പഞ്ചസാരയും ഉപ്പും ഉയർത്തുന്ന ഭീഷണി

നാം കഴിക്കുന്ന ഓരോ ആഹാരസാധനത്തിനും അതാതിന്റേതായ സ്വഭാവവും വ്യത്യസ്‌തമായ സവിശേഷതകളുമുണ്ട്‌. ഓരോന്നും ശരീരത്തിൽ ഓരോ തരത്തിലുള്ള അവസ്‌ഥാന്തരങ്ങൾ സൃഷ്‌ടിക്കുകയും ശരീരത്തിന്റെയും മനസ്സിന്റെയും സുഗമമായ പ്രവർത്തനങ്ങളെ സ്വാധീനിക്കുകയും ചെയ്യുന്നു. ഓരോ ഭക്ഷണ പദാർത്ഥത്തിന്റെയും ആന്തരികഘടനയും പ്രത്യേകതയും അനുസരിച്ച്‌ നമ്മുടെ മാനസികശേഷിയെ വികസിപ്പിക്കുകയോ സങ്കോചിപ്പിക്കുകയോ, ഉത്തേജിപ്പിക്കുകയോ ക്ഷീണിപ്പിക്കുകയയോ ചെയ്യാം.

ചില ഭക്ഷണ സാധനങ്ങൾ പ്രതിസന്ധികളെയും സഘംർഷങ്ങളെയും നേരിടാനുള്ള മനസ്സിന്റെ സ്വാഭാവികശേഷിയെ ക്ഷീണിപ്പിക്കുകയും മറ്റു ചിലവ മാനസികവും ശാരീരികവും വൈകാരികവുമായ സന്തുലിതാവസ്‌ഥ കൈവരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

രണ്ടു ധവളവിഷങ്ങൾ

നമ്മുടെ മാനസികഭാവങ്ങളേയും ശാരീരിക പ്രവർത്തനങ്ങളേയും വളരെയധികം സ്വാധീനിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന രണ്ട്‌ ആഹാരച്ചേരുവകളാണ്‌ നാം നിത്യവും ഉപയോഗിക്കുന്ന പഞ്ചസാരയും ഉപ്പും. ഇവയെ ‘ധവള വിഷങ്ങൾ’ എന്നാണ്‌ വിളിക്കുന്നത്‌. അത്രമാത്രം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും ആരോഗ്യപ്രശ്‌നങ്ങളും സൃഷ്‌ടിക്കുന്ന രണ്ടു ആഹാര ഘടകങ്ങളാണ്‌ ഇവരണ്ടും. കൊച്ചുകുട്ടി മുതൽ വന്ദ്യവയോധികൻ വരെ നിത്യം ഉപയോഗിക്കുന്ന ഇവ രണ്ടും തീൻമേശയിലെ പ്രമുഖ സ്‌ഥാനം അലങ്കരിക്കുന്നു.

പഞ്ചസാരഃ പുഞ്ചിരിക്കുന്ന കൊലയാളി?

പഞ്ചസാരയാണ്‌ ഇന്ന്‌ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ആഹാരച്ചേരുവ (Food Additive). മധുരപലഹാരങ്ങളായും ചായ, കാപ്പി, നാരങ്ങാ വെള്ളം, ജ്യൂസുകൾ തുടങ്ങിയ പാനിയങ്ങളുടെ കൂടെയും നാം നിത്യവും പലനേരം പഞ്ചസാര കഴിക്കുന്നു. ചുരുങ്ങിയ സമയത്തേക്ക്‌ താല്‌ക്കാലികമായി ശരീരോർജം ഉയരുന്നതിന്‌ ഇത്‌ ഇടയാക്കുന്നു. പഞ്ചസാര കൂടുതലായി ഉപയോഗിക്കുമ്പോൾ അഡ്രീനൽ ഗ്രന്ഥി കൂടുതൽ പ്രവർത്തിക്കുകയും ക്രമേണ ക്ഷീണിക്കുകയും ചെയ്യുന്നു. ശരീരത്തിന്റെ സ്വാഭാവിക ശക്തിയും വിശ്രാന്തിയും നഷ്‌ടമാവുന്നു. ശ്രദ്ധാശേഷിയും ഏകാഗ്രതയും അപ്രത്യക്ഷമാവുന്നു. അസന്തുഷ്‌ടിയും അസഹിഷ്‌ണതയും അനുഭവപ്പെടുന്നു.

