കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്നു പറഞ്ഞ് നമ്മൾ അഭിമാനിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇങ്ങനെ പറയുന്നതിന്റെ പ്രസക്തി വളരെ കുറഞ്ഞിരിക്കുന്നു. ഭക്തന്മാർക്ക് അനുഗ്രഹം ചൊരിഞ്ഞ് സ്വന്തം ആലയങ്ങളിൽ സ്വൊര്യമായി കഴിഞ്ഞിരുന്ന ദൈവങ്ങൾ ഇന്നു ചില ഭീഷണിനേരിടുന്നു. ലക്ഷങ്ങൾ വിലമതിക്കുന്ന വിഗ്രഹങ്ങൾ ക്ഷേത്രങ്ങളിൽ നിന്നും മോഷ്‌ടാക്കൾ തട്ടിയെടുത്ത് വിദേശത്തു വിറ്റ് വൻ ലാഭം കൊയ്യുന്നു. നമ്മുടെ സാംസ്‌ക്കാരിക പൈതൃകത്തിന്റെ പ്രതീകങ്ങളായ വിഗ്രഹങ്ങൾ നഷ്‌ടപ്പെടുന്നത് ചരിത്രത്തിനേല്‌ക്കുന്ന വൻ പ്രഹരമെന്നു പറയുന്നതിൽ യാതൊരു അതിശയോക്തിയുമില്ല. അടുത്തകാലത്താണ് വിഗ്രഹമോക്ഷണം വ്യാപകമായത്. വലിയക്ഷേത്രങ്ങൾ മോഷ്‌ടാക്കളുടെ ഭീഷണി മാത്രമല്ല, ഭീകര പ്രവർത്തകരുടെ ഭീഷണിയും നേരിടേണ്ട സ്‌ഥിതിയിലെത്തിയിരിക്കുന്നു. മോഷ്‌ടാക്കളെ യഥാസമയം പിടിക്കൂടി വിഗ്രഹങ്ങൾ വീണ്ടെടുക്കുന്നതിനുളള പോലീസിന്റെ ശ്രമം ഫലപ്രദമല്ല എന്നതാണ് മറ്റൊരു വസ്‌തുത. ക്ഷേത്രങ്ങളിൽ മാത്രമല്ല പള്ളികളിലും മോഷണം നടക്കുന്നുണ്ട്.
അയൽ സംസ്‌ഥാനങ്ങളിൽ നിന്നും മോഷ്‌ടാക്കൾക്ക് കേരളത്തിൽ ചേക്കേറാൻ പറ്റിയ അന്തരീക്ഷമാണുള്ളത്. കെട്ടിട നിർമ്മാണത്തിനായി തമിഴ്‌നാട്, ബംഗാൾ, ആന്ധ്ര തുടങ്ങിയ സംസ്‌ഥാനങ്ങളിൽ നിന്നും വൻ തോതിൽ തൊളിലാളികളെ ഇറക്കുമതി ചെയ്യുന്നു. ജോലി നഷ്‌ടപ്പെട്ടാൽ സ്വന്തം സംസ്‌ഥാനങ്ങളിലേക്ക് തിരിച്ചു പോകാൻ ഇവർ കൂട്ടാക്കുന്നില്ല. പലസ്‌ഥലങ്ങളിലും അലഞ്ഞുതിരിഞ്ഞു നടന്ന് ഗത്യന്തരമില്ലാതെ വരുമ്പോൾ മോഷ്‌ടാക്കളായി മാറും. കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനുശേഷം സ്വന്തം സ്‌റ്റേറ്റുകളിലേക്കു പോകുന്നവരെ പിടികൂടുവാൻ പോലീസിനും എളുപ്പമല്ല. ബസ്സുകളിൽ മോഷണം, വീടുകളിൽ മോഷണം, ബാങ്കുകളിൽ മോഷണം എന്നുവേണ്ട സർവ്വത്രമോഷണം എന്നു പറയുന്നതായിരിക്കും ശരി.
മോഷ്‌ടാക്കളുടെ പറുദീസയായി കേരളം മാറിയോ എന്നു സംശയിക്കാൻ വക നല്‌കുന്ന സംഗതികളാണ് നടന്നുകൊണ്ടിരിക്കുന്നത്.
