ചുട്ടുപൊള്ളുന്ന മണലാരണ്യം. ചൂടുകാറ്റേറ്റ് പഴുത്തു നിൽക്കുന്ന ഈന്തപ്പനക്കുലകൾ. മരുഭൂമിയെ റോഡിൽ നിന്നും വേർതിരിക്കുന്ന ഇരുമ്പ് വേലിക്കെട്ടുകൾക്കുള്ളിൽ അലയുന്ന ഒട്ടകങ്ങൾ; ബാപ്പുവിന്റെ പതിവു കാഴ്‌ചകൾ.
സുബഹു നിസ്‌കാരം കഴിഞ്ഞു മമ്മദലിയുടെ കഫ്‌തീരിയയിൽ തിന്നും ഒരു സുലൈമാനി കുടിച്ചു കഴിഞ്ഞാൽ ബാപ്പുവിന്റെ ജോലി തുടങ്ങുകയായി. ബാപ്പു ഇന്നു ഗൾഫിൽ ഒരു മിനറൽ വാട്ടർ കമ്പനിയിൽ ഡ്രൈവർ കം വർക്കറായിട്ടു ജോലി നോക്കുന്നു. (നിർബന്ധിതം) ബാപ്പു പണ്ടു മുത്തേലി അങ്ങാടിയിൽ മീൻ വിറ്റിരുന്നു. കൂട്ടുകാർ തന്നെ കൂക്കിവിളിച്ചു ഇസ്‌കൂളിലേക്കു പോകുമ്പോൾ ബാപ്പുവിനു പ്രയാസം തോന്നിയില്ല. ഉമ്മയുടെയും പെങ്ങളുടെയും പശിമാറ്റാൻ എട്ടാം തരം വിദ്യാഭ്യാസം തന്നെ അധികമെന്നു ബാപ്പു ഉറച്ചു വിശ്വസിച്ചു. പടിഞ്ഞാറോട്ട് പരന്നിറങ്ങുന്ന കടപ്പുറത്തു നിന്നും തിരുവുമീൻ പെറുക്കിയെടുത്താണു ബാപ്പു കച്ചവടം തുടങ്ങിയത്. അന്ന് ബാപ്പുവിന്റെ പ്രായം പതിനഞ്ച്. അരപ്പട്ടിണിയിൽ വിശപ്പു മൂത്ത വയറു മുറുക്കിയുടുത്ത് ജീവനുകൾ നിലനിർത്താൻ ബാപ്പു പെടാപ്പാടുപെട്ടു.
രാത്രി തീരത്തധികം ശബ്‌ദമില്ലാതെ അലയടിക്കുന്ന തിരയൊച്ച്യെണ്ണി അവൻ ഉമ്മയുടെയും പെങ്ങളുടെയും മാനത്തിനു കാവലിരുന്നു. ഒരിക്കൽ പുറമ്പോക്കിലെ കുടിൽ തകർന്നടിഞ്ഞത് കടലെടുത്തല്ല; കടപ്പുറത്തു രണ്ടു വിഭാഗങ്ങൾ തമ്മിൽ ലഹളയുണ്ടായതുപെട്ടന്നാണ്. അതിൽ കുടിൽ നിലമ്പൊത്തി. നിരവധിപേർ കൊല്ലപ്പെട്ടു. പോലീസ്, പട്ടാളം, നിരോധനാജ്‌ഞ്ഞ. ബാപ്പുവിനും ഉമ്മക്കും പെങ്ങൾക്കും മൊയ്‌തീൻകുഞ്ഞു തന്റെ ചായ്‌പിൽ അഭയം നൽകി. ഉപ്പാന്റെ പഴയ ചങ്ങാതി. വിപ്ലവവീര്യം മൂത്ത ഉപ്പാ വയലാർ സമരത്തിൽ പങ്കെടുക്കാൻ പോയതാണന്നു ഉമ്മക്കു മൊയ്‌തീൻ കുഞ്ഞിൽനിന്നുള്ളറിവാണു. ഉപ്പാ തിരിച്ചു വന്നിട്ടില്ലിതുവരെ. ഉപ്പാന്റെ ഒരു മങ്ങിയ ഓർമ്മ പോലും മനസ്സിലില്ല. ഉപ്പ ഒരിക്കൽ തിരിച്ചുവരുമെന്നു ഉമ്മ കരുതുന്നുണ്ടാവും. രക്തസാക്ഷിയുടെ വിധവയാണോ, തിരസ്‌കരിക്കപ്പെട്ടവളാണോയെന്നറിയാതെ ഉമ്മയുടെ കൺതടം നിറയും.
