പതിനൊന്ന്‌

രാത്രിയുടെ ഈറൻമുടിയഴിച്ചിട്ട്‌, കുങ്കുമരാഗം പടർന്നു കയറുന്ന സ്വർണ്ണകാന്തിയുളള കവിൾത്തടങ്ങളും കണ്ണുകളിൽ പതറാതെ കത്തുന്ന നെയ്‌ത്തിരിയുമായി പ്രകൃതിയിലെമ്പാടും നിറഞ്ഞു നൃത്തം വയ്‌ക്കുന്ന സന്ധ്യാദേവത!

ആ ഭാവനയുടെ ശക്തിസ്വരൂപത്തിന്‌ മുന്നിൽ സ്വബോധത്തെ അർപ്പിച്ചുകൊണ്ട്‌ ഡ്രോയിംഗ്‌ ബോർഡിനുമുന്നിൽ ഇനാസിയിരുന്നു. ചുറ്റുപാടുകൾ വിസ്‌മൃതിയുടെ നീലത്തിരശ്ശീലയാൽ മൂടപ്പെട്ടിരുന്നു. അതൊരു യജ്ഞമായിരുന്നു. സങ്കല്പദേവതയ്‌ക്കു രൂപം കൊടുക്കാനുളള കലാകാരന്റെ യജ്ഞം.

വിശപ്പും ദാഹവും മറന്ന്‌ അയാൾ ഇരുന്നു വരയ്‌ക്കാൻ തുടങ്ങിയിട്ട്‌ മണിക്കൂറുകൾ പലതു കഴിഞ്ഞു. ഇളംവെയിൽ സൗമ്യമായി കടന്നു വരുകയും മൂത്തു പഴുത്ത്‌ മെല്ലെ തളരുകയും ചെയ്‌തു. ഇനാസി ആകെ വിയർത്തിരുന്നു. അയാളുടെ മുടി കാറ്റിൽ പാറിക്കൊണ്ടിരുന്നു. മുഖത്ത്‌ തല നീട്ടിയ രോമങ്ങൾ വിയർപ്പിൽ മിനുത്തു.

നഗരത്തിൽ നടത്താനിരിക്കുന്ന ചിത്രകലാപ്രദർശനത്തിൽ പങ്കെടുക്കണമെന്നു പലരും ഇനാസിയെ നിർബ്ബന്ധിച്ചു. ഓ, താൻ അത്രയ്‌ക്കൊന്നുമായില്ല എന്ന തോന്നലിൽ മടിച്ചുനിന്നതാണ്‌ ഇനാസി. പക്ഷെ, സീരിമാഷും ബാലചന്ദ്രൻമാഷും നിർബ്ബന്ധിച്ചു, പങ്കെടുക്കണമെന്ന്‌.

അങ്ങനെയാണ്‌ നാലഞ്ചു ചിത്രങ്ങൾ അതിനുവേണ്ടി വരയ്‌ക്കാൻ തീരുമാനിച്ചത്‌. ഓരോ ചിത്രത്തിനുവേണ്ടി രാവും പകലും തല പുകച്ചു. പ്രശസ്തരും പ്രഗത്ഭരുമായ ചിത്രകാരന്മാരോടാണു തനിക്കു മത്സരിക്കേണ്ടി വരിക എന്ന വിചാരം അയാളുടെ ഉറക്കം നഷ്‌ടപ്പെടുത്തി. വരയ്‌ക്കാൻ തുടങ്ങിയതോടെ വിശപ്പും ദാഹവും മരവിച്ച മട്ടിലായി.

ബീഡിപ്പുക വലിയ്‌ക്കുന്നതാണ്‌ ഒരാശ്വാസം. ബീഡി വലിച്ചു വലിച്ചു ചുണ്ടു കരിഞ്ഞു.

‘ചേട്ടനെ അടുത്തു വരുമ്പോ ബീഡി നാറണ്‌ണ്ട്‌.’ സോഫിയ പറഞ്ഞു. അവൾക്ക്‌ ആ മണം ഇഷ്‌ടമല്ല.

വരച്ചു കൊണ്ടിരിക്കുമ്പോ ബീഡി വലിക്കാതിരിക്കാൻ ഇനാസിക്കു സാധിക്കുന്നില്ല.

ഇനാസിയുടെ ചുറ്റും തലയിലും മുറ്റത്തും ബീഡിത്തുമ്പുകളും കരിഞ്ഞ തീപ്പെട്ടിക്കൊളളികളും ചിതറിക്കിടക്കുകയാണ്‌.

കുറച്ചു ദിവസങ്ങൾകൊണ്ട്‌ ഇനാസി വല്ലാതെ ക്ഷീണിച്ചു എല്ലും തോലുമായി ശരീരം മെലിഞ്ഞു.

ചിത്രങ്ങൾ പൂർത്തിയാകുംവരെ ഇനി സ്വസ്ഥതയില്ല. അയാൾ ഏകാഗ്രതയോടെ രചനയിൽ മുഴുകി.

ചവിട്ടുപടിയിൽ സോഫിയയുടെ മുന്നിൽ ബീനയിരുന്നു. ബീനയുടെ ചുരുണ്ട മുടികൾക്കിടയിലൂടെ സോഫിയയുടെ വിരൽത്തുമ്പുകൾ പേൻ തിരഞ്ഞു.

