അഴിമതിയുടെ മനഃശാസ്‌ത്രമാനങ്ങൾ

അഴിമതി ഇന്ന്‌ ഒഴിവാക്കാൻ വയ്യാത്ത ഒരു തീരാവ്യാധിയായിത്തീർന്നിരിക്കുന്നു. സമൂഹത്തെ കാർന്നു തിന്നുന്ന ക്യാൻസറായി മാറിയിരിക്കുന്നു. അഴിമതി ഭാരതത്തിന്റെ ഭരണകൂടങ്ങളെപ്പോലും ബാധിച്ചിരിക്കുന്നു. പരമോന്നത നിയമനിർമ്മാണ സഭകളെപ്പോലും ബാധിച്ചിരിക്കുന്നു. പരമോന്നത നിയമനിർമ്മാണ സഭകളെപ്പോലും പ്രകമ്പനം കൊള്ളിക്കുന്നു. അഴിമതി എന്ന വ്യാളിയുടെ വിഷദംഷ്‌ട്രങ്ങൾ ഏറ്റുപുളയുന്ന നമ്മുടെ രാജ്യത്തിന്റെ അവസ്‌ഥ ദാരുണമാണ്‌.

അഴിമതി നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. നിത്യജിവിതത്തിലെ ഒരനിവാര്യഘടകമായിത്തീർന്നിരിക്കുന്നു. അഴിമതി സുസ്‌ഥിരവികസനത്തിന്റെ ശത്രുവാണ്‌. രാജ്യരക്ഷയെപ്പോലും അപകടപ്പെടുത്തുന്ന അധാർമ്മിക ഭീകരനാണ്‌.

അഴിമതിയുടെ ഉദ്‌ഭവകേന്ദ്രം

സൂക്ഷ്‌മമായി നിരീക്ഷിച്ചാൽ നമുക്കൊരു കാര്യം മനസ്സിലാക്കാൻ കഴിയും. ആർത്തിപൂണ്ട മനുഷ്യമനസ്സാണ്‌ അഴിമതിയുടെ ഉദ്‌ഭവകേന്ദ്രം. അഴിമതിയുടെ മനഃശാസ്‌ത്രമാനങ്ങൾ മനസ്സിലാക്കുകയാണു അഴിമതി നിർമ്മാർജനത്തിന്റെ ആദ്യപടി. അമേരിക്കൻ പ്രസിഡണ്ടായിരുന്ന റൂസ്‌വെൽറ്റ്‌ ഒരിക്കൽ പറഞ്ഞു. “യുദ്ധം തുടങ്ങുന്നത്‌ മനുഷ്യമനസ്സിലാണ്‌. അതുകൊണ്ട്‌ സമാധാനത്തിനുളള പ്രതിരോധം തുടങ്ങേണ്ടത്‌ മനുഷ്യമനസ്സിലാണ്‌.” ഇതുപോലെതന്നെ, അഴിമതി ആരംഭിക്കുന്നത്‌ മനുഷ്യമനസ്സിലാണ്‌. അതുകൊണ്ട്‌ അഴിമതിക്കെതിരായ പ്രതിരോധം തുടങ്ങേണ്ടതും മനുഷ്യമനസ്സിലാണ്‌.