“ഉപ്പാന്റെ മരിച്ച കടലാസുണ്ടായിരുന്നെങ്കിൽ ആപ്പിസികൊടുത്താ ഒരു സെന്റു ഭൂമി കിട്ടുമാരിക്കും.”
ചായ്‌പിന്റെ തൂണിൽ ചാരിയിരുന്നു കടപ്പുറത്തെ വിജനതയിലേക്കു നോക്കി ഉമ്മ ആത്മഗതമ്പൊഴിക്കും.
ഉപ്പാന്റെ മരണം സ്ഥിതീകരിക്കാനല്ല, ഒരു പിടിമണ്ണ്. മക്കൾക്കു ചുവടുറപ്പിക്കുവാൻ, വെള്ളപുതച്ച മയ്യത്തിനു ഒരിട വിശ്രമിക്കുവാൻ ഒരു മുറി മണ്ണുവേണം. ഉമ്മയുടെ വിയർപ്പൊട്ടിയ മാറോടു ചേർന്നു കിടക്കുമ്പോൾ ബാപ്പുവിനെ സങ്കടക്കനലുകൾ എരിയിച്ചു. വിശപ്പുമാറാതെ തളർന്നുറങ്ങുന്ന പെങ്ങൾ പാവം.
വേരുകളില്ലാത്ത മരം പിഴുതെറിയപ്പെടും. കുടുംബത്തിനു അടിത്തറ വേണം. “ങ്ങളു ന്ത് ഓടിരയീ ഓണിക്കണേ. മുന്നില് കാമറയുണ്ട്. പയ്യെ പോവിൻ”.
ഹെൽപർ ബഷീർ ഒച്ചയുണ്ടാക്കി.
ചിന്തകൾ വിട്ടു ബാപ്പു ഉണർന്നു.
വണ്ടി അബുദാബി റോഡിലൂടെ പായുകയായിരുന്നു. എല്ലാം യാന്ത്രികം. ബാപ്പു വേഗതയൊന്നു കുറച്ചു. മുന്നിലുള്ള വാഹനങ്ങളുടെയും വേഗത കുറഞ്ഞു വന്നു. പിന്നെ അവയോരോന്നായി നിശ്‌ചലമായി. സൈറൺ മുഴക്കി പോലീസ് വാഹനങ്ങളും ആബുലൻസും ഫാസ്‌റ്റ് ട്രാക്കിലൂടെ ചീറി ഒരപകടം മണക്കുന്നു.
പോലീസ് വാഹനങ്ങൾ ഗതി തിരിച്ചു വിട്ടപ്പോൾ സിഗ്നലിനടുത്തു രണ്ടു കാറുകൾ കൂട്ടിയിടിച്ചു കിടക്കുന്നു. ആരെയൊക്കെയൊ പോലീസും അറ്റണ്ടെഴ്‌സും സ്‌ട്രെക്‌ചറിൽ ആബുലൻസിലേക്കു കയറ്റുന്നു. ബാപ്പുവിന്റെ മനസ്സൊന്നു കാളി.
“നിയന്ത്രണം വിട്ടതാ….. ഒരാൾ പോയി.”
ബഷീർ ഡോർ താഴ്‌ത്തിയപ്പോൾ ആരോ പറയുന്നതു കേട്ടു.
