അതിപുരാതന കാലം മുതല്‍ മനുഷ്യന്‍ തേനിന്റെ അത്ഭുതകരമായ ഔഷധഗുണങ്ങല്‍ മനസിലാക്കിയിരുന്നു. തേനിന്റെ ഔഷധഗുണങ്ങളെപ്പറ്റി ബൈബിളില്‍ പ്രതിപാദിക്കുന്നുണ്ട് . തേന്‍ ഒരു സമ്പൂര്‍ണ്ണ ആഹാരവും ഉത്തമ ഔഷധവുമാണെന്ന് ഖുറാന്‍ വ്യക്തമാക്കുന്നു. ‘ തേന്‍ എല്ലാ രോഗങ്ങള്‍ക്കും പരിഹാരമാണ് ‘ എന്ന് മുഹമ്മദ് നബി തന്റെ അനുയായികളെ ഉപദേശിച്ചിരുന്നു.
പേര്‍ഷ്യയിലേയും ചൈനയിലേയും ഈജിപ്തിലേയും , ഇന്ത്യയിലേയും പുരാതന വിശുദ്ധ ഗ്രന്ഥങ്ങള്‍ എല്ലാം തന്നെ തേനിന്റെ ഗുണങ്ങള്‍ വ്യക്തമാക്കുന്നു. ഒന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഗ്രീക്ക് ഭിഷഗ്വരനായിരുന്ന ഡയോസ്കോറൈഡ്സിന്റെ’ മെറീരിയ മെഡിക്ക’ യില്‍ തേനിന്റെ ഔഷധ ഗുണങ്ങളെ പറ്റി പ്രതിപാദിക്കുന്നു. ബി. സി 320 – ല്‍ ജീവിച്ചിരുന്ന അരിസ്റ്റോക്സെനസ് തേനും ഉള്ളിയും ബ്രഡും ദിവസവും പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ജീവിതകാലം മുഴുവനും രോഗരഹിതനായിരിക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ഹിപ്പോക്രാറ്റിസ് തേനിന്റെ ഔഷധ വീര്യം ഇങ്ങനെ വിശദമാക്കുന്നു ‘ തേന്‍ ചൂടു നല്‍കുന്നു , പഴുപ്പുകള്‍ വൃത്തിയാക്കുന്നുന്നു . ചുണ്ടുകളിലെ വ്രണങ്ങള്‍ സുഖപ്പെടുത്തുന്നു . ‘ ശ്വാസതടസത്തിനും മറ്റു പല രോഗങ്ങള്‍ക്കും പ്രതിവിധിയായി തേന്‍ ഉപയോഗിക്കുവാന്‍ അദ്ദേഹം തന്റെ രോഗികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
തേന്‍ ആയൂര്‍വേദത്തില്‍
ആയൂര്‍വേദത്തിലെ ഔഷധ നിര്‍മ്മാണത്തിനു തേന്‍ വ്യാപകമായി ഉപയോഗപ്പെടുത്തുന്നു. പല ഔഷധങ്ങളും തേന്‍ ചേര്‍ത്തു കഴിക്കുവാന്‍ നിര്‍ദ്ദേശിക്കുന്നു. മരുന്ന് ശരീരത്തിലേക്ക് അതിവേഗം ആഗിരണം ചെയ്യപ്പെടുവാന്‍ തേന്‍ സഹായിക്കുന്നു. എല്ലാ കോശങ്ങളിലും പേശികളിലും വേഗം എത്തിച്ചേരുന്നു
അഷ്ടാംഗഹൃദയത്തില്‍ തേനിന്റെ ഔഷധഗുണങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതില്‍ പ്രധാനമായത് താഴെപ്പറയുന്നു.
* കണ്ണുളുടെ ആരോഗ്യത്തിനും കാഴ്ചക്കും വളരെ നല്ലതാണ് തേന്‍
* ദാഹത്തെ ശമിപ്പിക്കുന്നു
* കഫത്തെ ലയിപ്പിച്ചു കളയുന്നു.
* വിഷാദരോഗങ്ങളെ ശമിപ്പിക്കുന്നു.
* എക്കിള്‍ നിര്‍ത്തുന്നു.
