വാര്‍ദ്ധക്യത്തിലും യൗവ്വനം : ജപ്പാന്‍ മാതൃക

വാര്‍ദ്ധക്യത്തിലും യുവാക്കളേക്കാള്‍ ഊര്‍ജ്ജസ്വലതയും ഉത്സാഹവും ക്രിയാത്മകതയും പ്രകടിപ്പിക്കാന്‍ കഴിയുമെന്ന് സ്വജീവിതം കൊണ്ട് തെളിയിക്കുകയും അതിന്റെ രഹസ്യങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്ത നിരവധി വ്യക്തികളെ നമുക്ക് കാണുവാന്‍ കഴിയും . അവരുടെ ജീവിതശൈലിയും ഉപദേശങ്ങളും നമുക്കും വരും തലമുറയ്ക്കും പ്രയോജനമാവാതിരിക്കുകയില്ല .വിദേശത്തും ഇന്ത്യയിലും നമ്മുടെ ഗ്രാമങ്ങളിലും ഇത്തരം മാതൃകകള്‍ വിരളമല്ല.

ജപ്പാന്‍ മാതൃക

ദീര്‍ഘായുസുന്റെ നാട് എന്നറിയപ്പെടുന്ന ജപ്പാനിലാണ് ശതാബ്ദി കഴിഞ്ഞവര്‍ ഏറ്റവും കൂടുതലുള്ളത്. അവരുടെ എണ്ണം 25000 -ല്‍ കൂടുതല്‍ വരുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവര്‍ യുവാക്കളേക്കാള്‍ ക്രിയാത്മകവും , ഊര്‍ജ്ജസ്വലവുമായ ജീവിതം നയിക്കുന്നു . അവരുടെ ദീര്‍ഘനാളത്തെ അറിവും അനുഭവങ്ങളും രാജ്യനന്മക്കായി പ്രയോജനപ്പെടുത്തുന്നു .

ജപ്പാന്‍ ജനതയിലെ അഞ്ചിലൊന്ന് പേര്‍ അറുപത്തിയഞ്ച് വയസ് പിന്നിട്ടവരാണ് എന്ന് സ്ഥിതിവിവരക്കണക്കുകള്‍ പറയുന്നു. ജപ്പാനിലെ കൂടുതല്‍ കമ്പനികളിലും സ്ഥാപനങ്ങളിലും റിട്ടയര്‍മെന്റ് പ്രായം അറുപത് ആണ്. എന്നാല്‍ ഇന്റെര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ പഠനമനുസരിച്ച് അറുപതിനും അറുപത്തിയഞ്ചിനും ഇടയിലുള്ള എഴുപത്തിയൊന്നു ശതമാനം പുരുഷന്‍മാരും റിട്ടയര്‍മെന്റിനു ശേഷംവും നന്നായി ജോലി ചെയ്യുന്നവരാണ്.

ജപ്പാനിലെ വൃദ്ധര്‍ ക്രിയാത്മകമായി യുവാക്കളേപ്പോലും അത്ഭുതപ്പെടുത്തുന്നവരാണ്. അവര്‍ പല ലോക റിക്കാര്‍ഡുകളുടെ ഉടമകളാവുന്നു. യുയികി മിയുറാ തന്റെ എഴുപതാമത്തെ വയസില്‍ എവറസ്റ്റ് കൊടുമുടി കീഴടക്കുകയുണ്ടായി. ഈ കൊടുമുടിയുടെ ഉച്ചിയിലെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന ലോക റെക്കോര്‍ഡും സ്വന്തമാക്കി. തന്റെ എഴുപത്താമത്തെ വയസില്‍ വീണ്ടും എവറസ്റ്റിന്റെ നിറുകയില്‍ എത്തുമെന്ന് അദ്ദേഹം പ്രതിജ്ഞ ചെയ്തു.

ഏകനായി തുടര്‍ച്ചയായി ലോകം ചുറ്റിയ ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന ബഹുമതി മിനോറു സെയ്റ്റോ എന്ന എഴുപത്തൊന്നു വയസുള്ള ജപ്പാന്‍ കാരനാണ് നേടിയത്. 244 ദിവസം തുടര്‍ച്ചയായ യാത്ര തികച്ചും ദുഷ്ക്കരവും കഠിനവുമായിരുന്നു എങ്കിലും അദ്ദേഹത്തിന് അത് വലിയ പ്രശ്നമായി തോന്നിയില്ല.

”തീവ്രതയോടെ ദീര്‍ഘനാള്‍ ജീവിക്കുകയാണെങ്കില്‍ നിനക്ക് എല്ലാത്തരത്തിലുമുള്ള രസകരമായ കാര്യങ്ങളും കാണുവാന്‍ കഴിയും എണ്‍പതു വയസിനു മുന്‍പ് മരിക്കുന്നത് തികച്ചും വിഡ്ഢിത്തരമാണ്” എന്ന വാക്കുകള്‍ ആര്ക്കാണ് പ്രചോദനമാകാത്തത്?

