പന്ത്രണ്ട്‌

‘മനുഷ്യന്റെ സ്വപ്നങ്ങൾക്കും മോഹങ്ങൾക്കും എന്തെങ്കിലും ഒരു സുരക്ഷിതത്വമുണ്ടോ?’

കായലിൽ അകലെ കൊച്ചു വഞ്ചിയിലിരുന്നു ചൂണ്ടയിടുന്ന കറുത്ത മുക്കുവരെ നോക്കിയിരിക്കെ ഉമ ചോദിച്ചു.

‘അങ്ങനെ ഉമയിപ്പോൾ ചോദിക്കാൻ?’

ഇനാസി അവളുടെ നീലക്കുപ്പിവളകളണിഞ്ഞ മൃദുലമായ കൈപിടിച്ചോമനിച്ചു.

‘എന്തെങ്കിലും മോഹങ്ങൾ മനസ്സിൽ മൊട്ടിടുമ്പോഴെല്ലാം എനിക്കു വല്ലാത്ത ഉൽക്കണ്‌ഠയാണ്‌.’

‘ഒന്നിനെക്കുറിച്ചും ഉൽക്കണ്‌ഠപ്പെടാതിരിക്കുകയാണു വേണ്ടത്‌. ജീവിതം എപ്പോഴും അനിശ്ചിതമായ ഏതോ വിധിയ്‌ക്കു വിധേയമാകുമ്പോൾ സുരക്ഷിതത്വം എവിടെയാണ്‌?’

അവൾ മിണ്ടാതെ എന്തോ ആലോചിച്ചിരുന്നു.

‘എല്ലാറ്റിനുമുപരി പ്രത്യാശ പുലർത്താൻ കഴിയണം. ഒരു നക്ഷത്രത്തിന്റെ വിദൂര വെളിച്ചംപോലെ അതു നമുക്കു വഴി തെളിക്കാൻ കൂടെയുണ്ടാകും.’ ഇനാസി പറഞ്ഞു.

കായലിനു മീതെകൂടി ഒഴുകിയെത്തിയ കളിർക്കാറ്റിൽ ഉമയുടെ മുടിച്ചുരുളുകൾ നൃത്തംവച്ചു. സാരി ഇളകിത്തുടിച്ചു. പൂത്ത പൂച്ചെടികൾ കാറ്റിൽ കാവടിയാടി.

‘ചിത്രകലാ പ്രദർശനത്തിനുളള ചിത്രങ്ങളെല്ലാം പൂർത്തിയായോ?’ ഉമ ചോദിച്ചു.

‘ഉം. അഞ്ചു ചിത്രങ്ങളാണ്‌ എനിക്കുളളത്‌.’

‘അവാർഡ്‌ കിട്ടുമ്പോൾ എനിക്കെന്താ തരിക?’

‘അവാർഡോ? വലിയ ചിത്രകാരന്മാരുടെ സൃഷ്‌ടികളുടെ കൂട്ടത്തിൽ എന്റെ ചിത്രങ്ങളും വയ്‌ക്കാൻ ഒരു ചാൻസ്‌ കിട്ടുന്നതുതന്നെ വലിയൊരംഗീകാരമാണ്‌.’

അവളുടെ കണ്ണുകളിൽ അയാളോടുളള ആരാധനയുടെ നെയ്‌ത്തിരി തെളിഞ്ഞു. അവൾ അയാളുടെ കൈപിടിച്ചു ഞെരിച്ചു.

നമ്മുടെ സ്‌നേഹം എന്നും നിലനില്‌ക്കുമോ ഇനാസി? എനിക്കെപ്പോഴും ഉൽക്കണ്‌ഠയുണ്ട്‌.‘- അവൾ പറഞ്ഞു.

’ഉറച്ച വിശ്വാസമില്ലാത്തതുകൊണ്ടാണ്‌ ഉൽക്കണ്‌ഠ തോന്നുന്നത്‌.‘

ആ മറുപടിയുടെ മുന അവളുടെ ഹൃദയത്തിൽ തട്ടി വേദനിച്ചു. അവൾ അതു നിഷേധിക്കാൻ വ്യഗ്രത കൊണ്ടു.

’അതൊന്നുമല്ല; എനിക്കു നല്ല വിശ്വാസമുണ്ട്‌.‘

’പിന്നെയെന്തിനാ ഉൽക്കണ്‌ഠ?‘

അയാൾ ചിരിച്ചുകൊണ്ടു പുൽച്ചെടിയിൽ നിന്നൊരു ചുവന്ന പൂ നുളളിയെടുത്ത്‌ അവളുടെ മുഖത്തേയ്‌ക്കെറിഞ്ഞു.

’അത്‌ എന്റെ മനസ്സിന്റെ ദുർബ്ബലതയാണ്‌, ഇനാസീ. അജ്ഞാതമായ ഏതോ ഒരു ദുരന്തം സദാ എന്നെ പിന്തുടരുന്നുണ്ടെന്ന വിചാരമാണ്‌ എനിക്ക്‌.‘

പാർക്കിൽ സന്ദർശകരുടെ എണ്ണം പെരുകിക്കൊണ്ടിരുന്നു. കാമുകീ കാമുകന്മാർ, ദമ്പതികൾ, സുഹൃത്തുക്കൾ, സ്വപ്നം കാണാനെത്തുന്ന ഏകാകികൾ…. മരച്ചുവട്ടിലും സിമന്റുബഞ്ചുകളിലും കായലോരത്തെ കൽച്ചിറയിലും അവർ വിശ്രമം തേടുന്നു.

’അത്‌ ഉമയെ സംബന്ധിക്കുന്ന കാര്യം മാത്രമല്ല. ഈ ഭൂമിയിൽ ജീവിക്കുന്ന എല്ലാവരുടെയും അവസ്ഥയതാണ്‌. അജ്ഞാത ദുരന്തങ്ങളുടെ വേട്ടമൃഗമാണു മനുഷ്യൻ എപ്പോൾ എന്തു സംഭവിക്കും എന്നൊന്നും ആർക്കും നിശ്ചയമില്ല. ഈ അനിശ്ചിതത്വത്തെ നിരാകരിച്ചുകൊണ്ട്‌ നമുക്ക്‌ നമ്മുടേതായ ഒരു പദ്ധതിയുമായി മുന്നോട്ടു പോകാം.‘ ഇനാസി പറഞ്ഞു.

കപ്പലണ്ടി വില്പനക്കാരൻ പയ്യൻ അടുത്തുകൂടി കടന്നു പോയപ്പോൾ ഇനാസി അവനെ വിളിച്ചു കുറച്ചു കപ്പലണ്ടി വാങ്ങി.

’ഇനാസി ഒരു പ്രസംഗമാണു നടത്തിയത്‌. യാതൊരുൽക്കണ്‌ഠയുമില്ലാതെ കഴിയുവാൻ ഇന്നാർക്കെങ്കിലുമാകുമോ?‘ ഉമ ചോദിച്ചു.

’ഉൽക്കണ്‌ഠയുടെ അടിമയായിക്കഴിയാൻ ഞാനിഷ്‌ടപ്പെടുന്നില്ല. അതുകൊണ്ടാണു മരണത്തെപ്പോലും ഞാൻ ഭയപ്പെടാതിരിക്കുന്നത്‌. കാരണം, ഭയംകൊണ്ടു കാര്യമില്ല. അനിവാര്യമായ മരണത്തിന്‌ നമ്മുടെ സമ്മതവും വിസമ്മതവുമൊന്നും പ്രശ്‌നമല്ലല്ലോ.‘

’ഈ അനിശ്ചിതത്വത്തിൽ ജീവിതത്തോടുളള ആഭിമുഖ്യം ഒരു പ്രശ്‌നമല്ലെ?‘ ഉമ ചോദിച്ചു.

