ലൈഫ്‌സ്‌റ്റൈൽ മെഡിസിൻ ആധുനിക മനുഷ്യന്‌

രാംദാസ്‌ വളരെയേറെ തിരക്കുള്ള വ്യക്തിയാണ്‌. ഒരു പ്രശസ്‌ത കമ്പനിയിലെ ചീഫ്‌ മാനേജർ കമ്പനിയിലെ പ്രശ്‌നങ്ങൾ കഴിഞ്ഞ്‌ സ്വന്തം കാര്യങ്ങൾ നോക്കാൻ സമയം ലഭിക്കാറില്ല. വളരെ വൈകിയാണു വീട്ടിൽ എത്തുക. കുടുംബകാര്യങ്ങളിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല. അതെല്ലാം ഭാര്യയാണ്‌ ‘മാനേജ്‌ ചെയ്യുന്നത്‌ മക്കൾക്ക്‌ അച്ഛനെ കാണാനോ സംസാരിക്കാനോ അവസരം ലഭിക്കാറില്ല. രാംദാസ്‌ വീട്ടിലെത്തിയാലും ആഫീസ്‌ പണികൾ കൂടെയുണ്ടാകും. പിറ്റെ ദിവസം നടത്തേണ്ട കോൺഫ്രൻസിന്‌ തയ്യാറാവണം, ഫയൽ പഠിക്കണം, നോട്ടുണ്ടാക്കണം. ഇങ്ങനെ പലതും.

ഈ അതിവേഗ ജീവിതശൈലിയിൽ കളികൾക്കോ വ്യായാമത്തിനോ സമയം കിട്ടാറില്ല. കുളിക്കുന്നതും ആഹാരം കഴിക്കുന്നതും വേഗതയിലാണ്‌. 9 മണിക്ക്‌ കമ്പനികാർ വരുമ്പോൾ രാംദാസ്‌ എന്ന ചീഫ്‌ മാനേജർ റെഡി.

കമ്പനിയിലെത്തിയാലോ അല്‌പസമയം പോലും വിശ്രമമില്ല. ഉച്ചഭക്ഷണം കഴിക്കുമ്പോഴും മൊബൈൽ ഫോണിൽ സംസാരിക്കേണ്ടി വരുന്നു. പ്രശ്‌നങ്ങളും പരാതികളും ഒഴിഞ്ഞ സമയമില്ല വൈകുന്നേരം വൈകി വീട്ടിലെത്തുമ്പോൾ മാനസികമായും ശാരീരികമായും തളർന്നിരിക്കും….. രാംദാസ്‌ കമ്പനിയുടെ ഉന്നതപദവിയിൽ എത്തിയത്‌ ഈ കഠിനമായ അതിവേഗ ശൈലികൊണ്ടാണ്‌.

ജീവിതത്തിന്റെ ഗതിവേഗം വർദ്ധിച്ചുകൊണ്ടിരുന്നു. പെട്ടെന്നൊരു ദിവസം രാംദാസിന്‌ നെഞ്ചുവേദന അനുഭവപ്പെട്ടു. ’ഗ്യാസ്‌‘ കൊണ്ട്‌ മുൻപും ചെറിയ നെഞ്ചുവേദന ഉണ്ടാവാറുണ്ട്‌. പക്ഷേ ഈ വേദന കുറയുന്നില്ല. മനസ്സില്ലാ മനസ്സോടെ ഡോക്‌ടറെ കാണാൻ പോയി. പരിശോധനയ്‌ക്കുശേഷം രോഗിയെ ഇന്റൻസീവ്‌ കെയർ യൂണിറ്റിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ. ഒന്നിനും സമയമില്ലാത്ത രാംദാസിന്‌ ഒരാഴ്‌ച ആശുപത്രിയിൽ കിടക്കേണ്ടിവന്നു. എങ്കിലും കമ്പനികാര്യങ്ങൾ പതിവുപോലെ നടന്നു. താൻ ഭയപ്പെട്ടിരുന്നതുപോലെ തന്റെ അഭാവത്തിൽ കുഴപ്പങ്ങൾ ഒന്നും സംഭവിച്ചില്ല!

