ഏകാന്തതയിലും ആനന്ദം

ജോർജ്‌സാർ റിട്ടയേർഡ്‌ കോളേജ്‌ അധ്യാപകനാണ്‌. ഭാര്യ സ്‌കൂൾ അധ്യാപിക ആയിരുന്നു. അവർക്ക്‌ മൂന്നു മക്കളുണ്ട്‌. പക്ഷേ ആരും അവരുടെ കൂടെയില്ല. ഒരാൾ അമേരിക്കയിൽ എൻജിനീയർ. കുടുംബസഹിതം അവിടെയാണ്‌ താമസം. രണ്ടാമത്തെ മകൾ ലണ്ടനിൽ നേഴ്‌സാണ്‌. ഭർത്താവും മക്കളുമൊത്ത്‌ അവിടെ സ്‌ഥിരതാമസമാണ്‌. മൂന്നാമത്തെ മകൻ സൗദിയിലാണ്‌. ഭാര്യ നഴ്‌സായി ഏറെക്കാലമായി അവിടെത്തന്നെ ജോലി ചെയ്യുന്നു. കുട്ടികളും അവിടെത്തന്നെ പഠിക്കുന്നു. ജോർജ്‌ സാറും ഭാര്യയും മാത്രമാണു നാട്ടിൽ. ഇവർക്ക്‌ മക്കളെയും ചെറുമക്കളെയും കാണാണൻ കൊതിയുണ്ട്‌. പക്ഷേ അവർ രണ്ടും മൂന്നും വർഷം കൂടുമ്പോൾ മാത്രമേ നാട്ടിൽവരാറുള്ളു. എങ്കിലും എംറ്റിനെസ്‌റ്റ്‌ സിൻഡ്രം (Empty nest syndrome) ജോർജ്‌സാറിനും ഭാര്യയ്‌ക്കും അനുഭവപ്പെടാറില്ല. ഇവർ സാമൂഹ്യസേവനത്തിലും കാരുണ്യപ്രവർത്തനത്തിലും സമയം ചെലവഴിക്കുന്നു. അയൽപക്കത്തുള്ള പാവപ്പെട്ട കുട്ടികൾക്ക്‌ ജോർജ്‌ സാർ സൗജന്യട്യൂഷൻ നല്‌കുന്നു…. അവർക്ക്‌ പഠിക്കുന്നതിനുള്ള സാമ്പത്തിക സഹായവും ചെയ്‌തുകൊടുക്കുന്നു. അവരുടെ പ്രശ്‌നങ്ങൾക്ക്‌ ചെവികൊടുക്കുന്നു. ജോർജ്‌സാറിന്റെ ജന്മദിനവും, വിവാഹവാർഷികവും ആഘോഷിക്കാൻ സ്വന്തം മക്കളും, ചെറുമക്കളും നാട്ടിലില്ലെങ്കിൽപ്പോലും അയൽക്കാരും കുട്ടികളും ചേർന്ന്‌ വർണ്ണശബളമായികൊണ്ടാടുന്നു. ഈ ദിവസങ്ങൾ അവർക്കെല്ലാം ആഘോഷത്തിന്റെയും ആഹ്ലാദത്തിന്റെയും ദിനങ്ങളാണ്‌. മക്കളുടെ അസാന്നിദ്ധ്യം ഒരിക്കലും ജോർജ്‌ സാറിനെയും ഭാര്യയേയും അലട്ടാറില്ല. അവരുടെ ഫോൺകോളുകൾ വൈകിയാൽപ്പോലും അവർ അസ്വസ്‌ഥരാകാറില്ല. അയൽക്കാരും കുട്ടികളും എല്ലാം അവർക്ക്‌ പ്രിയപ്പെട്ടവർ തന്നെ. അവരുടെ ആത്മാർത്ഥതയും സ്‌നേഹവും കാണുമ്പോൾ ഈ വൃദ്ധദമ്പതികളുടെ ആത്മാവിൽ ആയിരം സൂര്യൻമാർ ഉദിച്ചുയരുന്നു. ഹൃദയത്തിൽ പൗർണ്ണമി മിന്നിമറയുന്നു. സ്വന്തം മക്കളുടെ അഭാവത്തിലും അസാന്നിദ്ധ്യത്തിലും അവർക്ക്‌ പരാതിയില്ല. സങ്കടമില്ല. ഈ ഏകാന്തതയിലെ ജീവിതം തികച്ചും ആനന്ദകരമാണ്‌, അർത്ഥപൂർണ്ണമാണ്‌.

