“നിങ്ങൾ എന്തുതിന്നുവോ അതാണ് നിങ്ങൾ (You are what you eat) എന്ന ചൊല്ല് പ്രസിദ്ധമാണല്ലോ. ”നിങ്ങളുടെ ഭക്ഷണം തന്നെ നിങ്ങൾക്ക് ഔഷധമായിത്തീരട്ടെ“ എന്നാണ് ആധുനിക വൈദ്യശാസ്‌ത്രത്തിന്റെ പിതാവെന്നറിയപ്പെടുന്ന ഹിപ്പോക്രാറ്റിസ് പറഞ്ഞത്. ഇത് ആരോഗ്യസംരക്ഷണത്തിൽ ആഹാരത്തിനുള്ള അനിഷേധ്യ പങ്ക് വ്യക്തമാക്കുന്നു.
പാരമ്പര്യം കഴിഞ്ഞാൽ ദീർഘായുസിന് കാരണമായ ഏറ്റവും പ്രധാനപ്പെട്ട ഏകഘടകം ആഹാരരീതിയാണ് എന്ന് ശാസ്‌ത്രീയ പഠനങ്ങളിൽ വ്യക്തമായിട്ടുണ്ട്. കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ഡോ. ഹെന്റി സി.ഷെർമാൻ (Dr. Henry C. Sherman) പറയുന്നതിപ്രകാരമാണ്. ”ശരിയായ ആഹാരം തെരഞ്ഞെടുത്താൽ മനുഷ്യജീവിതം ദീർഘിപ്പിക്കാം എന്നുമാത്രമല്ല നിത്യയൗവ്വനം നിലനിർത്താനും കൂടുതൽ ധന്യമാക്കാനും കഴിയും.“ മനുഷ്യന് ഹിതവും മിതവുമായ ആഹാരരീതി നാം സ്വീകരിക്കുന്നു. ദഹനക്രിയയെ സഹായിക്കുന്ന പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ, ഇലക്കറികൾ, ധാന്യങ്ങൾ, തുടങ്ങിയ പ്രകൃതിജന്യമായ ഭക്ഷണപദാർത്ഥങ്ങൾ ആണ് മനുഷ്യനു ഹിതകരമായവ.
യോഗശാസ്‌ത്രമനുസരിച്ച് ഭക്ഷണപദാർത്ഥങ്ങളെ മൂന്നു വിഭാഗങ്ങളായി തരം തിരിക്കാം.
1. സാത്വികം (Sattvik)
2. രാജസികം (Rajasic)
3. താമസികം (Thamasic)
സാത്വികം
ഈ വിഭാഗത്തിൽപ്പെട്ട ആഹാരം ശരീരത്തിനെയും മനസ്സിനെയും ആത്മാവിനെയും പരിപോഷിപ്പിക്കുകയും ശക്തമാക്കുകയും ചെയ്യുന്നു. എളുപ്പത്തിൽ ദഹിക്കുന്നതും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതുമായ ഇത് ഉദാത്തമായ ആഹാരമാണ്.
എല്ലാത്തരം പഴവർഗ്ഗങ്ങൾ, പച്ചക്കറികൾ, പച്ചിലകൾ, പാൽ, തൈര്, മോര്, അണ്ടിപ്പരിപ്പുകൾ, തേൻ, ശർക്കര, ചോറ് തുടങ്ങിയവ ഈ ഇനത്തിൽ വരുന്നു.
രാജസികം
വെജിറ്റേറിയൻ, നോൺവെജിറ്റേറിയൻ പ്രത്യേക അനുപാതത്തിൽ കഴിക്കുമ്പോൾ സന്തുലിതമായ ആഹാരമാവുന്നു. (balanced diet). കേക്കുകൾ, പഞ്ചസാര, മാംസം, മുട്ട, മീൻ, എണ്ണപ്പലഹാരങ്ങൾ തുടങ്ങിയവ ഈ വിഭാഗത്തിൽവരുന്നു. (ഒരാളുടെ കുട്ടിക്കാലത്ത് 11 വയസ്സു വരെയും 55 വയസ്സിന് ശേഷവും സാത്വികാഹാരം കഴിക്കേണ്ടതാണ്.)
താമസികം
പഴകിയതും പൂത്തതും വൃത്തിയില്ലാത്തതുമായ ഭക്ഷണ പദാർത്ഥങ്ങൾ ഈ വിഭാഗത്തിൽപ്പെടുന്നു. ഇവ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് തികച്ചും ഹാനികരമാണ്. ഇവ ഒഴിവാക്കേണ്ടത് അനിവാര്യമാണ്.
