വഴിക്കണ്ണ്‌

ഇരുട്ട്‌ ഒരലർച്ചയോടെ അന്ധകാരത്തിന്റെ ഏതോ ഗർത്തത്തിലേക്ക്‌ കാറടക്കം പതിച്ചു. മദപ്പാടിന്റെ ഏതോ നിമിഷത്തിൽ റോഡിനു നടുവിലെ ടിവൈഡറിൽത്തട്ടിത്തകർന്ന കാർ ഒരു പമ്പരംപോലെ തിരിഞ്ഞും മറിഞ്ഞും വയൽ നടുവിലെ കലുങ്കിനടിയിലേക്ക്‌ കൂപ്പുകുത്തി. ഉഷ്‌ണം കൊളുത്തിയ പകലിനെ തണുപ്പിക്കാൻ മഞ്ഞിന്റെ നേർത്ത പുകമറ ഇരുളിനെ പുതപ്പിച്ചിട്ടുണ്ട്‌. മദ്യത്തിന്റെ കെട്ടൊഴിഞ്ഞ്‌ അബോധത്തിന്റെ കരംതട്ടി മാറ്റി ഇരുന്നമർന്ന സീറ്റുബെൽറ്റിൽ സ്വന്തം ശരീരത്തെ കുടഞ്ഞുണർത്തി. എന്താണ്‌ സംഭവിച്ചത്‌? നാളെ രാവിലെ പത്തുമണിക്ക്‌ ബാംഗ്ലൂരെത്തണമെങ്കിൽ തോൽപ്പെട്ടികൂടി അനേകംമൈലുകൾ കറങ്ങിയെ സാധിക്കയുള്ളൂ. ഒറ്റയ്‌ക്കുള്ള യാത്ര അതിന്‌ കൂട്ട്‌ അല്‌പം മദ്യം. അതൊരു ശീലമാണ്‌. ഈ കാട്ടിലൂടെ ഒറ്റയ്‌ക്ക്‌ ഡ്രൈവ്‌ ചെയ്യാനുള്ള ആവേശത്തിന്റെ മരുന്ന്‌ വന്യമൃഗങ്ങൾക്കാണ്‌ രാത്രിയിൽ റോഡിനവകാശമെന്ന്‌ കോടതിപോലും വിധിച്ചാൽ മനുഷ്യൻ കറങ്ങുകയേ നിവർത്തിയുള്ളൂ. എവിടെയും ഒരു ധൈര്യം എന്തിനേയും നേരിടാനുള്ളത്‌ അതാണ്‌ തന്റെ ബിസ്സിനസ്സ്‌ വിജയത്തിന്റെ രഹസ്യമെന്ന്‌ ഭാര്യയുടെ ചെവിയിൽ വേണ്ടുവോളം കോരിയൊഴിക്കാറുമുണ്ട്‌.

പൊടുന്നനെ ശബ്‌ദം നഷ്‌ടപ്പെട്ട ഇടം തിരിഞ്ഞ്‌ ശരീരത്തെ ഒന്നിളക്കാൻ ശ്രമിച്ചു. അതനങ്ങുന്നില്ല. മുകളിലൂടെ ഏതൊക്കയോ വാഹനങ്ങൾ ഇടവിട്ട്‌ പാഞ്ഞുപോകുന്നുണ്ട്‌. ആരും കണ്ടിരിക്കില്ല, വിജനമായ സ്‌ഥലമാണ്‌ ഒന്നു നിലവിളിക്കണം. ഒച്ചയും പൊങ്ങുന്നില്ല. തവളകളുടെ കൂട്ടക്കരച്ചിൽ പൊങ്ങുന്നുണ്ട്‌. ചീവീടുകളുടേയും. ഫോൺചെയ്യാം മൊബൈൽ എവിടെയോ തെറിച്ചുപോയിരിക്കുന്നു. കഷ്‌ടത്തിൽ എല്ലാം നഷ്‌ടപ്പെടും ഇനി അങ്ങനെ ചിന്തിക്കാം. നിവർത്തികെട്ട്‌ ശരീരത്തെ ആകെയൊന്ന്‌ തടവിനോക്കി അവയവങ്ങളിൽ എന്തെങ്കിലും നഷ്‌ടപ്പെട്ടിട്ടുണ്ടോ?…. അവ യഥാസ്‌ഥാനത്തുണ്ടെന്ന്‌ തോന്നുന്നു. ചോരച്ചുപോയ ഉടലിന്റെ നിമ്‌നോന്നതങ്ങളിൽ വഴുക്കുന്നുണ്ട്‌. കുഴമ്പുപോലെ നിറുകയിൽനിന്നും ചോര കിനിയുകയാണ്‌. തകർന്ന ചില്ലിന്റെ ഏതോ ചീള്‌ ഉരച്ച്‌ പൊളിച്ചുപോയ ഒരപ്പാടിൽ ഒരു പുഴ ചുവന്നിറങ്ങുന്നു. ആരും തടയാനില്ലാതെ അതിന്റെ ഉറവക്കണ്ണ്‌ കൊഞ്ഞനം കുത്തുകയാണ്‌. ഭയം തോന്നുന്നില്ല. മരണത്തിന്റെ അവസാന സ്‌പന്ദനം തേരട്ടപോലെ നെഞ്ചിൽ പുളയ്‌ക്കുന്നുണ്ട്‌. കൈപ്പടം തകർന്ന ഡോറിന്റെ ഷെയ്‌പ്പുകെട്ട ഇരുമ്പുപുറം തേടി. തുറക്കാനാവുന്നില്ല. പെട്രോൾ മണക്കുന്നുണ്ട്‌. ചിലപ്പോൾ നിമിഷങ്ങൾക്കകം ഒരു സ്‌ഫോടനമാകാം. വേഗം ചലിക്കണം. ഒടിഞ്ഞു തൂങ്ങിയ ഇടതു കാലിനെ കൈകൊണ്ട്‌പൊക്കി പുറത്തേക്കിട്ടു. പുറകെ ചളുങ്ങിയ മറ്റവയവങ്ങളും.

