സോക്രട്ടീസിന്റെ ജീവൻ അപഹരിച്ചത് ഒരുപാത്രം വിഷമായിരുന്നു. എന്നാൽ ഇന്ന് നമ്മുടെ ജീവന് ഭീഷണി ഉയർത്തുന്നത് ആഹാരപദാർത്ഥങ്ങളിലെ വിഷാധിക്യമാണ്. ഇത് ആധുനിക മനുഷ്യനെ അനാരോഗ്യത്തിലേക്കും ജീവഹാനിയിലേക്കും നിശ്ശബ്‌ദമായി നയിച്ചുകൊണ്ടിരിക്കുന്നു. ഇതിന്റെ ഗുരുതരമായ പരിണിതഫലങ്ങളേപ്പറ്റി അവൻ തികച്ചും അജ്ഞനോ അശ്രദ്ധനോ ആണ്. ജീവിതത്തിന്റെ ഗതിവേഗത്തിൽ ഇതിനേപ്പറ്റിയൊക്കെ ശ്രദ്ധിക്കാനോ ചിന്തിക്കാനോ എവിടെ സമയം! ഇത് സ്വന്തം വിധിയായി അബോധമായി അംഗീകരിച്ചുകൊണ്ട് ഒരു മൃത്യുവലയത്തിൽ അവൻ വിലയം പ്രാപിക്കുന്നു.
സാർവ്വത്രികവും ആശങ്കാജനകവുമായ ഒരു ആരോഗ്യ-സാമൂഹ്യപ്രശ്‌നമാണ് ഭക്ഷ്യവിഷം. ഇന്നു മായം ചേരാത്ത ഭക്ഷ്യസാധനങ്ങൾ തികച്ചും ദുർലഭമാണ്. നാം നിത്യവും ഉപയോഗിക്കുന്ന അരിയുടെ കാര്യം തന്നെയെടുക്കാം. വളരെ മനോഹരമായ ചെറു സഞ്ചികളിൽ സീൽ ചെയ്‌തുവരുന്ന അരിക്ക് നിറം നല്‌കാൻ ഉപയോഗിക്കുന്ന രാസവസ്‌തു പലവിധ രോഗങ്ങൾക്ക് കാരണമാവുന്നു.
നിത്യോപയോഗ സാധനങ്ങളായ തേയിലപ്പൊടി, കാപ്പിപ്പൊടി, പരിപ്പ്, ഇറച്ചി, പാൽ തുടങ്ങിയവയിലെല്ലാംതന്നെ വിഷം കലർന്നിരിക്കുന്നു. ‘അമോണിയ’ ചേർത്ത മീനും ഇറച്ചിയും ദിവസവും വിറ്റഴിക്കുന്നു. ഇവ കഴിക്കുന്നവരിൽ ഉദരരോഗങ്ങളും മറ്റ് അസുഖങ്ങളും കൂടുതലായി കാണപ്പെടുന്നു എന്ന് പഠനങ്ങൾ തെളിയിക്കുന്നു.
കോഴിമുട്ടയിൽപ്പോലും വിഷമാലിന്യം അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങൾ കാണിക്കുന്നു. ഡയോക്‌സിൻ (Dioxin) എന്ന രോഗജന്യമായ രാസവസ്‌തുവാണ് കോഴിമുട്ടയിൽ കാണപ്പെടുന്നത്. ഇന്ത്യൻ കോഴിമുട്ടകളിൽ ഇതിന്റെ അംശം വളരെ കൂടുതലാണ്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് 5 മടങ്ങാണ് ഇത്. ഇറച്ചി, പാൽ, മത്സ്യം, മുട്ട, വെണ്ണ തുടങ്ങിയ ആഹാരപദാർത്ഥങ്ങളിലും ഡയോക്‌സിൻ കാണപ്പെടുന്നു.
