ധ്യാനം മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുള്ളതാണ്. അതു ഒരു പൗരസ്ത്യ മതാചാരമായിരുന്നു. പാശ്ചാത്യര്‍ ഇപ്പോള്‍ ഇതിന്റെ വിവിധവശങ്ങളെപ്പറ്റി ശാസ്ത്രീയ പഠനങ്ങളും പരീക്ഷണങ്ങളും നടത്തി ധാരാളം പുതിയ കണ്ടെത്തലുകള്‍ നടത്തിക്കൊണ്ടിരിക്കുന്നു.
ധ്യാനത്തെപ്പറ്റി പൗരാണിക വേദഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട്. ശ്രീബുദ്ധന്‍ ഒരാല്‍മരത്തിന്റെ ചുവട്ടിലിരുന്നു ധ്യാനിച്ചപ്പോഴാണ് ആത്മജ്ഞാനം കൈവരിച്ചത് എന്നാണല്ലോ പറയപ്പെടുന്നത്. രണ്ടാം നൂറ്റാണ്ടില്‍ ഒരുകൂട്ടം ക്രിസ്ത്യന്‍ സന്യാസിമാര്‍ ലൗകികജീവിതം വെടിഞ്ഞു. ലാളിത്യത്തില്‍ ജീവിക്കുകയും ദൈവത്തോട് അടുക്കാന്‍ വേണ്ടി ധ്യാനിക്കുകയും ചെയ്തിരുന്നു. പിന്നീട് ആയിരം സംവത്സരങ്ങള്‍ക്ക് ശേഷം ധ്യാനം ക്രിസ്തുമതാചാരങ്ങളുടെ ഒരു പ്രധാന ഭാഗമായിത്തീര്‍ന്നു.
1967 കാലഘട്ടത്തില്‍ മഹര്‍ഷി മഹേഷ് യോഗിയുടെ അതീന്ദ്രിയധ്യാനം പാശ്ചാത്യരെ ഹഠാദാകര്‍ഷിച്ചു. ലോകപ്രശസ്തരായ ബീറ്റിത്സ് പോലും ഇതില്‍ ആകൃഷ്ടരായി മഹേഷ് യോഗിയുടെ ശിഷ്യത്വം സ്വീകരിച്ചു. ഇതോടുകൂടിയാണ് അതീന്ദ്രിയ ധ്യാനത്തിന്റെ പ്രസക്തി ലോകമെങ്ങും വ്യാപിച്ചത്. ഭാരതീയര്‍ പോലും ധ്യാനത്തിന്റെ പ്രാധാന്യവും പ്രയോജനങ്ങളും ശരിയായി മനസ്സിലാക്കിയത് ഇതിനിശേഷമാണ്.
പാശ്ചാത്യനാടുകളില്‍ വിവിധതരത്തിലുള്ള ധ്യാനരീതികള്‍ പ്രചാരത്തിലുണ്ട്. പ്രത്യേക ധ്യാന കേന്ദ്രങ്ങളും ഉണ്ട്.പത്തുമില്യണ്‍ അമേരിക്കക്കാര്‍ പതിവായി ഏതെങ്കിലും തരത്തിലുള്ള ധ്യാനം പരിശീലിക്കുന്നുണ്ട് എന്നാണ് കണക്കുകള്‍. ഒരു പതിറ്റാണ്ട് മുമ്പ് ധ്യാനിച്ചിരുന്നവരുടെ എണ്ണത്തേക്കാള്‍ ഇരട്ടിയാണിത്.