രാംദാസിന്‌ ഇതിതൊരു വഴിത്തിരിവായിരുന്നു. തന്റെ അതിവേഗജീവിത ശൈലിയാണ്‌ തന്നെ ഹൃദ്രോഗിയാക്കിയതെന്ന്‌ ബോധ്യമായി. ഇതവസാനിപ്പിച്ചേ മതിയാവൂ അല്ലെങ്കിൽ തന്റെ അവസാനമായിരിക്കും ഫലം.!

… ഇപ്പോൾ രാംദാസ്‌ സംതൃപ്‌തനും സന്തുഷ്‌ടനുമാണ്‌. സ്വന്തം ആരോഗ്യത്തിനും മനഃശാന്തിക്കുമാണ്‌ മുൻഗണന. ഒന്നിനും അതിവേഗമില്ല. വേവലാതിയില്ല, സമയസമ്മർദ്ദമനുഭവപ്പെടുന്നുമില്ല. പ്രഭാത നടത്തത്തിനും ധ്യാനത്തിനും സമയം കണ്ടെത്തുന്നു. ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധിക്കുന്നു. അവധി ദിവസങ്ങളിൽ കുടുംബസമേതം പുറത്തു പോകുന്നു. കുടുംബാംഗങ്ങളും അതീവ സന്തുഷ്‌ടർ.

കമ്പനിക്കാര്യങ്ങളെല്ലാം പഴയതിനേക്കാൾ ഭംഗിയായി നടക്കുന്നു. താൻ തന്നെ ചെയ്‌തിരുന്ന പല കാര്യങ്ങളും തന്റെ കീഴിലുള്ളവർ നന്നായി ഉത്സാഹത്തോടെ ചെയ്യുന്നു. കൂടുതൽ അംഗീകാരവും അവസരവും ലഭിച്ചതിൽ അവർ സന്തുഷ്‌ടരാണ്‌.

ഇപ്പോൾ മനസ്സിൽ സംഘർഷങ്ങളില്ല. വിഹ്വലതകളില്ല, നിറയുന്ന ശുഭ പ്രതീക്ഷകൾ മാത്രം, തികഞ്ഞ ശാന്തത…. ജീവിതത്തിന്‌ ഒരു താളവും രാഗവും കൈവന്നതുപോലെ…. ഇതെല്ലാം സാധിച്ചതു ജീവിതശൈലിയുടെ മാറ്റം കൊണ്ടാണ്‌. പുതിയ ലൈഫ്‌ സ്‌റ്റൈൽ ഒരു ദിവ്യഔഷധമായി.

ഇന്നു നാം കാണുന്ന പ്രധാന രോഗങ്ങൾക്കെല്ലാം അടിസ്‌ഥാനകാരണം ഇന്നത്തെ അതിവേഗ ജീവിത ശൈലിയാണെന്ന്‌ പഠനങ്ങൾ വ്യക്തമാക്കുന്നു. ജീവിതശൈലി മാറ്റത്തിലൂടെ രോഗങ്ങളകറ്റുന്നതിനും അവയെ പ്രതിരോധിക്കുന്നതിനും അനായാസം കഴിയുന്നു.

ലൈഫ്‌ സ്‌റ്റൈൽ മെഡിസിൻ

സംഘർഷനിവാരണത്തിനും രോഗശമനത്തിനും രോഗപ്രതിരോധത്തിനും ജീവിതശൈലി മാറ്റത്തിനുമുള്ള പ്രാധാന്യവും അനിവാര്യതയും രോഗികളെയും ഡോക്‌ടർമാരെയും ആതുരശുശ്രൂഷാ രംഗത്തുള്ളവരെയും ബോധ്യപ്പെടുത്തുന്നതിനും ബോധവൽക്കരിക്കുന്നതിനും വേണ്ടി ഒരു ആഗോള പ്രസ്‌ഥാനം തന്നെ ഉദയം ചെയ്‌തിരിക്കുന്നു. രണ്ടുവർഷം മുൻപാണ്‌ ഒരു സംഘം അമേരിക്കൻ ഡോക്‌ടർമാർ ഈ സംഘടനയ്‌ക്ക്‌ രൂപം നൽകിയത്‌. “ദി അമേരിക്കൻ കോളേജ്‌ ഓഫ്‌ ലൈഫ്‌ സ്‌റ്റൈൽ മെഡിസിൻ” (The American College of Life Style Medicine) എന്ന പേരിലുള്ള ഈ സംഘടനയിൽ വിവിധ സ്‌പെഷ്യലൈസേഷനിൽപ്പെട്ട ധാരാളം ഡോക്‌ടർമാർ അംഗങ്ങളാണ്‌. കാലിഫോർണിയയിലുള്ള ലോമാലിൻഡാ യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ്‌ മെഡിസിൻ (Loma Linda University School of Medicine) പ്രൊഫസറായ പോൺ എച്ച്‌ കെല്ലി ജൂനിയർ (Prof.John H.Kelly Jr) ആണ്‌ ഇതിന്റെ പ്രസിഡന്റ്‌, അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ദേശീയ മഹാമാരികളായ പ്രമേഹം, പൊണ്ണത്തടി, ഹൃദ്രോഗങ്ങൾ എന്നിവയെ പ്രതിരോധിക്കാൻ ലൈഫ്‌ സ്‌റ്റൈൽ മെഡിസിൻ തികച്ചും അനിവാര്യമാണ്‌.

