നിറയെ പൂത്ത ബൊഗെയ്‌ൻ വില്ലയാൽ മകുടമണിഞ്ഞു നില്‌ക്കുന്ന കനത്ത വലിയ ഗേറ്റ്. കല്പടവുകൾ കയറി, ഇരുമ്പുഗേറ്റ് തുറന്ന് അകത്തു കയറി, ശീതളഛായ വിരിച്ചു നില്‌ക്കുന്ന കൂറ്റൻ മാവുകൾ, സുഗന്ധം പരത്തി പൂത്തുനില്‌ക്കുന്ന ഇലഞ്ഞി. മണൽ വിരിച്ച വിശാലവും പ്രശാന്തവുമായ അങ്കണം. രണ്ടു വശങ്ങളിലും മനോഹരമായി സംവിധാനം ചെയ്‌തിരിക്കുന്ന പൂന്തോട്ടങ്ങൾ…
അങ്കണമദ്ധ്യത്തിൽ ഉയർത്തിക്കെട്ടിയ മണ്ഡപത്തിൽ ഫിലോമിനാ പുണ്യവതിയുടെ മനോഹരമായ പ്രതിമ.
പൂന്തോട്ടത്തിൽ കുട്ടികൾ നനയ്‌ക്കുകയും പുല്ലു പറിക്കുകയും ചെയ്യുന്നു. അനാഥക്കുട്ടികൾ. കന്യാസ്‌ത്രീകൾ അവരുടെകൂടെ നടന്നു നിർദ്ദേശങ്ങൾ നല്‌കുന്നു.
ഇനാസി നേരെ പാർലറിനടുത്തു ചെന്നു. മണിയടിച്ചു കാത്തുനിന്നു. നിമിഷങ്ങൾ കഴിഞ്ഞപ്പോൾ വാതിൽക്കർട്ടൻ നീക്കി കറുത്തുമെലിഞ്ഞ ഒരു കന്യാസ്‌ത്രീ മുഖം നീട്ടി.
‘എന്താ?’
‘പി.റ്റി. ഗ്രേസിയെ കാണാൻ വന്നതാ.’
‘ഗ്രേസീടെയാരാ?’ അവർ അയാളെ സൂക്ഷിച്ചു നോക്കി.
‘ബ്രദറാണ്.’
‘പേര്?’
‘ഇനാസി.’
‘ഇരിക്കൂ.’
അവർ അപ്രത്യക്ഷമായി.
ആകാംക്ഷയോടെ കാത്തുനിന്നു.
അവൾ വളർന്നിട്ടുണ്ടാകും. സോഫിയയോളം. എത്ര നാളുകൾക്കുശേഷമുളള കൂടിക്കാഴ്‌ചയാണ്. മൂന്നുവർഷങ്ങൾക്കുമുമ്പ് താനിവിടെ വരുമ്പോൾ അവൾ ഷോർട്ട് സ്‌കർട്ടാണ് ഉടുത്തിരുന്നത്. ഒരു പൊട്ടിപ്പെണ്ണിന്റെ പ്രകൃതമായിരുന്നു.
തന്റെ ഇപ്പോഴത്തെ സ്ഥിതിയെക്കുറിച്ചൊന്നും അവൾക്കറിവുണ്ടാവില്ല; വല്ലപ്പോഴുമാണ് അവൾക്കൊരു കത്തയച്ചിട്ടുളളത്. എങ്കിലും താൻ ഇളയപ്പന്റെ വീട്ടീന്നു പോന്നത് അവൾക്കറിയാമായിരിക്കും.
പുറത്ത് തോട്ടത്തിൽ കുട്ടികൾ ചിത്രശലഭങ്ങളെപ്പോലെ തുളളിച്ചാടി കളിച്ചുകൊണ്ടിരുന്നു. ശരീരത്തിനിണങ്ങാത്ത തരത്തിലുളള വസ്‌ത്രങ്ങളാണ് അവർ ധരിച്ചിരുന്നത്. വിദേശങ്ങളിൽനിന്ന് അനാഥർക്കായി വലിച്ചെറിഞ്ഞ വസ്‌ത്രങ്ങളായിരിക്കണം. ചില കുട്ടികൾ നിറം കെട്ടതും കീറിയതുമായ ഉടുപ്പുകളാണ് ധരിച്ചിരിക്കുന്നത്.
നേരത്തെ വന്ന കന്യാസ്ര്തീയുടെ കൂടെ ഗ്രേസി എത്തി. അവളുടെ മുഖം ആഹ്ലാദം കൊണ്ടുതുടുത്തു. കണ്ണുകൾ വിടർന്നു തിളങ്ങി.
‘ചേട്ടനോ..!’ അവൾ ഓടിവന്നു കൈക്കു പിടിച്ചു. അവൾ വളർന്നിരിക്കുന്നു. ശബ്‌ദത്തിലും പെരുമാറ്റത്തിലും നിയന്ത്രണങ്ങളുണ്ട്.
‘ചേട്ടൻ എപ്പോ പോന്നതാ?’
അയാൾ സമയം പറഞ്ഞു.
അവർ പരസ്പരം നോക്കി ആനന്ദനിർവൃതിയോടെ നിന്നു.
‘ഗ്രേസീ, നീ വലുതായല്ലോ!’
അവൾ നാണിച്ചു മുഖം കുനിച്ചു. എന്നിട്ടു പറഞ്ഞു.
‘ചേട്ടനും വലുതായി; മീശയൊക്കെയായി.’
‘എന്റെ ക്രിസ്‌തുമസ്സ് കാർഡ് കിട്ടിയോ?’
‘ഉവ്വ്. നന്നായിരുന്നു. ഞാനും ഒരെണ്ണം ചേട്ടനുവേണ്ടി വാങ്ങിവച്ചതായിരുന്നു. അഡ്രസ്സറിയില്ലായിരുന്നു, അയയ്‌ക്കാൻ..
