‘എയര്‍ കേരള ‘ മറ്റൊരു ‘ എയര്‍ ഇന്ത്യ’ ആകാതിരിക്കാന്‍!

ഒരു ‘ എയര്‍ കേരള’ യെക്കുറിച്ച് ഗള്‍ഫുമലയാളികള്‍ക്ക് എത്രയോ നേരത്തെ ആലോചിക്കാവുന്നതായിരുന്നു. അവരില്‍ ബഹുഭൂരിപക്ഷം വരുന്ന ഇടത്തരക്കാരും സാധാരണക്കാരുമായവര്‍ക്ക് നിര്‍ണ്ണായകസ്വാധീനമുള്ള ഒരു പൊതുമേഖലാ വിമാനക്കമ്പനിയെക്കുറിച്ച് ഇങ്ങെനെയൊരാലോചന ഗള്‍ഫുമലയാളികളുടെ മനസിലുണ്ടാകാതിരിക്കാനും ഉണ്ടായാല്‍ തന്നെ അതിനെ തേച്ചുമായ്ച്ചോ മറപ്പിച്ചോ കളയാനും ശ്രമിക്കുന്ന ഏതെങ്കിലും ശക്തികളുണ്ടോ എന്നറിയില്ല.

എത്രയോ വര്‍ഷങ്ങളായി ഗള്‍ഫുമേഖലയില്‍ മാത്രം എല്ലാ മാനദ്ണ്ഡങ്ങളും മറികടന്നുള്ള വര്‍ദ്ധിച്ച വിമാനക്കൂലിയാണ് , ആദ്യം എയര്‍ ഇന്ത്യയും തുടര്‍ന്ന് മറ്റു വിമാനക്കമ്പനികളും വാങ്ങിക്കൊണ്ടിരിക്കുന്നത്. ഗള്‍ഫുജോലിക്കാര്‍ക്ക് വെറുതെ കിട്ടുന്ന പണമൊന്നുമല്ലല്ലോ ഉള്ളത്. വിമാനക്കാരുടെ ക്രൂരമായ ഈ പിഴിച്ചിലും മറ്റു യാത്രാക്ലേശങ്ങളും പരിഹരിക്കാമെന്നു പറഞ്ഞു മോഹിപ്പിച്ച് നമ്മുടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ചില നേതാക്കന്മാരും ഈ പാവം ഗള്‍ഫുമലയാളികളെ കുറെ പിഴിയുകയും പുറകെ നടത്തുകയും ചെയ്തിട്ടുണ്ടാകണം. മലയാളി സംഘടനകളുടെ ചില ഭാരവാഹികളെയെങ്കിലും പാട്ടിലാക്കിയിട്ടോ പണം കൊടുത്തിട്ടോ ആകാം ബന്ധപ്പെട്ട സ്ഥാപിത താത്പര്യക്കാര്‍ ഇതൊക്കെ സാധിക്കുന്നത്. ഗള്‍ഫുമലയാളികളുടെ ഇടയിലുള്ള രാഷ്ട്രീയ ചേരികളെ ഭിന്നിപ്പിച്ചു നിര്‍ത്താനും ഈ ശക്തികള്‍ ശ്രമിച്ചിട്ടുണ്ടാകണം.

എന്തായാലും ‘ എമേര്‍ജിംങ് കേരള’ യുടെ ഭാഗമായി കൊണ്ടുവരുന്ന വ്യവസായങ്ങളില്‍ ഒരിനമായി എയര്‍ കേരള എന്ന വിമാനക്കമ്പനിയെക്കുറിച്ചു പ്രഖ്യാപനം വന്നപ്പോഴെങ്കിലും ഗള്‍ഫുമലയാളികളില്‍ കുറെപ്പേരെങ്കിലും , കേരളത്തിലെ നല്ലയാളുകളില്‍ കുറെ പ്പേരെങ്കിലും ഗള്‍ഫുമലയാളികളുടെ മുന്‍കയ്യില്‍ എയര്‍ കേരള ആരംഭിക്കുന്നതിനെക്കുറിച്ചു ചിന്തിച്ചിട്ടുണ്ടാകും.

