പാശ്ചാത്യ നാടുകളില്‍ പ്രചുരപ്രചാരം നേടിയിട്ടുള്ള ഒരു സുഖ ചികിത്സാ പദ്ധതിയാണ് തലസ്സോ തെറാപ്പി. സമുദ്രജലവും സമുദ്രാന്തരീക്ഷവും രോഗനിവാരണത്തിനും ആരോഗ്യസംരക്ഷണത്തിനും ഉപയോഗപ്പെടുത്തുന്ന ഒരു ചികിത്സാ രീതിയാണ് തലസ്സോതെറാപ്പി. ‘ സമുദ്രം’ എന്ന അര്‍ത്ഥം വരുന്ന ‘ തലസ്സൊ’ എന്ന ഗ്രീക്ക് വാക്കില്‍ നിന്നാണ് ഈ ചികിത്സാ രീതിക്ക് ഈ പേര്‍ ലഭിച്ചത്. സമുദ്രസ്നാനത്തിന്റെയും കടലോരവാസത്തിന്റെയും രോഗനിവാരണത്തിനുള്ള അത്ഭുതശക്തി മനസിലാക്കിയ ഡോ.ലാ ബെന്നാര്‍ഡിയര്‍ 1967 -ല്‍ ആണ് ഈ പേര്‍ ആദ്യമായി നിര്‍ദ്ദേശിക്കുന്നത്.
ആധുനിക തലസ്സോ തെറാപ്പി സെന്റെറുകള്‍ ധാരാളമുള്ളത് ഗ്രീസിലാണ്. കടല്‍ത്തീരങ്ങളില്‍ സ്ഥിതി ചെയ്യുന്ന ആഢംബരഹോട്ടലുകളോട് അനുബന്ധിച്ചാണ് ഈ സെന്റെറുകള്‍ പ്രവര്‍ത്തിക്കുന്നത്. തലസ്സോ തെറാപ്പി സെന്റെറുകളെ ‘ ജലത്തിലൂടെ ആരോഗ്യം’ എന്ന അര്‍ത്ഥം വരുന്ന സെന്റെറുകള്‍ എന്നാണ് വിളിക്കുന്നത്.
അല്‍പ്പം ചരിത്രം
ഗ്രീക്കുകാരും – റോമാക്കാരും പുരാതനകാലം മുതല്‍ തന്നെ സമുദ്രത്തിന്റെ രോഗനിവാരണ ശേഷി മനസിലാക്കിയിരുന്നു. ‘’ മനുഷ്യരുടെ എല്ലാ അസുഖങ്ങളും സാഗരം സൗഖ്യമാക്കും ‘’ എന്ന് ബി. സി 484 – 406 കാലഘട്ടത്തില്‍ ജീവിച്ചിരുന്ന പ്രശസ്ത ഗ്രീക്ക് നാടകകൃത്ത് യൂറിപ്പിഡിസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഉപ്പു തടാകത്തിന് സമീപം താമസിച്ചിരുന്ന അമേരിക്കന്‍ – ഇന്ത്യാക്കാര്‍ ചെറിയ തോതില്‍ സമുദ്രജലം പാനം ചെയ്യുക പതിവായിരുന്നു. രോഗനിവാരണത്തിനും രോഗപ്രതിരോധത്തിനും കുറച്ചൊന്നുമല്ല ഈ സമുദ്രജലപാനവും സമുദ്രസ്നാനവും അവരെ സഹായിച്ചിരുന്നത്. പൗരാണിക സ്ത്രീ സൗന്ദര്യത്തിന്റെ പ്രതിരൂപമായിരുന്ന ക്ലിയോപാട്ര കടല്‍ജലം നിറച്ച ബാത്ടബ്ബില്‍ പതിവായി മുങ്ങിക്കിടക്കാറുണ്ടായിരുന്നു. കൂടാതെ മീനെണ്ണ ശരീരമാസകലം ലേപനം ചെയ്യുകയും ചെയ്തിരുന്നു. ഇത് അവരുടെ അസൂയാവഹമായ ചര്‍മ്മ സൗന്ദര്യവും യുവത്വവും സംരക്ഷിക്കാന്‍ ഏറെ സഹായിച്ചിരുന്നുവത്രെ!
വൈദ്യ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഹിപ്പോക്രാറ്റസ് ആണ് കടല്‍ ജലത്തിന്റെ ഈ അത്ഭുത ശക്തി കണ്ടെത്തി ഒരു ശാസ്ത്രീയ വിശകലനം നല്‍കിയത്. മീന്‍ പിടിത്തത്തിനിടയില്‍ പരുക്ക് പറ്റിയ മത്സ്യത്തൊഴിലാളികളുടെ കയ്യിലെ മുറിവുകള്‍ സമുദ്രജലമേറ്റപ്പോള്‍ പെട്ടന്നു സുഖം പ്രാപിക്കുന്നതായി അദ്ദേഹം നിരീക്ഷിച്ചു മുറിവുകള്‍ ഉപ്പുരസമുള്ള കടല്‍ ജലത്തില്‍ കഴുകുകയും കൂടെക്കൂടെ നനയ്ക്കുകയും ചെയ്തപ്പോള്‍ വേദന കുറയുകയും മുറിവ് ഉണങ്ങുകയും ചെയ്യുന്നതായി കണ്ടു. അങ്ങനെ ഹിപ്പോക്രാറ്റസിന്റെ കാലം മുതല്‍ ഇതൊരു പ്രത്യേക ശാസ്ത്രീയ ചികിത്സാരീതിയായി വളരാന്‍ തുടങ്ങി.