ഗായത്രിയുടെ ഭർത്താവ്‌ വിവാഹശേഷം ഒരാഴ്‌ചയ്‌ക്കുള്ളിൽ ഗൾഫിലേക്ക്‌ മടങ്ങി. ലീവ്‌ തീരുന്നതിനു മുമ്പ്‌ ജോലിയിൽ പ്രവേശിക്കണം. മധുവിധുവിന്റെ സ്‌മരണകളെ താലോലിച്ചുകൊണ്ട്‌ ഗായത്രി നാട്ടിൽ കഴിയുന്നു. ഭർത്താവിന്റെ വൃദ്ധ മാതാപിതാക്കളോടൊപ്പമാണ്‌ താമസം. സഹായത്തിന്‌ വേലക്കാരിയുണ്ട്‌. അടുക്കളപ്പണിപോലും വേലക്കാരി ചെയ്‌തുകൊള്ളും. ധാരാളം സമയം! ഒന്നും ചെയ്യാനുമില്ല. ഏകാന്തതയും അന്യതാബോധവും അവളെ അലട്ടാൻ തുടങ്ങി.

….പെട്ടന്നാണ്‌ അവളുടെ ജീവിതത്തിനു മാറ്റം സംഭവിച്ചത്‌. ഗായത്രിയുടെ സഹപാഠിയും കൂട്ടുകാരിയുമായ ഗീതയാണ്‌ എല്ലാറ്റിനും കാരണം. ബി.എ.യ്‌ക്ക്‌ അവർ ഒരേ ക്ലാസിൽ പഠിച്ചിരുന്നു. ഗീത ബി.എഡ്‌ കഴിഞ്ഞ്‌ അദ്ധ്യാപികയായി. ഈ നാട്ടിലെ സ്‌കൂളിലാണു ആദ്യനിയമനം. ഹോസ്‌റ്റലിൽ താമസം. ടൗണിൽ വച്ചാണ്‌ ഗീതയെ യാദൃച്ഛികമായി കണ്ടത്‌.

കാട്ടുകാരിയുടെ വിഷമതകൾ കേട്ടപ്പോൾ ഗീത ചോദിച്ചുഃ “ എടീ നിനക്ക്‌ പഠിക്കാൻ താല്‌പര്യമുണ്ടോ?” ഇനി എന്തു പഠിക്കാൻ എങ്ങനെ പഠിക്കാൻ….?“ ഗായത്രിക്കു സംശമായി. ”ഞാൻ ഒരു പി.ജി. ചെയ്യുന്നുണ്ട്‌. സൈക്കോളജിയാണു വിഷയം. ഡിസ്‌റ്റൻസ്‌ എഡ്യൂക്കേഷൻ….. എന്താ നിനക്ക്‌ എന്നോടൊപ്പം ചേർന്നുകൂടെ?“

ഗായത്രിക്കു വളരെ താല്‌പര്യമുള്ള വിഷയം. പക്ഷേ എങ്ങനെ പഠിക്കും? അവൾ ഗീതയോടു ചോദിച്ചു വിവരങ്ങൾ മനസ്സിലാക്കി ടൗണിൽത്തന്നെ സ്‌റ്റഡിസെന്റർ ഉണ്ട്‌. അവധിദിനങ്ങളിൽ കോൺടാക്‌റ്റ്‌ ക്ലാസുമുണ്ട്‌. വീട്ടിൽ ഇരുന്നു പഠനം നടത്താം. ഗീതയുമൊത്ത്‌ ക്ലാസിൽ പോകാം. വീട്ടിലെ മുഷിപ്പിക്കുന്ന ഏകാന്തതയിൽ നിന്നും വിരസതയിൽ നിന്നും മോചനവുമായി.

