ജീവിതത്തിന്റെ എല്ലാ നിർണ്ണായകമായ വേളകളിലുമെന്നപോലെ, യാത്രയുടെ ഒരുക്കങ്ങളിലെ അവസാനഘട്ടമായ ഭാണ്ഡം മുറുക്കുമ്പോഴും ആറ്റകോയ ഒറ്റക്ക്. ഇതിനെക്കുറിച്ച് അയാൾ ആത്മഗതം ചെയ്‌തത് ഇങ്ങനെഃ ഇത്രത്തോളം ഒറ്റയ്‌ക്കായിരുന്നു. ഇനി മടങ്ങിപ്പോക്കിന്റെ നേരത്തേക്കായി ഒരു മാറ്റം വേണ്ട.
അതൊരു വെളളിയാഴ്‌ച അല്ലാതിരുന്നതിനാൽ, റൂമിലെ അന്തേവാസികളെല്ലാം ജോലിയിലായിരുന്നു. ഗൃഹാതുരതയുടെ ഒരു വേലിയേറ്റത്തിനായി എയർപോർട്ട് വരെ അയാളെ അനുഗമിക്കാൻ കൊതിച്ചവരവർ.
യാത്ര പൊതുവൊഴിവു ദിനമായ വെളളിയാഴ്‌ചയിലേക്ക് മാറ്റണമെന്ന അവരുടെ ആഗ്രഹം ആറ്റകോയ സ്‌നേഹപൂർവ്വം നിരസിച്ചു. നാട്ടിൽ പോയിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഒരുദിവസം നേരത്തെ ചെല്ലാൻ കഴിയുമെങ്കിൽ അതല്ലേ നല്ലത്. നാടും നാട്ടാരുമൊക്കെ ഒരു മുൻജന്മത്തിലെന്നപോലെ തോന്നിക്കുന്നു. അവസാന വാചകം ആരോടുമെന്നില്ലാതെ അയാൾ പറഞ്ഞു.
എങ്കിലും സാധനങ്ങളെല്ലാം കുത്തി നിറച്ച പഴയ കാർഡ് ബോർഡിൽ കുരുക്കിട്ട് കെട്ടുമ്പോൾ, ഒരാൾ കൂടി സഹായത്തിനുണ്ടായിരുന്നെങ്കിലെന്നു ആറ്റകോയ ആഗ്രഹിച്ചു പോയി. വാതിൽ തുറന്നു പുറത്തേക്ക് നോക്കിയെങ്കിലും ചെമ്പ് ഉരുകി വീഴുന്നതുപോലെയുളള വെയിൽ അല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. വെയിൽ നല്ലതുതന്നെ എന്നു അയാൾ കണ്ടു.
നൂറുകണക്കിനു പോർട്ടാ ക്യാബിനുകൾ അടയിരിക്കുന്ന ലേബർ ക്യാമ്പ് തീർത്തും വിജനം. പതിറ്റാണ്ടുകൾ അവിടെ താമസിച്ചിട്ടും, ആ പ്രദേശം അപരിചിതമായി ആറ്റകോയക്കപ്പോൾ തോന്നി. പകൽ വെളിച്ചത്തിൽ ഈ ക്യാമ്പ് കാണാൻ തനിക്ക് അപൂർവ്വമായെ കഴിഞ്ഞിട്ടുളളുവെന്നു അയാൾ ആദ്യമായി ഓർത്തു. വെളുപ്പിന് അഞ്ചുമണിക്ക് പുറപ്പെടുന്ന മഞ്ഞനിറമുളള ബസിൽ കയറി 601-ാം സൈറ്റിലേക്ക് പോകുന്ന അയാൾ റൂമിൽ തിരികെയെത്തുന്നത് ഇരുൾ ഉണരുമ്പോഴായിരുന്നു. വെളളിയാഴ്‌ചകളിലും കൂടുതൽ പണമുണ്ടാക്കാൻ വേണ്ടി ജോലി ചെയ്‌തു. പതിറ്റാണ്ടുകളിലേക്ക്, കീ കൊടുത്തുവെച്ച യന്ത്രത്തെപോലെ… ശാരീരികമായ അവശത തോന്നിച്ച വിരലിലെണ്ണാവുന്ന അവസരങ്ങളിൽ, പരദേവതകളെ പ്രാർത്ഥിച്ചു തലവഴി മൂടിപ്പുതച്ചു കിടന്നു. അന്നും പുറംകാഴ്‌ചകൾ അന്യം.