ഗുണ്ടകൾക്കും ക്വട്ടേഷൻ ടീമുകൾക്കും യഥേഷ്‌ടം വളരുന്നതിന് അനുകൂല സാഹചര്യമാണ് ഇന്നു കേരളത്തിലുള്ളത്. സമൂഹത്തിന് വിപത്തായി മാറിയിരിക്കുന്ന ഇവരെ വളർത്തിയവർ അഥവാ പ്രോത്സാഹിപ്പിച്ചവർ ആരാണെന്ന കാര്യം ചിന്തിക്കേണ്ടതുണ്ട്. ഈ കാര്യത്തിൽ കേരളത്തിലെ ബ്ലേഡ് കമ്പനികൾ നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. കുടിശ്ശികക്കാരിൽ നിന്നും പണം വസൂലാക്കുവാൻ ബ്ലേഡ് കമ്പനിക്കാർക്ക് ഗുണ്ടകളുടെ സഹായം ആവശ്യമായി വരുന്നു. ഗുണ്ടകൾ പരിധിവിട്ടു പ്രവർത്തിക്കുമ്പോൾ അത് ഇടപാടുകാരന് ദുസ്സഹമായി മാറും. ആളുകളുടെ ശരീരഭാഗങ്ങൾ വെട്ടിമാറ്റുന്നതിനോ അവരെ കൊലപ്പെടുത്തുന്നതിനോ തയ്യാറാകുന്നവരാണ് ക്വട്ടേഷൻ ടീമിലെ അംഗങ്ങൾ. ഗുണ്ടകളുടെയും ക്വട്ടേഷൻ ടീമുകളുടെയും പ്രവർത്തനത്തിന് ഇരയാകുന്നവരുടെ എണ്ണം കേരളത്തിൽ അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. റിയൽ എസ്‌റ്റേറ്റ് മാഫിയകൂടി രംഗത്തുവന്നതോടെ സ്‌ഥിതി വളരെ വഷളായിരിക്കുന്നു.
കേരളത്തിലെ ടൂറിസ വ്യവസായത്തിന്റെ പുരോഗതിക്കും തടസ്സങ്ങൾ അനുഭവപ്പെട്ടിരിക്കുന്നു. ആഗോള സാമ്പത്തിക മാന്ദ്യം ടൂറിസത്തെ പ്രതികൂലമായി ബാധിച്ച ഒരു സംഗതിയാണ്. ഡേവിട് ഹെഡ്‌ലി, റാണ എന്നീ ഭീകരുടെ കൊച്ചി സന്ദർശനത്തെ തുടർന്ന് കേന്ദ്രസർക്കാർ ഭികരർക്കെതിരെ ചില നടപടികൾ സ്വീകരിച്ചിരിക്കുന്നു. ടൂറിസ്‌റ്റുകളുടെ സുരക്ഷാ ഭീഷണിക്കിടയാക്കുന്ന തേക്കടി ദുരന്തം പോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കേണ്ടാതായുണ്ട്. ദുരന്തത്തിന്റെ യഥാർത്ഥ ഉത്തരവാദികളെ ഇതുവരെ കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല. പരസ്‌പരം പഴിചാരുന്ന പ്രവണത തുടർന്നുകൊണ്ടിരിക്കുന്നു.
കേരളീയർക്ക് വളരെ പ്രതീക്ഷ നല്‌കുന്ന ഒരു പദ്ധതിയാണ് സ്‌മാർട്ട് സിറ്റി പദ്ധതി. പക്ഷെ ഇതിന്റെ പുരോഗതി നിരാശജനകമാണ്. വെറുമൊരു കടലാസു പദ്ധതിയാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ടികോം സാമ്പത്തികത്തകർച്ചയെ നേരിടുന്നതായും അതിനാൽ പദ്ധതി ഉപേക്ഷിക്കാൻ സാധ്യതയുണ്ടെന്നും പറയുന്നത് അവസരോചിതമായിട്ടുള്ളതല്ല. പ്രവാസികളായ കേരളീയരെ പ്രത്യക്ഷമായോ പരോക്ഷമായോ ബാധിക്കാവുന്ന പരാമർശനങ്ങൾ ഒഴിവാക്കേണ്ടത് ആവശ്യമാണ്. ഇന്ത്യക്ക് ഏറ്റവുമധികം വിദേശനാണ്യം നേടിത്തരുന്നത് കേരളത്തിൽ നിന്നും വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്നവരാണ്. ഇവരുടെ പുനരധിവാസത്തെക്കുറിച്ച് പറയുന്നതല്ലാതെ ഫലപ്രദമായി യാതൊന്നും ചെയ്യുവാൻ കഴിഞ്ഞിട്ടില്ല. നമ്മുടെ കസ്‌റ്റംസ് ഉദ്യോഗസ്‌ഥന്മാരിൽ ബഹുഭൂരിപക്ഷം പേരും കൈക്കൂലി വീരന്മാരാണ്. ഇവർ വിദേശ മലയാളികളെ ഏതു വിധത്തിൽ കഷ്‌ടപ്പെടുത്തുന്നു എന്ന സംഗതി അനുഭവസ്‌ഥർക്ക് അറിയാവുന്ന സത്യമാണ്. ആര് എന്തുപറഞ്ഞാലും ഞങ്ങൾക്ക് അതൊന്നും പ്രശ്‌നമല്ല എന്ന രീതിയിലുള്ള മട്ടും പ്രവർത്തനവുമാണ് അവരുടേത്.