ഗായത്രി ഭർത്താവിനോടും മാതാപിതാക്കളോടും സംസാരിച്ചു ഇത്‌ നല്ലൊരു ആശയമായി അവർക്കും തോന്നി. സന്തോഷകരമായ കോളേജ്‌ ജീവിതകാലം തിരിച്ചുവന്നതുപോലെയൊരു അനുഭവം. ഗായത്രിയുടെ ഓരോ ദിവസനത്തിനും അർത്ഥവും ലക്ഷ്യവുമുണ്ടായി. ഏകാന്തതയും വിരസതയും പഴങ്കഥകളായി. വീട്ടിലെ കാര്യങ്ങൾ ചെയ്യുന്നതിനും ഉത്സാഹവും താല്‌പര്യവും ജനിച്ചു. ഇപ്പോൾ ഗായത്രി പൂന്തോട്ടം മോടിപിടിപ്പിക്കുന്നു…. പുതിയ പുതിയ ചെടികൾ നട്ടുനനയ്‌ക്കുന്നു… കോഴികളെ വളർത്തുന്നു…. പഠനത്തിനുള്ള സമയവും കണ്ടെത്തുന്നു. ഗായത്രി എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായി, അഭിനന്ദപാത്രമായി.

മുകളിൽപ്പറഞ്ഞ രണ്ടു വ്യക്തികളും ഏകാന്തതയേയും വിരസതയേയും വിജയകരമായി കീഴടക്കിയവരാണ്‌. എംറ്റി നെസ്‌റ്റ്‌ സിൻഡ്രവും (Empty Nest Syndrome) ഗൾഫ്‌ സിൻഡ്രവും (Gulf Syndrome) അവരുടെ ജീവിതത്തെ നരകമാക്കാൻ അവർ അനുവദിച്ചില്ല. ഏകാന്തതയുടെയും ഒറ്റപ്പെടലിന്റെയും തീവ്രവേദന അനുഭവിക്കുന്ന ആയിരങ്ങൾക്ക്‌ ജോർജ്‌സാറിന്റെയും ഗായത്രിയുടെയും (പേരുകൾ മാറ്റിയിട്ടുണ്ട്‌) ജീവിതകഥകൾ പ്രചോദനവും മാതൃകയുമായിരിക്കും.

കിരൺബേദി ഒരിക്കൽ ഇങ്ങനെ പറയുകയുണ്ടായി. ”നിങ്ങൾ ജീവിതത്തിന്റെ ചാർജ്‌ ഏറ്റെടുക്കുന്നില്ല. എങ്കിൽ നിങ്ങൾ സമയത്താൽ ലാത്തിചാർജ്ജ്‌ ചെയ്യപ്പെടും.“ ഇവിടെ തികച്ചും അന്വർത്ഥമാണിത്‌.

ഏകാന്തതയെ സംഘർഷരഹിതമാക്കാൻ

ഇന്ന്‌ ധാരാളം ആളുകൾ ഏകാന്തതയുടെ തടവറയിൽ മാനസിക പീഡനമനുഭവിച്ചുകൊണ്ട്‌ ജീവിതം തള്ളിനീക്കുന്നുണ്ട്‌. അവരുടെ ജീവിതസാഹചര്യങ്ങളും അവയോടുള്ള സമീപനവുമാണ്‌ ഇതിനു മുഖ്യഹേതു. ഏകാന്തത ഒരു മാനസികാവസ്‌ഥയാണ്‌. അതിനുമാറ്റം വരുത്തുക എന്നതാണ്‌ അടിസ്‌ഥാനപരമായ പരിഹാരം. സമയം മുഴുവൻ ഒന്നും ചെയ്യാനില്ലാതെ തികച്ചും അലസമായി, പ്രവർത്തനരഹിതമായി തള്ളിനീക്കാൻ ശ്രമിക്കുന്നവരാണ്‌ തീവ്രമായ ഏകാന്തതയുടെ പിടിയിലാവുന്നത്‌. അലസമായ മനസ്സ്‌ പിശാചിന്റെ പണിപ്പുരയാണ്‌ എന്നാണല്ലോ ചൊല്ല്‌ പ്രശസ്‌ത ആംഗലേയ കവി ടെന്നിസൺ ഇപ്രകാരം എഴുതിഃ ”ജോലിയിൽ എന്നെത്തണം മറക്കണം. അല്ലെങ്കിൽ ഞാൻ നൈരാശ്യത്തിൽ വീണുപോകും.“

ഏകാന്തതയെ സംഘർഷരഹിതവും സന്തോഷകരവുമാക്കാനുള്ള ഏതാനും ഫലപ്രദമായ മാർഗ്ഗങ്ങൾ വിവരിക്കാം.