’അല്ല മരണംവരെയുളള ജീവിതം എല്ലാ കഷ്‌ടപ്പാടുകളോടും കൂടിത്തന്നെ ഒരനുഗ്രഹമായി ഞാൻ കാണുന്നു. എങ്കിലും അതിരുകവിഞ്ഞ സ്‌നേഹമൊന്നും ജീവിതത്തോടെനിക്കില്ല.‘

’അതെന്താണ്‌?‘ കപ്പലണ്ടി കൊറിച്ചു കൊണ്ട്‌ അവൾ ഇനാസിയുടെ മുഖത്തേയ്‌ക്ക്‌ നോക്കി.

’ഇച്ഛയ്‌ക്കൊത്തു മെരുങ്ങാത്ത, പ്രാപഞ്ചിക പ്രതിഭാസങ്ങൾക്കനുസരിച്ചാണ്‌ നമ്മുടെ ജീവിതം. ഒരു പരിധിവരെ മാത്രമെ നമുക്കു ജീവിതത്തെ രൂപപ്പെടുത്താനും നിയന്ത്രിക്കാനുമാകൂ. അതുകൊണ്ട്‌ നമ്മൾ എപ്പോഴും അസംതൃപ്തരായിരിക്കും.‘ ഇനാസി പറഞ്ഞു.

അവൾ കായലിലെ ഓളങ്ങൾക്കനുസരിച്ച്‌ ആടുന്ന നിഴലുകളെയും പ്രതിഛായകളെയും നോക്കിയിരുന്നു. എന്നിട്ടു ചോദിച്ചുഃ

’ജീവിതത്തെ സംബന്ധിച്ച മോഹങ്ങൾക്ക്‌ എന്തെങ്കിലും അസ്തിത്വമുണ്ടോ?‘

’ഇവിടെ ഭൗതികമായ എന്തിനാണസ്തിത്വമുളളത്‌? വിശ്വസിക്കുന്ന മൂല്യങ്ങൾപോലും കാലഹരണപ്പെടുന്നു. പക്ഷെ മോഹിക്കാനും പ്രത്യാശ പുലർത്താനുമുളള സ്വാതന്ത്ര്യം നമുക്കുണ്ട്‌.‘

’നമ്മുടെ സ്‌നേഹമോ?‘

’അതെന്നും നമ്മളോടുകൂടിയുണ്ടാവില്ലെ? എന്താ സംശയമുണ്ടോ?‘

ഉമ ഇനാസിയുടെ കണ്ണുകളിൽ നോട്ടമുറപ്പിച്ചു.

’ഞാൻ വിശ്വസിക്കുന്നു. എനിക്കതിനപ്പുറം ജീവിതമില്ല.‘

’അങ്ങനെയൊന്നും പ്രതിജ്ഞയെടുക്കരുത്‌. കാരണം ഒന്നിനെക്കുറിച്ചും അവസാന തീർപ്പു കല്പിക്കാൻ നമുക്കധികാരമില്ല. ആശിക്കാനും പരിശ്രമിക്കാനുമേ അവകാശമുളളൂ.‘

’ഇനാസിയ്‌ക്കു വലിയൊരു തത്വചിന്തകന്റെ മട്ടുണ്ട്‌.‘

അവൾ ചിരിച്ചുകൊണ്ടു പറഞ്ഞു.

’ആ ബഹുമതിയോടു സന്തോഷമുണ്ട്‌. എങ്കിലും എനിക്കിണങ്ങാത്ത കുപ്പായമാകുമ്പോൾ…‘

രണ്ടുപേരും ചിരിച്ചു.

കായലിൽ ചൂണ്ടയിട്ടിരുന്ന കൊതുമ്പുവഞ്ചികൾ അപ്രത്യക്ഷമായി. അകലെ നങ്കൂരമടിച്ചു കിടക്കുന്ന കൂറ്റൻ കപ്പലുകൾ കാണാം. വാർഫിൽ ക്രെയിനുകളുടെ നീണ്ട കരങ്ങൾ ഉയരുന്നതും താഴുന്നതും അവ്യക്തമായി കാണാം. രാക്ഷസന്മാരുടെ അസ്തികൂടം കൈയുയർത്തുന്നതുപോലെ.

രണ്ടു കുസൃതിക്കുട്ടികളെയും കൊണ്ട്‌ ചെറുപ്പക്കാരായ ദമ്പതികൾ പാർക്കിലൂടെ അലസമായി, ഉല്ലാസത്തോടെ കടന്നുവരുന്നത്‌ ഉമ കൗതുകപൂർവ്വം നോക്കിയിരുന്നു. ഒരാൺകുട്ടിയും പെൺകുട്ടിയും. ആരോഗ്യവും ചൊറുചൊറുക്കുമുളള കുട്ടികൾ. പെൺകുട്ടിയുടെ വർണ്ണപ്പകിട്ടാർന്ന ഉടുപ്പും തലയിലെ മഞ്ഞ റിബ്ബണും എല്ലാംകൂടി ഒരു ചിത്രശലഭത്തിന്റെ ഭംഗിയുണ്ട്‌.

’ഒരു സന്തുഷ്‌ട കുടുംബം…‘ ഉമ കുസൃതി നിറഞ്ഞ നോട്ടവുമായി ഇനാസിയുടെ നേരെ തിരിഞ്ഞു.

ഇനാസി പുഞ്ചിരിച്ചു.

’ഉമ സ്വപ്നം കാണുകയാണ്‌ അല്ലേ, ഇതുപോലെ…‘

അവളുടെ മുഖം ചുവന്നു തുടുത്തു. അവൾ മുഖം കുനിച്ചു മൂകയായി ഇരുന്നു.

’പഠനം കഴിഞ്ഞ്‌ ഒരു ജോലി സമ്പാദിക്കണം. പിന്നെ നമുക്കും ഒരു കൂടുകെട്ടാം. കാലത്തിന്റെ തികവിൽ കുഞ്ഞുങ്ങളുമൊത്ത്‌ ഇവരെപ്പോലെ നമുക്കും ഇവിടെ ചുറ്റി നടക്കാം…‘ ഇനാസി പറഞ്ഞു.

ഉമ കോരിത്തരിച്ചു. ഹാ… സ്വപ്നങ്ങൾ… ! അവൾ അയാളുടെ തോളിൽ മുഖമണച്ചു. ഇനി എത്രനാൾ കാത്തിരിക്കണം. പ്രായപൂർത്തിയായാൽ പെണ്ണിന്‌ ഇക്കാര്യത്തിൽ ക്ഷമ കുറയും.

എത്രനേരം അങ്ങനെയിരുന്നു എന്ന്‌ അവൾ അറിഞ്ഞില്ല. മൂക നിമിഷങ്ങളുടെ സംഗീതം അവരുടെ ഹൃദയത്തിൽ നിന്നുയർന്നു. പ്രേമത്തിന്റെ ധന്യാനുഭൂതികളിൽ അവർ പരിസരം മറന്നു.

’ഇനി പോകാം. സമയം വളരെയായി. മേട്രൺ വഴക്കു പറയും.‘ മനസ്സില്ലാ മനസ്സോടെ അവൾ എഴുന്നേറ്റു.