മദ്യവില്‌പന രംഗത്ത് കേരളത്തിന് അസൂയാവഹമായ പുരോഗതി കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. വിദേശമദ്യം വില്‌ക്കുന്ന കടകളുടെ മുൻവശത്ത് അളുകളുടെ വളരെ നീണ്ട ക്യൂ കാണുവാൻ കഴിയുന്നു. മദ്യപിച്ച് വണ്ടി ഓടിക്കുന്നവരുടെ എണ്ണം കൂടിയതുകൊണ്ട് റോഡ് അപകടങ്ങളും സമീപകാലത്ത് കുടിയിരിക്കുന്നു. ബസ്സ് കാത്ത് സ്‌റ്റോപ്പുകളിൽ നില്‌ക്കാൻ പോലും ആളുകൾക്ക് ഭയമാണ്. എപ്പോഴാണ് നിയന്ത്രണം വിട്ട് വണ്ടി ജനക്കൂട്ടത്തിനു നേരെ പാഞ്ഞുവരുന്നതെന്ന് ആർക്കാണ് പറയുവാൻ പറ്റുക?
കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്‌ഥന്മാരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായിക്കൊണ്ടിരിക്കുന്നു. നിസ്സാരസംഗതികൾക്കുപോലും കൈക്കൂലി നല്‌കേണ്ട ഗതികേടിലാണ് കേരളത്തിലെ ജനങ്ങൾ.
റോഡുകളുടെ ശോച്യാവസ്‌ഥയെക്കുറിച്ച് കോടതിപോലും പരാമർശിക്കുവാനിട വരുന്നു. കൈക്കൂലിക്കാരായ ഉദ്യോഗസ്‌ഥരുടെ മേൽനോട്ടത്തിൽ പണിയുന്ന റോഡുകൾക്ക് അല്‌പായുസ്സാണുള്ളത്.
നിത്യോപയോഗസാധനങ്ങളുടെ വില ഓരോ ദിവസവും വർദ്ധിച്ചുകൊണ്ടിരിക്കുന്നു. സംസ്‌ഥാന ഗവൺമെന്റ് കേന്ദ്രഗവൺമെന്റിനെ കുറ്റം പറയുന്നു. കേന്ദ്ര ഗവൺമെന്റ് സംസ്‌ഥാന ഗവൺമെന്റിനെയും കുറ്റം പറയുന്നു. ആരെ കുറ്റം പറഞ്ഞാലും സാധാരണ ജനങ്ങളുടെ ജീവിതം ദുസ്സഹമായിരിക്കുന്നു. എന്തോ ഒരു ഒളിച്ചുകളി ഈ കുറ്റം പറച്ചിലിൽ അടങ്ങിയിട്ടുണ്ട്. കേന്ദ്രമാണോ സംസ്‌ഥനമാണോ കുറ്റകാർ എന്നു മനസ്സിലാക്കാൻ എളുപ്പമാർഗ്ഗമുണ്ട്. പദ്ധതിയുടെ പേരും അതിനായി അനുവദിച്ച തുകയും നാളിതുവരെ ചെലവാക്കിയ തുകയും ബാക്കിയുള്ള സംഖ്യ നല്‌കാത്തതിന്റെ കാരണവും കേന്ദ്രഗവൺമെന്റ് വ്യക്തമാക്കണം.
