കോടതിക്കാര്യം

കോടതിക്കെട്ടിടം വളരെ പഴക്കംചെന്നതാണ്‌. പലനിറത്തിലുളള ചില്ലുകൾ പതിച്ച ജാലകങ്ങളും ഓട്‌ പാകിയ നിലവും ഉയർന്ന മേൽക്കൂരയുമുളളതാണ്‌ ഈ പഴഞ്ചൻ കെട്ടിടം. പ്രാവുകൾ അവിടത്തെ താമസക്കാരാണ്‌. വെളളചുമരുകളിലൂടെ അവയുടെ കാഷ്‌ഠം ഒലിച്ചിറങ്ങിയ അടയാളങ്ങൾ കാണാം. ഇതൊക്കെയാണെങ്കിലും കോടതിക്കെട്ടിടത്തിനു മുമ്പിലൂടെ കടന്നു പോകുന്നവർ ചെറിയൊരു ഭയം കലർന്ന ആദരവോടുകൂടിയാണ്‌ അങ്ങോട്ട്‌ നോക്കുന്നത്‌.

ആറടി പൊക്കമുളള മതിലിനാൽ ചുറ്റപ്പെട്ട കോടതി വളപ്പിൽ കമ്മ്യൂണിസ്‌റ്റ്‌ പച്ചയും മുൾചെടികളും വലിയ മരങ്ങളും മറഞ്ഞുകിടക്കുന്ന മൂന്നു പൊട്ടക്കിണറുകളും ഉണ്ട്‌. ഇങ്ങോട്ടു കൊണ്ടുവരപ്പെടുന്ന പ്രതികളുടെ അവസാന പ്രതീക്ഷയും ഈ ചുറ്റുപാടിന്റെ സാന്നിധ്യത്തിൽ പൊലിഞ്ഞു പോകും. ഇതേ കോടതി വളപ്പിൽ തന്നെ എത്രയോ പേർ ആത്മഹത്യ ചെയ്യുകയും കൊല്ലപ്പെടുകയും ചെയ്‌തിരിക്കുന്നു. കോടതിക്കെട്ടിടത്തിനു കല്ലറകൾ പോലുമുണ്ട്‌!

പോലീസുകാർ വിലങ്ങുവെച്ചുകൊണ്ടുവന്നത്‌ ഒരു ചെറുപ്പക്കാരനെയാണ്‌. വലിയ കണ്ണുകളും നീണ്ട മുടിയിഴകളുമുളള അയാളുടെ മുഖത്ത്‌ വല്ലാത്തൊരു വികാരം വിറങ്ങലിച്ചുകിടന്നത്‌ എല്ലാവരും എളുപ്പത്തിൽ ശ്രദ്ധിച്ചു. ചിലപ്പോൾ പുഞ്ചിരിക്കാൻ തുടങ്ങുകയും പിന്നെ വിതുമ്പാനായുകയും ചെയ്യുന്നതുപോലെയുളള ചുണ്ടുകൾ ലോകത്ത്‌ ഈ ചെറുപ്പക്കാരനു മാത്രമെ കാണുകയുളളൂ.

വാദം കേൾക്കാൻ എന്നത്തെയും കൂടുതൽ ആൾക്കാർ വന്നിരിപ്പുണ്ട്‌. ആ നാട്ടുകാർക്ക്‌ അവർ തന്നെയാണ്‌ ഓരോ വിധിയും കൽപിക്കുന്നത്‌ എന്ന ഭാവമാണ്‌. അല്ലെങ്കിലും ഇക്കാര്യത്തിൽ അവർക്കൊരു വല്ലാത്ത താത്‌പര്യമുണ്ട്‌. ചിരപരിചയം തീർത്ത അനൗപചാരികതയിൽ പല കാര്യങ്ങളും ഉറക്കെ സംസാരിച്ചുകൊണ്ടാണ്‌ അവർ കോടതിയിൽ ഇരുന്നത്‌.

