സാംഖ്യദർശനം

ഒന്ന്‌

ഒന്ന്‌!

പൂർണ്ണതയുടെ ഏകകം

ന്യൂമറോളജിയിൽ സൂര്യൻ, ഒന്നാമന്മാരിൽ ഒന്നാമൻ

ആദിയും അനന്തതയും ‘ഒന്നിൽ’ അടങ്ങുന്നു

പക്ഷെ,

അപകർഷതയിൽ സൂര്യപുത്രൻ

ഏകാകി

അപൂർണ്ണതാബോധത്തിന്റെ അശ്വത്ഥാമാവ്‌

പ്രലോഭനത്തിന്റെ ആദിബിംബവുംഃ

കൊതിയുടെ മന്ത്രമായി ശാപമോക്ഷമില്ലാത്ത അലച്ചിലിനടിമ.

രണ്ട്‌

ഓം ശാന്തി!

തുണയ്‌ക്കുവേണ്ടിയുളള ആദിമദാഹം ശമിപ്പിക്കപ്പെട്ടിരിക്കുന്നു

മാത്രമോ, രണ്ടുസൂര്യന്മാരെ ആർക്കു വെല്ലാനാകും?

ഈ ദ്വയം, അദ്വിതീയനാകുമെന്നു ജാതകം

എങ്കിലോ,

രണ്ടു പൂർണ്ണതകൾ ചേർന്നു പോകില്ലെന്നു സ്ഥിതിസംഹിത

‘ഈഗോക്ലാഷ്‌’ എന്നു മനഃശാസ്‌ത്രവും; കൂടുതൽ അനുയോജ്യമായ ഇണയ്‌ക്കുവേണ്ടി, പിരിയുകതന്നെ!

എന്നാലോ- ദൈവം യോജിപ്പിച്ച ഈ സയാമീസ്‌ ഇരട്ടകൾക്കു വേർപിരിയാൻ വിധിയില്ല.

മൂന്ന്‌

മൂന്നായാൽ പരിഹാരമായെന്ന്‌ ഈശ്വരന്മാർപോലും നിനച്ചു.

ആകയാൽ, ത്രിമൂർത്തികൾ, ത്രികോണങ്ങൾ, ത്രിശങ്കുകൾ

മുക്കാലി, മുക്കൂട്ട്‌

മൂന്നാംനാൾ, മൂന്നുതരം!

പക്ഷേ, കുഴപ്പത്തിന്റെ ആരംഭമായിരുന്നു

ആദിതാളം മുടന്തി

ചലനസന്മാർഗ്ഗം പിഴച്ചു

മൂന്ന്‌,

ശുദ്ധ പ്രകൃതി വിരുദ്ധബന്ധം.

നാല്‌

‘ഒരു വശവുമില്ലാ’ത്തവർ പലർ

പക്ഷേ സ്ഥാവരജംഗമങ്ങൾക്കെല്ലാം വശം നാലും നൽകപ്പെട്ടിരുന്നു

ശരി, പക്ഷെ നാലിനെ സൂക്ഷിക്കുകഃ

നാൽവർ സംഘം!

നാലാൾ, നാലു വഴികൾ!!

നാലുനേരത്തെ വിശപ്പും.

മാത്രമോ,

‘മതമൗലിക’ നിറഭേദങ്ങളും!

‘നാലുക്കെട്ടെ’ന്നാൽ ഹൈന്ദവവും ഇസ്ലാമികവുമായി, നാനാർത്ഥങ്ങൾ!

‘ലളിതമായി പറഞ്ഞാൽ’,

തുലോം വ്യതിരിക്തവും വൈരുദ്ധ്യാത്മകവുമായ അർത്ഥോല്പാദനങ്ങൾ

എവിടെ നാലുണ്ടോ, അവിടെ സന്തുലിതാവസ്ഥയുണ്ട്‌

കട്ടിലിനും കാറിനും പന്തലിനും പശുവിനും നാലേ, കാല്‌

എന്നിട്ടും ‘നാൽക്കാലി’ എന്നു പുച്ഛംകലർന്ന ഒരു പ്രയോഗം?

ഉണ്ടാകും! കോംപ്ലക്സാണേ……പണ്ട്‌, ഇദ്ദേഹവും നാലുകാലിലായിരുന്നല്ലോ

അഞ്ച്‌

‘ആറാംപന്തി’നേക്കാൾ നിലയും വിലയുമുണ്ട്‌ ‘അഞ്ചാംപത്തി’ക്ക്‌

ചതിയനെന്നു ചരിത്രം,

ചിലപ്പോൾ, ചരിത്രവും ചാരിത്ര്യവുംപോലെ

കടലും കടലാടിയുംപോലെ, അടിയും അടിയോടിയുംപോലെ

അടുക്കളയും ഇടിക്കുളയുംപോലെ വി.കെ.എന്നും ഈ.കെ.എന്നുംപോലെ

ഇ.കെ.ജിയും, എൽ.കെ.ജി.യുംപോലെ

അഞ്ചിനു, മനസ്സറിവുണ്ടാകില്ല അഞ്ചാംപത്തിയേക്കുറിച്ച്‌.

ആറ്‌

പാവപ്പെട്ടവർക്കും (ദരിദ്രവാസികൾ എന്നു പറയുന്നില്ല) ഒരു സംഖ്യ; ആറ്‌!

