മനുഷ്യ ജീവിതത്തിന്റെ സായം കാലമാണ് വാര്‍ദ്ധക്യം. അത് ചിലര്‍ക്ക് തേജോമയമാകാം മറ്റു ചിലര്‍ക്ക് തമോമയവും. ഏവര്‍ക്കും അനിവാര്യമായ അവസ്ഥയാണ് വാര്‍ദ്ധക്യം. എങ്കിലും ആരും അതിനെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നില്ല കാരണം അത് മൃത്യുവിന്റെ മുന്നോടിയാണ്. വാര്‍ദ്ധക്യം സന്തോഷഭരിതമാണോ സന്താപകലുഷിതമാണൊ എന്നത് വ്യക്തികളെ ആശ്രയിച്ചിരിക്കുന്നു. അവരുടെ സമീപനത്തേയും സാഹചര്യങ്ങളെയും അനുസരിച്ചിരിക്കുന്നു അവരുടെ മനോഭാവത്തേയും മാനസികാവസ്ഥയേയും ആശ്രയിച്ചിരിക്കുന്നു.
വൃദ്ധരോടുള്ള മനോഭാവം
വൃദ്ധന്മാര്‍ ഉല്പാദനക്ഷമതയില്ലാത്ത , പുരോഗതിക്ക് തടസ്സമായ ഒരു വര്‍ഗമായി യുവതലമുറ കാണുന്നു. ആധുനിക ലോകം അതിവേഗതയുടെതാണ്. കര്‍മ്മോത്സുകതയുടേതാണ്. ഊര്‍ജ്ജസ്വലതയുടെതാണ്. ശക്തിയുടെതാണ്. സൗന്ദര്യത്തിന്റേതാണ്. ഇവയെല്ലാം യുവത്വത്തിന്റെ പ്രതീകങ്ങളാണ്. വാര്‍ദ്ധക്യത്തിന്റെ മറുപുറമാണ്.
ഹിറ്റ്ലര്‍ വൃദ്ധരേയും വികലാംഗരേയും രാജ്യപുരോഗതിക്ക് തടസമായി കരുതി വധിച്ചിരുന്നു. അവര്‍ക്ക് വേണ്ടി രാഷ്ട്രത്തിന്റെ സമ്പത്തും അദ്ധ്വാനവും വ്യയം ചെയ്യുന്നത് അര്‍ത്ഥശൂന്യമെന്ന് ചിന്തിച്ചിരുന്നു.
എന്തിന് ഇന്ന് കുടുംബങ്ങളില്‍ പോലും വൃദ്ധ മാതാപിതാക്കള്‍ അധികപറ്റായി കണക്കാക്കപ്പെടുന്നു. ഒട്ടും സമയമില്ലാത്ത പുതു തലമുറക്ക് ഒരധികപ്പറ്റായി കണക്കാക്കപ്പെടുന്നു. ഒട്ടും സമയമില്ലാത്ത പുതുതലമുറക്ക് ഒരസൗകര്യമാണവര്‍. അവരോടു സംസാരിക്കുന്നതിനും അവരുടെ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നതിനും മക്കള്‍ക്ക് സമയമില്ല. കൊച്ചുമക്കളാണെങ്കില്‍ അവരുടെ സമിപത്തുപോലും അടുക്കുകയില്ല. തീരെ കിടപ്പിലാകുമ്പോള്‍ ഒരു ഹോം നഴ്സിനെ ഏര്‍പ്പാടാക്കും. ഇന്നത്തെ അണുകുടുംബങ്ങളില്‍ ആര്‍ക്കാണ് മാതാപിതാക്കളെ പരിചരിക്കാന്‍ സമയം?
വാര്‍ദ്ധക്യകാലം ഏറെപ്പേര്‍ക്കും തീവ്രമായ ഏകാന്തതയുടേയും ആത്മസംഘര്‍ഷങ്ങളുടേയും കാലമാണ്. അസ്വാസ്ഥ്യങ്ങളുടേയും അനാരോഗ്യത്തിന്റേയും കാലഘട്ടമാണ്. മുഖ്യധാരാജീവിതത്തില്‍ നിന്നുള്ള പി ന്‍ വലിയലാണ്. ഇതിനെ ഫലപ്രദമായി അതിജീവിക്കുക എന്നത് അതിപ്രധാനമാണ്.
