ഏകാന്തതയിൽ നിന്ന്‌ ആത്മീയതയിലേക്ക്‌

ഏകാന്തത ആധുനിക മനുഷ്യന്റെ വേദനയാണ്‌. അവന്റെ ഏറ്റവും വലിയ ആന്തരികവെല്ലുവിളിയാണ്‌. ഇതിനെ തരണം ചെയ്യുക അവന്റെ ജീവിതപ്രശ്‌നമായി മാറിയിരിക്കുന്നു. ഏകാന്തതയെ അതിജീവിക്കുവാൻ ഇന്ന്‌ മനുഷ്യൻ പല മാർഗ്ഗങ്ങളും സ്വീകരിക്കുന്നു. ഏതാനും മാർഗ്ഗങ്ങൾ വ്യക്തമാക്കാം.

നല്ലൊരു നിരീക്ഷകനാവുക

നിങ്ങളുടെ പഞ്ചേന്ദ്രിയങ്ങൾ പൂർണ്ണമായി ബോധപൂർവ്വം ഉപയോഗിക്കപ്പെടുത്തുമ്പോഴാണ്‌ ചുറ്റുമുള്ള ലോകത്തെ കൂടുതൽ അറിയുന്നതിനും പഠിക്കുന്നതിനും, അനുഭവിക്കുന്നതിനും അവസരമുണ്ടാവുന്നത്‌. ഒരു നല്ല നിരീക്ഷകന്റെ മുന്നിൽ പ്രകൃതിയുടെ സൗന്ദര്യവും വൈവിധ്യവും വർണ്ണങ്ങളും രസങ്ങളും അനന്തമായി തുറന്നു കിടക്കുന്നു. നിങ്ങൾക്ക്‌ ചുറ്റുമുള്ള പ്രകൃതി സംഗീതമയമാണ്‌, താളാത്മകമാണ്‌, വർണ്ണശബളമാണ്‌, സുഗന്ധപൂർണ്ണമാണ്‌, ആനന്ദദായകമാണ്‌. അതുകൊണ്ട്‌ പ്രകൃതിയിലെ സൗന്ദര്യം നുകരുക. പക്ഷികളേയും പറവകളേയും മൃഗങ്ങളേയും ചങ്ങാതികളാക്കുക. മരങ്ങളെയും ചെടികളേയും സ്‌നേഹിക്കുകയും ശുശ്രൂഷിക്കുകയും സ്‌പർശിക്കുകയും ചെയ്യുക. ആകാശത്തിലെ നക്ഷത്ര സമൂഹങ്ങളും, സൂര്യനും, ചന്ദ്രനും, നിലാവും അനന്തമായ നീലസാഗരവും തിരകളും, മഴയും മഴവില്ലും മന്ദമാരുതനും…. എല്ലാം ഏകാന്തതയിൽ നിങ്ങളുടെ മനസ്സിന്‌ ലഹരി പകരട്ടെ. ഊർജ്ജം നല്‌കട്ടെ. പ്രകൃതിയുടെ പ്രവാചകനായി അറിയപ്പെട്ടിരുന്ന ഹെൻട്രി ഡേവിഡ്‌ തോറോ പറഞ്ഞതുപോലെ “പ്രകൃതിയുടെ സഹജാവസ്‌ഥയിൽ മനുഷ്യൻ സ്‌പന്ദിച്ചറിയുന്ന ആത്മീയ അർത്ഥമാണ്‌ ഏകാന്തത.”