പ്രാവുകൾ ഉയരത്തിലെ തുറന്ന ജനൽപാളികൾ വഴി പുറത്തേക്കും അകത്തേക്കും ഇടവിട്ട്‌ പറന്നുകൊണ്ടിരുന്നു. വാദം തുടങ്ങുന്നതിനുമുമ്പ്‌ പതിവുളള പറക്കൽ. ആളുകളുടെ തലയിലും ചുമലിലും പതിവില്ലാതെ പ്രാവുകൾ കാഷ്‌ഠിക്കാൻ തുടങ്ങിയപ്പോൾ ചിലർ അവയെ ഉച്ചത്തിൽ പുലഭ്യം പറഞ്ഞു. മറ്റുചിലർ ചിരിക്കുകയും ഇനിയും ചിലർ ചുമലിലെ വസ്‌ത്രവും ചെരിപ്പുകളും എടുത്തുപിടിച്ച്‌ പ്രാവുകളുടെ നേരെ എറിയാനോങ്ങുകയും ചെയ്‌തു.

ബഹളങ്ങൾക്കിടയിൽ വാദിഭാഗം വക്കീലും പ്രതിഭാഗം വക്കീലും പരസ്‌പരം നോക്കിപരിചയം കാട്ടി വാദപ്രതിവാദത്തിനു തയ്യാറായി. പ്രതികൂട്ടിൽ ചെറുപ്പക്കാരൻ മെഴുകുശില പോലെ. ജഡ്‌ജി മധ്യവയസ്സിന്റെ അന്തസ്സോടെ ഇരിപ്പിടത്തിൽ അമർന്നു.

വാദം തുടങ്ങി.

അന്നേരം പോലീസുകാർ പുറത്തെ വരാന്തയിലിരുന്ന്‌ ചെറുപ്പക്കാരനു കിട്ടാൻ പോകുന്ന ശിക്ഷയെക്കുറിച്ച്‌ സംസാരിക്കാൻ തുടങ്ങി. ഏറ്റവും കുറഞ്ഞ സാധ്യത ജീവപര്യന്തമാണെന്ന്‌ പിളള ഉറപ്പിച്ചു പറഞ്ഞു. എത്ര എഫ്‌.ഐ.ആർ. എഴുതിയ ആളാണ്‌. പറയുന്നതിൽ അങ്ങനെയൊന്നും പിഴവരില്ല. മാത്രമല്ല ചെറുപ്പക്കാരനെതിരെ സാക്ഷി പറയുന്നത്‌ സ്വന്തം അച്‌ഛനും അമ്മയും തന്നെയാണല്ലോ.

കോടതിക്കുളളിൽ പെട്ടെന്ന്‌ പ്രാവുകൾ ചിറകടിച്ച്‌ ബഹളമുണ്ടാക്കി. വാദിഭാഗം വക്കീലും പ്രതിഭാഗം വക്കീലും വാദത്തിന്റെ ചൂടിൽ കൈയ്യേറ്റത്തിനടുത്തുവരെ എത്തി. ജഡ്‌ജി വിവർണ്ണമായ മുഖത്തോടെ മരച്ചുറ്റിക കൊണ്ട്‌ മേശമേൽ അടിച്ചിട്ട്‌ ‘ഓർഡർ, ഓർഡർ’ എന്നു ശബ്‌ദിച്ചു. സാധാരണ ജഡ്‌ജിക്കുണ്ടാകാറുളള ഉണർവ്വും പ്രസരിപ്പുമൊന്നും ഇന്നില്ലല്ലോയെന്ന്‌ വാദം കേൾക്കാനെത്തിയവർ അത്ഭുതപ്പെട്ടു.

ദൃക്‌സാക്ഷികൾ ഓരോരുത്തരായി വിളിക്കപ്പെട്ടു. ഒന്നും രണ്ടും ദൃക്‌സാക്ഷികൾ ചെറുപ്പക്കാരന്റെ അച്‌ഛനും അമ്മയും. മൂന്നാം ദൃക്‌സാക്ഷി കൊല്ലപ്പെട്ടവന്റെ കാമുകിയും.

