അടുക്കള ഒരു ഔഷധക്കലവറ-കാരറ്റ്

കാരറ്റിലെ രാസഘടകങ്ങള്‍

ബീറ്റാകരോട്ടിന്‍ കലവറയാണ് കാരറ്റ്. ലിവറാണ് ഈ ബീറ്റാകരോട്ടിന്‍ വിറ്റാമിന്‍ ‘ എ’ ആയി പരിവര്‍ത്തനം ചെയ്യുന്നത്. ഇത് വിറ്റാമിന്‍ ഗുളികകളേക്കാള്‍ വളരെ വേഗത്തില്‍ ആഗിരണം ചെയ്യപ്പെടുന്നു. നൂറു ഗ്രാം കാരറ്റില്‍ നിന്ന് 3150 ഐ. യു വിറ്റാമിന്‍ ‘എ’ ആണ് ലഭിക്കുന്നത്. ആഹാരത്തിലെ വിറ്റാമിന്‍ ‘ എ’ യുടെ അഭാവം പരിഹരിക്കുന്നതിന് ദിവസവും ഒരു കാരറ്റ് ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതി. നയനരോഗങ്ങള്‍ തടയുന്നതിനും അവയ്ക്ക് പ്രധിവിധിയായും കാരറ്റ് ഉപയോഗിക്കാം. കണ്ണിന്റെ തിളക്കവും അഴകും വര്‍ദ്ധിക്കുന്നതിനും കാരറ്റ് സഹായിക്കുന്നു.

വിറ്റാമിന്‍ ‘എ’ ക്കു പുറമെ 10.6 ഗ്രാം അന്നജം 0.9 മി. ഗ്രാം പ്രോട്ടീന്‍ , 80 മി. ഗ്രാം കാത്സ്യം ,2.2 മി. ഗ്രാം ഇരുമ്പ്, 0.04 മി. ഗ്രാം തയാമിന്‍, 3 ഐ. യു. വിറ്റാമിന്‍ ‘സി’ 0.02 ഐ യു, വിറ്റാമിന്‍ ബി- 2,0.60 ഇ യു , നിഖ്യാസിന്‍ എന്നിവയും നൂറുഗ്രാം കാരറ്റില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ചുരുങ്ങിയ അളവില്‍ ഫോസ്ഫറസ്, സള്‍ഫര്‍, പെപ്റ്റോണ്‍ ആന്‍സുമിന്‍ എന്നിവയും കാരറ്റിലുണ്ട്.

കാരറ്റിന്റെ ഔഷധഗുണങ്ങള്‍, പ്രയോഗരീതികള്‍

പല നയനരോഗങ്ങളും ജീവകം ‘എ’ യുടെ അഭാവത്താലാണു ഉണ്ടാവുന്നത്. അപ്രകാരം ഉണ്ടാകുന്ന നേത്രരോഗങ്ങള്‍ക്ക് പ്രതിവിധിയായും പ്രതിരോധമായും കാരറ്റ് ഉപയോഗിക്കാം. കണ്ണിന്റെ കാഴ്ചയും സൗന്ദര്യവും വര്‍ദ്ധിപ്പിക്കുന്നതിനും നിലനിര്‍ത്തുന്നതിനും ഇത് ഏറെ സഹായകരമാണ് എന്ന് തെളിഞ്ഞിട്ടുണ്ട്.

കാരറ്റില്‍ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുള്ളതു കൊണ്ട് വിളര്‍ച്ച മാറ്റുന്നതിനും കാരറ്റ് വളരെ ഫലപ്രദമാണ്. അയണ്‍ ഗുളികകള്‍ തിന്നാന്‍ പ്രേരിപ്പിക്കുന്ന ഡോക്ടര്‍മാര്‍ ദിവസവും ഒരു കാരറ്റെങ്കിലും കഴിക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.

ചര്‍മ്മ രോഗങ്ങള്‍ക്ക് പ്രതിവിധിയായും പ്രതിരോധമാര്‍ഗമായും കാരറ്റ് ജൂസാക്കിയോ അല്ലാതെയോ കഴിക്കാം. അതുപോലെ കാരറ്റ് നീര്‍ ത്വക്കില്‍ ലേപനം ചെയ്യുന്നതും നല്ലതാണ്. ഇത് ത്വക്കിന് നല്ല നിറവും ശോഭയും നല്‍കുന്നു.

ഗര്‍ഭിണികള്‍ക്ക് ആവശ്യമുള്ള ഇരുമ്പും വിറ്റാമിനുകളും ലഭിക്കുന്നതിന് ദിവസവും കാരറ്റ് നീര്‍ കഴിക്കുന്നത് നല്ലതാണ്.

ഉദരവ്രണം, ആമാശയരോഗങ്ങള്‍ , ഗ്യാസ്, മലബന്ധം തുടങ്ങിയ രോഗങ്ങള്‍ക്ക് പ്രതിരോധവുമാണ് കാരറ്റ്.

കാരറ്റിന്റെ പതിവായ ഉപയോഗം പൊതുവായ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു.

കരള്‍ രോഗങ്ങള്‍, മഞ്ഞപ്പിത്തം തുടങ്ങിയവയ്ക്ക് ശമനം നല്‍കാന്‍ കാരറ്റിന്റെ ഉപയോഗം സഹായിക്കുന്നു.

മൂത്രാശയരോഗങ്ങള്‍ തടയുന്നതിനും പരിഹരിക്കുന്നതിനും കാരറ്റിന്റെ പതിവായ ഉപയോഗം സഹായിക്കുന്നു.

വയറിലെ കൃമിശല്യം പരിഹരിക്കുന്നതിന് കുട്ടികള്‍‍ക്ക് കാരറ്റ് ജൂസ് നല്‍കുന്നത് നല്ലതാണ്.

മുറിവുകളില്‍ കാരറ്റ് നീര്‍ പുരട്ടുന്നതും കാരറ്റ് അരച്ച് ലേപനം ചെയ്യുന്നതും അതു കരിയാന്‍ സഹായിക്കുന്നു.

വാതരോഗങ്ങള്‍ അകറ്റുന്നതിനും കാരറ്റ് പതിവായി കഴിക്കുന്നത് ഫലപ്രദമാണ്.

ശാരീരികവും മാനസികവുമായ ക്ഷീണം അകറ്റുന്ന ഒരു ഉത്തമ ടോണിക്കാണ് കാരറ്റ്. കാരറ്റ് ഉപയോഗിച്ച് പല തരത്തിലുള്ള പലഹാരങ്ങള്‍ ഉണ്ടാക്കാം. ‘ കാരറ്റ് ഹലുവ’ വളരെ രുചികരമായ ഒരു വിഭവമാണ്. കാരറ്റുപയോഗിച്ചുള്ള സൂപ്പ് , സലാഡ്, അച്ചാര്‍ , ചട്ണി, എന്നിവയും വളരെ പോഷകമൂല്യമുള്ളവയാണ്. പച്ചക്കറികളുടെ റാണി എന്നറിയപ്പെടുന്ന കാരറ്റ് നമുക്ക് ആരോഗ്യവും സൗന്ദര്യവും പ്രദാനം ചെയ്യുന്ന ഒരു ദേവതയാണ്!

Generated from archived content: arogyam18.html Author: john_muzhuthettu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here