അടുക്കള ഒരു ഔഷധക്കലവറ

ഇന്ന് ഒരു ചെറിയ ജലദോഷമോ തൊണ്ടവേദനയോ വന്നാല്‍ , പനിയോ ചുമയോ ഉണ്ടായാല്‍ , തലവേദനയോ വയറുവേദനയോ തോന്നിയാല്‍ നാം ഡോക്ടര്‍മാ‍രെയോ ആശുപത്രികളേയോ അഭയം പ്രാപിക്കുന്നു. അവര്‍ നല്‍കുന്ന ഗുളികകളും ടോണിക്കുകളും സേവിക്കുന്നു. തല്‍ക്കാലം രോഗം ശമിക്കുന്നു. അധികം താമസിക്കാതെ തന്നെ ഈ രോഗങ്ങള്‍ വീണ്ടും പ്രത്യക്ഷപ്പെടുന്നു! പഴയതിനേക്കാള്‍ ശക്തിയായി. അപ്പോഴും പഴയ പതിവ് ആവര്‍ത്തിക്കുന്നു. രോഗങ്ങള്‍ക്ക് സ്ഥായിയായ ശമനമോ രോഗികള്‍‍ക്ക് സമഗ്രമായ ആരോഗ്യമോ കൈവരിക്കാന്‍ കഴിയുന്നില്ല. രോഗികളുടെ കീശ ശോഷിക്കുകയും ആശുപത്രികള്‍ ‘കാശ് വാരി’ കൊഴുക്കുകയും ചെയ്യുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.

മുത്തശിമാഹാത്മ്യം

പണ്ടൊക്കെ ഈ രോഗങ്ങള്‍ കുട്ടികള്‍ക്കോ വീട്ടിലാര്‍ക്കെങ്കിലുമോ ഉണ്ടായാല്‍ അതിന് ചികിത്സ തേടി ആശുപത്രികളില്‍ പോകുന്ന പതിവില്ലായിരുന്നു. വീട്ടിലെ മുത്തശ്ശിയുടെ ചില ‘പ്രയോഗങ്ങള്‍’ മാത്രമാണ് ഇതിനൊക്കെ പ്രതിവിധിയായി ഉപയോഗിച്ചിരുന്നത്. അവ തികച്ചും ലളിതവും ഏറെ ഫലപ്രദവും ആയിരുന്നു.

ജലദോഷത്തിന് തുളസിനീരും ചുമയ്ക്ക് ചുക്കും പനിക്ക് പനിക്കൂര്‍ക്കയും ഒക്കെ ഉപയോഗിച്ച് രോഗശമനം അനായാസം കൈവരിച്ചിരുന്നു. ആശുപത്രികളിലെ ഭാരിച്ച ബില്ലും സമയനഷ്ടവും ഒഴിവാക്കുകയും ചെയ്തിരുന്നു. അമ്മമാരുടെ ‘അടുക്കളവൈദ്യം’ കുട്ടികളുടേയും കുടുംബാംഗങ്ങളുടേയും ആരോഗ്യസംരക്ഷണത്തില്‍ ഒരു വലിയ പങ്കു വഹിച്ചിരുന്നുവെന്നതാണ് വസ്തുത.

ഇന്ന് വീട്ടമ്മമാര്‍ കൂടുതല്‍ ജോലിത്തിരക്കുള്ളവരും സമയമില്ലാത്തവരുമാണെങ്കിലും വളരെ ലളിതമായി അവര്‍ക്കു സ്വീകരിക്കാവുന്ന ‘ചില പൊടിക്കൈകള്‍’ ഉണ്ട് . അടുക്കളയില്‍ ലഭ്യമാകുന്ന സാധനങ്ങള്‍ ഉപയോഗിച്ച് തന്നെ ഫലപ്രദമായ പ്രതിവിധി കാണാന്‍ അമ്മമാര്‍ക്കു കഴിയും. ഇതില്‍ അല്‍പ്പം വിശ്വാസവും അറിവും ഉണ്ടാവണമെന്നു മാത്രം.

വെളുത്തുള്ളി ഒരു സര്‍വ്വരോഗസംഹാരി

‘വെളുത്തുള്ളിയെ പച്ചമരുന്നുകളുടെ റാണി’ എന്നാണ് പല വിദഗ്ദരും വിളിക്കുന്നത്. അടുക്കളയില്‍ സുലഭമായി ലഭിക്കുന്ന വെളുത്തുള്ളി പുരാതനകാലം മുതല്‍ ഒരു മരുന്നായും ടോണിക്കായും ധാരാളമായി ഉപയോഗപ്പെടുത്തി വരുന്നു. ഈജിപ്തിലെ പിരമിഡുകളുടെ നിര്‍മ്മാണപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന അടിമകള്‍‍ക്ക് ക്ഷീണമകറ്റുന്നതിനും ശക്തിപ്രാപിക്കുന്നതിനും വെളുത്തുള്ളി ധാരാളമായി നല്‍കിയിരുന്നതായി പറയപ്പെടുന്നു. പണ്ടുമുതല്‍ക്കേ പല വൈദ്യശാസ്ത്രവിദഗ്ദരും വെളുത്തുള്ളി ഒരു ടോണിക്കായി നിര്‍ദ്ദേശിച്ചിരുന്നു.

ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റിസ് വെളുത്തുള്ളി ഒരു ഔഷധമായി രോഗികള്‍ക്ക് നിര്‍ദ്ദേശിച്ചിരുന്നു. വെളുത്തുള്ളി വേണ്ട വിധം കഴിക്കുന്ന വ്യക്തി ആരോഗ്യത്തോടും ആനന്ദത്തോടും കൂടി നൂറുവര്‍ഷക്കാലം ജീവിച്ചിരിക്കുമെന്ന് വാഗ്ഭടാചാര്യന്‍ പറഞ്ഞിട്ടുണ്ട്.

ഒന്നാം ലോകമഹായുദ്ധകാലത്ത് മുറിവേറ്റ ഭടന്മാരെ സുഖപ്പെടുത്തുന്നതിനായി വെളുത്തുള്ളി ഉപയോഗിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. നേര്‍പ്പിച്ച വെളുത്തുള്ളി സത്ത് മുറിവുകളില്‍ പുരട്ടിയപ്പോള്‍ യാതൊരു പഴുപ്പും ഉണ്ടാകാതെ മുറിവുകള്‍ കരിഞ്ഞു. രക്തസമ്മര്‍ദ്ദം കുറയുന്നതിനായി മഹാത്മാഗാന്ധി ആഹാരത്തോടൊപ്പം വെളുത്തുള്ളി നിത്യവും കഴിച്ചിരുന്നു. 1965- ല്‍ റക്ഷ്യന്‍ ഗവണ്മെന്റ് അഞ്ഞൂറ് ടണ്‍ വെളുത്തുള്ളിയാണ് ‘ഫ്ലൂ’ എന്ന പകര്‍ച്ചവ്യാധി തടയുന്നതിനായി ഇറക്കുമതി ചെയ്തത്. ‘റക്ഷ്യന്‍ പെന്‍സിലിന്‍’ എന്നാണ് വെളുത്തുള്ളി അറിയപ്പെടുന്നത്. ബ്രിട്ടണില്‍ മുറിവുണക്കുന്നതിനും രോഗവ്യാപനം തടയുന്നതിനും വെളുത്തുള്ളി ഉപയോഗപ്പെടുത്തിയിരുന്നു.

ശാസ്ത്രീയ പഠനങ്ങള്‍

സംഘര്‍ഷനിവാരണത്തിനും ക്ഷീണം മാറുന്നതിനും ഊര്‍ജ്ജസ്വലത കൈവരിക്കുന്നതിനും വെളുത്തുള്ളി പതിവായി കഴിക്കുന്നത് ഏറെ ഫലപ്രദമാണെന്ന് ശാസ്ത്രീയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. കായികതാരങ്ങളുടെ കായികശേഷി വര്‍ദ്ധിപ്പിക്കുന്നതിനും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനും വെളുത്തുള്ളിയുടെ ഉപയോഗം പ്രയോജനപ്രദമാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്.

ഉദരരോഗങ്ങള്‍ക്ക് വളരെ ഫലപ്രദമായ പരിഹാരമാണ് വെളുത്തുള്ളി. ന്യൂയോര്‍ക്കിലെ ഡോ. മാര്‍ കോവില്‍ അനേകവര്‍ഷങ്ങളായി വെളുത്തുള്ളിയുടെ ഔഷധഗുണങ്ങളെ പറ്റി പഠനം നടത്തിയ ശാസ്ത്രജ്ജനാണ്. വെളുത്തുള്ളി കഴിക്കുമ്പോള്‍ ദഹനരസസ്രവത്തെ ഉത്തേജിപ്പിക്കുകയും ദഹനപ്രക്രിയ വേഗത്തിലാക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. വയറ്റിലെ കൃമി ശല്യം ഇല്ലാതാക്കുവാന്‍ വെളുത്തുള്ളി വളരെ ഫലപ്രദമാണ് എന്നു കണ്ടെത്തുകയുണ്ടായി.

ലോമാലിന്‍ഡാ യൂണിവേഴ്സിറ്റി മെഡിക്കല്‍ സ്കൂളിലെ ഡോ. ബഞ്ചമിന്‍ നടത്തിയ ഒരു പഠനത്തില്‍ മാനസികസംഘര്‍ഷമകറ്റാന്‍ വെളുത്തുള്ളിക്ക് അപാരമായ കഴിവുണ്ടെന്ന് തെളിയുകയുണ്ടായി. ആയിരത്തിത്തൊള്ളായിരത്തി എണ്‍പതുകളില്‍ ജപ്പാനില്‍ ആയിരക്കണക്കിനു രോഗികളില്‍ നടത്തിയ ഒരു പരീക്ഷണത്തില്‍, വെളുത്തുള്ളി സത്ത് നല്‍കിയപ്പോള്‍ , ഒരു മാസത്തിനുള്ളില്‍ അവരില്‍ 80% പേര്‍ക്കും തങ്ങളുടെ ക്ഷീണവും നിരാശയും മാനസികപിരിമുറുക്കവും കുറഞ്ഞതായി കണ്ടെത്തുകയുണ്ടായി.

തുടരും…….

Generated from archived content: arogyam16.html Author: john_muzhuthettu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here