വാര്‍ദ്ധക്യം ആസ്വാദ്യകരമാക്കാം

അമേരിക്കന്‍ ഹാര്‍ട്ട് സര്‍ജന്‍ ഡോ.മൈക്കിള്‍ ഡി ബേക്കേയ് ലോകപ്രശസ്തനാണ്. റഷ്യന്‍ പ്രസിഡന്റായിരുന്ന ബോറിസ് യെന്‍സിന്റെ ഹൃദയ ശസ്ത്രക്രിയക്ക് മേല്‍ നോട്ടം വഹിക്കുന്നതിനായി ഇദ്ദേഹത്തെ പ്രത്യേക വിമാനത്തിലാണ് മോസ്ക്കോയിലെത്തിച്ചത്. അന്നദ്ദേഹത്തിന് എണ്‍പത്തിയെട്ടു വയസുണ്ടായിരുന്നുവെന്നത് ഏവരേയും അത്ഭുതപ്പെടുത്തി. എങ്ങനെ ഈ പ്രായത്തിലും ഒരു യുവാവിനേപ്പോലെ ഊര്‍ജ്ജ്വസ്വലനും ഉന്മേഷവാനായിരിക്കുവാന്‍ കഴിയുന്നുവെന്ന് മാധ്യമപ്രവര്ത്തകര്‍ ആരാഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി രസകര‍മായിരുന്നു ” നമ്മുടെ കഴിവുകള്‍ ഉപയോഗിക്കുന്നില്ലെങ്കില്‍ അവ നമുക്ക് നഷ്ടമാകുന്നു. അതുകൊണ്ട് നിരന്തരം അവ ഉപയോഗിച്ചുകൊണ്ടിരിക്കുക മന:ശക്തിക്ക് ഇന്നത്തെ ഏറ്റവും വലിയ ഭീക്ഷണി വെറുതെ ടി വിയുടെ മുന്നില്‍ അലസമായി സമയം കളയുന്നതാണ് ”

ഡോ. മൈക്കിള്‍ ബേക്കേയുടെ ഈ വാക്കുകള്‍ ഏവരുടെയും കണ്ണുതുറപ്പിക്കേണ്ടതാണ്. അ‍ദ്ദേഹത്തിന്റെ കര്‍മ്മ നിരതമായ ജീവിതം നാം മാതൃകയാക്കേണ്ടതാണ്.

വാര്‍ദ്ധക്യത്തെ വെല്ലുവിളിച്ചവര്‍ ——————————– കര്‍മ്മനിരതമായ ജീവിതം കൊണ്ട് വാര്‍ദ്ധക്യത്തെ വെല്ലുവിളീച്ചവര്‍ അല്ലെകില്‍ വെല്ലുവിളീച്ചുകൊണ്ടിരിക്കുന്നവര്‍ നിരവധിയാണ്. അമേരിക്കന്‍ ഭരണ ഘടനയുടെ സൃഷ്ടിയില്‍ ഏറ്റവും കൂടുല്‍ സംഭാവനകള്‍ നല്‍കിയത് ബഞ്ചമിന്‍ ഫ്രാങ്കിളിന്‍ ആയിരുന്നു. അന്നദ്ദേഹത്തിന് വയസ് 81 ആയിരുന്നു. ഇന്ത്യയുടെ പ്രഥമ ഗവര്‍ണ്ണര്‍ ജനറലായിരുന്ന സി. രാജഗോപാലാചാരി തൊണ്ണൂറൂകളിലും കര്‍മ്മ നിരതനായിരുന്നു. എഴുത്തിലും വായനയിലും മുഴുവന്‍ ശ്രദ്ധയും കേന്ദ്രീകരിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. തെളീഞ്ഞ ചിന്തയുടെ മകുടോദാഹരണങ്ങളായിരുന്നു അദ്ദേഹത്തിന്റെ അവസാന നാളുകളീലെ നാളൂകളിലെ ലേഖനങ്ങള്‍ എല്ലാം തന്നെ. 81 വയസിനു ശേഷമാണ് മൊറാര്‍ജി ദേശായി ഇന്ത്യയുടെ പ്രധാന മന്ത്രിയാകുന്നത് . അന്നദ്ദേഹം തികഞ്ഞ കര്‍മ്മശേഷിയും ഊര്‍ജ്ജസ്വലതയും പ്രകടിപ്പിക്കുകയുണ്ടായി. അദ്ദേഹം മാനസികമായും ശാരീരികമായും തികച്ചും ആരോഗ്യവാനായിരുന്നു.