ശരീരത്തിലെ ഇൻസുലിൽ ഗ്രന്ഥികളെ സമ്മർദ്ദത്തിലാക്കുകയും ക്ഷീണിപ്പിക്കുകയും ചെയ്യുന്നു. ക്രമേണ ഇത്‌ പ്രമേഹ രോഗത്തിലേക്ക്‌ നയിക്കുന്നു. പഞ്ചസാരയുടെ അമിതോപയോഗം ദന്തക്ഷയം, ദന്തരോഗങ്ങൾ, അമിതവണ്ണം, മാനസിക പിരിമുറുക്കം, ഹൈപ്പർ ആക്‌ടിവിറ്റി (hyper activity) ക്ഷീണം തുടങ്ങിയ രോഗങ്ങൾക്ക്‌ കാരണമാവുന്നതായി പഠനങ്ങൾ കാണിക്കുന്നു.

പഞ്ചസാര രക്തത്തിലെ കാത്സ്യം-ഫോസ്‌ഫറസ്‌ അനുപാതത്തെ തകിടം മറിക്കുകയും നാഡികളുടെ ആരോഗ്യത്തിന്‌ അനിവാര്യമായ ബി വിഭാഗം വിറ്റാമിനുകളെ നിർവീര്യമാക്കുകയും, മാനസിക സംഘർഷത്തിലേക്ക്‌ നയിക്കുകയും ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്‌. ആക്രമണ വാസനയും, ഉത്‌കണ്‌ഠയും, പിരിമുറുക്കവും, നശീകരണ പ്രവണതയുമൊക്കെ ഇതിന്റെ പരിണിതഫലങ്ങളാണ്‌.

ഹിറ്റ്‌ലറും മധുരാസക്തിയും

ചരിത്രത്തിലെ അതിക്രൂരനായ ഭരണാധികാരിയെന്ന്‌ മുദ്രകുത്തപ്പെട്ട ഹിറ്റ്‌ലർ മധുരാസക്തിക്ക്‌ അടിമയായിരുന്നു എന്ന കാര്യം പ്രസിദ്ധമാണ്‌. വീഞ്ഞിൽപ്പോലും പഞ്ചസാര കലർത്തിയാണ്‌ കുടിച്ചിരുന്നത്‌. ഹിറ്റ്‌ലറോടൊപ്പം ഒരു മിഠായിപ്പാത്രം എപ്പോഴും ഉണ്ടായിരുന്നുവെന്നാണ്‌ പറയപ്പെടുന്നത്‌. ഹിറ്റ്‌ലറുടെ അമിതമായ പഞ്ചസാരയുടെ ഉപയോഗം താഴ്‌ന്ന രക്തസമ്മർദ്ദത്തിന്‌ കാരണമാവുകയും രോഷവും, പിരിമുറുക്കുവും ആക്രമണ വാസനയും പ്രകടിപ്പിക്കാൻ ഇടയാക്കുകയും ചെയ്‌തിരിക്കാം എന്ന്‌ അയാളുടെ പിയാനിസ്‌റ്റ്‌ ആയിരുന്ന ഏണസ്‌റ്റ്‌ ഹാൻഫ്‌ സ്‌റ്റീഗൽ (Ernst Hanfstaegl) തന്റെ ‘അൺഹേർഡ്‌ വിറ്റ്‌നസ്‌’ (Unheard Witness) എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്‌. “ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ മധുരാസക്തൻ ഹിറ്റ്‌ലറായിരുന്നു” എന്ന്‌ അദ്ദേഹം സാക്ഷ്യപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്‌. പഞ്ചസാരയുടെ അമിതമായ ഉപയോഗം ആവാം അയാളുടെ മാനസിക വികലതകൾക്കെല്ലാം അടിസ്‌ഥാന കാരണം.!

പഠനങ്ങൾ, കണ്ടെത്തലുകൾ

ധാരാളമായി പഞ്ചസാര ഉപയോഗിക്കുന്ന വ്യക്തികൾ ക്രിമിനൽ സ്വഭാവം കാണിച്ചിരുന്നതായി ഡോ. ജോസഫ്‌ വൈൽഡർ തന്റെ “ദി ഹാൻഡ്‌ ബുക്ക്‌ ഓഫ്‌ കറക്‌ഷണൽ സൈക്കോളജി (The Handbook of Correctional Psychology) എന്ന പുസ്‌തകത്തിൽ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്‌. പഞ്ചസാരയുടെ അമിതമായ ഉപയോഗമാണ്‌ ധാരാളം കുട്ടികൾ മാനസികപിരിമുറുക്കവും മറ്റ്‌ ന്യൂറോട്ടിക്‌ ലക്ഷണങ്ങളും പ്രകടിപ്പിക്കാൻ കാരണമെന്ന്‌ ഡോ. ജോസഫ്‌ വൈൽഡർ തന്റെ ‘നെർവസ്‌ ചൈൽഡ്‌’ (Nervous Child) എന്ന ഗ്രന്ഥത്തിൽ ഊന്നിപ്പറഞ്ഞിട്ടുണ്ട്‌.

