ഉപവാസം ഓജസ്സിനും തേജസ്സിനും

രോഗപരിചരണത്തില്‍ ലോക ശ്രദ്ധപിടിച്ചു പറ്റിയ ഫ്ലോറന്‍സ് നൈറ്റിംഗേല്‍ തന്റെ ഡയറിക്കുറിപ്പുകളിലെഴുതി. ‘ രോഗം ഒരു നിവാരണപ്രക്രിയയാണ്. വിഷസംക്രമണത്തില്‍ നിന്നും, ശരീരക്ഷയത്തില്‍ നിന്നും മനുഷ്യനെ പരിരക്ഷിക്കുന്നതിനുള്ള ഒരു പരിഹാര പ്രക്രിയ’‘

രോഗങ്ങളും രോഗലക്ഷണങ്ങളും മനുഷ്യശരീരത്തിന്റെ ആരോഗ്യാവസ്ഥ നിലനിര്‍ത്തുന്നതിനുള്ള സഹജവും സഹായകരവുമായ പരിഹാര പ്രവര്‍ത്തനങ്ങളാണ്. അതുകൊണ്ട് ആ പ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്തുകയല്ല ചെയ്യേണ്ടത് എന്നാണ്.’ ഹൌ നേച്ചര്‍ ക്യൂര്‍സ്’ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവായ ഡോ. എമ്മെറ്റ് ഡെന്‍സ്മോര്‍ അഭിപ്രായപ്പെടുന്നത്. രോഗം തികച്ചും ഒരു ശുദ്ധീകരണ പ്രക്രിയയാണ്. മനുഷ്യശരീരത്തിലെ മാലിന്യങ്ങളെ പുറം തള്ളി ഊര്‍ജ്ജ പ്രവാഹത്തിലെ വൈകല്യങ്ങള്‍ പരിഹരിച്ച് ആരോഗ്യാവസ്ഥ നിലനിര്‍ത്തുന്നതിനുള്ള പരിഹാര പ്രക്രിയ.

ഉപവാ‍സത്തിന്റെ മഹത്വം

പൗരാണിക കാലം മുതല്‍ ഉപവാസം രോഗനിവാരണത്തിനുള്ള ഉപാധിയായി നിര്‍ദ്ദേശിക്കപ്പെട്ടു വരുന്നു. ഉപവാസവും പ്രാര്‍ത്ഥനയും രോഗശാന്തിക്ക് പ്രയോജനപ്പെടുമെന്ന് ബൈ‍ബിളും പറയുന്നു. 2000 വര്‍ഷങ്ങള്‍ക്കു മുമ്പ് അസ്ക്ലെപ്പിയാഡെസ് എന്ന തത്ത്വ ചിന്തകന്‍ ജലചികിത്സയോടൊപ്പം ഉപവാസ ചികിത്സയും ഉപദേശിച്ചിരുന്നു. പൈതഗോറസ് എന്ന ശാസ്ത്രജ്ജന്‍ തന്റെ ശിക്ഷ്യന്‍ മാര്‍ക്ക് ഉപവസിക്കാന്‍ ഉപദേശംന് നല്‍കിയിരു‍ന്നു. കാരണം ഉപവാസം മാനസിക ശേഷി വര്‍ദ്ധിപ്പിക്കുവാന്‍ ഉപകരിക്കുമത്രേ.

‘ഉപവാസമാണ് ഉദാത്തമായ മരുന്ന്’ എന്ന ഒരു പഴമൊഴി ഭാരത്തില്‍ പ്രചരിച്ചിരുന്നു. ഉപവാസത്തിന് രണ്ടു തരത്തിലുള്ള പ്രാധാന്യമാണ് കല്‍പ്പിക്കപ്പെട്ടിരുന്നത്. ഒന്ന് ആരോഗ്യപരിപാലനം രണ്ട് മതപരമായ ആചാരം , മരുന്നുകള്‍ ഉപയോഗിക്കുന്നതിനു പകരം ഒരു ദിവസം ഉപവസിക്കു എന്നാണ് പ്ലൂട്ടാര്‍ക്ക് നിര്‍ദ്ദേശിച്ചത്.

