അക്യുപ്രഷര്‍ രോഗപ്രതിരോധത്തിന്

ടെന്‍ഷന്‍ അകറ്റാന്‍ വളരെ ഫലപ്രദമായ മാര്‍ഗമാണ് അക്യുപ്രഷര്‍. ഇത് ഒരു പുരാതന ചൈനീസ് ചികിത്സാ രീതിയാണ്. ഒരു വ്യക്തിയുടെ ആരോഗ്യത്തിന്റെ അളവുകോല്‍ അയാളുടെ ശരീരത്തിലെ മെറഡിയനുകളിലൂടെയുള്ള അദൃശ്യമായ ഊര്‍ജ്ജപ്രവാഹവും എനര്‍ജി ലവലുമാണ്. അദൃശ്യമായ ഊര്‍ജ്ജപ്രവാഹത്തിന്റെ സാങ്കല്‍പ്പികമായ ചാനലുകളാണ് മെറഡിയനുകള്‍. തല മുതല്‍ കാല്‍വിരലുകള്‍‍ വരെ താഴേക്കും മുകളിലേക്കും ഈ ഊര്‍ജ്ജ പ്രവാഹം നടക്കുന്നു. ഈ സുപ്രധാന ഊര്‍ജ്ജത്തെ ‘ ചി’ എന്നാണ് ചൈനീസ് ഡോക്ടര്‍മാര്‍ വിളിക്കുന്നത്. ചി യുടെ പ്രവാഹത്തില്‍ ഉണ്ടാകുന്ന അസന്തുലിതാവസ്ഥയോ തടസ്സങ്ങളോ ആണ് രോഗാവസ്ഥക്കു കാരണം. ചില പ്രത്യേക പ്രഷര്‍ പോയിന്റുകളില്‍ പ്രസ് ചെയ്തു കൊണ്ട് ഊര്‍ജ്ജപ്രവാഹത്തിലുണ്ടാവുന്ന തടസ്സങ്ങളും അസന്തുലിതാവസ്ഥയും പരിഹരിക്കാന്‍ കഴിയുമെന്നുള്ളതാണ് അക്യുപ്രഷറിന്റെ അടിസ്ഥാന തത്വം.

ആര്‍ക്കും സ്വന്തമായി പ്രയോഗിക്കാവുന്ന ഒരു തെറാപ്പി ആണ് അക്യുപ്രഷര്‍ . ഓരോ രോഗത്തിനും ബന്ധപ്പെട്ട് പ്രഷര്‍ പോയിന്റുകള്‍ ‍ ഉണ്ട്. ഇത് മനസ്സിലാക്കിയെങ്കില്‍ മാത്രമേ ചികിത്സ ഫലപ്രദമാകുകയുള്ളു. അക്യുപംക്ചറില്‍ ഡോക്ടര്‍ പ്രഷര്‍ പോയിന്റുകളില്‍ സൂചി കുത്തുമ്പോള്‍‍ കൈവിരലുകള്‍ കൊണ്ട് സമ്മര്‍ദ്ദം ഏല്‍പ്പിക്കുകയാണ് അക്യു പ്രഷറില്‍ ചെയ്യുന്നത്. അക്യുപംക്ചറിന്റെയും അക്യുപ്രഷറിന്റെയും അടിസ്ഥാന തത്വങ്ങള്‍ ഒന്നു തന്നെയാണ്.