വൈദ്യശാസ്‌ത്രത്തിന്റെയും പൊതുജനാരോഗ്യത്തിന്റെയും വിവിധ മേഖലകളിലുള്ള വിദഗ്‌ധർ ലൈഫ്‌ സ്‌റ്റൈൽ മെഡിസിനെപ്പറ്റി കൂടുതൽ ശാസ്‌ത്രീയ പരീക്ഷണങ്ങളും പഠനങ്ങളും നടത്തുന്നു. ’ദി അമേരിക്കൻ ജർണൽ ഓഫ്‌ ലൈഫ്‌ സ്‌റ്റൈൽ മെഡിസിൻ (The American Journel of Life Style Medicine) എന്നപേരിൽ ഒരു മാസികയും ഇവർ പ്രസിദ്ധീകരിക്കുന്നുണ്ട്‌. ഹാർവാർഡ്‌ സ്‌കൂൾ ഓഫ്‌ പബ്ലിക്‌ ഹെൽത്ത്‌ (Harward School of Public Health) പ്രൊഫസറും ഈ മാസികയുടെ എഡിറ്റോറിയൽ ബോർഡ്‌ അംഗവുമായ ജോആൻ മാൻസ (JoAnn Manson) ന്റെ അഭിപ്രായത്തിൽ ജീവിതശൈലിമാറ്റം മരുന്നിനേക്കാളും സർജറിയേക്കാളും ഏറെ ഫലപ്രദമാണ്‌. പക്ഷേ ഇത്‌ എങ്ങനെ പ്രായോഗികമാക്കാം എന്നതിന്‌ ശാസ്‌ത്രീയമായ തെളിവുകൾ നല്‌കേണ്ടിരിക്കുന്നു.

ഡോക്‌ടർമാർ ജീവിതശൈലിയിൽ ഊന്നൽ നല്‌കണം

ഇന്ന്‌ ഡോക്‌ടർമാർ ലൈഫ്‌ സ്‌റ്റൈൽ മാറ്റത്തിനുള്ള വ്യക്തമായ നിർദ്ദേശങ്ങൾ നല്‌കുന്നതിൽ പരാജയപ്പെടുന്നു. ധാരാളം ഡോക്‌ടർമാർ ആരോഗ്യകരമായ ജീവിതശൈലി അവലംബിക്കുന്നവരല്ലാത്തതുകൊണ്ട്‌, ജീവിതശൈലിമാറ്റത്തിന രോഗികളെ പ്രേരിപ്പിക്കുവാൻ അശക്തരായിത്തീരുന്നു. പുകവലിക്കാരനായ ഡോക്‌ടർ രോഗിയോട്‌ രോഗജന്യമായ പുകവലി നിർത്താനും, മദ്യപാനിയായ ഡോക്‌ടർ രോഗി മദ്യം കഴിക്കാൻ പാടില്ല എന്ന്‌ വിലക്കാനും വൈമനസ്യം കാണിച്ചേക്കാം. അവർ മാതൃകയാവാതെ അത്തരം ഉപദേശങ്ങൾ രോഗികൾ ഗൗരവപൂർവ്വം ഉൾക്കൊള്ളുകയും നടപ്പാക്കുകയും ചെയ്യുന്നതിന്‌ ശുഷ്‌കാന്തി കാണിക്കുകയില്ല. ഡോക്‌ടർക്ക്‌ കഴിയാത്തത്‌ രോഗിക്കെങ്ങനെ കഴിയും?

