ഒരു ഗുരുവിന്റെ സഹായമില്ലാതെ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും അനായാസം അഭ്യസിക്കാവുന്ന ചില അതിലളിതമായ ധ്യാനരീതികള്‍ കൂടി വിവരിക്കാം. ധാരാളം ആളുകള്‍ പരീക്ഷിച്ചു നോക്കി ഫലപ്രദമെന്നു തെളിഞ്ഞിട്ടുള്ളതുമാണ്.
ശ്വാസോച്ഛ്വാസം എണ്ണിക്കൊണ്ടുള്ള ധ്യാനം
സൗകര്യപ്രദവും സുഖകരവുമായ വിധത്തില്‍ ഇരിക്കുക. കണ്ണുകള്‍ സാവധാനം അടയ്ക്കുക. കണ്ണുകള്‍ പാതി തുറന്നു വയ്ക്കുന്നതും നല്ലതാണ്. വളരെ സ്വാഭാവികമായി ശ്വാസോച്ഛ്വാസം ചെയ്യുക. ഒന്നു മുതല്‍ പത്തു വരെ മനസില്‍ എണ്ണിക്കൊണ്ട് സാവധാനം ശ്രദ്ധാപൂര്‍വം ശ്വാസം ഉള്ളിലേക്ക് എടുക്കുക. അതുപോലെ ഒന്നുമുതല്‍ പത്തുവരെ എണ്ണിക്കൊണ്ട് സാവധാനം ശ്വാസം വെളിയിലേക്കു വിടുക. ഇതുപ്രകാരം ഏകദേശം 20 മിനിറ്റ് നേരം ശ്വാസോച്ഛ്വാസംചെയ്തുകൊണ്ടിരിക്കുക. ശ്രദ്ധാപൂര്‍വമുള്ള എണ്ണല്‍ അലയുന്ന മനസിന്റെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു സഹായിക്കുന്നു. ചിന്തകള്‍ കടന്നുവന്നാല്‍ അവയെ നിസംഗനായി നിരീക്ഷിക്കുക. വീണ്ടും ശ്വാസോച്ഛ്വാസത്തിലേക്കും എണ്ണലിലേക്കും ശ്രദ്ധ കൊണ്ടുവരിക. ഈ രീതിയില്‍ 20-30 മിനിറ്റ് നേരം ധ്യാനിക്കാം..
നാസികാഗ്രത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ധ്യാനം
നാസികാഗ്രത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടും ഈ ധ്യാനം അനുഷ്ഠിക്കാം. ശ്വാസം ഉള്ളിലേക്കെടുക്കുമ്പോഴും പുറത്തേയ്ക്കു വിടുമ്പോഴും നാസികാഗ്രത്തില്‍ ഉണ്ടാകുന്ന അനുഭവം ശ്രദ്ധിച്ചുകൊണ്ടിരിക്കുക. ഇപ്രകാരം 20 മിനിറ്റ് ധ്യാനിക്കാം.
ഉദരചലനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്
ശ്വാസോച്ഛ്വാസ വേളയില്‍ വയറിനുണ്ടാകുന്ന ഉയര്‍ച്ച താഴ്ചകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ധ്യാനിക്കാം. ഇപ്രകാരം ശ്വാസോച്ഛ്വാസത്തില്‍ ശ്രദ്ധ ഊന്നിക്കൊണ്ടുള്ള ധ്യാനരീതികള്‍ വിവിധ മത വിഭാഗങ്ങളില്‍ നിലനിന്നു പോരുന്നുണ്ട്.
സങ്കല്‍പ ധ്യാനം
സംഘര്‍ഷമകറ്റുന്നതിനും അശുഭചിന്തകളെ അതിജീവിക്കുന്നതിനും സങ്കല്‍പ്പങ്ങള്‍ (visualisation) ഫലപ്രദമായി ഉപയോഗിച്ചു കൊണ്ട് ധ്യാനത്തില്‍ മുഴുകാം.
ചെയ്യുന്ന വിധം
വളരെ സുഖപ്രദമായ രീതിയില്‍ ഇരിക്കുകയോ കിടക്കുകയോ ചെയ്യാം. ശ്വാസോച്ഛ്വാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ശ്വാസം സാവധാനം ഉള്ളിലേക്ക് എടുക്കുന്നു. .. പുറത്തേയ്ക്കു പ്രവഹിപ്പിക്കുന്നു… ഹൃദയഹാരിയായ, മനോഹരമായ ഒരു ദൃശ്യം മനസില്‍ കാണുന്നു. നിങ്ങള്‍ ആനന്ദകരമായ സുന്ദര ദൃശ്യത്തിന്റെ ഒരു ഭാഗമായി സങ്കല്‍പ്പിക്കുക. ശാന്തി ദായകമായ സുന്ദരദൃശ്യത്തിന്റെ ഒരു ഭാഗമായി സങ്കല്‍പ്പിക്കുക. ശാന്തിദായകരമായ, ആഹ്ലാദകരമായ ദൃശ്യങ്ങളും എല്ലാ വിശദാംശങ്ങളും മനസില്‍ കാണുക. സാവധാനം നിങ്ങള്‍ അഗാധമായ വിശ്രാന്തിയില്‍ ലയിക്കുന്നു. 15-20 മിനിറ്റ് കഴിഞ്ഞു സാവധാനം കണ്ണുതുറക്കുക. മാനസികാവസ്ഥയില്‍ വരുന്ന മാറ്റങ്ങള്‍ ശ്രദ്ധിക്കുക. ചുറ്റുപാടുകള്‍ നിരീക്ഷിക്കുക. കൈകാലുകള്‍ ചലിപ്പിച്ചു സാവധാനം എഴുന്നേല്‍ക്കുക.
പ്രയോജനങ്ങള്‍
1. മാനസിക സംഘര്‍ഷമകറ്റുന്നു.
2.മനസിനും ശരീരത്തിനും വിശ്രാന്തി ലഭിക്കുന്നു.
3. ഭാവനാ ശേഷിയും സര്‍ഗാത്മകതയും വളര്‍ത്തുന്നു.
4. ശ്രദ്ധയും ഓര്‍മയും വര്‍ധിക്കുന്നു.
ഇത്തരത്തിലുള്ള ധ്യാനരീതികള്‍ എല്ലാം തന്നെ പതിവായി അഭ്യസിച്ചെങ്കില്‍ മാത്രമേ ശരിയായ പ്രയോജനം ലഭിക്കുകയുള്ളൂ..
Generated from archived content: arogyam38.html Author: john_muzhuthettu