മുന്നറിയിപ്പ്‌

അനുഗ്രഹത്തിന്റെ അനുഭവവും വളർച്ചയുടെ വഴിയുമാണ്‌ വാർത്താവിനിമയരംഗം. ആരോഗ്യം, കാലാവസ്‌ഥ, രാഷ്‌ട്രീയം, വ്യവസായം, ശാസ്‌ത്രം, സാമ്പത്തികം, സുരക്ഷ എന്നീ വിഷയങ്ങളെ സംബന്ധിച്ച്‌ അറിയിപ്പുകൾ ഇന്നത്തെ വിപണികളിൽ വിൽക്കപ്പെടുന്നു. ഇവ ജനജീവിതത്തെ സംരക്ഷണമേഖലകളിൽ എത്തിക്കുന്നു. ബുദ്ധിപരമായ താൽപ്പര്യങ്ങളോടെ പ്രവർത്തിക്കുന്നതിനും സഹായിക്കുന്നു. ഭൗതിക കാര്യങ്ങൾക്കനുസൃതമായ ഭാവി സംഭവപ്രവചനങ്ങളുമായിട്ടാണ്‌ ദിനരാത്രങ്ങൾ വരുന്നത്‌. ഇവ നിരന്തരമായ പഠനത്തിന്റേയും പരീക്ഷണത്തിന്റെയും ഫലമായി ലഭിക്കുന്ന പരിജ്ഞാനമാണ്‌. സമയയോചിതമായി പ്രസിദ്ധീകരിക്കുന്ന പ്രസ്‌തുത വിശേഷവാർത്ത പലപ്പോഴും പൂർണ്ണമാകാറില്ല. സംഭവിക്കാവുന്ന കാര്യങ്ങളെക്കുറിച്ച്‌ മുന്നറിയിപ്പ്‌ നൽകുന്ന വർത്തമാനപത്രങ്ങളും മറ്റ്‌ ആനുകാലിക സഹായികളും ഇപ്പോൾ പുരോഗതിയുടെ പാതയിലാണ്‌. വാർത്താവിനിമയയോപഗഹങ്ങൾ ഈ വ്യവസായ മണ്ഡലത്തിനു ലഭിച്ച നല്ല യന്ത്ര സഹായമാണ്‌. എന്നാൽ, പുതുയുഗത്തിനു മുമ്പ്‌ ജീവിച്ചിരുന്ന ദീർഘദർശിമാരുടെ പ്രവചനങ്ങൾ പഠിച്ചും പരീക്ഷിച്ചും ആർജ്ജിച്ച അറിവുകളുടെ ഫലം ആയിരുന്നില്ല. പിന്നെയോ വിശാലബന്ധുരമായ ആത്മീയ ജീവിതത്തിനു കിട്ടിയ ദൈവദത്തമായ കൃപാവരങ്ങളുടെ സിദ്ധിയായിരുന്നു. അശരീരി, ദർശനം, സ്വപ്‌നം, എന്നിവയിലൂടെ തങ്ങൾക്ക്‌ നൽകപ്പെട്ട നിർദ്ദേശങ്ങൾ നിശ്വസ്‌തദൂതുകളോടു കൂടിയ പ്രവചനവരം സിദ്ധിച്ച ദൈവത്തിന്റെ വക്താക്കളായിരുന്നുവെന്ന്‌ ബൈബിൾ രേഖപ്പെടുത്തിയിട്ടുണ്ട്‌. (റോമ 12ഃ 6,8) അവരുടെ ലക്ഷ്യം വ്യക്തിപര നേട്ടം ആയിരുന്നില്ല. പ്രവചനവും പ്രവൃത്തിയും ജന നന്മക്ക്‌ വേണ്ടി ഉപയോഗിച്ചു. അഴിമതിയെ ആയുധമാക്കി നീതിനിയമങ്ങളെ നിഷേധിച്ച ദുർഭരണത്തിന്റെ കാലഘട്ടങ്ങളിലാണു മുന്നറിയിപ്പുകൾ സ്‌ഫോടനങ്ങൾ പോലെ ഭൂമുഖത്ത്‌ തുടങ്ങിയത്‌. സമാധാനം എങ്ങനെ ഉണ്ടാക്കണമെന്നും മാനസാന്തരത്തിന്റേയും സമർപ്പണത്തിന്റെയും സജീവ നന്മ എവിടെ ലഭിക്കുമെന്നും അവർ ജനത്തോട്‌ ഉച്ചത്തിൽ പറഞ്ഞു. സന്തുഷ്‌ട ജീവിതം പരിജ്ഞാനത്താൽ ഉളവാകുമെന്നും സഹിഷ്‌ണുത വ്യക്തിപരശക്തി വർദ്ധിപ്പിക്കുമെന്നും ലോകത്തെ അറിയിച്ചു. സ്വന്ത അധികാരത്തിന്റേയും ശക്തിയുടേയും അതിരുകൾ വികസിപ്പിക്കുന്നതിനു ദുഷ്‌ടത ഉപയോഗിച്ച്‌ മത രാഷ്‌ട്രീയ ശക്തികൾക്കെതിരെ ആഞ്ഞടിച്ച അവരുടെ വാക്കിന്റെ മുഴക്കം ആധുനികതയുടെ അന്തഃകരണത്തിലും ധ്വനിക്കുന്നു. ക്രൂരമാനസരുടെ അതിക്രമങ്ങളേയും പടർന്ന്‌ പിടിക്കുന്ന പാപങ്ങളേയും എതിർക്കുന്നതിന്‌, ദൈവത്തിന്റെ ആത്മാവിനാൽ ശക്തിയും, ന്യായവും വീര്യവുംകൊണ്ട്‌ നിറഞ്ഞുവെന്ന്‌ മിഖാ പ്രവാചകൻ രേഖപ്പെടുത്തി (മിഖ 388) അടിമത്വത്തിനും വർഗ്ഗവർണ്ണ വിവേചനത്തിനും ക്രൂരകർമ്മങ്ങൾക്കും കൂട്ടുനിന്ന കള്ള പ്രവാചകന്മാരെ ദീർഘദർശിമാർ വേർതിരിച്ചു. എങ്കിലും കപടവേഷങ്ങളിൽ വിശ്വസിച്ചവർ വിരളമല്ല. കളവിന്റെ പിൻഗാമികൾ പരിഷ്‌കൃതലോകത്തിൽ ആദരണീയരായി. പൂർവ്വകാല കർമ്മങ്ങൾ 8 ആത്മതത്വം, ആദ്ധ്യാത്മികവിദ്യ, ഉപദ്രവകർമ്മം, കൈവിഷകർമ്മം, കുഴിമാടസേവ, ക്ഷുദ്രകർമ്മം, ഭൗതിക മനശാസ്‌ത്രം, പ്രവചനജ്യോതിഷം പ്രശ്‌നം വെപ്പ്‌, മഷിനോട്ടം മന്ത്രചരടുകൾ മുഖലക്ഷണം, വശീകരണമന്ത്രം വാരഫലം, സംഖ്യാശാസ്‌ത്രം ഹസ്‌തരേഖ ശാസ്‌ത്രം എന്നിവ പുതിയ രൂപങ്ങളിൽ വർത്താനകാലത്തിന്റെ ഉപജീവനമാർഗ്ഗങ്ങളായി.