പക്ഷേ, പറയാനൊരിണ്ടൽ

അരഡസനെന്നും, അർദ്ധവാർഷികമെന്നും

പത്രാസുപറഞ്ഞ്‌ ‘ചമ്മ’ലകറ്റുന്നു

‘ആറും അറുപതും’ എന്നു പ്രാസത്തിലും പാരപ്രയോഗം!

പറഞ്ഞിട്ടെന്ത്‌, തലേവരയുടെ തകരാറ്‌.

ഏഴ്‌

ഏവർക്കും അരുമയാ,ണേഴ്‌!

എല്ലാംതികഞ്ഞ കലാകാരൻ

സ്വരവും വർണ്ണവും വാരവും പാരാവാരവും

അവനു വിധേയം

എന്നിട്ടും

‘ഏഴാംകൂലി’യെന്നു കേൾക്കാതൊരു വിളിപ്പേര്‌!

അസൂയയാണ്‌, അങ്കുശമില്ലാത്ത അസൂയ.

എട്ട്‌

പേരിൽതന്നെ ‘തട്ടുപൊളിപ്പൻ’

കോലാഹല പ്രിയൻ

അസുരവാദ്യമാണു പഥ്യം

വായ്‌പാട്ടിൽ, ഗണ്ഡശാലാവും വിശ്വനാഥനും

‘എട്ടരക്കട്ട’ കലാവബോധവും

‘എട്ടുംപൊട്ടും’ ബൗദ്ധിക നിലവാരവും കുറിക്കുന്നു

സാഹസികരായ സ്‌ത്രീകൾ എട്ടാംമാസത്തിലും പ്രസവിക്കുന്നു

എട്ടുദിക്കിലും, കുട്ടി, സ്വൈരം തരില്ലെന്നു പൂർവ്വികർ

എട്ടിന്റെ ‘ഇമേജ്ജു’ലച്ചവർഃ എട്ടുവീട്ടിൽ പിളളമാർ

എട്ടിന്‌ ചരിത്രത്തിലൊരു ‘വില്ലനസ്‌’ ലുക്ക്‌.

ഒൻപത്‌

അക്കങ്ങളിൽ മുതിർന്നവൻ

പക്ഷേ പലർക്കുമത്ര മതിപ്പില്ല

‘കാർഡ്‌ഡു’കളിയിലെ ‘വരീൽ’കണക്ഷനാകാം കാരണം

‘ഇസ്‌പേഡ്‌ ഒൻപത്‌ ഒളിപ്പിച്ചുവച്ച്‌

അടിവാങ്ങിയവർ അനേകം

ചിലകാലം ചിലർക്ക്‌

ഒൻപതൊരു ഭാരിച്ചമാസം

എന്നാൽ, ഫലമറിയുന്നതും

ഭാരമൊഴിയുന്നതും ഈ ഭാഗ്യനമ്പരോടൊപ്പം

പൂജ്യം

അലഞ്ഞുതിരിയുന്ന ഒരനാഥച്ചെക്കൻ

സദാ വണ്ടിച്ചക്രമോടിച്ചു നടക്കും

കൂലിയില്ലാതെ ആർക്കും പണിയെടുക്കും

ബുദ്ധിജീവികൾക്കു കലവറയില്ലാത്ത കമ്പം

ജിപ്‌സികളുടെ ജനുസാണത്രെ-

അപൂർവ്വമാനങ്ങളുളളവൻ! ഇല്ലായ്‌മയുടെ സൗന്ദര്യസ്വത്വം

അവനിപ്പോഴും തെരുവിൽതന്നെ

അജ്ഞതയുടേയും അനാഥത്വത്തിന്റേയും

സ്വാതന്ത്ര്യമാസ്വദിക്കുന്ന പാവംകുട്ടി.

Generated from archived content: samkhyadarsanam.html Author: johny_jplathottam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleസംഹാരം
Next articleസംഗീതസാന്ദ്രമീ കാമ്പസ്‌ തരംഗം
ജന്‌മസ്ഥലം പാലായിലെ പ്രവിത്താനം എന്ന സ്ഥലത്ത്‌. ഫിസിക്‌സിൽ ബിരുദം. ഭാര്യഃ റോസമ്മ വരിക്കമാക്കൽ. മകൻഃ ജോൺ റോസ്‌ ജോൺ. പ്രസിദ്ധീകരിച്ച പുസ്‌തകങ്ങൾഃ ക്രൈംകവിത (കവിതാസമാഹാരം), വ്യാധി (കഥകൾ), കുറ്റവാളികൾ സൂക്ഷിക്കുക ദൈവം ചോദിക്കും (ഹാസ്യ ഡിറ്റക്‌ടീവ്‌ ആന്റീനോവൽ), ആൾമാറാട്ടം, കൊച്ചുഡിറ്റക്‌ടീവും മാളുവും മറ്റും (ബാലസാഹിത്യം). കറന്റ്‌ ബുക്‌സ്‌ (കോട്ടയം), ബാലസാഹിത്യ ഇൻസ്‌റ്റിറ്റ്യൂട്ട്‌ എന്നീ സ്ഥാപനങ്ങളാണ്‌ മൂന്നു പുസ്‌തകങ്ങൾ ഇറക്കിയിട്ടുളളത്‌. വിലാസംഃ പ്രവിത്താനം പി.ഒ. പാല, അന്തിനാട്ടുവഴി -686 651

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here