ബ്രഹ്മി ഒരു ബ്രെയിന്‍ ടോണീക്ക്
സംഘര്‍ഷ നിവാരണത്തിനും മാനസികശേഷികള്‍ വര്‍ദ്ധിക്കുന്നതിനും ആയൂര്‍വേദത്തില്‍ ഉപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു ഔഷധസസ്യമാണ് ബ്രഹ്മി. പുരാതനകാലം മുതല്‍ ഇതിന്റെ ഔഷധമൂല്യം അറിയപ്പെട്ടിരുന്നു. അഥര്‍വവേദത്തില്‍ ബ്രഹ്മിയെപറ്റി പ്രദിപാദിപ്പിച്ചിട്ടുണ്ട്. സോരാഷ്ട്രീയന്‍ മതം സ്ഥാപിച്ച സോരാസ്സ്റ്ററും ഇതിന്റെ ഉപയോഗം അനുയായികള്‍ക്ക് ഉപദേശിച്ചിരുന്നു.
ഗുരുകുലവിദ്യാഭ്യാസത്തില്‍, ഗുരുക്കന്മാര്‍ ശിക്ഷ്യന്മാരുടെ പഠനശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി ബ്രഹ്മിയുടെ ഉപയോഗം നിഷ്കര്‍ഷിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്. ‘ചരകസംഹിത’ ‘സുശ്രുതസംഹിത’ ‘അഷ്ടാംഗഹൃദയം ‘ സഹശ്രയോഗം’ തുടങ്ങിയ പുരാതന ആയൂര്‍വേദശാസ്ത്ര ഗ്രന്ഥങ്ങളിലും ബ്രഹ്മിയുടെ ഔഷധമൂല്യം വിശദമായി പ്രദിപാദിക്കുന്നുണ്ട്. ചൈനയിലും പുരാതനകാലം മുതല്‍ ബ്രഹ്മി ഔഷധമായി ഉപയോഗിച്ചു വരുന്നു.
സ്ക്രോഫുലാരിയേസിയ കുടുംബത്തില്‍പ്പെട്ട ബ്രഹ്മിയുടെ ശാസ്ത്രനാമം ബക്കോപമൊന്നിയിറ എന്നാണ്.
റെസിന്‍ , ബ്രഹ്മിനിന്‍, എര്‍പേസ്റ്റിന്‍ എന്നീ ആല്‍ക്കലോയിഡുകള്‍ ബ്രഹ്മിയില്‍ അടങ്ങിയിരിക്കുന്നു.
സംഘര്‍ഷമകറ്റാന്‍ ബ്രഹ്മി
മാനസിക സംഘര്‍ഷമകറ്റി മനസിനെ പ്രശാന്തവും ഉന്മേഷര്ഭരിതവുമാക്കുന്നതിന് ഏറ്റവും ഫലപ്രദമായ ഔഷധമായി ബ്രഹ്മിയാണ് ആയൂര്‍വേദത്തില്‍ ഉപയോഗിക്കുന്നത്. നാഡീവ്യൂഹത്തെ ഉത്തേജിപ്പിക്കുന്നതിനും ശക്തിപ്പെടത്തുന്നതിനുമുള്ള കഴിവ് ബ്രഹ്മിക്കുണ്ട്. പതിവായി ബ്രഹ്മിനീര്‍ കഴിക്കുന്നത് സംഘര്‍ഷരഹിതമായ സന്തോഷകരമായ മാനസികാവസ്ഥ കൈവരിക്കാന്‍ സഹായകമാണ്.