ഏകനായി യാത്ര ചെയ്യുമ്പോഴും, റെയിൽവേ സ്‌റ്റേഷനിലോ ബസ്‌റ്റാൻഡിലോ കാത്തിരിക്കുമ്പോഴും നിങ്ങൾക്ക്‌ മറ്റുള്ളവരെ നിരീക്ഷിക്കാം. അവരുടെ ഭാവങ്ങളും സംസാരവും ശ്രദ്ധിക്കാം. അവരെ വിലയിരുത്താൻ ശ്രമിക്കാം. കടകളുടെയും പൊതുസ്‌ഥലങ്ങളിലേയും ബോർഡുകൾ വായിക്കുകയും ശ്രദ്ധിക്കുകയും ചെയ്യാം. ചിലർ റെയിൽവേ സ്‌റ്റേഷനിലോ ബസ്‌ സ്‌റ്റാഡിലോ ഏറെ നേരം കാത്തുനില്‌ക്കേണ്ടി വരുമ്പോൾ ട്രെയ്‌നിന്റെയും ബസിന്റെയും സമയവിവരങ്ങൾ, ഓരോ സ്‌ഥലത്തേക്കുമുള്ള യാത്രാക്കൂലികൾ, യാത്രക്കാരുടെ ശ്രദ്ധയ്‌ക്കുള്ള നിർദ്ദേശങ്ങൾ…. തുടങ്ങിയവയെല്ലാം വായിച്ച്‌ മനസ്സിലാക്കുവാൻ ശ്രമിക്കാറുണ്ട്‌. ഏകാന്തതയിലെ അവരുടെ വിരസതയും മുഷിപ്പും അകറ്റാൻ ഇതവരെ സഹായിക്കുന്നതിനു പുറമേ പൊതു വിജ്ഞാനം വർദ്ധിക്കുകയും ചെയ്യും.

ഈ നിമിഷത്തിൽ ജീവിക്കുക

ഏകാന്തതയിൽ നിങ്ങൾ ഭൂതകാലദുഃഖങ്ങളിലും ഭാവികാലവിഹ്വലതകളിലും മുഴുകുക സ്വാഭാവികമാണ്‌. ഇത്‌ നിങ്ങളെ വർത്തമാനകാലത്തു നിന്നകറ്റുന്നു. ഈ നിമിഷത്തിൽ ജീവിക്കാൻ കഴിയാതെ വരുന്നു. വിലയേറിയ ഓരോ നിമിഷത്തിന്റെയും സൗന്ദര്യവും സൗരഭ്യവും നഷ്‌ടമാകുന്നു. ജീവിതം നിങ്ങൾക്ക്‌ നല്‌കുന്നതിൽ ഏറ്റവും വിലയേറിയത്‌ വർത്തമാനകാല നിമിഷങ്ങളാണ്‌. ഈ നിമിഷങ്ങളുടെ ആകെത്തുകയാണ്‌ നിങ്ങളുടെ ജീവിതം. അവ അനിയന്ത്രിതമായ വ്യഥയിലും, വിഹ്വലതയിലും നഷ്‌ടമാകാതെ നോക്കേണ്ടിയിരിക്കുന്നു. ഈ നിമിഷങ്ങൾ നിങ്ങൾക്ക്‌ സാന്ത്വനവും സന്തോഷവും നല്‌കുമ്പോൾ ഏകാന്തത നിങ്ങൾക്കൊരു മധുരാനുഭവമായിത്തീരുന്നു. “ഏകാന്തതപോലെ കൂട്ടുകെട്ടിന്‌ കൊള്ളാവുന്ന ഒരു ചങ്ങാതിയെ ഞാനൊരിക്കലും കണ്ടിട്ടില്ല” എന്ന തോറോയുടെ വാക്കുകൾ നമുക്കും പറയുവാൻ കഴിയും.

ആരോഗ്യകരമായ സുഹൃദ്‌ബന്ധങ്ങൾ വളർത്തിയെടുക്കുക

മനുഷ്യൻ ജന്മവാസനയാൽത്തന്നെ ഒരു സാമൂഹ്യജീവിയാണ്‌ കൂട്ടായ്‌മക്കും സുഹൃദ്‌ബന്ധങ്ങൾക്കും വേണ്ടിയുള്ള തൃഷ്‌ണ ഒരു ആന്തരികചോദനയാണ്‌. അതുകൊണ്ട്‌ ആരോഗ്യകരമായ സൗഹൃദ്‌ബന്ധങ്ങൾ അവന്റെ ആത്മസംതൃപ്‌തിക്ക്‌ അനിവാര്യമാണ്‌. പക്ഷേ ബന്ധങ്ങളിൽ സ്വാർത്ഥതയും മത്സരവും അവകാശബോധവും അധികാരമോഹവും കടന്നുവരുമ്പോൾ അവ ബന്ധനങ്ങളായി മാറുന്നു. ഇത്തരം ബന്ധങ്ങൾ അസ്വസ്‌ഥതയും കുറ്റബോധവും ഏകാന്തതയും ജനിപ്പിക്കുന്നു.

