നാൻസിയുടെ വിവാഹം കഴിഞ്ഞിട്ട് ഒരു മാസമേ ആയിട്ടുള്ളു. ഭർത്താവ് റോയിക്ക് കുവൈറ്റിലാണ് ജോലി – ഒരു എണ്ണക്കമ്പനിയിൽ. വിവാഹം കഴിഞ്ഞ് മൂന്നു ദിവസം കഴിഞ്ഞ് അയാൾ തിരിച്ചു പോയി. ലീവ് തീർന്നതുകൊണ്ട് മധുവിധുവിനു വിരാമമിടേണ്ടിവന്നു.
നാൻസി ഭർത്താവിന്റെ മാതാപിതാക്കളോടൊപ്പമാണ് താമസം. എങ്കിലും എന്തെന്നില്ലാത്ത ഒരു ഏകാന്തത. ഒരുന്യതാബോധം. ആഴ്‌ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം ഭർത്താവ് ഫോണിൽ വിളിക്കുമ്പോഴാണ് തെല്ല് ഒരാശ്വാസം തോന്നുന്നത്. ആദ്യത്തെ ആഴ്‌ചയിൽ ദിസവും വിളിക്കുമായിരുന്നു, ഇപ്പോൾ അത് ആഴ്‌ചയിൽ ഒന്നായി ചുരുങ്ങി. സമയമില്ലത്രേ! കാത്തിരുന്നു കാത്തിരുന്ന് ഒരു ഫോൺ കിട്ടിയാൽ ഹൃദയം തുറന്നു സംസാരിക്കാൻ അവസരം ലഭിക്കാറില്ല. കാരണം ഭർത്താവിന്റെ അമ്മയും സംസാരിക്കാൻ ഓടിയെത്തും. അമ്മായിഅമ്മയുടെ മുമ്പിൽ വച്ച് തന്റെ ആവലാതികൾ ഭർത്താവിനെ അറിയിക്കാൻ കഴിയാതെ പോവുന്നു. ഭർത്താവിന്റെ നിർദ്ദേശപ്രകാരം ഫോൺ അമ്മയ്‌ക്കു കൈമാറുമ്പോൾ വലിയ നഷ്‌ടബോധവും നിരാശയും നാൻസിയെ ബാധിക്കുന്നു. ഇത് ദിവസങ്ങളോളം നീണ്ടു നില്‌ക്കുന്നു. ഏകാന്തതയും അന്യതാബോധവും എപ്പോഴും അലട്ടിക്കൊണ്ടിരിക്കുന്നു. ഒരു ഗൾഫ്‌കാരന്റെ ഭാര്യയായതിനാൽ മറ്റുള്ളവർ അസൂയയോടെ വീക്ഷിക്കുന്നത്. ധാരാളം പണം, രാജകൊട്ടാരം പോലൊരു വീട്, സന്തോഷത്തിനിനി എന്തുവേണം എന്ന ഭാവത്തിലാണ് എല്ലാവരും. തന്റെ വേദനയും വികാരങ്ങളും ആരറിയാൻ? ഏകാന്തതയിൽ ശ്വാസം മുട്ടുകയും മനമുരുകുകയും ചെയ്യുമ്പോൾ ജീവിതം തന്നെ അസാദ്ധ്യമായി തോന്നുന്നു. ആത്മഹത്യയുടെ ചിന്തകൾ പോലും ചിലനേരം മനസ്സിൽ നിറയുന്നു…..