ഇടയ്‌ക്ക്‌ സോഫിയയുടെ തിളങ്ങുന്ന കരിമിഴികൾ ഇനാസിയുടെ മുഖത്ത്‌ ആർത്തിയോടെ പാറിക്കളിച്ചു. ഇനാസിയെ അങ്ങനെ നോക്കിയിരിക്കുന്നതിൽ അനിർവചനീയമായ ഒരു സുഖം അവൾ അനുഭവിക്കുന്നു. ആനന്ദാനുഭൂതിയുടെ വർണ്ണമയൂഖരാജികൾ ചുറ്റും സംഗീതമാലപിക്കും.

ഇടയ്‌ക്ക്‌ വിരലുകൾ ചേച്ചിയുടെ തലയിൽ നിശ്ചലങ്ങളാകും. ഒരു ചുടുനെടുവീർപ്പ്‌ ബീനയുടെ ശിരസ്സിൽ പതിക്കും.

ഇനാസി അതൊന്നുമറിയാതെ ഒരു താപസനെപ്പോലെ ഏകാഗ്രചിത്തനായിരുന്ന്‌ കാൻവാസിൽ ബ്രഷ്‌ ചലിപ്പിക്കും.

തന്നോടുളള ഇനാസിയുടെ അവഗണനാഭാവത്തോട്‌ അലംഭാവത്തോട്‌ അവൾക്കു ചിലപ്പോഴെല്ലാം സങ്കടവും പ്രതിഷേധവും തോന്നാറുണ്ട്‌. എന്നാൽ അതൊന്നും ഇനാസിയോടുളള ആഭിമുഖ്യത്തെ പിൻതിരിപ്പിച്ചില്ല.

ആയിരക്കണക്കിന്‌ ആരാധകരെ നേടിയെടുക്കുന്ന അയാളുടെ മാന്ത്രികശക്തിയുളള വിരലുകളോട്‌ അവൾക്കു വല്ലാത്ത ഭ്രമം തോന്നി. ആ വിരലുകളുടെ തലോടലിൽ പുളകം കൊളളാനും, അവയുടെ മാന്ത്രികസ്പർശത്താൽ നൃത്തം ചെയ്യാനും അവൾ മോഹിച്ചു.

നിയന്ത്രണം വിട്ട കുതിരയെപ്പോലെ അവളുടെ മനസ്സ്‌ അയാളിലേയ്‌ക്ക്‌ കുതിച്ചു. വികാരത്തിന്റെ ഒരു ചുഴലിക്കാറ്റ്‌ അവളിൽ ഉയർന്നു. അവൾ കിതച്ചു. അവളുടെ നെടുവീർപ്പിന്റെ ചൂട്‌ ബീനയുടെ ശിരസ്സിൽ തട്ടി.

‘നീയെന്താ നെടുവീർപ്പിടുന്നത്‌?’ ബീന ചോദിച്ചു.

‘ഏയ്‌, ഒന്നൂല്ല.’ അവളുടെ ഉളെളാന്നു പിടഞ്ഞു. അടുത്ത നിമിഷം അവൾ സമാധാനിച്ചുഃ ചേച്ചിയ്‌ക്കു കണ്ണുകണ്ടു കൂടല്ലോ.

‘നിനക്കെന്താ ഇത്ര ആലോചന. എന്തോർത്താ നീ വിഷമിക്കുന്നത്‌?’ ബീന ചോദിച്ചു.

സോഫിയയ്‌ക്കു പരിഭ്രമം തോന്നി. കണ്ണുകണ്ടു കൂടെങ്കിലും ചേച്ചി പലതും മനസ്സിലാക്കുന്നുണ്ട്‌. തന്റെ വിരലുകൾ നിശ്ചലമാകുന്നതും തന്റെ നീണ്ടുപോകുന്ന മൗനവും തന്റെ നെടുവീർപ്പും തന്റെ ഹൃദയമിടിപ്പിന്റെ താളക്കേടുകളും എല്ലാം ചേച്ചി അറിയുന്നു. കണ്ണിനു കാഴ്‌ചയില്ലെങ്കിലും ചേച്ചി പൊട്ടിയല്ല. ഓരോ ചലനവും ശബ്‌ദവും ചേച്ചിയുടെ ആനന്തരികലോകത്തിൽ വെളിച്ചമായി പരിണമിക്കുന്നു.

‘പരീക്ഷയടുത്തു. പഠിക്കാനൊരുപാടുണ്ട്‌. വായിച്ചിട്ടാണെങ്കിൽ ഒന്നും മനസ്സിലാവണില്ല.’ സോഫിയ പറഞ്ഞു.

‘നീ പോയിരുന്നു വല്ലതും മനസ്സിരുത്തി വായിക്ക്‌.’

ബീന അനുജത്തിയുടെ കൈ പിടിച്ചു മാറ്റി. കൈയിലെ കുപ്പിവളകൾ കിലുങ്ങി. ബീന മുടി വാരിക്കെട്ടി.

സോഫിയ എഴുന്നേറ്റു. ഇനാസിയുടെ നേരെ നോക്കി. അയാൾ ഒന്നുമറിയുന്നില്ല. അവൾ ഒരു നെടുവീർപ്പോടെ മുഖം കുനിച്ചു തിരിഞ്ഞു നടന്നു.

