‘ഹാപ്പി’ ആകാൻ പത്തു പ്രമാണങ്ങൾ

‘ദി പർസ്യൂട്ട്‌ ഓഫ്‌ ഹാപ്പിനെസ്‌’ (The Pursuit of Happiness) എന്ന പ്രശസ്‌ത ഗ്രന്ഥത്തിന്റെ കർത്താവും മനഃശാസ്‌ത്രഗവേഷകനുമായ ഡേവിഡ്‌ ജി മയർ (David G.Myer) ഹാപ്പിനസിനെപ്പറ്റി നിരവധി ശാസ്‌ത്രീയ പഠനങ്ങൾ നടത്തിയിട്ടുണ്ട്‌. ‘ഹാപ്പി’ ആയിട്ടുള്ള ആളുകളുടെ പ്രധാനപ്പെട്ട നാല്‌ സവിശേഷതകൾ അദ്ദേഹം കണ്ടെത്തുകയുണ്ടായി. ആത്മാഭിമാനം (Self esteem) ശുഭാപ്‌തിവിശ്വാസം (optimism) ബഹിർമുഖത്വം (extroversion) ആത്മനിയന്ത്രണം (personal control)എന്നിവയാണവ.

1. ആത്മാഭിമാനം

ആത്മാഭിമാനം ഉള്ള വ്യക്തി സ്വയം ഇഷ്‌ടപ്പെടുന്നവരാണ്‌. സ്വന്തം കഴിവുകളിലും നന്മയിലും ഏറെ വിശ്വാസമുള്ളവനാവും. അവൻ സ്വന്തം വ്യക്തിത്വം നിലനിർത്തുവാൻ ആഗ്രഹിക്കുന്നു. തന്റെ മൂല്യ ബോധത്തിലും സ്വഭാവവിശേഷങ്ങളിലും, കഴിവുകളിലും അഭിമാനം കൊള്ളുകയും സന്തോഷിക്കുകയും ചെയ്യുന്നു. മറ്റുള്ളവരുടെ വിമർശനങ്ങളും പഴിവാക്കുകളും അയാളെ തളർത്തുന്നില്ല, നിരാശനാക്കുന്നില്ല, രോഷാകുലനാക്കുന്നില്ല, അവനിൽ അപകർഷബോധം വളർത്തുന്നുമില്ല.

പ്രശസ്‌ത മനഃശാസ്‌ത്രജ്ഞനായ നഥാനിയൽ ബ്രാൻഡൻ (Nathaniel Branden) അഭിപ്രായപ്പെടുന്നതുപോലെ ആത്മാഭിമാനത്തോടുകൂടിയ ഒരു വ്യക്തി ജീവിതപ്രശ്‌നങ്ങളെ നന്നായി കൈകാര്യം ചെയ്യുന്നതിന്‌ കൂടുതൽ ശേഷിയുള്ളവനാണ്‌.

ആത്മാഭിമാനം അഥവാ സ്വയംമതിപ്പ്‌ ഒരു വ്യക്തിയിൽ താനേ രൂപപെടുന്നു. കുടുംബമാണ്‌ ഇതിന്‌ ഏറ്റവും വലിയ പങ്ക്‌ വഹിക്കുന്നത്‌. ബാല്യകാലാനുഭവങ്ങളും ധാരാണകളും വളരെ പ്രധാനപ്പെട്ട ഘടകങ്ങളാണ്‌. ഒരു കുട്ടിയുടെ ആത്മവിശ്വാസം വളർത്തുന്നതിന്‌ മാതാപിതാക്കളും കുടുംബാംഗങ്ങളും ബോധപൂർവ്വമായി ശ്രമിക്കണം. ചെറിയ ചെറിയ വിജയങ്ങളിലും നേട്ടങ്ങളിലും കഴിവുകളിലും അവരെ അഭിനന്ദിക്കുകയും അംഗീകരിക്കുകയും ചെയ്യുക. അവരെ കുടുംബസദസുകളിൽ അവഗണിക്കുന്ന പ്രവണത അവരുടെ ആത്മാഭിമാനത്തെ സാരമായ ബാധിക്കും.