നന്മതിന്മകളുടെ മുൻ കുറിയാണ്‌ ദീർഘദർശിമാരുടെ പ്രഖ്യാപനങ്ങൾ. അവ ജനത്തിന്റെ പാപപ്രവൃത്തികളെ ചൂണ്ടിക്കാണിക്കുകയും തത്‌സമയം പാപ മോചനത്തിനും ഉദ്ധാരണത്തിനും വേണ്ട മാനസാന്തരവും നൽകിയിരുന്നു. ദൈവശിക്ഷ അനുഭവിക്കുന്ന ദോഷികൾക്കും മോചനം ലഭിക്കുമെന്ന സിദ്ധാന്തവും മരണത്തിലേക്കല്ല. പിന്നെയോ ദുഷ്‌ത വിട്ടു ജീവിക്കാനുള്ള പ്രേരണയുമാണ്‌ നല്ല പ്രബോധനത്തിന്റെ ലക്ഷ്യമെന്നും പഠിപ്പിച്ചിട്ടുണ്ട്‌.

യഹൂദ ക്രൈസ്‌തവ ഇസ്ലാമിക മത ഗ്രന്ഥങ്ങളിൽ അനവധി പ്രവചനങ്ങളെ കാണാം. അവയിൽ നിവൃത്തിയായതും നിറവേറുന്നതും പൂർത്തിയാകേണ്ടതും ഉണ്ട്‌. യേശുക്രിസ്‌തു ജനിക്കുന്നത്‌ ഒരു കന്യകയിൽ ആയിരിക്കുമെന്നും, അവന്റെ വരവിനെക്കുറിച്ച്‌ ഒരാൾ മരുഭൂമിയിൽ വിളിച്ച്‌ പറയുമെന്നും, ക്രിസ്‌തുവിനാൽ ജനങ്ങൾ സൗഖ്യം പ്രാപിക്കുമെന്നും, അനേകരുടെ പാപം ചുമക്കുമെങ്കിലും അതിക്രമക്കാരോടു കൂടെ എണ്ണപ്പെടുമെന്നും, മനുഷ്യ വർഗ്ഗത്തിന്റെ പാപമോചനത്തിനായി യാഗ മരണം പ്രാപിക്കുമെന്നും, സമ്പന്നരെപ്പോലെ സംസ്‌കരിക്കപ്പെടുമെന്നും മരണത്ത് ജയിച്ച്‌ മൂന്നാം ദിവസം ഉയിർത്തെഴുന്നേൽക്കുകയും ചെയ്യുമെന്നുള്ള പ്രവചനങ്ങൾ പൂർത്തിയായി. യേശുക്രിസ്‌തു വീണ്ടും വരും എന്ന പ്രഖ്യാപനം (അപ്പഃപ്രവ ഃ 1.11) സഫലമാകുമെന്ന്‌ സത്യവിശ്വാസത്തോടെ ക്രൈസ്‌തവ സഭ കാത്തിരിക്കുന്നു.

ഇസ്രായെൽ ചിതറിപ്പോകുമെന്നും വീണ്ടും പുനഃസ്‌ഥാപിക്കപ്പെടുമെന്നും ഉണ്ടായ പ്രവചനങ്ങൾ നിവർത്തിയായി. ജനത ജനതയോടും രാജ്യം രാജ്യത്തോടും എതിർക്കും. ക്ഷാമവും ഭൂകമ്പവും പകർച്ചവ്യാധിയും അവിടവിടെ ഉണ്ടാകും. ഭയങ്കര കാഴ്‌ചകളും ആകാശത്തിൽ വലിയ അടയാളങ്ങളും ഉണ്ടാകുമെന്ന മുന്നറിയിപ്പും നിറവേറി. അധർമ്മികൾ സർവശക്തിയോടും സകല ദുഷ്‌ടതയോടും കൂടി വരും. വലിയ തിന്മ ഭീകര രൂപം പൂണ്ട്‌ പോരാടും എന്ന സൂചനകളെ ലോകയുദ്ധങ്ങളും ഭീകരസംഘങ്ങളും യാഥാർഥ്യമാക്കി. പാഴ്‌മലകളിൽ നദികളും താഴ്‌ വരകളുടെ നടുവിൽ ഉറവകളും തുറക്കും. മരുഭൂമിയെ വെള്ളമുള്ള കുളങ്ങളും വരണ്ട നിലത്തെ നീരുറവകളുമാക്കും എന്ന തത്വദർശനങ്ങൾ സംഭവിച്ചുവെന്ന്‌, പണ്ട്‌ ജനവാസം അസാദ്ധ്യമായിരുന്നെങ്കിലും ഇന്ന്‌ സുഖവാസ കേന്ദ്രങ്ങളും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പട്ടണങ്ങളുമായി തീർന്ന ഭൂവിഭാഗങ്ങൾ തെളിയിക്കുന്നു. കടലിന്റേയും തിരമാലകളുടേയും ഗർജ്ജനം നിമിത്തം ഭൂമിയിലെ ജനങ്ങൾക്ക്‌ നിരാശയും, പരിഭ്രമമവും ഉണ്ടാകും. ഭൂലോകത്തിനു എന്ത്‌ സംഭവിക്കുവാൻ പോകുന്നുവെന്നു ഭയന്നും നോക്കിപ്പാർത്തും കൊണ്ട്‌ മനുഷ്യർ നിർജ്ജീവരാകും എന്ന സൂചന സുനാമിയുടെ കടന്നാക്രമണത്തോടെ ഇന്നത്തെ അനുഭവമായി. ലോകസമാധാനത്തിനു വേണ്ടിയാണു ഐക്യരാഷ്‌ട്രസംഘടന സ്‌ഥാപിക്കപ്പെട്ടത്‌ എന്നു വരികിലും ഐക്യരാഷ്‌ട്രങ്ങൾക്ക്‌ ലോകസമാധാനം കൊണ്ട്‌ വരാൻ കഴിവുണ്ടാകുകയില്ല എന്ന വെളിപാട്‌ സത്യമെന്ന്‌ ഇന്നത്തെ രാഷ്‌ട്രീയാന്തരീക്ഷം തെളിയിക്കുന്നു.