അഴിമതി അത്യന്തികമായി അധാർമ്മികമാണ്‌. അനീതിയാണ്‌, തെറ്റാണ്‌, കുറ്റമാണ്‌, പരദ്രോഹമാണ്‌. പാപമാണ്‌. തെറ്റുചെയ്യുമ്പോൾ, മനുഷ്യനിലുണ്ടാവുന്ന ശാരീരിക രാസമാറ്റങ്ങൾ, പ്രതികരണങ്ങൾ, കുറ്റബോധത്തിൽ നിന്നും ഭയത്തിൽ നിന്നും ഉദ്‌ഭവിക്കുന്ന വിഷവിസർജ്യങ്ങൾ, മാനസികാസ്വാസ്‌ഥ്യങ്ങൾ, അന്തഃസംഘർഷങ്ങൾ, വിഷമതകൾ….. എല്ലാം അഴിമതിയുടെ അനന്തരഫലങ്ങളാണ്‌. വ്യക്തിപരമായ പ്രത്യാഘാതങ്ങളാണ്‌. ഏത്‌ അധാർമ്മിക പ്രവൃത്തിയിൽ ഏർപ്പെടുമ്പോഴും ഉണ്ടാവുന്ന ശാരീരികവും മാനസികവും വൈകാരികവുമായ അനന്തരഫലങ്ങൾ അത്യാന്തികമായി ദുരന്തപൂർണ്ണമാണ്‌….. രോഗഹേതുകമാണ്‌. ഈ ദുഷ്‌പ്രവൃത്തികളിൽ അദൃശ്യമായിരിക്കുന്ന ശിക്ഷയുടെ വിഷബീജം എപ്പോഴെങ്കിലും മുളപ്പെടാതിരിക്കില്ല എന്ന്‌ നാം മനസ്സിലാക്കണം. കാരണം ഇതൊരു പ്രകൃതി നിയമമാണല്ലോ, ദൈവനീതിയാണല്ലോ. “ഉപ്പു തിന്നവൻ വെള്ളം കുടിക്കും.”

അഴിമതിയും അനുബന്ധവികാരങ്ങളും

ഇലക്‌ട്രിസിറ്റി ബോർഡിലെ രണ്ടു സബ്ബ്‌ എൻജിനീയർമാരാണ്‌ രാജീവും ഐസക്കും (പേരുകൾ സാങ്കല്‌പികം) രണ്ടുപേരും ആത്മാർത്ഥ സുഹൃത്തുക്കൾ.

രാജീവ്‌ ഐസക്കിനോടു ചോദിച്ചു. “ആശാനേ, ഒരു മുന്നൂറു രൂപ കടം തരാമോ?”

“തനിക്കിന്നു ആ ഇൻഡസ്‌ട്രിക്ക്‌ പുതിയ കണക്ഷൻ കൊടുത്തപ്പോൾ കിട്ടിയ ആയിരം ഇപ്പോഴേ തീർന്നോ?”, ഐസക്‌ അതിശയത്തോടെ ആരാഞ്ഞു.

“അതു കയ്യിലുണ്ടാശാനേ. എന്റെ കുട്ടിക്ക്‌ നല്ല സുഖമില്ല. മരുന്നുവാങ്ങാനാണ്‌. ആ പൈസ കൊണ്ടു വാങ്ങാൻ പറ്റില്ല” രാജീവ്‌ വിശദീകരിച്ചു. “താനിപ്പോൾ മുന്നൂറു രൂപ താ. ഞാൻ പിന്നെ തന്നേക്കാം.”

ഐസക്‌ പണം കൊടുത്തു. രാജീവ്‌ പുതിയ ഒരു ഇൻഡസ്‌ട്രിയിൽ കണക്ഷൻ കൊടുത്തപ്പോൾ കൈക്കൂലിയായി കിട്ടിയ ആയിരം രൂപ കയ്യിലുണ്ട്‌. പക്ഷേ അതു പപാപത്തിന്റെ പ്രതിഫലമാണ്‌. അതുപയോഗിച്ച്‌ തന്റെ കുട്ടിക്ക്‌ മരുന്നുവാങ്ങാൻ രാജീവിന്‌ ധൈര്യം വരുന്നില്ല. തന്റെ ഉള്ളിലെ കുറ്റബോധം അതിനു സമ്മതിക്കുന്നില്ല! അധർമ്മത്തിന്റെ പണം കൊടുത്തു വാങ്ങുന്ന മരുന്ന്‌ ഫലം തരുമോ എന്ന്‌ രാജീവിന്‌ സംശയവും ഭയവും! ഈ പണം മദ്യപിക്കാനോ ധൂർത്തുകൾക്കോ ഒക്കെ രാജീവ്‌ ഉപയോഗിക്കും.

