രാജയോഗ ധ്യാനം
ബ്രഹ്മകുമാരീസ് പരിശീലിപ്പിക്കുന്ന രാജയോഗ ധ്യാനം അനായാസം പരിശീലിക്കാവുന്നതാണ്. കണ്ണടച്ചിരുന്നു ചെയ്യേണ്ട ഒരു ധ്യാന രീതിയല്ല ഇത്. സുഖപ്രദവും സ്വാഭാവികവുമായ രീതിയില്‍ ഇരിക്കുക. പ്രയാസമുള്ള ആസനങ്ങള്‍ ഒഴിവാക്കുക. തറയില്‍ പായവിരിച്ചോ കുഷ്യനിട്ടോ അതിലിരിക്കാം. അല്ലെങ്കില്‍ കസേരയില്‍ സുഖമായിരിക്കുക. ശരിയായ ബോധത്തിനപ്പുറം മനസിനെ എത്തിക്കുകയാണ് ഈ ധ്യാനത്തിന്റെ ലക്ഷ്യം. അതു കൊണ്ട് ചെറിയ ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഈ ലക്ഷ്യപ്രാപ്തിക്ക് വിഘാതമായി നിന്നേക്കാം. എന്നാല്‍ വളരെ സുഖകരമായ രീതിയും ശരിയല്ല. സുഖമായി കിടന്നു കൊണ്ട് ധ്യാനിച്ചാല്‍ ഉറക്കത്തിലേക്കു ക്രമേണ വഴുതിവീണേക്കാം. അതിനാല്‍ ഉറക്കം വരാത്ത വിധത്തില്‍ സുഖകരമായ ഒരു ആസനത്തില്‍ ഇരിക്കുന്നതാണ് ഉത്തമം.
ചെയ്യേണ്ട വിധം: ഒന്നാം ഘട്ടം
ധ്യാനിക്കുമ്പോള്‍ കണ്ണുകള്‍ അടയ്‌ക്കേണ്ട കാര്യമില്ല. കാരണം കണ്ണുകള്‍ തുറന്നിരിക്കുമ്പോള്‍ നമ്മുടെ ചുറ്റുപാടും ദൃഷ്ടിയില്‍ വരുന്ന കാര്യങ്ങള്‍ മാത്രമേ ശ്രദ്ധയില്‍ കടന്നുവരികയുള്ളൂ. മറിച്ച്, കണ്ണടച്ചിരിക്കുമ്പോളാണ് പലര്‍ക്കും ചിന്തകളുടെയും സങ്കല്‍പ്പങ്ങളുടെയും പ്രളയം ഉണ്ടാകുന്നത്. ഇത് ധ്യാനാവസ്ഥയ്ക്കു വിഘാതമായേക്കാം . അതുകൊണ്ട് ആദ്യമൊക്കെ അല്‍പം പ്രയാസം തോന്നിയാലും കണ്ണുതുറന്നിരുന്നു ധ്യാനിക്കുന്നതിനാണ് നിര്‍ദേശിക്കുന്നത്.
രണ്ടാം ഘട്ടം
രണ്ടാം ഘട്ടമാണ് വളരെ പ്രധാനപ്പെട്ടതും ഊര്‍ജസ്വലവുമായ ഘട്ടം. ഈ ധ്യാനത്തിന്റെ അടിസ്ഥാനം തന്നെ ‘ ഞാന്‍ ആത്മാവാകുന്നു…’ എന്ന നിരന്തരമായ ചിന്തയാണ്.. ബോധമാണ്…. ഒരു പ്രകാശ ബിന്ദു ഉള്ളില്‍ സങ്കല്‍പ്പിക്കുക. അലഞ്ഞു നടക്കുന്ന മനസിനെ ഈ ചിന്തയില്‍ എളുപ്പം തളച്ചിടുവാന്‍ കഴിയും. ആത്മീയതയുടെ അടിസ്ഥാനമാണ് ഈ നിരന്തര ചിന്ത. ക്രമേണ ആത്മാവ് തന്റെ ആത്മസ്വരൂപത്തെ അറിയുകയും അനുഭവിക്കുകയും ചെയ്യുന്ന അവസ്ഥ സംജാതമാകുന്നു. ആത്മാവും ബ്രഹ്മവും ലയിച്ച് ഒന്നാകുന്ന ആനന്ദകരമായ അവസ്ഥ! ബ്രഹ്മ സ്വരൂപത്തെ സ്വന്തം ആത്മസ്വരൂപത്തില്‍ സന്ദര്‍ശിക്കുന്ന അവസ്ഥ. ഇത് ഏറ്റവും മധുരവും മനോഹരവുമായി ഒരനുഭവമായി തീരുന്നു. വികാരമായി മാറുന്നു. ഏറ്റവും നിരാശനും ക്ഷീണിതനുമായവനെ പോലും ഊര്‍ജസ്വലനും സന്തോഷവാനുമായി പരിവര്‍ത്തനം ചെയ്യുന്നു.
