ചലനപഥങ്ങളിൽ
വിരസതയുടെ വഴുക്കൽ വീഴ്‌ത്തി
ഇഴഞ്ഞു നീങ്ങുന്ന
നശിച്ച ഒരൊച്ചിനെപ്പോലെ,
മന്തുകാലിലിഴയുന്ന ആമയെപ്പോലെ,
ഇഴയുന്ന, ആ കൊച്ചുസൂചി
എന്നെ
വല്ലാതെ അലോസരപ്പെടുത്തുന്നു.
സമയത്തെ എങ്ങനെയാണ് കൊല്ലുക?
ബാത്ത്‌ടബ്ബിലെ ഇത്തിരിജലാശയത്തിൽ
മുഖമാഴ്‌ത്തി
ശ്വാസംനിലയ്‌ക്കുംവരെ മുക്കുക?
പായൽമൂടിയ തടാകത്തിന്റെ
നിശ്ചലതയിലാഴ്‌ത്തുക?
അലയടങ്ങാത്ത ആഴിയുടെ
അടിയിലേക്കെറിഞ്ഞുകളയുക?
സീലിംഗ്‌ഫാനിൽ
ഒരു കുടുക്കിട്ട് കെട്ടിത്താഴ്‌ത്തുക?
അംബരചുംബിയായ
ഗോപുരത്തിന്റെ മുകളിൽ നിന്ന്
താഴേക്കെറിയുക?
പായൽമൂടിയ തടാകത്തിന്റെ
നിശ്ചലതയാണ് ഇവനു ചേരുക.
അവന്റെ
നീണ്ട ഇരട്ടസൂചികൾ
പിന്നിൽ പിണച്ചുകെട്ടി
മുഖത്തൊരു കറുത്ത തൂവാലകെട്ടി
പായൽമൂടിയ ആ നിശ്ചലതടാകത്തിൽ.
അവനെ ഞാൻ മുക്കി
കണ്ണ് പുറത്തും ചാടുംവരെ
ശ്വാസം നിലയ്‌ക്കുംവരെ.
ഘടികാരത്തെ തടാകത്തിൽ മുക്കി
സമയത്തിന്റെ കഴുത്തു ഞെരിച്ച്
രക്തം പുരണ്ട കൈകളുമായി
കിടക്കമുറിയിൽ ഞാൻ തിരിച്ചെത്തി.
അവിടെ
കമ്പ്യൂട്ടർ സ്‌ക്രീനിന്റെ മൂലയിൽ
സെൽഫോണിന്റെ കൊച്ചുസ്‌ക്രീനിൽ
അവൻ ഇഴഞ്ഞുനടക്കുന്നു!
നശിച്ച ഒരൊച്ചിനെപ്പോലെ
ചീർത്ത ആമയെപ്പോലെ
ആ കൊച്ചുസൂചി
ആ പോക്കിരി
അവൻ മരണാർഹൻ
എങ്കിലും
മരണമില്ലാത്തവൻ.
Generated from archived content: poem1_mar19_08.html Author: joseph_nambimadam
Click this button or press Ctrl+G to toggle between Malayalam and English