അയാൾ ഒന്നും മിണ്ടാതെ അവളെ നോക്കിനിന്നു.
’ഒരു കത്തെഴുതാൻ ചേട്ടനു തോന്നീല്ലല്ലോ!‘ അവൾ പരിഭവം പറഞ്ഞു.
’ബോർഡിംങ്ങിലെ കുട്ടികൾക്കു കത്തു വരുന്നതുകാണുമ്പോഴെല്ലാം ഞാൻ സങ്കടപ്പെട്ടിരുന്നു, എനിക്കാരുമില്ലല്ലോന്നോർത്ത്…‘ അവളുടെ കണ്ണുകൾ ഈറനായി.
’ഓ, പോട്ടെ മോളെ. ഇനി ഞാൻ ഇടയ്‌ക്കൊക്കെ കത്തെഴുതാം.‘ അയാൾ അവളെ സാന്ത്വനിപ്പിച്ചു. എന്നിട്ട് കൊണ്ടുവന്നിരുന്ന പൊതി അവൾക്കുകൊടുത്തു.
’ഇതാ നിനക്കൊരു സമ്മാനം.‘
’എന്താ ചേട്ടായിത്?‘ അവൾ അടക്കാനാകാത്ത ആകാംക്ഷയോടെ പൊതി തുറന്നു. അവളുടെ മുഖത്ത് ആഹ്ലാദത്തിന്റെ പൂത്തിരി കത്തി.
സാരി നിവർത്തി അവൾ മാറിലിട്ടുനോക്കി.
’ഹായ്! നല്ല സാരി! ഒരുപാടു പൈസയായോ?‘
അയാൾ നിശ്ശബ്‌ദം നോക്കിനിന്നു പുഞ്ചിരിച്ചു. ആത്മസംതൃപ്തിയോടെ.
’നിന്റെ വിശേഷങ്ങൾ എന്തൊക്കെയാണ്?‘
അവളുടെ മുഖം മെല്ലെ മങ്ങി. നിശ്ശബ്‌ദമായ ഏതാനും നിമിഷങ്ങൾക്കുശേഷം അവൾ കുറെ കാര്യങ്ങൾ പറഞ്ഞു. അനാഥക്കുട്ടികളുടെ സങ്കടങ്ങൾ. കന്യാസ്ര്തീകൾ കാണിക്കുന്ന ക്രൂരമായ വിവേചനത്തെക്കുറിച്ച്, ചെയ്യേണ്ടിവരുന്ന അമിതമായ ജോലികളെക്കുറിച്ച്, സഹിക്കേണ്ടിവരുന്ന നിന്ദകളെപ്പറ്റി, അവഗണനകളെപ്പറ്റി, പീഡനങ്ങളെപ്പറ്റി.
എല്ലാം നിസ്സഹായതയോടെ നിശ്ശബ്‌ദം ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ട പാവം ഗ്രേസി.
അയാൾ മൂകനായി തലകുനിച്ചിരുന്നു. വേദനയോടെ.
-തങ്ങൾ അനാഥരാണല്ലോ?
പണമുളളവരുടെ മക്കൾ ബോർഡിംങ്ങിൽ രാജകീയ പരിഗണനയോടെ കഴിയുന്നു. അസൂയപ്പെട്ടിട്ട് എന്തു കാര്യം? അവരുടെ വിഴുപ്പുവസ്‌ത്രങ്ങൾ അലക്കിക്കൊടുക്കുന്നതുകൊണ്ടാണ് ഗ്രേസിയ്‌ക്ക് അവരുടെ നിറം മങ്ങിയതും പിഞ്ഞിയതുമായ പഴയ സാരിയൊക്കെ കിട്ടുന്നത്. അല്ലെങ്കിൽ..
എല്ലാവരും ദൈവത്തിന്റെ മക്കൾ എന്നു പഠിപ്പിക്കുന്ന കന്യാസ്ര്തീകൾ. ദൈവത്തെ സ്തുതിക്കാൻ മാത്രം പഠിപ്പിക്കുന്ന കന്യാസ്ര്തീകൾ. അവർ കാണിക്കുന്ന വിവേചനങ്ങളും നിന്ദയും അവഗണനകളും അസഹ്യമാണ്.
എല്ലാം പറഞ്ഞു വന്നപ്പോൾ അവളുടെ തൊണ്ടയിടറി. കണ്ണുകൾ നനഞ്ഞു. ഭയത്തോടെ ശബ്‌ദമടക്കിയാണ് അവൾ പറഞ്ഞത്.
’നീ വിഷമിക്കണ്ടാ. എനിക്കൊരു ജോലിയൊക്കെയാവട്ടെ. ഞാൻ നിന്നെ ഇവിടന്നുകൊണ്ടു പോകാം. അതുവരെ എന്തും സഹിക്കാൻ നീ തയ്യാറാകണം…‘ ഇനാസി പറഞ്ഞു.
’ചേട്ടനുവേണ്ടി ഞാൻ എന്നും പ്രാർത്ഥിക്കുന്നുണ്ട്.‘
’ഇനി നീയൊരനാഥയല്ല; നിനക്കു ഞാനുണ്ട്.‘ – ഇനാസി പറഞ്ഞു. ഇപ്പോഴെങ്കിലും അവളെ വന്നു കാണാനും കാര്യങ്ങൾ മനസ്സിലാക്കാനും കഴിഞ്ഞതിൽ അയാൾക്കു കൃതാർത്ഥത തോന്നി.
തമ്മിൽ പിരിഞ്ഞപ്പോൾ രണ്ടുപേരുടെയും കണ്ണുകൾ നനഞ്ഞു.