കേരളത്തിലെ മുഖ്യമന്ത്രിയായിരുന്ന ഇ എം എസ് നമ്പൂതിരിപ്പാട് വാര്‍ദ്ധക്യകാലത്ത് പ്രതിഭാധനനായ ഒരു എഴുത്തുകാരനും ചിന്തകനുമായിരുന്നു. അദ്ദേഹത്തിന്റെ ബുദ്ധികൂര്‍മ്മതയും തന്ത്രങ്ങളും ശത്രുക്കളുടെ പോലും അഭിനന്ദനം നേടുകയുണ്ടായല്ലോ.

പ്രശസ്ത ഇന്ത്യന്‍ ചിത്രകാരനായ എം എഫ് ഹുസൈന്‍ തൊണ്ണൂറുകളിലും ഒരു യുവാവിന്റെ ചുറു ചുറുക്കോടും ഉത്സാഹത്തോടും കൂടി തന്റെ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരുന്നു. അദ്ദേഹത്തിന്റെ ചില ചിത്രങ്ങള്‍ ഏറെ വിവാദങ്ങള്‍ക്ക് തിരികൊളുത്തുകയുണ്ടായി. അദ്ദേഹത്തിന്റെ 125 പെയിന്റിംഗുകള്‍ 100 കോടി രൂപയ്ക്കാണു സ്വരൂപ് ഇന്‍ഡസ്ട്രീറ്റ് എന്ന സ്ഥാപനം വിലക്കു വാങ്ങിയത്.

ഊര്‍ജ്ജസ്വലതയുടെ ഉറവിടം —————————-

ഇവര്‍ക്കെല്ലാം എന്തുകൊണ്ടാണ് ഇപ്രകാരം ഊര്‍ജ്ജസ്വലതയോടെ കര്‍മ്മനിരതമായി വാര്‍ദ്ധക്യത്തിലും ജീവിക്കന്‍ കഴിഞ്ഞത്? കഴിയുന്നതും ?

ഇവരുടെ ചിട്ടയായ ജീവിതശൈലിയും മിതവും ലളീതവുമായ ആഹാരരീതികളും തന്നെയാണ് വാര്‍ദ്ധക്യത്തിലും ആരോഗ്യവും ഊര്‍ജ്ജസ്വലതയും നിലനിര്‍ത്താന്‍ സഹായിച്ചത്. ജീവിതത്തോടുള്ള പോസറ്റീവായ മനോഭാവവും അഭിവാഞ്ചയും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നു. പ്രായത്തെ പറ്റി ചിന്തിക്കാന്‍ അവര്‍ക്ക് സമയമില്ലായിരുന്നു. തെളിഞ്ഞ ചിന്തയും ഉയര്‍ന്ന ആശയങ്ങളും അവര്‍ക്ക് ദിശാബോധവും ശക്തിയും നല്‍കിയിരുന്നു അവര്‍ ജീവിതത്തില്‍ ശുഭാപ്തി വിശ്വാസികളായിരുന്നു.

ആരോഗ്യകരമായ ഒരു ജീവിത ശൈലിയും ആഹാര ക്രമവും അനുവര്‍ത്തിക്കുക, പതിവായി വ്യായാമം ചെയ്യുക, വിശ്രമിക്കുക, ” ഇനിയൊന്നും ചെയ്യാനില്ല” എന്ന മനോഭാവം കൈവെടിയുക, വാര്‍ദ്ധക്യം തികച്ചും കര്‍മ്മനിരതമാക്കുക. ഇവയാണ് വാര്‍ദ്ധക്യം ആസ്വാദ്യകരമാക്കാനുള്ള പ്രായോഗിക മാര്‍ഗങ്ങള്‍.

ഹെല്‍ത്തി ഏജിംഗ് എന്ന പ്രശസ്ത ഗ്രന്ഥത്തിന്റെ കര്‍ത്താവായ ഡോ. ആന്‍ഡ്രൂ വെയ്ല്‍ അഭിപ്രായപ്പെട്ടതുപോലെ വാര്‍ദ്ധക്യം വിവേകത്തിന്റെ പ്രതീകമാണ്. സ്വഭാവ മഹിമയുടെ അഗാധതയാണ്. യഥാര്‍ത്ഥ ധന്യതയുടെ സാന്ദ്രഭാവമാണ്. ജീവിതത്തിന്റെ അതി വിശിഷ്ടമായ കാലഘട്ടമാണ് അത്. അങ്ങേയറ്റം ആസ്വാദ്യകരവും ആനന്ദകരവുമാക്കിതീര്‍ക്കുകയാവണം ഓരോരുത്തരുടേയും ലക്ഷ്യം.

