ഒരുക്കമെപ്പൊഴേ കഴിഞ്ഞുവെങ്കിലു-
മൊരിക്കല്‍കൂടി ദര്‍പ്പണത്തില്‍ നോക്കി ഞാന്‍
മരിച്ചതെന്നുടെ വിരുദ്ധ രാഷ്ട്രീയ-
പ്പരട്ടയെങ്കിലുമനുതപിക്കണം
ഒരു വലിയ റീത്തെടുക്കണം,കാശ്
കുറേക്കളഞ്ഞാലും കുറച്ചിലായ്ക്കൂടാ.
മറക്കണം ചെളി പരസ്പരം വാരി-
യെറിഞ്ഞതൊക്കെയും,ഗുണം ചികയണം.
നടുങ്ങിപ്പോയെന്നു പറയണം,പിന്നെ
പടമെടുക്കുമ്പോള്‍ മിഴി തുടയ്ക്കണം
വിടപ്രസംഗത്തില്‍ മഹാ ചാണക്യനെ
കടത്തി വെട്ടണം,സ്വരമിടറണം.
കടുത്ത ശത്രുവെ പുകഴ്ത്തുക നാട്ടു-
നടപ്പുതാന്‍ പക്ഷെ അധികമായെന്നാല്‍
ഒടുവിലെന്‍റെ പാളയത്തിലെപ്പട
നടയടച്ചെന്നെ പുറത്തുവിട്ടേക്കും
ഒരിക്കലും ഗുണം വരാത്ത പത്രക്കാ-
രിരിക്കയാണെന്നെ വിമര്‍ശിക്കാന്‍തന്നെ!
കരുതല്‍ വേണമെന്തിലും,കുറേക്കൂടി
വരുത്തണം ദുഃഖം മുഖ,ത്തതിനാലേ
ഒരുക്കമെപ്പോഴേ കഴിഞ്ഞു വെങ്കിലും
ഒരിക്കല്‍കൂടി ദര്‍പ്പണത്തില്‍ നോക്കി ഞാന്‍
Generated from archived content: poem2_aug12_13.html Author: johnsonpj
Click this button or press Ctrl+G to toggle between Malayalam and English