വെയിൽചീളുകളിൽ നിന്നു രക്ഷനേടാൻ വേണ്ടി, വലംകൈകൊണ്ടു കണ്ണിനു മീതെ വലയം തീർത്ത് ആറ്റകോയ വീണ്ടും ദൂരേക്കു കണ്ണുകൾ പായിച്ചു. ക്യാമ്പ് ബോസിന്റെ ഇസുസി പിക്കപ് ദൂരെ മിന്നുന്നു. ഏതാനും മിനിട്ടുകൾക്കകം അത് തന്നെ എയർപോർട്ടിലേക്ക് കൂട്ടികൊണ്ടുപോകാൻ എത്തുമെന്നോർത്തപ്പോൾ, സിരകളിൽ ഉന്മാദം കത്തി. ഒരുക്കങ്ങളെല്ലാം നൊടിയിടയിൽ പൂർത്തിയായി.
പതിറ്റാണ്ടുകൾ അന്തിയുറങ്ങിയ മണലാരണ്യത്തിലെ പോർട്ടാ ക്യാബിന്റെ പടിയിറങ്ങുമ്പോൾ അയാൾ മനസ്സിന്റെ കോണുകളിൽ നിന്ന് രണ്ടുതുളളി കണ്ണുനീർ വീഴ്‌ത്താൻ ശ്രമിച്ച് പരാജയപ്പെട്ടു.
ഇവിടെ പിന്നിട്ട പതിറ്റാണ്ടുകളെ കുറിച്ച് ആലോചിക്കുമ്പോൾ എന്തു തോന്നുന്നു. ഡ്രൈവർ ടി വി ചാനലിന്റെ റിപ്പോർട്ടറെ അനുസ്‌മരിപ്പിക്കും വിധം ചോദിച്ചു.
എന്തുതോന്നാൻ… എനിക്കു ഒന്നും തോന്നണില്ല. എത്രയും പെട്ടെന്ന് നാട്ടിലെത്തിയാൽ മതിയെന്നാണ് എനിക്കു തോന്നുന്നത്. എയർപോർട്ടും കസ്‌റ്റംസും മറ്റു കടമ്പകളൊന്നുമില്ലാതെ നാട്ടിൽ എത്താൻ എന്തു വഴിയെന്നാണ് ഞാനിപ്പോൾ ആലോചിക്കുന്നത്. നിനക്ക് എന്തെങ്കിലും ഉപായമറിയാമെങ്കിൽ പറയ്. ഒരർത്ഥത്തിൽ ഞാനെന്നും മുന്നിലുളളതിനെ മാത്രമെ കണ്ടിരുന്നുളളൂ. ഊണിലും ഉറക്കത്തിലും നടന്നു തീർക്കേണ്ട കാതങ്ങളെ കുറിച്ചായിരുന്നു എന്റെ ചിന്ത. പിന്നിട്ട വഴികൾ തീ പിടിച്ചതായിരുന്നു. എന്നും.
ഉഷ്‌ണക്കാറ്റ് ചീറിയടിക്കുന്ന മണൽ കാടുകളിലേക്ക് നോക്കിയിരിക്കുമ്പോൾ എത്ര ശ്രമിച്ചിട്ടും ചിന്തകൾ പടരുന്നത് ആറ്റകോയ അറിഞ്ഞു. കോഴിക്കോട്ടു നിന്നും ചരക്കു കയറ്റിയ പത്തേമാരിയിൽ വാഗദത്ത ഭൂമിയിലേക്ക് പതിറ്റാണ്ടുകൾക്കപ്പുറത്തു നടത്തിയ യാത്ര പെരുമഴയായി അയാളിൽ പെയ്യാൻ തുടങ്ങി.