പച്ചക്കറികളിലും പഴങ്ങളിലും കാണപ്പെടുന്ന കീടനാശിനികൾ ഒരു വലിയ ഭീഷണിയാണ് ഉയർത്തുന്നത്. വാഴവിത്തു നടുമ്പോൾ മുതൽ ധാരാളമായി ഉപയോഗിക്കുന്ന ‘ഫ്യൂറിഡാൻ’ ഏത്തപ്പഴവും മറ്റു വാഴപ്പഴങ്ങളും വിഷഫലങ്ങളാക്കിത്തീർക്കുന്നു. രാസവളങ്ങളുടെ അമിതമായ ഉപയോഗം പച്ചക്കറികളുടേയും കിഴങ്ങുവർഗ്ഗങ്ങളുടേയും പോഷകമൂല്യം കുറയ്‌ക്കുകയും ഔഷധഗുണം നശിപ്പിക്കുകയും ചെയ്യുന്നു. കാലിത്തീറ്റയിൽ ചേർക്കുന്ന ഹോർമോണുകളും രാസവസ്‌തുക്കളും പാലിന്റെയും പാലനുബന്ധ ആഹാരങ്ങളുടെയും ഗുണമേന്മ കുറയവ്‌ക്കുന്നുവെന്നു മാത്രമല്ല, അവ രോഗകാരണമാവാൻ ഇടവരുത്തുകയും ചെയ്യുന്നു.
ആകർഷണീയവർണ്ണങ്ങൾ, അപകടകാരികൾ!
ആകർഷണീയവർണ്ണങ്ങൾ തികച്ചും അപകടകാരികളായ വിഷങ്ങൾ ആണെന്ന കാര്യം നാം മറക്കുന്നു. ഇത്തരത്തിൽ വർണ്ണവൈവിധ്യമുള്ള ആഹാരസാധനങ്ങൾ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നത് ബേക്കറികൾ മുഖേനയാണ്. അതുകൊണ്ടാണ് ബേക്കറികൾ ‘അനാരോഗ്യത്തിന്റെ ഏജൻസികൾ’ എന്നറിയപ്പെടുന്നത്. ബേക്കറികളിലെ ചില്ലലമാരകളിൽ കണ്ണഞ്ചിപ്പിക്കുന്ന വിവിധ വർണ്ണങ്ങളിൽ പ്രദർശിപ്പിക്കപ്പെടുന്ന ഹൽവ, ലഡു, വിവിധതരം കേക്കുകൾ, മിഠായികൾ, അച്ചാറുകൾ, മധുരപലഹാരങ്ങൾ തുടങ്ങിയവല്ലൊംതന്നെ ആരോഗ്യനാശകമാണ്. രോഗഹേതുക്കളാണ്. തികച്ചും അപകടകരമായ മെറ്റാനിൻ യെല്ലോ (Metanine Yellow) ആണ് ഭക്ഷ്യവസ്‌തുക്കൾക്ക് നിറപ്പകിട്ടേകാൻ ഉപയോഗിക്കുന്ന രാസവസ്‌തുക്കളിൽ പ്രധാനി. അനുവദനീയമല്ലാത്ത മറ്റനേകം രാസവസ്‌തുക്കളും യാതൊരു മനഃസാക്ഷിയുമില്ലാതെ ഉപയോഗിക്കപ്പെടുന്നു.
ശീതളപാനീയങ്ങൾഃ പൊള്ളുന്ന പരമാർത്ഥങ്ങൾ
ഇന്ന് വളരെ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒന്നാണ് ശീതള പാനീയങ്ങൾ. അന്താരാഷ്‌ട്ര കമ്പനികൾ ഉല്‌പാദിപ്പിക്കുന്ന കോള, പെപ്‌സി, തംസപ്പ് തുടങ്ങിയവ മുതൽ പലതരത്തിലും നിറത്തിലുമുള്ള നാടൻ പാനിയങ്ങൾ വരെ ഇന്ന് സുലഭമായി ലഭ്യമാണ്. റേഡിയോയിലും ടിവിയിലും പരസ്യങ്ങളുടെ സിംഹഭാഗവും ഇത്തരം കമ്പനികൾ കയ്യടക്കിയിരിക്കുന്നു. അമിതാബച്ചനും ഷാരൂഖാനും ഒക്കെ പരസ്യങ്ങളിൽ ‘കഴിക്കുന്ന’ ഈ പാനിയങ്ങൾ കുട്ടികൾക്ക് ഏറ്റവും പ്രിയപ്പെട്ടവയുമാണ്. അവർ അവയ്‌ക്കുവേണ്ടി ശഠിക്കുന്നു മാതാപിതാക്കൾ അനുസരിക്കുന്നു! ഇതിൽ പതിയിരിക്കുന്ന ദൂരവ്യാപകമായ അപകടങ്ങളേപ്പറ്റി ഇവർ ഒട്ടും ബോധവാന്മാരല്ല. ഈ ശീതള പാനീയങ്ങളിൽ അടങ്ങിയിരിക്കുന്ന ഉത്തേജകവസ്‌തുക്കളും വിഷമാലിന്യങ്ങളും എത്രമാത്രം വിനാശകരമാണ് എന്നു നാം ചിന്തിക്കുന്നില്ല.