ഒന്നാം ദൃക്‌സാക്ഷിയുടെ വിവരണംഃ

“ഞാനൊരമ്മയാണ്‌. എന്റെ രണ്ടാൺമക്കളെയും ഞാനൊരുപോലെ സ്‌നേഹിക്കുന്നു. ആബേൽ എനിക്കെന്തുമാത്രം പ്രിയപ്പെട്ടവനായിരുന്നു. ഇവൻ, പക്ഷെ, എല്ലാം താറുമാറാക്കി. സ്വന്തം ഇരട്ട സഹോദരനെ വെറുമൊരു പെണ്ണിനുവേണ്ടി തലയ്‌ക്കടിച്ചു കൊന്നുകളഞ്ഞല്ലോ ഈ കായേൻ. മരിച്ചുപോയ മകനോട്‌ ചെയ്യുന്ന നീതിയായിരിക്കും ഇവനു ലഭിക്കുന്ന, കോടതി നൽകുന്ന ശിക്ഷ. ആ ശപിക്കപ്പെട്ട ദിവസം ഞാനും ഭർത്താവും പളളിയിൽ നിന്നും ഞായറാഴ്‌ച കുർബാനയും കഴിഞ്ഞ്‌ മടങ്ങി വരികയായിരുന്നു. മുകൾനിലയിലെ വായനമുറിയിൽ വലിയ അടിപിടി ശബ്‌ദം കേട്ട്‌ ഞങ്ങൾ ഓടിച്ചെന്നു. ആബേൽ നിലത്ത്‌ രക്‌തത്തിൽ കിടന്നു പിടയ്‌ക്കുകയായിരുന്നു. ഇവൻ കൈയിലൊരു ക്രിക്കറ്റ്‌ ബാറ്റുമായി…”

പിന്നെ ആ സ്‌ത്രീ നിലത്തിരുന്ന്‌ പൊട്ടിക്കരയാൻ തുടങ്ങി. നിമിഷങ്ങൾ കൊണ്ട്‌ സമനില വീണ്ടെടുത്ത്‌ അവർ സാക്ഷിക്കൂട്ടിൽ നിന്നും ഉറച്ച കാൽവെയ്‌പുകളോടെ പുറത്തേക്ക്‌.

വരാന്തയിൽ, പിളള സഹപ്രവർത്തകരോടു ചോദിച്ചു.

“കേട്ടോ നിങ്ങൾ?”

“കേട്ടേ.”

“എന്താവോ തോന്നിയത്‌?”

“പെറ്റമ്മ. പൊക്കിൾചുഴി സത്യം.”

“തെറ്റി. അതു രണ്ടാനമ്മ. ചെറുപ്പക്കാരനെയും കൊല്ലപ്പെട്ടവനെയും പെറ്റിട്ട ഒന്നാനമ്മയെ കെട്ടിയവനൊരു നാൾ ചവിട്ടിക്കൊന്നു. അതിനു കൂട്ടുനിന്ന കാമുകിയിവൾ രണ്ടാനമ്മ.”

“അയ്യയ്യോ, കഷ്‌ടം!” പോലീസുകാർ അങ്ങനെ പറഞ്ഞു.

രണ്ടാം ദൃക്‌സാക്ഷിയുടെ വിവരണംഃ

“ഇവൻ എന്റെ മകനാണ്‌. മരിച്ചതും എന്റെ മകൻ തന്നെ. ആബേലും കായേനും പിറന്നപ്പോൾ ആദ്യമനുഷ്യനെപോലെ ഞാൻ സന്തോഷിച്ചു. ആബേൽ പാവമായിരുന്നു. കരുണയും ദൈവഭക്‌തിയും കൂടുതൽ അവനായിരുന്നു. എനിക്ക്‌ ജീവിതത്തിലിനി മോഹങ്ങളൊന്നും ബാക്കിയില്ല. ദുരന്തങ്ങളൊന്നൊന്നായി വന്നെന്നെ മൂടിയിരിക്കുന്നു. (കരച്ചിൽ) പളളിയിൽ നിന്നും ഞങ്ങൾ മടങ്ങിവരികയായിരുന്നു. ആബേലിന്റെ കാമുകിയുമായി കായേൻ അടുക്കാൻ ശ്രമിക്കുന്നതും മറ്റും ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്‌. പാവം ആബേലും പെണ്ണും. നിഷ്‌കളങ്ക പ്രേമമായിരുന്നു അവർ തമ്മിൽ. ഒടുവിൽ ആബേലിനും മനസ്സിലായി തന്റെ ഇരട്ടയുടെ ഉളളിലിരുപ്പ്‌. രണ്ടുപേരുടെയും കോപം പുകയുകയായിരുന്നു ആ ദിവസങ്ങളിൽ. ഒടുവിലതു സംഭവിച്ചു. എന്നാലും ദൈവമേ… ” (അയാളുടെ മുഖം വികൃതമായൊരു ഭാവത്തിൽ കരയാൻ തുടങ്ങി.)