അഴിമതിക്ക്‌ പേരുകേട്ട ഡിപ്പാർട്ടുമാർമെന്റിൽ ജോലിചെയ്യുന്ന ഒരോഫീസറാണ്‌ രാജു. അയാൾ തുകച്ചും സത്യസന്ധനാണ്‌. അഴിമതി വിരുദ്ധനാണ്‌. ഒരു സ്‌നേഹിതൻ ഒരിക്കൽ രാജുവിനോടു ചോദിച്ചു “താനെന്താ ഇത്ര പുണ്യാളനായിട്ടിരിക്കുന്നത്‌? നാലുകാശ്‌ തനിക്കും ഉണ്ടാക്കിക്കൂടെ”?

“പക്ഷേ…. എന്റെ മനഃസമാധാനവും ഉറക്കവും നശിപ്പിക്കണമെന്ന്‌ എനിക്കാഗ്രഹമില്ല….. എന്റെ കുട്ടികൾ കള്ളന്മാരോ മന്ദബുദ്ധികളോ ഒക്കെ ആയി വളരാൻ ഞാനാഗ്രഹിക്കുന്നില്ല. പണത്തേക്കാൾ വലുത്‌ എനിക്കിതൊക്കെയാണ്‌ സഹോദരാ”. രാജു ഒരു തത്ത്വചിന്തകനെപ്പോലെ പ്രതിവചിച്ചു. ആ വാക്കുകളിൽ ആത്മാഭിമാനവും നിശ്ചയദാർഢ്യവും പ്രതിഫലിക്കുന്നുണ്ടായിരുന്നു.

ഈ രണ്ടു സംഭവങ്ങളും നമ്മുടെ ചിന്തയെ ഉണർത്തേണ്ടതാണ്‌, ഉൾക്കാഴ്‌ച നല്‌കേണ്ടതാണ്‌ അഴിമതിയും കൈക്കൂലിയും തെറ്റാണ്‌ എന്നറിയാതെയല്ല ഒരു വ്യക്തി അതിൽ മുഴുകുന്നത്‌. അതിൽ നിന്നുണ്ടാകുന്ന കുറ്റബോധവും ശിക്ഷാഭയവും മനഃസാക്ഷിക്കുത്തും അവനെ നിരന്തരം അലട്ടിക്കൊണ്ടിരിക്കും. “ഇതത്ര വലിയ തെറ്റാന്നുമല്ല” എന്ന്‌ ബോധമനസ്‌ സ്വയം സ്വയം വിശ്വസിപ്പിക്കാൻ ശ്രമിച്ചാൽപ്പോലും ഇവ അബോധമനസ്സിലേക്ക്‌ പിൻവലിയുക മാത്രമേ ചെയ്യുന്നുള്ളു. അവ അയാളുടെ പെരുമാറ്റത്തെയും ചിന്തയേയും അബോധമായി സ്വാധീനിച്ചു കൊണ്ടിരിക്കും. സ്വജീവിതത്തിൽ പ്രശ്‌നങ്ങളുണ്ടാവുമ്പോൾ പ്രതിസന്ധികളെ നേരിടുമ്പോൾ രോഗങ്ങളും ദുരന്തങ്ങളും ഉണ്ടാവുമ്പോൾ അവൻ കൂടുതൽ ഭയപ്പെടുന്നു. അസ്വസ്‌ഥനാവുന്നു. അബോധമനസ്സിൽ അടിഞ്ഞുകിടക്കുന്ന പാപബോധവും ശിക്ഷാഭയവും അവനിൽ പിടിമുറുക്കുന്നു. കഠിനമായ അന്തഃസംഘർഷങ്ങൾക്കടിമയാവുന്നു. ക്രമേണ അവൻ നിരാശനും രോഗിയുമായിത്തീർന്നേക്കാം.