മരണം എല്ലായിടത്തും പതിയിരിക്കുന്നു. മരിച്ചതു മലയാളിയാണോ. മരിക്കുന്നതിനു തൊട്ടുമുൻപു മരിച്ചയാളുടെ മനസ്സിൽ എന്തായിരിന്നിരിക്കും.?
ആകുലതയോ ദുഃഖമോ സന്തോഷമോ – ബാപ്പു അരക്ഷിതത്വത്തിന്റെ ചിലന്തിവലയിൽ കുടുങ്ങി. ഫ്ലാറ്റിന്റെ ഡോർ തുറന്നു അകത്തു കയറിയപ്പോഴെ “ബോംബിന്റെ” രൂക്ഷഗന്ധം ബാപ്പുവിന്റെ മൂക്കിലേക്കു തുളച്ചു കയറി. ഒരു മുറിയിൽ ബോംബ് വച്ചിരിക്കുകയാണു. ബാച്ചിലേഴ്‌സ് റൂമിലെ സന്തത സഹചാരിയായ മൂട്ടയെ തുരത്താൻ വർഷത്തിലൊരിക്കലെങ്കിലും ബോംബു വെക്കണം. 24 മണിക്കൂറാണു സമയം. ആ ദിവസം താമസക്കാർ മറ്റു റൂമുകളിലേക്കു ചേക്കേറുകയോ കൂട്ടുകാരുടെ റൂമിലോ അഭയം കണ്ടെത്തണം. ബോംബിനു മരണത്തിന്റെ ഗന്ധമാണ്. അതിന്റെ അശ്രദ്ധയോടുള്ള ഉപയോഗം കാാരണം എത്രയോ ജീവൻ പൊലിഞ്ഞിരിക്കുന്നു. ഇടനാഴിയിലെ ഡോർ ബന്ധിച്ചു ബാപ്പു ശബ്‌ദമുണ്ടാക്കതെ തന്റെ റൂമിന്റെ ഡോർ തുറന്നു അകത്തു കയറി. മോർച്ചറിയിൽ നിരത്തിയിട്ടിരിക്കുന്ന ശവങ്ങൾ പോലെ എല്ലാവരും പാതി മയക്കത്തിലാണ്. അല്ലെങ്കിലും ഉറക്കത്തിൽ എല്ലാവരും പാതി ശവങ്ങൾ തന്നെ.
കുളികഴിഞ്ഞു കിച്ചണിൽ അവശേഷിച്ചിരുന്ന മുക്കാൽ “കുബൂസ്” എടുത്തു. ആരോ പാതിമാന്തിയെടുത്ത കുഞ്ഞയിലക്കഷണവുമായി കഴിക്കാനിരിക്കുമ്പോൾ ബാപ്പുവിനു വൈകുന്നേരം കണ്ട ആക്‌സിഡന്റ് ഓർമ്മയിൽ തികിട്ടി. ആ മരണം തന്നെ കാത്തിരിക്കുവാരുന്നോ ബഷീറിന്റെ താക്കീതാണോ അതിനു തടയിട്ടത്? ഉറങ്ങാൻ കിടക്കുമ്പോഴും ബാപ്പുവിന്റെ മനസ്സ് അസ്വസ്‌ഥമായിരുന്നു. ബോംബു വെച്ച മുറിയിൽ മരണം ആർക്കോ വേണ്ടി വല വിരിച്ചിരിക്കുന്നു; തനിക്കു വേണ്ടിയാണോ. സാഹചര്യങ്ങൾ അനുകൂലമാണ്. എല്ലാം അവസാനിപ്പിക്കാം ഇന്നത്തോടെ. വേണ്ട. അതു പാടില്ലാ. മനസാ്സക്ഷി അവനെ തിരുത്തി.
കടൽകടന്നെത്തിയ ഉമ്മയുടെ വിയർപ്പിന്റെ ഗന്ധം ബാപ്പുവിനെ ജീവിക്കാൻ പ്രേരിപ്പിച്ചു.