രാമകൃഷ്‌ണപിള്ള ഒരു റിട്ടയേർഡ് കോളേജ് അധ്യാപകനാണ്. ഭാര്യ റിട്ടയേർഡ് സ്‌കൂൾ അധ്യാപികയും. രണ്ടുപേർക്കും നല്ല സുഖമില്ല. അല്‌പം പ്രഷർ, അല്‌പം ഷുഗർ. അതുകൊണ്ട് ജോലിയൊന്നും ചെയ്യാൻ കഴിയുകയില്ല. മക്കൾ രണ്ടുപേർക്കും അമേരിക്കയിലാണ് ജോലി. രണ്ടുപേരും വിവാഹിതർ, കുട്ടികളുമുണ്ട്. രണ്ടു പേരുടെയും ഭാര്യമാർ നഴ്‌സുമാരാണ്. വിദേശത്തു ജോലി കിട്ടാനാണ് അവരെ വിവാഹം കഴിച്ചതു തന്നെ. രണ്ടു വർഷം കൂടുമ്പോഴേ അവരെല്ലാമം നാട്ടിൽ വരികയുള്ളു. ഓണവും ക്രിസ്‌തുമസും ഈസ്‌റ്ററുമൊക്കെ ഒന്നിച്ചാഘോഷിച്ചിട്ട് നാളുകളേറയായി. മക്കളെയും പേരക്കുട്ടികളെയും കാണുവാൻ രാമകൃഷ്‌ണപിള്ളയ്‌ക്ക് അതിയായ മോഹം ഉണ്ട്. പക്ഷേ അവർക്കങ്ങനെ വരാൻ കഴിയുമോ? വലിയ പണച്ചെലവല്ലേ? ആഴ്‌ചയിലൊരിക്കലുള്ള ഫോൺ കോളിനു തന്നെ നല്ല പൈസ ചെലവാക്കുന്നുവെന്നാണ് മക്കൾ പറയുന്നത്.
കഴിഞ്ഞമാസം അമ്മ ആശുപത്രിയിലായിരുന്നു. രോഗം അല്‌പം കൂടുതലായിരുന്നു. മക്കളെ ഉടൻതന്നെ വിവരം അറിയിച്ചിരുന്നു. അവർക്ക് വരാൻ ആഗ്രഹമുണ്ട്. പക്ഷേ ലീവ് കിട്ടുവാൻ പ്രയാസമാണത്രെ! “മക്കളുണ്ടായിട്ടെന്തുകാര്യം?” എന്നു പലപ്പോഴും സ്വയം ചോദിച്ചു പോകുന്നു. അത്ര കഠിനമാണ് ഈ ഏകാന്തത. ഈ അന്യതാബോധം. നാട്ടുകാരുടെ മുൻപിൽ ഇവർ ഭാഗ്യം ലഭിച്ചവരാണ്, സമ്പന്നരാണ്. പക്ഷേ ഈ അച്ഛന്റെയും അമ്മയുടെയും ഏകാന്തതയുടെ വേദന ആരറിയുന്നു?
ആധുനികമനുഷ്യന്റെ വേദനാപൂർണ്ണവും അസഹ്യവുമായ ഏകാന്തതയുടെയും ഒറ്റപ്പെടലിന്റെയും ചിത്രങ്ങളാണ് ഇതുരണ്ടും.
മനഃശാസ്‌ത്രഭാഷയിൽ നാൻസി അനുഭവിക്കുന്നത് ഗൾഫ് സിൻഡ്രം ആണെങ്കിൽ രാമകൃഷ്‌ണപിള്ള അനുഭവിക്കുന്നത് എം.റ്റി നെറ്റ് സിൻഡ്രം ആണ്. ഇതുപോലുള്ള തീവ്രമായ ഏകാന്തതയും ഒറ്റപ്പെടലും ഒരു വ്യക്തിയുടെ മാനസീകാരോഗ്യത്തിന് കടുത്ത ഭീഷണിയാണ് ഉയർത്തുന്നത് എന്ന് മനഃസാസ്‌ത്രപഠനങ്ങൾ വ്യക്തമാക്കുന്നു. ആധുനിക യുഗത്തിലെ അനിവാര്യതകളാവാം ഇത്തരം ദുരവസ്‌ഥകൾ എന്നു വേണമെങ്കിൽ നമുക്ക് സമാശ്വസിക്കാം. പക്ഷേ അതുകൊണ്ട് ഈ ഒറ്റപ്പെടലിന്റെയും ഏകാന്തതയുടെയും തീവ്രവേദന കുറയുകയില്ലല്ലോ.
ഏകാന്തത ഒരു ദുരവസ്‌ഥ
പ്രശസ്‌ത ഹൃദ്രോഗചികിത്സാവിദഗ്‌ധനും എഴുത്തുകാരനുമായ ഡീൻ ഓർണിഷിന്റെ അഭിപ്രായത്തിൽ “യഥാർത്ഥ മാരകരോഗം ശാരീരികഹൃദ്രോഗമല്ല, മറിച്ച് ആത്മീയമായ ഹൃദ്രോഗമാണ്- കഠിനമായ ഏകാന്തതയും അന്യഥാബോധവുമാണ്.”
