അൻപതുകകളുടെ രണ്ടാം പകുതിയുടെ അവസാന പാദത്തിലാണെന്നോർക്കുന്നു…
ഞാനന്ന് പാലക്കാട്ട് ചിറൂർ സ്‌കൂളിൽ പഠിക്കുകയാണ് അപ്പൻ ഷെവലിയാർ. പി.വി. പൗലോസ് അദ്ധ്യാപകൻ, കായിക കലാഗവേഷകൻ, ബൈബിൾ വ്യാഖ്യാതാവ്, ഗ്രന്ഥകർത്താവ്, സ്‌കൗട്ട് പ്രസ്‌ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും സീനിയറായ പരിശീലകനും കമ്മീഷണറും. 191172000 ട്രാൻസ്‌ഫറായി ചിറൂർ ഗവൺമെന്റ് സൗകര്യത്തിനുവേണ്ടി മൂത്ത സഹോദരന്മാരെ എറണാകുളത്തുവിട്ടിട്ട് ഇളയവനായ എന്നെയും അമ്മയേയും കൂട്ടി ചിറൂരിലൊരു വാടക വീടെടുത്തു താമസിക്കുന്നു. അനുജത്തി അന്നു കൈകുഞ്ഞാണ്. അവളുമുണ്ടുകൂടെ. ചിറൂരിൽ ടൗൺഹാൾ കവലയിലായിരുന്നു ഞങ്ങൾ താമസിച്ചിരുന്ന വാടക വീട്. ലളിത വിലാസ് എന്നായിരുന്നു വീടിന്റെ പേര്.
അക്കാലത്തു ഞങ്ങളുടെ സ്‌കൂളിൽ പ്രൈമറി ക്ലാസ്സിൽ ഷിഫ്‌റ്റ് സമ്പ്രദായമാണ്. രാവിലെ ഏഴരമുതൽ പതിനൊന്നുവരെ. വീട്ടിൽ നിന്നിറങ്ങിയ ഒരോട്ടത്തിനും ഒരു കയറ്റം കയറിയിറങ്ങിയാൽ സ്‌കൂളെത്തും. എതിർവശത്താണു പോസ്‌റ്റ് ഓഫീസ്. കോളേജിൽ നിന്നും അപ്പൻ മടങ്ങിയെത്തുമ്പോൾ സന്ധ്യായാകും സ്‌കൂൾ വിട്ടുവന്നാൽ സന്ധ്യവരെ സർവ്വസ്വതന്ത്രനാണു ഞാൻ എന്നു സാരം!
നഗരക്കാഴ്‌ചകൾ മാത്രം കണ്ടാണു അതുവരെ വളർന്നത്. എറണാകുളത്ത് മാർക്കറ്റ് റോഡിനരികിലുള്ള മുസ്ലീം സ്‌ട്രീറ്റിലെ കൊച്ചു വാടകവീട്ടിലായിരുന്നു ജനനവും ബാല്യവും. നാടു ചെറായി. (വൈപ്പിൻ കരയിലൊണെങ്കിലും എന്റെയൊക്കെ ഘട്ടം വന്നപ്പോൾ അവിടേക്കുള്ള യാത്രകൾ അവധിക്കാലത്തും അത്യാവശ്യങ്ങൾക്കുമായി ചുരുങ്ങി. അപ്പോൾപ്പോലും അപരിചിതത്വത്തിന്റെ സങ്കോചത്തോടെ മാത്രമേ ഞാൻ നാടും നാട്ടിൻ പുറവും അറിഞ്ഞിട്ടുള്ളൂ… ആകെ നാലരസെന്റ് സ്‌ഥലത്തായിരുന്നു എറണാകുളത്തു താമസിച്ചിരുന്ന വാടകവീട് മുൻപിലും പുറകിലും ഒരിത്തിരിമുറ്റം. ഓടിക്കളിച്ചാൽ ഒന്നു വിയർക്കണമെങ്കിൽ നിരത്തിലേക്കിറങ്ങണം. ചന്തകത്തെരുവിലെ തിരക്കു പലപ്പോഴും അതിക്രമിച്ചു. അവിടേക്കെത്തുമെന്നുള്ളതുകൊണ്ടു അതിനനുവാദവുമില്ല.
ഈ പശ്ചാത്തലത്തിൽ നിന്നും വന്നതുകൊണ്ടു ചിറൂരിൽ എനിയ്‌ക്കെല്ലാം പുതിയ കാഴ്‌ചകളും അനുഭവങ്ങളുമായി.
