അഴിമതിയുടെ മൂലകാരണങ്ങളും പരിഹാരമാര്‍ഗങ്ങളും

ക്ഷണഭംഗുരമായ ഈ ജീവിതത്തില്‍ മനുഷ്യന്‍ എന്തുകൊണ്ട് പണത്തിന് അടിമയാകുകയും പണസമ്പാദനത്തിനു വേണ്ടി എന്തു മാര്‍ഗവും സ്വീകരിക്കുകയും ചെയ്യുന്നുവെന്ന് ചിന്തിക്കുകയും ഈ വിഷയത്തെ പറ്റിയുള്ള ചില ശ്രദ്ധേയമായ ലേഖനങ്ങള്‍ വായിക്കുകയും ചെയ്തു. ലോക്പാല്‍‍ ബില്ല് പാസാക്കുന്നതോടെ അഴിമതി ഇന്ത്യയിലവസാനിക്കുമെന്ന് ഞന്‍ വിശ്വസിക്കുനില്ല. അഴിമതി നിര്‍മാ‍ര്‍ജ്ജനം ചെയ്യാന്‍ ഉദ്ദേശിച്ച് നിര്‍മ്മിച്ച പല നിയമ നിര്‍മ്മാണങ്ങളും ഉദ്ദേശിച്ച ഫലം പ്രദാനം ചെയ്തിട്ടില്ല.

വാര്‍ത്താ മാധ്യമങ്ങള്‍ അഴിമതികളെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളാണ് ദിനം പ്രതി പ്രസിദ്ധീകരിക്കുന്നത്. നാം ആദരണീയെരെന്നു വിശ്വസിച്ച പല നേതാക്കളും ജയിലറക്കുള്ളിലായി. മറ്റു പല നേതാക്കളും തങ്ങളുടെ ഗതി എന്താകുമെന്ന് ആശങ്കയോടെ കടമകള്‍ ശ്രദ്ധിക്കാന്‍ നിവര്‍ത്തിയില്ലാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നു.

ലോകത്തിലെ ഏറ്റവും വലിയ ചേരിപ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന മുംബയില്‍ പ്രാഥമികാ‍വശ്യങ്ങള്‍ക്കു പോലും സൗകര്യമില്ലാതെ ലക്ഷക്കണക്കിനാളുകള്‍ മൃഗതുല്യരായി ജീവിക്കുമ്പോള്‍ നാലായിരംകോടി രൂപ മുടക്കി സ്വകാര്യ വസതി നിര്‍മ്മിക്കുന്നതും നാം പത്രത്തില്‍ വായിച്ചു. സൂററ്റില്‍ രത്ന വ്യാ‍പാരികള്‍ നൂറ് ആഢംബര കാറുകള്‍ ഒന്നിച്ചു വാങ്ങാന്‍ ആജ്ഞാപത്രം കൊടുത്തതായി വാര്‍ത്ത വന്നു.

പതിനായിരം ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണ്ണമുള്ള വീടുകള്‍ ഈ കൊച്ചു കേരളത്തില്‍ കുറവല്ല. പലതും ഉപയോഗശൂന്യമായി വൈദ്യുതി പാഴാക്കി ആര്‍ക്കും ഒരു പ്രയോജനവുമില്ലാതെ കിടക്കുന്നു.

ചെറുപ്പത്തില്‍ കഷ്ടപ്പാടുകള്‍ സഹിച്ചവര്‍ പോലും ധനികരായിക്കഴിഞ്ഞാല്‍ സഹജീവികളെക്കുറിച്ചോ സതീര്‍ത്ഥ്യരെക്കുറിച്ചോ അശേഷം ചിന്തിക്കുന്നില്ല.

ഇത്തരമൊറു ദയനീയാവസ്ഥ എന്തു കൊണ്ട സംജാതമാകുന്നു?