പരസ്‌പരവിശ്വാസത്തിലും സ്‌നേഹത്തിലും വ്യക്തിസ്വാതന്ത്ര്യത്തിലും ഹൃദയവിശാലതയിലും നിസ്വാർത്ഥതയിലും അധിഷ്‌ഠിതമായ ബന്ധങ്ങൾ മാത്രമേ ആരോഗ്യദായകവും ആഹ്ലാദകരവുമാകുകയുള്ളു. സഹിഷ്‌ണതയും, വിട്ടുവീഴ്‌ചാമനോഭാവവും നിബന്ധനരഹിതവുമായ പരസ്‌പര അംഗീകാരവും ഈ ബന്ധങ്ങൾക്ക്‌ കൂടിയേ കഴിയൂ എന്ന യഥാർത്ഥ്യം മറക്കാതിരിക്കുക. ഇത്തരം ബന്ധങ്ങൾ വളർത്താൻ നിങ്ങൾ തന്നെ മുൻകൈ എടുക്കുക.

മറ്റുള്ളവരെ സഹായിക്കുക

സ്‌നേഹവും സേവനവും ഏകാന്തതയെ അകറ്റുന്ന പോംവഴികളാണ്‌. നിങ്ങൾ ആത്മാർത്ഥമായി മറ്റുള്ളവരെ സഹായിക്കുമ്പോൾ നിങ്ങൾ സ്വയം മറക്കുന്നു. നിങ്ങളുടെ മനസ്സിൽ കരുണയും സഹാനുഭൂതിയും നിറയുമ്പോൾ, അതു മറ്റുള്ളവരിലേക്ക്‌ പ്രവഹിക്കുമ്പോൾ അവരുമായി അറിയാതെ ഒരാത്മബന്ധം ഉടലെടുക്കുന്നു. സ്‌നേഹത്തിന്റെയും പാരസ്‌പര്യത്തിന്റെയും ഹൃദയകവാടങ്ങൾ തുറക്കപ്പെടുന്നു. ഏകാന്തതയും വിരസതയുമൊക്കെ ഈ സ്‌നേഹപ്രവാഹത്തിൽ തുടച്ചുനീക്കപ്പെടുന്നു. ജാക്വലിൽ കെന്നഡിയും ഡയാന രാജകുമാരിയും തങ്ങളുടെ ഏകാന്തതയും അന്യഥാബോധവും അകറ്റുവാൻ തെരഞ്ഞെടുത്തത്‌ സേവനത്തിന്റെ പാതയാണ്‌ എന്നത്‌ സ്‌മരണീയമാണ്‌.

ക്രിയേറ്റിവിറ്റി ഉപയോഗപ്പെടുത്തുക

ക്രിയേറ്റിവിറ്റി ഒരു പരിധി വരെ എല്ലാവരിലും ഉണ്ട്‌. നിരന്തര പരിശ്രമത്തിലൂടെയും പരിശീലനത്തിലൂടെയും ക്രിയേറ്റിവിറ്റിയെ പരിപോഷിപ്പിക്കുകയും വളർത്തുകയും ചെയ്യാം. നിങ്ങളുടെ ചിന്താശേഷിയും സർഗ്ഗാത്മകതയും പ്രയോജനപ്പെടുത്തുവാൻ തുടങ്ങുമ്പോൾ നിങ്ങൾ ആത്മസാക്ഷാത്‌കാരത്തിലേക്ക്‌ പ്രയാണം ചെയ്യുന്നു. അതോടെ നിങ്ങളുടെ ഏകാന്തതയും വിരസതയും അപ്രത്യക്ഷമാകുന്നു. നിങ്ങൾ നിരന്തരം അന്വേഷണത്തിന്റെയും സ്വയം കണ്ടെത്തലിന്റെയും പാതയിലായിരിക്കും. ക്രമേണ നിങ്ങൾ ആത്മസംതൃപ്‌തിയിലും, ആത്മസാക്ഷാത്‌കാരത്തിലും എത്തിച്ചേരുന്നു.