മാംസാഹാരം കഴിക്കുമ്പോൾ രക്തത്തിൽ അംലഗുണം വർദ്ധിക്കുന്നു. സസ്യാഹാരം കഴിക്കുമ്പോൾ രക്തത്തിൽ ക്ഷാരഗുണം വർദ്ധിക്കുന്നു. രക്തത്തിലെ അംലാംശവർദ്ധന പല രോഗങ്ങൾക്കും കാരണമാവുന്നു. രക്തത്തിൽ ക്ഷാരഗുണം വർദ്ധിപ്പിക്കുകയാണ് ഇതിനൊരു പ്രതിവിധി. ഇതിന് സസ്യാഹാരത്തിന്റെ അളവ് വർദ്ധിപ്പിക്കുകയോ പൂർണ്ണമായി സസ്യഭുക്കാവുകയോ ചെയ്യാം.
മനുഷ്യദഹനേന്ദ്രിയങ്ങളുടെ ഘടനയും സസ്യഭുക്കുകളായ മൃഗങ്ങളുടെ ദഹനേന്ദ്രിയങ്ങളുടെ ഘടനയും തമ്മിൽ ഏറെ സാമ്യമുണ്ട്. മനുഷ്യൻ സസ്യഭുക്കാവാനാണ് പ്രകൃതി നിശ്ചയിച്ചിരിക്കുന്നത് എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ഗാന്ധിജി, ബർണാർഡ് ഷാ തുടങ്ങിയ പലരും സസ്യഭുക്കുകളായിരുന്നു. ഒരിക്കൽ ബർണാർഡ്‌ഷായോട് എന്തുകൊണ്ടാണ് സസ്യഭുക്കായിരിക്കുന്നത് എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി രസകരമായിരുന്നു. ”മൃഗങ്ങളുടെ ശവശരീരങ്ങൾ ദഹിപ്പിക്കാനുള്ള ശവപ്പറമ്പല്ല എന്റെ ആമാശയം.“ അദ്ദേഹത്തിന്റെ ദീർഘായുസ്സിനും ഊർജ്ജസ്വലതയ്‌ക്കും പ്രധാന കാരണം അദ്ദേഹത്തിന്റെ ആഹാരശീലങ്ങളായിരുന്നുവെന്നു വ്യക്തം.
അമിതാഹാരം അനാരോഗ്യകാരണം
”നിങ്ങളുടെ ആയുസ്സ് കൂട്ടാൻ ആഹാരം കുറയ്‌ക്കു (To lengthen they life, lessen thy meals)
ബഞ്ചമിൻ ഫ്രാങ്ക്‌ളിന്റെ ഈ വാക്കുകൾ മിതാഹാരത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.
“മനുഷ്യന്റെ ബൽറ്റിന്റെ നീളത്തിന്റെ വിപരീതാനുപാതത്തിലാണ് അയാളുടെ ആയുസിന്റെ നീളം” പാവോ എയ്‌റോളയുടെ വാക്കുകളും ഇതേ ആശയം തന്നെയാണ് ധ്വനിപ്പിക്കുന്നത്.
ടർക്കിയിൽ 144-ാമത്തെ വയസിലും പൂർണ്ണാരോഗ്യത്തോടു കൂടി ജീവിച്ചിരിക്കുന്ന മുസ്‌തഫ ടാസി അദ്ദേഹത്തിന്റെ ദീർഘായുസിന്റെ രഹസ്യം വെളിപ്പെടുത്തിയത് ഇപ്രകാരമാണ്. “മിതമായി ഭക്ഷിക്കുക, പുകവലി, മാംസം, മദ്യം ഇവയിൽ നിന്ന് അകന്നു നില്‌ക്കുക, എല്ലാ ദിവസവും ജോലി ചെയ്യുക, കൊച്ചു കുട്ടികളുടെയിടയിൽ കഴിയുക.”