ഇച്ഛാശക്തിയുണ്ടെങ്കില്‍ നിഷ്പ്രയാസം സാധിക്കാവുന്ന കാര്യമാണല്ലോ ഇത്. വിദേശകമ്പനികളുടെ ഭൂരിപക്ഷം ഓഹരിയും ബാക്കി ഗവണ്മെന്റിന്റെ പങ്കാളിത്തവുമായി പല വന്‍കിടപദ്ധതികളും കേരളത്തില്‍ ആലോചിക്കുകയോ ആരംഭിക്കുകയോ ചെയ്തിട്ടുണ്ട് . മുതല്‍ മുടക്കാന്‍ ഇറ്റലിയുടെയോ ജപ്പാന്റേയോ ഫ്രാന്സിന്റേയോ കൊറിയയുടെയോ കമ്പനികളോ ഫണ്ടിങ് ഏജന്‍സികളോ വേണമെന്നില്ലല്ലോ. ഗള്‍ഫ് മലയാളികളുടെ ഒരു വിമാനക്കമ്പനി രജിസ്റ്റര്‍ ചെയ്ത് ഇതിനായി പ്രവര്‍ത്തിച്ചു തുടങ്ങേണ്ട സമയം വന്നിരിക്കുകയാണ്.

കണ്ണൂര്‍ വിമാനത്താവളത്തിന്റെ കാര്യത്തില്‍ വി. എസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശം ഇവിടെയും മാതൃകയാക്കാമെന്നു തോന്നുന്നു. അയ്യായിരം രൂപയില്‍ കൂടാത്ത തുകയുടെ ( കേരളത്തിലെ കൂലിപ്പണിക്കാരന്റെ പത്തു ദിവസത്തെ കൂലി) ഷെയറുകള്‍ വിറ്റുപണമുണ്ടാക്കം. നിശ്ചിത എണ്ണം ഷെയറില്‍ കൂടുതല്‍ ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ എടുക്കാന്‍ പാടില്ല എന്ന വ്യവസ്ഥയുണ്ടാക്കണം. അങ്ങനെ വന്‍കിടക്കമ്പനി കയ്യടക്കാതെനോക്കാം. ഗള്‍ഫുമലയാളികള്‍ക്ക് കഴിയുന്നത്ര ഷെയര്‍ എടുത്തു കഴിഞ്ഞുള്ളത് കേരളത്തിലുള്ളവര്‍ക്കും വാങ്ങാം.

കേരളാ ഗവണ്മെന്റിന് പകുതിയില്‍ താഴെ മാത്രം മുതല്‍മുടക്കേ – വ്യക്തമായ നിയന്ത്രണാധികാരം ഗള്‍ഫുമലയാളികളുടെ കമ്പനിക്കായിരിക്കണം -പാടുള്ളു. ഏറ്റവും പ്രധാനപ്പെട്ട കാര്യം മറ്റൊരു എയര്‍ ഇന്‍ഡ്യ ആയി നമ്മുടെ കമ്പനിയും മാ‍റാതിരിക്കാന്‍ ഈ നിയന്ത്രണാവകാശം അനിവാര്യമാണെന്നുള്ളതാണ് . എയര്‍ ഇന്ത്യ സാമ്പത്തികമായി ചൂഷണം ചെയ്യുക മാത്രമല്ല യാത്രക്കാരുടെ ആത്മാഭിമാ‍നം തകര്‍ക്കുക കൂടി ചെയ്യുന്നു.

തീര്‍ച്ചയായും ‘ എമേര്‍ജിംങ് കേരളാ’ യില്‍ പ്പെടുത്തി ഒരു എയര്‍ കേരളാ പദ്ധതിക്കായിരിക്കും ഗവണ്മെന്റിനും മുതലാളി‍മാര്‍‍ക്കും -മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് -കുത്തകക്കമ്പനികള്‍ക്കു സ്വാധീനം ചെലുത്താന്‍ കഴിയുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഒക്കെ താത്പര്യം. ബന്ധപ്പെട്ടവര്‍ക്കു വന്‍ തുക കമ്മീഷന്‍ കിട്ടുന്ന കാര്യമാണ്. കൂടാതെ ഗവണ്മെന്റു സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥ വിഭാഗത്തിനും അവരെ നിയന്ത്രിക്കുന്നവര്‍ക്കും എന്തു തോന്ന്യാസങ്ങളും നടപ്പിലാക്കാന്‍ കഴിയുമല്ലോ.

