പൂത്തിരുവാതിര തിങ്കൾ തെളിഞ്ഞു
പൂത്താരകങ്ങൾ നിരന്നു.
മുറ്റത്തു കത്തും വിളക്കിന്നു ചുറ്റും
മങ്കമാർ നൃത്തം തുടർന്നു.
ഈശാനകോണിൽ താനേ വളർന്നതാം
ഏഴിലം പാലകൾ പൂത്തു
പാലപ്പൂ ഗന്ധം വഴിഞ്ഞു.
താനേ തുറന്ന ജനാലകൾ ദൂരത്ത്
മിന്നായം കണ്ടു തരിച്ചു.
നൂപുരത്തേങ്ങലും കേട്ടു.
യവനിക രാവിൻ, നിലാവിലുയരവെ
ശ്വേതംബരിയാൾ ചിരിച്ചു
സത്യം, എന്റെ കണ്ണാലെ ഞാൻ കണ്ടു.
തീരാ വിരഹത്തിൻ ശോകാർദ്രഗാനവു-
മായവളെങ്ങോ മറഞ്ഞു.
ശ്വാന വിലാപമുയർന്നു.
ഒറ്റപ്പുളിമരക്കൊമ്പത്തു നത്തുകൾ
ദുർമന്ത്രലക്ഷം ജപിച്ചു
കടവാതിൽ ചിറകിട്ടടിച്ചു
തെക്കിനിത്തിണ്ണയിൽ വെളെളാട്ടു കിണ്ടികൾ
തട്ടിയുരുണ്ടു മറിഞ്ഞു
കാലൻ പൂച്ച കിടന്നു മുരണ്ടു.
ആട്ടക്കസാലയിൽ ചാരിമയങ്ങവെ
പൊട്ടിച്ചിരികേട്ടുണർന്നു
ദൂരത്തെന്തൊക്കെയോ വീണുടഞ്ഞു.
വെളളിച്ചെരാതു തെളിച്ചു ഞാൻ നോക്കവെ
കാറ്റിലാ ദീപമണഞ്ഞു.
ഞെട്ടിത്തരിച്ചു ഞാൻ മന്ത്രം ജപിക്കവെ
കയ്യിലേലസ്സു തടഞ്ഞു.
പിന്നെയാ ഏലസ്സു മാറോടു ചേർത്തു ഞാൻ
കണ്ണുമടച്ചു കിടന്നു.
രാത്രിയൊക്കെക്കഴിഞ്ഞെങ്ങനോ, പിന്നെ ഞാൻ
പകലിന്റെ വിളികേട്ടുണർന്നു.
ചുമരിന്മേൽ തൂങ്ങുമാ പഴയ ഘടികാരം
പാതിവഴിക്കു നിലച്ചിരുന്നു.
തൊടിയിലെ ചെമ്പരത്തിപ്പൂക്കളൊക്കെയും
ചോന്നു തുടുത്തു ഭയം പകർന്നു.
ഓടിക്കിതച്ചെത്തിയാരോ പടിപ്പുര-
വാതിൽ തുറന്നു തളർന്നു നിന്നു
അകലെനിന്നപ്പൊഴും നരികളോ നായ്‌ക്കളോ
ഓരിയിട്ടൊണ്ടേയിരുന്നു.
Generated from archived content: poem2_oct20_2006.html Author: joju_nannattumali
Click this button or press Ctrl+G to toggle between Malayalam and English