നെഹ്രു ജയിലിൽ കഴിയുമ്പോൾ പുസ്‌തക രചനയിൽ ഏർപ്പെടുക പതിവാക്കിയിരുന്നു. സർഗ്ഗാത്മകതയിലൂടെ അദ്ദേഹം ഏകാന്തതയെ മറികടക്കുകയായിരുന്നു.

വായനയിൽ മുഴുകുക

ഏകാന്തതയെ അതിജീവിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദവും ലളിതവുമായ മാർഗ്ഗമാണ്‌ വായന. ഗ്രന്ഥങ്ങൾ ഏകാന്തതയിലെ ഏറ്റവും നല്ല കൂട്ടുകാരാണ്‌. തനിയെ യാത്ര ചെയ്യുമ്പോഴും എയർ പോർട്ടിലും റെയിൽവേ സ്‌റ്റേഷനിലും കാത്തിരിക്കുമ്പോഴും പുസ്‌തകവായനയിൽ മുഴുകുന്ന ധാരാളം പേർ ഉണ്ട്‌. ഡോക്‌ടറെ കാണാൻ വേണ്ടി രോഗികൾ കാത്തിരിക്കുന്ന മുറിയിൽ വിജ്ഞാനപ്രദങ്ങളായ മാഗസിനുകളും ദിനപ്പത്രങ്ങളും നാം കാണാറില്ലെ? ഇത്‌ ഏകാന്തമായ കാത്തിരിപ്പിന്റെ വിരസതയും വിഷമതകളും അകറ്റാൻ ഏറെ സഹായിക്കുന്നു.

വാഹനം ഓടിച്ചുകൊണ്ട്‌ വായിക്കാൻ കഴിയാത്തതുകൊണ്ട്‌ നല്ല പുസ്‌തകങ്ങൾ കാസറ്റിലും സിഡിയിലുമാക്കി കാറിലിരുന്നു കേൾക്കുന്നവർ വിദേശരാജ്യങ്ങളിൽ ധാരാളമുണ്ട്‌.

ബട്രാണ്ട്‌ റസ്സൽ ഒരിക്കൽ പറയുകയുണ്ടായി പുസ്‌തകങ്ങളും കണക്കുമാണ്‌ (Books and Mathematics) അദ്ദേത്തെ ആത്മഹത്യയിൽ നിന്നും രക്ഷപ്പെടുത്തിയത്‌ എന്ന്‌ മഹാത്മഗാന്ധി തന്റെ ഏകാന്തതകളെ ധന്യമാക്കിയത്‌ വായനയിലൂടെയായിരുന്നു.

കുട്ടികൾ സ്‌കൂളിൽ പോവുകയും ഭർത്താവ്‌ ജോലിക്ക്‌ പോവുകയും ചെയ്‌തുകഴിയുമ്പോൾ വീട്ടിൽ ഏകരാവുന്ന വീട്ടമ്മമാർക്ക്‌ വായന ഒരഭയമാണ്‌. മക്കളുടെയും ഉറ്റവരുടെയും സാന്നിധ്യമില്ലാതെ ഒറ്റയ്‌ക്ക്‌ കഴിയേണ്ടി വരുന്ന വൃദ്ധ മാതാപിതാക്കൾക്ക്‌ വായനാശീലം ആനന്ദകരമായ ഒരനുഗ്രഹമാണ്‌.

വളർത്തുമൃഗങ്ങളെ സ്‌നേഹിക്കുക

വളർത്തുമൃഗങ്ങളുടെ സാന്നിദ്ധ്യവും അവയുമായുള്ള സംസർഗ്ഗവും ഏകാന്തതയെ ആഹ്ലാദപ്രദമാക്കാൻ ധാരാളം ആളുകളെ സഹായിക്കുന്നു. പ്രശസ്‌തരായ ധാരാളം ആളുകൾ ഈ മാർഗ്ഗം സ്വീകരിക്കുന്നു. പ്രശസ്‌ത കഥാകൃത്തായ ടി പത്മനാഭന്റെ പുച്ചകളും സിനിമാ നടി ഗീതുമോഹൻദാസിന്റെ താറാവും വെള്ളരിപ്രാവുകളും ചെമ്മരിയാടും നായ്‌ക്കുട്ടിയുമൊക്കെ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയതാണല്ലോ.