“കേട്ടോ കൂട്ടരേ?” പിളള ചോദിച്ചു.

“കേട്ടേ.” പോലീസുകാർ പറഞ്ഞു.

“കേട്ടതെല്ലാം പെരുങ്കളളം.”

“സത്യം കേക്കണം പിളേളച്ചാ.”

“മക്കൾ രണ്ടും എവന്റയല്ല.”

“പിന്നെയോ?”

“ഒന്നാനമ്മയുടെ കഥയിങ്ങനെ. അവൾക്കൊരു കാമുകനുണ്ടായിരുന്നല്ലോ. ഇവൻ പെണ്ണുകെട്ടുമ്പോൾ ഇരട്ടക്കുട്ടികൾ ഒന്നാനമ്മയുടെ വയറ്റിൽ തക്കട തരികിട.”

“തന്നെയോ?”

“സ്‌ത്രീധനമൊത്തിരി കിട്ടിപ്പോയി.”

“ആഹാ!!” പോലീസ്‌ ആശ്ചര്യം.

മൂന്നാം ദൃക്‌സാക്ഷിയുടെ വിവരണംഃ

“ആബേലും ഞാനും വിവാഹം കഴിക്കാനിരിക്കുകയായിരുന്നു. (തുന്നൽ പണികളുളള തൂവാല വിടർത്തി കണ്ണുകൾ ഒപ്പുന്നു.) ഞായറാഴ്‌ച പതിവുപോലെ ഞാൻ ആബേലിന്റെ വീട്ടിലേക്ക്‌ പോവുകയായിരുന്നു. കായേൻ എന്റെ പിന്നാലെ നടന്ന്‌ ശല്യപ്പെടുത്താറുളള കാര്യം മരണത്തിന്റെ തലേദിവസമാണ്‌ ഞാൻ ആബേലിനോടു പറഞ്ഞത്‌. അതിനുമുമ്പുതന്നെ ആബേലത്‌ മനസ്സിലാക്കിയിരുന്നു. വീടിനുളളിലേക്കു കടന്നുചെന്ന ഞാൻ കാണുന്നത്‌.. അച്‌ഛനും അമ്മയും കരഞ്ഞുകൊണ്ട്‌. കൈയിലൊരു ക്രിക്കറ്റ്‌ ബാറ്റുമായി ഈ ദുഷ്‌ടൻ.” (പൊട്ടിത്തെറിക്കുന്നു. പിന്നെ ബോധംകെട്ട്‌ പിറകോട്ടു മറിഞ്ഞു.)

“കൂട്ടരേ…” പിളള വിളിച്ചു.

“എന്തോ?” അവർ വിളികേട്ടു.

“ഇവളാരാ?”

“കാമുകി.”

“ഇവളാബേലിന്റെ കാമുകിയേയല്ല. രണ്ടാനമ്മയുടെ രഹസ്യത്തിലുളള മകളാണല്ലോ. അവളീ കളളക്കളിയിലൊരു ഏച്ചുകെട്ട്‌. പിന്നെ കൂട്ടരേ, ഏച്ചുകെട്ടിയാൽ…. ?”

“മുഴച്ചിരിക്കും.” പോലീസുകാരുടെ സംഘശബ്‌ദം.

വാദം തീർന്നു.

