ധ്യാനത്തിന്റെ അത്ഭുതശക്തി ( തുടര്‍ച്ച )

പ്രായത്തെ പ്രധിരോധിക്കാന്‍ ധ്യാനം

“ഔഷധം ശരീരത്തെ രോഗവിമുക്തമാക്കുന്നു.ധ്യാനം ആത്മാവിനെയും” എന്ന പ്രശസ്തമായ ഉദ്ധരണി ധ്യാനത്തിന്റെ ആത്മീയവശം മാത്രമേ പ്രകടമാക്കുന്നുള്ളൂ. ആധുനിക ശാസ്ത്രീയ പഠനങ്ങളുടെയും പരീക്ഷണങ്ങളുടെയും വെളിച്ചത്തില്‍ ധ്യാനം ശരീരത്തെയും മനസ്സിനെയും ആത്മാവിനെയും സ്വാധീനിക്കുകയും രോഗവിമുക്തമാക്കുകയും ചെയ്യുന്നുവെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മനുഷ്യന്റെ സമഗ്രമായ ആരോഗ്യപരിപാലനത്തിനും യൗവ്വനസംരക്ഷണത്തിനും ധ്യാനം അങ്ങേയറ്റം സഹായകരമാണ്.

ഡോ.ദീപക് ചോപ്ര തന്റെ ഏജ് ലെസ് ബോഡി, ടൈം ലസ് മൈന്‍ഡ് എന്ന പ്രശസ്തമായ ഗ്രന്ഥത്തില്‍ ധ്യാന പരിശീലനത്തിലൂടെ ശാരീരിക പ്രായത്തെ ഫലപ്രദമായി പ്രതിരോധിക്കാനും കുറയ്ക്കാനും കഴിയുമെന്ന് ധാരാളം പഠനഫലങ്ങളുടെ വെളിച്ചത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരു ഡോക്ടര്‍ എന്ന നിലയില്‍ അദ്ദേഹം പതിവായി ധ്യാനം പരിശീലിയ്ക്കുകയും ചെയ്തുവരുന്നു.

ഡോ.ദീപക് ചോപ്രയും, അദ്ദേഹത്തിന്റെ സുഹൃത്ത് ഡോ ജയ് ഗ്ലാസറൂം ചേര്‍ന്നു നടത്തിയ ഒരു പഠനത്തില്‍ അഡ്രീനല്‍ കോര്‍ട്ടക്സ് സ്രാവമായ ഡി.എച്ച്.ഇ.എ യുടെ രക്തത്തിലെ അളവ് പ്രായമേറുന്തോറും കുറഞ്ഞു വരുന്നതായി കണ്ടു. ഇതിന്റെ അളവ് ഏറ്റവും കൂടൂതല്‍ 25 വയസിലും പിന്നീട് പ്രായാധിക്യം അനുസരിച്ച് കുറഞ്ഞു വരികയും പരമാവധി അളവിന്റെ 5ശതമാനമായി ചുരുങ്ങുകയും ചെയ്യുന്നു. ഡി.എച്ച്.ഇ.എ യുടേ അളവ് ശരീരസംഘര്‍ഷഫലമായി കുറയുന്നു. ഡി.എച്ച്.ഇ.എ യുടെ വര്‍ദ്ധിച്ച അളവ് ദീര്‍ഘായുസിനും പ്രായപ്രതിരോധത്തിനും സഹായിക്കുന്നു.

ഡോ. ഗ്ലാസര്‍ ധ്യാന പരിശീലകരെയും ധ്യാനിക്കാത്തവരെയും താരതമ്യ പഠനത്തിന് വിധേയരാക്കിയപ്പോള്‍ ഡി.എച്ച്.ഇ.എ യുടെ അളവ് ധ്യാനപരിശീലകരില്‍ കൂടുതലായിരുന്നു. ധ്യാനം പ്രായത്തെ പ്രതിരോധിക്കുന്നു എന്നതിനു ശാസ്ത്രീയ തെളിവായിരുന്നു ഈ പരീക്ഷണം. ധ്യാനം കൊണ്ട് 6 മുതല്‍ 10 വര്‍ഷം വരെ ശാരീരികമായ പ്രായക്കുറവ് കൈവരിക്കാന്‍ കഴിയുമെന്നും അദ്ദേഹം വിലയിരുത്തി.