ഉമ്മാക്കു ഒരു പിടിമണ്ണ്, നബീസുവിന്റെ നിക്കാഹ് – ഒരു സ്വപ്‌നമായി മാത്രം എരിഞ്ഞടങ്ങുമോ?
എത്ര പ്രതീക്ഷയോടെയാണു ലാലു ഭയ്യ തെളിച്ച വഴിയെ ഗൾഫിൽ എത്തിയത് ഒരു നിമിഷം ഒരാളെ വിശ്വസിച്ചതിന്റെ പേരിൽ താനൊരു വലിയ കടക്കെണിയിൽപ്പെട്ടു. നാലുമാസത്തിനുള്ളിൽ നാൽപ്പതിനായിരം ദിർഹം കടം കമ്പനിക്ക്.
ദീർഘമായി നിശ്വസിച്ചു വേവുന്ന മനസ്സോടെ ബാപ്പു കണ്ണുകളടച്ചു.
കൂരിരുട്ട്.
ഇരുട്ടിനെ കീറിമുറിച്ച് തീവണ്ടി പാഞ്ഞുകൊണ്ടേയിരുന്നു.
മൊയ്‌തീൻ കുഞ്ഞു കൊടുത്ത 200 രൂപയുമായി ബാപ്പു തീവണ്ടി കയറിതാണ്. കരിമ്പുക തുപ്പി ചീറിപ്പാഞ്ഞ തീവണ്ടിയുടെ ഒരു ബോഗിയിൽ ബാപ്പു മനസ്സു വിറങ്ങലിച്ചിരുന്നു. മീശമുളക്കാത്ത ബാപ്പുവിനെ അടുത്തിരുന്നവർ തുറിച്ചു നോക്കി. അരക്ഷിതത്വത്തോടെ അവൻ പുറം കാഴ്‌ചകളിൽ കണ്ണുകളൊളിപ്പിച്ചു. ഇരുളുമാറി പകൽ വെളുത്തു. ലക്ഷ്യസ്‌ഥാനത്തെത്തി ദാഹശമനം തീർക്കാനെന്നവണ്ണം ഭാരവും വഹിച്ചു തീവണ്ടി പ്രാന്തപ്രദേശങ്ങളിലൂടെ പാഞ്ഞു. പലവേഷക്കാരും ഭാഷക്കാരും പല സ്‌റ്റേഷനുകളിൽ നിന്നും കയറിയിറങ്ങി.
“അരെ ബേട്ടാ തും കിതർ ജാ രഹെ ഹൊ?”
മുഷിഞ്ഞ വേഷധാരിയായ ഒരു വയസ്സൻ കയ്യിലിട്ടു തിരുമ്മിയെടുത്ത തമ്പാക്കു ചുണ്ടിനിടയിൽ തിരുകി സംശയത്തോടെ ബാപ്പുവിനെ നോക്കി.
ബാപ്പു വയസ്സനെ പകച്ചു നോക്കി.
“നഹീ സമഛാ? തും മദ്രാസി ഹൊ?” അവൻ മറുപടിയൊന്നും പറഞ്ഞില്ല.
വയസ്സൻ ചിരിച്ചു കൊണ്ടു ബാപ്പുവിന്റെ തലയിൽ തലോടി. അവന്റെ മനസ്സൊന്നു തണുത്തുഃ തന്റെ ഉപ്പയാണോ. അവൻ വെറുതെ മോഹിച്ചു. “മേം ലാലു ഭയ്യ. ഗാവ് ലോക് ഐസേ ബുലാതാ ഹൈ…..തും മേരേ പീഛേ ആവോ.”