പല മതങ്ങളും സംസ്ക്കാരങ്ങളും വിശ്വാസികളോട് ഉപവാസം അനുഷ്ഠിക്കാന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ഭാരതീയ പാരമ്പര്യമനുസരിച്ച് ദീര്‍ഘായുസ്സ് നിലനിര്‍ത്താന്‍ ആഴ്ചയില്‍ ഒരു ദിവസം ഉപവസിക്കുന്ന രീതി നിലനിന്നിരുന്നു. ‘ ഉപവാസമാണ് ആരോഗ്യ സംരക്ഷണത്തിനും രോഗനിവാരണത്തിനുമുള്ള ഏറ്റവും ഫലപ്രദവും പ്രായോഗികവുമായ മാര്‍ഗമെന്നാണ് ആചാര്യ കെ. ലക്ഷ്മണ ശര്‍മ്മ തന്റെ ദീര്‍ഘനാളത്തെ ചികിത്സാ പരിജ്ഞാനത്തിന്റെ വെളിച്ചത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. പല പൗരസ്ത്യദേശങ്ങളിലും പുരാതന ഗോത്രവര്‍ഗ്ഗക്കാരുടെയിടയിലും മാന്ത്രിക വിദ്യകള്‍ അഭ്യസിക്കുന്നതില്‍ ഉപവാസം ഒരു അനിവാര്യഘടകമായിരുന്നു. യേശുക്രിസ്തു 40 ദിവസം ഉപവാസം അനുഷ്ഠിച്ചു എന്നാണല്ലോ രേഖപ്പെടുത്തിയിരിക്കുന്നത്. മധ്യകാലഘട്ടങ്ങളില്‍ ധാരാളം സന്യാസിമാരും ദിവ്യന്മാരും പതിവായി ഉപവസിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. മനുഷ്യന്റെ അറിവില്‍ ഉപവാസം ഏറ്റവും പുരാതനമായ ഒരു ചികിത്സാരീതിയാണ്.

ഉപവാസത്തിന്റെ തത്ത്വശാസ്ത്രം

രോഗത്തിന്റെയും ശീഘ്രവാര്‍ദ്ധക്യത്തിന്റേയും പ്രധാനഹേതു നമ്മുടെ ശരീരത്തില്‍ സ്വാഭാവികമായി നടക്കുന്ന കോശപോഷണ- നവീകരണ പ്രക്രിയയില്‍ വരുന്ന തകരാറുകളാണ്. ദഹനേന്ദ്രിയം വഴി ശരീരത്തില്‍ അടിഞ്ഞു കൂടുന്ന വിഷമാലിന്യങ്ങള്‍ കോശപോഷണത്തെയും കോശനവീകരണ പ്രക്രിയയേയും സാവധാനത്തിലാക്കുന്നു. വ്യായാമരഹിതമായ ജീവിതവും അമിതഭോജനവും ദഹന ആഗിരണ പ്രക്രിയകളെ സാരമായി ബാധിക്കുന്നു. ഇത് ശരീരകോശ ശോഷണത്തിനും കോശ നാശത്തിനും ആക്കം കൂട്ടുന്നു. നവകോശനിര്‍മ്മിതിയും കോശനാശവും തമ്മിലുള്ള സന്തുലിതാവസ്ഥ തകരാറിലാക്കുന്നു. അതിവേഗത്തിലുള്ള കോശനാശം വാര്‍ദ്ധക്യത്തെ ക്ഷണിച്ചുവരുത്തുന്നു. രോഗപ്രതിരോധശേഷിയും സാരമായി കുറയുന്നു.

നാശവിധേയമായ കോശങ്ങള്‍ ശരീരത്തില്‍ നിന്നും എത്രയും വേഗം പുറം തള്ളപ്പെടണം എങ്കില്‍ മാത്രമേ നവകോശനിര്‍മ്മിതി വേഗത്തിലാവുകയുള്ളു . ഇവിടെയാണ് ഉപവാസത്തിന്റെ പ്രസക്തി പ്രകടമാവുന്നത്. ശരീരത്തില്‍ നിന്നും വിഷമാലിന്യങ്ങളും മൃതകോശങ്ങളും അതിവെഗം പുറം തള്ളപ്പെടാന്‍ ഉപവാസം സഹായിക്കുന്നു.

