സന്തുഷ്‌ടിമന്ത്രങ്ങൾ

എല്ലാവരും അന്വേഷിക്കുന്ന, ഏവരും മോഹിക്കുന്ന, ഏവരും നേടാൻ വെമ്പുന്ന ഒരവസ്‌ഥാവിശേഷമാണ്‌ സന്തുഷ്‌ടി. (happiness). മറ്റ്‌ എന്തെല്ലാം നേടിയിട്ടും സന്തുഷ്‌ടി നേടാൻ കഴിയാത്തവർ ജീവിതത്തിൽ ഒരു ശൂന്യതാബോധം അനുഭവിക്കുന്നു. ജീവിതം നിഷ്‌ഫലവും നിഷ്‌പ്രയോജനകരവുമായി തോന്നുന്നു.

മനുഷ്യൻ പണം സമ്പാദിക്കുന്നതും സമ്പത്ത്‌ നേടുന്നതും കൊട്ടാരസമാനമായ വീടുനിർമ്മിക്കുന്നതും, പ്രസിദ്ധിയും പദവികളും നേടുന്നതും സന്തുഷ്‌ടി ലക്ഷ്യമിട്ടുകൊണ്ടാണ്‌. എന്നാൽ ഇവയ്‌ക്കൊന്നിനും സ്‌ഥായിയായ സന്തുഷ്‌ടി നല്‌കാൻ കഴിയുകയില്ല എന്ന തിരിച്ചറിവ്‌ പിന്നീടാണുണ്ടാവുക. അപ്പോഴേക്കും കാലപ്രവാഹത്തിൽ ദിനരാത്രങ്ങൾ എത്രയോ ഒഴുകിപ്പോയിട്ടുണ്ടാവും! എത്രയോ മാസങ്ങളും ആഴ്‌ചകളും ഈ അസന്തുഷ്‌ടമായ കാലപ്രയാണത്തിൽ കൈവിട്ടുപോയിട്ടുണ്ടാവും. പക്ഷേ ഭൂരിഭാഗവും, അസന്തുഷ്‌ടിയുടെ മൂടൽ മഞ്ഞിൽത്തന്നെ കഴിയാൻ വിധിക്കപ്പെടുന്നു. സ്‌ഥായിയും സമ്പൂർണ്ണവുമായ സന്തുഷ്‌ടിയുടെ സാക്ഷാത്‌കാരം സാദ്ധ്യമാണോ?

ശ്രീബുദ്ധന്റെ ഉപദേശങ്ങൾ

ശ്രീബുദ്ധന്റെ ഉദ്‌ബോധനങ്ങൾ ഇതിനുള്ള ഉത്തരം നല്‌കുന്നു. സന്തുഷ്‌ടിയിലേക്കുള്ള പടവുകൾ ചൂണ്ടിക്കാണിക്കുന്നു. മനുഷ്യന്റെ ദുരവസ്‌ഥകളെ അതിജീവിച്ചുകൊണ്ട്‌ നിതാന്ത സന്തുഷ്‌ടി കൈവരിക്കാനുള്ള പ്രായോഗിക മാർഗ്ഗങ്ങൾ അദ്ദേഹം നിർദ്ദേശിക്കുന്നു. “എല്ലാ പ്രതിഭാസങ്ങളുടേയും മുന്നോടി മനസ്സാണ്‌. മനസ്സാണ്‌​‍്‌ അതിപ്രധാനം. എല്ലാം മനോനിർമ്മിതമാണ്‌. നിങ്ങൾ മലിനമനസ്സോടെ സംസാരിക്കുകയോ, പ്രവർത്തിക്കുകയോ ചെയ്യുമ്പോൾ ദുരിതങ്ങൾ നിങ്ങളെ അനുഗമിക്കുന്നു. വണ്ടി വലിക്കുന്ന മൃഗത്തിന്റെ കാല്‌പാടുകളെ വണ്ടിച്ചക്രങ്ങൾ പിന്തുടരുന്നതുപോലെ! എന്നാൽ നിർമ്മല മനസ്സോടെ നിങ്ങൾ സംസാരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യുമ്പോൾ സന്തുഷ്‌ടി ഒരിക്കലും പിരിയാത്ത നിഴൽ പോലെ നിങ്ങളെ അനുഗമിക്കുന്നു ”ശ്രീബുദ്ധന്റെ ഈ വാക്കുകൾ സന്തുഷ്‌ടിയുടെ രഹസ്യം വെളിപ്പെടുത്തുന്നു. മനസ്സിന്റെ വിശുദ്ധിയാണ്‌ സന്തുഷ്‌ടിയുടെ ഉറവിടം.