കൊച്ചു കണ്ണുകൾക്കുൾക്കൊള്ളാനാവാത്ത ബോംബേ സ്‌റ്റേഷനിൽ പകച്ചു നിന്നപ്പോൾ ആ വയസ്സൻ ബാപ്പുവിന്റെ കയ്യിൽ പിടിച്ചു. വേച്ചു വേച്ചു നടന്ന വയസ്സന്റെ പിന്നാലെ ബാപ്പു നടന്നു.
ഗള്ളിയിൽ ആക്ക്രി കച്ചവടമായിരുന്നു ലാലു ഭയ്യാക്ക്. അയാൾ ബാപ്പുവിനെ കൂടെ കൂട്ടി. ബാപ്പു ലല്ലു ഭയ്യയെ പരിചരിച്ചും സഹായിച്ചും യുവാവായി. മിച്ചം കിട്ടുന്ന 300 രൂപ മുടക്കമില്ലാതെ ഉമ്മാക്ക് അയച്ചു കൊടുത്തു. ബാപ്പുവിന്റെ സത്യസന്ധതയും സ്‌നേഹവുമറിഞ്ഞ ഭയ്യ അവനു പാസ്‌പ്പോർട്ടും ഫ്രീ വിസയും തരപ്പെടുത്തി കൊടുത്തു.
“ജീതേ രഹൊ ബേട്ടാ ഭഗവാൻ തുമാരെ സാത്‌ഹൈ.”
അബുദാബിയിലേക്കു യാത്ര പുറപ്പെടാൻ നേരം അവന്റെ ശിരസ്സിൽ കൈവച്ചു ഭയ്യ അനുഗ്രഹിച്ചു.
ബാപ്പുവിന്റെ കണ്ണുകൾ നിറഞ്ഞു. ഉപ്പാന്റെ സ്‌നേഹം പോലെ നിഴലായി ഭയ്യ കൂടെയുണ്ടായിരുന്നു ഇതുവരെ. ഇനി?.
ഫ്ലൈറ്റിറങ്ങി ടെർമിനലിനു പുറത്തു വന്ന ബാപ്പു എങ്ങോട്ടു പോകണമെന്നറിയാതെ പകച്ചു നിൽക്കുമ്പോൾ അറബി അയച്ച ബംഗാളി ഡ്രൈവർ അവനെ തിരിച്ചറിഞ്ഞു.
“അസലാമു അലൈക്കും”
അവൻ മറുപടിയൊന്നും പറഞ്ഞില്ല.
“തും ബാപ്പു?”
“ഹാ”
“ഹിന്ദി നഹീം മാലും?”
അവന്റെ ബാഗും തൂക്കി പൊറുപൊറുത്തുകൊണ്ടു അയാൾ പിക്ക്‌അപ്പിനരികിലേക്കു നടന്നു.
വാഹനം ഓടിക്കുന്നതിനിടയിൽ ഡ്രൈവർ ഒന്നും അവനോടു മിണ്ടിയില്ല.
റോഡിയോയിൽ ആയിരുന്നു അയാളുടെ ശ്രദ്ധ.
കൂറ്റൻ കെട്ടിടങ്ങളും മിനുസമാർന്ന റോഡിലൂടെ പായുന്ന വാഹനങ്ങളും ബാപ്പുവിനെ അമ്പരപ്പെടുത്തി.
ഗള്ളികളിലെ റോഡുകൾക്കിരുവശവും കാണുന്ന ചപ്പു കൂനകൾ ഇവിടില്ലഃ ദുർഗന്ധവും.
റോഡ് കണ്ണാടി ചില്ലുപോലെ പരന്നു കിടക്കുന്നു. ഇനി തന്റെ ലോകം ഇതാണ്. ഈ മരുഭൂമിയിൽ നിന്നും പൊന്നുവാരണം. ബാപ്പുവിന്റെ മുഖം പ്രകാശം കൊണ്ടു.
ബാപ്പുവിന്റെ പ്രവർത്തിയും പെരുമാറ്റവും അറബിക്കും അറബിവീട്ടിലെ മറ്റുള്ളവർക്കും ഇഷ്‌ടമായി.