2. ശുഭാപ്‌തിവിശ്വാസം

പ്രത്യാശയും ശുഭാപ്‌തിവിശ്വാസവുമാണ്‌ ഏതു പ്രതിസന്ധിയിലും സന്തോഷത്തോടെ ജീവിക്കുവാൻ പ്രേരണ നല്‌കുന്നത്‌. പ്രത്യാശ നഷ്‌ടപ്പെടുമ്പോൾ മനുഷ്യൻ മാനസികസംഘർഷങ്ങൾക്ക്‌ അടിമപ്പെടുന്നു. ശോഭനമായ ഭാവിസ്വപ്‌നം കാണുന്നവന്‌ സന്തുഷ്‌ടിയുടെ മധുരാനുഭവം ലഭ്യമാകുന്നു. ഇപ്പോഴത്തെ അവസ്‌ഥയല്ല, മറിച്ച്‌ ഭാവിയെപ്പറ്റിയുളള ശുഭപ്രതീക്ഷയാണ്‌ മനുഷ്യസന്തുഷ്‌ടിക്ക്‌ കാരണമായിത്തീരുന്നത്‌ എന്ന്‌ ശാസ്‌ത്രീയപഠനങ്ങൾ തെളിയിച്ചിട്ടുണ്ട്‌.

ശുഭാപ്‌തിവിശ്വാസം മനുഷ്യന്‌ അനർഗ്ഗളമായ പ്രചോദനം നല്‌കുന്നു. പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും നേരിടുന്നതിന്‌ കരുത്ത്‌ പകരുന്നു. ശുഭാപ്‌തിവിശ്വാസത്തിന്റെ അഭാവമാണ്‌ അസന്തുഷ്‌ടിയുടെ അടിസ്‌ഥാനകാരണം.

ശുഭാപ്‌തിവിശ്വാസം വിജയത്തിലേക്കുള്ള ചവിട്ടുപടിയാണ.​‍്‌ ക്രിസ്‌റ്റഫർ കൊളംബസിന്റെ ശുഭാപ്‌തി വിശ്വാസമാണ്‌ പ്രതിസന്ധികളിൽ തളരാതെ തന്റെ യാത്ര തുടരാനും വിജയം കൈവരിക്കാനും പ്രേരണയായത്‌. തോമസ്‌ ആൽവാ എഡിസന്റെ ശുഭാപ്‌തി വിശ്വാസമാണ്‌ നിരന്തര പരാജയങ്ങളെ വെല്ലുവിളിച്ചുകൊണ്ട്‌ മുന്നേറാൻ അദ്ദേഹത്തിന്‌ ശക്തിപകർന്നത്‌. തുടർച്ചയായ പരാജയങ്ങളെ അവഗണിച്ചുകൊണ്ടു വീണ്ടും വീണ്ടും മത്സരിക്കുവാൻ എബ്രാഹം ലിങ്കനെ പ്രേരിപ്പിച്ചതും ഒടുവിൽ അമേരിക്കൻ പ്രസിഡന്റു പദവിയിൽ എത്തുവാൻ അവസരമൊരുക്കിയതും അദ്ദേഹത്തിന്റെ ശക്തമായ ശുഭാപ്‌തിവിശ്വാസമായിരുന്നു.

3. ബഹിർമുഖത്വം

അന്തർമുഖരും ബഹിർമുഖരുമായ വ്യക്തികളെ നമുക്ക്‌ കാണുവാൻ കഴിയും. അന്തർമുഖർ അവനവനിലേക്ക്‌ തന്നെ ഒതുങ്ങുന്നു. സാമൂഹ്യബന്ധങ്ങളിൽ അവർ താല്‌പരരല്ല. എന്നാൽ ബഹിർമുഖർ സാമൂഹ്യബന്ധങ്ങളിലും സാമൂഹ്യപ്രവർത്തങ്ങളിലും തല്‌പരരായിരിക്കും. ബഹിർമുഖരാണ്‌ ജീവിതത്തിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കുകയും സന്തുഷ്‌ടി അനുഭവിക്കുകയും ചെയ്യുന്നത്‌. പുതിയ സൗഹൃദങ്ങളും ആഴമേറിയ ബന്ധങ്ങളും സ്‌ഥാപിക്കുന്നതിൽ ബഹിർമുഖർ മുൻപന്തിയിലാണ്‌.

ബഹിർമുഖരാണ്‌ കൂടുതൽ സന്തുഷ്‌ടരും സംതൃപ്‌തരുമായി കാണപ്പെടുന്നത്‌ എന്ന്‌ പഠനങ്ങൾ വ്യക്തമാക്കുന്നു.

ആത്മനിയന്ത്രണം

ആത്മനിയന്ത്രണം സ്വയം നിയന്ത്രണമാണ്‌. വ്യക്തിജീവിതത്തിലെ അച്ചടക്കമാണ്‌. ചിട്ടയായ ജീവിതമാണ്‌ ആത്മനിയന്ത്രണം ജീവിതവിജയത്തിലേക്കുള്ള സുവർണ്ണ കവാടമാണ്‌. സന്തുഷ്‌ടിയുടെ അടിസ്‌ഥന ഘടകമാണ്‌.