സ്കൂളുകളിലും ആശുപത്രികളിലും കമ്പിനികളിലും ജയിലുകളിലും ഇന്ന് ധ്യാനം വ്യാപകമായി പരിശീലിപ്പിക്കുന്നുണ്ട്. പലരാജ്യങ്ങളിലും എയര്‍പ്പോര്‍ട്ടിനോട് ചേര്‍ന്ന് ധ്യാനമുറികളും സംവിധാനം ചെയ്തിട്ടുണ്ട്. ഇന്ന് ഡോക്ടര്‍മാര്‍ ധാരാളമായി ധ്യാനം രോഗനിവാരനത്തിനായി നിര്‍ദ്ദേശിക്കുന്നുണ്ട്. സംഘര്‍ഷങ്ങളകറ്റി മനഃശാന്തി കൈവരിക്കുവാന്‍ ധ്യാനമൊരു ഉത്തമ മാര്‍ഗ്ഗമാണെന്ന് മുപ്പതു വര്‍ഷത്തെ പഠനങ്ങള്‍ വ്യക്തമാക്കുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആളുകള്‍ വിവിധ തരത്തിലുള്ള ധ്യാനരീതികള്‍ പരിശീലിക്കുന്നുണ്ട്. ധ്യാനം മനസ്സിനും ശരീരത്തിനും ഉന്മേഷവും ഊര്‍ജ്ജസ്വലതയും പ്രദാനം ചെയ്യുന്ന ശക്തിയേറിയ ഒരു ടോണിക്കാണ്. സംഘര്‍ഷങ്ങളും സങ്കടങ്ങളും അകറ്റി ശരീരത്തിനും മനസ്സിനും അഗാധമായ വിശ്രാന്തി നല്‍കുന്നു. സംഘര്‍ഷബന്ധിയായ പല രോഗങ്ങള്‍ക്കും പ്രതിവിധിയായി ധ്യാനം നിര്‍ദ്ദേശിക്കപ്പെടുന്നു. രക്തസമ്മര്‍ദ്ദം, അലര്‍ജി, പ്രമേഹം, തലവേദന, ആസ്ത്മ, ഉറക്കമില്ലായ്മ,ഹൃദ്രോഗം തുടങ്ങിയ നിരവധി രോഗങ്ങള്‍ക്ക് ആശ്വാസമേകാന്‍ ധ്യാനത്തിന് കഴിയുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. മദ്യപാനം,പുകവലി തുടങ്ങിയ ദിശ്ശീലങ്ങളില്‍ നിന്ന് മുക്തി നേടാന്‍ ധ്യാനം സഹായിക്കുന്നു. ഉദ്വേഗം,നിരാശ,ആത്മവിശ്വാസമില്ലായ്മ തുടങ്ങിയ മാനസികപ്രശ്നങ്ങള്‍ക്കും ധ്യാനം ഒരു പരിഹാരമാണ് എന്ന് കണ്ടിട്ടുണ്ട്. പതിവായി ധ്യാനിക്കുന്ന കുട്ടികളിലും യുവാക്കളിലും ഓര്‍മ്മശക്തി,ഏകാഗ്രത, പഠനശേഷി തുടങ്ങിയ കഴിവുകള്‍ വര്‍ദ്ധിക്കുന്നതായി തെളീഞ്ഞിട്ടുണ്ട്.കൂടാതെ അവരുടെ രോഗപ്രതിരോധശേഷിയും രോഗനിവാരണശക്തിയും വര്‍ദ്ധിക്കുന്നു.
ആധുനിക പഠനങ്ങളും പരീക്ഷണങ്ങളും ധ്യാനം എങ്ങനെ മസ്തിഷ്കത്തെയും മനസ്സിനെയും രൂപാന്തരപ്പെടുത്തുന്നു എന്ന് വ്യക്തമാക്കുന്നു. ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള ബ്രയിന്‍ സ്കാനിംഗ് ധ്യാനം എങ്ങനെയാണ് മസ്തിഷകരോഗങ്ങളെയും മസ്തിഷ്കപ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നത് എന്ന് മനസ്സിലാക്കുവാന്‍ സഹായിക്കുന്നു.
