ഇന്ന് വിവിധതരത്തിലും വിധത്തിലുമുള്ള ധ്യാനരീതികള്‍ നിലവിലുണ്ട്. എല്ലാത്തരത്തിലുള്ള ധ്യാനരീതികളുടെയും ലക്ഷ്യം ഒന്നു തന്നെയാണ്. സ്വയാവബോധം വളര്‍ത്തുകയും ആത്മസാക്ഷാത്ക്കാരം നേടുകയും. പക്ഷെ കൂടുതല്‍ ആളുകള്‍ ആത്മസാക്ഷാത്ക്കാരം കൈവരിച്ചത് വിപാസനാ ധ്യാനത്തിലൂടെയെന്നാണ് പറയപ്പെടുന്നത്.
എല്ലാ ധ്യാനരീതികളിലും ഒന്നു തന്നെയാണ് അടങ്ങിയിരിക്കുന്നത്. എങ്കിലും വിപാസനയ്ക്കു ചില പ്രത്യേകതകള്‍ ഉണ്ട്. മറ്റു ധ്യാന രീതികളില്‍ അനിവാര്യമല്ലാത്ത ചിലതെല്ലാം ഉണ്ട്. എന്നാല്‍ വിപാസനയില്‍ ശുദ്ധമായ സത്ത തന്നെയാണ് ഉള്ളത് എന്നാണ് ഓഷോ അഭിപ്രായപ്പെടുന്നത്. അതിനോട് യാതൊന്നും ചേര്‍ക്കേണ്ട കാര്യമില്ല. അതില്‍ നിന്നും ഉപേക്ഷിക്കാനും ഒന്നുമില്ല. ചുരുക്കത്തില്‍ എല്ലാ ധ്യാനങ്ങളുടെയും സത്തയാണ് വിപാസന.
വിപാസന മൂന്നു വിധത്തില്‍
വിപാസന എന്നാല്‍ സാക്ഷ്യം വഹിക്കുക നിരീക്ഷിക്കുക എന്നൊക്കെയാണ് അര്‍ത്ഥം. വളരെ ലളിതവും ആയാസരഹിതവുമായ ഒരു ധ്യാന രീതിയാണ് വിപാസന. മൂന്നു വിധത്തില്‍ ഇത് പരിശീലിക്കാം.
ഒന്നാമത്തെ രീതി
നിങ്ങളുടെ പ്രവൃത്തികളെ പറ്റി ശരീരത്തെ പറ്റി മനസ്സിനെ പറ്റി ഹൃദയത്തെ പറ്റി ബോധവാനാകുക. എല്ലാ പ്രവൃത്തികളും ഞാന്‍ ഇത് ചെയ്യുന്നു എന്ന് ബോധത്തോടു കൂടി ചെയ്യുക. നിങ്ങളുടെ ശരീരാവവയവങ്ങളുടെ ചലനങ്ങള്‍ നിങ്ങളുടെ നടത്തം എല്ലാത്തിനെപ്പറ്റിയും ബോധവാനാകുക. നിങ്ങള്‍ അഹാരം കഴിക്കുമ്പോല്‍ അതിന്റെ രുചി, മണം, നിറം എന്നിവയെ പറ്റി ബോധവാനാകുക. ഭക്ഷണം വായിലാക്കി ചവക്കുമ്പോള്‍ വായിലെ പേശികളുടെ ചലനത്തെ പറ്റി ബോധവാനാകുക. ഇതുപോലെ നിങ്ങള്‍ കളിക്കുമ്പോള്‍, കുളിക്കുമ്പോള്‍, കിളയ്ക്കുമ്പോള്‍, ഓടുമ്പോള്‍ നിങ്ങള്‍ ഏതു പ്രവൃത്തി ചെയ്താലും അതിനെ പറ്റി ജാഗരൂഗനാകുക.
ഇതുപോലെ തന്നെ നിങ്ങളുടെ മനസ്സിനെ പറ്റി ബോധവാനാകുക. മനസിന്റെ വെള്ളിത്തിരയില്‍ കടന്നുവരുന്ന ഓരോ ചിന്തയും ഓരോ ചിത്രവും ജാഗ്രതയോടെ നിരീക്ഷിക്കുക. എന്തെല്ലാം വികാരങ്ങള്‍ മനസില്‍ മിന്നി മറഞ്ഞാലും വെറും നിഷ്പക്ഷ നിരീക്ഷകനാവുക. വെറും നിസംഗസാക്ഷിയാകുക അവയെ നല്ലതോ ചീത്തയോ എന്ന് വിലയിരുത്താതെ അതില്‍ കക്ഷി ചേരാതെ അതില്‍ ഉള്‍പ്പെടാതെ ഒരു നിഷ്ക്കാമ നിസംഗനിരീക്ഷകനാവുക. ചുരുക്കത്തില്‍ ഇതിനു മൂന്നു ഘട്ടങ്ങളുണ്ട്. ഒന്ന് നിങ്ങളുടെ ശരീരത്തെ പറ്റി ബോധവാനാകുക, രണ്ട് നിങ്ങളുടെ മനസ്സിനെ പറ്റി ബോധവാനാകുക, മൂന്ന് നിങ്ങളുടെ വികാരങ്ങളെ പറ്റി ബോധവാനാകുക.
രണ്ടാമത്തെ രീതി
രണ്ടാമത്തെ രീതി ശ്വാസോച്ഛ്വാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ്. ശ്വാസം ഉള്ളിലേക്കെടുക്കുമ്പോള്‍ നിങ്ങളുടെ വയര്‍ ഉയരുന്നു. ശ്വാസം വെളിയിലേക്കു വിടുമ്പോള്‍ വയര്‍ താഴുന്നു. വയറിന്റെ നിംന്നോന്നത ചലനങ്ങള്‍ നിരീക്ഷികുക. വയര്‍ ജീവന്റെ അടിസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു. കാരണം വയറിലെ പൊക്കിള്‍ക്കൊടിയിലൂടെ അമ്മയുടെ ജീവനുമായി നാം ബന്ധപ്പെട്ടിരിക്കുന്നു. ഓരോ ശ്വസനത്തിലും വയര്‍ ഉയരുകയും താഴുകയും ചെയ്യുമ്പോള്‍ നിങ്ങളുടെ ജീവോര്‍ജ്ജമാണ് ഉയരുന്നതും താഴുന്നതും എന്ന് ഓര്‍ക്കുക. ഇത് വിപാസനയുടെ ഒന്നാമത്തെ രീതിയേക്കാള്‍ കുറച്ചുകൂടി ആയാസരഹിതമായി അനുഭവപ്പെടും. കാരണം ഈ രീതിയില്‍ ഒരു ഘട്ടം മാത്രമേയുള്ളു ഉയരുകയും താഴുകയും ചെയ്യുന്ന വയറിനെപറ്റി ബോധവാനാകുക മാത്രം നിങ്ങള്‍ വയറിനെ പറ്റി കൂടുതല്‍ ജാഗരൂകരാകുമ്പോള്‍ മനസ്സ് നിശബ്ദമാകുന്നു. ഹൃദയം മൗനമാകുന്നു. മാനസിക ഭാവങ്ങള്‍ അപ്രത്യക്ഷമാകുന്നു.
Generated from archived content: arogyam42.html Author: john_muzhuthettu