ഡോ. സെസെലിയ റോസൻഹെൽഡ്‌ എന്ന കാലിഫോർണിയ ഡോക്‌ടറുടെ അഭിപ്രായത്തിൽ ഭാര്യാഭർത്താക്കന്മാർ പഞ്ചസാരരഹിതമായ ഒരു ആഹാരരീതി സ്വീകരിക്കുകയാണെങ്കിൽ പല കുടുംബകലഹങ്ങളും പരിഹരിക്കാൻ കഴിയുമത്രെ! എന്റെ അനുഭവത്തിൽ ഭാര്യാഭർത്താക്കന്മാരുടെ രക്തത്തിലെ പഞ്ചസാരയുടെ അസന്തുലിതാവസ്‌ഥയായിരുന്നു ഒട്ടേറെ വൈവാഹിക തകർച്ചകളുടെ പിന്നിലും. ഇവരെല്ലാം തന്നെ ആക്രമണ വാസന, അസഹിഷ്‌ണുത, ക്ഷിപ്രകോപം, തളർച്ച തുടങ്ങിയ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു. അവരെ പഞ്ചസാരരഹിതമായ പ്രകൃതിഭക്ഷണത്തിലേക്ക്‌ കൊണ്ടുവന്നപ്പോൾ ഈ ലക്ഷണങ്ങൾ അപ്രത്യക്ഷമാവുകയും ബന്ധങ്ങൾ മെച്ചപ്പെടുകയും ചെയ്‌തു.

പഞ്ചസാരയ്‌ക്ക്‌ പകരം എന്തുപയോഗിക്കണം?

അപകടകാരിയായ പഞ്ചസാരയ്‌ക്ക്‌ പകരം എന്തുപയോഗിക്കണം? മധുര സ്‌നേഹികൾ നിരാശപ്പെടേണ്ട. ഉല്‌പാദന പ്രക്രിയയിൽ ഉണ്ടാവുന്ന രാസമാറ്റങ്ങളാണ്‌ പഞ്ചസാരയെ വില്ലനാക്കി മാറ്റുന്നത്‌. പ്രകൃതിദത്തമായ സ്വാഭാവിക മധുരം ആവശ്യാനുസരണം ഉപയോഗിക്കാം. തേനും ശർക്കരയും കരിപ്പെട്ടിയും അഭികാമ്യമായ മധുര സ്രോതസ്സുകളാണ്‌. അവ ആരോഗ്യദായകവുമാണ്‌. കരിമ്പ്‌, മധുരപ്പഴങ്ങൾ, പഴച്ചാറുകൾ എല്ലാം പ്രകൃതിദത്തമായ ആരോഗ്യപ്രദമായ മധുരം പ്രദാനം ചെയ്യുന്നു. തേനിന്റെ ഔഷധഗുണങ്ങൾ എത്രപറഞ്ഞാലും അധികമാവുകയില്ല.

ഉപ്പ്‌ ഃ നിശ്ശബ്‌ദ കൊലയാളി?

നാം ദിവസവും ഉപയോഗിക്കുന്ന ഉപ്പ്‌ ഇത്ര അപകടകാരിയോ? ഇതിന്റെ കൂടുതലായ ഉപയോഗം ദൂരവ്യാപകമായ ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നുവെന്ന്‌ ശാസ്‌ത്രീയ പഠനങ്ങൾ തെളിയിക്കുന്നു. ‘നിശ്ശബ്‌ദ കൊലയാളി ’ എന്ന്‌ ഉപ്പിനെ വിളിക്കുന്നത്‌ അതുകൊണ്ടാണ്‌. ആവശ്യമുള്ളതിൽ ഏറെ ഉപ്പ്‌ നാം ഒരു ദിവസം പലപ്പോഴായി അകത്താക്കുന്നു. അമിതമായി ശരീരത്തിൽ കടന്നുകൂടുന്ന സോഡിയം ബഹിഷ്‌കരിക്കാൻ ശരീരം ശ്രമിക്കുന്നു. അതിനായി വൃക്കകൾ നിരന്തരം കഠിനധ്വാനം ചെയ്യുന്നു. ഇത്‌ വൃക്കകളെ തളർത്തുന്നു.

പഠനഫലങ്ങൾ?