ഉപവാസം രോഗാവസ്ഥയില്‍

രോഗാവസ്ഥയില്‍ ആഹാരം ദഹിപ്പിച്ച് പോഷണങ്ങള്‍ ആഗിരണം ചെയ്യാനുള്ള ശേഷി ശരീരത്തില്ല. അതുകൊണ്ട് കഴിക്കുന്ന ആഹാരം ദഹിക്കാതെ അവശേഷിക്കുന്നു. ഇത് ശരീരത്തെ കൂടുതല്‍ ക്ഷീണിപ്പിക്കുകയും മലിനീകരിക്കുകയും ചെയ്യുന്നു. രോഗാവസ്ഥയില്‍ ദഹനത്തിനും മാലിന്യ വിസര്‍ജ്ജനത്തിനുമുള്ള ശരീര ശക്തി ക്ഷയിക്കുന്നു. ഉപവാസത്തിന്റെ പ്രധാന ഉദ്ദേശ്യം രോഗകാരണമായ ശരീരത്തിലെ വിഷമാലിന്യങ്ങള്‍ പുറം തള്ളി ശുദ്ധീകരിക്കുക എന്നതാണ്.

ഉപവസിക്കുമ്പോള്‍ പ്രധാനമായി രണ്ടു കാര്യങ്ങളാണ് സംഭവിക്കുന്നത്. ഒന്ന് ദഹനന്ദ്രിയങ്ങള്‍ക്ക് വിശ്രമം ലഭിക്കുന്നു. രണ്ട് വിസര്‍ജ്ജനാവയവങ്ങള്‍ക്ക് വിഷമാലിന്യനിര്‍മ്മാര്‍ജ്ജനം എളുപ്പമാകുന്നു. ശരീരത്തില്‍ നിന്നും മാലിന്യങ്ങള്‍ പുറം തള്ളപ്പെട്ടു കഴിയുമ്പോള്‍ രോഗശാന്തി ഉണ്ടാകുന്നു. ദഹനേന്ദ്രിയങ്ങള്‍ വിശ്രമാവസ്ഥയില്‍ ശക്തിക്ഷയത്തില്‍ നിന്നും മുക്തി പ്രാപിക്കുകയും ഒരു നവ ജീവന്‍ കൈവരിക്കുകയും ചെയ്യുന്നു. ഉപവാസം എല്ലാവര്‍ക്കും നിര്‍ഭയമായി അനുഷ്ഠിക്കാവുന്ന അപകടരഹിതമായ ഒരു രോഗ പ്രതിവിധിയാണ്. പ്രകൃതിനിരീക്ഷണത്തിലൂടെ നമുക്കിത് കൂടുതല്‍ വ്യക്തമാകും. ഒരു വളര്‍ത്തുനായ് അസുഖം വരുമ്പോള്‍‍ ആഹാരം കഴിക്കാറുണ്ടോ? ഏത് രുചിയേറിയ ആഹാരം നല്‍കിയാലും അപ്പോള്‍ നായ് അത് കഴിക്കാന്‍ വിസമ്മതിക്കുന്നു. നൈസര്‍ഗ്ഗികമായ ആന്തരിക ചോദനയാല്‍ അത് ആഹാരം വര്‍ജ്ജിക്കുന്നു. ഉപവാസം പ്രകൃതി ദത്തമായ ഒരു രോഗനിവാരണ ഉപാധിയാണ്. അത് കൊണ്ടാണ് ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റസ് പറഞ്ഞത് ‘’ രോഗഗ്രസ്ത്രമായ ശരീരത്തിന് നിങ്ങള്‍ എന്തു മാത്രം ആഹാരം നല്‍കുന്നുവോ അത്രയും കൂടുതല്‍ കാര്യങ്ങള്‍ വഷളകാകുന്നു.’‘

Generated from archived content: arogyam28.html Author: john_muzhuthettu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here