ഉപവാസം ഓജസ്സിനും തേജസ്സിനും(തുടര്‍ച്ച)

ഉപവാസം ആന്തരികവിശ്രമം നല്‍കുന്നു

ഇടക്കിടെയുള്ള ഉപവാസം ആന്തരികാവയവങ്ങള്‍ക്ക് ഊര്‍ജ്ജവും ഉന്മേഷവും പ്രദാനം ചെയ്യുന്നു. വടക്കന്‍ ധ്രുവങ്ങളില്‍ വസിക്കുന്ന ചില മൃഗങ്ങള്‍ അതിശീതകാലത്ത് ഒരു ഭക്ഷണവും കഴിക്കാറില്ല. അപ്പോള്‍ അവിടെ പൂര്‍ണ്ണ അന്ധകാരമാണ്. ഈ മൃഗങ്ങള്‍ അപ്പോള്‍ താത്ക്കാലിക സമാധിയില്‍ പ്രവേശിക്കുന്നു. ഏറെ നാള്‍ പൂര്‍ണ്ണ ഉപവാസത്തില്‍ കഴിയുന്നു. എങ്കിലും അവ മരിക്കുന്നില്ല. ഓരോ ജീവിയുടെ ശരീരത്തിലും ഒരു പോഷക ശേഖരമുണ്ട്. ഉപവാസക്കാലത്ത് ഇതാണ് നിലനില്‍പ്പിനായി ഉപയോഗപ്പെടുത്തുന്നത്.

എങ്ങെനെ ഉപവാസം അനുഷ്ഠിക്കാം

പൂര്‍ണ്ണമനസോടെ വേണം നാം ഉപവാസം അനുഷ്ഠിക്കാന്‍. മനസ്സില്‍ ആഹാര ആസക്തി നിലനില്‍ക്കുകയും മനസ്സില്ലാ മനസ്സോടെ ഉപവസിക്കുകയും ചെയ്യുന്നത് ആന്തര സംഘര്‍ഷങ്ങള്‍ക്ക് ഹേതുവാകുന്നു.
വളരെ സാവധാനം വേണം സമ്പൂര്‍ണ്ണ ഉപവാസത്തിലേക്ക് വരുവാന്‍. ആദ്യമൊക്കെ അരദിവസം മാത്രം ഉപവസിക്കുക. ആഴ്ചയിലൊരിക്കല്‍ ഉച്ചഭക്ഷണത്തിനു ശേഷം ആഹാരം വര്‍ജ്ജിക്കുക. ജലപാനം ആകാം. ഇത് ഒരു ശീലമായശേഷം പൂര്‍ണ്ണ ഉപവാസത്തിലേക്കു വരാം.

ഉപവാസത്തിനു തലേന്ന് മുതല്‍ അതിനു വേണ്ടി തയ്യാറെടുപ്പ് നടത്താം. സാധാരണ കഴിക്കുന്നതില്‍ കുറവ് ഭക്ഷണമേ തലേ ദിവസം കഴിക്കാവൂ. ഇത്തരത്തില്‍ മാസത്തില്‍ ഒരു ദിവസമോ അല്ലെങ്കില്‍ രണ്ടാഴ്ച യിലൊരിക്കലോ ഉപവസിക്കാം. രണ്ടു ദിവസത്തില്‍ കൂടുതല്‍ തുടര്‍ച്ചയായി ഉപവസിക്കുന്നവര്‍ ഒരു ഡോക്ടറുടെ മേല്‍ നോട്ടത്തില്‍ ചെയ്യുന്നതാകും ഉത്തമം.

ഉപവാസകാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഉപവാ‍സ ദിവസം ധാരാ‍ളം ശുദ്ധജലം കുടിക്കണം. മലമൂത്ര വിസര്‍ജ്ജനം എളുപ്പമാകുവാന്‍ ഇത് അനിവാര്യമാണ്. മൂത്രം, വിയര്‍പ്പ് തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെയുള്ള ശരീരശുദ്ധീകരണപ്രക്രിയക്ക് ധാരാളം ജലം ആവശ്യമാണ്.

കര്‍ക്കിന്‍ വെള്ളം, ചെറുനാരങ്ങാ നീര്‍ ചേര്‍ത്ത ജലം, തേന്‍ വെള്ളം, നേര്‍പ്പിച്ച പഴച്ചാറുകള്‍ ഇവയിലേതെങ്കിലും ഉപവാസവേളയില്‍ കുടിക്കാം. ഇതുമൂലം ശരീരക്ഷീണം മാറുകയും ചെയ്യും.