അഴിമതിയും ആത്മാഭിമാനവും

ആത്മാഭിമാനത്തിന്റെയും സ്വയംമതിപ്പിന്റെയും (Self Esteem and self worth) അഭാവമാണ്‌ ഒരു വ്യക്തിയെ അഴിമതിയിലും കൈക്കൂലിയിലും മുഴുകുവാൻ മടിയില്ലാത്തവനാകുന്ന മുഖ്യ ഘടകം എന്നാണ്‌ മനഃശാസ്‌ത്രവിദഗ്‌ധർ അഭിപ്രായപ്പെടുന്നത്‌. യഥാർത്ഥത്തിൽ കൈക്കൂലി വാങ്ങുന്ന വ്യക്തി തന്റെ ആത്മാഭിമാനവും സ്വയം മതിപ്പും പണയപ്പെടുത്തുകയാണ്‌ ചെയ്യുന്നത്‌. തന്റെ അന്തസിന്‌ ഇത്രയേ വിലയുള്ളു എന്നു സ്വയം സമ്മതിക്കുകയല്ലേ അയാൾ ചെയ്യുന്നത്‌? കൈക്കൂലി നൽകുന്നവർ തന്റെ ആത്മാഭിമാനമാണ്‌ വിലയ്‌ക്ക്‌ വാങ്ങുന്നത്‌ എന്ന്‌ അയാൾ അറിയിന്നില്ല!

ഒരു വ്യക്തിയുടെ ഉള്ളിൽ കുടികൊള്ളുന്ന അപർഷതാഭാവവും അരക്ഷിതബോധവും മറച്ചുവയ്‌ക്കുന്നതിനും അതിജീവിക്കുന്നതിനും അമിതമായ ആഡംബരങ്ങളും പണക്കൊഴുപ്പും ഒരു മറയും മാർഗ്ഗവുമായി അയാൾ സ്വീകരിക്കുന്നു. അതിനുവേണ്ടി അഴിമതിയുടെ ഏതു പാതയും സ്വീകരിക്കാൻ തയ്യാറാവുന്നു. ഒരു സ്‌ഥാപനത്തിലെ ജീവനക്കാരുടെ ആത്മാമാനം ഉയർത്തുക എന്നതാണ്‌ അഴിമതി ഇല്ലാതാക്കാനുള്ള അടിസ്‌ഥാന പോംവഴി.

അഴിമതിയുടെ മറ്റൊരു മനഃശാസ്‌ത്രമാനം

അഴിമതിയുടെ അന്തിമലക്ഷ്യം പണമാണ്‌. തെറ്റായ വഴിയിലൂടെയാണെങ്കിലും സമ്പത്തു നേടുകയാണ്‌. ചുറ്റും നിരിക്ഷിച്ചാൽ നിങ്ങൾക്കാരു കാര്യം വ്യക്തമാകും. പണത്തിനു വേണ്ടി അഴിമതി നടത്തുന്നവർ ഭൂരിഭാഗവും നല്ല സാമ്പത്തിക സൗകര്യങ്ങൾ ഉള്ളവർ തന്നെയാണ്‌. അവർക്ക്‌ പണത്തിനോട്‌ അമിതമായ ആശയും ആർത്തിയുമാണ്‌. നിങ്ങൾക്ക്‌ ഭക്ഷണത്തോട്‌ ആർത്തി തോന്നുന്നതെപ്പോഴാണ്‌? വിശപ്പനുഭവപ്പെടുമ്പോൾ. അതുപോലെ തന്നെ നിങ്ങളിൽ പണത്തോടുള്ള അതിമോഹവും ആർത്തിയും നിറയുമ്പോൾ നിങ്ങളുടെ ഉള്ളിൽ ഒരു ഇല്ലായ്‌മാബോധം അഥവാ ദാരിദ്രാവസ്‌ഥ നിലനിൽക്കുന്നു. സെവൻ ഹാബിറ്റ്‌സ്‌ ഓഫ്‌ ഹൈലി ഇഫക്‌ടീവ്‌ പീപ്പിൾ (7 Habits of Highly Effective People) എന്ന പ്രശസ്‌ത ഗ്രന്ഥത്തിന്റെ കർത്താവും മാനേജ്‌മെന്റ്‌ വിദഗ്‌ധനുമായ സ്‌റ്റീഫൻ കോവെ (Stephen Covey) ഈ അവസ്‌ഥയെ ക്ഷാമബോധം അഥവാ ദാരിദ്ര്യ ബോധം എന്നാണ്‌ വിളിക്കുന്നത്‌. ഈ ദാരിദ്ര്യബോധം അനുഭവിക്കുന്ന വ്യക്തി യഥാർത്ഥത്തിൽ ദരിദ്രനല്ലേ? നാടൻ ഭാഷയിൽ പറഞ്ഞാൽ ദരിദ്രവാസി. അയാൾക്ക്‌ ധാരാളം ഭൂസ്വത്തുക്കൾ കണ്ടേക്കാം. വലിയ ബാങ്ക്‌ ബാലൻസ്‌ കണ്ടേക്കാം. ആഡംബരകാറും ബംഗ്ലാവുകളും കണ്ടേക്കാം… എസ്‌റ്റേറ്റുകളും സ്വപ്‌നനിക്ഷേപങ്ങളും ഉണ്ടായേക്കാം… പക്ഷേ….. അയാൾ യഥാർത്ഥത്തിൽ അനുഭവിക്കുന്നതു തികഞ്ഞ ദാരിദ്ര്യാവസ്‌ഥയല്ലേ? ഇത്രയും പണവും സമ്പത്തും ആഡംബരങ്ങളും ഉണ്ടായിട്ടും യഥാർത്ഥത്തിൽ ദരിദ്രനായി ജീവിക്കേണ്ടി വരുന്നു. ദരിദ്രനായിത്തന്നെ ജീവിതം അവസാനിപ്പിക്കേണ്ടി വരുന്നു. ഈ വിരോധാഭാസം തികച്ചും ദാരുണമല്ലേ? നിർഭാഗ്യകരമല്ലേ?