ഉപ്പിന്റെ അമിതമായ ഉപയോഗം വിദ്യാർത്ഥികളുടെയും കുട്ടികളുടെയും ശ്രദ്ധയേയും ഏകാഗ്രതയേയും പഠനശേഷിയേയും പ്രതികൂലമായി ബാധിക്കുന്നു. രക്തസമ്മർദ്ദം, ഹൃദ്രോഗം, ഉദരവ്രണം തുടങ്ങിയ രോഗങ്ങൾക്ക്‌ ഉപ്പിന്റെ ആധിക്യം കാരണമാകാമെന്ന്‌ പഠനങ്ങൾ കാണിക്കുന്നു.

ഉപ്പിന്റെ കൂടിയ ഉപയോഗം നിദ്രാരാഹിത്യത്തിന്‌ കാരണമാവുന്നുവെന്ന്‌ തെളിഞ്ഞിട്ടുണ്ട്‌. ഡോ. മൈക്കിൾ മില്ലർ ടെൻഷനും, ഉറക്കമില്ലായ്‌മയുമായി തന്നെ സമീപിച്ച 12 രോഗികളോട്‌ ആഹാരത്തിൽ ഉപ്പിന്റെ അളവ്‌ കുറയ്‌ക്കാൻ ആവശ്യപ്പെട്ടു. അതനുസരിച്ച്‌ 12 രോഗികളിൽ 11 പേരും രോഗവിമുക്തരായി.

അധികമായി ശരീരത്തിൽ കടക്കുന്ന ഉപ്പ്‌ നാഡീകോശങ്ങളെ പ്രകോപിക്കുകയും ടെൻഷനും അതുമൂലമുണ്ടാകുന്ന തലവേദനയ്‌ക്കും കാരണമാവുകയും ചെയ്യുമെന്ന്‌ ഡോ. ഫ്‌ലാൻഡേഴ്‌സ്‌ ഡൺബാർ (Flanders Dunbar) വ്യക്തമാക്കിയിട്ടുണ്ട്‌. കാത്സ്യം ഞരമ്പുകൾക്ക്‌ വിശ്രാന്തിയേകുന്ന മിനറൽ ആണ്‌. കാത്സ്യം ആഗിരണം ചെയ്യുന്ന ശരീരപ്രക്രിയയെ ഉപ്പ്‌ തടസ്സപ്പെടുത്തുന്നു. കാത്സ്യം അസന്തുലിതാവസ്ഥ, ടെൻഷനും, വൈകാരിക അസ്വാസ്ഥ്യങ്ങൾക്കും ഹേതുവാകുന്നു.

ഉപ്പിന്റെ അമിതമായ ഉപയോഗം രക്തസമ്മർദ്ദം വർദ്ധിപ്പിക്കുമെന്ന്‌ തെളിഞ്ഞിട്ടുണ്ട്‌. ഇതു കൂർക്കംവലിക്കു കാരണമാവുമെന്നും കണ്ടു. ഏതാനും വർഷങ്ങൾക്കുമുൻപ്‌ വേൾഡ്‌ ഹെൽത്ത്‌ ഓർഗനൈസേഷൻ ജപ്പാനിൽ നടത്തിയ ഒരു പഠനത്തിൽ ഉപ്പിന്റെ അമിതോപയോഗവും കാൻസറും തമ്മിൽ ബന്ധമുണ്ടെന്ന്‌ തെളിയുകയുണ്ടായി. ആഹാരത്തിൽ കൂടുതൽ ഉപ്പ്‌ ഉപയോഗിക്കുന്നവരിൽ, മറ്റുള്ളവരെ അപേക്ഷിച്ച്‌, ഉദര ക്യാൻസർ കൂടുതലായി കാണപ്പെട്ടു.

അമിതമായ ഉപ്പ്‌ ക്യാൻസറിനു കാരണമാവുന്നതുപോലെ രക്താതിസമ്മർദ്ദം, ഹൃദ്രോഗങ്ങൾ, വാതരോഗങ്ങൾ, മുടികൊഴിച്ചിൽ, ചർമ്മരോഗങ്ങൾ, വൃക്കരോഗങ്ങൾ തുടങ്ങിയ രോഗങ്ങൾക്കും നിദാനമായേക്കാമെന്ന്‌ പഠനങ്ങൾ പറയുന്നു.