ഒരേക്കറോളം പറമ്പുണ്ടു ലളിതവിലാസിൽ എല്ലാത്തരം വൃകഷങ്ങളുമുളള ആ പറമ്പിൽ സ്വയം മറന്നു മദിച്ചുതിമർത്താടുമ്പോഴുള്ള ലഹരി ആദ്യമായറിഞ്ഞു. വിശ്രമം എന്നും സന്ധ്യചേക്കേറിയിട്ടു എന്നായി. കുസൃതിയും തെറുപ്പും പരിധിവിട്ടപ്പോൾ സഹികെട്ട് അമ്മ പരാതി അപ്പന്റെ മുൻപിൽ ഉണർത്തിച്ചു.
ശകാരമോ ചോദ്യമോ ഒന്നുമുണ്ടായില്ല. അപ്പനു എന്റെ പ്രശ്‌നം മനസ്സിലായിരുന്നു. പഠിക്കുവാനുള്ളതു പഠിക്കുവാനേറെ നേരം വേണ്ട. അതു കഴിഞ്ഞാൽ പിന്നെ എനിക്കൊന്നു ചെയ്യാനില്ല. സമയമാണെങ്കിൽ ധാരാളവും. ആ പ്രായത്തിൽ പിന്നെ ഇതൊക്കെ സഹജം. അലസമായ മനസ്സിനെ മറ്റെവിടേയ്‌ക്കെങ്കിലും വ്യാപിപ്പിക്കുക മാത്രമേ പരിഹാരമായുള്ളൂ. എന്നദ്ദേഹം തരിച്ചറിഞ്ഞു.
പിറ്റേന്നു ശനിയാഴ്‌ച
രാവിലെ എന്നെയും കൂട്ടി അപ്പൻ ടൗൺഹാളിന്റെ നേർക്കു നടന്നു. രണ്ടുനില കെട്ടിടത്തിന്റെ ഒരു ഭാഗത്തു സാമാന്യം നല്ല പുസ്‌തകശേഖരമുള്ള ഒരു ലൈബ്രറിയുണ്ട.് അവിടെ അംഗത്വം എടുത്ത് എനിക്ക് പതിവായി പുസ്‌തകങ്ങൾ തരാൻ ഏർപ്പാടുചെയ്‌തു. ഇനി കുറേശേ പുസ്‌തകങ്ങള വായിക്ക് അത് നാളേക്ക് ഉപകരിക്കും.
പുസ്‌തകങ്ങൾ വായിക്കുക ഗൗരവമുള്ള കാര്യമാണല്ലോ. മുതിർന്നവർ ചെയ്യുന്ന കാര്യം അതിൽ മുഴുകുമ്പോൾ ഞാനും കാര്യഗൗരവമുള്ള ആളാകും അതൊരു നല്ല കാര്യമാണ്. അതെനിക്ക് ഇഷ്‌ടമായി.
“ഏതാ വേണ്ടതെന്ന് നോക്കിയെടുത്തോളൂ”.
ലൈബ്രേറിയന്റെ വാക്കുകൾക്കു മുൻപിൽ ഒന്നു പരുങ്ങി. പാഠപുസ്‌തകങ്ങളും മാന്ത്രികനായ മാൻഡ്രേക്കും, ബോബനും മോളിയും, പ്രാർത്ഥനാ പുസ്‌തകങ്ങളും മല്ലാതെ ഇതുവരെ വായിച്ചിട്ടില്ല. പക്ഷേ അതു പുറമെ ഭാവിച്ചാൽ കഷീണമാണല്ലോ………….നോക്കുമ്പോൾ നിരനിരയായി പുസ്‌തകങ്ങൾ അടുക്കിയ അലമാരകൾ ഒരറ്റത്തുനിന്നും തുടങ്ങാം. അലമാരയുടെ മുകളിലെ തട്ടിൽ നിന്നും ആദ്യത്തെ പുസ്‌തകമെടുത്തു. നല്ല കനം ഇരിക്കട്ടെ തുടക്കം മോശമാകേണ്ട.
ആ പ്രായത്തിൽ വായിക്കാനെടുത്ത പുസ്‌തകം കണ്ടപ്പോൾ ലൈബ്രേറിയന് അത്ഭുതം. അയാൾക്കു ദൃഷ്‌ടി കൊടുക്കാതെ എളിക്ക് കൈകൊടുത്ത് ഗൗരവത്തിൽ നിൽക്കുന്ന എന്നെ കണ്ടാൽ അദേഹം ചോദ്യരൂപത്തിൽ വന്നത് വിഴുങ്ങി. അയാൾ പുസ്‌തകം രജിസ്‌റ്ററിൽ ചേർത്തു തന്നു.