മസാചുസെറ്റ്സ് സെട്രല്‍ ഹോസ്പിറ്റലിലെ റിസേര്‍ച്ച് അസിസ്റ്റന്റായ സാറാ ലാസര്‍ നടത്തിയ പഠനത്തില്‍ പതിവായ ധ്യാന പരിശീലനം മസ്തിഷ്കത്തിലെ സെറിബ്രല്‍ കോര്‍ട്ടക്സിന്റെ ഭാഗങ്ങള്‍ക്ക് കട്ടിവര്‍ദ്ധിപ്പിക്കുന്നതായി കണ്ടെത്തി.ശ്രദ്ധ,ഓര്‍മ്മശക്തി, തീരുമാനം എടുക്കുവാനുള്ള ശേഷി തുടങ്ങിയ പ്രക്രിയകളെ നിയന്ത്രിക്കുന്നതാണ് മസ്തിഷ്കതിന്റെ ഈ ഭാഗം.പ്രായം ഏറുന്തോറും സ്വാഭാവികമായി കോര്‍ട്ടക്സിന്റെ ഘനം കുറഞ്ഞുവരികയാണ് ചെയ്യുന്നത്. ഇങ്ങനെ പ്രായാധിക്യം മൂലമുള്ള മാറ്റങ്ങളെ പ്രതിരോധിക്കുന്നതിനും ധ്യാനത്തിനു കഴിയുന്നു എന്നാണ് സാറയുടെ പഠനങ്ങല്‍ തെളിയിക്കുന്നത്.
വിസ്കോണ്‍സിന്‍ യൂണിവേഴ്സിറ്റിയിലെ റിച്ചാര്‍ഡ് ഡേവിഡിന്റെ അഭിപ്രായത്തില്‍ “ശ്രദ്ധയാണ് പഠനത്തിന്റെ താക്കോല്‍.ധ്യാനം അതിനെ ബോധപൂര്‍വ്വം നിയന്ത്രിക്കുവാന്‍ സഹായിക്കുന്നു”. 1992 മുതല്‍ ദലായ് ലാമയുമായി ചേര്‍ന്ന് ടിബറ്റിലെ സന്യാസിമാരില്‍ നടത്തിയ പരീക്ഷണത്തില്‍ അസാധാരനമായശക്തിയുള്ള ‘ഗാമാ’ തരംഗങ്ങള്‍ ധ്യാനവേളയില്‍ അവരുടെ മസ്തിഷ്കഭാഗങ്ങളില്‍നിന്നും പുറപ്പെടുന്നതായി കണ്ടെത്തി.അത് വര്‍ദ്ധിച്ച അവബോധത്തിന് കാരണമാകുകയും ചെയ്യുന്നു.
ഫ്യൂഗ്സ് എയര്‍ക്രാഫ്റ്റ്,ഗൂഗിള്‍, ഡ്യൂഷേബാങ്ക് തുടങ്ങിയ വിദേശ സ്ഥാപനങ്ങളില്‍ അവരുടെ തൊഴിലാളികള്‍ക്ക് ധ്യാനത്തില്‍ പരിശീലന ക്ലാസ്സുകള്‍ നല്‍കിവരുന്നു. അമേരിക്കയിലെ ടവ്വര്‍ കമ്പനി ചീഫ് ജഫ്രീമ്പ്രാംസണ്‍,അവരുടെ 75% ജീവനക്കാര്‍ക്കും അതീന്ദിയധ്യാനത്തില്‍ സൗജന്യപരിശീലനം തൊഴിലാളികളുടെ സംഘര്‍ഷബന്ധിയായ രോഗങ്ങളും അതുമൂലം ഉണ്ടാകുന്ന തൊഴില്‍നഷ്ടവും കുറയ്ക്കാനും ഉല്പാദനക്ഷമത വര്‍ദ്ധിപ്പിക്കുവാനും സഹായിക്കുന്നു എന്നു കാണുകയുണ്ടായി.
ഒരു വ്യക്തിയുടെ വൈകാരിക പക്വതയും വ്യക്തിബന്ധങ്ങളും മെച്ചപ്പെടുത്തുവാന്‍ സഹായിക്കുന്നുവെന്നതാണ്‍ ധ്യാനത്തിന്റെ മറ്റൊരു സവിശേഷത. ഇമോഷണല്‍ ഇന്റലിജന്‍സ് ഒരു വ്യക്തിയുടെ മികവുറ്റ പ്രവര്‍ത്തനത്തിനും ജീവിതവിജയത്തിനും അനിവാര്യമായ ഘടകമാണ്. ഇതു മെച്ചപ്പെടുത്തുവാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം ധ്യാനമാണെന്ന് പരക്കെ അംഗീകരിക്കെപ്പെട്ടുകഴിഞ്ഞു.
Generated from archived content: arogyam34.html Author: john_muzhuthettu