ഓയിൽ പെയിന്റിന്റെ നേർത്ത മത്തുമണം ബീനയുടെ മൂക്കിൽ ഇഴഞ്ഞുകയറി ഏകാന്തതാബോധം അവളെ പുണർന്നു. ഒരു ജോലിയും ചെയ്യാൻ കഴിയാതെ തിന്നും ഉറങ്ങിയും തപ്പിത്തടഞ്ഞു ദിനചര്യകളനുഷ്‌ഠിച്ചും ഇങ്ങനെ കഴിഞ്ഞു പോകുന്നതിനോട്‌ അവൾക്കു വല്ലാത്ത മടുപ്പു തോന്നി.

എല്ലാവർക്കും താനൊരു ഭാരമാണ്‌. ഒരു തടസ്സമാണ്‌, ബാധ്യതയാണ്‌. എന്തിനാണ്‌ ഇങ്ങനെയൊരു ജീവിതം? തന്റെ ഭാവി….?

ആലോചിക്കുമ്പോൾ ബീനയുടെ നെഞ്ചിൽ നിന്നു തീ പൊങ്ങും. അപ്പനും അമ്മയ്‌ക്കും പ്രായമേറി, ക്ഷീണവും അസുഖങ്ങളും ബാധിച്ചു തുടങ്ങി. സോഫിയയെ ആരെങ്കിലും കല്യാണം കഴിച്ചു കൊണ്ടുപോകും. അപ്പനും അമ്മയും തനിക്കുവേണ്ടി എത്രനാൾ…?

ജീവിതത്തിന്റെ നിരാലംബമായ, അന്ധകാരത്തിലെ പ്രവാഹത്തിലേയ്‌ക്ക്‌ എടുത്തെറിയപ്പെടുന്ന ദുർവിധി തനിക്കായി കാത്തിരിക്കുന്നു.

ആ ചിന്ത അവളെ അസ്വസ്ഥയാക്കി.

ഏതെങ്കിലും ഒരു നക്ഷത്രവെളിച്ചമെങ്കിലും തന്റെ ജീവിതത്തിലേയ്‌ക്കു കടന്നുവരുമെന്ന പ്രതീക്ഷ അവൾക്കില്ല.

ആകാശത്തിൽ നിന്നൊഴുകിയെത്തുന്ന കൃഷ്‌ണപ്പരുന്തിന്റെ വിലാപധ്വനിയ്‌ക്കായി അവൾ കാതോർത്തു. ഒരിക്കലും കണ്ടിട്ടില്ലാത്ത തന്റെ കൃഷ്ണപ്പരുന്ത്‌. അതിന്റെ വിലാപമാണ്‌ തന്റെ ദുഃഖങ്ങൾക്കു സാന്ത്വനത്തിന്റെ കുളിരു പകരുന്നത്‌.

തന്നെപ്പോലെ ആ കൃഷ്ണപ്പരുന്തും നിരാലംബയായിരിക്കാം. കൃഷ്ണാ… കൃഷ്ണാ… എന്ന്‌ അത്‌ വിലപിക്കുന്നതെന്തിനാവാം? അറിയില്ല. പക്ഷെ, പ്രപഞ്ചനിഗൂഢതയിൽ നിന്നൊഴുകിയെത്തുന്ന കൃഷ്ണപ്പരുന്തിന്റെ വിലാപത്തിൽ അവളുടെ ആത്മാവു ശാന്തിയുടെ നിർവൃതിയനുഭവിക്കുന്നു. ആ വിലാപധ്വനിയ്‌ക്കായി അവൾ കാത്തിരുന്നു. തണുത്ത മൗനത്തിന്റെ പുറന്തോടിനുളളിൽ മുഖമൊളിപ്പിച്ച്‌ അവൾ ധ്യാനനിരതയായി.

ബ്രഷുകൾ ഗ്ലാസ്സിലിട്ട്‌ ഇനാസി എഴുന്നേറ്റു. ഒരേയിരുപ്പിരുന്നു മുരഞ്ഞു. ശരീരവും മനസ്സും ഒരുപോലെ തളർന്നു. കൈകൾ നിവർത്തിക്കുടഞ്ഞ്‌ മുറ്റത്തിറങ്ങി അയാൾ ഉലാത്തി. പിന്നെ അകന്നുനിന്ന്‌ ചിത്രങ്ങൾ നോക്കി. അത്ഭുതം തോന്നിയത്‌ അപ്പോഴാണ്‌.

സന്ധ്യാ ദേവതയ്‌ക്ക്‌ ഉമയുടെ ഛായ!

ഇതെങ്ങനെ സംഭവിച്ചു?

ആഹ്ലാദവും അഭിമാനവും തോന്നി. ചിത്രത്തിലേയ്‌ക്കുതന്നെ സൂക്ഷിച്ചു നോക്കി ഹാഫ്‌ടോൺ കളറേയായിട്ടുളളു. ഒരു ശൈവതാളത്തിന്റെ കടുംനിറങ്ങൾ പലേടത്തും വീഴേണ്ടതുണ്ട്‌. ഫിനിഷിംഗ്‌ കഴിയുമ്പോൾ ചിത്രം ചൈതന്യവത്താകും.

ഒരു മൂളിപ്പാട്ടുപാടിക്കൊണ്ട്‌ അയാൾ വീണ്ടും ബോർഡിനടുത്തു ചെന്നുനിന്നു ബ്രഷ്‌ കൈയിലെടുത്തപ്പോൾ ഒരു നവോന്മേഷം എവിടെനിന്നോ ഉണർന്നു കിട്ടി.