* * * * * * * * * * * * * * * * * * * * * * * * * * * * * * * *
കലാലയം നിശ്ശബ്‌ദവും ശൂന്യവുമായി കാത്തുകിടന്നു. ഇനാസിയുടെ പാദമുദ്രകളാണ് കോളേജങ്കണത്തിൽ അന്ന്് ആദ്യമായി പതിഞ്ഞത്. ഓഫീസിനു മുന്നിലെ വലിയ ഉരുളൻ കൽത്തൂണിനോടുചേർന്ന് പുറത്തേയ്‌ക്ക് നോക്കിനിന്നു.
ഉമയൊന്നു വേഗം എത്തിയെങ്കിൽ എന്ന് അയാൾ ആഗ്രഹിച്ചു. അവളെ കാണാനും സംസാരിക്കാനുമുളള സൗകര്യത്തിനു വേണ്ടിയാണ് നേരത്തെ തന്നെയെത്തിയത്.
തന്നെ സ്‌നേഹിക്കാനും തനിക്കു സ്‌നേഹിക്കാനും ഒരാളുണ്ടെന്ന ബോധം എപ്പോഴും തന്നെ കരുത്തനാക്കുന്നു. അനാഥനാണെന്ന കാര്യം വിസ്‌മരിക്കാൻ സഹായിക്കുന്നു.
അവളെ കണ്ടുകൊണ്ടിരിക്കുമ്പോഴും അവളുമായി സംസാരിക്കുമ്പോഴും തന്റെ ഹൃദയത്തിൽ ആനന്ദാനുഭൂതികൾ നിറയുന്നു. ജീവിതത്തിന് അർത്ഥവും ഭംഗിയും അനുഭവപ്പെടുന്നു. മോഹങ്ങളും പ്രതീക്ഷകളും പൂക്കുന്നു. അതാണ് പ്രേമത്തിന്റെ ധന്യത.
തന്നിൽനിന്നു വിഭജിക്കാനാകാത്ത, തന്റെ തന്നെ ഭാഗമായിട്ടേ ഉമയെ കണക്കാക്കാനാവുന്നുളളൂ. ഇരുട്ടിൽ കത്തിനിന്നു പ്രകാശിക്കുന്ന മെഴുകുതിരി നാളംപോലെ അവളുടെ സ്‌നേഹം ഹൃദയത്തിൽ നിറഞ്ഞുനില്‌ക്കുന്നു.
വിപിനും രാജശേഖരനുംകൂടി ഗേറ്റ് കടന്നുവരുന്നത്് ഇനാസി കണ്ടു. അവരുടെ നിഴലുകൾ ചാഞ്ഞും, ചരിഞ്ഞും അടുക്കുന്നതു കണ്ടപ്പോൾ ഉമയ്‌ക്കുവേണ്ടി കാത്തുവച്ച ഏകാന്തത നഷ്‌ടപ്പെടുന്നല്ലോ എന്നോർത്തു.
’ഹലോ! ഇനാസിയാണോ ഇന്നാദ്യമെത്തിയത്?“ -പെണ്ണിന്റേതുപോലുളള ഇമ്പമാർന്ന കിളിമൊഴി. വിപിൻ പെണ്ണായി പിറക്കേണ്ടവനായിരുന്നു. ആടിക്കുഴഞ്ഞ നടത്തവും ലജ്ജാഭാവവും. മുഖത്തിതുവരെ മീശ കിളുർത്തിട്ടില്ല. മീശ വരാൻ വഴിപാടുകൾ നടത്തുന്ന പാവം ചെറുപ്പക്കാരൻ.
ഇനാസി വിപിന്റെ മുഖത്തേയ്‌ക്കുനോക്കി.
ചുവന്ന ചുണ്ടുകൾക്കുമേലെ കരിഞ്ഞ തീപ്പെട്ടിക്കൊളളി സമ്മാനിച്ച കറുത്ത മീശ! ഇനാസി ചിരിച്ചുകൊണ്ടു പറഞ്ഞു.
‘ക്രിസ്‌മസ്സ് കഴിഞ്ഞപ്പോഴേയ്‌ക്കും വിപിനു മീശ വന്നല്ലോ!’
വിപിൻ കൈകൊണ്ടു മീശ മറച്ചു ലജ്ജയോടെ തിരിഞ്ഞുനിന്നു.
‘ഇവന്റെയീ കരിവര കാണുമ്പോ എനിക്കു ദേഷ്യംവരും.’ രാജശേഖരൻ വിപിനെ കെട്ടിപ്പിടിച്ചു നിന്നുകൊണ്ട് പറഞ്ഞു.
‘എത്ര അനുഗ്രഹീതമായ സ്ര്തൈണഭംഗി! ഒരു ഒറിജിനൽ പെണ്ണിനുപോലും ഇല്ലാത്ത മിനുപ്പും മൃദുത്വവുമുണ്ട് ഇവന്റെ കവിൾത്തടങ്ങൾക്ക്!’ രാജശേഖരൻ വിപിന്റെ കവിളിൽ സ്വന്തം കവിൾത്തടം ചേർത്തുരസി. വിപിൻ ലജ്ജയോടും വെറുപ്പോടും രാജശേഖരനെ തളളിമാറ്റി.
‘ഛെ! ഇയാളെന്തൊരു വൃത്തികെട്ടവനാ..’
രാജശേഖരൻ ഇനാസിയെ നോക്കി ചിരിച്ചു. ഇനാസിയ്‌ക്കു വിപിനോടു സഹതാപം തോന്നി.
പെണ്ണിനെ സൃഷ്‌ടിക്കാൻ തുടങ്ങിയ ബ്രഹ്‌മാവിനു കൈത്തെറ്റുപറ്റി ആണായിപ്പിറന്നുപോയ പാവം വിപിൻ! കുട്ടികൾ അവനെ ശൃംഗാരഭാവത്തിൽ ഓമനേ എന്നുവിളിച്ചു കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും കളിയാക്കുകയും ഒക്കെ ചെയ്യാറുണ്ട്. വിപിന് അതൊന്നും ഇഷ്‌ടമല്ല. അവൻ ദേഷ്യത്തോടെ ചീത്ത പറയുകയും തളളിമാറ്റുകയും ഒക്കെ ചെയ്യാറുണ്ട്.