വായിക്കുവാൻ തുടങ്ങി. ഒരു വസ്‌തു മനസ്സിലാകുന്നില്ല. കഥാപാത്രങ്ങളുടെ പേരുകൾ വളരെ വിചിത്രം. ഒന്നുപോലും നാവിനു വഴങ്ങുന്നില്ല. ഉച്ചരിക്കുവാൻ തന്നെ പറ്റുന്നില്ല. പിന്നെ വേണ്ടേ ഓർമ്മയിൽ നിൽക്കുവാൻ! തോറ്റു മടങ്ങാൻ മനസ്സുവന്നില്ല. സ്വയം സമാധാനിക്കുവാൻ ശ്രമിച്ചു. വായന തുടങ്ങുമ്പോൾ ആദ്യമൊക്കെ ഇങ്ങനെയായിരിക്കും. വാശിയോടെ ശഠിച്ചു കുത്തയിരുന്നു വായിച്ചു തീർത്തു. പത്ത്‌ദിവസം എടുത്തു വായിച്ചുതീരുവാൻ! എന്നിട്ടോ ഒന്നും ഓർമ്മയിൽ നിൽക്കുന്നില്ല. മനസ്സ് കഴുകിത്തുടച്ച സ്ലെയിറ്റുപോലെ ക്ലീൻ.!
പുസ്‌തകം തിരികെ കൊടുത്തു. തുടർന്ന് തൊട്ടരികിലുള്ള പുസ്‌തകം എടുത്തു. അപ്പോഴും അനുഭവം ഇതു തന്നെ! അതോടൊ ആ തട്ടും ആ അലമാര മൊത്തവും ശരിയാവില്ല എന്നുറപ്പായി. ആ രണ്ടു പുസ്‌തകങ്ങളും നോവലുകളായിരുന്നു. ഒരാളെഴുതിയതായിരുന്നു. സാക്ഷാൽ കൗണ്ട്‌ലിയോ ടോൾസ്‌റ്റോയി!
യുദ്ധവും സമാധാനവും
അന്നാകരീനയും
രണ്ടു മലയാള പരിഭാഷ ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ കോമ്പസിഷൻ ക്ലാസ്സിൽ ആദ്യം വായിച്ച നോവലിനെക്കുറിച്ചെഴുതുവാൻ പറഞ്ഞപ്പോൾ ഞാനീ സത്യം എഴുതി. അതു നുണയാണെന്നു കരുതി അദ്ധ്യാപകനായിരുന്ന ജെയിംസ് തോപ്പിൽ മാസ്‌റ്റർ എന്നെ ശകാര രൂപത്തിൽ മിഴിച്ചു നോക്കി. നേരെ എതിർവശത്തേയ്‌ക്ക് നടന്നു. ഇനി പരീക്ഷണം അവിടെ തുടങ്ങാം.
അങ്ങേ അറ്റത്തെ അലമാരയിൽ നിന്നും ഒരു പുസ്‌തകം എടുത്തു അതിനു കനത്തിനു കുറവില്ല. പേരുകളിലുമുണ്ട് അപരിചിതത്വം പക്ഷെ കഥ അൽപാൽപം മനസ്സിലാകുന്നുണ്ട്. മാത്രവുമല്ല വായിക്കുവാൻ ഒരു ഉൽസാഹവും ഉദ്യോഗവും തോന്നുന്നു. അടുത്തതെന്തന്നറിയുവാൻ ഒരു ജിഞ്ജാസ……….. രണ്ട് ദിവസകൊണ്ട് ഒരു ഇരിപ്പിന് മുഴുവൻ വായിച്ചു തീർത്തു. കഥയിൽ സസ്‌പെൻസ് ഉണ്ട്. ഓരോ നിമിഷവും വ്യക്‌തമായി ഓർമ്മയിൽ നിൽക്കുന്നു.
സന്തേഷമായി; ആശ്വാസവുമായി.
വായന എനിക്കുമെല്ലെ വഴങ്ങുകയാണല്ലോ………. ഞാനൊരു വായനക്കാരനാവുകയാണ്.
എഴുത്തുകാരന്റെ പേര് ശ്രദ്ധിച്ചു.
ദുർഗ്ഗപ്രസാദ് ഖത്രി
നോവലിന്റെ പേര്
ചുവന്ന കൈപ്പത്തി.