’ശരി. നാളെ വൈകുന്നേരവും ഞാനിവിടെ കാത്തു നില്‌ക്കും.‘ ഇനാസി പറഞ്ഞു.

’അയ്യോ! പറ്റില്ല. ഇടയ്‌ക്കു വല്ലപ്പോഴുമേ സൗകര്യാവൂ ആഗ്രഹില്ലാഞ്ഞല്ല.‘

അവർ നടന്നു. പരിചയക്കാരുടെ നേരെ ഇനാസി മുഖം തിരിച്ചില്ല. നിരത്തിൽ തിരക്കു വർദ്ധിച്ചിരുന്നു. കായലിൽ നിന്നുളള കുളുർക്കാറ്റ്‌ അവരെ തഴുകി.

ഇൻഡ്യൻ കോഫി ഹൗസിനടുത്തെത്തിയപ്പോൾ ഇനാസി പറഞ്ഞു.

’വരൂ, ഒരു കാപ്പി കുടിച്ചു പിരിയാം.‘

’വേണ്ട; സമയം ഒരുപാടായി.‘ അവൾ മടിഞ്ഞു.

’വരൂ, ഒരു കാപ്പി കുടിക്കാൻ എത്ര സമയം വേണം.‘

അയാൾ അവളുടെ കൈയിൽ ഒന്നു പിടിച്ചു. അവൾ അയാളുടെ കൂടെ അവിടെ കയറി.

ചൂടുളള കാപ്പിയുടെ ഹൃദ്യമായ മണവും രുചിയും അല്പാല്പമായി നുകരുമ്പോൾ ഇനാസി പറഞ്ഞുഃ

’പ്രദർശനത്തിനായി തയ്യാറാക്കിയ ‘സന്ധ്യാദേവത’ എന്ന ചിത്രത്തിൽ ഉമയുടെ മുഖഛായ വന്നിട്ടുണ്ട്‌.‘

’ഛെ! എന്തൊരു പണിയാ! അങ്ങനൊന്നും പ്രചരണമാക്കുന്നതെനിക്കിഷ്‌ടല്ലാ…‘ അവളുടെ മുഖത്ത്‌ പരിഭവവും ആഹ്ലാദവും ഭീതിയും കൂടിക്കലർന്ന ഭാവങ്ങൾ മിന്നിമറഞ്ഞു.

’ബോധപൂർവ്വം വരച്ചതല്ല. എങ്ങനെയോ വന്നുപോയതാ.‘

അവളുടെ മുഖം തുടുത്തു.

’എന്റെ അബോധമനസ്സിലും ഉമ നിറഞ്ഞു നില്‌ക്കുന്നതിന്റെ പ്രതിഫലനമാണത്‌. എനിക്കു തന്നെ ആശ്ചര്യം തോന്നിപ്പോയി…‘

അവൾ ഉൾപ്പുളകത്തോടെ പുഞ്ചിരിച്ചു. എന്നിട്ടു പറഞ്ഞു.

’പ്രേമം ഒരു തരം ഭ്രാന്തു തന്നെയാണ്‌, അല്ലേ? ഒരു വല്ലാത്ത ഭ്രമം; ഒരു ബാധപോലെ…. ചില രാത്രികളിൽ വെറുതെ ഓർത്തോർത്ത്‌ കിടക്കും, ഉറക്കം വരാതെ..‘

’അതു പ്രകൃതിയുടെ കുസൃതിയാണ്‌. ഒന്നുചേരാനുളള സ്വാതന്ത്ര്യം കൈവരുന്നതുവരെ മനസ്സിനും ശരീരത്തിനും സ്വസ്ഥതയുണ്ടാവില്ല…‘

പുറത്തിറങ്ങിയപ്പോൾ സന്ധ്യ മയങ്ങിയിരുന്നു.

അവർ പറ്റെ ചേർന്നു നടന്നു. നിർമ്മലഭവന്റെ ഗേറ്റ്‌ വരെ ഇനാസി കൂടെ ചെന്നു.

**********************************************************

’വെളിച്ചം തേടുന്ന പെൺകുട്ടി‘ എന്ന ചിത്രത്തിന്‌ അവാർഡ്‌ പ്രഖ്യാപിക്കപ്പെട്ടപ്പോൾ ഇനാസിയ്‌ക്കു സന്തോഷവും അഭിമാനവുമല്ല തോന്നിയത്‌; അത്ഭുതമാണ്‌. വിശ്വസിക്കാൻ തന്നെ വിഷമം തോന്നി.

പ്രമുഖരായ മറ്റു ചിത്രകാരന്മാരെല്ലാം ഇനാസിയെ കണ്ട്‌ അഭിനന്ദിച്ചു.

ആധുനിക ചിത്രകലയ്‌ക്ക്‌ ഇനാസി ഒരു വാഗ്‌ദ്ധാനമാണ്‌ എന്നു പലരും അഭിപ്രായപ്പെട്ടു.

ഒരവാർഡ്‌ ഇനാസി തീരെ പ്രതീക്ഷിച്ചിരുന്നില്ല. തന്റെ രചനകളെക്കുറിച്ച്‌ അത്രനല്ല അഭിപ്രായമൊന്നും അയാൾക്കുണ്ടായിരുന്നില്ല. പ്രശസ്തരായ ചിത്രകാരന്മാരുടെ രചനകളുടെ കൂട്ടത്തിൽ തന്റെ ചിത്രങ്ങളും പ്രദർശിപ്പിക്കാൻ അവസരം കിട്ടിയതുതന്നെ വലിയൊരു ഭാഗ്യമായാണു വിചാരിച്ചിരുന്നത്‌.

ടൗൺഹാളിൽ ചിത്രകലാപ്രദർശനം കാണാൻ ധാരാളം പേർ വന്നിരുന്നു. കോളേജ്‌ വിദ്യാർത്ഥികളും ചെറുപ്പക്കാരായ ഉദ്യോഗസ്ഥന്മാരും കലാപ്രേമികളായ മദ്ധ്യവയസ്‌കരും ആയിരുന്നു അധികം. തന്റെ ചിത്രങ്ങൾ ജനശ്രദ്ധയാകർഷിച്ചു കണ്ടതിൽ ഇനാസിയ്‌ക്കു സന്തോഷം തോന്നി.

സന്ദർശകരുടെ കൂട്ടത്തിൽ ഉച്ചകഴിഞ്ഞ്‌ ദാവീദിനെ കണ്ടപ്പോൾ ഇനാസിയ്‌ക്കു അയാളോടു ബഹുമാനം തോന്നി. കച്ചവടത്തിരക്കിനിടയ്‌ക്ക്‌ ചിത്രകല കാണാനും സമയം കണ്ടെത്തിയല്ലോ. ഇനാസിയുടെ തോളിൽ കൈവച്ച്‌ വാത്സല്യപൂർവ്വം അയാൾ പറഞ്ഞു.

’നിന്റെ ചിത്രങ്ങൾ ഉണ്ടെന്നറിഞ്ഞാ ഞാൻ വന്നത്‌.‘

ഇനാസി വിനയാദരങ്ങളോടെ പുഞ്ചിരിച്ചു.

വൈകുന്നേരം അവാർഡു കിട്ടിയ ശില്പവുമായാണ്‌ ഇനാസി വീട്ടിൽ ചെന്നത്‌. സോഫിയ സന്തോഷത്തോടെ ഓടിവന്ന്‌ അതുവാങ്ങി. അവൾക്കു കിട്ടിയ ഒരവാർഡുപോലെ അതിൽ അവൾ അഭിമാനം കൊണ്ടു.