വിപിൻ പക്ഷെ നന്നായി വരയ്‌ക്കും. കലാപരമായ കഴിവുകളുണ്ട്. ഭാവനയുണ്ട്. രാജശേഖരനുമായാണ് കൂട്ട്. രാജശേഖരൻ മഹാ വിക്രമനുമാണ്. അയാൾ വിപിനെ കൂട്ടുപിടിക്കുന്നത് വെറും വിനോദത്തിനുവേണ്ടിയാണ്; ഒരു തമാശയ്‌ക്ക്. അതു മനസ്സിലാക്കാനുളള കഴിവ് പാവം വിപിന് ഇല്ലതാനും.
ഇനാസി റോഡിൽ കാഴ്‌ചയുടെ അതിർവരമ്പുവരെ കണ്ണോടിച്ചു. ഉമയുടെ നിഴൽപോലുമില്ല. ദീർഘമായൊരു നിശ്വാസം അയാളിൽ നിന്നുപൊഴിഞ്ഞു.
വാകമരത്തിൽ കാറ്റിന്റെ അലകൾ. ചുവന്ന മഴപോലെ വാകപ്പൂക്കൾ കൊഴിയുന്നതു കാണാൻ രസംതോന്നി. ഇലകളിൽ പ്രകൃതിയുടെ പ്രണവമന്ത്രദ്ധ്വനിയുയർന്നു.
വിദ്യാർത്ഥികൾ ഒറ്റയായും കൂട്ടമായും വന്നുകൊണ്ടിരുന്നു.
ഇനാസി സർഗ്ഗം ആഴ്‌ചപ്പതിപ്പിന്റെ കവർ ചിത്രമായി വന്ന തന്റെ കലാസൃഷ്‌ടി വിപിനെ കാണിച്ചുകൊടുത്തു.
‘താൻ കണ്ടോ? ഇതെന്റെ ഒരു രചനയാണ്.’
വിപിന്റെ കണ്ണുകൾ വിടർന്നു. അയാൾ അതുവാങ്ങി നോക്കി. കണ്ണുകളിൽ വിസ്‌മയഭാവം തിളങ്ങി.
‘കൺഗ്രാജ്ജുലേഷൻസ്! താൻ ഇപ്പോഴേ ചിത്രകാരനായി അംഗീകരിക്കപ്പെട്ടല്ലോ!’
വിപിൻ ഇനാസിയുടെ കൈ പിടിച്ചു കുലുക്കി.
രാജശേഖരൻ അതുകണ്ട് അസൂയയോടെ നിസ്സംഗത ഭാവിച്ചു. ആ ചിത്രം വാങ്ങി നോക്കാൻ താത്‌പര്യം കാണിച്ചില്ല. ഗേറ്റ് കയറിവന്ന ഒരു കൂട്ടം പെൺകുട്ടികളിൽ കൗതുകം തോന്നി അയാൾ അങ്ങോട്ടു തിരിഞ്ഞു.
ഹിപ്പിവേഷക്കാരനായ സംഗമേശ്വരനെത്തി. അയാളുടെ വെളുത്ത മുഖത്തിനു ഇറക്കി വളർത്തിയ കൃതാവും മേൽമീശയും വളർന്ന തലമുടിയും ഒരു വന്യസൗന്ദര്യം നല്‌കുന്നു. കലാകാരന്മാരെല്ലാം ഹിപ്പികളാകണമെന്നു വിശ്വസിക്കുന്നു, അയാൾ.
രാജശേഖരനും സംഗമേശ്വരനും കൂടിയാൽ പിന്നെ സിനിമയിലെയും ജീവിതത്തിലെയും ആഭാസകഥകൾ പറഞ്ഞു ചിരിക്കുകയാണു പതിവ്. അവർ ഒഴിവു ദിവസങ്ങളിലെ വിനോദങ്ങളെക്കുറിച്ചും അമ്മായിയുടെ മകളുമായുളള പ്രണയത്തെക്കുറിച്ചും അവളെയും കൊണ്ടു സിനിമയ്‌ക്കുപോയപ്പോഴത്തെ രസത്തെക്കുറിച്ചും സംസാരിച്ചു.
ബെല്ലടിച്ച് എല്ലാവരും ക്ലാസ്സിൽ കയറിയശേഷമാണ് ഉമ വന്നത്. അതുവരെ അവളെ കാണാതെ വിഷാദിച്ച ഇനാസിയ്‌ക്ക് സമാധാനമായി. ഇനി എപ്പോഴാണ് സൗകര്യമായൊന്നു സംസാരിക്കാൻ അവസരം കിട്ടുക എന്നായി പിന്നത്തെ ചിന്ത.
കുട്ടികൾക്കിടയിൽ ഇനാസിയുടെ ചിത്രം സംസാരവിഷയമായി. സർഗ്ഗം ആഴ്‌ചപ്പതിപ്പ് പല കുട്ടികളും കൊണ്ടുവന്നിരുന്നു. പലരുടേയും കണ്ണുകളിൽ ആരാധ്യഭാവം കണ്ട് ഇനാസി സന്തോഷിച്ചു. ക്ലാസ്സിൽ വന്ന സീരിമാഷ് ആദ്യം ചെയ്തത് ഇനാസിയുടെ ചിത്രം പ്രസിദ്ധീകരിച്ച സർഗ്ഗം ആഴ്‌ചപ്പതിപ്പ് ഉയർത്തിക്കാണിച്ചുകൊണ്ട് അയാളെ അഭിനന്ദിക്കുകയാണ്.
‘നോക്കൂ ഇനാസിയുടെ കലാസൃഷ്‌ടിയ്‌ക്ക് അംഗീകാരം. നമ്മുടെ സ്ഥാപനത്തിനും നമുക്കും അഭിമാനിക്കാം.’