ചാര്‍ട്ടേഡ് അക്കൗണ്ടന്റായ എനിക്ക് വളരെയേറെ സംരംഭകരുമായി ചര്‍ച്ചകള്‍ നടത്താന്‍ കഴിഞ്ഞിട്ടുണ്ട്. അവരൊക്കെ ബുദ്ധികൂര്‍മ്മത ഉള്ളവരും സമൂഹത്തില്‍ അംഗീകാരം ഉള്ളവരുമൊക്കെ ആണെങ്കിലും അവരുടെ പദ്ധതികളെ പറ്റി മാത്രം ചിന്തിക്കുന്നവരാണ്. അ പദ്ധതികള്‍ മൂലം സമൂഹത്തിനുണ്ടാകുന്ന ഭവിഷ്യത്തുകള്‍ എന്താണെന്നും ഭാവി തലമുറയെ അത് എങ്ങനെ ബാധിക്കുമെന്ന് അവര്‍ ചിന്തിക്കാറില്ല. നാമമാത്രമായ ദാനധര്‍മ്മങ്ങള്‍ നല്‍കിയും തങ്ങളുടെ വിശ്വാസത്തിനനുസരിച്ചുള്ള സ്ഥാപനങ്ങള്‍ക്ക് സംഭാവന നല്‍കിയും അവര്‍ മുന്നോട്ടു പോകുന്നു. അങ്ങനെയൊക്കെ ചെയ്താല്‍ താന്‍ പണസമ്പാദനത്തിനായി സ്വീകരിച്ച മാര്‍ഗങ്ങള്‍ ദൈവം പോലും പൊറുക്കുമെന്ന മൂഢ വിശ്വാസമാണവര്‍ക്കുള്ളത്. പണത്തിനു വേണ്ടി മ റ്റുള്ളവരുടെ ജീവന്‍ പോലും അപഹരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. രാഷ്ട്രീയക്കാര്‍ അഴിമതിയില്‍ മുങ്ങി തങ്ങളെ തിരെഞ്ഞെടുത്തവരെ വിഡ്ഡികളാക്കുന്നു.

ചാര്‍ട്ടേഡ് അക്കൗണ്ടന്റായ എം. ആര്‍. വെങ്കിടേഷ് എഴുതിയ ‘’ സെന്‍സ്, സെന്‍സെക്സ്, സെന്റിമെന്റ്സ് ‘’ എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍ ജോണ്‍ ക്രിസ്ത്യന്‍ സെന്‍ വിവരിക്കുന്ന കണക്കുകള്‍ വളരെ ശ്രദ്ധേയമാണ്. ഒരു ഏകദേശ കണക്കനുസരിച്ച് ഒരു ലക്ഷത്തിനും ഒന്നേകാല്‍ ലക്ഷം കോടിക്കും ഇടയില്‍ ഇന്ത്യന്‍ രൂപ ഓരോ വര്‍ഷവും അനധികൃതമായി വിദേശത്തേക്കു കടത്തുന്നു. റഷ്യയും, മെക്സിക്കോയും , സൗദി അറേബ്യയും, ചൈനയും കഴിഞ്ഞാല്‍ ഇത്തരം സമ്പത്ത് ചോര്‍ച്ച ഉള്ളത് ഇന്ത്യക്കാണ്. മൗറീഷ്യസും ന്യൂജേര്‍സിയും പോലുള്ള ദ്വീപുകളുടെ ഭരണ സംവിധാ‍നത്തില്‍ക്കൂടിയാ‍ണിത്തരം രഹസ്യ ഇടപാടുകള്‍ നടക്കുന്നത് .യൂറോപ്പിലേയും അമേരിക്കയിലേയും മൂലധന നിക്ഷേപങ്ങളിലേക്കാണ് ഇത്തരം കള്ളപ്പണം ഒഴുകിയെത്തുന്നത്. കുറെപ്പണം കള്ളപ്പണമായി ഇന്ത്യയിലേക്കു തന്നെ തിരിച്ചും എത്തുന്നു. പണമിടപാടുരംഗത്ത് വിനാശകരമായ ഒരു തോല്‍വിയാണ് ഭരണകൂടത്തിന് സംഭവിക്കുന്നത്. ധൂര്‍ത്തിനെ നിയന്ത്രിക്കാന്‍ ഭരണസംവിധാനത്തിന് കഴിയുന്നില്ല. അനുഭവവും അറിവും വിദ്യാഭ്യാസവും ഒത്തിണങ്ങിയ കേന്ദ്രമന്ത്രിമാര്‍ ഇതിനൊന്നും പരി‍ഹാരം കാണാന്‍ കഴിയാതെ നിസഹായരായി നില്‍ക്കുന്നു. ഇത്തരമൊരു ദയനീയാവസ്ഥ എന്തുകൊണ്ട് സംജാതമാകുന്നു?