മനസ്സിന്റെ കാപട്യവും വക്രതയുമാണ്‌ അസന്തുഷ്‌ടിയുടെ അടിസ്‌ഥാനഹേതു. മനസ്സിന്റെ നൈർമല്യമാണ്‌ സന്തുഷ്‌ടിയുടെ സൗരഭ്യം പരത്തുന്നത്‌. ശിശുക്കളുടെ ഹൃദയനൈർമല്യമാണ്‌ അവരുടെ ആഹ്‌ളാദത്തിന്‌ നിദാനം. കോപവും പകയും അസൂയയും, അഹന്തയും നിരാശയും ഭയവും നിറഞ്ഞ മനസ്സിൽ സന്തുഷ്‌ടിയുടെ ധവളദീപ്‌തി പ്രസരിക്കുകയില്ല. ഈ ദുർവികാരങ്ങൾ മൂലം ഉല്‌പാദിപ്പിക്കപ്പെടുന്ന ആന്തരിക-ശാരീരിക വിഷയങ്ങൾ മാരകരോഗങ്ങൾക്ക്‌ കാരണമാവുകയും ചെയ്യുന്നു. അതുകൊണ്ട്‌ ‘അശുഭചിന്തകളും ദുർവിചാരങ്ങളും അകറ്റി മനസ്സിനെ നിർമ്മലമാക്കുക’ എന്ന ബുദ്ധോപദേശം സ്വീകരിക്കുകയാണ്‌ സ്ഥായിയായ സന്തുഷ്‌ടിയിലേക്കുള്ള ഏക മാർഗ്ഗം.

വേദങ്ങളും ഉപനിഷത്തും ഓതുന്ന സന്തുഷ്‌ടിമന്ത്രങ്ങൾ

മനുഷ്യപ്രകൃതിയും അവന്റെ ഉൺമയും സന്തുഷ്‌ടിയും ആനന്ദവും തന്നെയാണ്‌ എന്ന്‌ ഉപനിഷത്ത്‌ ഉദ്‌ഘോഷിക്കുന്നു. അത്‌ മനുഷ്യന്റെ ജന്മാവകാശമാണ്‌. “നിങ്ങൾ തന്നെയാണ്‌ ആനന്ദം” എന്ന്‌ വേദാന്തം വ്യക്തമാക്കുന്നു.

നിങ്ങളുടെ പൂർത്തീകരിക്കപ്പെട്ട മോഹങ്ങളും പൂർത്തികരിക്കപ്പെടാത്ത മോഹങ്ങളും തമ്മിലുള്ള അനുപാതത്തിലായിക്കും നിങ്ങളുടെ സന്തുഷ്‌ടി. അതായതു പൂർത്തികരിക്കപ്പെടാത്ത മോഹങ്ങൾ പെരുകുംതോറും നിങ്ങളുടെ സന്തുഷ്‌ടി കുറയുന്നു. നിങ്ങളുടെ സഫലമാകാത്ത മോഹങ്ങളുടെ ബാഹുല്യം അസന്തുഷ്‌ടിക്ക്‌ കാരണമാവുന്നു. നിങ്ങളിലെ മോഹങ്ങളും സന്തുഷ്‌ടിയും എപ്പോഴും വിപരീതാനുപാതത്തിലായിരിക്കും. അതുകൊണ്ട്‌ മനസ്സിനെ മോഹവിമുക്തമാക്കാൻ ശ്രമിക്കുകയാണ്‌ സന്തുഷ്‌ടി നേടാനുള്ള വേദാന്തമാർഗ്ഗം “ഉള്ളതുകൊണ്ട്‌ ഓണംപോലെ” എന്ന പഴയച്ചൊല്ല്‌ ഒരു സന്തുഷ്‌ടി മന്ത്രമായി ഉപയോഗിക്കാം.

നിങ്ങൾ ജീവിതത്തിൽ നേടിയതിനെപ്പറ്റി അഭിമാനം കൊള്ളുക നന്ദിയുള്ളവനാകുക. നേടാത്തതിനെപ്പറ്റി നഷ്‌ടബോധം പുലർത്താതിരിക്കുക. സഫലമാകാത്ത മോഹങ്ങളെപ്പറ്റിയുള്ള അശുഭചിന്തകളാണ്‌ അസന്തുഷ്‌ടിയുടെ വിഷബീജങ്ങൾ. അതിമോഹങ്ങളിൽ നിന്നും മോഹഭംഗങ്ങളിൽ നിന്നും വിമുക്തമായ മനസ്സാണു സന്തുഷ്‌ടിയുടെ വിളനിലം. കഠോപനിഷത്തിൽ പറയുന്നതുപോലെ “ഹൃദയത്തിൽ ഉയരുന്ന മോഹങ്ങൾ മുഴുവൻ നിരസിക്കപ്പെടുമ്പോൾ, നശ്വരൻ അനശ്വരനായിത്തീരുന്നു. ഹൃദയത്തെ ഞെരുക്കുന്ന കെട്ടുകൾ എല്ലാം അഴിക്കപ്പെടുമ്പോൾ നശ്വരൻ അനശ്വരനായിത്തീരുന്നു.” പുരാണങ്ങളിലെ പഠനങ്ങളുടെ ആകെത്തുകയാണിത്‌.