ഇപ്പോൾ പ്രാവുകൾ ശാന്തരാണ്‌. അവ ചെറുപ്പക്കാരന്റെ കണ്ണുകളിലേക്ക്‌ നോക്കിയിരുന്നു. വിധിന്യായം കേൾക്കാനെത്തിയവരും. വാദിഭാഗം വക്കീൽ മൂക്കിലൂടെ ഒലിച്ചിറങ്ങിയ ചോര പുറംകൈകൊണ്ട്‌ തുടച്ചു. വാദപ്രതിവാദത്തിനിടയിൽ എതിർഭാഗം വക്കീൽ ഏൽപ്പിച്ചതാവാം. സ്വന്തം കൈകൊണ്ട്‌ ഏറ്റതുമാകാം. അയാൾ പക്ഷെ, അതിലൊന്നും ശ്രദ്ധിക്കാതെ വിജയലഹരിയിൽ കണ്ണുകൾ ഇറുക്കി ചിരിച്ചുകൊണ്ടേയിരുന്നു. ചെറുപ്പക്കാരനുവേണ്ടി വാദിച്ച വക്കീൽ വിഷണനായി നിന്നു. അയാളുടെ കണ്ണുകൾ ഏതാണ്ട്‌ നിറഞ്ഞു കഴിഞ്ഞു.

വിധി എന്തായിരിക്കുമെന്നു ഏതാണ്ട്‌ ഉറപ്പായിക്കഴിഞ്ഞ ഭാവം എല്ലാവരുടെയും മുഖങ്ങളിൽ.

പിളളയും പോലീസുകാരും വരാന്തയിലിരുന്ന്‌ വെയിൽ ചുവക്കുന്നത്‌ കണ്ടു. പെട്ടെന്നാണ്‌ പൊന്തക്കാടിന്റെ ഊരാക്കുടുക്കിൽ നിന്നും ഒരു മൂർഖൻ വെയിലിലേക്ക്‌ ഇഴഞ്ഞെത്തിയത്‌.

“ചങ്ങാതിമാരേ.” നേർത്തതായിരുന്നു പിളളയുടെ സ്വരം.

“എന്തോ?”

“എവനാരാ പുളളി?”

പോലീസുകാരും അവനെ കണ്ടു.

“പുല്ലാഞ്ഞി മൂർഖനാണേ. നിറം മഞ്ഞ. ഫണമുണ്ട്‌ വിടർത്തി.. അരയോളമുയർത്തി കാറ്റൂതി….”

മൂർഖൻ പാമ്പിന്‌ പോലീസുകാരെ ഇഷ്‌ടമായില്ല. പതുക്കെ പത്തി താഴ്‌ത്തി അവൻ പൊന്തക്കാടിനുളളിലേക്ക്‌.

“കൂട്ടരേ, ഇവനാജന്മശത്രു. വരുവിൻ. വിഷപ്പല്ലുകൾ അടിച്ചുകൊഴിച്ച്‌ നമുക്കിവനെ ചുട്ടുകരിക്കണം. നമ്മുടെ സന്താന പരമ്പരകൾക്ക്‌ ഇവനല്ലോ ശത്രു.”

പോലീസുകാർ മൂർഖന്റെ പിന്നാലെ.

വിധി പറയുന്നതിനു മുൻപ്‌ ജഡ്‌ജി ക്ഷീണസ്വരത്തിൽ ചെറുപ്പക്കാരനോടു ചോദിച്ചു.

“ഇനി പ്രതിക്കെന്തെങ്കിലും പറയാനുണ്ടോ?”

“ഉണ്ട്‌ സാർ..”, ഉറക്കത്തിൽ നിന്നുണർന്നപോലെ ചെറുപ്പക്കാരൻ പെട്ടെന്നു പറഞ്ഞു. “എനിക്ക്‌ പറയാനുണ്ട്‌.”

“പറഞ്ഞോളൂ.”

ജഡ്‌ജി ഒരു ദീർഘ നിശ്വാസമയച്ചു. കോടതിയിൽ പൊടുന്നനെ നിശ്ശബ്‌ദത. ചെറുപ്പക്കാരൻ പറഞ്ഞു തുടങ്ങി.