ക്രിയാത്മകപ്രവർത്തനങ്ങളിൽ മുഴുകുക

നിങ്ങൾക്കൊരു ജീവിതലക്ഷ്യമുണ്ടെങ്കിൽ അത്‌ പ്രാപിക്കുന്നതിനായി ധാരാളം കാര്യങ്ങൾ അർത്ഥപൂർണ്ണമായി ചെയ്യാനുണ്ടാവും. ജീവിതത്തിന്‌ വ്യക്തമായ ഒരു ലക്ഷ്യം ഉണ്ടാകുകയും അത്‌ കൂടെക്കൂടെ സ്വയം ഓർമ്മപ്പെടുത്തുകയും ചെയ്‌തുകൊണ്ടിരുന്നാൽ ലക്ഷ്യപ്രാപ്‌തിക്കായി പ്രവർത്തിക്കുന്നതിനു ശക്തമായ പ്രചോദനമാകും. ലഭ്യമായ സമയം മുഴുവൻ ക്രിയാത്മകമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുക എന്നത്‌ സന്തോഷകരമായ ഒരനുഭവമായിരിക്കും. അപ്പോൾ നിങ്ങൾ സ്വന്തം കഴിവുകളും സാധ്യതകളും മനസ്സിലാക്കുകയും സ്വയം കൂടുതൽ അറിയുകയും ചെയ്യും.

നിങ്ങൾ നിങ്ങളുടെ സുഹൃത്തും ആരാധകനും ആയിത്തീരുക

നിങ്ങൾ നിങ്ങളെ ഇഷടപെടുന്നുവെങ്കിൽ നിങ്ങളുടെ പ്രവൃത്തികളും ചിന്താരീതികളും നിങ്ങൾക്ക്‌ തന്നെ ഇഷ്‌ടമാവുന്ന രീതിയിലാണെങ്കിൽ, നിങ്ങൾക്ക്‌ ആത്മവിശ്വാസം ഉണ്ടെങ്കിൽ ഏകാന്തത നിങ്ങൾക്കൊരു പ്രശ്‌നമാകുകയില്ല എന്നാണ്‌ പഠനങ്ങൾ വ്യക്തമാക്കുന്നത്‌. നിങ്ങൾ തനിയെ ഇരിക്കുമ്പോഴും ഒരു ഉറ്റ സുഹൃത്തിനോടൊത്ത്‌ കഴിയുമ്പോഴുണ്ടാവുന്ന സന്തോഷവും ഉത്സാഹവും നിങ്ങളിൽ നിറഞ്ഞു നില്‌ക്കും.

മറ്റുള്ളവരുമായി ബന്ധപ്പെടുന്നത്‌ ഒരു അനിവാര്യതയായി തോന്നുന്നത്‌ നിങ്ങളിൽ നിന്നും സ്വയം രക്ഷനേടുന്നതിനുള്ള അബോധമോഹംകൊണ്ടാണ്‌. നിങ്ങൾ മറ്റുള്ളവരുടെ അഭിനന്ദനങ്ങളും അംഗീകാരവും ഏറെ കാംക്ഷിക്കുന്നതുകൊണ്ടാണ്‌. നിങ്ങൾക്ക്‌ സ്വയം മതിപ്പും ആത്‌മവിശ്വാസവും വേണ്ടുവോളമുണ്ടെങ്കിൽ, നിങ്ങളുടെ ആന്തരീകമായ കഴിവുകളേയും വിശേഷഗുണങ്ങളേയും നിങ്ങൾക്ക്‌ സ്വയം വിലമതിക്കാനും അഭിനന്ദിക്കാനും കഴിയുമെങ്കിൽ, മറ്റുള്ളവരുടെ അഭിനന്ദനത്തിന്റെയും സമ്പർക്കത്തിന്റേയും അഭാവം നിങ്ങൾക്കൊരു പ്രശ്‌നമാകാനിടയില്ല. തനിയെ ആയിരിക്കുമ്പോൾ നിങ്ങൾക്ക്‌ ഏകാന്തത അനുഭവപ്പെടുകയേയില്ല. കാരണം നിങ്ങൾ തന്നെയാണ്‌ നിങ്ങളുടെ ഏറ്റവും നല്ല സുഹൃത്ത്‌ എന്ന്‌ നിങ്ങൾ തിരിച്ചറിയും.

Generated from archived content: arogyam9.html Author: john_muzhuthettu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here