സ്വയാവബോധം വളർത്തുക, സ്വയം അറിയുക

തിരക്കേറിയ ആധുനിക മനുഷ്യന്‌ സ്വയാവബോധം (self awareness) നഷ്‌ടമായിരിക്കുന്നു. ഒരു റോബോട്ടിനെപ്പോലെ ഒരു കമ്പ്യൂട്ടറിനെപ്പോലെ യാന്ത്രികമായി അവൻ പ്രവർത്തിക്കുന്നു. യാന്ത്രികമായി ജീവിക്കുന്നു.

മനുഷ്യന്റെ മഹനീയമായ ഒരു പ്രത്യേകതയാണ്‌ സ്വയാവബോധം. മറ്റു ജിവജാലങ്ങൾക്കില്ലാത്ത ഒരു പ്രത്യേകതയാണിത്‌. തന്റെ പ്രവൃത്തികളെപ്പറ്റി, ചിന്തകളെപ്പറ്റി, വികാരങ്ങളെപ്പറ്റി സ്വയം ബോധവാനായിരിക്കുക എന്നതാണ്‌ സ്വയാവബോധം. പക്ഷേ എത്രപേർക്ക്‌ നിരന്തരമായ സ്വയാവബോധം പുലർത്തുവാൻ കഴിയുന്നു? തന്റെ പ്രവൃത്തികളെയും ചിന്തകളെയും തികഞ്ഞ നിസംഗതയോടെ സ്വയം നിരീക്ഷിക്കുക എന്നതാണ്‌ സ്വയാവബോധം വളർത്തിയെടുക്കാനുള്ള മാർഗ്ഗം. കടിഞ്ഞാണില്ലാതെ പരക്കം പായുന്ന മനസ്സിനെ നിയന്ത്രണ വിധേയമാക്കാനുള്ള മാർഗ്ഗം ഇതുതന്നെയാണ്‌. തന്റെ വികാരവിചാരങ്ങളെ നിസംഗതയോടെ വേറിട്ടു നിന്ന്‌ ഒരു മൂകസാക്ഷിയെപ്പോലെ നിരീക്ഷിക്കുമ്പോൾ നിങ്ങളുടെ മനസ്‌ ശാന്തമാകുന്നു. നിശ്ചലമാകുന്നു. വികാരവിചാരങ്ങൾക്ക്‌ അടിമയാകാതെ നിങ്ങൾ അവയ്‌ക്കതീതനായിത്തീരുന്നു. ധ്യാനവും, മൗനവും പ്രാണായാമവും സ്വയാവബോധം വർദ്ധിപ്പിക്കുവാനുള്ള മാർഗ്ഗങ്ങളാണ്‌.

സ്വയാവബോധം വർദ്ധിക്കുമ്പോൾ നിങ്ങൾ നിങ്ങളെപ്പറ്റി കൂടുതൽ അറിയുന്നു. ആത്മജ്ഞാനത്തിലേക്കുള്ള പ്രയാണം ആരംഭിക്കുന്നു. ആത്മ-മനഃ-ശരീരങ്ങളുടെ സന്തുലിതാവസ്‌ഥ പുനഃസ്‌ഥാപിക്കപ്പെടുന്നു. അതുവഴി ആന്തരിക സൗഖ്യവും സന്തുഷ്‌ടിയും കൈവരിക്കുവാൻ നിങ്ങൾ പ്രാപ്‌തരായിത്തീരുന്നു. അതുകൊണ്ടാണ്‌ സ്വയാവബോധത്തോടു കൂടി ജീവിക്കുവാൻ ശ്രീബുദ്ധൻ ഉദ്‌ബോധിപ്പിച്ചത്‌.