കുറച്ചു കാലം മുമ്പ് ജെ. കൃഷ്ണമൂര്‍ത്തി എഴുതിയ ‘യൂ അര്‍ ദ വേള്‍ഡ് ‘ ( നിങ്ങളാണ് ലോകം) എന്ന പുസ്തകം വായിക്കാനിടയായി. അതിലെ പ്രതിപാദനങ്ങള്‍ എന്റെ കണ്ണു തുറപ്പിച്ചു. അദ്ദേഹം പറഞ്ഞതെല്ലാം സത്യമാണെന്ന് എനിക്ക് ബോധ്യമായി. രാജ്യത്തിന്റേയും മനുഷ്യരാശിയുടേയും ജീര്‍ണ്ണതക്ക് ഓരോ മനുഷ്യനും ഉത്തരവാദിയാണെന്ന് അദ്ദേഹം സമര്‍ത്ഥിക്കുന്നു. ഞാനെങ്ങെനെ ഇതിനുത്തരവാദിയാകുമെന്ന് സ്വയം ആലോചിച്ചു. അപ്പോള്‍ മനസിലായി എനിക്കും പണത്തോടുള്ള ആഗ്രഹം ഒട്ടും കുറവല്ലയെന്ന്. എന്റെ മനസിന്റെ ചലനങ്ങളെ എനിക്കു ബോധ്യപ്പെട്ടു തുടങ്ങി. ഇതീനെല്ലാം കാരണം ഞാനും നമ്മളോരോരുത്തരും ആണ്. നമ്മളോരോരുത്തരിലും പണത്തോടുള്ള ആര്‍ത്തി വളരെക്കൂടുതലാണ്. പക്ഷെ, പണ സമ്പാദന പ്രക്രിയയില്‍ മറ്റുള്ളവരേപ്പോലെ വിജയിക്കുന്നില്ല എന്ന ചിന്ത നമ്മെ വല്ലാതെ അലട്ടുന്നു. അതില്‍ നിന്നും അസൂയയും അക്രമവാസനയും ഉടലെടുക്കുന്നു. ഞാനാണിതിനുത്തവാ‍ദിയെന്ന തിരിച്ചറിവും ഉണ്ടായി. കണ്ണാടിയില്‍ മുഖം നോക്കിയിട്ട് മുഖം കഴുകുകയും മുടി ചീകുകയും ചെയ്യുന്നതുപോലെ തന്നെ നമ്മുടെ മനസിന്റെ പ്രവര്‍ത്തനം സ്വയം മനസിലാക്കുവാന്‍ ശ്രമിക്കുന്തോറും അത് പരിവര്‍ത്തന വിധേയമാകും. ഈലേഖനം എഴുതുവാനുള്ള പ്രചോദനം തന്നെ ആ സത്യം മറ്റുള്ളവരുമായി പങ്കുവയ്കുവാനുള്ള തീവ്രമായ ആഗ്രഹം കൊണ്ടാണ്.