ഹോട്ടലിൽ നിന്നു ജോലിക്കാരൻ ചെറുക്കൻ വന്നപ്പോൾ ഇനാസിക്കൊരു കത്തുണ്ടായിരുന്നു. കൈയ്യക്ഷരം കണ്ടപ്പോൾത്തന്നെ മനസ്സിലായി ഗ്രേസിയുടേതാണെന്ന്‌. ഹൃദയം തുടികൊട്ടി. ഉത്സാഹത്തോടെയാണ്‌ കത്തു വായിച്ചു തുടങ്ങിയത്‌. തീർന്നപ്പോഴേയ്‌ക്കും മുഖത്ത്‌ ംലാനതയുടെ നിഴൽ പരന്നു.

കോൺവെന്റിലെ അനാഥ ജീവിതം തുടർന്നു കൊണ്ടു പോകുന്നതിലുളള ദുഃഖം അവൾ വീണ്ടും പറയുന്നു. അവൾക്ക്‌ എന്തെങ്കിലും പഠിച്ചാൽ കൊളളാമെന്നുണ്ട്‌. ടി.ടി.സിയ്‌ക്കോ നേഴ്‌സിംഗിനോ. ഓർഫനേജിലെ കുട്ടികൾക്ക്‌ അവൾ റ്റ്യൂഷനെടുക്കുന്നുണ്ടത്രെ. അനാഥക്കുട്ടികളുടെ പഠനം ശ്രദ്ധിക്കാൻ അനാഥയായ ഗ്രേസിക്കല്ലാതെ മറ്റാർക്കാണു സമയവും സൗകര്യവും. ടി.ടി.സിയ്‌ക്കും നേഴ്‌സിംഗിനും അഡ്‌മിഷൻ കിട്ടിയാൽപോലും തൽക്കാലം തന്നെക്കൊണ്ട്‌ അവളുടെ പഠനച്ചെലവ്‌ എങ്ങനെ നടത്താനാവും? തനിക്കുളള വരുമാനം അനിശ്ചിതമാണ്‌. പഠനം കഴിഞ്ഞിട്ടായിരുന്നെങ്കിൽ എങ്ങനെയും ശ്രമം നടത്താമായിരുന്നു. ഇപ്പോൾ..!

അവളുടെ ഭാവിയെക്കുറിച്ച്‌ ഇനാസിയ്‌ക്ക്‌ ഉൽക്കണ്‌ഠതോന്നി. പ്രശ്‌നങ്ങളെ നേരിടാൻ അവൾക്കു തന്റേടമില്ല. പാവം…

സ്വന്തമായ ഒരു ജോലിയും താമസസൗകര്യവും നേടാൻ കഴിഞ്ഞാൽ അവളുടെ കാര്യങ്ങൾ തനിക്കു നോക്കാൻ സാധിക്കും. പക്ഷേ, അതിനിയെന്നാണ്‌?

ജീവിതത്തിന്റെ അനിശ്ചിതത്വത്തെക്കുറിച്ചു വിഷാദിച്ച്‌ ഇനാസി മൂകനായിനിന്നു. എല്ലാം ശരിയാകുമെന്നും തനിക്കും ഗ്രേസിയ്‌ക്കും മെച്ചപ്പെട്ട ഒരു ജീവിതസാഹചര്യം തെളിഞ്ഞു വരുമെന്നും അയാൾ വിചാരിച്ച്‌ സ്വയം ആശ്വസിച്ചു.

**********************************************************

ചിത്രകാരന്റെ പാലറ്റിൽ വർണ്ണക്കൂട്ടുകൾ പടർന്നു കിടക്കുന്നതുപോലെ ആകാശത്തിൽ സന്ധ്യ ചിതറിപ്പടർന്നു കിടന്നു.

കൂടണയുന്ന കാക്കകളുടെ ശബ്‌ദവും അകലെയെവിടെയോ ഉയർന്ന പശുവിന്റെ കരച്ചിലും അന്തരീക്ഷത്തിന്റെ ഊഷ്‌മാവിൽ വന്ന മാറ്റവും എല്ലാം അറിഞ്ഞ്‌ ബീന തന്നോടുതന്നെ പറഞ്ഞു.

സന്ധ്യയാവാറായീന്നു തോന്നുന്നു.

പ്രഭാതത്തിലെ കിളികളുടെ പലതരം തുയിലുണർത്തു പാട്ടുകളും സന്ധ്യയിലെ കാക്കകളുടെയും മൃഗങ്ങളുടെയും കരച്ചിലുകളും അവൾ വേർതിരിച്ചറിയുന്നു. ശബ്‌ദങ്ങളുടെ ലോകത്തിലാണ്‌ അവളുടെ ബോധമണ്ഡലം കുടുങ്ങിക്കിടക്കുന്നത്‌. ശബ്‌ദങ്ങളുടെ ഇഴകളിലാണ്‌ ജീവിതം ബന്ധിക്കപ്പെട്ടിരിക്കുന്നത്‌.