പ്രതിക്ക്‌ പറയാനുളളത്‌ഃ

“എന്റെ പേര്‌ കായേൻ. എന്റെ ഇരട്ടയായ സഹോദരനാണ്‌ മരിച്ചുപോയ ആബേൽ. ഞങ്ങൾ എന്നും അടുത്ത സുഹൃത്തുക്കളായിരുന്നു. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ്‌ അമ്മയെ അച്‌ഛൻ ചവിട്ടിക്കൊല്ലുന്ന കാഴ്‌ച ഞങ്ങൾക്ക്‌ കാണേണ്ടി വന്നത്‌. അച്‌ഛനും കൂടി നഷ്‌ടപ്പെടുമെന്നു ഭയന്നു ഞങ്ങൾ അക്കാര്യം ഇന്നേവരെ ആരോടും പറഞ്ഞിട്ടില്ല. എങ്കിലും പലരും ഇങ്ങനെയുളള ഒരു സംഭവം നടന്നിരിക്കുന്നത്‌ മനസ്സിലാക്കിയിട്ടുണ്ട്‌. ആബേലും ഞാനും വിഭിന്ന സ്വഭാവക്കാരായിരുന്നു. അവൻ പുസ്‌തകങ്ങളോടും മറ്റും ചങ്ങാത്തം കൂടി കഴിഞ്ഞുപോകുമ്പോൾ ഒന്നിലുമൊരു ആശ്രയം കാണാനാവാതെ ഞാനസ്വസ്ഥനായിരുന്നു. എല്ലാകാര്യത്തിലും എനിക്കസംതൃപ്‌തിതോന്നി. രണ്ടാനമ്മ പലപ്പോഴും ഞങ്ങളെ വേണ്ടാത്ത പലതിനും പ്രേരിപ്പിച്ചു. ആബേലിനെ പോലെയായിരുന്നില്ലല്ലോ ഞാൻ, അതുകൊണ്ടുതന്നെ ഞാനറിയാതെ പലതിനും വഴങ്ങിപ്പോയി.”

“അമ്മയെ കൊന്ന പാപം പൊറുത്തിരുന്നില്ലെങ്കിലും സ്വന്തം അച്‌ഛനാണെന്ന പരിഗണനയിലാണ്‌ ഈ മനുഷ്യന്‌ ഞാൻ ജീവിതം അനുവദിച്ചു കൊടുത്തത്‌. കുറച്ചു നാളുകൾക്കു മുമ്പ്‌ മരിക്കുന്നതിനു തൊട്ടുമുമ്പാണ്‌ എന്റെ അമ്മാവൻ സത്യം പറഞ്ഞത്‌, ഇയാളെന്റെ യഥാർത്ഥ അച്‌ഛനല്ലെന്ന്‌. എന്റെ നിർബന്ധത്തിനുവഴങ്ങി ജനിപ്പിച്ച മനുഷ്യന്റെ പേർ അമ്മാവൻ പറഞ്ഞു തന്നു. (പൊടുന്നനെ പറന്നെത്തിയ പ്രാവ്‌ ജഡ്‌ജിയുടെ തലയിൽ കാഷ്‌ഠിച്ചു. മുഖം വിളറിവെളുത്ത്‌ ജഡ്‌ജി..) പക്ഷെ അയാളാരാണെന്നു വെളിപ്പെടുത്താൻ എനിക്കാവില്ല. സത്യസ്ഥിതി അറിഞ്ഞതോടെ അച്‌ഛനെന്നു വിളിക്കുന്ന ഇയാളെ എങ്ങനെയെങ്കിലും കൊന്നാൽ മതിയെന്നായി എന്റെ ചിന്ത. ഇക്കാര്യം മനസ്സിലാക്കിയ ആബേൽ എന്നെ ആ നിശ്ചയത്തിൽ നിന്നും പിന്തിരിപ്പിക്കാൻ പരമാവധി ശ്രമിച്ചുകൊണ്ടിരുന്നു.”

“മൂന്നാം ദൃക്‌സാക്ഷിയും രണ്ടാനമ്മയുടെ രഹസ്യത്തിലുളള മകളും ആണിവിടെ നിൽക്കുന്നത്‌. പ്രേമാഭ്യർത്ഥനയുമായി ഇവൾ ആബേലിന്റെ പിന്നാലെ കൂടി. അവൻ അതിനു നിൽക്കാത്തതുകൊണ്ട്‌ ഒടുവിലിവൾ എന്റെ നേരെ തിരിഞ്ഞു. ഞാനീ വകകാര്യത്തിൽ ദുർബലനാണെന്നു ആബേലിനറിയാമായിരുന്നു. അതുകൊണ്ട്‌ എന്റെയടുത്ത്‌ ഇവൾ വരാതിരിക്കാൻ ഒരിക്കിലിവളെ ശകാരിച്ചിറക്കിവിടുക പോലും ചെയ്‌തു അവൻ.”