* മൂത്രാശയരോഗങ്ങളെ ശമിപ്പിക്കുന്നു.
* ആസ്ത്മ, ചുമ, ഛര്‍ദ്ദി, ഡയറിയ തുടങ്ങിയ രോഗങ്ങളെ ശമിപ്പിക്കുന്നു.
* മുറിവുകളെ അണുവിമുക്തമാക്കുകയും സുഖപ്പെടുത്തുകയും ചെയ്യുന്നു.
* കേശവളര്‍ച്ചയെ സഹായിക്കുന്നു
* പഴകിയ തേന്‍ ദഹനപ്രക്രിയയെ സഹായിക്കുകയും കഫത്തെ കുറക്കുകയും ചെയ്യുന്നു.
* പുതിയതായി ശേഖരിച്ച തേന്‍ ശരീരഭാരം വര്‍ദ്ധിപ്പിക്കുകയും സുഖശോചന നല്‍കുകയും ചെയ്യുന്നു.
തേന്‍ സൗന്ദര്യ സംവര്‍ദ്ധകം.
തേന്‍ ഒരു സൗന്ദര്യസംവര്‍ദ്ധക ഔഷധമായി പണ്ടു മുതലേ ഉപയോഗിച്ചു വരുന്നു. തേന്‍ മുഖത്തു ലേപനം ചെയ്ത് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുന്നത് മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നു. ക്ലിയോപാട്ര തന്റെ മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കുവാന്‍ തേന്‍ ഉപയോഗിച്ചിരുന്നത്രെ. . ഓട്ട് മീലും തേനും സംയോജിപ്പിച്ച് ഒരു പേസ്റ്റ് രൂപത്തിലാക്കിയശേഷം മുഖത്തു ലേപനം ചെയ്യുക. 15- 30 മിനിറ്റിനു ശേഷം ചൂടു വെള്ളവും തണുത്ത ജലവും കൊണ്ടു മാറി മാറി മുഖം കഴുകുക. അവസാനം തണുത്തജലം കൊണ്ട് വേണം മുഖം കഴുകുവാന്‍ . മുഖപേശികള്‍ ദൃഢമാകുന്നതിനും മുഖകാന്തിയും യവ്വനവും നില നിര്‍ത്തുന്നതിനും ക്ലിയോപാട്രയെ സഹായിച്ചതു ഈ തേന്‍ പ്രയോഗമാണത്രെ .
തേന്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
*തേന്‍ തീയില്‍ വച്ച് ചൂടാക്കാന്‍ പാടില്ല. വെയിലത്തു വച്ച് ജലാംശം വറ്റിക്കാം.
*ചൂടു ഭക്ഷണ സാധങ്ങളുമായി കലര്‍ത്തി ഉപയോഗിക്കുവാന്‍ പാടുള്ളതല്ല.
*വളരെ ചൂടുള്ള അന്തരീക്ഷത്തില്‍ കൂടുതല്‍ ജോലി ചെയ്യുമ്പോള്‍ അധികമായി തേന്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
*മഴവെള്ളം , എരിവും പുളിയുമുള്ള ഭക്ഷണം , വിസ്കി, റം, ബ്രാണ്ടി തുടങ്ങിയവയുമായി കലര്‍ത്തി തേന്‍ കഴിക്കുന്നത് നല്ലതല്ല.
*തേന്‍ ഫ്രിഡ്ജില്‍ വച്ച് തണുപ്പിക്കേണ്ട ആവശ്യമില്ല.
ചില ചികിത്സാരീതികള്‍ ഉപയോഗക്രമങ്ങള്‍
ആരോഗ്യവും യൗവ്വനവും നിലനിര്‍ത്തുന്നതിന് തേനിന്റെ പതിവായ ഉപയോഗം സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. രണ്ടോ മൂന്നോ സ്പൂണ്‍ തേന്‍ ഒരു ഗ്ലാസ്സ് ജലത്തില്‍ ചേര്‍ത്തു കഴിച്ചാല്‍ ശരീരക്ഷീണം ക്ഷണത്തിലകറ്റാന്‍ കഴിയും. അതു മാനസിക ശേഷി വര്‍ദ്ധിപ്പിക്കും.