16-ാം നൂറ്റാണ്ടിൽ ജീവിച്ചിരിക്കുന്ന വെനിഷ്യക്കാരനായ ലൂയി കാർനാറോയുടെ അനുഭവം അത്ഭുതകരവും ആവേശജനകവുമാണ്. 36-ാംമത്തെ വയസ്സിൽ ശരീരികമായി തളർന്ന് യാതൊന്നിനും കഴിവില്ലാതെ, ഡോക്‌ടർമാരാൽ പരിത്യജിക്കപ്പെട്ട് മരണത്തെ മുഖാമുഖം കാണേണ്ടിവന്ന അദ്ദേഹം വിധിക്ക് കീഴടങ്ങാൻ തയ്യാറായില്ല. അതിനെ വെല്ലുവിളിക്കാൻ തയ്യാറായി. സ്വന്തം രോഗത്തപ്പറ്റിയും ആരോഗ്യത്തെപ്പറ്റിയും ധാരാളം വായിക്കാനും പഠിക്കാനും ആരംഭിച്ചു. പല ചികിത്സാ രീതികളും പരീക്ഷിച്ചു നോക്കി, തന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി. ഏതാനും വർഷങ്ങൾക്കുള്ളിൽ വിധിയെ അദ്ദേഹം അത്ഭുതകരമായി തോല്‌പിക്കുക തന്നെ ചെയ്‌തു. മാനസികവും ശാരീരികവുമായ എല്ലാ കഴിവുകളോടുംകൂടി, സമ്പൂർണ്ണ ആരോഗ്യത്തോടും ആഹ്‌ളാദത്തോടും കൂടി അദ്ദേഹം നൂറു വർഷക്കാലം ജീവിച്ചു. വൈദ്യശാസ്‌ത്രത്തെ അദ്ദേഹം അതിശയിപ്പിച്ചു. ദീർഘായുസിന്റെയും അത്ഭുതകരമായ ആരോഗ്യത്തിന്റെയും രഹസ്യങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്‌ക്കുന്നതിനായി അദ്ദേഹം ഒരു പുസ്‌തകം എഴുതി. ‘ഹൗ റ്റു ലിവ് ഹൺഡ്രഡ് ഇയേഴ്‌സ് ’ (How to live 100 years). ഇത് ആരോഗ്യത്തിന്റെയും ദീർഘായുസിന്റെയും ഒരു ക്ലാസിക് കൃതിയായി മാറി.
അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ ആരോഗ്യവും ദീർഘയുസ്സും കാംക്ഷിക്കുന്ന ഏവർക്കും അനുകരണീയമാണ്. “വളരെ മിതമായി ഭക്ഷിക്കുന്നതാണ് സുഖാവസ്‌ഥയുടെ (well being) രഹസ്യം. ഭക്ഷണം കൊണ്ട് തൃപ്‌തിയടയാതിരിക്കുക എന്നതാണ് ആരോഗ്യശാസ്‌ത്രം. എന്റെ വലിയ കണ്ടെത്തൽ കുറച്ചു ഭക്ഷിക്കുമ്പോൾ കൂടുതൽ സുഖം തോന്നുന്നു എന്നുള്ളതാണ്” ഏതായാലും ആഹാരത്തിന്റെ അഭാവമല്ല മറിച്ച് അമിതാഹാരമാണ് ഏറെ രോഗങ്ങൾക്കും നിദാനം എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
ഇന്ന് നാം ശീലമനുസരിച്ചാണ് ആഹാരം കഴിക്കുന്നത്. വിശപ്പുണ്ടോ എന്നു നോക്കിയല്ല. മനുഷ്യൻ മാത്രമേ വിശപ്പില്ലാത്തപ്പോൾ ഭക്ഷണം കഴിക്കാറുള്ളു. പക്ഷി മൃഗാദികളെല്ലാം തന്നെ വിശപ്പുളളപ്പോൾ മാത്രമേ ആഹാരം കഴിക്കാറുള്ളു.
മനുഷ്യൻ ഒരു പതിവ് ചടങ്ങുപോലെയാണ് ആഹാരം കഴിക്കുന്നത്. ഒരു നേരം ആഹാരം കഴിച്ചില്ലെങ്കിൽ, എന്തെങ്കിലും സംഭവിക്കുമെന്ന രീതിയാണ്. എത്ര നേരം ഭക്ഷണം കഴിക്കണമെന്ന ചോദ്യത്തിനു മറുപടി പ്രസിദ്ധമായ ഈ ആചാര്യസൂക്തത്തിൽ നിന്നും ലഭിക്കും.
“ഏകഭുക്തം മഹായോഗി
ദ്വിഭുക്തം മഹാഭോഗി
ത്രിഭുക്തം മഹാരോഗി
ചതിർഭുക്തം മഹാദേ്രാഹി
പാഞ്ചഭുക്തം മഹാപാപി.”
Generated from archived content: arogyam12.html Author: john_muzhuthettu