ഓരോരുത്തരുടെയും ഭാവിയുടെ ഉത്തരവാദിത്വം അവനവൻ തന്നെ ഏറ്റെടുക്കുന്നതിന്‌ ആത്മനിയന്ത്രണം സഹായിക്കുന്നു. സാഹചര്യങ്ങളുടെ സമ്മർദ്ദങ്ങൾക്കോ വിധയുടെ വിളയാട്ടത്തിനോ വിട്ടുകൊടുക്കാനുള്ളതല്ല തന്റെ ഭാവി എന്ന്‌ ഉറച്ച്‌ വിശ്വസിക്കുകയും അവയെ അതിജീവിക്കുവാൻ മാർഗ്ഗങ്ങൾ തേടുകയും ചെയ്യുന്നു. അവർ പ്രതിസന്ധികളിൽ തളരുകയില്ല, പരാജയങ്ങളിൽ നിരാശരാവില്ല. പ്രശ്‌നങ്ങളും വെല്ലുവിളികളും അവർക്കു വളർച്ചയ്‌ക്കുള്ള അസുലഭ അവസരങ്ങളാണ്‌. സ്വയം ശക്തി പ്രാപിക്കാനുള്ള ഉപാധികളാണ്‌. അവർ വിധിയെ പഴിക്കാറില്ല. ദൗർഭാഗ്യത്തെ ശപിക്കാറില്ല. സ്വന്തം ഭാവിയുടെ നിയന്ത്രണം അവർ തന്നെ ഏറ്റെടുക്കുന്നു. അതവർക്ക്‌ സന്തുഷ്‌ടി നല്‌കുന്നു. സന്തുഷ്‌ടി അവർക്ക്‌ ലക്ഷ്യമല്ല, മാർഗ്ഗമാണ്‌.

‘ഹാപ്പി’ ആകാൻ പത്തു പ്രമാണങ്ങൾ

ഹാപ്പി ആകാൻ ഒരാൾ എന്തു ചെയ്യണം? താൻ നടത്തിയ ശാസ്‌ത്രീയപഠനങ്ങളുടെയും അന്വേഷണങ്ങളുടെയും ഫലമായി കണ്ടെത്തിയ വസ്‌തുതകളുടെ അടിസ്‌ഥാനത്തിൽ പ്രശസ്‌ത മനഃശാസ്‌ത്ര ഗവേഷകനായ ഡേവിഡ്‌ മയർ (David Myer) പത്തു പ്രായോഗിക നിർദ്ദേശങ്ങൾ നല്‌കുന്നു.

1. സന്തുഷ്‌ടി സമ്പാദ്യങ്ങളിലൂടെ നേടിയെടുക്കാൻ കഴിയുന്നതല്ല എന്ന്‌ തിരിച്ചറിയുക.

ദാരിദ്ര്യവും സമ്പത്തിന്റെ അഭാവവും ജീവിതത്തിൽ അസ്വസ്‌ഥതയ്‌ക്ക്‌ കാരണമാണെങ്കിലും, സമ്പത്തിന്റെ ആധിക്യം മനുഷ്യന്‌ സന്തുഷ്‌ടിയോ സംതൃപ്‌തിയോ പ്രദാനം ചെയ്യുന്നില്ല. സന്തുഷ്‌ടിക്കു വേണ്ടി പണത്തിനു പിന്നാലെ പരക്കം പായുന്ന ആധുനിക മനുഷ്യന്റെ ദുർവിധി തിരിച്ചറിയുക.

2. ഈ നിമിഷത്തിൽ ജീവിക്കുക

സന്തുഷ്‌ടി വലിയ സൗഭാഗ്യങ്ങളിൽ നിന്നല്ല ഉണ്ടാവുന്നത്‌. ഓരോ ദിവസത്തെയും കൊച്ചുകൊച്ചു നേട്ടങ്ങളിൽ നിന്നുമാണ്‌ ലഭിക്കുന്നത്‌ എന്നാണ്‌ ബഞ്ചമിൽ ഫ്രാങ്ക്‌ളിൻ അഭിപ്രായപ്പെടുന്നത്‌. അതുകൊണ്ട്‌ വലിയ വിജയങ്ങൾക്കുവേണ്ടി കാത്തിരിക്കാതെ ഓരോ ദിവസത്തെയും ചെറിയ ചെറിയ വിജയങ്ങൾ, അനുഭവങ്ങൾ ആസ്വദിക്കുക, അതിൽ ആഹ്ലാദിക്കുക.