“അവനു ഭാവിയുള്ളതാ വെറുതെ ഇവിടെ നിർത്തി അതു കളയണ്ട. നിങ്ങളുടെ സുഹൃത്തിനോടു പറഞ്ഞാൽ അവിടെ കമ്പനിയിൽ നിർത്തൂല്ലെ? ഡ്രൈവറായിട്ട്.”
ബാപ്പു എത്തി ഒരാഴ്‌ച തികയുന്നതിനു മുൻപു തന്നെ ഒന്നാം ഭാര്യ അറബിയോടു തന്റെ അഭിപ്രായം പറഞ്ഞു.
“അതിനു ലൈസൻസ് വേണ്ടേ. പിന്നെ വിസാ.”
അറബി ചുരുട്ടു കത്തിച്ചു ഒന്നു വലിച്ചു പുക വിട്ടു.
“അതാണോ ഇത്ര വലിയ കാര്യം.”
അവർ തന്നെ ബാപ്പുവിന്റെ കാര്യത്തിൽ മുൻകൈ എടുത്തു.
“അള്ളാഹു” തന്നെ എങ്ങോട്ട് കൊണ്ടു പോകുകയാണെന്നു ബാപ്പുവിനു മനസ്സിലായില്ല.
ലൈസൻസിനുള്ള ഫയൽ ഓപ്പണായി. മൂന്നാം ടെസ്‌റ്റിൽ ലൈസൻസ് കിട്ടി. കമ്പനിയിൽ ഡ്രൈവർ വിസ റെഡിയായി. ബാപ്പുവിന്റെ മനസ്സാഹ്ലാദിച്ചു. ജോലി കഠിനമുള്ളതായിരുന്നെങ്കിലും പ്രസന്നമായ ഭാവിയോർത്തപ്പോൾ അതു മധുരമായി തോന്നി ബാപ്പുവിന്. പൊളിക്കാറായ കെട്ടിടത്തിൽ ബെഡ് സ്‌പൈസ് കിട്ടിയപ്പോൾ താമസം അങ്ങോട്ടു മാറ്റി. ദിനചര്യകൾക്കു ഒരു ക്രിത്യനിഷ്‌ഠത വന്നു. ആദ്യ മൂന്നു മാസത്തെ ശമ്പളത്തിൽ നിന്നും തുച്ഛമായ തുകയെ ഉമ്മക്ക് അയച്ചുള്ളു. ചിലവും കഴിഞ്ഞു ബാക്കി തുക അറബിയെ ഏൽപ്പിച്ചു. വിസക്കും ലൈസൻസിനും ചിലവാക്കിയ തുക. ബാപ്പുവിന്റെ കയ്യിൽ നിന്നും മനസ്സില്ല മനസ്സോടെയാണു അറബി ആ തുക വാങ്ങിയത്.
ബാപ്പുവിനു സന്തോഷമായി. ഇനിയുള്ള അധ്വാനം തന്റെ കുടുംബത്തിനു വേണ്ടിയുള്ളതാണ്. അതിനിടയിലാണു അതു സംഭവിച്ചത്. സലാലേക്കു പോയ അറബിയും കുടുംബവും ആക്‌സിഡന്റിൽ കൊല്ലപ്പെട്ടു. മുസ്സഫായിൽ നിന്നും അബുദാബിയിലേക്കുള്ള വഴി മധ്യേ തന്റെ വാനിൽ ലിഫ്‌റ്റു കയറിയ അറബി വീട്ടിലെ പഴയ ബംഗാളി ഡ്രൈവറാണ് അതു പറഞ്ഞത്. അയാൾ നാട്ടിലേക്കു മടങ്ങുകയാണ്.