“രണ്ടാനമ്മയ്‌ക്ക്‌ എന്റെ മനസ്സിലിരുപ്പ്‌ മനസ്സിലായിരുന്നു. ഞാനിയാളെ കൊല്ലാനവസരം തിരഞ്ഞു നടക്കുകയായിരുന്നല്ലോ. ഒടുവിൽ രണ്ടാനമ്മയും അച്‌ഛനും എന്നെ വധിക്കാൻ തീർച്ചപ്പെടുത്തി. എന്നെയും ആബേലിനെയും കണ്ടാൽ ആർക്കും പെട്ടെന്ന്‌ തിരിച്ചറിയാൻ സാധിക്കില്ല. ചിലനേരം ഞങ്ങൾക്കുപോലും. ഞായറാഴ്‌ചകളിൽ ആബേലെണീക്കാൻ വളരെ വൈകും; താമസിച്ചാണവൻ ഉറങ്ങുന്നത്‌. അന്നു പക്ഷെ എന്തുകൊണ്ടോ നേരത്തേ എണീറ്റ്‌ അവൻ കുളിച്ച്‌ പതിവില്ലാതെ എന്റെ വസ്‌ത്രങ്ങളും ധരിച്ച്‌ വായനമുറിയിൽ ചെന്നിരുന്നു. ഞാനാണ്‌ അവനെന്നു തെറ്റിദ്ധരിച്ച ഇവർ… അപ്പോഴും ഞാനുറക്കത്തിന്റെ ആലസ്യത്തിൽ കിടക്കയിൽ വെറുതെ ഉണർന്നു കിടക്കുകയായിരുന്നു. ആബേൽ കരയുന്ന ഒച്ചപോലും ഞാൻ കേട്ടില്ല. ഒരുപക്ഷെ ഒറ്റയടിക്കു തന്നെ ഇവർ…”

പിളളയും മറ്റു പോലീസുകാരും മൂർഖൻ പാമ്പിന്റെ പിന്നാലെ ഓടിയും നടന്നും ക്ഷീണിച്ചു. ഏറ്റവും പിന്നിലാണ്‌ പിളള നടന്നത്‌. പൊന്തക്കാടിന്റെ ഞെരക്കങ്ങളിലൂടെ മൂർഖൻ അവരെ നയിച്ചു. ഒരു പൊട്ടക്കിണറ്റിന്റെ വക്കിൽ പൊടുന്നനെ മൂർഖനെ കാണാതായി.

“കൂട്ടരേ” പിളള വിളിച്ചു.

“എന്തോ?”

“അവനെന്ത്യേ?”

“കെണറ്റീ വീണതാരിക്കും.”

“എന്നാ ചാടിക്കോ. അവനെ വിടരുത്‌ കൂട്ടരേ. അവൻ നമ്മുടെ സന്തതി പരമ്പരകൾക്കൊരു വല്ലാത്ത ഭീക്ഷണി.”

പോലീസുകാർ പൊട്ടക്കിണറ്റിന്റെ പരുപരുത്ത ഇടങ്ങളിലേക്ക്‌ ചാടി വീണു. പുറത്ത്‌ പിളള തനിയെ.

“പിളേളച്ചാ.” പോലീസുകാർ വിളിച്ചു.

“എന്താ കൂട്ടരേ?”

“അവനിവിടെങ്ങും ഇല്ല. മുകളീത്തന്നെ എങ്ങാണ്ട്‌ പാത്തു നിക്കുവാ.”

പിളളയുടെ തലച്ചോറിലൂടെ പേടിയുടെ പെരുപ്പുകൾ.

“കൂട്ടരേ, കാത്തോളണേ.”

ഒരു പാതി നിലവിളിയോടെ പിളളയും പൊട്ടക്കിണറ്റിലേക്ക്‌.

കോടതിമുറി.