ചേക്കേറാൻ പറന്നുപോയ പറവകളുടെ ശബ്‌ദങ്ങൾക്കുശേഷമുളള മൂകതയിൽ സന്ധ്യയുടെ വരവ്‌ അവളറിയുന്നു. പകലിന്റെ ശബ്‌ദങ്ങൾ തളർന്നു വീഴുന്നതും രാത്രിയുടെ ശബ്‌ദങ്ങൾ ഉണർന്നു തുടങ്ങുന്നതും അവൾ അറിയുന്നു. തവളകളും മൂങ്ങകളും ചീവീടുകളും കടവാതിലുകളും ഉയർത്തുന്ന ശബ്‌ദങ്ങളിലൂടെ അവൾ രാത്രിയെ അറിയുന്നു.

പതിവുപോലെ കുടുംബപ്രാർത്ഥനയ്‌ക്കു സമയമായപ്പോൾ സോഫിയ വന്നു വിളിച്ചു. എഴുന്നേറ്റ്‌ അന്തരീക്ഷത്തിൽ കൈകൾ പരതി സ്ഥിരപരിചിതമായ സ്ഥലബോധത്തോടെ അവൾ പ്രാർത്ഥനാമുറിയിലെത്തി. നിലത്തുവിരിച്ച പായയിൽ മുട്ടുകുത്തി.

അസ്വസ്ഥമായ മനസ്സിന്‌ ഒരാശ്വാസമാണ്‌ പ്രാർത്ഥന. നിസ്സഹായതയും ദുഃഖങ്ങളും മറന്ന്‌ അറിയപ്പെടാത്ത ഒരു രക്ഷാബോധത്തിന്റെ ചിറകിനടിയിൽ ശാന്തിയുടെ ഇളം കുളിരനുഭവിക്കുന്ന നിമിഷങ്ങൾ.

ക്രൂശിതനായ ക്രിസ്തുവിന്റെ പ്രതിമയ്‌ക്കുമുന്നിൽ മെഴുകുതിരികൾ കത്തിയുരുകി. പ്രാർത്ഥനയുടെ സ്ഥിരം വാചകങ്ങൾ യാന്ത്രികമായി ഉരുവിടുന്നതിനൊപ്പം തളളവിരലിന്റെയും ചൂണ്ടുവിരലിന്റെയും ഇടയ്‌ക്കു കൊന്തമണികൾ തെന്നിനീങ്ങി.

ബീനയുടെ ശബ്‌ദം ഭക്തിനിർഭരവും വികാരഭരിതവുമായി ഒറ്റപ്പെട്ടു മുഴങ്ങി. ആ ശബ്‌ദത്തിൽ ആത്മ സമർപ്പണത്തിന്റെ തരംഗങ്ങളുണ്ടായിരുന്നു. പ്രാർത്ഥനയുടെ അവസാനം ഭക്തിഗാനങ്ങൾ പാടിയപ്പോഴും അവളുടെ സ്വരം ദുഃഖത്തിന്റെ ഒറ്റതിരിഞ്ഞ അലകളായി അന്തരീക്ഷത്തിൽ പരന്നു.

അന്ധകാരത്തിൽ ബന്ധിതമായ ഒരാത്മാവിന്റെ തേങ്ങൽ.

ഇരുട്ടും വെളിച്ചവും വേർതിരിച്ചറിയാനാകാത്തവൾ. അവളുടെ പ്രപഞ്ചത്തിൽ സൂര്യനില്ല, ചന്ദ്രനില്ല, നക്ഷത്രങ്ങളില്ല. പ്രഭാതവും സന്ധ്യയുമില്ല. രാത്രിയും പകലുമില്ല. എല്ലാം വെറും അവ്യക്തസ്വപ്നങ്ങളായി നുരയും പതയുമായി ചിതറിക്കിടക്കുന്നു. അവയെ വേർതിരിച്ചെടുക്കാനുളള വൃഥാശ്രമങ്ങളിൽ കാലം അവളെ തഴുകി കടന്നുപോകുന്നു.

പ്രാർത്ഥനയ്‌ക്കുശേഷം അന്നമ്മ അടുക്കളയിലേയ്‌ക്ക്‌ പോയി. സോഫിയ സഹായിക്കാൻ ചെന്നപ്പോൾ അന്നമ്മ പറഞ്ഞു.

‘മോളു പോയിരുന്നു വല്ലതും വായിക്ക്‌.’

അവൾ തിരിച്ചു പഠനമുറിയിലേക്കു നടന്നു.

ഏകാകിനിയായ ഒരു ചിറകറ്റ കിളിയെപ്പോലെ ബീന വരാന്തയിൽ തൂണുചാരിയിരുന്നു. നിശ്ശബ്‌ദതയുടെ തണുപ്പ്‌ അവളെ പൊതിഞ്ഞു. തണുത്ത കാറ്റ്‌ അവളെ വീശിക്കൊണ്ടിരുന്നു. വൃക്ഷശിഖരങ്ങളിൽ ഇലപ്പടർപ്പുകളുടെ ഗാഥയുയർന്നു. ഇലഞ്ഞിപ്പൂക്കളുടെയും മുല്ലപ്പൂക്കളുടെയും സമ്മിശ്രഗന്ധം. അവൾ മൂക്കുവിടർത്തി ആ സുഗന്ധങ്ങളെ ആത്മാവിലേയ്‌ക്ക്‌ ആവാഹിക്കാൻ ശ്രമിച്ചു.