ചുറ്റിലും മുൻ പരിചയമില്ലാത്തവരായിരുന്നു. എന്നു കര പറ്റുമെന്നറിയാതെ, രാവും പകലും നീളുന്ന യാത്ര. ബാഗിലെ ഭക്ഷണ സാധനങ്ങൾ തീരുമ്പോൾ ഉപ്പുവെളളം കുടിച്ച് വിശപ്പകറ്റിയ ദിനരാത്രങ്ങൾ. ക്ഷീണം കൊണ്ട് കണ്ണു കൂമ്പിയപ്പോൾ പത്തേമാരിയുടെ അരികുകളിൽ തട്ടുന്ന സ്രാവുകളെ കണ്ട് പേടിച്ചരണ്ടവരുടെ നിലവിളി.
വിശപ്പും കടൽ ചൊരുക്കും കാരണം, പാതി വഴിയിൽ മരിച്ചത് യാത്രക്കിടയിൽ അയാൾക്ക് ലഭിച്ച ആദ്യ സുഹൃത്തു തന്നെയായിരുന്നു. തനിക്കു മുതിർന്ന രണ്ടു പെങ്ങമ്മാരുടെ വിവാഹത്തിനും, മാനസിക രോഗിയായ അമ്മയുടെ ചികിത്സക്കും ആവശ്യമായ പണം സ്വരൂപിക്കാനാണ് തന്റെ യാത്രയെന്നു നക്ഷത്രങ്ങൾ പ്രകാശം പൊഴിച്ചു കൊണ്ടിരുന്ന ആദ്യ രാത്രിയിൽ അയാളോടു അവൻ പറഞ്ഞിരുന്നു. കടലിന്റെ പൊൻത്തിളക്കങ്ങളിലേക്ക് നോക്കിയിരുന്ന അവൻ ഭാവിയെ കുറിച്ചോർത്തു ഉറങ്ങാറില്ലായിരുന്നു. വീടിനെക്കുറിച്ചോർത്ത് ഉണ്ണാറുമില്ലായിരുന്നു.
ദുർഗന്ധം വമിക്കാൻ തുടങ്ങിയ മൃതദേഹം, തിമിംഗലങ്ങളുടെ വായിലേക്ക് എറിഞ്ഞു കൊടുക്കുമ്പോൾ ആറ്റകോയ തന്റെ പ്രയാണത്തിലാദ്യവും അവസാനവുമായി കരഞ്ഞു. നനഞ്ഞു കുതിർന്ന അവന്റെ സ്വപ്‌നങ്ങളിൽ നിന്ന് വായു കുമിളകൾ ഒരു നിമിഷത്തേക്ക് ജലോപരിതലത്തിൽ പൊന്തി.
ആദ്യം വന്ന അവധിക്കാലത്ത് ആറ്റകോയ അവന്റെ സ്വദേശമായ ആറാട്ടുപ്പുഴയിൽ പോയി. വീട്ടുപേർ അവൻ പറഞ്ഞിരുന്നില്ല. അതുകൊണ്ട് കവലയിലെ ചായക്കടയിലും, ഇടവഴിയിൽ കണ്ട നാട്ടുകാരോടും വിവരം പറഞ്ഞ് അന്വേഷിച്ചു. പക്ഷേ ഫലമുണ്ടായില്ല. മടക്കയാത്രയിൽ അയാൾക്കു കുറ്റബോധം തോന്നി. അവനോട് വീട്ടുപേർ ചോദിക്കാതിരുന്നത് അപാരമായ പിഴ. കൂടുതൽ കുഴിച്ചപ്പോൾ മങ്ങിപോയ കിണർപോലെ സ്ഥലത്തെക്കുറിച്ചും ഒരു വിഭ്രാന്തി. ആറാട്ടുപ്പുഴയോ… തൃക്കുന്നപ്പുഴയോ, അതോ ആലപ്പുഴയോ..
പത്തേമാരി ദിശ തെറ്റി കറങ്ങി തിരിഞ്ഞ് നിന്നത് മല നിരകൾ നിറഞ്ഞ പ്രദേശത്തായിരുന്നു. പാറക്കൂട്ടങ്ങളിൽ പിടിച്ചു കയറി. കളളിമുളളുകളിൽ തട്ടി ദേഹം കീറി മുറിയുമ്പോഴും, നഗരത്തിലേക്കുളള വഴിയിൽ വിശപ്പും ദാഹവും കൊണ്ടു തളർന്നു വീഴുമ്പോഴും ആറ്റകോയ കരഞ്ഞില്ല.