ആരാണ്‌ യഥാർത്ഥ ധന്യൻ?

ആരാണ്‌ യഥാർത്ഥത്തിൽ ധന്യൻ? ഇതൊരു തത്ത്വശാസ്‌ത്രപ്രശ്‌നമായി നിങ്ങൾക്ക്‌ തോന്നിയേക്കാം. പക്ഷേ ഈ ചോദ്യത്തിന്‌ ലളിതമായ ഉത്തരമുണ്ട്‌. മനസ്സിൽ ധന്യത അനുഭവിക്കാൻ കഴിയുന്നവൻ ധന്യൻ. തനിക്ക്‌ ആവശ്യത്തിന്‌ ധനമുണ്ട്‌ എന്ന്‌ തോന്നുന്നവൻ, “ഈ സമ്പത്തു മതി” എന്ന സ്വയം പറയുന്നവൻ. അവനാണ്‌ യഥാർത്ഥത്തിൽ ധന്യത അനുഭവിക്കുവാൻ കഴിയുന്നത്‌. അവൻ ആവശ്യക്കാരെ സഹായിക്കാൻ തയ്യാറാകുന്നു. ‘കൊടുക്കാൻ’ മടിയില്ലാത്തവനാകുന്നു. “കൊടുക്കുമ്പോഴാണ്‌ നമുക്ക്‌ ലഭിക്കുന്നത്‌” എന്ന്‌ ഫ്രാൻസീസ്‌ അസീസി പറഞ്ഞത്‌ അതുകൊണ്ടാണ്‌.

കൊടുക്കുമ്പോഴാണ്‌ ധനവാനാകുന്നത്‌. ദാനത്തിലൂടെയാണ്‌ ധന്യത ഏറുന്നത്‌. ഈ സത്യം മദർ തെരേസ മാത്രമല്ല മനസ്സിലാക്കിയിരിക്കുന്നത്‌. ലോകത്തിലെ വമ്പൻമാർ പലരും ഈ യാഥാർത്ഥ്യം ഉൾക്കൊള്ളുന്നവരായിക്കഴിഞ്ഞു. അവർ യഥാർത്ഥ ധനവാന്മാരായിത്തീരുവാൻ ശ്രമിക്കുന്നു.