പ്രശ്നങ്ങളെ സമചിത്തതയോടെ നേരിടുന്നതിനും തീരുമാനങ്ങള്‍ എടുക്കുന്നതിനുമുള്ള ശേഷി വര്‍ദ്ധിപ്പിക്കുന്നു. നിരാശ, സങ്കടം, ക്ഷിപ്രകോപം , ഭയം, ഉദ്വേഗം, പിരിമുറുക്കം എന്നിവയില്‍ നിന്നും മുക്തി നേടാന്‍ സഹായിക്കുന്നു. വര്‍ദ്ധിച്ച ആത്മവിശ്വാസവും ശുഭപ്രതീക്ഷയും ഉത്സാഹവും കൈവരിക്കുവാന്‍ ബ്രഹ്മിയുടെ ഉപയോഗം സഹായിക്കുന്നു എന്ന് തെളിഞ്ഞിട്ടുണ്ട്.
മസ്തിഷകശേഷി വര്‍ദ്ധിപ്പിക്കാന്‍
ബ്രഹ്മി ഒരു ബ്രെയിന്‍ ടോണിക് ആയിട്ടാണ് കണക്കാക്കപ്പെടുന്നത്. മസ്തിഷ്ക്ക കോശങ്ങളെ ഉത്തേജിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും ബ്രഹ്മിക്കുള്ള ഒരു പ്രത്യേക കഴിവ് തെളിയിക്കപ്പെട്ടിട്ടുണ്ട്. ലക്നോവിലുള്ള ‘ സെന്‍ട്രല്‍ ഡ്രഗ്ഗ് റിസര്‍ച്ച് ഇന്‍സ്റ്റ്യൂട്ടിലെ’ ശാസ്ത്രജ്ഞന്മാര്‍ നടത്തിയ പഠനങ്ങള്‍ മസ്തിഷ്ക്കത്തിലെ ന്യൂറോണ്‍സ് തമ്മിലുള്ള ബന്ധങ്ങള്‍ സുദൃഢമാക്കാന്‍ സഹായിക്കുന്ന രാസഘടകങ്ങള്‍ ബ്രഹ്മിയിലുണ്ട് എന്നു തെളിയിക്കുകയുണ്ടായി. മസ്തിഷ്ക്കത്തില്‍ സെറോട്ടോണിന്‍ എന്ന ന്യൂറോട്രാന്‍സ്മിറ്ററിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് ബ്രഹ്മിയുടെ ഉപയോഗം സഹായിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് മനസ്സിനും ശരീരത്തിനും ഉന്മേഷവും വിശ്രാന്തിയും പ്രദാനം ചെയ്യുന്നു.
മനുഷ്യ മസ്തിഷ്ക്കത്തിന്റെ വലത് ഇടത് അര്‍ദ്ധഗോളങ്ങളും സന്തുലിതമായി പ്രവര്‍ത്തിക്കുമ്പോഴാണ് മസ്തിഷ്ക്കശേഷി പരമാവധി പ്രയോജനപ്പെടുത്താന്‍ കഴിയുന്നത്. ബ്രഹ്മിയുടെ പതിവായ ഉപയോഗം ഈ സന്തുലിതാവസ്ഥ കൈവരിക്കാന്‍ നമ്മെ സഹായിക്കുന്നു . ബ്രഹ്മി ‘ സഹസ്രചക്ര’ യെ ഉണര്‍ത്തുന്നുവെന്നാണ് വിശ്വാസം.
മസ്തിഷ്ക്കഭാഗങ്ങളെ എല്ലാം പരിപോഷിപ്പിക്കുന്നതിനോടൊപ്പം മസ്തിഷ്ക്കത്തില്‍ ‘ ഓര്‍മ്മയുടെ അറ’ എന്നറിയപ്പെടുന ‘ ഹിപ്പോകാമ്പസി ‘ ലെ ന്യൂറോണുകളെ ഉത്തേജിപ്പിക്കാനും ബ്രഹ്മിക്കു കഴിയുമെന്ന് തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനുള്ള പ്രധാന ഔഷധമായി ബ്രഹ്മി ഉപയോഗിക്കപ്പെടുന്നത്.
Generated from archived content: arogyam21.html Author: john_muzhuthettu