ഒരിക്കൽ
രാത്രികൾ ശ്യാമസാമ്രാജ്യങ്ങളായിരുന്നു
സാമ്രാജ്യമദ്ധ്യത്തിൽ പാതിരാവിന്റെ സമയദുർഗ്ഗം
മരണവും പേറ്റുനോവും
പാതിരാവിനും വഴിമാറിയിരുന്നു
പ്രണയവും കവിതയും കിളിവാതിൽ താഴ്‌ത്തിയിരുന്നു
പാതിരാക്കോട്ടയിൽ പുളളും പാറയാനും കൂവിവിളിച്ചു.
കൂളിയും മാടനും കുലംപാർത്തു
ഇരുണ്ടരാവിന്റെ സഹസ്രാബ്‌ദങ്ങൾ തഴച്ചുവളർന്നു.
* * * *
പുതിയൊരു നൂറ്റാണ്ട്
സിനിമയുടെ മാന്ത്രികാവതാരം
വെളിച്ചത്തിന്റെ ഈ കല
ഇരുളിനെ കാമിച്ചു
അവിശ്വാസിയെപ്പോലെ സെക്കന്റ്‌ഷോ
അർദ്ധരാത്രികളെ വെല്ലുവിളിച്ചു
കളികഴിഞ്ഞിറങ്ങിയ ചെറുപ്പക്കാർ
പാതിരാവിന്റെ അതിരിൽ കടന്നു മൂത്രമൊഴിച്ചു
കോട്ടയിലേക്കു ചൂളമടിച്ചു, ബീഡിപ്പുകയൂതിവിട്ടു
ഈ ധിക്കാരികളുടെ പിൻമുറക്കാർ
അർദ്ധരാത്രിയുടെ ചുവരിലെഴുതി
പോസ്‌റ്റർ പതിച്ചു
ഇരുണ്ടകാലങ്ങളെ മറികടന്നുപോയി
* * * *
ഫാക്‌ടറിയുടെ നൈറ്റ് ഷിഫ്‌റ്റുകൾ
നഗരരാവിനെ വേട്ടയാടി
പൽച്ചക്രങ്ങളിൽ നുറുക്കി
ഇടിച്ചുടച്ചു
ടിന്നിലടച്ചു കയറ്റിയയച്ചു
ഗ്രാമാന്തരങ്ങളിൽ രാത്രിവനങ്ങൾ
വിറങ്ങലിച്ചുനിന്നു
* * * *
അടുത്തയൂഴം
ചാനലുകളുടേതായിരുന്നു
അവർ പാതിരാക്കോട്ടയിടിച്ചു നിരത്തി
പാതവെട്ടി പകൽ വരുത്തി
നിഴലുകളെ നാടുകടത്തി
ചാനലുകൾ പിടിച്ചെടുത്ത പൈശാചഭൂമിയിൽ
കുഴികുഴിച്ചു ചാലുകീറി കൃഷിയിറക്കി
പാപഭൂയിഷ്‌ഠമായ പുതുമണ്ണിൽ
ഭോഗാക്രാന്തമായ മുളതഴച്ചു
മെഗാഭീമൻ ഉളളിയും
പതിറ്റാണ്ടു ദൈർഘ്യമുളള
ഇഴസസ്യങ്ങളും വിളഞ്ഞു.
ഈ ഉത്തരാധുനിക ഭോജന സമൃദ്ധിയിൽ
അല്ലലറിയാതെ
അലട്ടലുകളില്ലാതെ
ആബാലവൃദ്ധം കേരളീയർ
ആമോദപൂർവ്വം
‘അതി’വസിക്കുന്നു.
——-
(1) സ്‌റ്റാറ്റ്യൂട്ടറി വാണിങ്ങ്
ചാനൽകൃഷിയുടെ ഗുണഭോക്താക്കൾക്ക്
എക്‌സ്‌പോർട്ട് ക്വാളിറ്റി വിഷാദരോഗത്തിനു സാധ്യതയുണ്ട്.
(2) സൈഡ് ഇഫക്‌റ്റ്
രാത്രിദേശങ്ങൾ തെളിച്ചെടുത്തപ്പോൾ
നിരാലംബരായ നിശാചരർ നാട്ടിലിറങ്ങി
സുന്ദരികളായ യക്ഷിക്കിടാങ്ങൾ
പൂച്ചക്കണ്ണുതെളിച്ച്
വളഞ്ഞ കോമ്പല്ലാൽ ചിരിച്ച്
പുഴക്കടവിലോ സ്വിമ്മിങ്ങ് പൂളിലോ
ഉടുതുണിയുരിഞ്ഞ് ഉച്ചക്കുളികുളിച്ചു തുടങ്ങി.
Generated from archived content: poem_naragam.html Author: johny_jplathottam