മനുഷ്യനെ നന്മയിലേക്കും ധാര്‍മ്മികതയിലേകും നയിക്കേണ്ട മത നേതാക്കള്‍ പോലും പണത്തിനടിമയാകുന്നു എന്നു മനസിലാക്കുമ്പോള്‍ പരിഭ്രമിച്ചു പോകും.

ഞന്‍ മനസിലാക്കിയിടത്തോളം അഴിമതിയുടേയും പണത്തോടുമുള്ള അമിത സ്നേഹത്തിന്റേയും കാരണം നമ്മുടെ മനസിന്റെ അപാരമായ കഴിവുകളെ പറ്റിയുള്ള അജ്ഞതയാണ്. പണത്തേക്കാള്‍ ഉല്‍കൃഷ്ടമായ പലതും ജീവിതത്തിലുണ്ട് എന്നു മനസിലാക്കിയാല്‍ അന്നത്തെ ഒരു പരിധിക്കുള്ളില്‍ നിര്‍ത്തിക്കൊണ്ട് മനുഷ്യന് നന്മയിലേക്ക് തിരിയാം. ശരീരഘടനയെ പറ്റിയും അതിലെ ഓരോ അവയവങ്ങളുടെ പ്രത്യേകിച്ച് മസ്തിഷ്ക്കത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മനസിലാക്കുകയാണെങ്കില്‍ ഒരു അദൃശ്യ ശക്തി ഓരോ മനസിലും പ്രവര്‍ത്തിക്കുന്നതായി മനസിലാക്കുവാന്‍ സാധിക്കും. നമ്മള്‍ ഏതു വിശ്വാസം വച്ചുപുലര്‍ത്തിയാലും, ഏതു മതത്തില്‍ വിശ്വസിച്ചാലും ഏതു തത്വസംഹിതയില്‍ വിശ്വസിച്ചാലും ചില സത്യങ്ങള്‍ അനിഷേധ്യമാണ് . നാമെല്ലാവരും ഒരേ അദൃശ്യ ശക്തികളുടെ ദൃശ്യഭാവങ്ങളാണ്. നമ്മളിലൊക്കെ അപാരമായ ഒരു ശക്തി ഒളിജ്ഞു കിടപ്പുണ്ട്. മനുഷ്യനെ മറ്റു മൃഗങ്ങളില്‍ നിന്നും വ്യത്യസ്ഥനാക്കുന്നത് ഈ ശക്തി പ്രയോജനപ്പെടുത്തുവാന്‍ കഴിയുമെന്നതുകൊണ്ടാണ്.

ഈ കഴിവ് വികസിപ്പിച്ചെടുത്താല്‍ പണത്തോടുള്ള അത്യാസക്തി നമ്മില്‍ നിന്നും അപ്രത്യക്ഷമാകും. നമ്മുടെ ഏതാവശ്യങ്ങള്‍ക്കും നമ്മളില്‍ അന്തര്‍ലീനമായിരിക്കുന്ന ഈ ശക്തിക്ക് നല്‍കുവാ‍ന്‍ സാധിക്കുമെന്ന സത്യം ഗ്രഹിച്ചാല്‍ പണത്തിനു പുറെകെയുള്ള പരക്കം പാച്ചിലിന് അന്ത്യം വരും. ഇത് നമ്മുടെ ജീവിതത്തിലെ പ്രധാനഘടകമായി മാറുകയും സമൂഹത്തില്‍‍ പരസ്പര സ്നേഹവും സഹകരണവവും വര്‍ദ്ധിപ്പിക്കുകയും ചെയ്യും, വരുന്നതെന്തിനേയും ധൈര്യത്തോടെ നേരിടാന്‍ സാധിക്കും.