ബീന ആ ശില്പം കൈയിലെടുത്ത്‌ വളരെ സമയം തൊട്ടുതലോടിയറിഞ്ഞു. അതു നോക്കിയിരിക്കെ ഇനാസിയ്‌ക്കു പറയാൻ തോന്നിഃ

’യഥാർത്ഥത്തിൽ ഈ അവാർഡ്‌ എനിക്കല്ല, ബീനയ്‌ക്കാണു കിട്ടിയത്‌!‘

പക്ഷെ, അയാളതു പറഞ്ഞില്ല.

’അടുത്ത ദിവസം പത്രങ്ങളിലെല്ലാം ഇനാസിയുടെയും അവാർഡ്‌ നേടിയ ‘വെളിച്ചം തേടു​‍ുന്ന പെൺകുട്ടി’ എന്ന ചിത്രത്തിന്റെയും പടം അച്ചടിച്ചുവന്നു. വാർത്തയും.

കോളേജിൽ ആവേശഭരിതമായ സ്വീകരണമാണ്‌ അയാൾക്കു ലഭിച്ചത്‌. അദ്ധ്യാപകരും സഹപാഠികളും അഭിനന്ദനങ്ങൾകൊണ്ട്‌ അയാളെ വീർപ്പുമുട്ടിച്ചു.

‘ഇനാസി നമ്മുടെ സ്ഥാപനത്തിനു മഹിമ വർദ്ധിപ്പിച്ചു. നമുക്കു സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യാം.’

പ്രിൻസിപ്പാളിന്റെ വാക്കുകൾ ഇനാസിയെ രോമാഞ്ചമണിയിച്ചു.

രാജശേഖരൻ മാത്രം മുഖം തിരിച്ച്‌ താനൊന്നുമറിഞ്ഞില്ല എന്ന മട്ടിൽ നടന്നു. ഇനാസിയ്‌ക്ക്‌ അയാളോട്‌ സഹതാപമേ തോന്നിയുളളൂ.

‘പാവം! ഇങ്ങനെയൊരസൂയാലുവായിപ്പോയല്ലോ!’

ഉമയ്‌ക്ക്‌ അന്ന്‌ ഇനാസിയെ തനിച്ചു കാണാൻ വളരെ ബുദ്ധിമുട്ടേണ്ടിവന്നു. ഇനാസിയുടെ കൂടെ എപ്പോഴും ആരെങ്കിലുമൊക്കെ ഉണ്ടായിരുന്നു. വൈകുന്നേരം ആളൊഴിഞ്ഞു തനിച്ചായപ്പോൾ അവൾ ഓടിച്ചെന്നു.

‘അവാർഡ്‌ കിട്ടിയതുകൊണ്ട്‌ നേരെ ചൊവ്വേ എനിക്കൊന്നു കാണാനും കൂടി കിട്ടാതായി!’

‘ഞാനും ഉമയെ കാണാൻ കാത്തു കഴിയായിരുന്നു.’

‘ഞാൻ സന്തോഷിക്കുന്നു; അഭിമാനിക്കുന്നു!’

‘താങ്ക്‌സ്‌!’

സായാഹ്നത്തിൽ ഇനാസിയുടെ കൂടെ പാർക്കിൽ ചുറ്റി നടക്കുമ്പോൾ താനൊരു വലിയ കലാകാരന്റെ കൂടെയാണ്‌ എന്ന അഭിമാനം തോന്നി, ഉമയ്‌ക്ക്‌.

പത്രത്തിൽ ഇനാസിയ്‌ക്കു കിട്ടിയ അവാർഡിന്റെ വാർത്തയും പടവും കണ്ടപ്പോൾ ചാരിതാർത്ഥ്യം തോന്നിയത്‌ ദാവീദിനാണ്‌.

താനന്ന്‌ ഇനാസിയെ കൈയൊഴിഞ്ഞിരുന്നെങ്കിൽ… ഇല്ല; ദൈവം അവനെ തന്റെയടുത്തെത്തിച്ചതാണ്‌. തനിക്കു ദൈവം സന്മനസ്സു നല്‌കുകയും ചെയ്തു. അതിന്റെ ഫലമാ ഇന്നത്തെ തന്റെ സന്തോഷവും അഭിമാനവും.

വിശന്നും അലഞ്ഞും തളർന്നും ഒരാശ്രയംതേടി തന്റെ കടയിൽ ഇനാസി വന്നു കയറിയ ആ രാത്രിയെക്കുറിച്ച്‌ അയാൾ ഓർത്തു. നഗരജീവിതത്തിന്റെ മുൾപ്പടർപ്പിലും പാറപ്പുറത്തും വീഴാതെ ഇനാസിയെന്ന അനുഗ്രഹീതമായ വിത്ത്‌ വളക്കൂറുളള മണ്ണിൽത്തന്നെ വന്നു വീണു. ദൈവാനുഗ്രഹം!

യാതൊരു ബന്ധവും പരിചയവുമില്ലാത്ത ഒരു ചെറുപ്പക്കാരനെ തന്റെ വീട്ടിൽ താമസിപ്പിക്കാൻ തുടങ്ങിയപ്പോൾ അയൽക്കാർ മുറുമുറുത്തു.

‘വല്ല കാര്യോംണ്ടോ, എങ്ങാണ്ടുന്നും വന്നവനെ വിളിച്ചു വീട്ടിത്താമസിപ്പിക്കാൻ… പ്രായമായ പെൺകുട്ട്യോളാ… ഇക്കാലത്താരേം വിശ്വസിച്ചു വീട്ടിൽ നിർത്താൻ കൊളളില്ല…’

അതേ അഭിപ്രായവും എതിർപ്പും കുടുംബക്കാരും ബന്ധുക്കളുമായ പലരും പ്രകടിപ്പിച്ചു.

അവർ പറയുന്നതും കാര്യമാണെന്നു തോന്നി. എങ്കിലും ഇനാസിയെക്കുറിച്ച്‌ ഒരു തരത്തിലുളള ആശങ്കയും തനിക്കുണ്ടായില്ല. ഒരു മകനോടുളള വാത്സല്യമാണ്‌ അന്നും ഇന്നും തോന്നുന്നത്‌. ഒരുപക്ഷെ, ഒരു മകൻ തനിക്കില്ലാതെ വന്നതുകൊണ്ടാകാം.

ഏതായാലും ഇന്നു തനിക്കു ചാരിതാർത്ഥ്യമേയുളളൂ, ഇനാസിയെക്കുറിച്ച്‌. ദാവീദ്‌ തന്നോടുതന്നെ പറഞ്ഞു.

**********************************************************

മണി പതിനൊന്നടിച്ചപ്പോഴും സോഫിയ പുസ്തകം നിവർത്തി മുന്നിൽ വച്ചിരിക്കുകയായിരുന്നു. പരീക്ഷയടുത്തു, വായിക്കുന്നതൊന്നും മനസ്സിൽ തങ്ങുന്നില്ല. എങ്കിലും അവൾ വായിച്ചുകൊണ്ടിരുന്നു. ഇംഗ്ലീഷാണ്‌ ഒരു പിടിയും കിട്ടാത്തത്‌. ഓർമ്മയിൽനിന്ന്‌ അതു വഴുതി വഴുതിപ്പോകുന്നു.

കുറച്ചു ദിവസങ്ങളായിട്ട്‌ മനസ്സിന്‌ ഏകാഗ്രത നഷ്‌ടപ്പെട്ടിരിക്കുകയാണ്‌. വായിക്കുമ്പോഴും എഴുതുമ്പോഴുമെല്ലാം ഇനാസിയുടെ മുഖവും ചലനങ്ങളും ഒരു സ്വപ്നംപോലെ വന്നു മനസ്സിൽ നിറയുന്നു.

