അടുക്കള ഒരു ഔഷധക്കലവറ-വെളുത്തുള്ളി

വെളുത്തുള്ളി ഒരു അണുനാശിനി

വെളുത്തുള്ളിയില്‍ 0.6 മുതല്‍ 0.9 ശതമാനം വരെ ഡയാല്ലില്‍ സള്‍ഫെഡ് (Diallyl Sulphide) അടങ്ങിയിരിക്കുന്നു. വെളുത്തുള്ളി ഭക്ഷിക്കുമ്പോള്‍ ശരീരം അതിവേഗത്തില്‍ ആഗിരണം ചെയ്യുന്നു അതിനുശേഷം സള്‍ഫ്യൂറിക്ക് ആസിഡായി (Sulphuric Acid) പരിണമിക്കുന്നു. ഇതൊരു അണുനാശിനിയായി ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നു. ക്ഷയരോഗത്തിന് വളരെ ഫലപ്രദമായ ഒരുഷധമാണ് വെളുത്തുള്ളി എന്ന് ന്യൂയോര്‍ക്ക് മെട്രൊ പോളിറ്റന്‍ ആശുപത്രിയിലെ ഡോ. എം.ഡബ്ലിയു. മാക്ഡ്യുഫെ യുടെ പഠനത്തില്‍ വ്യകതമായി. 11082 ക്ഷയരോഗികളില്‍ വ്യത്യസ്തങ്ങളായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് ചികിത്സ നടത്തിയതില്‍ ഏറ്റവും ഫലപ്രദമായി കണ്ടത് വെളുത്തുള്ളിയുടെ ഉപയോഗമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.

വെളുത്തുള്ളിയുടെ ഔഷധഘടകങ്ങള്‍

കാത്സ്യം, പൊട്ടാസ്യം, ഫോസ്പറസ് എന്നീ മൂന്നു പ്രധാന ധാതുലവണങ്ങള്‍ വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്നു. ഇതിനു പുറമെ പരിമിതമായ അളവില്‍ അയ്ഡിന്‍, സള്‍ഫര്‍, ഈസ്റ്റ്, ക്ലോറിന്‍, വിറ്റാമിന്‍ ബി, സി. ഇ എന്നിവയും അടങ്ങിയിരിക്കുന്നു, 4.4 ശതമാനം പ്രോട്ടീനും 2 ശതമാനം കൊഴുപ്പും 1. 18 ശതമാനം ധാതുലവണങ്ങളും 20 ശതമനം കാര്‍ബോഹൈഡ്രേറ്റും വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുണ്ട്. വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന , ഡയാല്ലില്‍ സള്‍ഫൈഡ്, അല്ലെസിന്‍, എന്നീ രാസവസ്തുക്കളാണ് അതിന് ഔഷധ ഗുണം നല്‍കുന്നതും അണുനാശിനിയായി പ്രവര്‍ത്തിക്കുന്നതും. ഫംഗസ് വളര്‍ച്ച തടയുന്നതും, രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നതും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതും ഇവയാണ്.

കാരറ്റ് ആരോഗ്യത്തിനും സൌന്ദര്യത്തിനും

ഏത് അടുക്കളയിലും സുലഭമായിട്ടുള്ള കാരറ്റിന്റെ ഗുണവിശേഷങ്ങള്‍ വീട്ടമ്മമാര്‍ക്കെല്ലാം അറിവുള്ളതാണ്. കുട്ടികളെ കാരറ്റ് കഴിപ്പിക്കാന്‍ അമ്മുമ്മമാര്‍ പല വിദ്യകളും പാചകത്തില്‍ പ്രയോഗിക്കാറുണ്ട്. ചുരണ്ടിയ കാരറ്റും തേങ്ങയും ചേര്‍ത്ത മിശ്രിതത്തില്‍ തേനൊഴിച്ചു കൊടുക്കുന്നത് കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ്. ചിലര്‍ രുചിയേറിയ കാരറ്റ് ഹലുവ ഉണ്ടാക്കി കുട്ടികളെ ആകര്‍ഷിക്കുന്നു. കാരറ്റ് ജ്യൂസ് എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു പാനീയമാണ്. അല്‍പ്പം തേനും കൂടി ചേര്‍ത്ത് മധുരമയമാക്കിയാല്‍ പറയുകയും വേണ്ട. പക്ഷെ ഇന്ന് പലരും കാരറ്റിന്റെ അത്ഭുത ശക്തിയെ പറ്റി ശരിയായി മനസിലാക്കിയിട്ടുണ്ടോ എന്നു സംശയമുണ്ട്. അറിവുള്ളവര്‍ പോലും കാരറ്റിന്റെ ഗുണഫലങ്ങള്‍ പ്രയോജനപ്പെടുത്തുന്നതില്‍ ശുഷ്ക്കാന്തിയുള്ളവരല്ല എന്നതാണ് സത്യം