ലോകത്തിലെ സമ്പന്നരുടെ പട്ടികയിൽ ഒന്നാമതു നല്‌ക്കുന്ന ബിൽഗേറ്റ്‌സ്‌ തന്റെ സമ്പത്തിന്റെ വലിയ ശതമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കിവയ്‌ക്കുന്നു. വലിയ സമ്പത്തിന്റെ ഉടമയായ വാറൻബുഫറ്റ്‌ (Warren Buffet) തന്റെ സമ്പാദ്യത്തിന്റെ എൺപത്‌ ശതമാനം പാവങ്ങൾക്കു വേണ്ടി ചെലവിടുന്നു. ആൻഡ്രുകാർണിജി (Andrew Carnigi) യുടെ വലിയ സമ്പാദ്യത്തിന്റെ തൊണ്ണൂറുശതമാനവും നല്‌കുന്നത്‌ ജീവകാരുണ്യപ്രവർത്തനങ്ങൾക്കാണ്‌. ജോൺ ഡി. റോക്ക്‌ ഫെല്ലർ തന്റെ സമ്പാദ്യത്തിന്റെ വലിയൊരു ഭാഗം പാവങ്ങളെ സഹായിക്കാനായി നീക്കിവയ്‌ക്കുന്നു. അതിനുവേണ്ടി റോക്ക്‌ ഫെല്ലർ ഫൗണ്ടേഷൻ സ്‌ഥാപിച്ചിരിക്കുന്നു.

ഇവരെല്ലാം യഥാർത്ഥത്തിൽ ധനവാന്മാരാകാൻ ആഗ്രഹിക്കുന്നു. അതിനു ശ്രമിക്കുന്നു. അവർക്ക്‌ ധന്യതയുടെ നിറവ്‌ അനുഭവിക്കാൻ കഴിയുന്നു. അതുകൊണ്ടാണ്‌ ജോൺ റോക്ക്‌ ഫെല്ലർ ഇങ്ങനെ പറഞ്ഞത്‌ “ ഒരു പരിധി കഴിഞ്ഞാൽ വിജയമെന്ന്‌ പറയുന്നത്‌ ദാനത്തിലൂടെ ലഭിക്കുന്ന സന്തുഷ്‌ടിയാണ്‌.”

ഇന്ത്യയിലും ഈ സത്യം മനസ്സിലാക്കിയ ധനവാന്മാരുണ്ട്‌. ഇൻഫോസിസ്‌ ടെക്‌നോളജിയുടെ മേധാവി നാരായണമൂർത്തിയും ഭാര്യ സുധാമൂർത്തിയും തങ്ങളുടെ സമ്പത്തിന്റെ നല്ലൊരുഭാഗം സമൂഹനന്മയ്‌ക്കായി ചെലവഴിക്കുന്നു. വിപ്രോ എന്ന പ്രശസ്‌ത ഐ.റ്റി കമ്പനിയുടെ മേധാവി അസിം പ്രേംജിയും തന്റെ വലിയ സമ്പത്തിന്റെ നല്ലൊരു ഭാഗം സമൂഹനന്മയ്‌ക്കായി ഉപയോഗപ്പെടുന്നു. “പണത്തിന്റെ ശക്തി എന്നു പറയുന്നത്‌ അതു നല്‌കുമ്പോഴാണ്‌ ഉണ്ടാകുന്നത്‌” എന്നാണ്‌ നാരായണ മൂർത്തി പറയുന്നത്‌.

അഴിമതിയിൽ മുഴുകുന്നവൻ ഈ വലിയ സത്യം അറിയുന്നില്ല. അല്ലെങ്കിൽ വിസ്‌മരിക്കുന്നു. കഷ്‌ടം പണത്തിനോടുള്ള അതിമോഹം മൂലം അവൻ നിത്യദരിദ്രനായി ജീവിക്കുന്നു! ദരിദ്രനായിത്തന്നെ മരിക്കുന്നു!

Generated from archived content: arogyam7.html Author: john_muzhuthettu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here