രാത്രി കിടക്കുന്നതിനു മുമ്പ് രണ്ടു സ്പൂണ്‍ തേന്‍ വെള്ളത്തിലോ പാലിലോ ചേര്‍ത്തു കഴിക്കുന്നത് ഉറക്കമില്ലായ്മക്ക് പ്രതിവിധിയാണ്.
ജലദോഷവും തൊണ്ട പഴുപ്പും അകറ്റുവാന്‍ തേന്‍ പാലില്‍ കലര്‍ത്തിക്കഴിക്കുന്നത് പ്രയോജനപ്രദമാണ്. തേനും സമം ചെറുനാരങ്ങാനീരും ചേര്‍ത്ത് ഓരോ സ്പൂണ്‍ കഴിക്കുന്നതും തൊണ്ടവേദനയകറ്റാന്‍ സഹായിക്കുന്നു.
തേനും ഇഞ്ചിനീരും തുല്യ അളവില്‍ ചേര്‍ത്ത് ഇടക്കിടക്ക് ഒന്നോ , രണ്ടോ സ്പൂണ്‍ വച്ച് കഴിക്കുന്നത് ജലദോഷവും ചുമയും കഫശല്യവും മാറുന്നതിന് സഹായിക്കുന്നു. അത് ദഹനക്കേട് മാറ്റുന്നതിനും സഹായകരമാണ്.
രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഒരു ടീസ്പൂണ്‍ വെളുത്തുള്ളി നീരും രണ്ടു ടീസ്പൂണ്‍ തേനും , ഒരു ടീസ്പൂണ്‍ നാരങ്ങാ നീരും കലര്‍ത്തിക്കഴിച്ചാല്‍ അജീര്‍ണ്ണം കുറയുകയും രക്തം ശുദ്ധീകരിക്കപ്പെടുകയും ചെയ്യും.
ശരീരത്തില്‍ തീപ്പൊള്ളലേറ്റാല്‍ ഉടന്‍ തന്നെ പൊള്ളിയ ഭാഗത്ത് തേന്‍ ലേപനം ചെയ്യുക. ശരീരത്തില്‍ പൊള്ളലിന്റെ പാട് പോലും കാണുകയില്ല.
രണ്ടു സ്പൂണ്‍ തേന്‍ ചേര്‍ത്തു കാരറ്റ് ജ്യൂസ് പതിവായി കഴിച്ചാല്‍ കാഴ്ചശക്തി വര്‍ദ്ധിക്കും. കമ്പ്യൂട്ടറിന്റെ മുമ്പിലിരുന്ന് കൂടുതല്‍ സമയം ജോലി ചെയ്യുന്നവര്‍ക്ക് ഇത് കൂടുതല്‍ ആശ്വാസകരമാണ്.
തേന്‍ ഒരു അണുനാശിനിയാണ്. അതുകൊണ്ട് മുറിവിലും വ്രണത്തിലുമൊക്കെ തേന്‍ പുരട്ടുന്നത് അണുബാധ തടയുന്നു.
കാരെള്ള് തേന്‍ ചേര്‍ത്തു ചവച്ചരച്ച് കഴിക്കുന്നത് ലൈംഗികശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ദിവസവും രാവിലെ നാലഞ്ച് ബദാം പരിപ്പ് തേന്‍ ചേര്‍ത്ത് കഴിക്കുന്നത് ശരീരക്ഷീണം അകറ്റുവാനും കായബലം വര്‍ദ്ധിപ്പിക്കുവാനും സഹായിക്കുന്നു. ഇതൊരു ബ്രയ്ന്‍ ഫുഡ് ആയും കരുതപ്പെടുന്നു.
തേന്‍ ഒരു ഔഷധവും ടോണിക്കുമാണ്. പഞ്ചസാരക്കും , ജാമിനുമൊക്കെ പകരമായി തേന്‍ ഉപയോഗിക്കാം. സര്‍വ്വരോഗസംഹാരിയായ തേനിന്റെ പതിവായ ഉപയോഗം ആരോഗ്യവും ദീര്‍ഘായുസും നിത്യയൗവ്വനവും പ്രദാനം ചെയ്യും.
Generated from archived content: arogyam25.html Author: john_muzhuthettu