എല്ലാ കണ്ണുകളും ഇനാസിയുടെ മുഖത്തേയ്‌ക്ക് തിരിഞ്ഞു.
ഇനാസിയുടെ ഹൃദയത്തിൽ ആത്മഹർഷത്തിന്റെ പൂക്കൾ വിരിഞ്ഞു.
സീരിമാഷ് ഇനാസിയോട് പറഞ്ഞു. ‘ഇഫ് യൂ ട്രൈ യൂകാൻ ബ്‌ളേസ് എ പേഴ്‌സണൽ ട്രയൽ ഇൻ മോഡേൺ ആർട്ട്! കൺഗ്രാജ്ജുലേഷൻസ്!’
വികാരം കൊണ്ടു വീർപ്പുമുട്ടിയ ഇനാസിയുടെ കണ്ണുകൾ നനഞ്ഞു.
അപ്പോഴാണ് ഒരാഘാതംപോലെ രാജശേഖരന്റെ ആക്ഷേപം ഉയർന്നത്.
‘ഇതു ഇനാസിയുടെ സ്വന്തം ഭാവനയല്ല. ഒരു റഷ്യൻ ചിത്രകാരന്റെ ഇതുപോലുളള ചിത്രം ഞാൻ കണ്ടിട്ടുണ്ട്. അതിന്റെയൊരു വികലമായ പകർപ്പാണിത്.’
ഇനാസി ഞെട്ടിപ്പോയി.
എന്തത്ഭുതമാണീ കേൾക്കുന്നത്?
അഭിനന്ദനങ്ങളുടെയും അസൂയയുടെയും തിളക്കംകണ്ട മുഖങ്ങളിൽ പൊടുന്നനെ പുച്ഛവും പരിഹാസവും നിഴലിക്കുന്നതുകണ്ട് ഇനാസി തളർന്നു.
സീരിമാഷ് ചോദ്യഭാവത്തിൽ ഇനാസിയുടെ നേരെ നോക്കി. ഇനാസി എഴുന്നേറ്റു നിന്നു പറഞ്ഞു.
‘ഇല്ല ഈ ചിത്രം എന്റെ സ്വന്തം സൃഷ്‌ടിയാണ്. ഒന്നിന്റെയും പകർപ്പല്ല. രാജശേഖരൻ വെറുതെ ആക്ഷേപിക്കരുത്. തെളിവും കൊണ്ടുവന്ന് ഇവിടെ കാണിക്കണം.’
‘ശരിയാണ്. രാജശേഖരൻ കണ്ട റഷ്യൻ ചിത്രം നാളെ കൊണ്ടുവരൂ.’ സീരിമാഷ് പറഞ്ഞു.
ക്ലാസ്സിൽ കുട്ടികളുടെ സംസാരത്തിന്റെ ആരവമുണർന്നു.
രാജശേഖരൻ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു.
അദ്ധ്യാപകനും കുട്ടികളും തന്നെ അഭിനന്ദിക്കുന്നതു കണ്ട്. സഹിക്കാനാകാതെ രാജശേഖരൻ വെറുതെ അസൂയ പറയുന്നതാണ്. വെറും നുണ, ഇനാസിയ്‌ക്കു സങ്കടം തോന്നി.
എല്ലാവരുടെയും മുന്നിൽവച്ച് രാജശേഖരൻ തന്നെ ആക്ഷേപിക്കാനും ചെറുതാക്കാനും ശ്രമിച്ചിരിക്കുന്നു. തന്നെ കളളനാക്കിയിരിക്കുന്നു. ഇനാസി എഴുന്നേറ്റു പറഞ്ഞുഃ
‘എന്റെ ചിത്രം പകർപ്പാണെന്ന് രാജശേഖരൻ നാളെത്തന്നെ ഇവിടെ തെളിയിക്കണം. അസ്സൽ ചിത്രം ഇവിടെ കൊണ്ടുവന്നു കാണിക്കണം. അത് തെളിയിക്കാൻ കഴിയാത്ത പക്ഷം എന്നെ ആക്ഷേപിച്ചതിനു പരസ്യമായി മാപ്പു പറയണം.’
രാജശേഖരൻ അതു സമ്മതിച്ചു.
ക്ലാസ്സ് ശാന്തമായി.
‘ഇന്നു നമുക്ക് ഒരാളെയിരുത്തി വരയ്‌ക്കാം.’ സീരിമാഷ് പറഞ്ഞു. ‘പറ്റിയ ഒരാളെ മോഡലായി വിളിച്ചു കൊണ്ടുവരൂ.’ ഇനാസിയോടാണ് മാഷ് ആവശ്യപ്പെട്ടത്.
ഇനാസി പുറത്തിറങ്ങി. ഗേറ്റിന് പുറത്ത് റോഡിനപ്പുറം ബീഡി-മുറുക്കാൻ-സർബ്ബത്ത് കടയുടെയടുത്ത് നാലഞ്ചുപേർ നനഞ്ഞ കോഴികളെപ്പോലെ നില്‌ക്കുന്നു. ഇനാസിയുടെ നോട്ടം കണ്ടപ്പോൾ അവർക്കു മനസ്സിലായി, കാര്യം.
‘വരക്കാനാളെ വേണോ?’ ഒരുവൻ ഓടിവന്നു.
ഇനാസി ഒന്നും മിണ്ടാതെ ഓരോരുത്തരെയും ശ്രദ്ധിക്കുകയായിരുന്നു. ഒരാൾ തൊഴിലില്ലാത്ത ഒരു ചുമട്ടുകാരൻ. മറ്റൊരാൾ ഒരു മന്തുരോഗി. വേറൊരാൾ താടിയും മുടിയും നീണ്ട ഒരു വൃദ്ധൻ. ആരെ വിളിക്കണമെന്നാലോചിക്കവെ…
‘ഞാൻ വരാം സാർ. എനിക്കിന്നു പണിയൊന്നുമില്ല.’
