തൂമഞ്ഞിന്‍ ശകലങ്ങള്‍
പൊഴിയുകയായ്,
ഹേമന്ത പുതുമഴയായ്.
തൂവെള്ള പൂവിതളുകള്‍
പോലവനിറയുകയായ്.
പുല്‍ നാമ്പുകളില്‍,
പുല്‍തകിടികളില്‍.
തൂമഞ്ഞിന്‍ ശകലങ്ങള്‍,
ഹേമന്തപെരുമഴയായ്
പാറിപ്പതിയുകയായ്,
അപ്പൂപ്പന്‍ താടികള്‍പോല്‍-
പറ്റിപടരുകയായ്
മേല്‍ക്കൂരകളില്‍.
വൃക്ഷചില്ലകളില്‍,
തെരുവീഥികളില്‍,
കാട്ടില്‍ മേട്ടില്‍,
ചെറുകാറ്റേറ്റവ,
പാറിനടന്നു പാരിടമാകെ.
എന്നിലെയുണ്ണിയുണരുകയായി.
മഞ്ഞിന്‍ കണികകള്‍
നാവാല്‍ നൊട്ടിനുണക്കാന്‍.
മഞ്ഞിന്‍ മാനുഷനെയുണ്ടാക്കാന്‍.
മഞ്ഞിന്‍ കട്ടകളില്‍
തട്ടിചാടിനടക്കാന്‍
എന്നിലെയുണ്ണിയുണരുകയായി.
ഇറങ്ങിനടന്നു ഹിമമഴയില്‍ ഞാന്‍,
മഞ്ഞിന്‍ കണികകള്‍
നാവിന്‍ തുമ്പിലലിഞ്ഞു നനയുന്നു.
കോട്ടണ്‍ കാന്‍ഡികള്‍ പോലെ,
മഞ്ഞിന്‍പൂവേ കുഞ്ഞിപ്പൂവേ,
എന്തൊരുചന്തം നിന്നെക്കാണാന്‍-
എന്തൊരുചന്തം നിന്നെക്കാണാന്‍.
വെള്ളപുതച്ചൊരു-
വെണ്മണല്‍ തീരം-
പോലെ.
പഞ്ഞിനിറച്ചൊരു തലയിണ-
പൊട്ടിപ്പാറിയപോലെ,
പുത്തന്‍ മഴയിലരിക്കൂണുകള്‍-
പൊട്ടിവിരിഞ്ഞതുപോലെ,
തൂവാനതുമ്പികള്‍-
പാറിനടക്കും പോലെ,
മാനത്തെ-
മാലാഘകുഞ്ഞുങ്ങള്‍,
കുഞ്ഞിതലയിണകള്‍-
പൊട്ടിച്ചങ്ങുകളിക്കുകയാണോ?
വെണ്‍ മേഘചെമ്മരിയാടുകള്‍-
രോമക്കെട്ടുപൊഴിക്കുകയാണോ?
വീണ്ടും വരുമോ-
മഞ്ഞിന്‍ മഴയേ,
ഹേമന്തപുതുമഴയായ്-
കുളിരണിയിക്കാന്‍?
മേഘപ്പൂവേ-
ഹൈമവതപ്പൂവേ-
ആകാശക്കൊമ്പില്‍ പൂക്കും-
തുമ്പപ്പൂവേ.
കുഞ്ഞികാലടിവച്ചീ-
തിരുമുറ്റം മൂടാന്‍,
വരുമോ വീണ്ടും നീ-
വരുമൊ വീണ്ടും നീ?
Generated from archived content: poem2_may26_12.html Author: joseph_nambimadam