ഒരു മനുഷ്യന്‌ ദിനംപ്രതി 0.2 ഗ്രാം മുതൽ 0.6 ഗ്രാം വരെ അളവിൽ ഉപ്പുമതി എന്നാണ്‌ ശാസ്‌ത്രീയ നിഗമനം. ഇത്‌ നാം സാധാരണ കഴിക്കുന്ന പാചകം ചെയ്യാത്ത, ഫ്രഷ്‌ ആയ പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയവയിൽ നിന്നും ലഭ്യമാണ്‌. പക്ഷേ ഇന്ന്‌ പത്തും പതിനഞ്ചും ഗ്രാം ഉപ്പ്‌ ദിനംപ്രതി ആളുകൾ കഴിച്ചുവരുന്നു. കൂടിയ അളവിലുള്ള ഉപ്പ്‌ തികച്ചും അപകടകാരിയായ വിഷംതന്നെയാണ്‌. ആരോഗ്യത്തിന്റെയും ദീർഘായുസ്സിന്റേയും രഹസ്യങ്ങൾ തേടി അനേകരാജ്യങ്ങളിൽ ജീവിച്ച്‌ പഠനം നടത്തിയ ഡോ. പാവോ എയ്‌റോള പറയുന്നു ”ഉപ്പിന്റെ അമിതമായ ഉപയോഗം തീർച്ചയായും നിങ്ങളുടെ ആയുർദൈർഘ്യം കുറയ്‌ക്കും.“

ഉപ്പിന്റെ അമിതോപയോഗം എങ്ങനെ തടയാം?

ഉപ്പിന്റെ അമിതോപയോഗത്തിൽ നിന്നും എങ്ങനെ രക്ഷ നേടാം എന്ന്‌ നാം ചിന്തിക്കേണ്ടിയിരിക്കുന്നു. ഇതിനുള്ള ഒരു മാർഗ്ഗം തീൻമേശയിൽ നിന്നും ഉപ്പിനെ ബഹിഷ്‌കരിക്കുക എന്നതാണ്‌. ഉപ്പ്‌ അധികം അടങ്ങിയിട്ടുള്ള അച്ചാറുകൾ, സോസ്‌ തുടങ്ങിയവയുടെ ഉപയോഗം ഒഴിവാക്കുക. മത്സ്യം, മാംസം, ടിന്നിലടച്ച പച്ചക്കറികൾ മുതലായവയിൽ ഉപ്പ്‌ കൂടുതലായി അടങ്ങിയിട്ടുള്ളതുകൊണ്ട്‌ പാചകത്തിനു മുൻപ്‌ അവ നന്നായി ജലത്തിൽ കഴുകുക. പ്രോസസ്‌ ചെയ്‌ത സാധാരണ കറിയുപ്പിനു പകരം സോഡിയത്തിന്റെ അളവു കുറഞ്ഞ ‘ബയോസോൾട്ട്‌’ (Bio-Salt) ഉപയോഗിക്കാം. ആഹാരസാധനങ്ങൾക്ക്‌ രുചിപകരാൻ ഉപ്പിനുപകരം സ്വാഭാവികമായ സുഗന്ധവ്യഞ്ജനങ്ങൾ ചേർക്കാം.

വിദ്യാർത്ഥികളുടെ പ്രത്യേക ശ്രദ്ധയ്‌ക്ക്‌

വിദ്യാർത്ഥികൾ പലപ്പോഴും ക്ലാസിൽ അശ്രദ്ധരും ഏകാഗ്രതയില്ലാത്തവരുമായി കാണപ്പെടാറുണ്ട്‌. ഇത്തരം വിദ്യാർത്ഥികൾ പഞ്ചസാരയുടെയും ഉപ്പിന്റെയും ഉപയോഗം ഒഴിവാക്കുകയും സ്വാഭാവിക ഭക്ഷണക്രമത്തിൽ ശ്രദ്ധിക്കുകയും ചെയ്‌തപ്പോൾ അത്ഭുതകരമായ മാറ്റം സംഭവിക്കുന്നതായി കണ്ടിട്ടുണ്ട്‌. അവരുടെ ഉത്സാഹവും ഉന്മേഷവും വർദ്ധിക്കുകയും അവർക്ക്‌ ശ്രദ്ധയും ഏകാഗ്രതയും കൈവരുകയും ചെയ്‌തു. പഠനത്തിൽ ഏകാഗ്രതയും ശ്രദ്ധാശേഷിയും കാര്യപ്രാപ്‌തിയും വർദ്ധിപ്പിക്കുവാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഈ രണ്ടു ധവള വിഷങ്ങളും ആഹാരത്തിൽ നിന്നും ഒഴിവാക്കി നോക്കൂ… ഫലം അതിശയകരമായിരിക്കും…

Generated from archived content: arogyam14.html Author: john_muzhuthettu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English