യഥാർത്ഥത്തിൽ അയാൾക്കു തന്നോടു സ്‌നേഹമുണ്ടോ? അതറിയാൻ അവളുടെ ഹൃദയം വെമ്പൽകൊണ്ടു. പ്രേമ നിർഭരമായ ഒരു നോട്ടത്തിന്റെ തിളക്കം, മധുരമുളള ഒരു വാക്ക്‌-അവയ്‌ക്കുവേണ്ടി ആർത്തിയോടെ അവൾ അയാളെ ഉറ്റുനോക്കി. പക്ഷെ, അയാൾ….

ഇനാസിയെ മനസ്സിലാക്കാൻ കഴിയാതെ അവൾ അസ്വസ്ഥയായി. വെളിച്ചം തേടുന്ന പെൺകുട്ടി എന്ന ചിത്രത്തിന്‌ ആധാരം ചേച്ചിയാണെന്ന്‌ അവൾക്കു തോന്നി. ചേച്ചിയോട്‌ അയാൾക്ക്‌ എന്തെങ്കിലും…. ഇല്ല അന്ധയായ ചേച്ചിയോട്‌ അങ്ങനെയൊന്നും….

അവൾ അങ്ങനെ പലതും സംശയിച്ചു.

കൊതുകുകൾ തലയ്‌ക്കു ചുറ്റും കുഴൽ വിളിയുമായി പറന്നു. ശല്യം തോന്നി രണ്ടുകൈയും ചേർത്തടിച്ചു കൊല്ലാൻ അവൾ ഒരു ശ്രമം നടത്തി. ശബ്‌ദമുയർന്നതല്ലാതെ കൊതുകു ചത്തില്ല.

അപ്പച്ചന്റെ മുറിയിൽ വെളിച്ചമില്ല. നിശ്ശബ്‌ദമാണ്‌. ഉറങ്ങിക്കാണും സുഖമില്ലാതെ നേരത്തെതന്നെ ഹോട്ടലടച്ചു വന്നതാണ്‌. പ്രഷർ അല്പം കൂടുതലുണ്ടെന്നു ഡോക്‌ടർ പറഞ്ഞിരുന്നു. എത്ര നിർബ്ബന്ധിച്ചതിനു ശേഷമാണ്‌ ഡോക്‌ടറെ കാണാൻ പോയത്‌! എന്തു രോഗം വന്നാലും മരുന്നു കഴിക്കാൻ മടിയാണ്‌.

അപ്പച്ചനു സുഖമില്ലാതായാൽ…? ഓർക്കുമ്പോൾ വല്ലാത്ത പേടിയാണ്‌. ദൈവം ഒരാപത്തും ഉണ്ടാക്കില്ല.

അവൾ ദീർഘമായൊന്നു നിശ്വസിച്ചു.

വീണ്ടും പുസ്തകത്തിൽ കണ്ണോടിച്ചു. വാചകങ്ങളിലെ വാക്കുകൾക്ക്‌ സന്ധിബന്ധങ്ങൾ നഷ്‌ടപ്പെട്ടതുപോലെ.

ഇനാസിയുടെ മുറിയിൽനിന്നു വെന്റിലേറ്ററിലൂടെ വെളിച്ചം പുറത്തേയ്‌ക്ക്‌ നീളുന്നത്‌ അവൾ കണ്ടു. ആ വെളിച്ചം അവളെ മാടിവിളിക്കുന്നതായി അവൾക്കു തോന്നി. പുസ്തകവുമെടുത്ത്‌ ശബ്‌ദമുണ്ടാക്കാതെ അവൾ മുറിയിൽ നിന്നു പുറത്തു കടന്നു.

ഇനാസി മുറിയ്‌ക്കകത്തിരുന്നു വായിക്കുകയായിരുന്നു. വാതിൽ ചാരിയിട്ടേയുണ്ടായിരുന്നുളളൂ. അവൾ മെല്ലെ കതകുതുറന്ന്‌ അകത്തു കയറി. കാൽപ്പെരുമാറ്റം കേട്ട്‌ ഇനാസി തിരിഞ്ഞുനോക്കി.

‘എന്താ സോഫീ?’ അയാൾ പുഞ്ചിരിച്ചു.

അവൾ മന്ദഹസിച്ചു. എങ്കിലും മുഖത്ത്‌ എന്തെന്നില്ലാത്ത നേർത്തട പരിഭ്രാന്തിയുണ്ടായി.

‘വെറുതെ, വായിച്ചിട്ടു മനസ്സിൽ തങ്ങുന്നില്ല, ഉറക്കവും വരണില്ല.’

അവൾ ഇനാസി വായിച്ചു കൊണ്ടിരുന്ന പുസ്തകം എടുത്തു നോക്കി. കുട്ടികൃഷ്ണമാരാരുടെ ‘കല ജീവിതം തന്നെ’ എന്ന പുസ്തകം.

‘ഇതു നല്ല പുസ്തകമാണോ?’

‘ങാ, സാഹിത്യത്തെക്കുറിച്ചും കലയെക്കുറിച്ചുമുളള ഗൗരവമേറിയ പഠനങ്ങളാണ്‌.’ അയാൾ പറഞ്ഞു.

‘എനിക്കിതൊന്നും മനസ്സിലാവില്ല. വല്ല നോവലോ കഥയോ ആണെങ്കിൽ വായിക്കാനിഷ്‌ടമാ.’

അയാൾ ഒന്നും പറഞ്ഞില്ല.

ചുവരിൽ ബൾബിനു ചുറ്റും ചെറിയ പ്രാണികൾ വട്ടം പറന്നുകൊണ്ടിരുന്നു. അവയെ വേട്ടയാടാൻ രണ്ടു പല്ലികൾ ഉറ്റു ശ്രമിച്ചുകൊണ്ടിരുന്നു.

ഇറുക്കമുളള ചുവന്ന ബ്ലൗസും മഞ്ഞപ്പുളളികളുളള നീലപ്പാവാടയുമാണ്‌ അവൾ ധരിച്ചിരുന്നത്‌. യുവത്വത്തിന്റെ തുടുപ്പും പ്രസരിപ്പുമുളള ശരീരപ്രകൃതി. അല്പം കൊഴുത്തുമിനുത്ത വയർ. അവളുടെ ശരീരത്തിൽ നിന്ന്‌ മാദകമായ ഒരു നേർത്തഗന്ധം പരന്നുകൊണ്ടിരുന്നു.

ഈ അസമയത്ത്‌ തന്റെ മുറിയിൽ ഇവൾ നില്‌ക്കുന്നതു ശരിയല്ല എന്ന്‌ ഇനാസിയ്‌ക്കു തോന്നി. ദാവീദ്‌ചേട്ടനോ അന്നമ്മച്ചേടത്തിയോ കണ്ടാൽ എന്തു വിചാരിക്കും?

‘എന്താ സോഫിയ വന്നത്‌?’ അയാൾ സൗമ്യമായി ചോദിച്ചു.

അവൾ ലജ്ജയോടെ നഖം കടിച്ച്‌ മുഖം കുനിച്ചുനിന്നു.

എല്ലാവരും ഉറങ്ങിക്കഴിഞ്ഞു. രാത്രിയുടെ മൂകതയിൽ ചീവീടുകളുടെ പാട്ടുമാത്രം ഉയർന്നുകൊണ്ടിരുന്നു.