ഒരു വ്യക്തിയുടെ രോഗപ്രതിരോധ രോഗനിവാരണ ശക്തികളെ ഉണര്‍ത്തി രോഗങ്ങളെ അകറ്റുകയാണ് അക്യുപ്രഷര്‍ ചെയ്യുന്നത്. സ്പര്‍ശം ആനന്ദകരം മാത്രമല്ല സൗഖ്യദായകവുമാണ് എന്ന് മനുഷ്യന്‍ പുരാതകാലം മുതല്‍ മനസിലാക്കിയിരുന്നു. അനുഭവിച്ചറിഞ്ഞിരുന്നു. ശരീരത്തിന്റെ ഒരു ഭാഗത്തുണ്ടാവുന്ന വേദന വേറൊരു ഭാഗത്തെ സ്പര്‍ശം കൊണ്ട് മാറുന്നതായി അവന്‍ മനസിലാക്കി. ക്രമേണ , മനുഷ്യശരീരത്തിന് പല പോയിന്റുകള്‍ തമ്മില്‍ ഒരു ഊര്‍ജ്ജ പ്രവാഹത്തില്‍ ബന്ധിക്കപ്പെട്ടിരിക്കുന്നുവെന്ന് വെളിപ്പെട്ടു. ഈ സാങ്കല്‍പ്പിക ഊര്‍ജ്ജപ്രവാഹചാനലുകളായ മെറഡിയനുകളെ അടിസ്ഥാനമാക്കിയാണ് അക്യുപ്രഷറും അക്യുപംക്ചറും പ്രവര്‍ത്തിക്കുന്നത്. മെറഡിയനുകളില്‍ ഉള്ള പ്രഷര്‍ പോയിന്റുകളില്‍ സമ്മര്‍ദ്ദം ഏല്‍പ്പിക്കുമ്പോള്‍ മെറിഡിയനുകളില്‍ കൂടിയുള്ള ഊര്‍ജ്ജ പ്രവാഹം നേരെയാവുകയും രോഗവിമുക്തിയുണ്ടാവുകയും ചെയ്യുന്നു.

എങ്ങെനെ ചെയ്യാം?

അക്യുപ്രഷര്‍ സ്വന്തമായും ഒരു സഹകാരിയുടെ സഹായത്തോടെയും ചെയ്യാന്‍ കഴിയും. രോഗാവസ്ഥയില്‍ ശരീരത്തിലെ ചില പോയിന്റുകളില്‍ വിരല്‍ത്തുമ്പുകൊണ്ട് പ്രസ് ചെയ്യുമ്പോള്‍ നല്ല വേദന , അനുഭവപ്പെടുന്നതായി കാണാം. അവിടെത്തന്നെ വീണ്ടും വീണ്ടും പ്രസ് ചെയ്യുകയോ തിരുമ്മുകയോ ചെയ്യുമ്പോള്‍ വേദന കുറയുകയോ മാറുകയോ ചെയ്യും. അപ്പോഴാണ് രോഗശാന്തിയുണ്ടാകുന്നത് ഒരാളുടെ കയ്യുടെ പെരുവിരല്‍ ആണ് അക്യുപ്രഷറില്‍ ഉപയോഗിക്കുന്ന പ്രധാന ആയുധം. മറ്റു വിരലുകളും ഇതോടൊപ്പം ഉപയോഗപ്പെടുത്താം. ഓരോ രോഗത്തിനും പ്രത്യേകം പ്രഷര്‍ പോയിന്റുകളില്‍ വേണം പ്രസ് ചെയ്യുവാന്‍. അഞ്ചു മുതല്‍ ഏഴു സെക്കന്റ് നേരത്തേക്ക് നിര്‍ദ്ദിഷ്ട പ്രഷര്‍ പോയിന്റില്‍ പ്രസ് ചെയ്തു പിടിക്കുക തുടര്‍ന്ന് വിശ്രമം കൊടുക്കുക. ഏതാനും നിമിഷത്തേക്ക് പിന്നീട് വീണ്ടും പ്രസ് ചെയ്യുക ഇത് പല പ്രാവശ്യം ചെയ്യുക. ഇത് പല പ്രാവശ്യം ആവര്‍ത്തിക്കുക. കൈവെള്ളയിലെ പ്രഷര്‍ പോയിന്റുകളില്‍ അക്യുപ്രഷര്‍ സ്വയം പ്രയോഗിക്കാന്‍ വളരെ എളുപ്പമാണ്. ബസിലും കാറിലും ട്രെയിനിലുമൊക്കെ യാത്ര ചെയ്യുമ്പോഴും ടി. വി കാണുമ്പോഴും തിയേറ്ററിലിരിക്കുമ്പോഴുമൊക്കെ ഇത് ചെയ്യാന്‍ കഴിയുമെന്ന മെച്ചമുണ്ട്.

അക്യുപ്രഷറില്‍ മൂന്നുതരത്തിലുള്ള സമ്മര്‍ദ്ദമാണ് പ്രഷര്‍ പോയിന്റുകളില്‍ പ്രയോഗിക്കുന്നത്.