ബാപ്പുവിന്റെ ചങ്കൊന്നിടറി. നല്ല മനുഷ്യരായിരുന്നു. ആരുടെയും മരണവും ജനനവും ഇവിടെ അറിയപ്പെടാതെ പോകുന്നു. വേഗതയോടെ തുടങ്ങി വേഗതയോടെ അവസാനിക്കുന്നു. പരസ്‌പരം തിരിച്ചറിയപ്പെടാതെ പോകുന്ന ജീവിതങ്ങൾ.
ബഷീർ ഓഫായിരുന്നതു കൊണ്ടാണു ബാപ്പു അയാളെ ലിഫ്‌റ്റു കയറ്റിയത്. അല്ലായിരുന്നെങ്കിൽ അവരുടെ മരണം അറിയാൻ ബാപ്പു ഒരുപാടു വൈകിയേനെ.
“ഏക് മിനിറ്റ് ഭായി.”
പെട്രോളടിക്കാൻ ബാപ്പു വണ്ടി പമ്പിലേക്കു കയറ്റി.
പെട്രോളടിച്ചു ടൊയിലെറ്റിൽ പോയിട്ടു വന്ന ബാപ്പു വണ്ടിയിൽ ഉണ്ടായിരുന്ന ബംഗാളിയെ കണ്ടില്ല.
അവൻ അയാളെ ചുറ്റിനും പരതി. അറിയാവുന്ന ഭാഷയിൽ അടുത്തുണ്ടായിരുന്നവരോടു ചോദിച്ചു. ബംഗാളിയെ ആരും കണ്ടില്ല. വേവലാതിയോടെ ബാപ്പു വണ്ടിക്കുള്ളിൽ എന്തൊ നോക്കി. ഡാഷ് ബോർഡ് തുറന്നു കിടക്കുന്നു.
“അള്ളാ”. ബാപ്പു നെഞ്ചത്തു കൈ വെച്ചു. തല കറങ്ങി.
കമ്പനി ബാങ്കിലടക്കാൻ ഏൽപ്പിച്ച 40,000 ദിർഹം കളവു പോയിരിക്കുന്നു.
ബാപ്പു പറഞ്ഞ സംഭവങ്ങൾ കമ്പനി അധികാരികൾ വിശ്വസിച്ചില്ല. ഒന്നെങ്കിൽ വിചാരണ അല്ലെങ്കിൽ നഷ്‌ടപെട്ട പണം തിരികെ കൊടുക്കുക. റിസ്‌ക്കിന് അവർ തയ്യാറല്ലായിരുന്നു.
“ഞാൻ എടുത്തിട്ടില്ലാ”
ബാപ്പു കേണു കൈകൾ കൂപ്പി.
നോർത്തിൻഡ്യാക്കാരനായ മാനേജരാണ് ആ നിർദ്ദേശം മുന്നോട്ടു വെച്ചത് ജോലിചെയ്‌തു കടം വീട്ടുക.
ബാപ്പുവിനു അതെ ഒരു മാർഗ്ഗം ഉള്ളായിരുന്നു. ചിലവിനു മാത്രം പണം. ബാക്കി ശമ്പളം കമ്പനിക്ക്. നീണ്ട മൂന്നു വർഷം കമ്പനിയുടെ അടിമയെപ്പോലെ ജീവിക്കണം. ബംഗാളിയെ വിശ്വസിച്ചതിനു കിട്ടിയ പ്രതിഫലം. ദുർവിധി.
തന്റെ സ്വപ്‌നങ്ങൾ യഥാർഥ്യമാവാൻ കുറെ കാതം കടന്നു പോകണം.
ബാപ്പു ഉറക്കത്തിലെന്തോ പിച്ചും പേയും പറഞ്ഞു. അവന്റെ ദുഃഖം കടൽ കടന്നു ഉമ്മയുടെ നെഞ്ചിനെ തൊട്ടു. പാഞ്ഞുപോകുന്ന ഒരു വണ്ടി മരുഭൂമിയിൽ കുത്തനെ മറിഞ്ഞു വീഴുന്ന സ്വപ്‌നം കണ്ട് ഉമ്മാ ഞെട്ടിയുണർന്നു.