പ്രപഞ്ചം എങ്ങനെ ഉണ്ടായി എന്നു ബോദ്ധ്യപ്പെടുത്തുവാൻ ആധുനികശാസ്‌ത്രങ്ങൾക്ക്‌ കാഴ്‌ച ലഭിച്ചിട്ടില്ല. എന്നാൽ രൂപരഹിതമായ പദാർഥത്തിൽ നിന്നു ലോകം സൃഷ്‌ടിക്കപ്പെട്ടുവെന്ന്‌ ബൈബിൾ (ജ്ഞാനം 11, 17) ഉറപ്പിച്ചു പറഞ്ഞു. അന്തരീക്ഷത്തിലെ സകല വസ്‌തുക്കളെക്കുറിച്ചും ശാസ്‌ത്രം പഠിച്ചിട്ടില്ല. ആകാശത്ത്‌ സഞ്ചരിക്കുന്ന നാല്‌ കാറ്റുകളെ ബൈബിൾ ചൂണ്ടിക്കാണിക്കുന്നു. യെഹെസ്‌കേലും (37.9) യിരമ്യാവും (49.36) വെളിപാടും (7.1) രേഖപ്പെടുത്തിയ നാല്‌ കാറ്റുകൾക്ക്‌ ജീവശ്വാസവുമായി ബന്ധമുണ്ടൊ? രണ്ടായിരത്തിലേറെ വർഷം മുമ്പ്‌ മനുഷ്യവർഗ്ഗത്തിനുവേണ്ടി ദൈവം ക്രമീകരിച്ച മുന്നറിയിപ്പുകളായിരുന്നു പുരാതന പ്രവചനങ്ങൾ എന്ന്‌ വിശ്വസിക്കപ്പെടുന്നു. ഇവയിൽ നിർവ്വഹിക്കപ്പെട്ടവരേയും നിവൃത്തിയാകുന്നവയേയും തിരിച്ചറിയാൻ അനുഭവങ്ങളും സംഭവങ്ങളും ലോകത്തിന്റെ മുമ്പിലുണ്ട്‌. ഇനിയും പൂർത്തികരിക്കേണ്ട എല്ലാ മുന്നറിയിപ്പുകളും വിശ്വാസസാദ്ധ്യമല്ലാത്തതും ഭീതിപ്പെടുത്തുന്നതുമാണ്‌. എങ്കിലും വിജ്‌ഞ്ഞാനത്തിന്റെ വെളിയിൽ നിന്ന്‌കൊണ്ട്‌ അവയെ മിഥ്യ എന്നു വിളിക്കാമോ?