3. സമയം ഫലപ്രദമായി ഉപയോഗിക്കുക

സമയദാരിദ്ര്യവും സമയസമ്മർദ്ദവും ആധുനികമനുഷ്യന്റെ പ്രധാന പ്രശ്‌നങ്ങളാണ്‌. സമയത്തിന്റെ അടിമയാവതെ സമയത്തെ നിങ്ങളുടെ നിന്ത്രണത്തിലാക്കുക. ‘ടൈം മാനേജ്‌മെന്റ്‌’ തത്ത്വങ്ങൾ ജീവിതത്തിൽ നടപ്പാക്കുക. ഓരോ ദിവസത്തെയും പ്രവർത്തനങ്ങൾ മുൻകൂട്ടി പ്ലാൻ ചെയ്യുകയും മുൻഗണനാക്രമത്തിൽ ചെയ്‌തുതീർക്കുകയും ചെയ്യുക. സമയം കവരുന്ന പ്രയോജനരഹിതമായ പ്രവൃത്തികൾ ഒഴിവാക്കുക, ആരോഗ്യസംരക്ഷണത്തിനും സംഘർഷനിവാരണത്തിനും അനിവാര്യമായ വ്യായാമത്തിനും വിശ്രമത്തിനും, ധ്യാനത്തിനുമൊക്ക സമയം നീട്ടി വയ്‌ക്കുക, സമയത്തെ ഫലപ്രദമായി ‘മാനേജ്‌ ചെയ്യുമ്പോൾ നിങ്ങളുടെ ജീവിതം സന്തുഷ്‌ടമായിത്തീരുന്നു.

4. സന്തുഷ്‌ടി അഭിനയിക്കുക

നിങ്ങൾ യഥാർത്ഥത്തിൽ സന്തുഷ്‌ടനല്ലായിരിക്കാം. അതു കാര്യമാക്കേണ്ടതില്ല. നിങ്ങൾ സന്തുഷ്‌ടനെപ്പോലെ അഭിനയിക്കുക. മറ്റുള്ളവരുടെ മുന്നിൽ സന്തോഷത്തോടെ പെരുമാറുകയും സംസാരിക്കുകയും ചെയ്യുക. നിങ്ങളുടെ ഓരോ ചലനത്തിലും ആത്മവിശ്വാസവും ഉത്സാഹവും പ്രകടിപ്പിക്കുക. മുഖത്തെപ്പോഴും സന്തോഷത്തിന്റെ പുഞ്ചിരി വിരിഞ്ഞുനില്‌ക്കട്ടെ. കണ്ണുകളിൽ പ്രസന്നതയുടെ പ്രകാശം നിറഞ്ഞു നില്‌ക്കട്ടെ. ആഹ്ലാദത്തോടെ തമാശകൾ പറയുകയും പൊട്ടിച്ചിരിക്കുകയും മൂളിപ്പാട്ട്‌ പാടുകയും ഒക്കെ ചെയ്യുക…. ക്രമേണ നിങ്ങളുടെ മനസ്സിലും സന്തുഷ്‌ടി നിറയുന്നതു കാണാം.

5. നിങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാവുന്ന ജോലികളിൽ ഏർപ്പെടുക.

നിങ്ങളുടെ കഴിവുകൾക്കതീതവും വളരെ ആയാസകരവുമായ ജോലികളിൽ ഏർപ്പെടുമ്പോൾ നിങ്ങൾ എപ്പോഴും സംഘർഷത്തിന്റെ ശരശയ്യയിലായിരിക്കും. എന്നാൽ വളരെ ആയാസരഹിതവും ആർക്കും ചെയ്യാവുന്നതുമായ ജോലികൾ നിങ്ങൾക്ക്‌ സംതൃപ്‌തിയും സന്തോഷവും പ്രദാനം ചെയ്യുകയില്ല. എന്നാൽ സാമാന്യം വിഷമകരവും നിങ്ങളുടെ പ്രത്യേക കഴിവുകൾ തെളിയിക്കാവുന്നതും പൂർണ്ണമായി ഉപയോഗപ്പെടാവുന്നതുമായ ജോലികൾ വെല്ലുവിളിയോടെ ഏറ്റെടുക്കുമ്പോഴാണ്‌ നിങ്ങൾക്ക്‌ ആത്മസംതൃപ്‌തിയും സന്തുഷ്‌ടിയും കൈവരിക്കാനാവുന്നത്‌. ചുരുക്കിപ്പറഞ്ഞാൽ നിങ്ങൾക്ക്‌ കൂടുതൽ ’ഷൈൻ‘ ചെയ്യാവുന്ന ജോലികൾ നിങ്ങൾ കൂടുതൽ ഇഷ്‌ടപ്പെടുന്നു. അവ നിങ്ങൾക്ക്‌ സന്തുഷ്‌ടി നല്‌കുന്നു.