ചെറുപ്പക്കാരന്റെ മൊഴിയുടെ പരമാർത്ഥം നെഞ്ച്‌ തുറന്നു മനസ്സിലാക്കിയ വാദം കേട്ടിരുന്ന ജനം ഇളകി. അവർ വാദി ഭാഗം വക്കീലിന്റെയും മൂന്നു കളള ദൃക്‌സാക്ഷികളുടെയും നേരെ തിരിഞ്ഞു. കോടതി മുറിയിൽ അലർച്ചയും കരച്ചിലുകളും ഉയർന്നു. കസേരകൾ വായുവിൽ പുളഞ്ഞ്‌ ഒടുവിൽ നിലത്ത്‌ തലതല്ലി വീണു. പരിഭ്രാന്തനായ ജഡ്‌ജി പ്രതികൂട്ടിൽ നിന്ന ചെറുപ്പക്കാരനെ നോക്കി.

പൊടുന്നനെ വായുവിൽ മൂളിക്കൊണ്ടെത്തിയ ഒരു മരക്കഷണം ജഡ്‌ജിയുടെ നെറ്റിയിൽ കൊണ്ടു. ഇപ്പോൾ ഒന്നാം സാക്ഷി മരിച്ചുകഴിഞ്ഞു. രണ്ടാം സാക്ഷി മരണത്തോടടുത്തു. മൂന്നാം സാക്ഷിയുടെ മരണം തുടങ്ങി.

പൊട്ടക്കിണറ്റിൽ കിടന്ന്‌ കോടതിയിലെ ബഹളം കേട്ട പിളള ചോദിച്ചു.

“കൂട്ടരേ, എന്താവോ അവിടെ ഒച്ച കേക്കണത്‌?”

“അതോ”, അവർ പറഞ്ഞു, “പാമ്പ്‌ കയറിയതായിരിക്കും.”

“എന്നാ നമ്മള്‌ രക്ഷപ്പെട്ടു. അവനങ്ങോട്ടു പോയല്ലോ.” പിളള ആശ്വാസ നിശ്വാസമയച്ചു.

നെറ്റിയിൽ നിന്നൊഴുകുന്ന ചോര തുടച്ച്‌, മറയുന്ന ബോധത്തിന്റെ അവസാന പടിയിൽ പെരുവിരലൂന്നി ജഡ്‌ജി കണ്ണുകൾ ആയാസപ്പെട്ട്‌ തുറന്നു. പ്രതികൂട്ടിൽ ചെറുപ്പക്കാരനില്ല. അവൻ രക്ഷപ്പെട്ടുവോ? പതുക്കെ വീണ്ടും സഞ്ചരിച്ച കണ്ണുകൾ ഒടുവിൽ നീതിയുടെ തുലാസുമായി നിൽക്കുന്ന ദേവതയെ കണ്ടു.

അത്‌ഭുതം!

നീതി ദേവതയുടെ കണ്ണുകൾ എന്നും മൂടിക്കെട്ടിയിരുന്ന കറുത്ത നാട അന്നാദ്യമായി അഴിഞ്ഞു വീണിരുന്നു.

Generated from archived content: story_kodathi.html Author: john_bosco

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleമൃഗയ
Next articleക്ഷണിക്കപ്പെട്ട വികൃതി
ജോൺ ബോസ്‌കോ കാലിക്കറ്റ്‌ സർവ്വകലാശാലയിൽ നിന്നും ഇംഗ്ലീഷ്‌ സാഹിത്യത്തിൽ ബിരുദം. മദ്രാസ്‌ ക്രിസ്ത​‍്യൻ കോളേജിൽ നിന്നും ജേണലിസത്തിൽ ഡിപ്ലോമ. ഇപ്പോൾ മദ്രാസ്‌ ക്രിസ്‌ത്യൻ കോളേജിൽ ഒന്നാം വർഷ ബിരുദാനന്തര ബിരുദ (ഫിലോസഫി )ത്തിനു പഠിക്കുന്നു. വിലാസം റൂം നമ്പർഃ 106, ഹെബർ ഹാൾ, മദ്രാസ്‌ ക്രിസ്‌ത്യൻ കോളേജ്‌, തമ്പാരം, ചെന്നൈ - 59.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English