കാരറ്റ് ഔഷധ സസ്യം

ഒരു പച്ചക്കറിവിള എന്നതിനു പുറമെ ഇതൊരു ഔഷധ സസ്യം കൂടിയാണ് കാരറ്റിന്റെ ശാസ്ത്രീയ നാമം ഡോക്കസ് അരോട്ട എന്നാണ്. വയറിന്റെ അമ്ലസ്വഭാവം മാറ്റി എടുക്കുന്നതിന് ഏറ്റവും അനുയോജ്യമായ ഒന്നാണ് കാരറ്റ് ജ്യൂസ്. വായുടേയും മൂത്രത്തിന്റേയും അമ്ലാവസ്ഥ മാറ്റി എടുക്കുന്നതിനും കാരറ്റ് ജ്യൂസ് സഹായിക്കുന്നു.

മിക്ക രോഗങ്ങളുടേയും ചികിത്സയില്‍ രക്തത്തിലെ അമ്ലാംശം ഒരു പ്രതികൂലഘടകമാണ്. ഈ അമ്ലാംശം മാറ്റി രക്തവും ശരീരകോശങ്ങളും ശരിയായ പി. എച്ച് -ല്‍ കൊണ്ടു വന്നെങ്കില്‍ മാത്രമേ സ്വാഭാവികമായ രോഗശമനം സാധ്യമാകുകയൊള്ളു. കാരറ്റ് ജ്യൂസ് ഈ ധര്‍മ്മം അതിശീഘ്രം നിര്‍വഹിക്കുന്നു. വിളര്‍ച്ച, കരള്രോഗങ്ങള്‍, അസിഡോസിസ്, രക്തദൂഷ്യം തുടങ്ങിയ രോഗങ്ങളെ അകറ്റുന്നതിനും പ്രതിരോധിക്കുന്നതിനും കാരറ്റ് ജ്യൂസ് പതിവായി കഴിക്കുന്നതു ഫലപ്രദമാണ് എന്നു തെളിഞ്ഞിട്ടുണ്ട്.

അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് സംരക്ഷണം

ഒരാളുടെ ഒരു ദിവസത്തെ വിറ്റാമിന്‍’ എ’ യുടെ ആവശ്യം പൂര്‍ണ്ണമായി നിറവേറ്റുന്നതിന് ഒരു കാരറ്റ് തിന്നാല്‍ മതിയെന്നാണ് കണക്ക്. സൂര്യന്റെ അള്‍ട്രാവൈലറ്റ് രശ്മികളില്‍ നിന്നും മനുഷ്യശരീരത്തെയും ചര്‍മ്മത്തേയും രക്ഷിക്കുന്നതിനുള്ള പ്രത്യേക ശേഷി കാരറ്റിനുണ്ടെന്ന് പരീക്ഷണങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. ദീര്‍ഘനാള്‍ യൌവ്വനം നിലനിര്‍ത്താന്‍ കാരറ്റ് സഹായിക്കുന്നു. ദിവസവും ഒരു കാരറ്റ് കടിച്ചു തിന്നുന്നതും സാലഡുകളില്‍ ഉള്‍പ്പെടുത്തുന്നതും ഒരു ശീലമാക്കുക. അതു നിങ്ങളെ പല വിധ രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുകയും ഊര്‍ജ്ജസ്വലരാക്കുകയും ചെയ്യും.