തന്റെ പ്രിയപ്പെട്ട നായയുമായി നടക്കാൻ പോവുകയും കളികളിലേർപ്പെടുകയും ചെയ്യുന്നത്‌ ഇന്ന്‌ പലരുടെയും പതിവ്‌ വിനോദമാണ്‌. കളിക്കാൻ കൂട്ടുകാരില്ലാത്ത ഇന്നത്തെ ന്യൂക്ലിയർ കുടുംബങ്ങളിലെ കുട്ടികളുടെ ഏറ്റവും നല്ല കളിക്കൂട്ടുകാർ ഈ വളർത്തു മൃഗങ്ങളാണ്‌.

സംഗീതം കേൾക്കുക

ഏകാന്തതയുടെ വൈരസ്യമകറ്റാൻ ഏറെ ഫലപ്രദവും ലളിതവുമായ മാർഗ്ഗമാണ്‌ നല്ല സംഗീതം കേൾക്കുക എന്നത്‌. സംഗീതം ആത്മാവിന്‌ കുളിർമ്മ നല്‌കുന്നു. രോഗങ്ങളകറ്റുന്നു. മനസ്സിന്‌ ഉന്മേഷം പകരുന്നു. തനിയെ യാത്ര ചെയ്യേണ്ടിവരുമ്പോഴും നടക്കാൻ പോകുമ്പോഴും ഒക്കെ വാക്‌മാൻ സംഗീതം കേൾക്കുന്നവർ ഇന്ന്‌ ധാരാളമാണ്‌.

ഏകാന്തത ആത്മീയവളർച്ചയ്‌ക്ക്‌ അസുലഭാവസരം

പല പൗരസ്‌ത്യമതങ്ങളിലും ഏകാന്തത ആത്മീയവളർച്ചയ്‌ക്ക്‌ അനുയോജ്യവും അനിവാര്യവുമായ ഒരു അനുഗ്രൃഹീത അവസ്‌ഥയാണ്‌. നിങ്ങൾ നിങ്ങളിലേക്ക്‌ തന്നെ തിരിഞ്ഞു നോക്കുന്നതിനും നിങ്ങളുടെ ആന്തരികസ്വത്വത്തെ അറിയുന്നതിനും ശ്രമിക്കുമ്പോഴാണ്‌ ആത്മീയതയിലേക്കുള്ള പ്രയാണം ആരംഭിക്കുന്നത്‌.

യോഗയും പ്രാണയാമവും ധ്യാനവും ഒക്കെ അനുഷ്‌ഠിക്കുന്നതിന്‌ വേണ്ടുവോളം സമയം ഏകാന്തതയിൽ നിങ്ങൾക്ക്‌ ലഭിക്കുന്നു. പരശല്യം കൂടാതെ പ്രാർത്ഥന, മൗനം, ധ്യാനം തുടങ്ങിയ ആത്മീയചര്യകൾ അനുഷ്‌ഠിക്കുന്നതിന്‌ ഏകാന്തത ഒരു വലിയ അനുഗ്രഹമാണ്‌.

ശാരീരികവും മാനസികവും ആത്മീയവുമായ സമഗ്ര വളർച്ചയ്‌ക്ക്‌ ഉതകുന്ന അനുഷ്‌ഠാനങ്ങൾ നിങ്ങളെ ഉദാത്തമായ അതിന്ദ്രിയ ബോധത്തിലേക്ക്‌ ഉയർത്തുന്നു. അവിടെ നിങ്ങൾ ഏകാന്തതയിലല്ല മറിച്ച്‌ സ്വന്തം അന്തരാത്മാവുമായുള്ള സായൂജ്യസംഗമത്തിലാണ്‌. ചുരുക്കത്തിൽ ഏകാന്തത ആത്മീയതയിലേക്കുള്ള സുവർണ്ണകവാടമായി മാറുന്നു.

Generated from archived content: arogyam10.html Author: john_muzhuthettu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English