ഭീതിജനകമായ പഠനഫലങ്ങൾ
കോളപോലുള്ള പാനീയങ്ങളിൽ ഫോസ്‌ഫറസ് അടങ്ങിയിട്ടുണ്ട്. ഫോസ്‌ഫോറിക് ആസിഡ് രക്തത്തിലെ കാത്സ്യംലെവൽ താഴ്‌ത്തുന്നു. അതുകൊണ്ട് ഇത് കഴിക്കുന്നവരുടെ രക്തത്തിലെ കാത്സ്യത്തിന്റെ അളവ് കുറയുകയും എല്ലുകളിലെ കാത്സ്യം പകരമായി രക്തത്തിലേക്ക് ആഗിരണം ചെയ്യുകയും ചെയ്യുന്നു. ഇത് ഓസ്‌റ്റിയോ പോറോസിസ് (Ostio Porosis) എന്ന രോഗത്തിന് കാരണമാവുന്നു. (ബലക്ഷയം സംഭവിച്ച് എല്ല് പെട്ടെന്ന് ഒടിയുന്ന ഒരുതരം രോഗമാണ് ഇത്) ഓരോ കോളയിലും, പെപ്‌സിയിലും ഏകദേശം 500 മില്ലിഗ്രാം ഫോസ്‌ഫറസ് അടങ്ങിയിരിക്കുന്നു. ഒരു കോള കഴിക്കുന്ന വ്യക്തിയിൽ 500 മില്ലിഗ്രാം കാത്സ്യത്തിന്റെ അഭാവം അനുഭവപ്പെടുന്നു. ഇതു നികത്തുന്നതിന് ഏകദേശം 12 ഔൺസ് പാൽ കഴിക്കുകയോ 500 മില്ലിഗ്രാം കാത്സ്യം ലഭ്യമാകുന്ന കാത്സ്യം ഗുളികകൾ കഴിക്കുകയോ ചെയ്യണം. കാത്സ്യം ഏറ്റവും കൂടുതൽ ആവശ്യമായ വളർച്ചാകാലഘട്ടം 9 വയസുമുതൽ 18 വയസുവരെയാണ്. ഈ കാലഘട്ടത്തിൽ കാത്സ്യത്തിന്റെ അഭാവം അനുഭവപ്പെട്ടാൽ അത് എല്ലുകളുടെ വളർച്ച മുരടിക്കുന്നതിന് കാരണമാവുന്നു. പിന്നീട് കാത്സ്യം നല്‌കി ഇത് പരിഹരിക്കാനും കഴിയുകയില്ല.
പെപ്‌സിയും കോളയും അധികമായി കുടിക്കുന്ന കുട്ടികളിൽ എല്ലുകൾക്ക് ബലക്ഷയം സംഭവിക്കുകയും ഇവരുടെ കൈകാലുകൾ ഒടിയുകയും ചെയ്യുന്നതായി പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ലണ്ടനിലെ ഒരു സ്‌കൂളിൽ നടത്തിയ പഠനത്തിൽ പതിവായി കോള ഉപയോഗിക്കുന്ന ധാരാളം കുട്ടികൾക്ക് ഓസ്‌റ്റിയോ പോറോസിസ് രോഗം ബാധിച്ചതായി കണ്ടെത്തി.