6. പതിവായി വ്യായാമം ചെയ്യുക

പതിവായി വ്യായമം ആരോഗ്യദായകം മാത്രമല്ല മാനസികസംഘർഷങ്ങൾക്ക്‌ ഒരു പരിഹാരമാർഗ്ഗം കൂടിയാണ്‌. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സ്‌ ഉണ്ടാവുകയുള്ളു. അതുപോലെ ആരോഗ്യമുള്ള മനസ്സ്‌ ആരോഗ്യമുള്ള ശരീരത്തിനും അനിവാര്യമാണ്‌. ഇവ രണ്ടും കൈവരിച്ച്‌ സന്തുഷ്‌ടി നേടാൻ വ്യായാമം ഒരു ശീലമാക്കുക.

7. സുഖനിദ്ര

സുഖമായി ഉറങ്ങാൻ കഴിയുന്നതു തന്നെ സന്തുഷ്‌ടിയുടെ അടയാളമാണ്‌. വളരെ ഊർജ്ജസ്വലരും, സന്തോഷവാന്മാരുമായ വ്യക്തികൾ നന്നായി ഉറങ്ങുന്നവരാണ്‌. നിദ്രാരാഹിത്യം ശാരീരികവും മാനസികവുമായ വിഷമങ്ങൾ സൃഷ്‌ടിക്കുന്നു. ക്ഷീണവും മാനസികമാന്ദ്യവും ജനിപ്പിക്കുന്നു. മനസ്സിന്റെ ജാഗ്രതയും ഗ്രഹണശേഷിയും കുറയ്‌ക്കുന്നു. 6-7 മണിക്കൂർ നേരത്തെ സുഖനിദ്ര സന്തുഷ്‌ടിയുടെ ശ്രോതസാണ്‌.

8. അഗാധമായ സൗഹൃദബന്ധം പുലർത്തുക

വളരെ അടുത്ത സുഹൃത്ത്‌ നിങ്ങൾക്കുണ്ടെങ്കിൽ നിങ്ങളുടെ വേദനകളും വിഷമങ്ങളും വിഹ്വലതകളും തുറന്നു പറയുവാൻ കഴിയുന്നു. നിങ്ങളെ അഗാധമായി സ്‌നേഹിക്കുന്ന സുഹൃത്ത്‌ നിങ്ങൾക്കൊരു ആശ്വാസകേന്ദ്രമാണ.​‍്‌ നിങ്ങളുടെ ശരീരത്തിനും മനസ്സിനും ആത്മാവിനും ആശ്വാസമേകാൻ ആ സുഹൃത്തിന്റെ സാമീപ്യം സഹായിക്കുന്നു.

9. നിങ്ങൾക്ക്‌ ലഭിച്ചിരിക്കുന്ന അനുഗ്രഹങ്ങൾ നന്ദിപൂർവ്വം സ്‌മരിക്കുക.

നിങ്ങൾക്ക്‌ ലഭിച്ചിരിക്കുന്ന അനുഗ്രഹങ്ങളും സൗഭാഗ്യങ്ങളും ഒന്നൊന്നായി ദിവസവും ഓർക്കുക. അവയ്‌ക്കു ജഗദീശ്വരനോട്‌ നന്ദി പ്രകാശിപ്പിക്കുക. ഓരോ ദിവസവും ഈ അനുഗ്രഹങ്ങളെപ്പറ്റി സ്‌മരിക്കുന്നതും ധ്യാനിക്കുന്നതും സന്തോഷദായകമാണ്‌. ഈ അനുഗ്രഹങ്ങളുടെ ഒരു ലിസ്‌റ്റ്‌ തയ്യാറാക്കുന്നതും ഉപകാരപ്രദമാണ്‌.

10. നിങ്ങളുടെ ആത്മാവിനെ പരിപോഷിപ്പിക്കുക

ആത്മാവിനെ അറിയുക, ആത്മാവിനെ പരിപോഷിപ്പിക്കുക. ആത്മീയതയാണ്‌ ആത്മഹർഷത്തിലേക്ക്‌ നമ്മെ നയിക്കുന്നത്‌. പ്രാർത്ഥന, ധ്യാനം, ഉപവാസം തുടങ്ങിയ ആത്മീയാനുഷ്‌ഠാനങ്ങൾ മാനസിക സന്തോഷവും സമാധാനവും പ്രദാനം ചെയ്യുന്നു.

Generated from archived content: arogyam4.html Author: john_muzhuthettu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English