ഹാർവാർഡ്‌ സ്‌കൂൾ ഓഫ്‌ പബ്ലിക്‌ ഹെൽത്തിലെ പോഷകാഹാര വിഭാഗം തലവനായ വാൾട്ടർ വില്ലെറ്റി (Walter Willett)ന്റെ അഭിപ്രായത്തിൽ മറ്റു വൈദ്യശാസ്‌ത്ര സ്‌പെഷ്യാലിറ്റി പോലെ ലൈഫ്‌ സ്‌റ്റൈൽ മെഡിസിൻ ഒരു പ്രത്യേക മെഡിക്കൽ സ്‌പെഷ്യാലിറ്റിയായിത്തീരേണ്ടതാണ്‌. ഇതിൽ പ്രത്യേക പരിശീലനം നേടിയവർക്ക്‌ ലൈഫ്‌ സ്‌റ്റൈൽ എക്‌സ്‌പേർട്ട്‌ (Life Style Medicine expert) എന്ന നിലയിൽ രോഗികൾക്ക്‌ ആധികാരികമായി ഉപദേശങ്ങൾ നല്‌കുവാൻ കഴിയും. ഈ വിഷയം ഏതു വൈദ്യശാസ്‌ത്രവിഭാഗത്തിന്റെയും പഠനപദ്ധതിയിൽ ഉൾപ്പെടുത്തേണ്ടതും ഓരോ ഡോക്‌ടർമാരുടെയും ചികിത്സാരീതിയുടെ അടിസ്‌ഥാന ഘടകമായിരിക്കേണ്ടതുമാണെന്നാണ്‌ മസാച്ച്‌സെറ്റ്‌സിലെ ബേസ്‌ടേറ്റ്‌ മെഡിക്കൽ സെന്ററിലെ ഡോ. തോമസ്‌ ഡബ്ല്യൂ റോളൻഡ്‌ (Thomas W.Rowland) അഭിപ്രായപ്പെടുന്നത്‌.

ശാസ്‌ത്രീയ പഠനഫലങ്ങൾ

അമേരിക്കൻ ജർണൽ ഓഫ്‌ ലൈഫ്‌ സ്‌റ്റൈൽ മെഡിസിന്റെ 2007 മാർച്ച്‌&ഏപ്രിൽ ലക്കത്തിൽ പ്രിസിദ്ധീകരിച്ചിരിക്കുന്ന ഒരു ഫിനിഷ്‌ പഠനത്തിൽ ആഴ്‌ചയിൽ 150 മിനിറ്റ്‌ ശാരീരികാദ്ധ്വാനം ചെയ്യുന്നവർക്ക്‌ ടൈപ്പ്‌ രണ്ട്‌ ഡയബറ്റിസ്‌ (Type2 – Diabetes) തടയുന്നതിനോ, ഏറെക്കാലം അകറ്റിനിർത്തുന്നതിനോ സാധിക്കുമെന്ന്‌ തെളിയുകയുണ്ടായി. ആഹാരത്തിൽ നാരുള്ള ഭക്ഷണസാധനങ്ങൾ, മുഴുവൻ ഗോതമ്പ്‌, ഇലക്കറികൾ തുടങ്ങിയവ ഉൾപ്പെടുത്തുന്നതും, ജീവിതശൈലിയിൽ ഗുണപരമായ വ്യതിയാനങ്ങൾ വരുത്തുന്നതും പ്രമേഹരോഗത്തെ തടയുന്നതിന്‌ സഹായിക്കുന്നു.

അമേരിക്കൻ ഡയബറ്റിസ്‌ അസോസിയേഷൻ ധാരാളം പഠനഫലങ്ങൾ പരിശോധിച്ചശേഷം, പ്രമേഹത്തെ പ്രതിരോധിക്കുന്നതിന്‌ പ്രഥമപരിഗണന നല്‌കേണ്ടത്‌ ജീവിതശൈലി മാറ്റത്തിനാണെന്ന്‌ വ്യക്തമാക്കുന്നു. മരുന്നുകളുടെ ഉപയോഗം പോലും ഇതിനുപകരമാവില്ലത്രേ!