1791 – ല്‍ റിച്ചാര്‍ഡ് റസ്സല്‍ സമുദ്രജലം ഒരു ചികിത്സാ ഉപാധിയായി അംഗീകരിച്ചു കൊണ്ട് ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. ബ്രിട്ടനിലാണ് ആദ്യത്തെ മറൈന്‍ ആശുപത്രി സ്ഥാപിതമാകുന്നത്. 1899 ആദ്യത്തെ തലസ്സോതെറാപ്പി സെന്റെര്‍ 1964 -ല ഫ്രാന്‍സിലാണ് തുറന്നത്.
പ്രശസ്ത ജീവശാസ്ത്രജ്ഞനായിരുന്ന റൈന ക്വിന്‍റ്റൊന്‍ 1904 – ല്‍ സമുദ്രജലത്തിന്റെ അത്ഭുതകരമായ ശക്തി വ്യക്തമാക്കിക്കൊണ്ട് രചിച്ച പുസ്തകമാണ് തലസ്സോതെറാപ്പിയുടെ ആധികാരികമായ ഗ്രന്ഥമായി ഇന്നും കണക്കാക്കപ്പെടുന്നത്. രക്തത്തിലെ പ്ലാസ്മയും സമുദ്രജലവും തമ്മിലുള്ള ജൈവസമാനത അദ്ദേഹം ഈ പുസ്തകത്തില്‍ ശാസ്ത്രീയമായി ഉറപ്പിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ആദ്യമായി ജീവകോശം ജന്മം കൊണ്ടത് സമുദ്രാന്തരീക്ഷത്തിലായിരുന്നുവെന്ന് ആദ്ദേഹം വ്യക്തമാക്കുന്നു.
തലസ്സോതെറാപ്പി ശാസ്ത്രീയമോ?
തലസ്സോ തെറാപ്പിയുടെ രോഗനിവാരണശേഷി ഏറെ നാളത്തെ പരീക്ഷണനിരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ് എന്നതാണ് വാസ്തവം. ഇതിന്റെ ശാസ്ത്രീയമായ കാരണങ്ങളും വിശകലനം ചെയ്യപ്പെട്ടിട്ടുണ്ട്.
സമുദ്രജലത്തില്‍ ഏകദേശം 85% സോഡിയം ക്ലോറൈഡ് ലവണമാണ്. മറ്റു ധാരാളം ലവണങ്ങളും അടങ്ങിയിരിക്കുന്നു. സമുദ്രജലത്തില്‍ മുങ്ങിക്കിടക്കുകയോ നീന്തിത്തുടിക്കുകയോ ചെയ്യുമ്പോള്‍ ശരീര ചര്‍മ്മകോശങ്ങള്‍ ജലാംശവും ലവണങ്ങളും ആഗിരണം ചെയ്യുന്നു. ചര്‍മ്മത്തിന്റെ യുവത്വശോഭ നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു.
പതിവായി സമുദ്രസ്നാനം നടത്തുന്നവര്‍ക്ക് വാര്‍ദ്ധ്യക്യത്തില്‍ പോലും യുവത്വം നിലനിര്‍ത്താന്‍ കഴിയുമെന്ന് തെളിഞ്ഞിട്ടുണ്ട്. സമുദ്രജലത്തില്‍ ‘അയോഡിന്‍’ തുടങ്ങിയ ധാരാളം മിനറലുകള്‍ അടങ്ങിയിട്ടുള്ളതുകൊണ്ട് സന്ധിവീക്കം പോലുള്ള രോഗങ്ങള്‍ക്ക് ആശ്വാസം ലഭിക്കുന്നു. കടലില്‍ ശരീരഭാരക്കുറവ് അനുഭവപ്പെടുന്നതുകൊണ്ട് ആയാസരഹിതമായി നീന്തിത്തുടിക്കുവാന്‍ കഴിയുന്നു. ഇത് ശരീരത്തിനും മനസ്സിനും ശാന്തി നല്‍കുന്നു.
തലസ്സോതെറാപ്പിയില്‍ സമുദ്രാന്തരീക്ഷത്തിന്റെ എല്ലാ നല്ല വശങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അനന്തമായ സമുദ്രത്തിന്റെ ദൃശ്യഭംഗി , സുഖശീതളമായ കാലാവസ്ഥ, സമുദ്രതീരമണല്‍, മണ്ണ്, മറ്റ് കടല്‍ വസ്തുക്കള്‍ തുടങ്ങിയവയെല്ലാം ഉപയോഗപ്പെടുത്തിക്കൊണ്ടാണ് രോഗചികിത്സ നടത്തുന്നത് യൂറോപ്പിലുള്ള ധാരാളം കടല്‍ത്തീര ഹോട്ടലുകളോടനുബന്ധിച്ച് ഈ ആഢംബര ചികിത്സ ഒരു വലിയ ബിസ്സിനസായി മാറിയിരിക്കുന്നു. ചൂടുള്ള സമുദ്രജലം നിറച്ച് നീന്തല്‍ക്കുളങ്ങള്‍ മാനസിക സംഘര്‍ഷങ്ങളകറ്റി ശാന്തി കൈവരിക്കുന്നതിന് ഏറെ സഹായിക്കുന്നു. മറ്റു ചികിത്സാരീതികളായ അരോമാ തെറാപ്പി, ഹൈഡ്രാ മസാജ് സൂര്യസ്നാനം തുടങ്ങിയ വയും തലസ്സോതെറാപ്പിയോടൊപ്പം കൂടുതല്‍ ഫലപ്രാപ്തിക്കായി ഉപയോഗപ്പെടുത്താറുണ്ട്.
Generated from archived content: arogyam30.html Author: john_muzhuthettu