അവളുടെ മുടി അഴിഞ്ഞു ചിതറിക്കിടന്നു. എളെളണ്ണയുടെയും മോട്ടി സോപ്പിന്റെയും സമ്മിശ്രമായ സുഗന്ധം പൊങ്ങി. രാത്രിയുടെ മൂകമായ ഈ ഏകാന്തതയിൽ സുന്ദരിയായ ഒരു യുവതി തൊട്ടടുത്ത്‌ വെറുതെ നില്‌ക്കുന്നത്‌ ഭദ്രതയുളള കാര്യമല്ല. അവൾ തന്റെ സഹോദരിയല്ല. ആരെങ്കിലും കണ്ടാൽ….

ഇനാസിയ്‌ക്കു പരിഭ്രമം തോന്നി.

‘എനിക്കു വായിക്കുന്നതൊന്നും മനസ്സിൽ തങ്ങണില്ല.’ അവൾ പറഞ്ഞു.

അയാൾ അവളുടെ മുഖത്തു സൂക്ഷിച്ചു നോക്കി.

‘ഏകാഗ്രതയില്ലാഞ്ഞിട്ടാണ്‌. അതുമിതും വിചാരിച്ചിരുന്നു വായിച്ചിട്ടാവും.’ അയാൾ പറഞ്ഞു.

അവൾ ഒന്നും മിണ്ടാതെ വിരൽത്തുമ്പിലെ നഖം കടിച്ചുനിന്നു. നിമിഷങ്ങൾ മൂകമായി കടന്നുപോകുന്നു.

‘കുട്ടികൾ എന്നെ കളിയാക്കുന്നു.’ അവൾ പറഞ്ഞു.

‘എന്തേ?’

‘ആ അപ്സരാജ്വല്ലറിയുടെ പരസ്യം.. എന്നെ മോഡലിരുത്തി വരച്ചതാണോന്നാ ചോദിക്കണത്‌.’

‘ഓ, അതാണോ കാര്യം!’ അയാൾ പുഞ്ചിരിച്ചു.

‘നീയും ഇനാസീം തമ്മീ പ്രേമാണോന്നാ ചിലരുടെ ചോദ്യം!’ അവൾ ലജ്ജയോടെ മുഖം കുനിച്ചുകൊണ്ടു പറഞ്ഞു.

‘എന്നിട്ടെന്തു മറുപടി പറഞ്ഞു?’

‘ഞാനെന്തു പറയാനാ? ഒന്നും പറഞ്ഞില്ല.’

‘എന്തേ ഒന്നും പറയാതിരുന്നത്‌?’

‘ചേട്ടന്റെ മനസ്സിലെന്താണെന്ന്‌ എനിക്കറിയമോ?’

ഇനാസി മുഖം കുനിച്ചു. ഹൃദയതന്ത്രികളിൽ ഒരു ചെറിയ ഷോക്കു തട്ടിയതുപോലെ. അവളുടെ മുഖത്തു നോക്കാൻ കരുത്തു നഷ്‌ടപ്പെട്ട്‌ അയാളിരുന്നു.

ജനലഴികളിലൂടെ പുറത്തേയ്‌ക്ക്‌ നോക്കി. അരണ്ട നിലാവിൽ കറുത്ത രൂപങ്ങൾ, നിഴലുകൾ….

‘സോഫിയയും എന്റെ പെങ്ങൾ ഗ്രേസിയും ഒരുപോലെയാണ്‌ എനിക്ക്‌; ബീനയുമതെ.’ അയാൾ പറഞ്ഞു.

അവൾ സ്തബ്‌ധയായി. മുഖത്തെ വർണ്ണങ്ങൾ മാഞ്ഞു. അവൾ തളർന്നു.

‘ക്ഷമിക്കണം സോഫിയാ. നിനക്കെന്നോട്‌ മറ്റെന്തെങ്കിലും തരത്തിലുളള വികാരം തോന്നിയിട്ടുണ്ടെങ്കിൽ അതു മറന്നു കളയുക…’

കീഴ്‌ച്ചുണ്ടു കടിച്ചുകൊണ്ട്‌ അവൾ തലകുനിച്ചുനിന്നു.

അസ്വസ്ഥനായി അയാൾ പുറത്തേയ്‌ക്ക്‌ നോക്കിയിരുന്നു.

ഒരു തിരസ്‌കാരത്തിന്റെ വേദനയുമായി അവൾ ഒന്നും മിണ്ടാതെ തലകുനിച്ചു മുറിവിട്ടുപോയി. അവളുടെ അടക്കി നിർത്തിയ തേങ്ങൾ ഇരുട്ടിൽ ചിതറിവീണു.

ഇനാസിയ്‌ക്കു പിന്നെ വായിക്കാൻ കഴിഞ്ഞില്ല. വാതിലടച്ചു കട്ടിലിൽ ചെന്നു കിടന്നു. മനസ്സിൽ അസ്വസ്ഥതയുടെ തിരയിളക്കം.

അങ്ങനെയെന്തെങ്കിലും മോഹം തോന്നത്തക്കവിധത്തിൽ താൻ അവളോട്‌ പെരുമാറീട്ടുണ്ടോ? കുറ്റബോധത്തോടെ അയാൾ ആലോചിച്ചു. ഇല്ല… ഇല്ല…

ഉറക്കം തെറ്റിപ്പിരിഞ്ഞ മനസ്സുമായി അയാൾ തിരിഞ്ഞും മറിഞ്ഞും കിടന്നു.

ദുഃസ്വപ്നത്തിൽനിന്നുണർന്ന പ്രഭാതം. ആലസ്യത്തിന്റെ കനം കൺപോളകളിൽ തൂങ്ങിനിന്നു. നനഞ്ഞ പക്ഷിയെപ്പോലെ മനസ്സ്‌.

രാവിലെ ഉണരുമ്പോൾ സോഫിയ മുറ്റമടിക്കുന്ന സ്വരം കേൾക്കാറുണ്ട്‌. ഇന്നതു കേട്ടില്ല. പുറത്തു വന്നു നോക്കി. മുറ്റമടിച്ചിട്ടില്ല. കുരുപ്പുകൾ നിറഞ്ഞ മുറ്റത്ത്‌ പഴുത്ത പ്ലാവിലകളും ഉണങ്ങിയ പേരയിലകളും ചിതറിക്കിടക്കുന്നു.

അരമതിലിൽ തൂണു ചാരിയിരുന്നു. സോഫിയയെ ഒന്നു കാണാനാഗ്രഹിച്ചു; അവളുടെ ശബ്‌ദം കേൾക്കാനും. അവളെക്കുറിച്ച്‌ എന്തോ ഒരു ഉൽക്കണ്‌ഠ.

അവളെ ഒന്നാശ്വസിപ്പിക്കണമെന്നു തോന്നി.

ദാവീദുചേട്ടൻ പല്ല്‌ ബ്രഷ്‌ ചെയ്‌തുകൊണ്ടു വീടിനു ചുറ്റും നടക്കുകയാണ്‌. പ്രഷർ അല്പം കൂടുതലായതുകൊണ്ട്‌ ഇപ്പോൾ ഓടുന്നില്ല. ചട്ടികളിലെ പൂച്ചെടികൾ നോക്കിയും വളമിട്ടും, കീടങ്ങളെ തിരഞ്ഞു പിടിച്ചു നശിപ്പിച്ചും കുറച്ചു സമയം ചെലവഴിക്കും. എന്നിട്ടേ കുളിച്ച്‌ ഹോട്ടലിലേയ്‌ക്കു പോകാറുളളൂ.