ഒരു വാഹനം കുരവിളിയോടെ മുകളിലൂടെ പാഞ്ഞുപോയി. ഏതോ ടൂറിസ്‌റ്റ്‌ ബസ്സാണ്‌. അവർക്കറിയില്ല. കലുങ്കിനടിയിൽ ഒരു മനുഷ്യൻ മരണത്തോട്‌ പടപൊരുതുന്നുവെന്ന്‌. ഇനി നടിക്കയാണോ? ആവാം! താനും അങ്ങനെ ചിലതൊക്കെ നടിച്ചിട്ടുണ്ട്‌.

റോഡിലേക്കെത്തപ്പെട്ടാൽ രക്ഷപെട്ടേക്കാം. മണ്ണുവിണ്ട തോട്‌ ജലംതൊടാതെ പിളർന്ന്‌ കിടക്കുകയാണ്‌. നിലത്തു വീണ ചോരയത്‌ നക്കിയെടുത്തു. തന്റെ രക്തം കുടിച്ച ഭൂമിചിരിക്കുന്നുണ്ടാകും? പരസ്‌പരം രക്തം കുടിക്കുന്ന മനുഷ്യനെ വെറുക്കുന്ന ഭൂമി നന്നായി ചിരിക്കട്ടെ. ദാഹം ഒരിറ്റു ജലം വേണം ശക്തി സംഭരിക്കാൻ. കുടിച്ച കുപ്പിവെള്ളത്തിന്റെ തകർന്ന ബോട്ടിൽ ചിതറിപ്പോയിട്ടുണ്ടാകും?

കലുങ്കിനു കീഴോട്ട്‌ കല്ല്‌ തൂക്കികെട്ടിയിരിക്കയാണ്‌ പാമ്പിനെപ്പോലെ ഇഴയണം മുകളിലേക്ക്‌. ഇഴഞ്ഞു. അവസാനം റോഡളന്ന കുതിരക്കല്ല്‌ വട്ടത്തിൽ പിടിച്ച്‌ ശരീരത്തെ റോഡിലേക്ക്‌ മറിച്ചിട്ടു.

ആദ്യത്തെ പ്രകാശനത്തിനു നേരെ ഒന്നു കൈപൊക്കി. ഒരുമൂളലോടെ അതുപാഞ്ഞുപോയി. കണ്ടിരിക്കില്ല കണ്ടാൽ….? ചോര കുതിരക്കല്ലിലൂടെ ഒഴുകുകയാണ്‌. വീണ്ടും വെളിച്ചം കണ്ട്‌ ഒന്നലറിനോക്കി. ഒച്ച ഒരു കലമ്പലോടെ റോഡിൽ വീണു. വന്ന വാഹനം ഒന്നു നിന്നു. വാഹനത്തിനുള്ളിൽ തൊണ്ടയൊട്ടിയ ഒരു ഭയത്തിന്റെ പെരുമ്പറ മുഴങ്ങി.