ഈ അറിവ് മനുഷ്യന്‍ നേടിയെടുത്താല്‍ നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി കൂടുതല്‍ സുരക്ഷിതമാകും. നമ്മള്‍ പരിവര്‍ത്തനത്തിന് വിധേയമായാല്‍ സമൂഹത്തില്‍ പരിവര്‍ത്തനം താനേ ഉണ്ടായിക്കൊള്ളും. മനുഷ്യരാശിയുടെ മുഴുവന്‍ ബുദ്ധി കേന്ദ്രവും പരസ്പരം ബന്ധിച്ചിരിക്കുന്നുവെന്ന് പല തത്വ ചിന്തകന്മാരും ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്.

വരും തലമുറക്ക് ഭാരിച്ച സ്വത്ത് സമ്പാദിച്ചുകൊടുക്കുകയല്ല നമ്മള്‍ക്ക് അവരോടുള്ള കടമ. മനുഷ്യരേയും പ്രപഞ്ചത്തിലുള്ള മറ്റുള്ളവയേയും സ്നേഹിക്കാനും സംരക്ഷിക്കാനുള്ള കടമ ഓരോരുത്തരിലും നിക്ഷിപ്തമായിരിക്കുന്നുവെന്ന ബോധം പുതിയ തലമുറയെ ബോദ്ധ്യപ്പെടുത്തണം. അങ്ങനെ വേണം അവര്‍ വളര്‍ന്നു വരുവാന്.

ശരീരത്തെ നാം ശ്രദ്ധിക്കുന്നതു പോലെ തന്നെ മനസിന്റെ പ്രവര്‍ത്തനത്തെ അനു നിമിഷം നമുക്കു ശ്രദ്ധിക്കാന്‍ കഴിഞ്ഞാല്‍ നാമറിയാതെ തന്നെ മനസ് നേര്‍വഴിയിലേക്ക് തിരിയുകയും സാധാരണക്കാരായ നമ്മള്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പ്രാപ്തരാകുകയും ചെയ്യും. ഒരു തൊട്ടി വെള്ളം കടലിലേക്ക് ഒഴിച്ചാല്‍ ആ വെള്ളം കടലിന്റെ ഭാഗമാകുന്നതു പോലെ തന്നെ പ്രപഞ്ചത്തെ നിലനിര്‍ത്തുന ശക്തിയുമായി നാം ഒന്നു ചേര്‍ന്നാല്‍ വ്യക്തിപരമായി നാമും ആ മഹാശക്തിയുടെ ഭാഗമായി തീരുകയും അത്ഭുതങ്ങള്‍ ചെയ്യാന്‍ കഴിവുള്ളവരാവുകയും ചെയ്യും.

ഓരോ മനുഷ്യനിലും അപാരമായ ശക്തി ഒളിഞ്ഞിരിപ്പുണ്ട്. അത് പുറത്തുകൊണ്ടു വരുവന്‍ കഴിയും. അടുത്ത കാലത്ത് പി.പി. വിജയന്‍ എന്ന വ്യക്തിയുടെ ക്ലാസ്സ് കേള്‍‍ക്കാനിടയായി. അക്രമം വെടിഞ്ഞ് മനസിനെ ശരിയായ ദിശയില്‍ നയിച്ചാല്‍ ഒരു ടി. വി ആന്റിന എപ്രകാരം അടയാളങ്ങള്‍ ആവാഹിച്ച് ചിത്രങ്ങളാക്കി പ്രതിഫലിപ്പിക്കുന്നുവോ അങ്ങനെ തന്നെ നമ്മുടെ ആഗ്രഹ സഫലീകരണത്തിന് മന‍സിന്റെ ശക്തിയേയും പ്രയോജനപ്പെടുത്താമെന്ന വാദം യുക്തി സഹജമായി തോന്നി. നിഷ്കളങ്കമനസ്, സഹജീവികളോടൂള്ള സ്നേഹം, അനുകമ്പ മുതലായവ വളരുമ്പോള്‍ കോപം, അസൂയ, അതിക്രമം മുതലായവ താനേ ഇല്ലാതാ‍വും.

Generated from archived content: essay1_feb25_12.html Author: jose_sakkariya

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here