അടുത്തു കൈവച്ച പുസ്‌തകം
മൃത്യുകിരണങ്ങൾ.
സംഭവം കൊള്ളാം
ആ വഴി സുഖിച്ചു; അതൊരു ലഹരിയായി! അടുത്ത തട്ടാവുമ്പേഴേയ്‌ക്കും ബംഗാളിൽ നിന്നും കേരളത്തിലെത്തി… മലയാളിപേരുകൾ….. കേരളത്തിൽ നടക്കുന്ന കഥകളും…. ഉദ്വോഗത്തിന്റെ ഗാഥകൾ തുടരെ തുടരെ….
നീലകണ്‌ഠൻ പരമാര
മോഹൻ ഡി. കങ്ങഴ
പരമേശ്വരൻ പുല്ലേപ്പടി……
സ്‌കൂൾ വിട്ടുവന്നാൽ ചാട്ടവും ഓട്ടവുമില്ല. പുസ്‌തകവുമായി ചടഞ്ഞുകൂടും. അമ്മയ്‌ക്കു പരാതികളില്ല. അപ്പനു സന്തോഷം!
ഒരു ദിവസം അപ്പൻ യാദൃശ്ചികമായി ഞാൻ വായിക്കുന്ന ഒരു പുസ്‌തമെടുത്തു നിവർത്തി നോക്കി.
ഒരു ഡിക്‌റ്റക്‌ടീവ് നോവൽ!
കൊള്ളയും കൊലപാതകവുമാണു പ്രതിപാദ്യവിഷയം!
അന്വേഷിച്ചുവന്നപ്പോൾ വായിച്ചുകൂട്ടിയതിൽ ആദ്യത്തെ രണ്ടെണ്ണമൊഴികെ മറ്റെല്ലാം ഈ ഇനമാണ്. എന്റെ വായനയുടെ ദിശമാറ്റിയില്ലെങ്കിൽ. വെളുക്കാൻ തേച്ചതിനി പാണ്ടാകും; കാര്യങ്ങൾ അപകടത്തിലാകുമെന്ന് അപ്പനുബോദ്ധ്യമായി.
ആ വരാന്ത്യത്തിൽ പാലക്കാട്ടുപോയി മടങ്ങിവരുമ്പോൾ അപ്പൻ ഒരു പുസ്‌തകം വാങ്ങി എഴുതി പ്രശസ്‌തനായി വരുന്ന ഒരെഴുത്തുകാരന്റെ ആദ്യനോവൽ.
“ഇതൊന്നു വായിച്ചുനോക്ക്….. വായിച്ചാൽ മനസ്സിലാകും….. ഭാരതപ്പുഴയുടെയും കൽപ്പാത്തിയുടെയും തീരത്തുള്ള ആളുകളുടെ ജീവിതവും കഥയുമാണ് ഇതിൽ. ഇവിടെ വന്നശേഷം കുറച്ചൊക്കെ അതുമായി പരിചയമായില്ലേ….. ഇനി വായിച്ചുനോക്ക്”
ശരിയാണ് ചിറൂരിലെത്തിയശേഷം ചില വീടുകൾ സന്ദർശിച്ചപ്പോഴും ചടങ്ങുകളിൽ പങ്കെടുത്തപ്പോഴും ഒരു പുതിയ സംസക്കാരവുമായി ചെറിയൊരു പരിചയം കിട്ടിയിരുന്നു. ആചാരങ്ങളും അനുഷ്‌ഠാനങ്ങളും മൊന്നും മനസ്സിലായില്ലെങ്കിലും ഒരു കണ്ടു ശീലം…. നടുമുറ്റവും തെക്കിനിയും കോലായിയുമൊക്കെയായി ഒരു ചെറിയ പരിചയം.
പുസ്‌തകം നിവർത്തി. ആദ്യവാചകം വായിച്ചു.
“വളരും…… വളർന്നു വലുതാകും….”
തരക്കേടില്ലല്ലോ
“കൈകൾക്കു നല്ല കരുത്തുണ്ടാകും.