പൂക്കളുടെ നിറവും ഭംഗിയും അവൾക്ക്‌ അജ്ഞാതമാണ്‌. ചില പൂക്കളെ വിരൽ സ്പർശംകൊണ്ടും ഗന്ധംകൊണ്ടും തിരിച്ചറിയാൻ അവൾ പഠിച്ചിട്ടുണ്ട്‌. ഓരോ ഇനത്തെയും സൗരഭ്യംകൊണ്ടു വേർതിരിച്ചു സൂക്ഷിക്കുന്നു. ഇങ്ങനെ മുല്ലയും റോസും ഇലഞ്ഞിയും ഗന്ധരാജനും ജമന്തിയും അവൾ തിരിച്ചറിയുന്നു.

അടുത്തും അകലെയുമായി എണ്ണമറ്റ ചീവീടുകളുടെയും മണ്ണട്ടകളുടെയും താളരാഗങ്ങളോടുകൂടിയ പാട്ട്‌. അവയുടെ സംഘാതം ഒരാരവമായി മുഴങ്ങുന്നു. രാത്രിയുടെ സംഗീതം. പെട്ടെന്ന്‌ ഒരു തച്ചൻകോഴിയുടെ ഭീഷണമായ ശബ്‌ദം.

‘ഗു… വ…ഹാ… ഗുവ….ഗുവ….ഹാ…’

അവൾ ഞെട്ടി. ചുറ്റും നിറഞ്ഞുനില്‌ക്കുന്ന ഏകാന്തതയുടെ തണുപ്പ്‌ ഭയത്തിന്റെ നഖമുനകൾ നീട്ടി അവളെ പുണർന്നു. നിമിഷങ്ങൾ കഴിഞ്ഞപ്പോൾ അവൾ സ്വയം ചോദിച്ചു. ഞാനെന്തിനെയാണ്‌ ഭയപ്പെടുന്നത്‌? എനിക്കിനിയെന്താണ്‌ ഒരു രക്ഷ? ഒന്നുമില്ല. ഒന്നും.

അങ്ങനെ നിമിഷങ്ങൾ കഴിയവെ ഒരു ഗാനത്തിന്റെ ഈണം അവളിലുണർന്നു. പതുക്കെ അവൾ പാടാൻ തുടങ്ങി. സ്വയംമറന്ന്‌​‍്‌, ആത്മവിസ്‌മൃതിയിൽ ലയിച്ചിരുന്ന്‌ അവൾ പാടി. അന്തരീക്ഷം ആ ഭക്തിഗാനത്തിന്റെ ലഹരിയിൽ മയങ്ങിനിന്നു.

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. കരയാൻ വേണ്ടിമാത്രം അവൾക്കു കിട്ടിയ കണ്ണുകൾ!

പെട്ടെന്നാണ്‌ ഇനാസി കടന്നുവന്നത്‌. അയാളുടെ പാദവിന്യാസം തിരിച്ചറിയാം. ഇനാസിയുടെ മാത്രമല്ല, വീട്ടിലെ ഓരോരുത്തരുടെയും നടപ്പിന്റെ ശബ്‌ദ തരംഗങ്ങൾ അവൾക്കു തിരിച്ചറിയാം.

അവൾ പെട്ടെന്നു പാട്ടുനിർത്തി.

ഇനാസി അവളെ സൂക്ഷിച്ചുനോക്കി. അയാൾ ചോദിച്ചു.

‘എന്നോടിത്ര വിരോധമുണ്ടോ?’

‘ങേ, എന്താ ചേട്ടാ?’ അവളുടെ ശബ്‌ദം പതറി.

‘ഞാൻ വന്നതുകൊണ്ടല്ലേ പാട്ടു നിർത്തിയത്‌?’

അവൾ മുഖം കുനിച്ചു. മുഖം തുടുത്തു. ലജ്ജയെക്കാളേറെ ജാള്യതയായിരുന്നു മുഖത്ത്‌.

അയാൾ ഒന്നും മിണ്ടാതെ മുറിയിൽ കയറി പാന്റും ഷർട്ടും മാറ്റി, ലുങ്കിയും ബനിയനും ധരിച്ചു തിരിച്ചെത്തി. ടൗണിൽനിന്ന്‌ കുറച്ച്‌ ആപ്പിൾ അയാൾ വാങ്ങിക്കൊണ്ടു വന്നിരുന്നു. ആ പൊതി അയാൾ അവളുടെ കൈയിൽ കൊടുത്തു.

‘ഇതെന്താ ചേട്ടാ?’

‘ബീനതന്നെ എടുത്തു നോക്കി പറയൂ.’

അവൾ പൊതിയഴിച്ച്‌ ആപ്പിൾ എടുത്തു മണത്തു നോക്കുകയും വിരലുകൾ കൊണ്ട്‌ ആകൃതി മനസ്സിലാക്കുകയും ചെയ്‌തു. ആപ്പിളാണെന്ന്‌ അവൾ പറഞ്ഞു.

‘ഞാനിവിടെ പേടിച്ചിരിക്കയായിരുന്നു. ചേട്ടൻ വന്നപ്പോ സമാധാനമായി.’

‘എങ്കിൽ എനിക്കു വേണ്ടി ഒരു പാട്ടുകൂടി പാടൂ.’

‘അയ്യോ..’ അവൾ ലജ്ജയോടെ മുഖം കുനിച്ചിരുന്നു.