രക്തസമ്മർദ്ദം തടയുന്നതിന്‌ പതിവായ മിതവ്യായാമം വളരെ ഫലപ്രദമാണ്‌ എന്ന്‌ തെളിഞ്ഞിട്ടുണ്ട്‌. ആഴ്‌ചയിൽ മൂന്നു മുതൽ 5 വരെ ദിവസങ്ങളിൽ ചുരുങ്ങിയത്‌ മുപ്പതു മിനിറ്റ്‌ വീതം വ്യായാമം ചെയ്യുന്നത്‌ കൊളസ്‌റ്റ്‌റോൾ നിയന്ത്രണ വിധേയമാക്കാൻ സഹായകരമാണെന്ന്‌ പഠനങ്ങൾ വെളിപ്പെടുത്തുന്നു.

ദിവസേനയോ അല്ലെങ്കിൽ ആഴ്‌ചയിൽ ഭൂരിഭാഗം ദിനങ്ങളിലോ അരമണിക്കൂർ നേരം തുടർച്ചയായി വ്യായാമം ചെയ്യുന്നവർക്ക്‌ ഹൃദയാഘാതസാധ്യതയും മരണനിരക്കും ഗണ്യമായി കുറയുമെന്ന്‌ അമേരിക്കയിൽ നടന്ന മറ്റൊരു പഠനത്തിൽ വ്യക്തമായിട്ടുണ്ട്‌.

ലൈഫ്‌ സ്‌റ്റൈൽ മെഡിസിൻ ആധുനിക മനുഷ്യന്റെ ആശാകിരണം

വളരെക്കാലമായി നാം തീരെ അവഗണിച്ചിട്ടിരുന്ന ലൈഫ്‌ സ്‌റ്റൈൽ മെഡിസിൻ നമ്മുടെ അതിശക്തമായ ഒന്നാംനിര രോഗനിവാരണ മാർഗ്ഗമായി മാറണമെന്ന്‌ ‘ദി അമേരിക്കൻ ജർണൽ ഓഫ്‌ ലൈഫ്‌ സ്‌റ്റൈൽ മെഡിസിൻ’ എഡിറ്ററും അമേരിക്കയിലെ ടഫ്‌റ്റ്‌സ്‌ യൂണിവെഴ്‌സിറ്റി (Tufts University School of Medicine) സ്‌കൂൾ ഓഫ്‌ മെഡിസിൻ കാർഡിയോഗജി വിഭാഗം പ്രൊഫസറുമായ ജയിംസ്‌ എം. റിപ്പേ (James M.Rippe) അഭിപ്രായപ്പെടുന്നു.

ഇന്ത്യയിലും പ്രത്യേകിച്ച്‌ കേരളത്തിലും അതിവേഗ ജീവിതശൈലിയിൽ എല്ലാം വെട്ടിപ്പിടിക്കാനുള്ള വെമ്പലിൽ, ഏതും കയ്യടക്കാനുള്ള അമിതാവേശത്തിൽ, പണത്തിനുവേണ്ടിയുള്ള പരക്കം പാച്ചലിനിടയിൽ, ധാരാളം ആളുകൾ തങ്ങളുടെ ആരോഗ്യവും സ്വസ്‌ഥതയും നഷ്‌ടപ്പെടുത്തുന്നു. തീരാരോഗികളായി മാറിക്കൊണ്ടിരിക്കുന്നു…. ഹൃദ്രോഗികളുടെയും പ്രമേഹബാധിതരുടെയും, മാനസിക സംഘർഷത്തിനടിമകളാവുന്നവരുടെയും എണ്ണം നാൾക്കുനാൾ വർദ്ധിച്ചുവരുന്നു- ആശുപത്രികൾ പെരുകയും, രോഗികൾ ക്ഷയിക്കുകയും ആശുപത്രി ഉടമകൾ കൊഴുക്കുകയും ചെയ്‌തുകൊണ്ടിരിക്കുന്നു. ആവശ്യത്തിനും അനാവശ്യത്തിനും മരുന്നുകളും ശസ്‌ത്രക്രിയകളും വിധിക്കുന്ന ഡോക്‌ടർമാർ രോഗികൾ അനുഷ്‌ഠിക്കേണ്ട ആരോഗ്യചര്യകളെക്കുറിച്ച്‌ മൗനം ഭജിക്കുന്നു. ഇവിടെയാണ്‌ ലൈഫ്‌ സ്‌റ്റൈൽ മെഡിസിൻ ആധുനിക മനുഷ്യന്റെ ആശാകിരണമായിത്തീരുന്നത്‌.

Generated from archived content: arogyam11.html Author: john_muzhuthettu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here