“ഏകാന്തതയും അന്യഥാബോധവുമാണ് ഏറ്റവും ഭയാനകമായ ദാരിദ്ര്യാവസ്‌ഥ” എന്നാണ് മദർ തെരേസ വ്യക്തമാക്കിയത്. ഏകാന്തത അതിശക്തവും വേദനാജനകവുമായ ഒരു തീവ്രവികാരമാണ്. അത് മനുഷ്യനെ നിരാശയിലേക്കും രോഗങ്ങളിലേക്കും ആത്‌മഹത്യയിലേക്കും നയിക്കാം. ഇത് വൃദ്ധരെയും വികലാംഗരേയും രോഗികളേയും സാധാരണക്കാരേയും ബാധിക്കാവുന്ന ഒരു വികാരമാണ്. ഇത് യുവാക്കളിലാണ് ഇന്നു കൂടുതലായി കാണപ്പെടുന്നത് എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
എന്താണ് ഏകാന്തത?
തനിയെ ആയിരിക്കുക എന്ന അവസ്‌ഥയല്ല ഏകാന്തത. ധാരാളം സുഹൃത്തുക്കളും മക്കളും ജീവിതപങ്കാളിയും ബന്ധുക്കളും ഒക്കെയുണ്ടെങ്കിൽപ്പോലും നിങ്ങൾക്ക് ഏകാന്തത അനുഭവപ്പെടാം. എന്നാൽ നിങ്ങൾ ഒറ്റയ്‌ക്കാണെങ്കിലും ഏകാന്തതയുടെ വേദന അനുഭവപ്പെടണമെന്നില്ലതാനും. ഏകാന്തത ഒരു മാനസികാവസ്‌ഥയാണ്, ഒരു ധാരണയുടെ കാര്യമാണ്.
എത്ര ആത്മാർത്ഥമായിട്ടാണ് നിങ്ങൾ മറ്റുള്ളവരുമായി സമ്പർക്കം പുലർത്തുന്നത്, മറ്റുള്ളവർ നിങ്ങളുമായി ഇടപെടുമ്പോൾ എത്ര നന്നായി തോന്നുന്നു എന്നിവയെയെല്ലാം ആശ്രയിച്ചാണ് നിങ്ങളുടെ ഏകാന്തതാബോധത്തിന്റെ തീവ്രത. സന്തോഷകരമായ പ്രതികരണത്തിന്റെ അഭാവത്തിൽ നിങ്ങൾക്ക് മറ്റുള്ളവരുമായി അടുപ്പം അനുഭവപ്പെടുന്നില്ലായെങ്കിൽ, നിങ്ങളുടെ സ്വത്വം പരിപോഷിപ്പിക്കപ്പെടുന്നില്ലായെങ്കിൽ ഇത് നിങ്ങളെ ഏകാന്തതയിലേക്ക് നയിക്കുന്നു.
കൂട്ടായ്‌മ പ്രകൃതിനിയമം
ആകാശത്ത് പക്ഷികൾ ഒരുമിച്ച് കൂട്ടമായി പറക്കുന്നു. കാട്ടാനകൾ കാടുകളിൽ കൂട്ടമായി മേയുന്നു. തേനീച്ചകളും ഉറുമ്പുകളും ഒരുമിച്ച് ജീവിക്കുകയും സംഘമായി ജോലിചെയ്യുകയും ചെയ്യുന്നു. കടലിൽ മത്സ്യങ്ങൾ സംഘങ്ങളായി സഞ്ചരിക്കുന്നു. നാം പ്രകൃതിയെ സസൂക്ഷ്‌മം നിരീക്ഷിച്ചാൽ ജീവികളിലെ ഈ കൂട്ടായ്‌മ എവിടെയും കാണാം.