നിത്യഹരിത നായകന്‍ ദേവ് ആനന്ദിന്റെ മാതൃക ———————————————-

നിത്യഹരിതനായകന്‍ എന്ന് ചലചിത്രലോകം വിശേഷിപ്പിക്കുന്ന ദേവ് ആനന്ദിന്റെ ജീവിതവും പ്രവര്‍ത്തനവും മനോഭവവും എങ്ങനെ ഫലപ്രദമായി വാര്‍ദ്ധക്യത്തെ ഉപയോഗപ്പെടുത്താം എന്നതിന് ഉത്തമ ദൃഷ്ടാന്തമാണ്. 85- ആം വയസിലെത്തിയിരുന്ന ദേവാനന്ദ് പ്രായത്തെപറ്റി ചിന്തിക്കുന്നതേയില്ലായിരുന്നു . അതിന് അദ്ദേഹത്തിനു സമയം ലഭിക്കാറുണ്ടായിരുന്നില്ല. ജീവിതത്തോടുള്ള അദ്ദേഹത്തിന്റെ അടങ്ങാത്ത അഭിവാഞ്ചനയും അഭിനിവേശവും ആസക്തിയും ഓരോ നിമിഷങ്ങളിലും തുടിച്ചു നില്‍ക്കുന്നു. ജീവിതം എത്ര ഹ്രസ്വമാണ് അതുകൊണ്ട് നിരാശയിലും അശുഭ ചിന്തയിലും സമയം വ്യയം ചെയ്യുന്നത് എത്രയോ നിരര്‍ത്ഥകമാണ് എന്നാണ് അദ്ദേഹം ചോദിക്കുന്നത്.

ദേവ് ആനന്ദ് യുവാക്കളേപ്പോലെ വേഗതയില്‍ നടക്കുന്നു, ചടുലമായി സംസാരിക്കുന്നു, അതിവേഗത്തില്‍ ചിന്തിക്കുന്നു. തന്റെ നിത്യയവ്വനത്തിന്റെ രഹസ്യമെന്തെന്ന് റീഡേഴ്സ് ഡൈജസ്റ്റ് മായുള്ള ഒരഭിമുഖത്തില്‍ ചോദിച്ചപ്പോള്‍ അദ്ദേഹം വെളിപ്പെടുത്തിയ വിവരങ്ങള്‍ വളരെ അര്‍ത്ഥവത്തും പ്രചോദനാത്മകവുമാണ് ”എനിക്കു തോന്നുന്നു അത് മനസാണ്. മനസ് ശരീരത്തെ വരുതിയിലാക്കുന്നു. ഞാന്‍ മാനസികമായി ഊര്‍ജ്ജസ്വലനാണ്. അതുകൊണ്ട് ശാരീരികമായും. എനിക്ക് ദിവസവും പതിനേഴു മണിക്കുര്‍ ജോലി ചെയ്യാന്‍ കഴിയുന്നു. അഞ്ചോ ആറോ മണിക്കുര്‍ ഉറക്കം മതിയെനിക്ക്. ഞാന്‍ പുകവലിക്കാറില്ല മദ്യം കഴിക്കാറില്ല മാംസം ഭക്ഷിക്കാറില്ല. എന്റെ ദു:ഖങ്ങളും മുറിവുകളും എന്നോടൊപ്പം നില നില്‍ക്കാറില്ല. കാരണം ഞാനൊരു ശുഭാപ്തിവിശ്വാസിയാണ്. എന്നെ സംബന്ധിച്ചിടത്തോളം അടുത്ത നിമിഷം മഹത്തായ നിമിഷമാണ്. ഞാന്‍ എളുപ്പം മാപ്പു നല്‍ക്കുന്നുവെന്നത് ദീര്‍ഘായുസ്സ് നല്‍കുന്നു. മനസിന്റെ മുറിവുകള്‍ നില നില്‍ക്കുമ്പോള്‍‍ അത് നിങ്ങളുടെ തകര്‍ച്ചക്ക് കാരണമാവുന്നു . ആരറിഞ്ഞു ഇനിയൊരു നൂറു കൊല്ലം കൂടി ഞാന്‍ ജീവിച്ചിരിക്കില്ലെന്ന്?”

Generated from archived content: arogyam48.html Author: john_muzhuthettu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here