ഏതാനും വർഷങ്ങൾക്കുമുമ്പ് ഹെറാൾഡ് ഓഫ് ഹെൽത്ത് (Herald of Health) എന്ന മാസികയിൽ രസകരമായ ഒരു സംഭവം റിപ്പോർട്ട് ചെയ്‌തിരുന്നു. ഒരാൾ ഒരു ഒടിഞ്ഞ പല്ല് ഒരു കുപ്പിയിലിരുന്ന ‘പെപ്‌സി’ യിൽ ഇട്ടു. പത്തുദിവസം കഴിഞ്ഞുനോക്കിയപ്പോൾ ആ പല്ല് പെപ്‌സിയിൽ ദ്രവിച്ച് അലിഞ്ഞു ചേർന്നിരിക്കുന്നു.! മണ്ണിനടിയിൽ കിടക്കുന്ന മനുഷ്യരുടെ പല്ല് അനേകം വർഷങ്ങൾ കഴിഞ്ഞാലും ദ്രവിക്കുകയില്ല എന്നു നമുക്കറിയാം. പെപ്‌സിയുടെ നശീകരണ ശേഷി എത്രമാത്രമുണ്ടെന്ന് ഈ സംഭവം വ്യക്തമാക്കുന്നു. പെപ്‌സിപോലുള്ള ശീതളപാനീയങ്ങളുടെ ശരാശരി അംലത്വം 3.4 പി.എച്ച് ആണ്. ഈ ആസിഡ് കട്ടിയേറിയ പല്ലുകളെയും എല്ലുകളേയും ദ്രവിപ്പിക്കത്തക്കവിധം ശക്തിയേറിയതാണ്.
ശീതളപാനിയങ്ങൾ ഹൃദ്രോഗകാരണമോ?
ശീതളപാനീയങ്ങളിൽ അടങ്ങിയിരിക്കുന്ന പ്രധാനഘടകം പഞ്ചസാരയാണ്. ധാരാളമായി ഇവ കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവു വർദ്ധിക്കുകയും പ്രമേഹം, പൊണ്ണത്തടി തുടങ്ങിയ രോഗങ്ങൾ വരാനുള്ള സാധ്യത കൂടുകയും ചെയ്യുന്നു. കോള കൂടുതലായി കഴിക്കുമ്പോൾ ട്രൈഗ്ലീസറൈഡി (Trigliceride) ന്റെ അളവ് വർദ്ധിക്കുകയും നല്ല കൊളസ്‌ട്രോളിന്റെ (HDL Cholestrol) അളവ് കുറയുകയും ചെയ്യുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. ഇത് ഹൃദ്രോഗങ്ങൾക്ക് വഴിയൊരുക്കുന്നു.
കിഡ്‌നി സ്‌റ്റോൺ
കിഡ്‌നിസ്‌റ്റോൺ രോഗികളായിരുന്ന 1009 പുരുഷന്മാരിൽ നടത്തിയ ഒരു പഠനത്തിൽ അവർ പതിവായി സോഡാ പോപ്പ് ( ഒരു ശീതളപാനീയം) കഴിക്കുന്നവരായിരുന്നുവെന്ന് കണ്ടെത്തുകയുണ്ടായി. പകുതിപ്പേരോട് ഇത് വർജ്ജിക്കാൻ ആവശ്യപ്പെട്ടു. പകുതിപ്പേർക്ക് യാതൊരു നിർദ്ദേശവും നല്‌കിയില്ല. കോളയുടെ ഉപയോഗം വർജ്ജിച്ചവരിലും കാര്യമായി കുറച്ചവരിലും കിഡ്‌നിസ്‌റ്റോൺ രോഗം മറ്റുള്ളവരേക്കാൾ മൂന്നിലൊന്നു കുറവായിരുന്നു. ഇതിനേപ്പറ്റി കൂടുതൽ പഠനങ്ങൾ നടന്നുവരുന്നു.