അന്നു ആരെയും ഭയപ്പെടുത്തേണ്ടതില്ല. തലയുയർത്തിപ്പിടിച്ചുകൊണ്ടുനിൽക്കാം. ‘ആരെടാ’ എന്നു ചോദിച്ചാൽ പരുങ്ങാതെ ഉറച്ചസ്വരത്തിൽ പറയാം… ഞാനാണ് കോന്തുണ്ണിനായരുടെ മകൻ അപ്പുണ്ണി!എനിക്കും ഈ വരികൾ ഇണങ്ങുന്നു പാഠഭേദം വരുത്തിപറഞ്ഞു നോക്കി.”ആരെടാ എന്നു ചോദിച്ചാൽ പരുങ്ങാതെ ഉറച്ച സ്വരത്തിൽ പറയാം…. ഞാനാണ്. പൗലോസ് മാഷ്‌ടെ മകൻ ജോൺ കുട്ടിയെന്ന ജോൺപോൾ“
അതോടെ അപ്പുണ്ണിയുമായി ഒരു ആത്മീയഭാവം…. കഥാപാത്രങ്ങൾ കഥ നിവർത്തിക്കുന്നത് എന്റെ കൂടി സാന്നിദ്ധ്യത്തിലാണെന്നു തോന്നി. സാക്ഷിയായോ പങ്കാളിയായോ ഈ കഥയിൽ എവിടെയെല്ലാമോ ഞാനുമുണ്ട്. അപ്പുണ്ണിയുടെ വിചാരങ്ങളോട് വാക്കുകളോട്, പ്രവൃത്തിളോട് ഒരു ഐക്യദാർഢ്യം അപ്പുണ്ണിയെ നൊമ്പരപ്പെടുത്തുന്നവരോടു രോഷവും പകയും…. അപ്പുണ്ണി സങ്കടപ്പെടുമ്പോൾ ദുഃഖം!
കഥാന്തരീക്ഷം ചിത്രങ്ങൾ പോലെ മനസ്സിൽ തെളിച്ചുതരുന്ന വാക്കുകൾ…. ശബ്‌ദസൂചനകൾ കൂടി ചേരുമ്പോൾ ശരിക്കും കഥ നടക്കുന്നിടത്ത് ഞാനുമുണ്ടെന്നതോന്നൽ! കഥയും മുഹൂർത്തങ്ങളും മനസ്സിലേയ്‌ക്കു പെയ്‌തിറങ്ങുന്നതു ഒരു പുതിയ അനുഭവമായി. വായനയ്‌ക്ക്, അക്ഷരച്ചാർത്തുകൾക്കു അത്തരമൊരുനുഭൂതി പകർന്നുതരാൻ കഴിയുമെന്നതു പുതിയ അറിവായി.
നോവലിന്റെ പേരു ശ്രദ്ധിച്ചു.
നാലുകെട്ട്
എഴുത്തുകാരന്റെ പേരും
എം.ടി. വാസുദേവൻ നായർ
അതുകഴിഞ്ഞിട്ടിപ്പോൾ അരനൂറ്റാണ്ടു കഴിഞ്ഞിതിക്കുന്നു.
കലാസന്ധികളിലൂടെയുള്ള അപ്പുണ്ണിയുടെ യാത്രയെ അനുധാവനം ചെയ്‌ത ആ ബാലൻ ഇന്നും എന്റെയുള്ളിൽ ഉണർവ്വോടെയുണ്ട്.
”മീനാക്ഷുയേടത്തിയും, കുട്ടമ്മാവയും, അമ്മിണിയേടത്തിയും, വല്യമ്മാമയും
കറുത്തുമെലിഞ്ഞു കൂർത്ത മുഖവുമായി പണ്ടു അപ്പുണ്ണിയോടു സംസാരിക്കുവാൻ വന്ന മാളുവും ,സെയ്‌താലിക്കുട്ടിയും
പീടികക്കാരൻ യൂസഫും….
നിലത്തെപ്പോഴും ബാക്കിനിൽക്കുന്ന കണ്ണീരിന്റെ നനവും ഇരുട്ടുമൂടി കിടക്കുന്ന തെക്കിനിയുമൊക്കെ….
നാലുകെട്ടിന്റെ ഇരുപത്തിയൊൻപതാം പതിപ്പ് ഈ വർഷമിറങ്ങി.അതിൽ ചേർത്തുകണ്ട നമ്പൂതിരിയുടെ രേഖാചിത്രങ്ങളിലെ
ദൃശ്യങ്ങളത്രയും ചിരപരിചിതങ്ങളായി തോന്നി എനിയ്‌ക്കു…..അൻപതുവർഷം മുൻപേ ഞാൻ കണ്ടിരുന്നുവല്ലേ അവയൊക്കെയും…
അവയോടൊപ്പമല്ലേ ആ നാളുകൾ ഞാനും പിന്നിട്ടത്!
Generated from archived content: eassay1_nov19_08.html Author: john_paul