സംഘര്‍ഷവും അകാലവാര്‍ദ്ധക്യവും

മാനസിക – ശാരീരിക സംഘര്‍ഷഫലമായി ഉല്പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണുകളും പ്രായമാവുന്ന പ്രക്രിയയും തമ്മിലുള്ള ബന്ധം നിരവധി പരീക്ഷണങ്ങളിലൂടേ തെളിയിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ ഈ ‘ സ്ട്രെസ് ഹോര്‍മോ’ ണുകളെ എങ്ങനെ നിയന്ത്രിക്കാം എന്നതാണ് പ്രശ്നം. എന്നാല്‍ ഇവയെ ഫലപ്രദമായി നിയന്ത്രിക്കാന്‍ കഴിയുന്ന മാര്‍ഗ്ഗമാണ് ധ്യാനം. ദീര്‍ഘകാലമായി ധ്യാനം പരിശീലിക്കുന്നവരില്‍ അഡ്രിനാലീനും കോര്‍ട്ടിസോളും കുറഞ്ഞ അളവില്‍ മാത്രമാണ് കാണപ്പെടുന്നത്.

1970 ന്‍ മുന്‍പ് ധ്യാനത്തിന് ഇത്ര പ്രയോജനങ്ങള്‍ ഉണ്ടെന്ന് പ്രതീക്ഷിക്കുകപോലുമുണ്ടായിട്ടില്ല, പ്രത്യേകിച്ച് ശാസ്ത്രലോകം. ഡോ.കെയ്ത്ത് വാലസ് ധ്യാനത്തിന് ആധ്യാത്മിക നേട്ടങ്ങള്‍ക്കു പുറമേ മനുഷ്യശരീരത്തെയും മനസ്സിനെയും അത്ഭുതകരമായി സ്വാധീനിക്കാന്‍ കഴിയുമെന്ന് ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെ തെളിയിക്കുകയുണ്ടായി. അതീന്ദ്രിയ ധ്യാനപരിശീലകരിലാണ് അദ്ദേഹം പരീക്ഷണങ്ങള്‍ നടത്തിയത്. ധ്യാനവേളയില്‍ അവരിലുണ്ടാവുന്ന വളരെ പ്രധാനപ്പെട്ട ശാരീരികപ്രക്രിയകള്‍ അദ്ദേഹം പഠനവിധേയമാക്കി. ശാന്തിയും ആന്തരികമൗനവും ധ്യാനഫലമായി അനുഭവിക്കാന്‍ കഴിയുന്നുവെന്ന് ധ്യാനപരിശീലകര്‍ വെളിപ്പെടുത്തുകയുണ്ടായി. ഈ മാറ്റങ്ങള്‍ കൈവരിക്കാന്‍ ഏറെ നാലത്തെ പരിശീലനം വേണ്ടി വരുമെന്നായിരുന്നു ധരിച്ചിരുന്നത്. പ്ക്ഷേ ഒരു മന്ത്രം ഉരുവിട്ടുകൊണ്ടുള്ള അതീന്ദ്രിയധ്യാനം വളരെ വേഗം തന്നെ ശാരീരിക മാനസിക മാറ്റങ്ങള്‍ വരുത്തുവാന്‍ പര്യാപതമാണെന്ന് തെളിയുകയുണ്ടായി.

ഡോ.വാലസ് ഈ പരീക്ഷണങ്ങള്‍ക്ക് മുന്‍കൈ എടുക്കുന്ന കാലത്ത് ധ്യാനത്തിന്റെ രസതന്ത്രം തികച്ചും അജ്ഞാതമായിരുന്നു. കണ്ണടച്ച് ധ്യാനത്തിലിരിക്കുന്നവര്‍ക്ക് വിശ്രാന്തജാഗ്രത കൈവരിക്കാന്‍ കഴിയുന്നതായി അദ്ദേഹം കണ്ടെത്തി. അതായത് മനസ്സ് അതീവ ജാഗ്രതയിലും ശരീരം അഗാധ വിശ്രാന്തിയിലും ആയിരിക്കും. ഈ അവസ്ഥയെ അദ്ദേഹം ഹൈപ്പോ മെറ്റബോളിക് വെയ്ക്ക് ഫുള്‍നസ്സ് എന്നാണ് നാമകരനം ചെയ്തത്. ഈ അവസ്ഥ ആദ്യമായി മനസ്സിലാക്കിയപ്പോള്‍ ശാസ്ത്രലോകം അതിശയിച്ചുപോയി. കാരണം വിശ്രാന്തിയും ജാഗ്രതയും രണ്ടു വിപരീതാവസ്ഥകളിലായിട്ടാണ് മനസിലാക്കിയിരുന്നത്. അതു രണ്ടും ഒരാളില്‍ ഒരേ സമയം ജനിപ്പിക്കുക അത്ഭുതകരമല്ലേ? തന്നെയുമല്ല ധ്യാനാവസ്ഥയില്‍ ഉറക്കത്തിലേക്കാള്‍ അഗാധമായ വിശ്രാന്തികൈവരിക്കുന്നതിനും കഴിയുന്നു. അതും ഉറക്കത്തിലേക്കാള്‍ വേഗത്തിലും!

Generated from archived content: arogyam35.html Author: john_muzhuthettu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English