സൂര്യൻ ഇരുണ്ടുപോകുകയും ചന്ദ്രൻ പ്രകാശം നൽകാതിരിക്കുകയും ആകാശത്ത്‌ നിന്ന്‌ നക്ഷത്രങ്ങൾ വീണു കൊണ്ടിരിക്കുകയും ആകാശത്തിലെ ശക്തികൾ ഇളകിപ്പോകുകയും ചെയ്യും. (മാർക്കോ 13ഃ24ഃ25) ആകാശം വലിയ ശബ്‌ദത്തോടെ കടന്നുപോകും, മൂലപദാർഥങ്ങൾ തീവ്രമായ ചൂടിനാൽ ഉരുകുകയും ഭൂമിയും അതിലുള്ള പണികളും എരിഞ്ഞ്‌പോകുകയും ചെയ്യും (2 പത്രോ, 3.10) മൃതന്മാർ ജീവിക്കും, അവരുടെ ശരീരങ്ങൾ ഉയിർത്തെഴുന്നേൽക്കും, ഭൂമി തന്റെ മൃതന്മാർക്ക്‌ ജീവൻ നൽകും (യെശയ്യ 26.19) മരിച്ചവർ അക്ഷമരായി ഉയിർക്കപ്പെടും. (1 കൊരി 15.52) മരണത്തെ എന്നന്നേക്കുമായി വിഴുങ്ങിക്കളയും (യെശ്‌ 25ഃ8)

ഈ പ്രവചനങ്ങളെ എങ്ങനെ വീക്ഷിക്കാം. സംഭവിക്കാത്തവ എന്നു കരുതി അവഗണിക്കാമൊ? സൗരയൂഥത്തിൽ പ്രകടമാകുന്ന മാറ്റങ്ങളും ഭൂഗർഭ ചലനങ്ങളും നിരീക്ഷിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ കൊഴിഞ്ഞുപോകുന്ന ഇലകളും പൂക്കളും ഫലങ്ങളും കാലാവസ്‌ഥ അനുസരിച്ച്‌ മരങ്ങളിൽ മടങ്ങി വരുന്നു. മണ്ണിൽ ദ്രവിച്ച്‌ ചേരുന്ന പല കീടങ്ങളും നിശ്ചിത സമയം കഴിഞ്ഞ്‌ കൃത്യമായി പൂർവ്വ രൂപം പൂണ്ട്‌ വീണ്ടും വരുന്നു. ഇവ എങ്ങനെ സംഭവിക്കുന്നു. പ്രകൃതിയിൽ കാണപ്പെടാത്ത കാര്യങ്ങൾ ഇല്ലെന്നു വിശ്വസിക്കാമോ? മരണത്തെ ഈശ്വരശാസ്‌ത്രവും ഭൗതികശാസ്‌ത്രവും വേർതിരിച്ച്‌ കാണുന്നു. നശ്വരമായത്‌ അനശ്വരതയേയും മർത്യമായത്‌ അമർത്യതയേയും ധരിക്കുമ്പോൾ മരണം നീങ്ങിപ്പോകുമത്രെ. ഇത്‌ എന്തിനെ അർഥമാക്കുന്നു?

20 വർഷത്തിനുള്ളിൽ (എ.ഡി. 2029 ൽ) മനുഷ്യൻ അമരനാകുമെന്ന്‌ ഒരു ഒരു ആധുനിക ശാസ്‌ത്രജ്ഞൻ പ്രസ്‌താവിച്ചു. നാനോടെക്‌നോളജി പൂർവാധികം പുരോഗമിക്കുകയും ശാരീരികപ്രവർത്തനങ്ങളെപ്പറ്റി കൂടുതൽ അറിയുകയും ചെയ്യുന്നതോടെ അടുത്ത ഇരുപത്‌ വർഷത്തിനുള്ളിൽ മനുഷ്യൻ മരണത്തെ കീഴടക്കി അമരനാകുമെന്ന്‌ അമേരിക്കൻ ശാസ്‌ത്രജ്ഞൻ റേ കൂർസ്‌വെല്ലിന്റെ പ്രവചനം മലയാളമാദ്ധ്യമം (സംഗമം ഒക്‌ടോബർ 2009) പ്രസിദ്ധീകരിച്ചു. പ്രസ്‌തുത ശാസ്‌ത്രവിളമ്പരം വ്യക്തമാക്കുന്നത്‌ പൂർവ്വകാല പ്രവചനത്തിന്റെ നിവർത്തിയല്ലേ?