മൂന്നാം ഘട്ടം
ഈ ഘട്ടത്തില്‍ ലൗകിക ചിന്തകളും മോഹങ്ങളും നിലയ്ക്കും. അനായാസമായി മനസ് സ്വന്തം സ്വത്വത്തിലും ദൈവശക്തിയിലും അഭയം തേടും…. വലയം പ്രാപിക്കുന്നു. ഉയര്‍ന്ന സ്വയാവബോധവും ഈശ്വര വിചാരവും സാവധാനം ഉറയ്ക്കുന്നു.
നാലാം ഘട്ടം
നാം ചിന്തകളില്‍ നിന്നു പൂര്‍ണമായി വിമുക്തമാകുമ്പോള്‍ അസാധാരണമായ ശാന്തിയും സന്തോഷവും അനുഭവിക്കാന്‍ തുടങ്ങുന്നു. മനസ് അഗാധമായി ഈ അനുഭവത്തില്‍ ലയിക്കുന്നു. ഒരു ദിവ്യമായ പ്രകാശം ആത്മാവില്‍ ദര്‍ശിക്കുന്നു. എല്ലാ അശുഭങ്ങളും ആകുലതകളും ഈ ഘട്ടത്തില്‍ അപ്രത്യക്ഷമാകുന്നു. അവിടെ മൗനം മാത്രം അവശേഷിക്കുന്നു. ദിവ്യവും അനുഗ്രഹീതവുമായി ഈശ്വര സാന്നിധ്യം അനുഭവപ്പെടുന്നു. ‘ ആത്മനും’ ‘ബ്രഹ്മനും’ ഒന്നായി തീരുന്ന അവസ്ഥ.
ആത്മാവിനെ വളരെ കൃത്യമായും വ്യക്തമായും സ്വയം അറിയുന്നതിനും മനസിലാക്കുന്നതിനും ശരീരത്തില്‍ നിന്നും സ്വയം വേറിട്ടു കാണുന്നതിനും ഈ ധ്യാനം കൊണ്ട് കഴിയുന്നു. ഇവിടെ യാന്ത്രികമായ മന്ത്രോച്ചാരണങ്ങളോ അനുഷ്ഠാനങ്ങളോ ഒന്നുമില്ല. മനസില്‍ സര്‍വ സ്വതന്ത്രമായി വ്യക്തിപരവും അഗാധവുമായ ബന്ധം പ്രപഞ്ച സത്യവുമായി, ഈശ്വര ചൈതന്യവുമായി സൃഷ്ടിക്കാന്‍ കഴിയുന്നു.
രാജയോഗ ധ്യാനത്തിന്റെ പ്രയോജനങ്ങള്‍
1. മനസ് വളരെ വേഗം സംഘര്‍ഷ വിമുക്തമാകുന്നു
2. ചിന്തകളെ നിയന്ത്രിച്ച് മനസിനെ ശാന്തവും ശുദ്ധവുമാക്കുന്നു
3. സ്വയാവബോധം വളര്‍ത്തുന്നു
4. മനസിനെ കൂടുതല്‍ ഭാവനാ സമ്പന്നവും സര്‍ഗാത്മകവും ആക്കുന്നു.
5. ആത്മജ്ഞാനത്തിലേക്കും ഈശ്വരാനുഭവത്തിലേക്കു നയിക്കുന്നു.
Generated from archived content: arogyam37.html Author: john_muzhuthettu
ഗുരുജി, ധ്യാനം ചെയ്യുന്നവർക്ക് വിവാഹ ജീവിതം തുടരുവാൻ കഴിയുമോ?