എന്റെ യാഗാശ്വത്തെ
ഞാനഴിച്ചു വിട്ടു
അശ്വമേധത്തിനല്ല
ദിഗ്‌വിജയങ്ങൾക്കുമല്ല
നെറ്റിയിലെ ജയപത്രമഴിച്ചുമാറ്റി
പാർശ്വദൃഷ്‌ടികൾ മറയ്‌ക്കുന്ന
കറുത്ത കണ്ണട എടുത്തു മാറ്റി
അതിനെ ഞാൻ സ്വതന്ത്രനാക്കി.
എന്റെ പ്രിയപ്പെട്ട അശ്വമേ
അശ്വമേധയാഗങ്ങൾ
രാജസൂയങ്ങൾ
യജ്ഞശാലകൾ
ദിഗ്‌വിജയങ്ങൾ
ഹോമകുണ്ഡങ്ങൾ
ഹവിസ്സിൻ നന്മണം
മുന്നോട്ടു മാത്രം കാണുന്ന ദൃഷ്‌ടികൾ
പടഹധ്വനികൾ
പ്രപഞ്ചമാകെ പ്രതിധ്വനിക്കുന്ന
കുളമ്പടികൾ
ദൂതൻസഞ്ചാരവേളയിൽ
പിറകോട്ടു പാറിക്കളിക്കുന്ന
കുഞ്ചിരോമങ്ങൾ
കീഴടക്കിയരാജ്യങ്ങൾ, രാജാക്കന്മാർ
എല്ലാം മറക്കുക
നേടിയവയൊക്കെയും മറക്കുക
നേടാനാവാത്തവയും മറക്കുക.
* * * *
പ്രിയപ്പെട്ട അശ്വമേ യാത്രയാകുക
ഇനിയുള്ള നാളുകൾ നിനക്കു സ്വന്തം
യഥേഷ്‌ടം സഞ്ചരിക്കുക
പച്ചപ്പുൽപ്പുറങ്ങളിൽ മേഞ്ഞു നടക്കുക
സ്വച്ഛജലാശയങ്ങളിൽ നിന്നു കുടിക്കുക
ചാവാലികുതിരകളുമായി സംഗമിക്കുക
കോവർ കഴുതകളുമായി കൂട്ടുചേരുക
മഴയുടെ മിഴിനീരിൽ ഈറനണിയുക
മിന്നാമിനുങ്ങുകളെ
അന്തിവെട്ടകൂട്ടുകാരാക്കുക
മൂടൽമഞ്ഞിന്റെ പുതപ്പിലുറങ്ങുക
ലബനോനിലെ
ദേവദാരുമരങ്ങൾക്കിടയിലൂടെ
അലസ സവാരിനടത്തുക
ഷാരോണിലെ
പനിനീർപ്പൂക്കളുടെ
സുഗന്ധം നുകരുക
എൻഗെദിയിലെ
മുന്തിരിത്തോപ്പുകളിൽ അലയുക
കേദാറിലെ
കൂടാരങ്ങളിൽ അന്തിയുറങ്ങുക
ഗ്രാമങ്ങളിൽ രാപ്പാർക്കുക
രാവിലെ
വയലുകളിലേക്കു പോകുക
മുന്തിരിമൊട്ടിട്ടോ എന്നും
മുന്തിരിപ്പൂക്കൾ വിടർന്നോ എന്നും
മാതളനാരകം
പൂവിട്ടോ എന്നും അന്വേഷിക്കാം
അവിടെവച്ച്
പ്രിയപ്പെട്ടവൾക്ക് നിന്റെ പ്രേമം പകരാം
അവളുടെ അധരം
ചുംബനം കൊണ്ടു പൊതിയാം
അവളുടെ പ്രേമം
വീഞ്ഞിനേക്കാൾ ലഹരിയുള്ളത്
ആനന്ദിച്ചുല്ലസിക്കുക
ഇലകളുടെ മർമ്മരം കേട്ട്
അലസനിദ്രയിലാഴുക
കിളികളുടെ സംഗീതം കേട്ടുമയങ്ങുക
പുലരിവെട്ടം കണ്ടുണരുക
അന്തിവാനച്ചോപ്പ് കണ്ടാനന്ദിക്കുക.
പോകൂ പ്രിയപ്പെട്ട യാഗാശ്വമേ
യാത്രമംഗളങ്ങൾ
ഇനിയുള്ള നാളുകൾ
നിനക്കു സ്വന്തം.
ഇതിൽ ഉപയോഗിച്ചിരിക്കുന്ന ചില വാക്കുകൾക്കും വരികൾക്കും ബൈബിളിന്റെ ഉത്തമ ഗീതത്തോട് കടപ്പാട്.
Generated from archived content: poem1_july16_10.html Author: joseph_nambimadam