വിദ്യാഭ്യാസമേഖല ആകെ കലുഷിതമാണ്. സർക്കാരിന്റെ പരിഷ്‌കാരങ്ങൾ ഗുണത്തെക്കാൾ ദോഷം ചെയ്യുന്നതായി വിദ്യാർത്ഥികളും മാനേജ്‌മെന്റും പരാതിപ്പെടുന്നു. നിയമത്തിന്റെ പിൻബലം ഇല്ലാതെകൊണ്ടുവന്ന സ്വാശ്രയ കോളേജ് നിയമം ഇപ്പോൾ എവിടെയാണെന്നുപോലും അറിയുവാൻ പാടില്ലാത്ത സ്‌ഥിതിയിലാണ്. നിയമക്കുരിക്കിൽപ്പെട്ടുപോയി എന്നാണറിയുവാൻ കഴിയുന്നത്.
മുല്ലെപ്പെരിയാർ ഡാം തകർന്നാൽ എത്രപേർക്ക് ജീവഹാനി ഉണ്ടാകും എന്ന സത്യം മനസ്സിലാക്കാതെ തമിഴ്‌നാട് ഗവൺമെന്റ് വിമർശനങ്ങളുമായി മുന്നോട്ടുപോകുന്നത് തികച്ചും വേദനാജനകമാണ്. സ്‌ഫോടാനാത്മകമായ ഈ സ്‌ഥിതി വിശേഷത്തെ കോടതി പോലും അർഹിക്കുന്ന ഗൗരവത്തോടെ കാണുന്നില്ല എന്ന പരാതിയും നിലനില്‌ക്കുന്നു.
സുനാമി, പ്രകൃതിക്ഷോഭം തുടങ്ങിയവ മൂലം കഷ്‌ടത അനുഭവിക്കുന്നവർക്ക് പൂർണ്ണമായി ധനസഹായം നല്‌കാൻ സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കേന്ദ്രത്തിൽ നിന്നും ഫണ്ടു ലഭിക്കുന്നില്ലെന്ന് മന്ത്രിമാർ ആവർത്തിച്ച് ഉരുവിടുന്നു. ഡൽഹിയിൽ പോയി ബന്ധപ്പെട്ട മന്ത്രിയെ കാണുന്നതിനോ ഉദ്യോഗസ്‌ഥന്മാരോട് ചർച്ച ചെയ്യുന്നതിനോ കൂട്ടാക്കുന്നില്ല, എന്നതാണ് വിചിത്രമായ സംഗതി. ഈ കാര്യത്തിൽ മാതൃകാപരമായ ചില നടപടികൾ മന്ത്രി സുധാകരനും മന്ത്രി ദിവാകരനും സ്വീകരിച്ചതായി മനസ്സിലായി. കുട്ടനാട്ടിലെയും ഇടുക്കിയിലെയും കൃഷിക്കാർക്ക് പുതിയ പാക്കേജ് നടപ്പിലാക്കുമ്പോൾ എത്രപേർക്ക് ജോലി ലഭിക്കും എന്ന ആശ്വാസവചനമാണ് മന്ത്രിമാരിൽ നിന്നും തൊഴിൽരഹിതർക്ക് ലഭിക്കുന്നത്.
അധികാരത്തിൽ വന്നാൽ ആത്മഹത്യ, സ്‌ത്രീ പീഢനം തുടങ്ങിയ അവസാനിപ്പിക്കുമെന്നാണ് മുഖ്യ മന്ത്രി അച്യുതാനന്ദൻ പറഞ്ഞിരുന്നത്. പീഢനത്തിന്റെ റെക്കോർഡ് മുന്നേറ്റം കണ്ട് അദ്ദേഹം ഇപ്പോൾ അത്ഭുതപ്പെട്ടുകാണും.
ചുരുക്കത്തിൽ പ്രശ്‌നങ്ങളുടെ നടുവിൽ നട്ടം തിരിയുന്ന ഒരു കേരളത്തെയാണ് നമുക്ക് കാണുവാൻ കഴിയുന്നത്. കൂട്ടായ പ്രശ്‌നത്തിലൂടെ പ്രശ്‌നങ്ങൾക്കു പരിഹാരം കാണുവാൻ സാധിക്കുമെന്നതിൽ തർക്കമില്ല.
Generated from archived content: essay1_dec24_09.html Author: joseph.mathew_ajnilivelil
Click this button or press Ctrl+G to toggle between Malayalam and English