“ന്റെ മോനെ”
ഞരക്കത്തോടെ അവർ എണീറ്റു.
“ന്താ ഉമ്മ എന്തുപറ്റി.”
നബീസു ചാടിയെണീറ്റു.
“ന്റെ മോനെന്തോ” പറ്റീട്ടുണ്ട്.
ഒരു മാസായി ഒരു വിവരോം ഇല്ല.
ബാപ്പുവിനെ കുറിച്ച് നബീസുവിനും ആവലാതിയുണ്ട്.
നേരം പുലരാൻ കാക്കും ഇരുവരും ബാപ്പുവിന്റ കത്തിനുവേണ്ടി വഴിക്കണ്ണു നടുവാൻ. പതിവു സമയം കഴിഞ്ഞു പോസ്‌റ്റുമാനെ കണ്ടില്ലെങ്കിൽ അവരുടെ മുഖത്തു നിരാശ പടരും.
വൈകുന്നേരമായപ്പോൾ ദൂരെ നിന്നും മൊയ്‌തീൻ കുഞ്ഞു ഓടികിതച്ചു വരുന്നതു കണ്ടു ഉമ്മയും നബീസുവും പരിഭ്രമത്തോടെയെണീറ്റു. കിതപ്പിൽ ശ്വാസം മുട്ടി തിണ്ണയിലിരുന്നു സങ്കടത്തോടെ അയാൾ എന്തൊക്കെയൊ പറഞ്ഞു. അയാൾ പറഞ്ഞതൊക്കെ മനസ്സിലാക്കിയെടുത്തപ്പോൾ ഉമ്മയുടെയും നബീസുവിന്റെയും നെഞ്ചകം പിളർന്നു. വാവിട്ടു കരഞ്ഞു.
“സുലൈമാന്റെ കടയിൽ ഫോൺ വന്നതാണ്. ഇന്നുച്ചക്കു നമ്മുടെ ബാപ്പു വണ്ടി ആക്‌സിഡന്റിൽ മരിച്ചു.”
അലമുറകേട്ടു ചുറ്റിനും കൂടിയവരോടു മൊയ്‌തീൻ കുഞ്ഞു കരഞ്ഞു പറഞ്ഞു. പിന്നെ ഒരു കൂട്ടയലർച്ചയായിരുന്നു. നിഷ്‌ക്കളങ്കരുടെ വേദന.
“വണ്ടി നിയന്ത്രണം തെറ്റി മരുഭൂമിയിലേക്കു മറിഞ്ഞതാണ്. ”നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ട ബഷീർ ഹോസ്‌പിറ്റലിൽ വന്ന പോലീസുകാരോടു കരഞ്ഞു പറഞ്ഞു.
മോർച്ചറിയുടെ മുന്നിൽ ബാപ്പുവിനു വേണ്ടി കരയാൻ ആരും ഇല്ലായിരുന്നു. അകത്തു വെള്ളപുതപ്പിച്ചു ശാന്തനായി ഉറങ്ങുന്ന ബാപ്പുവിന്റെ കയ്യിൽ മരിക്കുമ്പോൾ ഒരു പിടിമണ്ണുണ്ടായിരുന്നു. നെഞ്ചോടടക്കി…. മരിക്കുമ്പോൾ എന്തായിരുന്നു ബാപ്പുവിന്റെ മനസ്സിൽ…..? ജീവൻ വെടിയും നേരം എന്തായിരിക്കും ഓരോരുത്തരുടെയും മനസ്സിൽ….. അതൊരു സമസ്യയാണ്.
അള്ളാഹുവിന്റെ കരലാളനങ്ങളേൽക്കുവാൻ ബാപ്പു മോക്ഷകവാടത്തിലൂടെ സ്വർഗ്ഗത്തിലേക്കു പ്രവേശിച്ചു……..
Generated from archived content: story1_dec30_09.html Author: jomon_antony