കേരളത്തിലെ വിവിധ തുറകളിലുള്ള ആക്ടിവിസ്റ്റുകള്‍ക്കാണ് ഇക്കാര്യത്തില്‍ ആദ്യം മുന്നോട്ടിറങ്ങാനും ഈ ആശയം കേരള സമൂഹത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാനും കഴിയുന്നത് എന്നു തോന്നുന്നു. ജനാധിപത്യ വിശ്വാസികളും സ്ഥാപിതതാത്പര്യമില്ലാത്ത രാഷ്ട്രീയക്കാരുമെല്ലാം ഈ ആശയത്തെ പിന്‍ താങ്ങുമെന്ന് ന്യായമായും പ്രതീക്ഷിക്കാം. തീര്‍ച്ചയായും വി. എസ് നെപ്പോലെയുള്ളവര്‍ ഇതിന്റെ കൂടെ നില്‍ക്കും. കൂടം കുളം സമരം പോലെ വിളപ്പില്‍ ശാലയിലെ പ്രക്ഷോഭം പോലെ ഒക്കെത്തന്നെ പ്രാധാന്യമുള്ളതാണ് ജനങ്ങളുടേതായ ഈ എയര്‍ കേരളക്കു വേണ്ടിയുള്ള മുന്നേറ്റം . കാരണം മറ്റൊരു ‘എയര്‍ ഇന്ത്യ’ യുടെയും അതിന്റെ മറവില്‍ വന്‍ കിടസ്ഥാപനങ്ങളുടേയും കടന്ന് വരവിനെതിരെ കൂടിയുള്ള സംരംഭമാണിത്. ഗള്‍ഫുമേഖലയില്‍ വിമാനക്കമ്പനികള്‍ നടത്തുന്ന അതിഭീകരമായ മലയാളി ചൂഷണം അവസാനിപ്പിക്കാനുള്ള ഒരേയൊരു പോംവഴിയുമാണിത്. യാത്രക്കാരെ പിഴിയുന്നതിനു പുറമെ നഷ്ടത്തിന്റെ പേരു പറഞ്ഞ് എയര്‍ ഇന്ത്യ ഇടക്കിടെ ഖജനാവില്‍ നിന്നും കോടികള്‍ വാങ്ങിയെടുക്കുന്ന കാര്യവും നമുക്കറിയാം.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പത്രക്കാരോടു പറഞ്ഞ ഒരു വാക്യമുണ്ട് എയര്‍ ഇന്ത്യയോടു പറഞ്ഞു മടുത്തു. ഇനിയൊരു പ്രതീക്ഷയുള്ളത് എയര്‍ കേരളയാണ് എന്ന് മുഖ്യമന്ത്രിയെ അറിയാവുന്നവര്‍ക്ക് -‘ കൊച്ചി മെട്രോ’ കഥയുടെ ദൃഷ്ടാന്തത്തില്‍ അദ്ദേഹത്തിന്റെ സൂചനകളും വാക്യത്തിന്റെ അര്‍ത്ഥ- ഗൂഢാര്‍ത്ഥങ്ങളുമൊക്കെ പിടികിട്ടുമല്ലോ.

ഗള്‍ഫുമലയാളി സംഘടനകള്‍ അവരുടെ രാഷ്ട്രീയ ചേരിതിരിവുകള്‍ മാറ്റിവച്ച് രാഷ്ട്രീയക്കാരെ ആശ്രയിച്ചു പിന്നാലെ നടക്കുന്ന പതിവുകള്‍ അവസാനിപ്പിച്ച് സമയം വൈകിക്കാതെ ഉണര്‍ന്നെണീക്കേണ്ടിയിരിക്കുന്നു. അതിനവരെ ധൈര്യപ്പെടുത്തേണ്ടത് കേരളത്തിലെ സാമൂഹ്യബോധമുള്ള മനുഷ്യസ്നേഹികളാണ്.

Generated from archived content: essay1_nov17_12.html Author: johny_jplathottam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleപള്ളിയുറക്കം
Next articleമരുന്നുകള്‍ നല്‍കുന്ന മുന്നറിവുകള്‍
ജന്‌മസ്ഥലം പാലായിലെ പ്രവിത്താനം എന്ന സ്ഥലത്ത്‌. ഫിസിക്‌സിൽ ബിരുദം. ഭാര്യഃ റോസമ്മ വരിക്കമാക്കൽ. മകൻഃ ജോൺ റോസ്‌ ജോൺ. പ്രസിദ്ധീകരിച്ച പുസ്‌തകങ്ങൾഃ ക്രൈംകവിത (കവിതാസമാഹാരം), വ്യാധി (കഥകൾ), കുറ്റവാളികൾ സൂക്ഷിക്കുക ദൈവം ചോദിക്കും (ഹാസ്യ ഡിറ്റക്‌ടീവ്‌ ആന്റീനോവൽ), ആൾമാറാട്ടം, കൊച്ചുഡിറ്റക്‌ടീവും മാളുവും മറ്റും (ബാലസാഹിത്യം). കറന്റ്‌ ബുക്‌സ്‌ (കോട്ടയം), ബാലസാഹിത്യ ഇൻസ്‌റ്റിറ്റ്യൂട്ട്‌ എന്നീ സ്ഥാപനങ്ങളാണ്‌ മൂന്നു പുസ്‌തകങ്ങൾ ഇറക്കിയിട്ടുളളത്‌. വിലാസംഃ പ്രവിത്താനം പി.ഒ. പാല, അന്തിനാട്ടുവഴി -686 651

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English