ഇനാസി പിന്നെ നിർബ്ബന്ധിച്ചില്ല. അയാൾ എഴുന്നേറ്റ്‌ മുറിയിൽ വച്ചിരുന്ന കാൻവാസുകൾ എടുത്തു നോക്കി. വരച്ചുവച്ച ചിത്രങ്ങൾ ഓരോ തവണ പുറത്തുപോയി വരുമ്പോഴും നോക്കും. ഓരോരോ പോരായ്‌മകൾ കണ്ടെത്തുകയും ചെയ്യും. സന്ധ്യാദേവത, വെളിച്ചം തേടുന്നവൾ എന്നീ രണ്ടു ചിത്രങ്ങൾ പൂർത്തിയാക്കി. വെളിച്ചം തേടുന്നവൾ എന്ന ചിത്രം ബീനയെ ഉദ്ദേശിച്ചുതന്നെ വരച്ചതാണ്‌. അന്ധകാരത്തിന്റെ ചുഴിയിൽനിന്ന്‌ വെളിച്ചത്തിന്റെ വിദൂരതയിലേക്ക്‌ കൈയെത്തിച്ചു തുഴയാൻ വീർപ്പുമുട്ടുന്ന ഒരു യുവതിയുടെ പ്രത്യാശയുടെ കിരണങ്ങൾ പതിയുന്ന മുഖം.

ആ ചിത്രത്തെക്കുറിച്ച്‌ ഇനാസിയ്‌ക്കു പ്രതീക്ഷയുണ്ട്‌. പ്രദർശനവേദിയിൽ അത്‌ ശ്രദ്ധിക്കപ്പെടും.

ചിത്രങ്ങൾ ചുമരിനോടു ചേർത്തു തിരിച്ചുവച്ച്‌ അയാൾ വീണ്ടും വരാന്തയിൽ വന്നു. ലൈബ്രറിയിൽ നിന്നെടുത്ത ഏകാന്തതയുടെ നൂറുവർഷങ്ങൾ എന്ന നോവൽ വായിക്കാനിരുന്നു.

സമയം നിശ്ശബ്‌ദമായി കടന്നു പോയിക്കൊണ്ടിരുന്നു.

വീണ്ടും ഏകാന്തതയുടെ ശൈത്യം തന്നെ ആശ്ലേഷിക്കുന്നതായി ബീനയ്‌ക്കുതോന്നി. അവൾ ഇനാസിയെക്കുറിച്ചോർക്കുകയായിരുന്നു. അയാളുടെ സാന്നിദ്ധ്യത്തിന്‌ അവ്യക്തമായ ഒരു സുരക്ഷിതത്വത്തിന്റെ ചൂടുണ്ട്‌. അയാൾ വീട്ടിൽ ഒരംഗമായിട്ട്‌ നാളുകളേറെയായി. അയാളുടെ ശബ്‌ദം മാത്രമെ തനിക്കറിയൂ. അയാളുടെ രൂപം എങ്ങനെയാണ്‌? മെലിഞ്ഞിട്ടോ തടിച്ചിട്ടോ?

ഇനാസിയെക്കുറിച്ച്‌ അവൾക്കിന്നും അവ്യക്തതയാണ്‌. അശരീരിയായ ശബ്‌ദമാണ്‌ അയാൾ. അതിനപ്പുറമുളള യാഥാർത്ഥ്യത്തെ അറിയണമെന്ന മോഹം അവളിൽ പലപ്പോഴും ഉയർന്നിട്ടുണ്ട്‌. പക്ഷെ, എങ്ങനെയാണ്‌….

അയാളെ ഒന്നു സ്പർശിച്ചുനോക്കാൻ, ഒന്നു വിരലുകൾകൊണ്ടു തലോടിയറിയാൻ….

അയാൾ ഒരു യുവാവും താൻ ഒരു യുവതിയുമാണെന്ന പ്രകൃതി സഹജമായ അന്യതാബോധം അവളെ ആ മോഹത്തിനു വിലക്കു കല്പിച്ചു നിർത്തിയിരിക്കുകയായിരുന്നു.

ഇപ്പോൾ എങ്ങനെയോ പെട്ടെന്നുണ്ടായ ധൈര്യത്തിൽ അവൾ എഴുന്നേറ്റു.

‘ചേട്ടൻ ഒന്നടുത്തു വർവോ?’

ഇനാസി പുസ്തകത്തിൽനിന്നു മുഖമുയർത്തി.

‘എന്താ ബീനാ?’

‘ഞാൻ…. ഞാനൊന്നു തൊടുന്നതിൽ വിരോധോണ്ടോ?’

ഇനാസി ഒരു നിമിഷം സ്തബ്‌ധനായി. പിന്നെ പുസ്തകം താഴെവച്ച്‌ അയാൾ എഴുന്നേറ്റു.

‘എന്തിനു വിരോധം….’

അയാൾ അവളുടെ മുന്നിൽ ചെന്നുനിന്നു.

അവളുടെ രണ്ടു കൈയിലെയും വിരലുകൾ അന്വേഷണ കൗതുകത്തോടെ തലയിലും മുഖത്തും ഉടലിലും സ്പർശിച്ചു നീങ്ങി. അവളുടെ നിശ്വാസത്തിന്റെ ചൂട്‌ അയാളിൽ പതിഞ്ഞു. അയാൾക്കു രോമാഞ്ചമുണ്ടായി. ഹൃദയം ആർദ്രമായി, കണ്ണുകളിൽ നനവൂറി. സ്‌നേഹവും കാരുണ്യവും കൂടിച്ചേർന്ന വികാരാനുഭൂതി ഹൃദയത്തിൽ നിറഞ്ഞു.