രാജ്യപുരോഗതിയില്‍ മുതിര്‍ന്ന പൗരന്മാരുടെ സംഭാവന —————————————————–

ജപ്പാനിലെ ജനനനിരക്ക് വളരെ കുറവാണ്. ഇത് യുവതൊഴിലാളികളുടെ ക്ഷാമത്തിനു കാരണമാകുന്നു റിട്ടയര്‍ ചെയ്തുപോകുന്നവര്‍ക്ക് പകരം തൊഴില്‍ ചെയ്യാന്‍ ആളില്ലാത്ത അവസ്ഥയാണ് ജപ്പാനില്‍ സംജാതമായിരിക്കുന്നത്. അതുകൊണ്ട് രാജ്യത്തിന്റെ ഉത്പാദനക്ഷമത നിലനിര്‍ത്താന്‍ മുതിര്‍ന്ന പൗരന്മാരുടെ സഹായം തേടുന്നു. അവര്‍ കൂടുതല്‍ സമയം ജോലി ചെയ്യുവാന്‍ തയാറും താത്പര്യവുമുള്ളവരാണ്.

മുതിര്‍ന്ന പൗരന്മാരുടെ സംഭാവനകള്‍ ജപ്പാന്റെ വികസനദിശ തന്നെ മാറ്റാന്‍ പര്യാപ്തമാണ് അവരുടെ സേവനം രാഷ്ടത്തിന് അനിവാര്യമാണ് എന്ന് ജപ്പാന്‍ ഏജിംഗ് റിസര്‍ച്ച് സെന്റെര്‍ വ്യക്തമാക്കുന്നു.

വൃദ്ധരുടെ ഗുരു ———————- ഡോ. ഷിഗിയാക്കി ഹിനോഹര ജപ്പാനിലെ വൃദ്ധരുടെ ഗുരു എന്നാണ് അറിയപ്പെടുന്നത്. വാര്‍ദ്ധക്യത്തിലും എങ്ങനെ ഊര്‍ജ്ജസ്വലതയോടും ആരോഗ്യത്തോടും കൂടെ ജീവിക്കാമെന്നാണ് അദ്ദേഹം പഠിപ്പിക്കുന്നത്. വാര്‍ദ്ധക്യത്തിലും എങ്ങനെ യവ്വനം നിലനിര്‍ത്താം എന്നതിനു അദ്ദേഹത്തിന്റെ ജീവിതം തന്നെയാണ് ഉത്തമ മാതൃക. ഏറെ തിരക്കുള്ള ഡോക്ടര്‍ എന്നതിനു പുറമെ അദ്ദേഹം ഒരു കവിയാണ്, നോവലിസ്റ്റാണ്, സംഗീത രചയിതാവാണ്. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ ആനന്ദകരമായ വാര്‍ദ്ധക്യം നേടുന്നതിനുള്ള പ്രാമാണിക നിയമാവലികളായി അംഗികരിച്ച് അദ്ദേഹത്തിന്റെ ഉപദേശങ്ങളും സെമിനാറുകളും പ്രായത്തെ പ്രതിരോധിക്കാന്‍ ജപ്പാന്‍കാരെ സഹായിച്ചു.

ഹിനോരെയുടെ അഭിപ്രായത്തില്‍ പതിവായ വ്യായാമത്തിനും ശരിയായ ജീവിതചര്യക്കും മിതമായ ഭക്ഷണക്രമത്തിനും പുറമെ പ്രായത്തെ പ്രതിരോധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം ശരിയായ മാനസിക ഭാവവും സമീപനവുമാണ്. ” എഴുപത്തഞ്ചു കഴിഞ്ഞാലും നിങ്ങള്‍ക്ക് ധാരാളം കഴിവുകളും സാദ്ധ്യതകളും അവശേഷിച്ചിട്ടുണ്ട് അവ അന്വേഷിച്ച് കണ്ടെത്താനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്കുണ്ട് ഇതുവരെ പരീക്ഷിക്കാത്ത പുതിയ പ്രവര്‍ത്തനങ്ങളെന്തെങ്കിലും തുടങ്ങുക ഇതുവരെ ഇല്ലാതിരുന്ന പുതിയ വ്യക്തിത്വം വളര്‍ത്തിയെടുക്കാനുള്ള സുവര്‍ണാവസരമാണ് വാര്‍ദ്ധക്യം നിങ്ങള്‍ക്കു നല്‍കുന്നത്”

Generated from archived content: arogyam47.html Author: john_muzhuthettu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here