ഉപവാസക്കാലത്ത് ശരീരത്തിനും മനസ്സിനും പൂര്‍ണ്ണ വിശ്രമം അനിവാര്യമാണ്. ഊര്‍ജ്ജവും ഓജസ്സും ദുരുപയോഗം മൂലം നഷ്ടപ്പെടരുത്. വായന, ടി വി കാണല്‍ തുടങ്ങിയ സാധാരണ പ്രവൃത്തികള്‍ പോലും ഒഴിവാക്കുന്നതാണ് നല്ലത്. ഇത് രണ്ടും കണ്ണുകളുടെ വിശ്രമത്തിന് വിഘാതമാകുന്നു. ഉപവാ‍സവേളയില്‍ മൗനവ്രതം കൂടി അനുഷ്ഠിച്ചാല്‍ ഫലം അത്ഭുതകരമായിരിക്കും.


ഉപവാസം അവസാനിപ്പിക്കുന്നത് വളരെ ലഘുവും പ്രകൃതിദത്തവുമായ ആഹാരത്തോടു കൂടിയായിരിക്കണം. പഴച്ചാറോ പഴങ്ങളോ കഴിച്ചുകൊണ്ടാകണം. ഓറഞ്ച്, ആപ്പിള്‍, മുന്തിരി തുടങ്ങി ഏത്പഴവും നല്ലതാണ്. വളരെ സവധാനം വേണം പതിവ് ആഹാരത്തിലേക്കു തിരിച്ചു വരാന്‍. കട്ടിയായ ആഹാരം ഉപവാസ ശേഷം കഴിച്ചു തുടങ്ങുന്നത് ഒട്ടും നല്ലതല്ല.

ജ്യൂസ് ഫാസ്റ്റിംഗ്

അനേകരാജ്യങ്ങളില്‍ സഞ്ചരിച്ച് ഉപവാസരീതികളെയും അനന്തരഫലങ്ങളേയും പറ്റി ദീര്‍ഘകാലം പഠനം നടത്തിയ പാവോ എയ്റോളാ യുടെ അഭിപ്രായത്തില്‍ ജലപാനം ചെയ്തുകൊണ്ടുള്ള ഉപവാസത്തേക്കാള്‍ പ്രയോജനപ്രദവും ഉത്തമവും പഴച്ചാറ് കഴിച്ചുകൊണ്ടുള്ള ഉപവാസമാണ്. ജ്യൂസ് ഫാസ്റ്റിംഗ് ആണ് രോഗശാന്തിക്ക് കൂടുതല്‍ അനിയോജ്യമെന്ന 80. 000 ത്തില്‍പ്പരം രോഗികളുടെ ഉപവാസത്തിന് മേല്‍നോട്ടം വഹിച്ചിട്ടുള്ള ഡോ. ഓട്ടോബുഷിംഗര്‍ സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കേരളീയരെ സംബന്ധിച്ച് നാട്ടില്‍ സുലഭമായ ഇളനീര്‍ കഴിച്ച് ഉപവസിക്കുന്നതാണ് ഏറെ ഗുണപ്രദമെന്ന് കണ്ടിട്ടുണ്ട്.


ഉപവാസം ശാരീരികവും മാനസികവുമായ ഊര്‍ജ്ജസ്വലതയും ഉന്മേഷവും പ്രദാനം ചെയ്യുന്നു. അതുകൊണ്ടാണ് മിക്ക മതങ്ങളിലും ഉപവാസം ഒരു ആചാരമായി മാറിയിരിക്കുന്നത്. മാനസികാരോഗ്യത്തുനും ദീര്‍ഘായുസ്സിനും നിത്യയവ്വനത്തിനും അത്യുത്തമമാണ് ഉപവാസം എന്ന് ‘ ഹൌ റ്റു ലീവ് ഹണ്‍ഡ്രഡ് ഇയേഴ്സ്’ എന്ന പ്രശസ്ത ഗ്രന്ഥത്തിന്റെ കര്‍ത്താവായ ലൂയി കൊര്‍ണാറോ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

Generated from archived content: arogyam29.html Author: john_muzhuthettu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here