കഠോപനിഷത്തിലെ ഉപമ

ശരീരത്തെ ഒരു രഥമായിട്ടും ആത്മാവിനെ രഥത്തിന്റെ ഉടമയായിട്ടും ബുദ്ധിയെ തേരാളിയായിട്ടും മനസ്സിനെ കടിഞ്ഞാണായിട്ടും, ഇന്ദ്രിയങ്ങളെ കുതിരകളായിട്ടും ലൗകിക മോഹങ്ങളെ സഞ്ചാര വീഥികളായിട്ടുമാണ്‌ കഠോപനിഷത്തിൽ ഉപമിച്ചിരിക്കുന്നത്‌. ആത്മാവിന്റെ നിർദ്ദേശാനുതരണം ബുദ്ധിയാകുന്ന തേരാളി മനസ്സാകുന്ന കടിഞ്ഞാൺ ഉപയോഗിച്ച്‌ കുതിരകളാകുന്ന ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുകയും ശരിയായ പാതയിൽ തിരിച്ചു വിടുകയും ചെയ്യുമ്പോൾ ആണ്‌ അന്തിമലക്ഷ്യം കൈവരിക്കാൻ കഴിയുന്നത്‌.

താൻ, തന്റെ ശരീരമോ, മനസ്സോ അല്ല, മറിച്ച്‌ അനശ്വരമായ ആത്മാവാണ്‌, ദിവ്യമായ സത്വത്തിന്റെ അസ്‌തിത്വമാണ്‌ എന്നറിയുന്നവൻ എല്ലാ സന്തോഷങ്ങളുടെയും ഉറവിടം കണ്ടെത്തുകയും അനന്തമായ ആനന്ദത്തിൽ ജീവിക്കുകയും ചെയ്യുന്നു.

സന്തുഷ്‌ടി സർവ്വപ്രധാനമായികരുതുക

മാനസിക സന്തുഷ്‌ടി അനുഭവിക്കുന്നവൻ എല്ലാ ജീവിതമേഖലകളിലും മികവ്‌ പുലർത്തുന്നു. നന്നായി ജോലി ചെയ്യാൻ താല്‌പര്യം കാണിക്കുന്നു. എല്ലാത്തിനോടും ഒരു ‘പോസിറ്റീവ്‌’ ആയ മനോഭാവം നിലനിർത്തുന്നു. മറ്റുള്ളവരുമായി നല്ല ബന്ധങ്ങൾ നിലനിർത്തുന്നു. മറ്റുള്ളവർക്ക്‌ സന്തുഷ്‌ടി പകരുന്നു. ചുറ്റും സന്തുഷ്‌ടിയും സന്തോഷവും പ്രസരിപ്പിക്കുന്നു.

ആധുനിക ഹ്യൂമൻ റിസോഴ്‌സ്‌ മാനേജ്‌മെന്റ്‌ (Human Resource Management) തത്ത്വപ്രകാരം സന്തുഷ്‌ടരായ തൊഴിലാളികളാണ്‌ ഒരു സ്‌ഥാപനത്തിലെ ഏറ്റവും വിലയേറിയ വിഭവശേഷി. അവരാണ്‌ ആ സ്‌ഥാപനത്തിന്റെ ഉയർച്ചയ്‌ക്കും വളർച്ചയ്‌ക്കും അടിസ്‌ഥാനകാരണം. തൊഴിലാളികളെ സന്തുഷ്‌ടരാക്കിക്കൊണ്ട്‌ അവരിൽ നിന്നും അനന്തമായ സഹാകരണവും പ്രവർത്തനമികവും നേടിയെടുക്കുവാൻ മാനേജർമാർക്ക്‌ കഴിയും.

ഓരോ വ്യക്തിയും സന്തുഷ്‌ടിയുടെ ശാസ്‌ത്രവും രഹസ്യങ്ങളും അറിഞ്ഞിരിക്കണം. അതിന്റെ പ്രാധാന്യം ഉൾക്കൊള്ളണം. അതിനായി പ്രവർത്തിക്കണം. അതിനു മുൻഗണന നല്‌കണം. ചുരുക്കിപ്പറഞ്ഞാൽ നിങ്ങളുടെ ആന്തരിക സന്തുഷ്‌ടിയേയും സന്തോഷത്തെയും പ്രതികൂലമായി ബാധിക്കുന്ന പ്രവൃത്തികളും ചിന്തകളിലും മുഴുകാതിരിക്കുക. അവയെ അകറ്റി നിർത്തുക. മനസ്സിന്റെ നൈർമല്യം നിലനിർത്തുക, അതിമോഹങ്ങൾ വെടിയുക, ശുഭചിന്തകളെ താലോലിക്കുക…. അപ്പോൾ സന്തുഷ്‌ടി എപ്പോഴും നിങ്ങളിൽ നിറഞ്ഞു നില്‌ക്കും.

Generated from archived content: arogyam5.html Author: john_muzhuthettu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here