വേണ്ട കൃത്യസമയത്ത്‌ ഗുരുവായൂരെത്താനുള്ളതാ. ചോറൂട്ട്‌ മുടങ്ങും…

അതൊരു മൂളലോടെ ഇരച്ചു പോയി.

അനക്കം വശംകെട്ടുകൊണ്ടിരിക്കുന്നു. ശ്രമിക്കണം. കറുത്തുപോയ റോഡിലേക്ക്‌ ശരീരത്തെ ആവുന്ന പോലെ പൊക്കിനിർത്തി. ഇപ്പോൾ ചുവന്നുപോയ ഒരു മനുഷ്യൻ കുത്തിനിർത്തിയ മുളവില്ലുപോലെ നിന്നാടി. ഇരച്ചെത്തിയ അടുത്ത വാഹനം വീറോടെ ഒന്നുവെട്ടിച്ച്‌ കടന്നുപോയി. എവിടെയോ കുഴപ്പമുണ്ട്‌. ജീവിതത്തിന്റെ ഉമ്മറപ്പടിയിൽ നിന്ന്‌ ആരോതന്നെ ചവിട്ടിത്തള്ളുകയാണ്‌. ഹൃദയത്തിന്റെ മിടിപ്പ്‌ മന്ദഗതിയാവുന്നു.

ഇതാണ്‌ രക്തത്തോടുള്ള ഭയം. ജീവിതത്തെക്കുറിച്ചുള്ള സ്വാർത്ഥം. ഓർമ്മകളിലേക്ക്‌ മുഖമടച്ച്‌ വീണുപോയി നരകകവാടത്തിന്റെ ഏതോ തീക്കുഴിയിലേക്കെന്നപോലെ. ഇതു ശരീരമല്ല ഉലയിൽ വച്ച ഇരുമ്പുദണ്ഡു പഴുക്കുന്നതാണ്‌.

മദ്യം തിളപ്പിച്ച ശരീരഭാഗങ്ങളുമായി നഗരത്തിന്റെ ഇരുളിലൂടെ പായുമ്പോൾ….. മുമ്പിൽ തകർന്നുകിടക്കുന്ന ഒരോട്ടറിക്ഷ. അതിൽ നിന്നും ചോരപുരണ്ട ഒരു മനുഷ്യൻ പുറത്തിറങ്ങി ജീവനുവേണ്ടി യാചിക്കുന്നു. എന്നിട്ടും. കത്തിപോലെ വാക്കുകൾ എറിഞ്ഞു.

എവിടെനോക്കിയാടാ വണ്ടിയോടിക്കുന്നേ…..?

വായനിറഞ്ഞ ചോരതുപ്പി അയാൾ യാചിച്ചപ്പോൾ ഊരാക്കുടുക്കിന്റെ ചങ്കിടിച്ചു. പൊല്ലാപ്പ്‌…. രാത്രികളിൽ മനുഷ്യൻ ഇങ്ങനെയാവും.? മൃഗത്തിന്റെ തോലിട്ട്‌ ഇരപാർത്തിറങ്ങും. പരസ്‌പരം കാണാത്ത ഇരുട്ടുമറക്കുള്ളിൽ ശിലായുഗത്തിലേക്ക്‌ പോകും. കൊല്ലുന്നതും ജീവിപ്പിക്കുന്നതും മനുഷ്യനാണ്‌. ആരാച്ചാരുടെ തലമുറ വളർന്നുവരുന്നുണ്ട്‌ ഉള്ളിന്റെയുള്ളിൽ. പകലൊരലിവോടെ മുഖംമിനുക്കിവെക്കുന്നവർ രാത്രിയിൽ ശരീരത്തിന്റെ പെരും സുഖംതേടും.

ഇപ്പോളൊന്നു പൊട്ടിക്കരയാൻ അവസരമുണ്ട്‌. തിളച്ചാറ്റിയ ടാർ റോഡിൽ മുഖമുരച്ച്‌ അത്‌ ചെയ്‌തു. മാംസമുരഞ്ഞ്‌ രക്തം കവളിലേക്കിരച്ചെത്തി. ഇത്‌ അതല്ല കണ്ണീരാണ്‌. ഇത്രയും കണ്ണീരിന്റെ ഒരുകുളം അവയവങ്ങൾക്കിടയിൽ ഒളിച്ചിരിപ്പുണ്ടായിരുന്നോ?

ഹൃദയം വരണ്ടു കത്തുമ്പോൾ നനയ്‌ക്കാനാകും. ചുണ്ടിലേക്കെത്തിയ ഉപ്പുപരലുകൾ നക്കിരുചിച്ചു…..