‘എന്താ ഇനാസീ, ഇന്നൊരു മൂഡില്ലാത്ത മട്ട്‌? വല്ല അസുഖോമുണ്ടോ?’ ദാവീദ്‌ ചോദിച്ചു.

‘ഏയ്‌, അസുഖമൊന്നൂല്ല.’ ഇനാസിയുടെ മുഖത്തൊരു വിളറിയ ചിരിയാണുണ്ടായത്‌.

‘ചേട്ടന്‌ അസുഖമൊന്നുമില്ലല്ലോ?’

‘ഇല്ല, രാത്രി നന്നായി ഉറങ്ങി.’ ദാവീദ്‌ ചിരിച്ചു.

‘നമ്മുടെ മികച്ച ചിത്രകാരന്മാരൊക്കെ നാടുവിട്ടു പോകയാണല്ലോ. പാരീസിലേയ്‌ക്കും അമേരിക്കയിലേയ്‌ക്കും ജർമ്മനിയിലേയ്‌ക്കുമൊക്കെ.’ ദാവീദ്‌ പറഞ്ഞു.

‘ങാ, കലാകാരന്മാർക്കും ശാസ്‌ത്രജ്ഞന്മാർക്കും നമ്മുടെ രാജ്യത്ത്‌ അർഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ലല്ലോ. പിന്നെയെങ്ങനെ നാടുവിടാതിരിക്കും.’

‘പക്ഷെ, എല്ലാവർക്കും നാടുവിട്ടു പോകാൻ പറ്റില്ലല്ലോ.’ ദാവീദു പറഞ്ഞു.

കലയുമ സാഹിത്യവുമൊക്കെ ശ്രദ്ധിക്കാൻ ഹോട്ടൽ കച്ചവടക്കാരനായ ദാവീദുചേട്ടന്‌ എങ്ങനെ സാധിക്കുന്നു? പല കാര്യങ്ങളിലും അയാൾ തന്റെ ധാരണകളെ തിരുത്തുകയാണ്‌ ചെയ്യുന്നത്‌.

വേലിയരുകിൽ നാടൻകോഴിയും കുഞ്ഞുങ്ങളും ചിക്കിച്ചികഞ്ഞു തീറ്റതേടുന്നതും നോക്കി ഇനാസിയിരുന്നു.

‘മോൻ ചായ കുടിച്ചില്ലല്ലോ?’ ചായ ഗ്ലാസ്സുമായി അന്നമ്മ മുന്നിൽ വന്നു.

ദിവസവും ചായ കൊണ്ടുവന്നു തന്നിരുന്നതു സോഫിയയാണ്‌. ചായ വാങ്ങിയിട്ട്‌ ഇനാസി ചോദിച്ചു.

‘സോഫിയ എന്തു ചെയ്യുന്നു?’

‘അവള്‌ പാത്രങ്ങൾ കഴുകണു. അവൾ ചായ തരാൻ മറന്നു പോയെന്നു തോന്നുന്നു.’ അന്നമ്മ പറഞ്ഞു.

ഇനാസി മിണ്ടിയില്ല.

മറന്നതാവില്ല. അവൾക്കു തന്നെ നേരിടാൻ പ്രയാസം തോന്നിയിരിക്കും. കരുതലോടെ തന്റെ ദൃഷ്‌ടിയിൽ നിന്നൊഴിഞ്ഞു നടക്കുകയാണ്‌.

താൻ ഇവിടെ വന്ന നാൾ മുതൽ തന്റെ എല്ലാകാര്യങ്ങളും അവൾ ഉത്സാഹപൂർവ്വം ചെയ്‌തിരുന്നതാണ്‌. തന്റെയടുത്തു വരാനും സംസാരിക്കാനും അവൾ അവസരം ഉണ്ടാക്കിയിരുന്നു.

‘മോനെന്താ ആലോചിച്ചിരിക്കണ്‌, ചായ തണുത്തുപോകും.’ അന്നമ്മ ഓർമ്മിപ്പിച്ചു.

ഇനാസി പെട്ടെന്നു ചായകുടിച്ച്‌ ഗ്ലാസ്സ്‌ അന്നമ്മയുടെ കൈയ്യിൽ കൊടുത്തു.

ഇളംവെയിൽ മുറ്റത്തു തെളിഞ്ഞു തുടങ്ങിയപ്പോൾ ബ്രഷിൽ പേസ്‌റ്റുതേച്ച്‌ ഇനാസി മുറ്റത്തിറങ്ങി. കിണറ്റിൽനിന്നു വെളളം വലിച്ചെടുക്കുകയായിരുന്നു സോഫിയ. അവളുടെ മുഖമൊന്നു കാണാൻ ഇനാസി ആഗ്രഹിച്ചു. പക്ഷെ, അവൾ മുഖം കുനിച്ച്‌ ഇനാസിയെ കാണാത്ത ഭാവത്തിൽ കടന്നുപോയി.

ഞാനെന്തു തെറ്റു ചെയ്‌തു കുട്ടീ എന്നു ചോദിക്കണമെന്നു തോന്നി, ഇനാസിയ്‌ക്ക്‌.

കുളിയെല്ലാം കഴിഞ്ഞ്‌ അയാൾ മുറിയിൽ വന്നു. വരച്ചു മുഴുമിപ്പിക്കാതെ വച്ചിരുന്ന ഒരു കാൻവാസ്‌ എടുത്തു വച്ചു. ചായങ്ങളും ബ്രഷുമായി അയാൾ അതു പൂർത്തിയാക്കാനിരുന്നു.

പച്ചപ്പുല്ലിന്റെയും ഇളകുന്ന പച്ചമണ്ണിന്റെയും മണം എവിടെന്നോ മൂക്കിൽ ഇഴഞ്ഞു കയറി. അയാളുടെ നാസാരന്ധ്രങ്ങൾ വിടർന്നു. ആ മണം അയാൾക്കെന്നും ഇഷ്‌ടമായിരുന്നു.

തലയുയർത്തി പുറത്തേയ്‌ക്ക്‌ നോക്കി. വേലിയരികിൽ തുളസിമൂപ്പത്തി പുല്ലു പറിക്കുന്നതു കണ്ടു. കറുത്തുമെലിഞ്ഞ കൈകളുടെ ചലനങ്ങൾക്കൊപ്പം ചെമ്പുവളകളുടെ കിലുക്കം കേൾക്കാം.

ബാല്യത്തിലെ വർഷകാല ദിനങ്ങളെക്കുറിച്ചുളള ഓർമ്മകൾക്ക്‌ പച്ചപ്പുല്ലിന്റെയും നനഞ്ഞ മണ്ണിന്റെയും ഗന്ധമുണ്ട്‌.

വർഷങ്ങളുടെ നിദ്ര വിട്ടുണരുന്ന ഓർമ്മകൾ.

പണിയില്ലാതെ, കുടിക്കാൻ കാശില്ലാതെ പനി പിടിച്ച കോഴിയെപ്പോലെ അപ്പൻ വീട്ടിൽ ചുരുണ്ടു കൂടിയിരിക്കുന്ന നനഞ്ഞ പകലുകൾ. പകലിന്റെ നനഞ്ഞ ചിറകിനു കീഴിൽ വിറച്ച്‌, എരിയുന്ന വയറുമായി മൂകയായി ഇരിക്കുന്ന അമ്മ. അപ്പൻ ഒരു ബീഡിയ്‌ക്കു തെണ്ടും. അമ്മ കട്ടൻചായയുണ്ടാക്കാൻ വഴി കാണാതെ വിഷമിച്ച്‌ ഇരുണ്ട ആകാശത്തിലേയ്‌ക്കും നനഞ്ഞ മണ്ണിലേയ്‌ക്കും നോക്കി നിസ്സഹായയായി കുത്തിയിരിക്കും.