വേഷങ്ങൾ ഏറെ കെട്ടിയാടി. പഠാണികളൊടൊപ്പം, കെട്ടിടം പണിക്ക് സഹായി. നാട്ടിൽ നിന്നെത്തിയ കപ്പയും പച്ചക്കറികളും വിൽക്കുന്ന ബക്കാലയുടെ ഉടമസ്ഥൻ. പഴയ ഫർണീച്ചർ വിൽക്കുന്ന സ്ഥാപനത്തിലെ സെയിൽസ്‌മാൻ. മെയിൻ മാർക്കറ്റിൽനിന്ന് മീനും പച്ചക്കറികളും വാങ്ങി വിദൂരമായ കൊച്ചുഗ്രാമങ്ങളിലെ ചെറിയ ഷോപ്പുകളിൽ വിതരണം ചെയ്യുന്ന വാൻ സെയിൽസ്‌മാൻ. ഏറ്റവും ഒടുവിൽ ഷൊവൽ ഒപ്പറേറ്റർ. ക്രൈയിനിന്റെയും.
എന്നും അന്നന്നത്തെ അപ്പം ഏറെ അധ്വാനിച്ചാണ് ഉണ്ടാക്കിയത്. ബാങ്കിലെ വർദ്ധിച്ചു വരുന്ന ബാലൻസിനു രക്തത്തിെൻയും വിയർപ്പിന്റെയും പശിമ.
തുച്ഛമായ വരുമാനത്തിൽ നിന്നു മിച്ചം വെച്ചു തന്നെയാണ് നാട്ടിലേക്ക് തുക അയച്ചു കൊണ്ടിരുന്നത്. ആവശ്യങ്ങളുടെ കനം വർദ്ധിച്ചു വന്നപ്പോൾ നാട്ടിലേക്കുളള യാത്ര വർഷങ്ങളായി മുടങ്ങി. അവധിക്കാല ശമ്പളത്തിന്റെയും, ടിക്കറ്റിന്റെയും പണം മുൻകൂർ വാങ്ങി നാട്ടിൽ അയച്ചു. എട്ടു മണിക്കൂറിൽ കൂടുതൽ ജോലി ചെയ്‌തു.
വീട്ടിലാരൊക്കെയുണ്ട്….
ലേബർ ക്യാമ്പിൽ നിന്നുളള വീതി കുറഞ്ഞ റോഡിൽ നിന്നും മെയിൻ നിരത്തിലേക്കു പ്രവേശിക്കവെ ഡ്രൈവർ തിരക്കി.
എല്ലാരും.
ബന്ധുക്കളുടെയെല്ലാം മുഖങ്ങൾ ഒരു ചരടിൽ ബന്ധിച്ചു കൊണ്ട് ആറ്റകോയ പറഞ്ഞു. അയാളുടെ മുഖമപ്പോൾ സന്തോഷം കൊണ്ടു വിടർന്നു.
കണ്ടാൽ തിരിച്ചറിയുമല്ലോ, നാട്ടിൽ പോയിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്ന സ്ഥിതിക്ക്…
ഡ്രൈവർ ഏറുകണ്ണിട്ട് അയാളെ നോക്കി.
എന്നാണ് നാട്ടിൽ അവസാനമായി പോയതെന്ന് കൃത്യമായി ആറ്റകോയക്കോർമ്മയുണ്ടായിരുന്നില്ല. ഓർമ്മകളുടെ വഴിത്താരകളിൽ മഞ്ഞും കൺസ്‌ട്രക്ഷൻ സൈറ്റിലെ മണ്ണും പുതഞ്ഞു കിടക്കുന്നു.