വീണ്ടും മറ്റൊരെണ്ണം ആർത്തിയോടെവന്നു. വന്നതൊക്കെ അകലുന്നത്‌ ഇരപ്പുകൂട്ടിയാണ്‌. അതിൽ മനുഷ്യനെ ഭയക്കുന്നവരുണ്ടാകും. ധൈര്യമവന്റെ മുഖത്തെ പകലിന്റെ പാടയാണ്‌. നരകകവാടം തുറക്കുന്ന ഒച്ചയായിരുന്നു ഓരോവാഹനത്തിനും ഇരുട്ടിന്റെ ഇരുമ്പുമറയ്‌ക്കുള്ളിലേക്കാണ്‌ അതൊക്കെ ഓടിച്ചുകയറ്റുന്നത്‌.

രക്ഷിക്കണം സാർ എന്റെ കുഞ്ഞുങ്ങൾക്കാരുമില്ല നൂറുരൂപയ്‌ക്ക്‌ ഒരാശുപത്രിക്കേസിറക്കി തിരിച്ചു വന്നതാണ്‌.

അന്നേരം നാലുകാലുള്ള ഒരു ജന്തു ഇങ്ങനെ ചിന്തിച്ചു.

അരുത്‌… നാളെ തിരക്കുള്ള ദിവസമാണ്‌ കേസ്‌. കോടതി. വിചാരണ വയ്യാവേലികൾ ജീവിതത്തിന്റെ ഭാഗമല്ല. കാർ വേഗത്തിൽ വിട്ടു. വീട്ടിലെത്തി കാറിനു പുറകിലെ ബോണറ്റിൽ അയാളുരച്ച രക്തത്തിന്റെ കറ വിസ്‌കിയിൽ കഴുകി.

ഭാര്യയുടെ ചൂടുപറ്റി കൂട്ട്‌ സുഖത്തിന്റെ ആഴങ്ങളിലൂടെ പതുപതുത്ത്‌….

അവൾ പറഞ്ഞു.

വല്ലാത്ത ചോരയുടെ നാറ്റം ശരീരത്തിലെവിടെയാണ്‌ മുറിഞ്ഞത്‌?

നാൽക്കാലി മുരണ്ടു.

എവിടെയുമില്ല വിയർപ്പാണ്‌ അത്‌ ചോരയിൽ നിന്ന്‌ വേർതിരിയുന്നതാണ്‌.

മുറിയിൽ വെളിച്ചമുണ്ട്‌ പുറത്തിരുട്ടും.

പ്രഭാതം ഉടൻ വരും. അതിനുമുമ്പേ നമുക്ക്‌ തളർന്നുറങ്ങണം.

മുൻകാലുകളുയർത്തി ഇണയുടെ പുറത്ത്‌ വച്ച്‌ ഒന്നമറി.

ഒരു ഞരക്കം പോലും പിളർത്താതെ ചോരയുടെ ഗന്ധം ആവാഹിക്കാനെന്നപോലെ അവൾ മൂക്ക്‌ വിടർത്തുകയായിരുന്നു.

കലിരക്തത്തോടായിരുന്നുവല്ലോ. അതടങ്ങിയപ്പോൾ, അവൾ വീണ്ടും പറഞ്ഞു.

ഇതു സാധാരണപോലെ വിയർപ്പിന്റെതല്ല ചോരയുടേതാണ്‌.

ചിരിക്കാനാണ്‌ തോന്നിയത്‌. തോറ്റപ്പല്ലിന്റെ മുന അവളുടെ കവിളത്തമർത്തി.

പുറത്തേക്കാഴുകിയതും രക്തത്തിന്റെ വകഭേതം തന്നെയാണ്‌.

അവൾ പിന്നൊന്നും മിണ്ടാതെ ചിതറിയ ഉടലിനെ പെറുക്കികൂട്ടാൻ മിനക്കെടാതെ അങ്ങനെതന്നെ കണ്ണുകളെ ഇറുക്കിയടക്കുന്നതു കണ്ടു.

പിറ്റേന്ന്‌, ടി.വി.യിലാണ്‌ കണ്ടത്‌.

ഓട്ടോറിക്ഷക്കാരന്റെ ശവശരീരത്തിന്റെ കഥ. ഒരു കുടുംബത്തിന്റെ നിരാലംബത റിപ്പോർട്ടർ വിശദീകരിക്കുകയാണ്‌ മടുപ്പുതോന്നി.

ഒരു പെഗ്ഗടിക്കണം. അതുചെയ്യുമ്പോൾ അടുക്കളയിൽ ഇറച്ചിവേവുന്നഗന്ധംപെരുകി വന്നു.