സ്ലേറ്റ്‌ തലയിൽവച്ചു നനഞ്ഞൊലിച്ചാണ്‌ താനും ഗ്രേസിയും സ്‌കൂളിൽ നിന്നു വരുക. ഒരു കുടക്കീഴിൽ മഴയുടെ താരാട്ടുകേട്ട്‌ രാജകീയമായൊന്നു നടക്കാൻ അന്നൊക്കെ എത്ര മോഹിച്ചിരുന്നു. മഴയത്ത്‌ തൊടിയിൽനിന്നു പറിച്ചെടുക്കുന്ന ചേമ്പിലയായിരുന്നു പലപ്പോഴും തന്റെ കുട.

ശനിയാഴ്‌ചയും ഞായറാഴ്‌ചയും പുല്ലുപറിച്ചു കൂട്ടലായിരുന്നു അന്നത്തെ രക്ഷ. പകൽ മിക്കവാറും പട്ടിണിയായിരിക്കും. വൈകുന്നേരം പുല്ലെല്ലാം വാരിക്കെട്ടി അമ്മ തന്റെ തലയിലേറ്റിത്തരും. താങ്ങാനാകാത്ത പുല്ലുകെട്ടും ചുമന്ന്‌ നാരായണപ്രഭുവിന്റെയും ഗോവിന്ദവാധ്യാരുടെയുമൊക്കെ വീട്ടുമുറ്റത്തു ചെല്ലും. മൂന്നും നാലും പശുക്കളെ വളർത്തിയിരുന്നു, അവർ.

നാലോ അഞ്ചോ അണ കൈയിൽ കിട്ടുമ്പോൾ എന്തൊരാശ്വാസമായിരുന്നു. താൻ മടങ്ങിച്ചെല്ലുന്നതും നോക്കി അമ്മ നില്‌ക്കും.

‘എന്തു കിട്ടി മോനെ?’

‘അഞ്ചണ.’

‘ഞാനിതുംകൊണ്ട്‌ എന്തൊക്കെ ചെയ്യും മാതാവേ!’ അമ്മയുടെ വേവലാധി!

മണ്ണെണ്ണ, ശർക്കര, തേയില, കപ്പ, ഉപ്പ്‌, മുളക്‌-സർവ്വതും ആവശ്യമായിരിക്കും. അമ്മ തലയ്‌ക്കു കൈത്തലം താങ്ങി വെറുതെ ആലോചിച്ചിരിക്കും. അവസാനം അന്തരീക്ഷം ഇരുളാൻ തുടങ്ങുമ്പോൾ തിടുക്കപ്പെട്ടു പറയും.

‘മണ്ണെണ്ണക്കുപ്പീം സഞ്ചിയുമെടുത്തു താൻ നടക്കുമ്പോൾ അപ്പന്റെ ശബ്‌ദം കേൾക്കാം.

’എടാ ഒരു പൊതി ബീഡീം ഒരു തീപ്പെട്ടീം കൂടി.‘

’ഓ, ഇനി അതുംകൂടി!‘ അമ്മ ദേഷ്യപ്പെടും.

’എന്താടീ മുറുമുറുക്കണെ? ഞാൻ വേലയെടുത്തുകൊണ്ടന്നു തന്നതൊക്കെ നീ വിഴുങ്ങീട്ടൊളളതല്ലേടീ…‘

അപ്പൻ പൊട്ടിത്തെറിക്കും. തുടർന്നുണ്ടാകാവുന്ന കലഹത്തിൽനിന്നു രക്ഷപ്പെടാൻ താൻ പീടികയിലേയ്‌ക്കോടും. ചിലപ്പോൾ ഗ്രേസിയും കൂടെ വരും.

കപ്പ പുഴുങ്ങിയതും കട്ടൻചായയുമാണ്‌ അന്നത്തെ അത്താഴം. എട്ടുമണിയോടെ വിളക്കണച്ചു കിടക്കും. മണ്ണെണ്ണ അത്രയ്‌ക്കേയുണ്ടാവൂ. വായിക്കാൻ വിളക്കില്ലാതെ, ഉറക്കവും കാത്ത്‌ തവളകളുടെയും ചീവീടുകളുടെയും താരാട്ടുകേട്ട്‌ വെറുതെ കിടക്കും.

ഇനാസിയുടെ ഓർമ്മകളെ തട്ടിത്തെറിപ്പിച്ചുകൊണ്ട്‌ വരാന്തയിൽ ആരുടെയോ കാലൊച്ച. തലയുയർത്തി നോക്കി.

അപരിചിതനായ ഒരു ചെറുപ്പക്കാരൻ. നീട്ടിവളർത്തിയ മുടിയും താടിയും. മുഖത്തിനിണങ്ങാത്ത വലിയ കണ്ണടയും അയഞ്ഞ ജൂബ്ബയും നിറം മങ്ങിയ പരുക്കൻ തുണികൊണ്ടുളള പാന്റ്‌സും. ചെരുപ്പ്‌ പുറത്തിടാതെ തന്നെ അയാൾ അകത്തേയ്‌ക്ക്‌ കയറി. ഇവനാരെടാ എന്ന മട്ടിൽ ഇനാസിയെ ഒന്നു നോക്കിയിട്ട്‌ അധികാരത്തോടെ അയാൾ അകത്തേയ്‌ക്ക്‌ കയറിപ്പോയി.

Generated from archived content: vilapam12.html Author: joseph_panakkal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleപതിനൊന്ന്‌
Next articleപതിമൂന്ന്‌
1946 ജൂലൈ 16-ന്‌ വൈപ്പിൻകരയിലെ(എറണാകുളം ജില്ല) പള്ളിപ്പുറത്തു ജനിച്ചു. മാതാപിതാക്കൾഃ അന്ന, ഡൊമനിക്‌. 1969 മുതൽ എസ്‌.എസ്‌.അരയ യു.പി. സ്‌കൂളിൽ അദ്ധ്യാപകൻ. കൃഷ്ണപരുന്തിന്റെ വിലാപം, ചുവന്ന പ്രഭാതം, കല്ലുടയ്‌ക്കുന്നവർ, കടൽകാക്കകൾ, ഉൾമുറിവുകൾ, പക്ഷികുഞ്ഞുങ്ങൾ, ഗുൽഗുൽ, മലമുകളിലെ പക്ഷി, മാണിക്കൻ, ഇണ്ടനും ഇണ്ടിയും എന്നീ കൃതികൾ പ്രസിദ്ധപ്പെടുത്തി. ചിത്രകാരൻ എന്ന നിലയിലും പ്രശസ്തനാണ്‌. കുങ്കുമം അവാർഡ്‌, കുടുംബദീപം അവാർഡ്‌, കെ.സി.വൈ.എം.സംസ്ഥാന സമിതി അവാർഡ്‌, മികച്ച അദ്ധ്യാപകനുള്ള ‘ഗുരുശ്രേഷ്‌ഠ’ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്‌. ഭാര്യഃ ഷെർളി, മക്കൾഃസംഗീത, സംദീപ, ശ്രീജിത്‌, സലിൽ. വിലാസം പള്ളിപ്പോർട്ട്‌ പി. ഒ. Address: Phone: 0484 -2489883 Post Code: 683 515

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here