അവളുടെ മുഖത്ത്‌ പുതിയ അറിവിന്റെ തെളിച്ചമുണ്ടായി. അവൾ പറഞ്ഞു.

‘ഇനാസിച്ചേട്ടനെ ഞാൻ കാണുന്നു, ഈ വിരൽത്തുമ്പുകളിലൂടെ.’

അവൾ വിരലുകളുയർത്തിപ്പിടിച്ചു.

‘ഈ സിദ്ധി ഞങ്ങൾക്കു കുറവാണ്‌.’ ഇനാസി പറഞ്ഞു.

‘ചേട്ടന്‌ അസൂയ തോന്നുന്നുണ്ട്‌. അല്ലേ?’

അവൾ ചിരിച്ചു. ആ ചിരി ഇനാസിയെ അസ്വസ്ഥപ്പെടുത്തി.

‘ഞാൻ പറയട്ടെ, ചേട്ടനെങ്ങനെയെന്ന്‌…’

‘ഉം, പറയ്‌.’

‘ചുരുണ്ട മുടി, നീണ്ട മൂക്ക്‌, വീതിയുളള നെറ്റി, തടിച്ച ചുണ്ടുകൾ. പാകത്തിനുളള മേൽമീശ. അധികം വണ്ണമില്ലാത്ത ശരീര പ്രകൃതി.’

അയാൾ വിസ്മയത്തോടെ അവളെ ഉറ്റുനോക്കി.

‘എന്റെ നിറമെന്താണെന്നു പറയാമോ?’

‘നിറം…?’ അവൾ വിഷാദത്തോടെ മുഖം താഴ്‌ത്തി.

ആ ചോദ്യം ചോദിക്കേണ്ടിയിരുന്നില്ല എന്ന്‌ ഇനാസിയ്‌ക്ക്‌ തോന്നി.

‘എനിക്കെല്ലാം ഒരേ നിറമാ. ആ നിറം നിങ്ങൾക്കാർക്കും മനസ്സിലാകുന്നതല്ല.’

അവളുടെ ചുണ്ടിൽ വിളറിയ ചന്ദ്രക്കലപോലെ ഒരു പുഞ്ചിരി തെളിഞ്ഞു. കണ്ണുകൾ മെല്ലെ നനഞ്ഞ്‌ നിറഞ്ഞു വിതുമ്പി, നിശ്ശബ്‌ദം.

ഇനാസിയുടെ വിരൽ അനിയന്ത്രിതമായി നീണ്ടു ചെന്ന്‌ ആ കണ്ണുനീർ തുടച്ചു.

വിദൂരതയിൽ നിന്നെന്തോ പ്രതീക്ഷിച്ചുകൊണ്ട്‌ ഒരു നിശ്ചലരൂപമായി അവൾ നിന്നു.

കൃഷ്‌ണപ്പരുന്തിന്റെ വിലാപം അവളുടെ മനസ്സിൽ കിടന്നു തേങ്ങി. കൃഷ്ണാ…. കൃഷ്ണാ…കീ….യാ…‘

മൗനം അവളെ ബന്ധിച്ചു.

Generated from archived content: vilapam11.html Author: joseph_panakkal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleപത്ത്‌
Next articleപന്ത്രണ്ട്‌
1946 ജൂലൈ 16-ന്‌ വൈപ്പിൻകരയിലെ(എറണാകുളം ജില്ല) പള്ളിപ്പുറത്തു ജനിച്ചു. മാതാപിതാക്കൾഃ അന്ന, ഡൊമനിക്‌. 1969 മുതൽ എസ്‌.എസ്‌.അരയ യു.പി. സ്‌കൂളിൽ അദ്ധ്യാപകൻ. കൃഷ്ണപരുന്തിന്റെ വിലാപം, ചുവന്ന പ്രഭാതം, കല്ലുടയ്‌ക്കുന്നവർ, കടൽകാക്കകൾ, ഉൾമുറിവുകൾ, പക്ഷികുഞ്ഞുങ്ങൾ, ഗുൽഗുൽ, മലമുകളിലെ പക്ഷി, മാണിക്കൻ, ഇണ്ടനും ഇണ്ടിയും എന്നീ കൃതികൾ പ്രസിദ്ധപ്പെടുത്തി. ചിത്രകാരൻ എന്ന നിലയിലും പ്രശസ്തനാണ്‌. കുങ്കുമം അവാർഡ്‌, കുടുംബദീപം അവാർഡ്‌, കെ.സി.വൈ.എം.സംസ്ഥാന സമിതി അവാർഡ്‌, മികച്ച അദ്ധ്യാപകനുള്ള ‘ഗുരുശ്രേഷ്‌ഠ’ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്‌. ഭാര്യഃ ഷെർളി, മക്കൾഃസംഗീത, സംദീപ, ശ്രീജിത്‌, സലിൽ. വിലാസം പള്ളിപ്പോർട്ട്‌ പി. ഒ. Address: Phone: 0484 -2489883 Post Code: 683 515

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English