‘അയാളെ ഇന്നാളു വിളിച്ചോണ്ടുപോയി വരച്ചതാ.’
അപ്പോഴേക്കും ഒരു ഭിക്ഷക്കാരിതളളയും അവിടെയെത്തി. പാറിപ്പറന്ന തലമുടിയും കീറിപ്പറിഞ്ഞ വസ്‌ത്രങ്ങളും വാർദ്ധക്യത്തിന്റെ ചുളിവുകൾ പടർന്ന ശരീരവുമായി ദൈന്യഭാവത്തിൽ നില്‌ക്കുന്ന വൃദ്ധ.
‘മോനേ…!’ തളർന്ന ശബ്‌ദം. ദയനീയമായ നോട്ടം.
ഇനാസിയ്‌ക്ക് സഹതാപം തോന്നി. ഒപ്പം മോഡലിനെക്കുറിച്ച് നല്ലൊരഭിപ്രായവും. ഡീറ്റെയിൽസ് അധികമുണ്ടെങ്കിലും പഠിക്കാൻ നല്ലതാണ്.
‘അമ്മാമ്മ വരൂ.’
തളളയുടെ ചുളിവുകൾ പടർന്ന മുഖത്ത് പ്രത്യാശയുടെ മിനുക്കമുണ്ടായി. മറ്റുളളവർ പിറുപിറുത്തുകൊണ്ട് തിരിച്ചുപോയി. ഗേറ്റിന്റെ പടവുകറയുമ്പേൾ വൃദ്ധ പറഞ്ഞു.
‘വെശന്നിട്ട് വയ്യ മോനെ. വല്ലതും കഴിക്കാൻ…’
ഇനാസി വൃദ്ധയെ അടുത്തുളള ചായക്കടയിലേയ്‌ക്കു കൂട്ടിക്കൊണ്ടുപോയി ഇഡ്‌ഢലിയും സാമ്പാറും ചായയും വാങ്ങിക്കൊടുത്തു.
മോഡലായി ഇരിക്കുന്നതിനു പത്തുരൂപ കിട്ടും. ചിത്രം വരയ്‌ക്കുന്നവരുടെ താത്‌പര്യത്തിനൊത്ത് അനങ്ങാനെ, പ്രതിമപോലെ വളരെ സമയമിരിക്കണം. നല്ല ക്ഷമവേണം, അനങ്ങാതെ ഒരേയിരുപ്പിരിക്കുക വിഷമമാണ്. ഒരു നിവൃത്തിയുമില്ലാത്തവരാണ് മോഡലിരിക്കാൻ വരുന്നത്.
എങ്കിലും തന്റെ ചിത്രം പലരും പല പോസിൽ വരച്ചു കഴിയുമ്പോൾ കാണുന്നതൊരാനന്ദമാണ്. അതിൽ ഒന്നുപോലും അയാൾക്കു കിട്ടുകയുമില്ല.
മോഡൽ ക്ലാസ്സിന്റെ നടുക്ക് ഒരു സ്‌റ്റൂളിൽ വൃദ്ധയെ ഇരുത്തി. ഇരിപ്പിന്റെ പോസ് സീരിമാഷ് ശരിയാക്കി. വൃദ്ധയുടെ മുഖത്ത് വല്ലാത്ത പരിഭ്രമം. അവർ ആദ്യമായാണ് മോഡലിരിക്കുന്നത്.
കുട്ടികൾ ബോർഡിലെ പേപ്പറിൽ വൃദ്ധയുടെ സ്‌കെച്ച് പെൻസിൽകൊണ്ടു വരയ്‌ക്കാൻ തുടങ്ങി. എല്ലാ കണ്ണുകളും വൃദ്ധയുടെ നേരെ. ഹാളിൽ നിശ്ശബ്‌ദത പരന്നു. സമയം കടന്നുപോയി.
പെൻസിൽ സ്‌കെച്ചിനുമീതെ ജലച്ചായങ്ങൾ പടർന്നു വർണ്ണ വിന്യാസങ്ങളുടെ സംഗീതം നിശ്ശബ്‌ദമായി അവിടെയുയർന്നു.
വൈകുന്നേരമായപ്പോഴേയ്‌ക്കും വൃദ്ധയുടെ പല പോസുകളിലുളള, പല ആംഗിളുകളിലുളള ചിത്രങ്ങൾ ബോർഡുകളിൽ പൂർത്തിയായി.
വൃദ്ധയുടെ തനിമയും ജീവസ്സും തികഞ്ഞ ചിത്രം ഇനാസിയുടേതായിരുന്നു.
പുറത്തു വെയിൽ മങ്ങിയിരുന്നു.
ബോർഡിൽ പേപ്പർ നനച്ചിടാൻ വേണ്ടി ഉമ കിണറ്റിനരികിൽ നില്‌ക്കുന്നത് ഇനാസി കണ്ടു. സന്തോഷം തോന്നി. അയാൾ ബോർഡുമെടുത്ത് കിണറ്റിനടുത്തേയ്‌ക്ക് നടന്നു.
ഉമ തലയുയർത്തി നോക്കി. തുടുത്ത ചെഞ്ചുണ്ടിൽ മന്ദഹാസം വിരിഞ്ഞു. കണ്ണുകളിൽ ഏതോ അഭിലാഷ സായൂജ്യം തിളങ്ങി. കവിൾത്തടങ്ങളിൽ ലജ്ജയുടെ കുങ്കുമപ്പൂക്കൾ വിരിഞ്ഞു.
ഒരു കാന്തവലയത്തിലകപ്പെട്ടതുപോലെ രണ്ടുപേരിലും ആഹ്ലാദത്തിന്റെ വിഭ്രാന്തി ചിറകടിച്ചു. വീർപ്പുമുട്ടുന്ന വികാരങ്ങളുടെ സമ്പന്ന നിമിഷങ്ങൾ.
