ആഹാരഊര്‍ജ്ജത്തിലൂടെ ആരോഗ്യം എന്നതാണ് മാക്രോബയോട്ടിക്സിന്റെ അടിസ്ഥാനതത്ത്വം. അടുത്തകാലങ്ങളിലാണ് മാക്രോബയോട്ടിക്സ് ഒരു ചികിത്സാരീതിയായി രൂപം പ്രാപിച്ചത്. തവോദര്‍ശനത്തിലും ചൈനീസ് നാട്ടുചികിത്സാ സമ്പ്രദായത്തിലും അധിഷ്ഠിതമായ ഒരു ആരോഗ്യ ശാസ്ത്രമാണ് മാക്രോബയോട്ടിക്സ്.
അല്പം ചരിത്രം
മാക്രോബയോട്ടിക്സിന്റെ ജനനം ജപ്പാനിലാണ്. ജാപ്പനീസ് ഡോക്ടറായിരുന്ന സാഗന്‍ ഇഷിസുകായാണ് ഇത് വികസിപ്പിച്ചെടുത്തത്. പുരാതനകാലം മുതല്‍ പൗരസ്ത്യ രാജ്യങ്ങളില്‍ നിലനിന്നിരുന്ന യിന്‍ – യാംഗ് തത്ത്വത്തിന് ഒരു ആധുനിക ശാസ്ത്രീയ വ്യാഖ്യാനം രൂപപ്പേടുത്തുകയാണ് അദ്ദേഹം ചെയ്തത്. ആരോഗ്യപ്രദവും സന്തുഷ്ടവുമായ ജീവിതത്തിന് അദ്ദേഹം കുറെ ജീവിതനിഷ്ഠകള്‍ക്ക് രൂപം നല്‍കി.
രോഗികളില്‍ സ്വാഭാവിക രോഗശാന്തിയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഡോ.ഇഷിസുക രൂപപ്പെടുത്തിയ ഈ ചികിത്സാ പദ്ധതിപ്രകാരം രോഗികള്‍ക്ക് അദ്ഭുതകരമായ രോഗശാന്തി ലഭിച്ചതായി അദ്ദേഹം മനസ്സിലാക്കി. ആയിരക്കണക്കിന് ആളുകളെ രോഗവിമിക്തരാക്കുന്നതിന് അദ്ദേഹത്തിന് കഴിഞ്ഞു. പൗരസ്ത്യരാജ്യങ്ങളില്‍ മാക്രോബയോട്ടിക്സ് ഒരത്ഭുത ചികിത്സാരീതിയായി അറിയപ്പെടാന്‍ തുടങ്ങി. ഇഷിസുക ഈ ചികിത്സാരീതിയുടെ രഹസ്യങ്ങള്‍ മറ്റൊരു ജാപ്പനീസ് ഡോക്ടറായിരുന്ന ഡോ.ജോര്‍ജ് ഒഹസാവയ്ക്ക് കൈമാറി. അദ്ദേഹമാണ് ഈ ചികിത്സാരീതിക്ക് മാക്രോബയോട്ടിക്സ് എന്ന നാമം നല്‍കിയിട്ടുള്ളത്. ആദ്യം സെന്‍ മാക്രോബയോട്ടിക്സ് എന്ന പേരിലാണ് ഇത് പ്രചാരം നേടിയത്.
ഡോ.ഒഹസാവ അനേകം പുസ്തകങ്ങള്‍ രചിക്കുകയും പ്രഭാഷണ പരമ്പരകള്‍ തന്നെ നടത്തുകയും ചെയ്തു. മഹാത്മഗാന്ധിയുടെ ആഹാരരീതിയിലും ജീവിതശൈലിയിലും ആകൃഷ്ടനായ അദ്ദേഹം ഭാരതം സന്ദര്‍ശിക്കുകയും ഗാന്ധിജിയെപ്പറ്റി ഒരു ഗ്രന്ഥം രചിക്കുകയും ചെയ്തു. അദ്ദേഹം ആയിരക്കണക്കിനാളുകളുടെ വിവിധതരത്തിലുള്ള രോഗങ്ങള്‍ ശമിപ്പിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. മാനസിക സംഘര്‍ഷങ്ങള്‍ , രക്ത സമ്മര്‍ദ്ധം, ഉദരരോഗങ്ങള്‍, നിദ്രാരാഹിത്യം തുടങ്ങിയ രോഗങ്ങള്‍ക്ക് ഒരു അനായാസ പ്രതിവിധിയാണ് മാക്രോബയോട്ടിക്സ്.
മിച്ചിയോ കുഷിയും, ഹെര്‍മന്‍ ഐഹാരയും ഒഹസാവയുടെ രണ്ടു ശിഷ്യന്മാരായിരുന്നു. അവര്‍ ആണ്‍ അമേരിക്കയില്‍ മാക്രോബയോട്ടിക്സ് പ്രചരിപ്പിച്ചത്. ക്രമേണ അമേരിക്ക, കാനഡ, യൂറോപ്പ്, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ ഇത് പ്രചുരപ്രചാരം നേടി.
Generated from archived content: arogyam26.html Author: john_muzhuthettu