാസിയുടെ മുഖത്തേയ്‌ക്ക് നോക്കി. അപ്പോൾ വളകിലുക്കം കേട്ടു.
”നമ്മളെപ്പോലെ ആരെങ്കിലും അപ്പുറമുണ്ട്.“ ഇനാസി പറഞ്ഞു.
”നമുക്കു പോകാം.“ ഉമയുടെ മുഖത്തൊരു പരിഭ്രമം. അവൾ പറഞ്ഞു. ”സമയം വൈകി.“
അവൾ എഴുന്നേറ്റു, ഇനാസിയും. തിരിച്ചു നടക്കാൻ തുടങ്ങുമ്പോൾ ഇനാസി വഞ്ചിയുടെ മറുവശത്തേയ്‌ക്കൊന്നു നോക്കി. അവിടെ കണ്ട കാഴ്‌ച അയാളെ അമ്പരപ്പിച്ചു.
ഒരു യുവാവും യുവതിയും ആലിംഗനത്തിൽ മുഴുകിയിരിക്കുന്നു. അവർ വിത്സനും സോഫിയയുമായിരുന്നു!
ഇനാസി വല്ലാതെയായി. മുഖം വിളറി. അയാൾ സോഫിയയെ തറഞ്ഞു നോക്കി. അവൾ ഒന്നുമറിയുന്നില്ല.
അയാൾ ഉമയേയും കൊണ്ടു പെട്ടെന്നവിടെ നിന്നു തിരിച്ചു നടന്നു. ഉമ ഉൽക്കണ്‌ഠയോടെ തിരക്കി.
”അതാരാ? അവരെയറിയ്യോ?“
”അറിയും വരൂ നമുക്കു പോകാം.“
അയാൾ വേഗം നടന്നു. അയാൾക്കൊപ്പമെത്താൻ ഉമയ്‌ക്ക് ഓടേണ്ടിവന്നു.
കടലിന്റെ ഇരമ്പം അയാളുടെ കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു. കാറ്റ് ചെറിയ ചൂളം വിളിയുമായി കരയിലേയ്‌ക്ക് വീശി.
Generated from archived content: vilapam15.html Author: joseph_panakkal
Click this button or press Ctrl+G to toggle between Malayalam and English