1. ക്ഷീണിച്ച ഊര്‍ജ്ജപ്രവാഹത്തെ ഉത്തേജിപ്പിക്കുക അതിന് കൈയുടെ പെരുവിരല്‍ രണ്ടു മിനിറ്റ് നേരത്തേക്ക് പ്രഷര്‍ പോയിന്റില്‍ അമര്‍ത്തിപ്പിടിക്കുക.

2. മെറിഡിയനുകളില്‍കൂടിയുള്ള തടസപ്പെട്ട ഊര്‍ജ്ജപ്രവാഹം പു:നസ്ഥാപിക്കുക. അതിനായി പെരുവിരല്‍ പ്രഷര്‍ പോയിന്റില്‍ അമര്‍ത്തി വൃത്താകൃതിയില്‍ രണ്ടു മിനിറ്റ് നേരത്തേക്ക് തിരുമ്മുക. 3. അമിതവേഗത്തിലുള്ള ഊര്‍ജ്ജപ്രവാഹത്തെ ശാന്തമാക്കുക. അതിനായി കൈപ്പത്തി കൊണ്ട് പ്രഷര്‍ പോയിന്റില്‍ അമര്‍ത്തുക. അല്ലെങ്കില്‍ കൈവിരല്‍ തുമ്പുകൊണ്ട് മൃദുവായി രണ്ടു മിനിറ്റു നേരത്തേക്ക് മര്‍ദ്ദിക്കുക.

അക്യുപ്രഷര്‍ ഒരു സമ്പൂര്‍ണ്ണ ചികിത്സാരീതിയല്ല മറിച്ച് ഒരു അനുബന്ധ ചികിത്സാരീതിയാണ്. ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വളരെ ഫലപ്രദമായി ഇത് പ്രയോഗിച്ചു വരുന്നു.

ചില പ്രയോഗരീതികള്‍‍

മാനസികസംഘര്‍ഷം കുറയ്ക്കുന്നതിന് ഏതാനും അക്യുപ്രഷര്‍ മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കാം.

1. കൈപ്പത്തിയുടെ പുറകുവശത്ത് പെരുവിരലിനും ചൂണ്ടുവിരലിനും ഇടയിലുള്ള മാര്‍ദ്ദവമായ ഭാഗത്തു മറുകയ്യിലെ പെരുവിരല്‍ കൊണ്ട് അമര്‍ത്തുക പെരുവിരലിനും ചൂണ്ടുവിരലിനും ഇടയില്‍ വച്ചു വേണം പ്രസ്സ് ചെയ്യാന്‍. പത്തു മുതല്‍ പത്തു സെക്കന്റ് നേരത്തേക്ക് മൂന്നു പ്രാവശ്യം ഇപ്രകാരം ആവര്‍ത്തിക്കുക ഇത് മസ്സ്തിഷ്ക്കത്തില്‍ എന്‍ഡോഫിന്‍ സ്രാവം ഉണ്ടാക്കുവാന്‍ സഹായിക്കുന്നു. സന്തോഷാവസ്ഥയും വിശ്രമവും പ്രദാനം ചെയ്യുന്നു.

കാല്‍പ്പാദത്തിന്റെ മുകളില്‍ പെരുവിരലിന്റെയും അടുത്ത വിരലിന്റെയും എല്ലുകള്‍ യോജിക്കുന്ന ഭാഗത്തു കയ്യുടെ പെരുവിരല്‍ കൊണ്ട് ബലമായി അമര്‍ത്തുക. രണ്ടു മിനിറ്റ് നേരത്തേക്ക് ആവര്‍ത്തിച്ചു ചെയ്യുക.

കൈപ്പത്തിയുടെ അടിഭാഗത്ത് ചെറുവിരലിന്റെ നേരെ താഴെ കൈക്കുഴയോടു ചേര്‍ന്നുള്ള ഭാഗത്തു മറുകൈയിലെ പെരുവിരല്‍ കൊണ്ട് പ്രസ് ചെയ്യുക.

Generated from archived content: arogyam32.html Author: john_muzhuthettu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here