മുടിയഴിച്ചിട്ട്‌ അവൾ ഇറച്ചിപ്പാത്രം ഇളക്കുകയാണ്‌. തീക്കുണ്ടത്തിനു മുകളിൽ തിളച്ച എണ്ണയിൽ ഇറച്ചിച്ചേർപ്പിന്‌ രക്തത്തിന്റെ നിറം പതിവില്ലാതെ മുടിയഴിച്ചിട്ട ഭാര്യ യക്ഷിക്കഥയിലെന്നപോലെ കണ്ണുരുട്ടി നാവു നീട്ടുന്നു.

എവിടുന്നുകിട്ടി രാവിലെ നിനക്കീയിറച്ചി. ഒരാൾ കൊണ്ടുവന്നുതന്നതാണ്‌ പേരറിയില്ല.

തിളച്ച എണ്ണയിൽ ഓട്ടോറിക്ഷക്കാരന്റെ മുഖം ഇളകി. ഒരു മാംസപിണ്ഡം വെന്തുപൊങ്ങി.

എന്നെ രക്ഷിക്കണം സാർ എനിക്ക്‌ മരിക്കേണ്ട. ഭാര്യ സൂക്ഷിച്ചു നോക്കിയപ്പോൾ അഗ്നിയാണ്‌ ഇറങ്ങിവന്നത്‌. മുഖംകുനിച്ച്‌ പുറത്തുകടന്നു. ഇരട്ടക്കുളമ്പുള്ള സ്വന്തം കാലിന്റെ ഒച്ച ടൈൽസിട്ട മുറിയിൽ മുഴങ്ങി.

ഉള്ള്‌ പറഞ്ഞു സർവ്വ സാധാരണമായ ഒരു വിഷയത്തിൽ മനസ്സ്‌ ഇങ്ങനെ പിടപ്പിക്കരുത്‌.

ഇപ്പോൾ അനാഥത്വത്തിന്റെ പെരുവഴിയിൽ ജീവനറ്റുപോകുന്ന നിമിഷത്തിൽ പൊള്ളിയ മനസ്സിനെ നേരെയാക്കാൻ പറ്റുന്നില്ലല്ലോ ദൈവമേ….! ങേ.. ദൈവമോ? അതെ എല്ലാ സഹായങ്ങളും നഷ്‌ടപ്പെടുമ്പോൾ മനുഷ്യൻ ഉച്ചരിക്കുന്ന ഒരു വാക്ക്‌. ചിതൽ തിന്നഹൃദയത്തെ അതുണർത്തും. ഉച്ചത്തിൽ വിളിക്കാം. പക്ഷെ ഒരു നിലവിളിപോലുമുയരുന്നില്ലല്ലോ…. ജലം കിട്ടാത്ത തൊണ്ടക്കുഴി വിണ്ടുപോയിരിക്കുന്നു.

ഇരുട്ടുകീറിയ അടുത്ത വെളിച്ചത്തിന്റെ സൂചിക്കുത്തിലേക്ക്‌ വീണ്ടും കയ്യുയർത്തി പിടിച്ചു. പാണ്ടിലോറി ഒന്നു നിർത്തി. ഭയന്ന്‌ അതും ഇരച്ചുപോയി നരക കവാടത്തിന്റെ ഇരമ്പുമറയ്‌ക്കുള്ളിലേക്ക്‌. ഇത്‌ രാത്രിയാണ്‌, മറ്റൊരാൾ കാണാനില്ലെങ്കിൽ പത്തായത്തിനുള്ളിൽ ആരാണ്‌ വിളക്ക്‌ കൊളുത്തിവെക്കുക.

എന്നാൽ ഒരാളുണ്ടാകുമല്ലോ! അയാൾ ആരാണ്‌? എവിടെയാണ്‌? എപ്പോഴാണ്‌ വരിക…..?

സമയം കടന്നുപോകുന്നു.

അടുത്തവാഹനത്തിന്റെ ഇരമ്പലും പ്രകാശവും കലുങ്കിനെ സമീപിക്കുകയാണ്‌. രക്തം പുഴയായ ഒരു ശരീരം അതിൽ നീന്തി റോഡിൽ പുളക്കുകയാണ്‌.

ജിവന്റെ അവസാനത്തെ കണികയും സ്വന്തം ശരിരത്തോട്‌ യുദ്ധം ചെയ്യുന്നത്‌ നമുക്ക്‌ ഇങ്ങനെയാകും ഒരാൾ കാണിച്ചു തരുന്നത്‌.

Generated from archived content: story1_juy3_10.html Author: jose_pazhukaran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here