ഏംറ്റി നെസ്റ്റ് സിന്‍ഡ്രം
മക്കള്‍ അമേരിക്കയിലോ ഇംഗ്ലണ്ടിലോ സ്വിറ്റ്സര്‍ ലണ്ടിലോ സ്ഥിരതാമസമാക്കുമ്പോള്‍ വൃദ്ധരായ മാതാപിതാക്കള്‍ നാട്ടില്‍ ആരും തുണയില്ലാതെ ജീവിതം തള്ളിനീക്കാന്‍ നിര്‍ബന്ധിതരാകുന്നു. ചിലര്‍ക്ക് വൃദ്ധസദനങ്ങളെ അഭയം പ്രാപിക്കേണ്ടി വരുന്നു മറ്റു ചിലര്‍ മക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി സ്വന്തം വീടു വിറ്റ് വൃദ്ധമന്ദിരങ്ങളിലെത്തുന്നു. തങ്ങള്‍ ‘ പ്രതീക്ഷയോടെ’ ആറ്റു നോറ്റു വളര്‍ത്തി വലുതാക്കിയ മക്കളുടെ അശ്രദ്ധയിലും അവഗണനയിലും മനമുരുകി ദിനരാത്രങ്ങള്‍ തള്ളി നീക്കുന്നു. സ്വന്തം വീട് കിളിയൊഴിഞ്ഞ ഒരു കൂടായി തോന്നുന്നു. ഇത്തരം മാതാപിതാക്കളുടെ എണ്ണം നാള്‍ക്കു നാള്‍ വര്‍ദ്ധിച്ചു വരികയാണെന്നു കണക്കുകള്‍ കാണിക്കുന്നു.
സ്നേഹസമ്പന്നരായ ചില മക്കള്‍ മാതാപിതാക്കള്‍ക്ക് വിദേശയാത്രക്ക് അവസരമൊരുക്കുന്നു. ഇത്ര ഭാരിച്ച യാത്രാ ചിലവ വഹിച്ച് അവരെ വിദേശത്ത് കൊണ്ടു പോകുന്ന മക്കളുടെ ഹൃദയ വിശാലത യെ ആളുകള്‍ അഭിനന്ദിക്കുമ്പോള്‍ അതിനു പിന്നെലെ ലളിതമായ സാമ്പത്തിക ശാസ്ത്രം ആര്‍ക്കാണറിയാന്‍ വയ്യാത്തത്? സ്വന്തം കുട്ടികളെ നോക്കാന്‍ വേലക്കാരില്ലാത്ത മക്കള്‍ മാതാവിനേയോ പിതാവിനേയോ ആ ജോലി ഏല്പ്പിക്കുന്നു. നാട്ടില്‍ ഓടിപ്പാഞ്ഞു നടന്നിരുന്ന ഇവര്‍ യാതൊരു ചലന സ്വാതന്ത്ര്യവുമില്ലാതെ ആരുമായും സംസാരിക്കാന്‍ കഴിയാതെ ആരോടും പരാതി പറയാതെ ഒരു തടവറയിലെന്ന വണ്ണം വിദേശത്ത് കഴിയുന്നു. ഇത്തരം വൃദ്ധരുടെ എണ്ണം വര്‍ദ്ധിച്ചു വരുകയാണ് ഇന്ന്.
ആറുമസത്തെ അമേരിക്കന്‍ വാസം കഴിഞ്ഞ് തിരിച്ചെത്തിയ അറുപതുകാരിയായ ആ അമ്മയോട് അയല്‍ക്കാരി തെല്ല് അസൂയയോടെ ചോദിച്ചു ‘ വല്യമ്മച്ചി അമേരിക്കന്‍ യാത്രയൊക്കെ സുഖമായിരുന്നോ? ഒത്തിരി കാര്യങ്ങള്‍ കാണില്ലെ അവിടെ അമ്മച്ചി എന്തൊക്കെ കണ്ടു”?
അമ്മച്ചിയുടെ മറുപടി പെട്ടന്നു വന്നു ” വിമാനത്താവളവും മകന്റെ ഫ്ലാറ്റും പിന്നെ കുറെയേറെ വഴിയോരക്കാഴ്ചകളും. ആരു പറഞ്ഞാലും ഇനി ആ ജയിലിലേക്കില്ല പൊന്നെ. കൊച്ചിനെ നോക്കാന്‍ അവര്‍ വേറെ ആളെ കൊണ്ടു പോകട്ടെ” രോഷവും നിരാശയും കലര്‍ന്ന മറുപടി അയല്‍ക്കാരിയെ അത്ഭുതപ്പെടുത്തി.
മക്കള്‍ വിദേശയാത്രയൊരുക്കുന്ന വൃദ്ധ മാതാപിതാക്കളുടെ അവസ്ഥ ഇതൊക്കെ തന്നെയാകും.
Generated from archived content: arogyam41.html Author: john_muzhuthettu