ധ്യാനത്തിന്റെ അത്ഭുത ശക്തി- മൂന്നാം ഭാഗം

1978 മുതല്‍ വാലസ് ധ്യാനത്തിന് പ്രായത്തിന്റെമേലുള്ള സ്വാധീനത്തെപ്പറ്റിയാണ് പഠനങ്ങള്‍ നടത്തിയത്. ശാരീരികമായ പ്രായത്തിന്റെ (biological) അളവു കോലായി മൂന്നു ഘടകങ്ങള്‍ ആണ് എളുപ്പത്തില്‍ പരിഗണിക്കപ്പെടുന്നത്. 1. രക്ത സമ്മര്‍ദം 2. സമീപ കാഴ്ച ശക്തി 3. കേള്‍വി ശക്തി. ഇവ മൂന്നും ദീര്‍ഘനാളത്തെ ധ്യാന പരിശീലന ഫലമായി മെച്ചപ്പെടുന്നതായി അദ്ദേഹം കണ്ടെത്തി. അതായത് ധ്യാനിക്കുന്നവര്‍ക്ക് പ്രായക്കുറവ് അനുഭവപ്പെടുന്നുവെന്ന് ശാസ്ത്രീയമായി തെളിയിക്കാന്‍ വാലസിനു കഴിഞ്ഞു. കൃത്യമായി പറഞ്ഞാല്‍ അതീന്ദ്രീയ ധ്യാനം 5 വര്‍ഷകാലത്തില്‍ താഴെ പരിശീലിച്ചവര്‍ക്ക് ശരാശരി 5 വര്‍ഷവും, 5 വര്‍ഷത്തില്‍ കൂടുതല്‍ പരിശീലിച്ചവര്‍ക്ക് 12 വര്‍ഷവും പ്രായക്കുറവ് അനുഭവപ്പെട്ടതായി തെളിഞ്ഞു. ധ്യാനം നിത്യയൗവനം കൈവരിക്കാന്‍ നമ്മെ പ്രാപ്തരാക്കുന്നു.

പിന്നീട് 2000 ധ്യാനപരിശീലകരില്‍ നടത്തിയ പഠനങ്ങളില്‍ എല്ലാ പ്രായക്കാരിലും പൊതുവായ ആരോഗ്യം നിലനിര്‍ത്താന്‍ ധ്യാനം സഹായിക്കുന്നതായി കാണുകയുണ്ടായി. ധ്യാനം ശീലിക്കുന്നവര്‍ അല്ലാത്തവരെ അപേക്ഷിച്ചു പകുതിയില്‍ താഴെ പ്രാവശ്യം മാത്രമെ ഡോക്റ്ററെ കാണുകയോ ആശുപത്രിയില്‍ പോവുകയോ ചെയ്യേണ്ടിവരുന്നുള്ളൂ. ഹൃദ്രോഗ സാധ്യത ധ്യാനിക്കുന്നവര്‍ക്ക് 80 ശതമാനവും ക്യാന്‍സര്‍ രോഗബാധ 50 ശതമാനവും കുറവായിരുന്നു. 65 വയസിനു മുകളില്‍ പ്രായമായവര്‍ക്ക് ധ്യാനത്തിന്റെ പ്രയോജനം പ്രകടമായി ഏറെ കൂടുതലായിരുന്നു.

വര്‍ഷങ്ങള്‍ക്കു മുന്‍പ്, ലോക പ്രശസ്തനായ ഹൃദ്രോഗ ചികിത്സാവിദഗ്ധന്‍ ഡോ. ഡീന്‍ ഓര്‍ണിഷ് ധ്യാനം ഹൃദ്രോഗ നിവാരണത്തിനും പ്രതിരോധത്തിനും സഹായിക്കുന്നുവെന്നു തന്റെ പഠനങ്ങളുടെ വെളിച്ചത്തില്‍ വ്യക്തമാക്കുകയുണ്ടായി. 2003 ഏപ്രില്‍ മാസത്തില്‍ അമേരിക്കന്‍ യൂറോളജിക്കല്‍ അസോസിയേഷന്റെ യോഗത്തില്‍ ധ്യാനം പ്രോസ്‌റ്റേറ്റ് ക്യാന്‍സറിനെ പ്രതിരോധിക്കുമെന്നു കണ്ടെത്തിയതായി പ്രഖ്യാപിച്ചു. ധ്യാനവും യോഗായും ഭക്ഷണ നിയന്ത്രണവും കൊണ്ട് രക്ത കുഴലുകളില്‍ കട്ടിപിടിച്ച കൊഴുപ്പ് നീക്കി ആരോഗ്യകരമായ പൂര്‍വാവസ്ഥ കൈവരിക്കാന്‍ കഴിയുമെന്ന് അദ്ദേഹം തെളിയിച്ചു.

ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂള്‍ മെഡിസിന്‍ പ്രൊഫസറായിരുന്ന ഡോ. ഹെര്‍ബര്‍ട്ട് ബെന്‍സണ്‍ 1967 മുതല്‍ അതീന്ദ്രീയ ധ്യാന പരിശീലകരില്‍ നടത്തിയ പഠനത്തില്‍ പല പുതിയ കണ്ടെത്തലുകളും നടത്തി. ധ്യാനിക്കുമ്പോള്‍ ഒരു വ്യക്തി 17 ശതമാനം കുറവ് ഓക്‌സിജന്‍ മാത്രമേ ഉപയോഗിക്കുകയുള്ളൂ. ഹൃദയമിടിപ്പ് കുറയുകയും ‘തീറ്റാ’ മസ്തിഷ്‌ക തരംഗങ്ങള്‍ വര്‍ധിക്കുകയും (ഉറക്കത്തിനു മുമ്പുള്ള മയക്കത്തിലെ അവസ്ഥ) ചെയ്യുന്നു. അദ്ദേഹത്തിന്റെ ലോക പ്രശസ്തമായ ‘ റിലാക്‌സേഷന്‍ റെസ്‌പോണ്‍സ്’ എന്ന ഗ്രന്ഥത്തില്‍ സംഘര്‍ഷവേളയില്‍ ഉണ്ടാകുന്ന ഫൈറ്റ് ഓര്‍ ഫ്‌ളൈറ്റ് പ്രതികരണത്തെ പ്രതിരോധിക്കാന്‍ ധ്യാനത്തിന് കഴിയുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ധ്യാനപരിശീലകന്‍ കൂടുതല്‍ ശാന്തരും സന്തോഷവന്മാരും ഊര്‍ജസ്വലരുമായിത്തീരുന്നു.

ഇങ്ങനെ ആധുനിക പഠന ഫലങ്ങള്‍ വിലയിരുത്തുമ്പോള്‍ ഒരു വസ്തുത വ്യക്തമാക്കുന്നു. ധ്യാനം വെറും സംഘര്‍ഷ നിവാരണ മാര്‍ഗമോ ആത്മീയതയിലേക്കുള്ള പാതയോ മാത്രമല്ല. മറിച്ച് ശാരീരികവും മാനസികവും ആത്മീയവുമായ ഉണര്‍വും ഉന്മേഷവും നല്‍കി നിത്യ യൗവനം നിലനിര്‍ത്താന്‍ സഹായിക്കുന്ന വയാഗ്രയാണ്

വിവിധ ധ്യാന രീതികള്‍

വിവിധ തരത്തിലുള്ള ധ്യാന രീതികള്‍ ഇന്നു നിലവിലുണ്ട്. ധ്യാനം ഒരു ആത്മീയ അനുഷ്ഠാനമായും മനഃശാന്തിയും ആരോഗ്യവും കൈവരിക്കാനുള്ള ഒരുപാധിയായും ഉപയോഗപ്പെടുത്താം. ഒരു ആത്മീയ മാര്‍ഗമായി ധ്യനം അഭ്യസിക്കുമ്പോള്‍ ഒരു ഗുരുവിന്റെ സഹായം അനിവാര്യമാണ്. എന്നാല്‍ ഒരു ആരോഗ്യ ശീലമായി ധ്യാനം പരിശീലിക്കുമ്പോള്‍ ഗുരുസഹായം വേണമെന്നില്ല

ആര്‍ക്കും പരിശീലിക്കാവുന്ന ലളിതമായ ധ്യാന രീതികളെപ്പറ്റി അടുത്ത ലക്കം വിവരിക്കാം.

Generated from archived content: arogyam36.html Author: john_muzhuthettu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here