‘രാവിലെ ഉമയെന്നെ വല്ലാതെ വിഷമിപ്പിച്ചു.’ ഇനാസി പറഞ്ഞു.
‘അയ്യോ, ഞാനെന്തു ചെയ്‌തു?’ – അവൾക്ക് അമ്പരപ്പും ചിരിയും ഒപ്പംവന്നു.
‘ഞാൻ എട്ടരയ്‌ക്കു വന്നു കാത്തു നില്‌ക്കുകയായിരുന്നു.’
‘ഞാനിന്നൊരുങ്ങിയിറങ്ങിയപ്പോൾ ലേറ്റായി. കുരുത്തക്കേടിന് ഒരു ബസ്സ് സമയത്തിനില്ലാതേം വന്നു.’
ഇനാസിയുടെ ഹൃദയത്തിൽ ഒരു കുളിര് നിറയുകയായിരുന്നു. അവർ പരസ്പരം ദാഹാർത്തരായി നോക്കിനിന്നു. മൂകമായ നിമിഷങ്ങൾ മധുരമായ വാചാലതയിൽ നീണ്ടു.
‘എന്റെ ക്രിസ്മസ്സ് കാർഡ് കിട്ടിയില്ലേ?’
‘ഉം.’ – അവൾ ചിരിച്ചു.
‘ആ ചിത്രത്തെക്കുറിച്ചെന്തു തോന്നി?’
‘മനോഹരമായിരുന്നു. ആൺകിളിയുടെ വിഷാദം എന്തെന്നു മനസ്സിലായില്ല.’
‘അതു കിളിയ്‌ക്കല്ലേയറിയൂ. ഞാനെന്തു പറയാനാ?’
അവൾ അയാളുടെ കവിളത്തൊന്നു നുളളി. ഇനാസിയ്‌ക്കു കോരിത്തരിപ്പുണ്ടായി.
ഗ്ലാസ്സ് പേപ്പറിൽ പൊതിഞ്ഞു സൂക്ഷിച്ച ഒരു ‘പൊതി’ അയാൾ പാന്റ്‌സിന്റെ പോക്കറ്റിൽ നിന്നെടുത്ത് അവൾക്കുകൊടുത്തു.
അവൾ അത് ആകാംക്ഷയോടെ തുറന്നു. ക്രിസ്‌തുമസ്സ് കേക്കിന്റെ ഒരു കഷണം, ഒരു ലഡു, ഒരു കഷണം ഹലുവ.
‘എന്റെ സ്നേഹത്തിന്റെ ക്രിസ്‌തുമസ്സ് പങ്ക്.’
അവളുടെ മുഖം താമരപ്പൂപോലെ വിടർന്നു.
‘ക്രിസ്‌മസ്സ് രാത്രിയിൽ ഞാൻ ഇനാസിയെ സ്വപ്നം കണ്ടിരുന്നു.’ – അവൾ പറഞ്ഞു. കൺപീലികൾ പിടഞ്ഞു.
അയാൾ നിർവൃതിയോടെ അവളെ ഉറ്റുനോക്കി നിന്നു. അവൾ പറഞ്ഞു.
‘സർഗ്ഗത്തിൽ വന്ന ചിത്രം കണ്ടപ്പോൾ എനിക്കെത്ര അഭിമാനം തോന്നിയെന്നോ! ഞാൻ വീടിനടുത്തുളള പലരോടും പറഞ്ഞു, ഇനാസിയെക്കുറിച്ച്.’
‘അവർക്കൊക്കെ ഇഷ്‌ടായോ?’
‘ഉം. എന്റെ വർത്തമാനം കേട്ടിട്ടു തെക്കേലെ മൃണാളിനി ചോദിക്യാ, നിനക്ക് ഇനാസിയെ സ്‌നേഹാണെന്നു തോന്നുന്നല്ലോന്ന്!’
‘എന്നിട്ടെന്തു പറഞ്ഞു.’
‘ഞാൻ നാണിച്ചു ചിരിച്ചു.’
അയാൾ പേപ്പർ നനച്ചു ബോർഡിലിട്ടു. ഉമയുടെ പേപ്പറിൽനിന്നു വെളളം വാർന്നുപോയി വലിഞ്ഞു തുടങ്ങിയിരുന്നു.
‘ഞാൻ ഇനി ഹോസ്‌റ്റലിൽ താമസമാക്കാൻ തീരുമാനിച്ചു.’ അവൾ പറഞ്ഞു.
കാറ്റിൽ അവളുടെ മുടിയിഴകളും സാരിത്തലയും ഇളകിത്തുടിച്ചു.
‘കൊളളാം. എവിടെയാ?’
‘നിർമ്മല ഭവനിൽ.’
‘നന്നായി. ബദ്ധപ്പാടു കുറയുമല്ലോ.’
‘ദിവസോം യാത്രചെയ്‌തുമടുത്തു. ഒരു സ്വസ്ഥതേമില്ല. ആരോഗ്യോം പണോം സമയോം ഒക്കെ നഷ്‌ടം.’
‘എനിക്കിനി ഉമയെ കാണണമെന്നു തോന്നുമ്പോ ഹോസ്‌റ്റലിലേയ്‌ക്കു വന്നാ മതീല്ലോ.’
അവൾ ലജ്ജയോടെ ചിരിച്ചു. പെണ്ണിനു ലജ്ജ ആഭരണത്തിൽ പതിക്കുന്ന പ്രകാശമാണെന്നു തോന്നി.
‘ഞാൻ ക്രിസ്‌മസ്സ് പങ്ക് ചോദിക്കാനിരിക്കയായിരുന്നു.’ – അവൾ പറഞ്ഞു.
ഇനാസി പെട്ടെന്നെന്തോ ഓർത്തിട്ടെന്നപോലെ പറഞ്ഞു.
‘പണ്ട് വാൻഗോഗിനോട് അയാളുടെ കാമുകി ചോദിച്ചതുപോലെ വല്ലതുമായാൽ ഞാൻ ചുറ്റിയതുതന്നെ.’