ക്യാന്‍സറും കാരറ്റ് ജ്യൂസും

ദി ജ്യൂസ്മാന്‍സ് പവ്വര്‍ ഓഫ് ജൂസിംഗ് എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവായ ജെയ് കോര്‍ഡിക്കിന്റെ അനുഭവം കാരറ്റിന്റെയും കാരറ്റ് ജ്യൂസിന്റെയും അത്ഭുതകരമായ ശക്തി വെളിപ്പെടുത്തുന്നു. ജെയ് കോര്‍ഡിക്കിന് ചെറുപ്പം മുതല്‍ക്കേ കാരറ്റിനോടു വെറുപ്പായിരുന്നു. അമ്മ നിര്‍‍ബന്ധിച്ചു പ്രലോഭിപ്പിച്ചുമൊക്കെയാണ് കാരറ്റ് കഴിപ്പിച്ചിരുന്നത്. 18 വയസ്സുള്ളപ്പോള്‍ മുതല്‍ അദ്ദേഹം പഠനത്തിനും ജോലിക്കുമായി വീട്ടില്‍നിന്നകലെ യാണ് കഴിഞ്ഞിരുന്നത്. അക്കാലത്ത് അദ്ദേഹം ഭക്ഷണക്കാര്യത്തില്‍ ഒട്ടും തന്നെ ശ്രദ്ധിച്ചിരുന്നില്ല. അദ്ദേഹം സൌത്ത് കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ ഒരു ഫുട്ബോള്‍ താരമായി തീര്‍ന്നു. തന്റെ ഫുട്ബോള്‍ കോച്ചിന്റെ ഉപദേശപ്രകാരം അദ്ദേഹം ധാരാളം മാംസവും വെണ്ണയും കഴിക്കുവാന്‍ തുടങ്ങി. 26 – മത്തെ വയസ്സില്‍ അദ്ദേഹം ഒരു ക്യാന്‍സര്‍ രോഗിയായിത്തീര്‍ന്നു. ഇതു അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറ്റി മറിച്ചു.

ക്യാന്‍സര്‍ രോഗിയായ കോര്‍ഡിക് അമേരിക്കയില്‍ പ്രാക്റ്റീസ് ചെയ്തിരുന്ന പ്രശസ്ത ജര്‍മ്മന്‍ ഡോക്ടറായ ഡോ. മാക്സ് ജെര്‍സനെ സമീപിച്ചു. പ്രശസ്തനായ ആന്‍ബര്‍ട്ട് ഷ്വെയ്റ്റ്സറിനെ അത്ഭുതകരമായി മാരകരോഗത്തില്‍ നിന്നും രക്ഷിച്ച് പ്രശസ്തി നേടിയിരുന്ന സമയമായിരുന്നു അത്. ജെര്‍സന്‍ പലരുടേയും ക്യാന്‍സര്‍ വരെ ചികിത്സിച്ച് സുഖപ്പെടുത്തിയതായി കേട്ടിരുന്നു. ഏതായാലും അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം കോര്‍ഡിക് ചികിത്സ തുടങ്ങി. . കാരറ്റ് ജ്യുസ് കുടിക്കുക. എന്നതായിരുന്നു പ്രധാന ചികിത്സാരീതി. ഒരു ദിവസം പതിമൂന്നു ഗ്ലാസ്സ് കാരറ്റ്- ആപ്പിള്‍ ജ്യുസ് വരെ അദ്ദേഹം കുടിച്ചുകൊണ്ട് രണ്ടു വര്‍ഷക്കാലം കഴിഞ്ഞു. അത്ഭുതമെന്നു പറയട്ടെ അദ്ദേഹത്തിന്റെ അദ്ദേഹത്തിന്റെ ക്യാന്‍സര്‍രോഗം അപ്രത്യക്ഷമായി. തന്റെ അതിസയകരമായ രോഗശാന്തിക്കും ജീവരക്ഷയ്ക്കും കാരണം കാരറ്റാണ് എന്ന് അദ്ദേഹം സാക്ഷ്യപ്പെറ്റുത്തുന്നുണ്ട്.

Generated from archived content: arogyam17.html Author: john_muzhuthettu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English