പക്ഷികൾ കൂട്ടമായി പറക്കുമ്പോൾ ഓരോ പക്ഷിയും തനിയേ പറക്കുമ്പോൾ വേണ്ടിവരുന്ന ഊർജ്ജത്തിന്റെ ഒരംശം മാത്രം ചെലവഴിച്ചാൽ മതിയാവും. ഈ സംഘപ്പറക്കൽകൊണ്ട് 71 ശതമാനത്തിലേറെ ഊർജ്ജം ലഭിക്കാൻ കഴിയുന്നുവെന്നതാണ് കണക്ക്. അവയ്‌ക്ക് കൂടുതൽ നേരം വിശ്രമമില്ലാതെ പറക്കുന്നതിനും വേഗം ലക്ഷ്യസ്‌ഥാനത്തെത്തുന്നതിനും ഈ കൂട്ടായ്‌മ സഹായകമാകുന്നു.
പ്രകൃതിയുടെ അടിസ്‌ഥാനതത്ത്വം തന്നെ പരസ്‌പര സഹകരണത്തിലും കൂട്ടായ്‌മയിലും അധിഷ്‌ഠിതമാണ്. നിലനില്‌പിന്റെയും സുരക്ഷിതത്വത്തിന്റെയും പ്രകൃതിനിയമമാണിത്.
ഏകാന്തതയുടെ കാരണങ്ങൾ
ആധുനിക മനുഷ്യന്റെ ഏകാന്തതയക്ക് ഒട്ടേറെ കാരണങ്ങൾ ഉണ്ട്. സ്വന്തം പെരുമാറ്റരീതികൾ, ആന്തരികചോദനകൾ മാനസികപ്രവണതകൾ, സാഹചര്യങ്ങൾ തുടങ്ങിയഘടകങ്ങൾ ഒരു വ്യക്തിയെ ഏകാനായി ജീവിക്കുന്നതിനും ഏകനായി സഹിക്കുന്നതിനും നിർബന്ധിതനാക്കുന്നു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാമൂഹ്യമാനങ്ങൾ, കുടുംബ ബന്ധങ്ങളിൽ സംഭവിക്കുന്ന മൂല്യത്തകർച്ച, വൈവാഹിക കടമകളേയും പവിത്രതയേയും പറ്റിയുള്ള അവ്യക്തത, ആധുനിക ജീവിതസമ്മർദ്ദങ്ങൾ, ആധുനിക സാങ്കേതികവിദ്യയും ജോലികളും ഉയർത്തുന്ന വെല്ലുവിളികൾ തുടങ്ങിയവയെല്ലാം ആധുനിക മനുഷ്യനെ ഏകാകിയാക്കുന്നതിൽ പങ്കുവഹിക്കുന്നു. വർദ്ധിച്ചുവരുന്ന വിവാഹമോചനങ്ങൾ, കുടുംബത്തകർച്ചകൾ, ജോലി സമ്മർദ്ദങ്ങൾ, സാമൂഹ്യരാഷ്‌ട്രീയ വൈരങ്ങൾ, വർഗ്ഗസംഘർഷങ്ങൾ, ആത്മഹത്യകൾ തുടങ്ങിയ ഒട്ടേറെ പ്രശ്‌നങ്ങൾ കുട്ടികളെയും യുവാക്കളെയും ഏകാകികളും അശരണരുമായി മാറ്റിയിരിക്കുന്നു. സാമൂഹ്യബന്ധങ്ങളുടേയും കൂട്ടായ്‌മയുടേയും പരസ്‌പര സ്‌നേഹത്തിന്റേയും പഴയകാല സാഹചര്യങ്ങൾ ഇന്ന് അന്യമായിക്കൊണ്ടിരിക്കുന്നു. ഇന്റർനെറ്റും, മൊബൈൽഫോണും, ടെലിവിഷനും എല്ലാം മനുഷ്യബന്ധങ്ങളിൽ കാതലായ വ്യതിയാനം വരുത്തിയിരിക്കുന്നു. കുടുംബങ്ങളിൽപ്പോലും ഭാര്യയും ഭർത്താവും അച്ഛനും മക്കളും സഹോദരനും സഹോദരിയും എല്ലാം അവരവരുടെ സ്വകാര്യലോകത്ത് പരസ്‌പരം ബന്ധപ്പെടാതെ ഏകാന്തതയുടെ തുരുത്തിൽ കഴിയുന്നു. ഏകാന്തതയുടെ വേദന ആധുനിക മനുഷ്യന്റെ ദുർവിധിയായി മാറിയിരിക്കുന്നു എന്നതല്ലേ വാസ്‌തവം.
Generated from archived content: arogyam8.html Author: john_muzhuthettu