ഉമയ്‌ക്കതു മനസ്സിലായില്ല. അവൾ അയാളുടെ മുഖത്തു കണ്ണുനട്ടു.
‘എന്നുവച്ചാൽ…’
‘വാൻഗോഗ് എന്ന ചിത്രകാരനെക്കുറിച്ച് കേട്ടിട്ടില്ലേ?’
‘ഉവ്വ്. ഭ്രാന്തൻ വാൻഗോഗ്, അല്ലേ?’
‘അതെ. അയാൾക്കൊരു കാമുകിയുണ്ടായിരുന്നു. വാൻഗോഗിന്റെ വലിയ ചെവികളോട് അവൾക്കു വലിയ കമ്പമായിരുന്നു. ഒരിക്കൽ അവൾ ക്രിസ്‌മസ്സ് സമ്മാനമായി ആവശ്യപ്പെട്ടത് ആ ചെവികളാണ്.’
‘എന്നിട്ട് അയാൾ കൊടുത്തോ?’ അവൾക്കു ചിരിവന്നു.
‘അന്നേരം വാൻഗോഗ് ഒന്നും മിണ്ടിയില്ല.’
‘പിന്നെ?’ അവളുടെ മുഖത്ത് ഉദ്വേഗം തെളിഞ്ഞു.
‘രണ്ടുദിവസം കഴിഞ്ഞപ്പോൾ വാൻഗോഗിന്റെ ക്രിസ്‌മസ്സ് സമ്മാനം അവൾക്കു കിട്ടി. ഒരു പൊതി. അടക്കാനാകാത്ത ആവേശത്തോടെ അതു തുറന്നുനോക്കിയപ്പോൾ അവൾ ഞെട്ടിപ്പോയി. ചോര വാർന്നൊഴുകുന്ന വലിയൊരു ചെവി!’
ഉമയുടെ കണ്ണുകളിൽ സംഭ്രമം; അവിശ്വാസ്യത.
‘എന്നിട്ട്?’
‘ചെവി വേണമെന്ന് അവൾ തമാശയ്‌ക്ക് പറഞ്ഞതായിരുന്നു. പ്രേമഭ്രാന്തു പിടിച്ച പാവം വാൻഗോഗിന് തമാശയും കാര്യവും തിരിച്ചറിയാൻ കഴിയാതെയായിക്കഴിഞ്ഞിരുന്നു. അവൾ ഓടിച്ചെന്നപ്പോൾ പാവം കാമുകൻ, അവളുടെ ഭ്രാന്തൻ വാൻഗോഗ് ചോര വാർന്നൊലിക്കുന്ന തലയുമായി ആശുപത്രിയിൽ ബോധമില്ലാതെ കിടക്കുകയായിരുന്നു.’
‘സത്യമാണോ ഈ കഥ?’ അവൾ വിശ്വസിക്കാൻ മടിച്ചു.
‘പിന്നല്ലാതെ! ഉമയും അങ്ങനെ വല്ലതും ചോദിച്ചാലോ എന്നായിരുന്നു പേടി.’ ഇനാസി ചിരിച്ചു.
‘ചോദിച്ചാലും ഇനാസി അങ്ങനെ ചെയ്യുമോ?’
‘ഞാനൊരു വാൻഗോഗായിരുന്നെങ്കിൽ…!’
‘ഭ്രാന്തൻ വാൻഗോഗ് തന്നെയാവണം.’
സ്വച്ഛമായ ആകാശം നോക്കി ഇനാസി നിന്നു. വെൺമേഘങ്ങൾ നീലാകാശത്തിലൂടെ ഉരുണ്ടും തെന്നിയും മെല്ലെ ഒഴുകുന്നു. താഴെ പോക്കുവെയിലിന്റെ സുവർണ്ണ ചുംബനങ്ങളിൽ നിർവൃതികൊളളുന്ന ചുവന്നു തുടുത്ത വാകപ്പൂക്കൾ.
ഉമ ഡ്രോയിംഗ് ബോർഡുമെടുത്ത് ക്ലാസ്സിലേയ്‌ക്കു നീങ്ങി. ഇനാസി സ്വപ്നങ്ങൾ വിടരുന്ന മനസ്സുമായി അവളെ നോക്കിനിന്നു. ജീവിതം സുന്ദരവും ധന്യവുമാണെന്നു തോന്നി.
അടുത്ത ദിവസം രാജശേഖരൻ വന്നില്ല. പിന്നീടു വന്നപ്പോഴും ഇനാസിയുടെ ചിത്രം കളവാണെന്നു തെളിയിക്കാൻ അയാൾക്കു റഷ്യൻചിത്രം കൊണ്ടുവരാൻ കഴിഞ്ഞില്ല. അതിനെക്കുറിച്ച് അയാൾ മൗനം ദീക്ഷിക്കുകയാണ് ചെയ്തത്.
‘കഴിവുളളവനോട് അസൂയപ്പെട്ട് ദുരാരോപണങ്ങൾകൊണ്ടു കരിതേച്ചു കാണിക്കുന്നത് സംസ്‌കാരമില്ലായ്‌മയാണ്.’ സീരിമാഷ് പറഞ്ഞു.
രാജശേഖരൻ മിണ്ടിയില്ല.
‘സൂര്യനെ മറച്ചുനിർത്താൻ കാർമേഘങ്ങൾക്ക് അധികസമയം സാധിക്കുകയില്ല എന്നൊരു ചൊല്ലുണ്ട്.’
ഇനാസിയ്‌ക്ക് ആത്മാഭിമാനം തോന്നി. അയാൾ രാജശേഖരനെക്കുറിച്ച് ഒന്നും പറഞ്ഞില്ല. പാവം! എന്ന ഒരു സഹതാപം മാത്രം തോന്നി.
Generated from archived content: vilapam10.html Author: joseph_panakkal