മരണത്തിൽ നിന്നും രക്ഷ നേടാനുള്ള മനുഷ്യന്റെ പരിശ്രമം സഫലമാകാറായി എന്ന സൂചന സ്വയംഭൂവാണ്‌ എന്ന്‌ കരുതാനും വേദവചനം അനുവദിക്കുന്നില്ല.

അമേരിക്കൻ ശാസ്‌ത്രജ്ഞർ കൃത്രിമ ജീവകോശം വികസിപ്പിച്ചെടുത്തു എന്ന വാർത്ത മലയാളമാദ്ധ്യമങ്ങൾ (കേരള എക്‌സ്‌പ്രെസ്സ്‌ മെയ്‌ 28, 2010, കൈരളി ജൂൺ 4, 2010) നടുക്കം സൃഷ്‌ടിച്ച്‌കൊണ്ട്‌ പ്രസിദ്ധീകരിച്ചു. മനുഷ്യനു ജീവികളെ സൃഷ്‌ടിക്കാനുതകുമെന്ന അഭിമാനഭരിതമായ കണ്ടെത്തൽ, ആധുനിക ശാസ്‌ത്രത്തിന്റെ നേട്ടമാണെങ്കിലും അതി പുരാതന പ്രവചനത്തിന്റെ പൂർത്തീകരണമാണ്‌ എന്ന്‌ കരുതണം. ജനിതക ശാസ്‌ത്ര രംഗത്ത്‌ വികസ്വരമായ ഈ നൂതനപ്രവണത എന്തായിതീരുമെന്ന്‌ കാത്തിരുന്നു കാണാം. ഇനിയും സഫലമാകേണ്ട എത്രയോ പ്രവചനങ്ങൾ സന്ദിഗ്‌ദമായ ചോദ്യങ്ങളാണു ഉയർത്തുന്നത്‌.

ജീവനെ സൃഷ്‌ടിക്കുവാനും മരണത്തെ ഇല്ലാതാക്കുവാനും മനുഷ്യനു കഴിയുമെന്ന്‌ ശാസ്‌ത്രതലങ്ങൾ സൂചന നൽകുന്നതിനാൽ മനുഷ്യന്റെ പുനരുത്ഥാനത്തെക്കുറിച്ച്‌ പുതിയ അറിവുകൾ നൽകുമെന്നു പ്രതീക്ഷിക്കാം. മൂടി വച്ചതൊന്നും വെളിച്ചത്തുവരാതേയും ഗൂഢമായതൊന്നും അറിയാതേയും ഇരിക്കുകയില്ല എന്ന ക്രിസ്‌തുവചനം ലൂക്കോസ്‌ (8.17, 12.2) നിറവേറ്റുന്നതായി ശാസ്‌ത്രപുരോഗതി ഇപ്പോൾ തെളിയിക്കുന്നു.

ഇന്നത്തെ നല്ല പ്രകാശിത സാഹചര്യത്തിൽ പ്രവചന നിവർത്തി ദൈവ വിശ്വാസത്തെ പൂർവാധികം ഉറപ്പിക്കുമോ? അന്ധവിശ്വാസത്തിന്റേ അനാചാരങ്ങൾ അടർന്നുവീഴുമോ? മനുഷ്യൻ സാഹോദര്യത്തിലേക്ക്‌ മടങ്ങി വരുമോ?

Generated from archived content: essay1_jan3_10.html Author: john_vettam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here