കലണ്ടറുകൾ ഉപയോഗിക്കുന്ന ശീലമില്ലാത്തതുകൊണ്ട് കൃത്യമായ തീയതികളും ആണ്ടുകളും ഓർമ്മയിലുണ്ടായിരുന്നില്ല. ഏതെങ്കിലും ദിനങ്ങൾ പ്രത്യേകമായി പരിഗണിക്കത്തക്കതായോ ആഘോഷിക്കത്തക്കതായോ അയാൾക്ക് ഇതുവരെ തോന്നിയിട്ടില്ല. ദിവസങ്ങൾക്കും ചാതുർവർണ്ണ്യമോ… എന്തു കഷ്‌ടം…
എയർപോർട്ടിലേക്കുളള വഴിയെ വന്നിട്ട് വർഷങ്ങൾ ഏറെ കഴിഞ്ഞിരുന്നുവെന്നു മാത്രം ആറ്റകോയ അറിഞ്ഞു. ആരെയെങ്കിലും എതിരേൽക്കാനോ, യാത്രയാക്കാനായിട്ടു പോലും ഈ വർഷങ്ങളിലൊന്നിൽ എയർപോർട്ടിൽ പോയിട്ടില്ല.
ഒരിക്കൽ മാത്രം നാം യാത്ര ചെയ്യുന്ന ചില വഴികളുണ്ട്. അക്കൂട്ടത്തിൽ ഇതും പെടും. ഡ്രൈവർ ആ വാക്കുകളുടെ അർത്ഥമറിയാതെ അയാളെ തിരിഞ്ഞു നോക്കി.
ഇരുട്ടു പരന്നു കഴിയുമ്പോൾ മാത്രമായിരുന്നു കൺസ്‌ട്രക്‌ഷൻ സൈറ്റിൽ നിന്നു മടങ്ങി വന്നിരുന്നത്. ഓവർ റ്റൈം ചെയ്യുന്ന തൊഴിലാളികളെ കൊണ്ടുവരുന്ന അവസാന ബസിൽ. ലേബർ ക്യാമ്പിലെത്തിയാൽ, സഹപ്രവർത്തകർ പൊതുമെസ്സ് ഹാളിലേക്ക് പോകുമ്പോൾ ആറ്റകോയ ആഹാരമുണ്ടാക്കുന്ന തിരക്കിലാണ്ടു.
നൂറിൽപരം ആളുകൾക്ക് വേണ്ടി ഉണ്ടാക്കുന്ന മെസ്സിലെ ആഹാരം അജീർണ്ണമുണ്ടാക്കുമെന്നു അയാൾ ഭയന്നു. ദീനമായി കിടപ്പായാൽ ആരും നോക്കാനില്ലെന്ന യാഥാർത്ഥ്യം അയാൾ എപ്പോഴും ഓർമ്മിച്ചു. മുറതെറ്റാതെ അനുഷ്‌ഠിക്കേണ്ട കാര്യങ്ങൾ, മനഃസാക്ഷി വിലോപം കൂടാതെ ഉപദേശിച്ചു കൊണ്ടിരുന്നു.
ന്താത്ര പണി? നാഴിയരി തിളക്കാൻ എത്ര സമയം വേണം. ചിക്കനും മോരും ആഴ്‌ചയിലൊരിക്കൽ ഉണ്ടാക്കി ഫ്രിഡ്‌ജിൽ സൂക്ഷിച്ചാൽ മതിയല്ലോ.
സ്വന്തമായി ആഹാരം വെക്കുന്നത് ബുദ്ധിമുട്ടായി കരുതിയ സുഹൃത്തുക്കളോട് ആറ്റകോയ വിശദീകരിച്ചു.
എത്രയൊക്കെ മുൻകരുതലുകൾ എടുത്തിട്ടും, ഒടുവിൽ അയാൾ പെട്ടുപ്പോയി. അന്താരാഷ്‌ട്ര നിലവാരമുളള സ്‌റ്റേഡിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സൈറ്റിൽ ജോലിയിലായിരിക്കുമ്പോഴാണ് ഇടതു നെഞ്ചിലൊരു തിരണ്ടി പിടഞ്ഞത്. രണ്ടാമത്തെ പിടച്ചലിൽ രണ്ടരമീറ്റർ ഉയരത്തിലുളള ക്രയിനിന്റെ സീറ്റിൽ നിന്നും അയാൾ താഴേക്ക് തെറിച്ചു വീണു.