കഫീൻ
കോളയിലെ പ്രധാന ഘടകങ്ങൾ കഫീനും മറ്റു ഉത്തേജകവസ്‌തുക്കളുമാണ്. ഇത് കഴിക്കുന്നവർക്ക് ഉത്തേജനവും ഉന്മേഷവും അതിശീഘ്രം അനുഭവപ്പെടുന്നതിനുവേണ്ടിയാണ് ഇവ ചേർത്തിരിക്കുന്നത്. മൂത്രത്തിലൂടെ കാത്സ്യം നഷ്‌ടപെടുന്നതിന് ഈ ഉത്തേജക വസ്‌തുക്കൾ ഇടയാക്കുന്നുവെന്നതിനുപുറമേ ഇത് ഉറക്കമില്ലായ്‌മ, ഹൃദയമിടിപ്പിന്റെ വർദ്ധിച്ച വേഗത, തലവേദന തുടങ്ങിയവയ്‌ക്ക് വഴിവയ്‌ക്കുന്നു. ഇതിന്റെ തുടർച്ചയായ ഉപയോഗം കൗമാരപ്രായക്കാരിൽ ആശങ്കയും ഉദ്വോഗവും വർദ്ധിപ്പിക്കുന്നു. വിദ്യാർത്ഥികളിൽ അശ്രദ്ധയും അടക്കമില്ലായ്‌മയും അസ്വാസ്ഥ്യവും വളർത്തുന്നു.
കഫീൻ കലർന്ന പാനീയങ്ങൾ പതിവായി കഴിക്കുമ്പോൾ അതിനടിമയായിത്തീരാൻ സാധ്യത ഏറെയാണ്. 6 വയസുമുതൽ 12 വയസുവരെയുള്ള കുട്ടികളിൽ, കോളാകുടി നിർത്തുമ്പോൾ വിത്ത്‌ഡ്രോവൽ സിൻഡ്രം പ്രത്യക്ഷപ്പെടാറുണ്ട്. ഇത് അവരുടെ ശ്രദ്ധാശേഷിയേയും പ്രവർത്തനക്ഷമതയേയും സാരമായി ബാധിക്കുന്നു.
മറ്റ് രാസവസ്‌തുക്കൾ
ശീതളപാനീയങ്ങളിൽ അടങ്ങിയിരിക്കുന്ന മറ്റു രാസപദാർത്ഥങ്ങൾ പലപ്പോഴും അലർജിക്ക് കാരണമാവാറുണ്ട്. മഞ്ഞ ഡൈ മൂക്കടപ്പിനും ആസ്‌മയ്‌ക്കും നിദാനമാവുന്നതായി വ്യക്തമായിട്ടുണ്ട്. നിറം നല്‌കാൻ ഉപയോഗിക്കുന്ന രാസവസ്‌തുക്കൾ കുട്ടികളിൽ ‘ഹൈപ്പർ ആക്‌ടിവിറ്റി’ ജനിപ്പിക്കുന്നതായി കണ്ടിട്ടുണ്ട്.
വലിയ വിപത്ത്
മായം ചേർക്കലിലൂടെയും നിറംപിടിപ്പിക്കലിലൂടെയും ആഹാരസാധനങ്ങളിൽ എത്തുന്ന വിഷപദാർത്ഥങ്ങൾ ഒരു ഭീഷണമായ വിപത്താണ് മനുഷ്യരാശിക്കുമുന്നിൽ ഉയർത്തുന്നത്. അനാരോഗ്യവും മാരകരോഗങ്ങളും വിളിച്ചുവരുത്തുന്ന കൊക്കകോള, പെപ്‌സി തുടങ്ങിയ ശീതളപാനീയങ്ങൾ കുട്ടികൾക്കുകൂടി നൽകി അവരെ നാശഗർത്തത്തിലേക്ക് തള്ളിയിടുകയല്ലേ നാം ചെയ്യുന്നത്? ആരോഗ്യദായകമായ നാരങ്ങാവെള്ളവും ഇളനീരും സുലഭമായ നമ്മുടെ നാട്ടിൽ വിഷചഷകങ്ങൾ വിതരണം ചെയ്യുന്ന ബഹുരാഷ്‌ട്ര കുത്തകകളുടെ അടിമകളായി നാം ജീവിക്കുന്നുവെന്നത് ലജ്ജാകരമാണ്.
Generated from archived content: arogyam15.html Author: john_muzhuthettu
Click this button or press Ctrl+G to toggle between Malayalam and English