ചിട്ടയല്ലാത്ത ഭക്ഷണം… വ്യായാമമില്ലായ്‌മ.. ദുർമേദസ്സ് ഇവയൊക്കെ സ്‌ട്രോക്കിനു കാരണമായിട്ടുണ്ട്. നാട്ടിൽ പോയി ഒരു വിശ്രമജീവിതം നയിക്കേണ്ടുന്നതിനെക്കുറിച്ച് നിങ്ങൾ സീരിയസായി ആലോചിക്കേണ്ടിയിരിക്കുന്നു. ജീവിതത്തിന്റെ വെയിൽ ഏറ്റിട്ടില്ലാത്ത ചെറുപ്പക്കാരൻ ഡോക്‌ടർ ആറ്റകോയയുടെ മുഖത്തു നോക്കി നിഷ്‌കരുണം പറഞ്ഞു. ശീതികരണയന്ത്രം വന്യമൃഗത്തെപ്പോലെ പിന്നിൽനിന്ന് കയർക്കുന്നുണ്ടായിരുന്നു.
ആറ്റകോയ തന്റെ പഴയ സ്യൂട്ട്‌കേസിൽ വേവലാതിയോടെ വീട്ടിലെ ടെലഫോൺ നമ്പർ തിരഞ്ഞു. നിർഭാഗ്യവശാൽ അതു കണ്ടു കിട്ടിയില്ല. ഏതാനും നാളുകൾക്ക് മുമ്പുവരെ അതു കാണാപാഠമായിരുന്നു. അതുകൊണ്ടു എവിടെയാണ് കുറിച്ചതിനെപ്പറ്റി വ്യാകുലപ്പെടേണ്ടതില്ലായിരുന്നു. ഇന്നിപ്പോൾ അതൊരത്യാവശ്യമായപ്പോൾ ടെലഫോൺ നമ്പരും ബാങ്ക് അക്കൗണ്ട് നമ്പരും മറ്റുമടങ്ങിയ ആ പഴയ ഡയറി കാണാനില്ല.
മറ്റു മുന്നറിയിപ്പുകൾക്ക് ഇടമുണ്ടായിരുന്നില്ല.
അയാൾ നാട്ടിലേക്ക് തിരിച്ചു.
കവലയിൽ നിന്നു ഇടത്തോട്ടുളള തിരിവിൽ പുഴ. പുഴ കടന്നു വലതു വശത്തുളള ആറാമത്തെ വീട്. കുമ്മായം തേച്ചത്. സുഹാന മൻസിൽ. അയാൾ പിൻസീറ്റിൽ നിന്നു മുന്നോട്ട് ആഞ്ഞ് വിൻഡോ ഗ്ലാസ്സിലൂടെ പുറത്തെ മായാദൃശ്യങ്ങൾ കാണുന്നതിനിടെ ഡ്രൈവർക്കു നിർദ്ദേശം നൽകി. പെട്ടന്നു ഉടൽ ചലിക്കുമ്പോൾ നെഞ്ചിൽ നൊമ്പരപുഴയുടെ ചാലുകൾ… നെഞ്ചകം പകുത്ത് കൊണ്ട് അതൊഴുകി.
തന്റെ പൂർവ്വികരുടെ ഓർമ്മയായ പഴക്കം തട്ടാത്ത ഉമ്മറത്തെ ചാരുകസേരയിൽ അലസമായി കിടന്ന് നീണ്ട വിശ്രമത്തിനു അയാളുടെ ഉളളം തുളളി.
സാർ വീടെത്തി… പുഴ കടന്നു വലതു വശത്തുളള ആറാമത്തെ വീട്. സാർ…
പിൻസീറ്റിൽ നിന്ന് പുരാതനമായ നിശ്ശബ്‌ദതയുടെ കൈകൾ മാത്രം ഡ്രൈവറെ തൊട്ടു. ഒരങ്കലാപ്പോടെ ഡ്രൈവർ തല തിരിച്ചുനോക്കി. ആത്മാവ് ആവിയാക്കപ്പെടുന്നതുപോലെ അനുഭവപ്പെട്ട അയാൾ ജീവിതത്തിന്റെ അറ്റത്തോളം നീളുന്നവിധം ബ്രേക്കിൽ കാലമർത്തി.
Generated from archived content: story2_feb24.html Author: joseph_athirunkal